Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവില്‍ ഭരമേല്‍പിക്കാം

pray.jpg

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا » -ترمذي

ഉമറുബ്‌നുല്‍ ഖത്താബി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ) അരുള്‍ ചെയ്തിരിക്കുന്നു: നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍,പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി)

ഭരമേല്‍പിക്കല്‍: تَوَكُّل
ആഹാരം നല്‍കി: رَزَقَ
രാവിലെ പോകുന്നു: تَغْدُو
വയറൊട്ടി: خَمَصَ
വൈകുന്നേരം പോവുന്നു: تَرُوحُ
വയറ് നിറഞ്ഞു: بَطَنَ

ഉമറുബ്‌നുല്‍ ഖത്വാബി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ عُمَرَ بْنِ الْخَطَّابِ قَالَ
അല്ലാഹുവിന്റെ ദൂതന്‍ അരുള്‍ ചെയ്തിരിക്കുന്നു قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യേണ്ടവിധം ഭരമേല്‍പ്പിക്കുകയാണെങ്കില്‍ لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ
പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടുക തന്നെ ചെയ്യും لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ
അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു تَغْدُو خِمَاصًا وَتَرُوحُ بِطَانًا

സര്‍വചരാചരങ്ങളെയും സൃഷ്ടിച്ചതും അവയെ പരിപാലിക്കുന്നതും അല്ലാഹുവാണെന്ന് നമുക്കറിയാമല്ലോ. എല്ലാ സൃഷ്ടികളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും ആവശ്യമായ സാഹചര്യമൊരുക്കുന്നതും അല്ലാഹുതന്നെ. പ്രകൃതിയില്‍ സസ്യലതാദികള്‍ വളരുന്നതും ജീവികള്‍ പെറ്റുപെരുകുന്നതും ആഹാരം നേടുന്നതുമെല്ലാം അല്ലാഹുവിന്റെ നിശ്ചയത്തിന്റെയും കാരുണ്യത്തിന്റെയും ഫലമായാണ്.

ഒന്നും സ്വയമേവ ഉണ്ടാക്കാന്‍ മനുഷ്യനടക്കം ഒരു ജീവിക്കും കഴിയില്ല. അല്ലാഹു നല്‍കിയ കഴിവും സംവിധാനവും അസംസ്‌കൃതവസ്തുക്കളും ഊര്‍ജ്ജവും ഉപയോഗപ്പെടുത്തിയാണ് മനുഷ്യന്‍ എല്ലാം നിര്‍മിക്കുന്നത്. പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളെയും ശക്തികളെയും അല്ലാഹു മനുഷ്യന് കീഴ്‌പെടുത്തിക്കൊടുത്തതുകൊണ്ടാണ് അവന് അവ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. ആകാശഭൂമികളിലുള്ള സകലതും മനുഷ്യര്‍ക്ക് അധീനമാക്കിക്കൊടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

അതിനാല്‍ അല്ലാഹുവിന്റെ സഹായം നമുക്ക് ഓരോ കാര്യത്തിനും കിട്ടിയേതീരൂ. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ ഓരോ കാര്യത്തിലും ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ. പഠിക്കാനുള്ള കഴിവ് അല്ലാഹു തന്നതാണ്. നമുക്ക് നമ്മുടെ മാത്രം പരിശ്രമം കൊണ്ട് പരീക്ഷയില്‍ വിജയിക്കാന്‍ കഴിയുമോ? കഴിയുമെന്നാണ് നമുക്ക് ആദ്യം തോന്നുക. പക്ഷേ, ശരിയായി ആലോചിച്ചാലോ? കാഴ്ച, ബുദ്ധി, ചിന്ത, ശാരീരിക കഴിവുകള്‍ എല്ലാം അല്ലാഹു തന്നുകൊണ്ടിരിക്കുകയാണ്. അവനത് എടുത്തുകളഞ്ഞാല്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നമുക്ക് അസുഖം ബാധിക്കുകയോ അപകടം ഉണ്ടാവുകയോ ചെയ്താല്‍? അല്ലെങ്കില്‍, എല്ലാം പഠിച്ചിട്ടുണ്ടെങ്കിലും ഉത്തരമെഴുതുന്ന നേരത്ത് ഒന്നും എഴുതാന്‍ പറ്റാതെ വന്നാല്‍? ഇത്തരം കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. അതിനാല്‍ അല്ലാഹു ഉദ്ദേശിച്ചെങ്കില്‍മാത്രമേ തന്റെ പരിശ്രമങ്ങള്‍ വിജയിക്കുകയുള്ളൂ. അതിനാല്‍ എപ്പോഴും കാര്യങ്ങള്‍ മുഴുവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം.

എല്ലാ കാര്യങ്ങള്‍ക്കുപിന്നിലും അല്ലാഹുവിന്റെ തീരുമാനങ്ങളുണ്ട് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ നഷ്ടങ്ങളെ ഓര്‍ത്തു സങ്കടപ്പെടില്ല. കാരണം, തരുന്നതും തരാതിരിക്കുന്നതും അല്ലാഹുവാണെന്ന് അവനറിയാം. പക്ഷികള്‍ക്ക് അല്ലാഹു നല്‍കുന്നതുപോലെ നമുക്കും തരും. അതിനാല്‍ നാം വെറുതെ ഇരുന്നാല്‍ മതി, അധ്വാനിക്കേണ്ടതില്ല എന്നു ചിന്തിക്കുന്നതും ശരിയല്ല. പക്ഷികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ആഹാരമന്വേഷിച്ചു നടക്കുകയാണ്. അവ കണ്ടെത്തുക എന്നതാണ് പക്ഷികളുടെ അധ്വാനം. നമുക്കുള്ള കാര്യങ്ങളും ഇതുപോലെ എവിടെയോ ഉണ്ട്. അധ്വാനത്തിലൂടെ നാം അത് കണ്ടെത്തണം.

ഫലം നല്‍കുന്നത് അല്ലാഹുവാണെന്ന ഉത്തമബോധ്യത്തോടെ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാനാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഒരു കാര്യത്തിലും നിരാശ പാടില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെപ്പറ്റി നിരാശപ്പെടരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. കാര്യങ്ങള്‍ അല്ലാഹുവിനെ ഏല്‍പിച്ചുകൊണ്ട് അധ്വാനിക്കുകയെന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്വം, അല്ലാഹു റഹ്മാനും റഹീമുമാണ്.

വകല എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമായ പദമാണ് തവക്കുല്‍. ഏതെങ്കിലും കാര്യത്തില്‍ മറ്റൊരാളെ/മറ്റൊന്നിനെ അവലംബിച്ചു എന്നാണ് വകല എന്ന പദത്തിന്റെ അര്‍ഥം. ഉത്തരവാദിത്തം വഹിക്കുന്നവന്‍, കൈകാര്യധികാരി, മേല്‍നോട്ടം വഹിക്കുന്നവന്‍, ചുമതലക്കാരന്‍, ഏജന്റ്, കാര്യസ്ഥന്‍ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദമാണ് വകീല്‍.

അല്ലാഹുവില്‍  ഭരമേല്‍പിക്കുക എന്നതാണ് തവക്കുലിന്റെ സാങ്കേതികാര്‍ഥം. പല പണ്ഡിതന്‍മാരും പല രീതിയിലാണ് തവക്കുലിനെ നിര്‍വചിച്ചിട്ടുള്ളത്. അല്ലാമാ ഖുശൈരി തന്റെ രിസാലയില്‍ തവക്കുലിനെ കുറിച്ച നിരവധി നിര്‍വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ് പറഞ്ഞു: തവക്കുല്‍ ഹൃദയത്തിന്റെ കര്‍മമാണ്. അഥവാ അത് മാനസിക വ്യവഹാരമാണ്; നാവില്‍ നിന്നുതിര്‍ന്നു വീഴുന്ന വാക്കുകളോ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനമോ അല്ല. അത് വൈജ്ഞാനിക മേഖലയില്‍ പെട്ടതുമല്ല.

ചിലയാളുകള്‍ തവക്കുലിനെ വൈജ്ഞാനിക മണ്ഡലത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അവര്‍ പറയുന്നു: തനിക്ക് തന്റെ റബ്ബ് മതിയെന്ന ദൈവദാസന്റെ ജ്ഞാനമാണത്.
വേറെ ചിലര്‍ അതിനെ മനഃശാന്തിയായി വ്യാഖ്യാനിക്കുന്നു. അവര്‍ പറയുന്നു: തവക്കുല്‍ എന്നാല്‍ മനസ്സിനെ നാഥന്റെ മുമ്പില്‍ ഉപേക്ഷിക്കലാണ്. കുളിപ്പിക്കുന്നവന്റെ മുന്നില്‍ കിടത്തുന്ന മയ്യിത്ത് പോലെ; അയാള്‍ ഉദ്ദേശിക്കുംവിധം അതിനെ തിരിക്കുകയും മറിക്കുകയും ചെയ്യാമല്ലോ. അതുപോലെ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉപേക്ഷിച്ച് എല്ലാം വിധിക്ക് വിട്ടുകൊടുക്കലാണ് തവക്കുല്‍.

വേറെ ചിലര്‍ വിധിക്കപ്പെട്ട കാര്യങ്ങളില്‍ സംതൃപ്തിയടയാലാണ് തവക്കുല്‍ എന്ന് അഭിപ്രായപ്പെടുന്നു. ബിശ്‌റുല്‍ ഹാഫി പറയുന്നു: ഞാന്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്തിരിക്കുന്നുവെന്ന് പറയുന്ന ചിലയാളുകളുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ പറയുന്നത് കള്ളമാണ്. കാരണം അവര്‍ തവക്കുല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ വിധിയില്‍ സംപ്രീതരാകുമായിരുന്നു.

വേറെ ചിലര്‍ അല്ലാഹുവില്‍ ഉറച്ചുവിശ്വസിക്കുകയും അവനില്‍ സായൂജ്യമടയലുമാണ് തവക്കുല്‍ എന്ന് വിശദീകരിക്കുന്നു.
ചുരുക്കത്തില്‍ അല്ലാഹുവിലുള്ള വിശ്വാസവും അവനോടുള്ള കൂറും വിധേയത്വവും കര്‍മവും ചേര്‍ന്നതാണ് തവക്കുല്‍. ഈ ഗുണങ്ങളുടെ ഉദാത്തമായ അവസ്ഥയാണ് വിശ്വാസിയെ സര്‍വവും ദൈവത്തില്‍ ഭരമേല്‍പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരാളുടെ വിശ്വാസവും കൂറും അയാളെ ദൈവത്തിന്റെ വിനീത ദാസനാക്കുന്നു. ദൈവത്തോടുള്ള വിനയവും വിധേയത്വവും ദൈവം കല്‍പിച്ച കര്‍മങ്ങള്‍, കല്‍പിച്ചവിധത്തില്‍ ചെയ്യാന്‍ സന്നദ്ധനാക്കുന്നു.
കര്‍മത്തെയും യുക്തിവിചാരത്തെയും കാര്യകാരണനിയമങ്ങളെയും അവഗണിച്ചുകൊണ്ട് എല്ലാം അല്ലാഹു ശരിയാക്കട്ടെ എന്നു കരുതി നിഷ്‌ക്രിയനായിരിക്കുക എന്നതല്ല തവക്കുല്‍. അല്ലാഹുവിനെ മാത്രം സര്‍വാവലംബമായി അംഗീകരിച്ചുകൊണ്ട് ഭൗതികമായ ഉപാധികളെ സൂക്ഷ്മതയോടെ കൈകൊള്ളലാണത്.

പ്രവര്‍ത്തനവുമായി സമന്വയിക്കാത്ത തവക്കുല്‍ യഥാര്‍ഥ തവക്കുല്‍ ആകുന്നില്ല. പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട വിധം ഭരമേല്‍പിക്കുകയാണെങ്കില്‍ അവന്‍ പക്ഷികള്‍ക്ക് ആഹാരം നല്‍കുന്നതുപോലെ നിങ്ങള്‍ക്കും വിഭവങ്ങള്‍ നല്‍കും. അവ ഒഴിഞ്ഞ വയറുമായി പ്രഭാതത്തില്‍ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി പ്രദോഷത്തില്‍ മടങ്ങിയെത്തുന്നു (അഹ്മദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ). ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രവാചകനോട് ചോദിച്ചു: ഞാനിതിനെ കെട്ടിയിട്ടാണോ തവക്കുല്‍ ചെയ്യേണ്ടത്, അതോ അഴിച്ച് വിട്ട് തവക്കുല്‍ ചെയ്യാമോ? നബി(സ) പറഞ്ഞു: ആദ്യം ഒട്ടകത്തെ കെട്ടുക, പിന്നെ തവക്കുല്‍ ചെയ്യുക (ഇബ്‌നു ഹിബ്ബാന്‍).

കാര്യകാരണബന്ധങ്ങളെ സക്രിയമാക്കിക്കൊണ്ടുള്ള തവക്കുലിന് മാത്രമേ യാഥാര്‍ഥ്യമുള്ളൂ എന്നത് സൂഫീ ചിന്താധാരയിലുള്ള പലരും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. നിരവധി കഥകള്‍ ഇതുമായി ബന്ധപ്പെട്ട് സൂഫികളില്‍ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവരുടെ നിലപാട് ഖുര്‍ആനിനും പ്രവാചക പാഠങ്ങള്‍ക്കും വിരുദ്ധമാണ്.

സുഫ്‌യാനുസ്സൗരി പറയുന്നു: ‘ഒരു പണ്ഡിതന് ജീവിത വിഭവമില്ലെങ്കില്‍ അയാള്‍ അന്ധകാരത്തിന്റെ കൂട്ടാളിയാകും. ആരാധനകളില്‍ മുഴുകിക്കഴിയുന്ന ഒരാള്‍ക്ക് ജീവിത വിഭവമില്ലെങ്കില്‍ തന്റെ ദീന്‍ ഉപജീവനമാര്‍ഗമാക്കും. അജ്ഞനായ ഒരാള്‍ക്ക് ജീവിത വിഭവമില്ലെങ്കില്‍ അവന്‍ അധര്‍മികളുടെ പ്രതിനിധിയാവും.’കാര്യകാരണങ്ങളെയും തവക്കുലിനെയും ചേര്‍ത്തുവെക്കുന്നനാണ് യഥാര്‍ഥ മുതവക്കില്‍.

എല്ലാ ജീവിത വ്യവഹാരങ്ങളിലും തവക്കുല്‍ ചെയ്യുന്നവനാണ് യഥാര്‍ഥ സത്യവിശ്വാസി. അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ചില സവിശേഷ സന്ദര്‍ഭങ്ങള്‍ ഖുര്‍ആന്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.

1. വിജയവും മോചനവും തേടുമ്പോള്‍ (ആലുഇംറാന്‍:160)
2. നമ്മുടെ എല്ലാ കാര്യങ്ങളിലും കൈകാര്യകര്‍ത്താവായി അല്ലാഹു മതി എന്ന് നാം തീരുമാനിക്കുകയും ചെയ്യുമ്പോള്‍ (അന്നിസാഅ് :81)
3. ജനങ്ങള്‍ നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ തള്ളിക്കളയുമ്പോള്‍ (അത്തൗബ: 129)
4. ഖുര്‍ആന്‍ പാരായണം ചെയ്യുകയോ അത് കേള്‍ക്കുകയോ ചെയ്യുമ്പോള്‍ (അല്‍അന്‍ഫാല്‍:2)
5. രണ്ട് കക്ഷികള്‍ക്കിയില്‍ രജ്ഞിപ്പിന് ശ്രമിക്കുമ്പോള്‍ (അല്‍അന്‍ഫാല്‍:61)
6. വിപത്തുകള്‍ സമാഗതമാവുമ്പോള്‍ (അത്തൗബ: 51)
7. ഇസ്‌ലാമിന്റെ ശത്രുക്കള്‍ എതിര്‍പ്പുകളുമായി രംഗത്തുവരുമ്പോള്‍ (യൂനുസ്: 71)
8. എല്ലാറ്റിന്റെയും മടക്കം അല്ലാഹുവിലേക്കാണെന്നും അവന്‍ എല്ലാം വ്യക്തമായി അറിയുന്നുവെന്നും ബോധ്യം വരുമ്പോള്‍ (ഹൂദ്: 123)
9. അല്ലാഹുവാണ് യഥാര്‍ഥ ഇലാഹ് എന്ന് മനസ്സിലാവുകയും മറ്റാരെയും ഉറച്ച അവലംബമായി കരുതാന്‍ ന്യായമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ (ഹൂദ്:30)
10. അല്ലാഹുവില്‍ നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍ (ഇബ്‌റാഹീം: 12)
11. പിശാചിന്റെ ഉപദ്രവം ഭയപ്പെട്ടാല്‍ (അന്നഹ്ല്‍:99).
12. സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ (അന്നഹ്ല്‍ : 42)
13. അല്ലാഹുവിന്റെ പ്രീതിയും കരസ്ഥമാക്കാന്‍ (ആലുഇംറാന്‍ : 159)
14. അല്ലാഹു എന്നോടൊപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ (അത്ത്വലാഖ്: 3)
15. ദിവ്യ സഹായം ലഭ്യമാവണമെങ്കില്‍ (ആലുഇംറാന്‍ :160)

ഈ സൂക്തങ്ങളും പ്രവാചക വചനങ്ങളും പരിശോധിച്ചാല്‍ സത്യവിശ്വാസിയുടെ ജീവിതത്തില്‍ അലിഞ്ഞുചേരേണ്ട ഗുണവിശേഷമാണ് തവക്കുല്‍ എന്ന് മനസ്സിലാക്കാന്‍ കഴിയും.
തവക്കുലിന്റെ മേഖല പ്രവിശാലമാണ്. ഭൗതികവും മതപരവുമായ കാര്യങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുന്നു. സമ്പത്ത്, സന്താനങ്ങള്‍, ഉപജീവനം, ചികില്‍സ തുടങ്ങിയവ ഉള്‍പ്പടെയുള്ള ഐഹികവ്യവഹാരങ്ങളിലും  സന്‍മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിപ്പിക്കാനും അതിന് മേല്‍കൈ നേടിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലും തവക്കുല്‍ ആവശ്യമാണ്.

തവക്കുലിന്റെ പ്രേരകങ്ങള്‍
1. അല്ലാഹുവിനെ കുറിച്ച ശരിയായ അറിവ്
അല്ലാഹുവിനെ അവന്റെ ഉല്‍കൃഷ്ട നാമങ്ങളും ഉന്നത വിശേഷണങ്ങളും സഹിതം പൂര്‍ണമായി മനസ്സിലാക്കുമ്പോള്‍ അവനില്‍ തവക്കുല്‍ ചെയ്യാന്‍ നാം തയ്യാറാവും. ആര്‍ അല്ലാഹുവിനെ പരമകാരുണികനും കരുണാനിധിയുമായി, പ്രതാപിയും യുക്തിമാനുമായി, എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമായി, എന്നെന്നും ജീവിക്കുന്നവനും എല്ലാം ശരിയായ വിധം നോക്കിനടത്തുന്നവനുമായി, സൂക്ഷ്മദൃക്കും സൂക്ഷ്മജ്ഞാനിയുമായി, അപാരമായ കഴിവുകള്‍ക്കുടയവനും ഏല്ലാറ്റിനെയും അതിജയിക്കുന്നവനുമായി, അതിശക്തനും വിഭവദാതാവുമായി, അജയ്യനും ഇഛിക്കുന്നതെന്തും പ്രവര്‍ത്തിക്കുന്നവനുമായി മനസ്സിലാക്കുന്നുവോ അവന്റെ ആത്മാവ് അല്ലാഹുവില്‍ അഭയം തേടാനും അവനില്‍ തവക്കുല്‍ ചെയ്യാനും പ്രരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും.
2. അല്ലാഹുവിലുള്ള ദൃഢവിശ്വാസം
അല്ലാഹുവിന്റെ വിജ്ഞാനത്തിന്റെ സമ്പൂര്‍ണതയിലും യുക്തിയുടെ പരിപൂര്‍ണതയിലും കാരുണ്യത്തിന്റെ വിശാലതയിലും കഴിവുകളുടെ സാകല്യത്തിലും ഉറച്ചുവിശ്വസിക്കുമ്പോള്‍ അവനില്‍ എല്ലാം അര്‍പ്പിക്കാന്‍ നാം സന്നദ്ധരാവും. അല്ലാഹുവിന്റെ വാഗ്ദാനത്തിലും ഉറപ്പിലും ദൃഢവിശ്വാസമുള്ളവന്‍ തന്റെ ഉപജീവനം നഷ്ടപ്പെടുമെന്ന് ഒരിക്കലും ആശങ്കിക്കുകയില്ല. കാരണം അവന് നിശ്ചയിക്കപ്പെട്ടത് അവന് ലഭിക്കുക തന്നെ ചെയ്യും. ഒരു ദാസന് തന്റെ നാഥനിലുള്ള വിശ്വാസം വര്‍ധിക്കും തോറും അല്ലാഹുവിലുള്ള അവന്റെ തവക്കുല്‍ ശക്തി പ്രാപിക്കും. അതിന്റെ വേരുകള്‍ രൂഢമൂലമാവും. അതിന്റെ ചില്ലകള്‍ പടര്‍ന്നുപന്തലിക്കും.
3. ദൗര്‍ബല്യങ്ങളെ തിരിച്ചറിയല്‍
മനുഷ്യന്‍ തന്റെ പ്രകൃതിപരമായ ദൗര്‍ബല്യങ്ങളും തന്റെ ജ്ഞാനത്തിന്റെയും കഴിവുകളുടെയും പരിധിയും പരിമിതികളും തിരിച്ചറിഞ്ഞാല്‍ അവന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ സന്നദ്ധനാവും.
4. തവക്കുലിന്റെ ശ്രേഷ്ഠതയെ കുറിച്ച അറിവ്
തവക്കുലിന്റെയും തവക്കുല്‍ ചെയ്യുന്നവരുടെയും ശ്രേഷ്ഠതയും അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള വമ്പിച്ച പ്രതിഫലവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ തവക്കുല്‍ ഉണ്ടാക്കുന്ന സദ്ഫളങ്ങളും ശരിയായ വിധത്തില്‍ മനസ്സിലാക്കിയാല്‍ നാം തവക്കുല്‍ ചെയ്യാന്‍ ഉല്‍സാഹം കാണിക്കും.

തവക്കുലിന്റെ ഗുണഫലങ്ങള്‍
സദ്ഫലങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ഒരു ഉത്തമവൃക്ഷമാണ് തവക്കുല്‍. പ്രസ്തുത ഫലങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു:
1. ശാന്തിയും സമാധാനവും
അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്നവന് ആത്മ സംതൃപ്തിയും മനഃശാന്തിയും ആസ്വദിക്കാം. അത് അവന്റെ മനസ്സിന് കുളിര്‍മയേകും. ജനങ്ങള്‍ ഭയചകിതരാവുമ്പോള്‍ അവന് പരിപൂര്‍ണ സുരക്ഷ അനുഭവപ്പെടും. ജനങ്ങള്‍ അസ്വസ്ഥരാവുമ്പോള്‍ അവന്‍ സമാധാനചിത്തനാവും. ജനങ്ങള്‍ പരിഭ്രാന്തരാവുമ്പോള്‍ അവന്‍ അചഞ്ചലനായി നിലകൊള്ളും.
2. ശക്തി
തവക്കുല്‍ ചെയ്യുന്നവന് ലഭ്യമാവുന്ന ആത്മീയവും മാനസികവുമായ ശക്തി അനിര്‍വചനീയമത്രെ. എല്ലാവിധ ഭൗതിക ശക്തികളും അതിന്റെ മുമ്പില്‍ നിസ്സാരമായിരിക്കും. പ്രവാചകന്‍മാരുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമായി മനസ്സിലാക്കാം.
3. പ്രതാപം
തവക്കുല്‍ സത്യവിശ്വാസിയെ ഉന്നതസ്ഥാനീയനാക്കും. അല്ലാഹു ഒഴികെയുള്ള ആരുടെ മുന്നിലും അവന് തല കുനിക്കേണ്ടി വരില്ല. ആര്‍ജവത്തോടെ സത്യമാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ തവക്കുല്‍ അവനെ പ്രാപ്തനാക്കും.
4. പ്രതീക്ഷ
ആഗ്രഹങ്ങളുടെ സഫലീകരണം, അനിഷ്ടകരമായ കാര്യങ്ങളില്‍ നിന്നുള്ള മോചനം, ദുഃഖം വിട്ടുമാറുക, ക്ലേശങ്ങളുടെ ശമനം, ശുഭപ്രതീക്ഷ തുടങ്ങിയവ തവക്കുലിന്റെ മറ്റു സദ്ഫലങ്ങളാണ്. അല്ലാഹുവില്‍ തവക്കുല്‍ ചെയ്തവന്റെ  ഹൃദയത്തിലേക്ക് നിരാശക്ക് പ്രവേശനമുണ്ടാവില്ല. ആശയറ്റു പോവുക ദുര്‍മാര്‍ഗത്തിന്റെ അനിവാര്യതകളില്‍ പെട്ടതാണെന്നും നിരാശ സത്യനിഷേധത്തിന്റെ സഹയാത്രികനാണെന്നും ഖുര്‍ആന്‍ അവനെ പഠിപ്പിച്ചിട്ടുണ്ട്.

തവക്കുലിന് മുന്നിലെ തടസ്സങ്ങള്‍
തവക്കുലിന്റെ പ്രേരകങ്ങളെ തിരിച്ചറിഞ്ഞാല്‍ അതിന് തടസ്സം നില്‍ക്കുന്ന സംഗതികളെ മനസ്സിലാക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല. അവയില്‍ സുപ്രധാനമായ താഴെ കൊടുക്കുന്നു:
1. അല്ലാഹുവിനെ കുറിച്ച അജ്ഞത
അല്ലാഹുവിന്റെ സത്തയെയും ഗുണവിശേഷങ്ങളെയും അവന്റെ കഴിവിനെയും ശക്തിയെയും കുറിച്ച് വ്യക്തമായ അവബോധമില്ലാത്തവന്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അല്ലാഹുവിനെ കുറിച്ച് ശരിയായ അറിവ് നേടുമ്പോള്‍ മാത്രമേ എനിക്ക് അല്ലാഹു മതി എന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുകയുള്ളൂ.
2. അഹമ്മതി
സ്വന്തത്തെ കുറിച്ച് ദുരഭിമാനം കൊള്ളുകയും തന്റെ യൗവനം, കരുത്ത്, സമ്പത്ത്, സ്ഥാനമാനങ്ങള്‍,  അനുയായികള്‍, സഹായികള്‍ തുടങ്ങി മനുഷ്യന്‍ അഭിമാനം നടിക്കുന്ന സംഗതികളാല്‍ വഞ്ചിതനാവുകയും ചെയ്തവന്‍ താന്‍ അല്ലാഹുവിനെ ആശ്രയിക്കേണ്ടവനാണ് എന്ന് മനസ്സിലാക്കുന്നില്ല. മാത്രമല്ല, അവന്‍ സ്വയം തന്റെ നാഥനില്‍ നിന്ന് അകറ്റപ്പെട്ടവനായി കഴിയുകയും ചെയ്യുന്നു. ക്രമേണ തന്റെയും തന്റെ നാഥന്റെയും ഇടയില്‍ സ്വയം സൃഷ്ടിച്ച ഈ അകല്‍ച്ച വര്‍ധിച്ചുകൊണ്ടേയിരിക്കും. തന്റെ ധനവും ശക്തിയും സ്ഥാനമാനങ്ങളും അനുയായികളുമെല്ലാം നഷ്ടപ്പെടുമ്പോള്‍ മാത്രമേ അത്തരക്കാരുടെ കണ്ണുകള്‍ തുറക്കുകയുള്ളൂ.
3. സൃഷ്ടികളെ സര്‍വാവലംബമാക്കല്‍
സമസൃഷ്ടികളെ പൂര്‍ണമായി ആശ്രയിക്കുകയും ആവശ്യനിര്‍വഹണത്തിനും പ്രതിസന്ധികളില്‍ സഹായത്തിനും ജനങ്ങളെ മാത്രം സമീപിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കാതിരിക്കുകയും ചെയ്യുന്നത് തവക്കുലിന് വിഘാതമുണ്ടാക്കുന്ന കാര്യമാണ്. നല്ല സാമ്പത്തിക ശേഷിയുള്ളവനുമായോ അല്ലെങ്കില്‍ ഉന്നത അധികാരങ്ങളുള്ള ആളുമായോ അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ക്ക് എനിക്ക് ആവശ്യമായതൊക്കെ അയാള്‍ ചെയ്തുതരുമെന്ന തോന്നലുണ്ടാവുകയും അല്ലാഹുവിനെ വിസ്മരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ആളുകള്‍ തങ്ങള്‍ അവലംബമായി കരുതിപ്പോരുന്നവരുടെ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകുമ്പോഴേ അവരകപ്പെട്ട മായിക വലയങ്ങളില്‍ നിന്ന് മുക്തമാകാറുള്ളൂ. അതിനാലാണ് ഇബ്‌നു അത്വാഅ് പറഞ്ഞത്: ‘അനശ്വര പ്രതാപമാണ് നീ കൊതിക്കുന്നതെങ്കില്‍ നശ്വര പ്രതാപം കൊണ്ട് അഭിമാനം നടിക്കാതിരിക്കുക.’
4. ഐഹികപ്രേമം
ഇഹലോകത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് തവക്കുലില്‍ നിന്ന് മനുഷ്യനെ വിമുഖനാക്കുന്ന മറ്റൊരു ഘടകം. ഇഹലോകത്തിന്റെ ദാസന്‍മാര്‍ക്ക് കളങ്കരഹിതമായ ദൈവദാസ്യം സാധ്യമല്ല. അല്ലാഹുവിനോടുള്ള തന്റെ ദാസ്യം കളങ്കരഹിതമാക്കാത്തവന് അവനില്‍ തവക്കുല്‍ ചെയ്യാന്‍ കഴിയില്ല. ഇഹലോകത്തിന്റെ നിസ്സാരതയും അതിന്റെ വഞ്ചനാത്മക മുഖവും നാശത്തിന്റെ വേഗതയും ശരിയാം വണ്ണം ഗ്രഹിക്കുന്നവന് മാത്രമേ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാന്‍ സാധിക്കൂ.

Related Articles