Current Date

Search
Close this search box.
Search
Close this search box.

ആട്ടിന്‍ കൂട്ടത്തിലെ വിശന്ന ചെന്നായ്ക്കള്‍

money1.jpg

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘ആട്ടിന്‍ കൂട്ടത്തിലേക്കയച്ച വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന വിന, ധനത്തോടും ഔന്നത്യത്തോടുമുള്ള മനുഷ്യന്റെ ആര്‍ത്തിയുണ്ടാക്കുന്നതിനേക്കാള്‍ അധികമല്ല.’

സമ്പത്തിനോടും ഔന്നത്യത്തോടുമുള്ള മനുഷ്യന്റെ ആര്‍ത്തിയെയാണ് നബി(സ) ഈ ഉപമയിലൂടെ നമുക്ക് വ്യക്തമാക്കി തരുന്നത്. ആട്ടിടയന്റെ അഭാവത്തില്‍ ആട്ടിന്‍ കൂട്ടത്തിലെത്തിയ ആക്രമകാരികളായ ചെന്നായ്ക്കളോടാണ് മനുഷ്യന്റെ ആര്‍ത്തിയെ ഉപമിച്ചിരിക്കുന്നത്. ആ ചെന്നായ്ക്കള്‍ അവയില്‍ നിന്ന് ചിലതിനെ പിടിച്ച് തിന്നും ചിലതിനെ ആക്രമിച്ചും ഏതെങ്കിലും തരത്തില്‍ ആടുകള്‍ക്കെല്ലാം പോറലേല്‍പ്പിക്കും. അതിന്റെ ആക്രമണത്തില്‍ നിന്നം രക്ഷപെടുന്ന ആടുകള്‍ വളരെ വിരളമായിരിക്കും. ഇത്തരത്തിലാണ് ഒരു മനുഷ്യന്റെ ആര്‍ത്തി അവന്റെ ദീനിനെ നശിപ്പിക്കുകയെന്നാണ് തിരുമേനി പഠിപ്പിക്കുന്നത്. ഒരു വിശ്വാസിയില്‍ ഇത്തരത്തിലുള്ള ആര്‍ത്തി കടന്ന് കൂടിയാല്‍ ചെന്നായ്ക്കളില്‍ നിന്നും രക്ഷപ്പെടുന്ന അപൂര്‍വം ആട്ടിന്‍ കുട്ടികളെ പോലെ അവന്റെ ദീനിന്റെ ഏതാനും ചില ഭാഗങ്ങള്‍ മാത്രമേ അതില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ. ചെന്നായ ആടുകള്‍ക്ക് ഉണ്ടാക്കുന്ന ദോഷത്തേക്കാള്‍ അധികമാവുകയോ സമമാവുകയോ അല്ലാതെ അതിലൊട്ടും കുറഞ്ഞ അപകടം ആര്‍ത്തി ഉണ്ടാക്കുയില്ല.

ഇഹലോകത്ത് മനുഷ്യന് സമ്പത്തിനോടും ഔന്നത്യത്തോടുമുള്ള ആര്‍ത്തിയെ കുറിച്ചുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ് ഹദീസ് നല്‍കുന്നത്. സമ്പത്തിനോടുള്ള ആര്‍ത്തി രണ്ട് തരത്തിലാണ്.

അതില്‍ ഒന്നാമത്തേത് സമ്പത്തിനോടുള്ള അങ്ങേയറ്റത്തെ സ്‌നേഹവും അതോടൊപ്പം അനുവദനീയമായ മാര്‍ഗങ്ങളിലൂടെയെല്ലാം അത് നേടിയെടുക്കാനുള്ള നിതാന്ത പരിശ്രമവുമാണ്. അതിന് വേണ്ടി തന്റെ അമൂല്യമായ ആയുസ്സു തന്നെ അവന്‍ നഷ്ടപ്പെടുത്തുന്നു. അവന്‍ എത്ര തന്നെ പരിശ്രമിച്ചാലും ലഭിക്കാനുള്ളത് അല്ലാഹു അവന് നിശ്ചയിച്ചത് മാത്രമാണ്. അവന്‍ സമ്പാദിച്ചത് അനുഭവിക്കാനുള്ള സമയവും അവന് ലഭിക്കുന്നില്ല. അതെല്ലാം മറ്റുള്ളവര്‍ക്കായി ഉപേക്ഷിച്ചാണ് അവന്‍ യാത്രപറയുന്നത്. ഇത് മാത്രം മനസിലാക്കിയാല്‍ മതി ഒരാള്‍ സമ്പത്തിനോടുള്ള ആര്‍ത്തി അവസാനിപ്പിക്കാന്‍.

ധനത്തോടുള്ള ആര്‍ത്തിയുടെ രണ്ടാമത്തെ ഇനം സമ്പത്തിനോടുള്ള ആര്‍ത്തിയോടൊപ്പം അതിന് നിഷിദ്ധമാര്‍ഗങ്ങള്‍ കൂടി സ്വീകരിക്കുന്നതാണ്. നിര്‍ബന്ധബാധ്യകള്‍ പോലും അവര്‍ നിര്‍വഹിക്കുകയില്ല. ഇത്തരം നിന്ദ്യമായ പിശുക്കിന്റെ ആളുകള്‍ ഒരിക്കലും വിജയിക്കുകയില്ലെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ‘ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.’ (അല്‍-ഹശ്ര്‍ : 9)

സമ്പത്ത് ചിലവഴിക്കാതെ ശേഖരിച്ച് വെക്കല്‍ മാത്രമാണ് പിശുക്കെന്ന് പലരും തെറ്റിധരിക്കാറുണ്ട്. തനിക്ക് അനര്‍ഹമായ സമ്പത്ത് ആര്‍ജ്ജിക്കുന്നതും താന്‍ നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കലും പിശുക്ക് തന്നെയാണെന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു അവന് നല്‍കിയ സമ്പത്തില്‍ ഒരിക്കലും തൃപ്തനാകാതെ തനിക്ക് നിഷേധിക്കപ്പെട്ടതിലേക്കായിരിക്കും അവന്റെ കണ്ണ്. ഏത് രൂപത്തിലായാലും അവ ഉടമപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവന്‍ നടത്തി നോക്കും. ഇത്തരത്തിലുള്ള നാശകാരിയായ പിശുക്കിനെ കുറിച്ചാണ് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നബി(സ) പറയുന്നു : ‘ഒരിക്കലും ഒരു അടിമയുടെ ഹൃദയത്തില്‍ പിശുക്കും വിശ്വാസവും ഒരുമിച്ചു ചേരുകയില്ല.’ ഇത്തരത്തില്‍ പിശുക്കനായ ഒരാള്‍ തന്റെ ബാധ്യകള്‍ നിര്‍വഹിക്കുകയില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക കൂടി ചെയ്യും.

ധനത്തോടുള്ള ആര്‍ത്തിയേക്കാള്‍ അപകടകാരിയും വിനാശകാരിയുമാണ് ഔന്നത്യത്തോടുള്ള മനുഷ്യന്റെ ആര്‍ത്തി. നേതൃത്വവും അധികാരവും തേടുകയെന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. സമൂഹത്തില്‍ മാന്യതയും പ്രശസ്തിയും കിട്ടുന്നത് അവനെപ്പോഴും ഇഷ്ടപ്പെടുന്നു. അതു കൊണ്ട് തന്നെ സമ്പത്തിന്റെ കാര്യത്തില്‍ വിരക്തി കാണിക്കുന്നതിനേക്കാള്‍ പ്രയാസമാണ് നേതൃത്വത്തോടും അധികാരത്തോടുമുള്ള വിരക്തി. നേതൃത്വവും അധികാരവും ലഭിക്കാന്‍ എത്ര പണം ചെലവഴിക്കാനും അവര്‍ തയ്യാറാകും. അതു കൊണ്ട് തന്നെ സമ്പത്തിനോടുള്ള ആര്‍ത്തിയേക്കാള്‍ അപകടകാരിയാണ് ഔന്നത്യത്തോടുള്ള മനുഷ്യന്റെ ആര്‍ത്തി.

പ്രശസ്തിയോടും അധികാരത്തോടുമുള്ള മോഹം വളരെ അപകടകാരിയാണ്. പരലോകത്തെ മാന്യതയെയും ഔന്നത്യത്തെയുമാണത് നശിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.’ (ഖസസ് : 83)

അതു കൊണ്ടാണ് അബ്ദുറഹ്മാന്‍ ബിന്‍ സംറയെ നബി(സ) ഇപ്രകാരം ഉപദേശിച്ചത്. ‘അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും.’ അതു കൊണ്ട് തന്നെ ഇസ്‌ലാമില്‍ അധികാരം ഒരലാങ്കാരമല്ല, മറിച്ച് അതൊരു ഉത്തരവാദിത്വമാണ്. പരലോകത്ത് അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അത് ചോദിച്ചു വാങ്ങേണ്ടുന്ന ഒന്നും അല്ല.

ഔന്നത്യവും അധികാരവും മോഹിക്കുന്നവര്‍ തങ്ങളുടെ ഓരോ പ്രവര്‍ത്തനത്തെയും ആളുകള്‍ പ്രശംസിക്കണമെന്ന് താല്‍പര്യപ്പെടുന്നവരാണ്. അത് ആളുകളില്‍ നിന്നവന്‍ ചോദിച്ച് വാങ്ങും. അതിന് വിസമ്മതിക്കുന്നവരെ ദ്രോഹിക്കാനും അത്തരക്കാര്‍ മടിക്കില്ല. യാഥാര്‍ത്ഥത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിക്ക് പകരം അവന് നല്‍കുന്നത് ദുഷ്‌കീര്‍ത്തി മാത്രമായിരിക്കും. അതിന്റെ പേരില്‍ അവര്‍ ആളുകള്‍ക്കിടയില്‍ നിന്ദിക്കപ്പെടും.

ഔന്നത്യത്തിന് വേണ്ടിയുള്ള ആര്‍ത്തിയുടെ മറ്റൊരു രൂപമാണ് ദീനീ പ്രവര്‍ത്തനങ്ങളിലും വിജ്ഞാനത്തിലുമുള്ള പ്രശസ്തി നേടാനുള്ള താല്‍പര്യം. ഇഹലോകത്ത് താനൊരു വലിയ പണ്ഡിതനും മതപ്രവര്‍ത്തകനും ആയി അറിയപ്പെടാനുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും അവരുടെ മുഴുവന്‍ ശ്രദ്ധയും. അല്ലാഹുവിന്റെ പക്കല്‍ നിന്നും പ്രതിഫലം നേടാനുള്ള മഹത്തരമായ കാര്യങ്ങളാണ് വിജ്ഞാനം ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളും. അതുകൊണ്ടു തന്നെ അവയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തി മോഹിക്കുന്നത് വളരെ നിന്ദ്യവും നീചവുമായ കാര്യമാണ്. അധികാരത്തിനുള്ള ആര്‍ത്തിയേക്കാള്‍ അപകടകാരിയുമാണത്.

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് ഐഹിക ലക്ഷ്യങ്ങള്‍ക്കായി ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നബി തിരുമേനി നല്‍കിയിട്ടുള്ളത്. ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നേടേണ്ട വിജ്ഞാനം ഐഹിക ലക്ഷ്യങ്ങള്‍ക്കായി ആരെങ്കിലും അഭ്യസിച്ചാല്‍, അന്ത്യദിനത്തില്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അവര്‍ക്ക് ലഭിക്കില്ല.’

ഐഹിക ലോകത്തെ മനുഷ്യന്റെ സമ്പത്തിനോടും പ്രശസ്തിയോടുമുള്ള ആര്‍ത്തി എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുന്നതാണ് വിശന്ന ചെന്നായയോടുള്ള ഉപമ. വിശന്ന ചെന്നായയെക്കാള്‍ അപകടകാരിയായിട്ടാണ് ആര്‍ത്തി ബാധിച്ചവനെ അത് ചിത്രീകരിക്കുന്നത്. ഇഹലോകത്തെ ഔന്നത്യത്തിനും പ്രശസ്തിക്കും പകരം പരലോകത്തെ ഔന്നത്യം തേടുന്നവനാണ് ബുദ്ധിമാന്‍. ഐഹികമായ വിഭവങ്ങളില്‍ മത്സരിക്കുന്നതിന് പകരം പരലോക നേട്ടമുണ്ടാകുന്ന പ്രവര്‍ത്തികളില്‍ മത്സരിക്കുന്നവനാണ് വിശ്വാസി. പരലോകത്തെ പ്രശസ്തി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലോകത്തും ഔന്നത്യത്തിനും പശസ്തിക്കും പാത്രമാകുന്നത് നാം കാണുന്ന സത്യമാണ്.

Related Articles