Current Date

Search
Close this search box.
Search
Close this search box.

അയല്‍പക്കത്തേക്കൊരു സ്‌നേഹത്തളിക

food.jpg

عَنْ أَبِي ذَرٍّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ (صحيح مسلم)

അബൂദര്‍റില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഹേ അബൂദര്‍റ്! നീ കറി പാകം ചെയ്താല്‍ അതില്‍ വെള്ളം അധികരിപ്പിക്കുക. അങ്ങനെ നിന്റെ അയല്‍വാസിയെ കൂടി പരിഗണിക്കുക.

طَبَخَ : പാചകം ചെയ്തു
مَرَقَةٌ : കറി  
أَكْثَرَ : കൂട്ടി, വര്‍ധിപ്പിച്ചു
مَاءٌ : വെള്ളം
تَعَاهَدَ : ഗൗനിച്ചു, പരിഗണിച്ചു
جِيرَان : അയല്‍വാസി

عَنْ أَبِي شُرَيْحٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ وَاللَّهِ لَا يُؤْمِنُ وَاللَّهِ لَا يُؤْمِنُ وَاللَّهِ لَا يُؤْمِنُ قِيلَ وَمَنْ يَا رَسُولَ اللَّهِ قَالَ الَّذِي لَا يَأْمَنُ جَارُهُ بَوَايِقَهُ (صحيح البخاري)

അബൂശുറൈഹില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ‘അല്ലാഹുവാണ, അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണ, അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണ, അയാള്‍ വിശ്വസിക്കുന്നില്ല’. ഇതുകേട്ട് അനുയായികളില്‍ ചിലര്‍ ചോദിച്ചു: ആരാണ് തിരുദൂതരേ? നബി(സ) പറഞ്ഞു: ഏതൊരാളുടെ ഉപദ്രവത്തില്‍ നിന്നും തന്റെ അയല്‍വാസി നിര്‍ഭയനല്ലയോ അവന്‍.

وَاللَّهِ : അല്ലാഹുവാണ് സത്യം
يُؤْمِنُ : വിശ്വസിക്കുന്നു    
يَأْمَنُ : നിര്‍ഭയനാവുന്നു    
جَارٌ : അയല്‍വാസി   
بَائِقَةٌ (ج) بَوَاِئق : ഉപദ്രവം

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ يَا نِسَاءَ الْمُسْلِمَاتِ لَا تَحْقِرَنَّ جَارَةٌ لِجَارَتِهَا وَلَوْ فِرْسِنَ شَاةٍ (صحيح البخاري، صحيح مسلم)

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറയാറുണ്ടായിരുന്നു: മുസ്‌ലിം സ്ത്രീകളേ, ഒരു അയല്‍വാസിനിയും തന്റെ അയല്‍വാസിനിയെ നിസ്സാരമായിക്കാണരുത്, ഒരു ആടിന്റെ കുളമ്പാണെങ്കിലും.

حَقَرَ : നിസ്സാരനായി കണ്ടു, നിന്ദിച്ചു  
فِرْسِن : കുളമ്പ്, പാദം
شَاة : ആട്

നാഗരികതയുടെയും സാങ്കേതിക വിദ്യയുടെയും ഭയാനകമായ വളര്‍ച്ച മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. സ്രഷ്ടാവുമായും, അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള സൃഷ്ടികളുമായുമുള്ള ബന്ധം അര്‍ഹമാം വിധം പരിഗണിക്കപ്പെടാതിരിക്കുന്നത് അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും പരിണതിയായിട്ടാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത് (4:36). അവനവനിലേക്ക് ചുരുങ്ങി ലോകത്തെ പുറത്താക്കി ഗേറ്റടക്കുന്നവരില്‍ ഏറിയോ കുറഞ്ഞോ മേല്‍പറഞ്ഞ രോഗങ്ങളില്ലേ എന്ന് സംശയിക്കാവുന്നതാണ്. ജനങ്ങളെ അവജ്ഞയോടെ വീക്ഷിക്കുകയും ഇസ്‌ലാം നല്‍കുന്ന നിര്‍ദ്ദേശങ്ങളെ അവമതിക്കുകയുമാണല്ലോ അവര്‍. പ്രസ്തുത നിലപാടിനെ സ്വര്‍ഗം വിലക്കപ്പെടുന്ന ഗുരുതര രോഗമായി പരിചയപ്പെടുത്തുന്നു പ്രവാചകന്‍.

ഏറെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി പരിപാലിക്കപ്പെടേണ്ട ബന്ധമായിട്ടാണ് അയല്‍പക്ക ബന്ധത്തെ ഇസ്‌ലാം പരിഗണിക്കുന്നത്. ഇഹ്‌സാന്‍ എന്നാണ് അതിനെ കുറിച്ച ഖുര്‍ആനിക പ്രയോഗം. മികവും തികവും മിഴിവും അന്തര്‍ലീനമാണതില്‍. എങ്ങനെയെങ്കിലുമുള്ള ഒരു ബന്ധം മതിയാവില്ല എന്നുസാരം.

സുരക്ഷിതത്വവും സമാധാനവും പുലരുന്ന ഒരു സമൂഹത്തിന്റെ നിലനില്‍പിനുള്ള അനിവാര്യഘടകമാണ് അല്‍പക്ക ബന്ധങ്ങളുടെ കെട്ടുറപ്പും ഭദ്രതയും. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും  വലിയൊരു നിദര്‍ശനമാണ് മതത്തിന്റെയോ ആശയ വീക്ഷണങ്ങളുടെയോ വ്യത്യാസങ്ങള്‍ക്കതീതമായ അയല്‍പക്ക സമ്പര്‍ക്കം. വീടിന്റെ ചുറ്റുവട്ടത്ത് സ്ഥിതി ചെയ്യുന്ന നാല്‍പത് വീടുകളിലേക്ക് വ്യാപിക്കുന്നതാണ് അയല്‍പക്ക ബന്ധമെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നു.

കുടുംബക്കാരും അല്ലാത്തവരും അമുസ്‌ലിംകളും അയല്‍വാസികളായുണ്ടാവും. കുടുംബബന്ധത്തിന്റെയും ആദര്‍ശസാഹോദര്യത്തിന്റെയും അയല്‍പക്ക ബന്ധത്തിന്റെതുമായ ബാധ്യതകള്‍ ഇവയില്‍ ക്രമാനുഗതമായി കടന്നുവരുന്നു. അഥവാ കുടുംബക്കാരായ അയല്‍വാസികളോട് ഉപരിസൂചിത മൂന്ന് ബാധ്യതകളും കുടുംബക്കാരല്ലാത്ത മുസ്‌ലിംകളോട് രണ്ട് ബാധ്യതകളും അമുസ്‌ലിംകളോട് ഒരു ബാധ്യതയും.

ഉത്തരവാദിത്വത്തിന്റെയും കടപ്പാടിന്റെയും സ്‌നേഹാദരവിന്റെയും കാര്യത്തില്‍ ഏത്ര മഹിതമായ സ്ഥാനമാണ് അയല്‍വാസികള്‍ക്കുള്ളതെന്ന് പ്രവാചക വചനങ്ങളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അവര്‍ അനന്തരാവകാശികളായി പ്രഖ്യാപിക്കപ്പെടുമോ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുംവിധം ജിബ്‌രീല്‍ അയല്‍വാസികളോടുള്ള ബാധ്യതകളെ കുറിച്ച് പ്രവാചകനെ ഉല്‍ബോധിച്ചിരുന്നു.

അയല്‍വാസികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും സന്ദര്‍ശനങ്ങളും കൂട്ടായ്മകളുമൊക്കെ അസ്തമിക്കുന്ന ദുരന്തം വിശ്വാസികള്‍ക്കിടയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ‘മതി ഇതില്‍’ എന്ന് വിളംബരം ചെയ്യുന്ന കൂറ്റന്‍ മതിലുകളും ബാരിക്കേഡുകളും അയല്‍ക്കാരുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കുന്നതിന്റെ പ്രതീകമാണ് പലയിടങ്ങളിലും. സ്വയം പര്യാപ്തരാണെന്ന വികലചിന്തയും പരക്ഷേമ തല്‍പരതയില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണത്. അധിനിവേശ, സാമ്രാജ്യത്വ, മുതലാളിത്ത ആശയങ്ങളുടെ കടന്നുകയറ്റവും സ്വാര്‍ഥ താല്‍പര്യങ്ങളുടെ വേലിയേറ്റവും അയല്‍പക്ക ബന്ധങ്ങളെയും ശിഥിലമാക്കിക്കൊണ്ടിരിക്കുന്നത് ഒരുനിലക്കും ആശാസ്യമല്ല.

തനിക്കുണ്ടാവേണ്ട നേട്ടങ്ങള്‍ അയല്‍വാസിക്കും ഉണ്ടാവണമെന്ന് അഭിലഷിക്കല്‍ ഈമാന്റെ അനിവാര്യ താല്‍പര്യമാണല്ലോ. എന്നാല്‍ അയല്‍ക്കാരന്‍ തന്നേക്കാള്‍ താഴെ നില്‍ക്കുമ്പോഴേ എനിക്ക് നിലയും വിലയുമുള്ളൂ എന്നത് പൈശാചിക ചിന്തയാണ്. ഉപദ്രവം ഭയന്നിട്ടാണെങ്കിലും അയല്‍ക്കാരനു മുന്നില്‍ വാതില്‍ കൊട്ടിയടക്കാന്‍ പാടില്ല, ഒരാളുടെ ധാര്‍മിക മേന്മ വിലയിരുത്തുന്നതില്‍ അയല്‍ക്കാരന്റെ അഭിപ്രായത്തിന് അര്‍ഹമായ സ്ഥാനമുണ്ട്, അയല്‍വാസിയെ ദ്രോഹിക്കുന്നവന്‍ വിശ്വാസിയോ സ്വര്‍ഗപ്രവേശത്തിന് യോഗ്യനോ അല്ല, നല്ല ഭക്തനാണെങ്കിലും അയല്‍വാസിക്ക് ദ്രോഹം ചെയ്യുന്നയാളുടെ വാസസ്ഥലം നരകമായിരിക്കും, സ്വത്ത് വില്‍പന നടത്തുമ്പോള്‍ കൂടുതല്‍ വില നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാണെങ്കിലും അയല്‍വാസിക്ക് മുന്‍തൂക്കവും പ്രത്യേക പരിഗണനയും നല്‍കണമെന്നൊക്കെ പ്രവാചക പാഠങ്ങളില്‍ വായിക്കാം. ഇസ്‌ലാമിന്റെ മാത്രം സൗന്ദര്യമാണ് ഇവയെല്ലാം.

അന്യോന്യം കാണാനോ സംസാരിക്കാനോ തയ്യാറാവാതിരിക്കുകയും ലോകത്തിന്റെ നാനാദിക്കിലുമുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ സ്വന്തം അയല്‍വാസിയെ കുറിച്ച് അജ്ഞനായിരിക്കുകയും ചെയ്യുന്നത് നമ്മുടെ അയല്‍പക്ക ബന്ധങ്ങളില്‍ സംഭവിച്ച വിള്ളലുകളുടെ പ്രത്യക്ഷ ലക്ഷണങ്ങളാണല്ലോ. അതിരടയാളങ്ങളുടെ പേരിലുള്ള കോലാഹലങ്ങളും അതിര്‍ത്തിയിലുള്ള മരത്തിന്റെ പേരിലുള്ള തര്‍ക്കങ്ങളും ഇലവീഴുന്നതിനെ കുറിച്ച പരിഭവങ്ങളും മുറുമുറുപ്പുകളുമെല്ലാം അയല്‍പക്ക ബന്ധങ്ങളെ പലപ്പോഴും പൊട്ടിത്തെറിയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ ന്യായം തന്റെ ഭാഗത്താണെങ്കിലും തര്‍ക്കം ഒഴിവാക്കി വിട്ടുവീഴ്ചക്ക് സന്നദ്ധനാവുകയും പരസ്പര ബന്ധം തകരാതെ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക ഭവനം പ്രവാചകന്‍ ഗ്യാരണ്ടി നല്‍കുന്നത് കണക്കിലെടുക്കാന്‍ കഴിയാത്തത് നമ്മെ ബാധിച്ച ഭൗതിക പ്രമത്തതയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്.

അയല്‍വാസിക്ക് ഉപകാരം ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്. അയല്‍ക്കാരന് അവശ്യവസ്തുക്കള്‍ വായ്പ നല്‍കാതിരിക്കുകയും നിത്യോപയോഗ സാധനങ്ങള്‍ നല്‍കി സഹായിക്കാന്‍ വിസമ്മതിക്കുകയും വഴിയും വെള്ളവും വിലക്കുന്നവരും സ്വന്തം പറമ്പിലൂടെ അയല്‍ക്കാരന്റെ വീട്ടിലേക്ക് വെള്ളത്തിന്റെ പൈപ്പോ കരന്റിന്റെ കമ്പിയോ കടന്നുപോകുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നവര്‍ ഈമാനുണ്ടെന്ന് അവകാശപ്പെടുന്നത് മൗഢ്യമത്രെ.

ഇസ്‌ലാമിക ദൃഷ്ട്യാ ന്യായീകരണം അര്‍ഹിക്കാത്തതും ഉപദ്രവകരവുമായ യാതൊരു നിലപാടും സമീപനവും അയല്‍വാസിക്ക് നേരെ സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ആവശ്യഘട്ടത്തില്‍ സഹായിക്കുക, കടം നല്‍കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, അയല്‍വീട്ടില്‍ സന്തോഷകരമായത് വല്ലതും സംഭവിക്കുമ്പോള്‍ അവരെ അഭിനന്ദിക്കുക, അവര്‍ ദുഃഖവും ദുരിതവുമനുഭവിക്കുമ്പോള്‍ ആശ്വസിപ്പിക്കുക, അയല്‍ വീട്ടിലേക്കുള്ള വായു സഞ്ചാരം തടസ്സപ്പെടുംവിധം കെട്ടിടം ഉയര്‍ത്തേണ്ടി വന്നാല്‍ അവരുടെ അനുമതി തേടുക, വീട്ടില്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ മണം മാത്രം അയല്‍വാസിക്ക് നല്‍കി അവരെ ദ്രോഹിക്കാതിരിക്കുക, പഴമോ പലഹാരങ്ങളോ വാങ്ങിക്കൊണ്ടുവരുമ്പോള്‍ അയല്‍വാസിക്കും ഒരു വിഹിതം നല്‍കുക, അതിന് തികയാത്ത സന്ദര്‍ഭത്തില്‍ അത് പരസ്യമാക്കാതിരിക്കുക, സ്വന്തം വീട്ടിലെ കുട്ടികളുടെ സന്തോഷം അയല്‍വീട്ടിലെ കുട്ടികള്‍ക്ക് സങ്കടമാവാതിരിക്കാന്‍ ശ്രദ്ധിക്കുക, നിസ്സാരമെന്ന് തോന്നുന്നതുപോലും അയല്‍വാസിക്കു കൂടി നല്‍കിക്കൊണ്ട് സന്തോഷം പങ്കുവെക്കുക, അയല്‍ക്കാരന്‍ വല്ലതും തന്നാല്‍ അതിനെ നിസ്സാരമായി ഗണിക്കാതെ ആദരവോടെ വീക്ഷിക്കുക തുടങ്ങിയവയെല്ലാം അയല്‍പക്ക ബന്ധങ്ങളുടെ പാവനത്വം കാത്തുസൂക്ഷിക്കാന്‍ പാലിക്കേണ്ട മര്യാദകളില്‍ ചിലതാണ്.

സുഭദ്രമായ കുടുംബവും ആഴവും പരപ്പുമുള്ള അയല്‍പക്ക ബന്ധങ്ങളുമാണ് കെട്ടുറപ്പുള്ള സമൂഹത്തിന്റെ അടിത്തറകള്‍ എന്നതിനാല്‍ അയല്‍പക്ക ബന്ധങ്ങളുടെ ശൈഥില്യം മഹാദുരന്തമാണെന്ന് അനുക്തസിദ്ധമത്രെ.

നിന്റെ വീടിന് ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിക്കല്‍ പോലും അവിടത്തേക്ക് എത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികള്‍ ഒന്നും നശിപ്പിച്ചിട്ടില്ല
ചൊരിഞ്ഞിട്ടില്ല നിന്റെ മേല്‍ ഒരപരാധവും
അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട് കടം
നിന്റെ ഉയര്‍ച്ചയിലും പ്രശസ്തിയിലും
എന്നും എനിക്ക് അഭിമാനമായിരുന്നു
എന്നിട്ടും എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാവാത്ത വിധം
എന്തിനാണ് ഇങ്ങനെയൊരെണ്ണം
നീ കെട്ടി ഉയര്‍ത്തിയത് – (മതില്‍/ പവിത്രന്‍ തീക്കുനി)

Related Articles