Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനെക്കുറിച്ച് നിങ്ങളെന്താണ് വിചാരിക്കുന്നത്?

to-allah.jpg

അല്ലാഹു പറയുന്നു: ‘എന്റെ അടിമ എന്നെകുറിച്ച് കരുതുന്നത് പോലെയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന്‍ എന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവനെയും സ്മരിക്കുന്നു. ഒരു സഭയില്‍ അവനെന്നെ സ്മരിച്ചാല്‍ അതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സഭയില്‍ ഞാനവനെ സ്മരിക്കും. അവന്‍ എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാന്‍ അവനിലേക്ക് അടുക്കും. അവന്‍ ഒരു മുഴം എന്നിലേക്ക് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനിലേക്ക് അടുക്കും. എന്റെ അടിമ എന്നിലേക്ക് നടന്ന് വരികയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടി ചെല്ലും.’ (ബുഖാരി)
അല്ലാഹുവിന് തന്റെ അടിമകളോടുള്ള അഗാധമായ സ്‌നേഹവും സവിശേഷമായ ബന്ധവുമാണ് ഈ വരികളിലൂടെ വരച്ച് കാട്ടുന്നത്. നിനക്ക് ഏത് സമയവും അല്ലാഹുവിനെ സ്മരിക്കാനും അതിലൂടെ വളരെ പെട്ടന്ന് തന്നെ സ്വര്‍ഗവുമായി ബന്ധം സ്ഥാപിക്കാനുമും വളരെയധികം പ്രചോദനമാണിത്. കാരണം അതേ നിമിഷത്തില്‍ അല്ലാഹു നിങ്ങളെയും സ്മരിക്കുന്നു. നിങ്ങള്‍ ആളുകളോട് അവനെകുറിച്ച് പറയുമ്പോള്‍ നിങ്ങളെ പേരെടുത്ത് അവന്‍ പരമാര്‍ശിക്കുന്നത് മലക്കുകളുടെ സദസ്സിനോടാണ്.

‘എന്റെ അടിമ എന്നെ കുറിച്ച് എന്താണോ കരുതുന്നത് അതാണ് ഞാന്‍’ എന്നാണ് ഹദീസ് പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിലും വിട്ടുവീഴ്ചയിലും നാം പ്രതീക്ഷയര്‍പ്പിക്കുകയും അവന്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും നമ്മില്‍ നിന്നു വന്ന തെറ്റുകള്‍ പൊറുത്തു തരുമെന്നും കരുതുകയും ചെയ്യുമ്പോള്‍ അവനത് സാക്ഷാത്കരിച്ച് തരുന്നു. അല്ലാഹുവിനെകുറിച്ച നിങ്ങളുടെ ഭയം അവനിലുള്ള പ്രതീക്ഷകളെ മൂടികളയുന്നതായിരിക്കരുത് എന്നത് വളരെ പ്രധാനമാണ്. കാരണം എപ്രകാരമാണോ നാം അവനെകുറിച്ച് വിചാരിക്കുന്നത് അതുപോലെയാണവന്‍. അല്ലാഹുവിന്റെ പ്രീതി നേടാനും അവന്റെ കോപമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും നാം പരിശ്രമിക്കുമ്പോള്‍ തന്നെ അവന്റെ ശിക്ഷയെ നാം ഭയക്കുകയും അവനില്‍ നിന്നുള്ള പ്രതിഫലത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നു. അവന്റെ സുന്ദരനാമങ്ങളില്‍ നമുക്ക് ആശ്വാസമുണ്ടാകേണ്ടതുണ്ട്. അവന്റെ കാരുണ്യത്തില്‍ ആനന്ദിക്കുകയും വേണം. നമ്മില്‍ ചിലര്‍ തങ്ങളുടെ നാവ് കൊണ്ട് മാത്രം അല്ലാഹുവിനെ സ്മരിക്കുന്നവരാണ്. അല്ലാഹുവിന്റെ സ്‌നേഹത്തിലേക്ക് നേരിട്ടുള്ള വഴി അന്വേഷിക്കുന്നവരാണ് മറ്റുചിലര്‍. എന്നാല്‍ ആ പാതയില്‍ ചെറിയ കാല്‍വെപ്പുകള്‍ നടത്താന്‍ മാത്രമേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. എന്നാല്‍ മറ്റുചിലര്‍ക്ക് വലിയ കാല്‍വെപ്പുകള്‍ നടത്താന്‍ കഴിയുന്നു. അല്ലാഹുവിലേക്കുള്ള പാതയില്‍ ചിലര്‍ നടന്നടുക്കുമ്പോള്‍ മറ്റുചിലര്‍ ഓടുകയാണ്. ഓരോരുത്തരെയും അവരുടെ തലത്തിനനുസരിച്ച് സ്വീകരിക്കുക എന്നതാണ് അല്ലാഹുവിന്റെ ചര്യ. നിലവിലെ അവസ്ഥയോ നമ്മുടെ കഴിവുകളോ അതില്‍ കാര്യമല്ല, ആദ്യ കാല്‍വെപ്പ് നാം നടത്തുക മാത്രമേ വേണ്ടതുള്ളൂ.

ഈ ഹദീസിനെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ വലിയ ആത്മവിശ്വാസമാണ് നിങ്ങള്‍ക്കത് പകര്‍ന്ന് നല്‍കുന്നത്. നിങ്ങള്‍ക്ക് ശക്തിയും മനോദാര്‍ഢ്യവും ലക്ഷ്യം നേടുന്നതിനുള്ള സമയവുമില്ലെന്ന് ചിലപ്പോള്‍ വിചാരിക്കുന്നുണ്ടാവാം. നിങ്ങള്‍ പറയുന്നത് ശരിയാവാം, ഒരു പക്ഷേ അതല്ലാതെയും ആകാം. എന്നാല്‍ ഒരു പദ്ധതി തയ്യാറാക്കുകയും അതില്‍ യാത്ര ആരംഭിക്കുകയും ചെയ്യാം. കാരണം വഴിയില്‍ നമുക്ക് സഹായമായി അല്ലാഹുവുണ്ട്. അവന്‍ നമ്മെ സഹായിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യും. ഖുര്‍ആന്‍ പൂര്‍ണ്ണമായും പഠിക്കണം, ജീവിതം പരിവര്‍ത്തിപ്പിക്കണം, ജോലിയില്‍ പ്രാഗല്‍ഭ്യം കാണിക്കണം, സ്വന്തം ബിസിനസ് തുടങ്ങുക, തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് നീ ചിന്തിക്കുന്നുവെങ്കില്‍ അതൊക്കെ നേടിയെടുക്കാന്‍ നീ കഠിനമായും നിന്റെ കഴിവിനപ്പുറവും പരിശ്രമിക്കേണ്ടി വരും. നിങ്ങളുടെ എല്ലാ കാല്‍വെപ്പുകള്‍ക്കുമായി ഒരടി നിങ്ങള്‍ വെച്ചാല്‍ മതി. അല്ലാഹു നിങ്ങളെ കൂടുതല്‍ മുന്നോട്ട് നയിക്കുകയും സഹായിക്കുകയും ചെയ്യുമെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.
മിക്കപ്പോഴും നമ്മുടെ കഴിവുകളും വ്യക്തിപരമായ സവിശേഷതകളും പരിഗണിച്ചാണ് കണക്ക് കൂട്ടാറുള്ളത്. അല്ലാഹുവിന്റെ സഹായം നമ്മുടെ കണക്കില്‍ പലപ്പോഴും വരാറില്ല. നാം അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ അവന്‍ നമ്മോടൊപ്പമുണ്ടായിരിക്കും. നാം മുന്നോട്ട് ഒരു കാല്‍ വെച്ചാല്‍ അവന്‍ നമ്മെ സഹായിക്കുകയും ചെയ്യും. അവന്റെ സാന്നിദ്ധ്യവും സഹായവും നമ്മുടെ സങ്കല്‍പങ്ങള്‍ക്കപ്പുറത്തുള്ള ശക്തിയാണ് നമുക്ക് പകര്‍ന്ന് നല്‍കുക. എത്ര ശക്തമായും ആത്മാര്‍ത്ഥതയോടെയുമാണ് നാം തീരുമാനമെടുക്കുന്നത്, അത്ര ശക്തമായിട്ടാണ് അവന്റെ സഹായം വരുന്നത്. നിങ്ങള്‍ അവനിലേക്ക് നടന്നടുക്കുമ്പോള്‍ അവന്‍ നിങ്ങളിലേക്ക് ഓടിയെത്തും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles