Current Date

Search
Close this search box.
Search
Close this search box.

അനുഗ്രഹവര്‍ഷത്തിന്റെ പുണ്യരാവ്

pray4.jpg

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ

ആഇശ(റ)യില്‍ നിന്ന് നിവേദനം. (റമദാനിലെ അവസാനത്തെ) പത്ത് സമാഗതമായാല്‍ പ്രവാചകന്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു. (ബുഖാരി)

دَخَلَ : പ്രവേശിച്ചു, (ആഗതമായി )
عَشْر : പത്ത്
شَدَّ : മുറുക്കിക്കെട്ടി
مِئْزَر : അരയുടുപ്പ്
أَحْيَا : ജീവിപ്പിച്ചു, സജീവമാക്കി
لَيْل : രാത്രി
أَيْقظَ : വിളിച്ചുണര്‍ത്തി
أَهْل : കുടുംബം

വിശിഷ്ടാതിഥി വിടചൊല്ലാറായിരിക്കുന്നു. ഇതുവരെ നേടിയതിനേക്കാള്‍ വിലയേറിയ സമ്മാനപ്പൊതികള്‍ കാത്തിരിക്കുന്നു; നിശ്ചയദാര്‍ഢ്യത്തിന്റെ തേരിലേറി ഇബാദത്തുകളില്‍ മത്സരിച്ച് മുന്നേറുന്നവരെ. അതിനാല്‍ അലസത വെടിയുന്നതാണ് ബുദ്ധി; അത് തേനിനേക്കാള്‍ മധുരതരമാണെങ്കിലും. കാരണം അതിന്റെ അന്ത്യം കയ്പായിരിക്കും. അലസതയുടെ ആസ്വാദനത്തിന് അല്‍പായുസ് മാത്രമേയുണ്ടാവൂ. എന്നാല്‍ അനശ്വര സന്തോഷമാണ് ഇബാദത്തിന്റെ ക്ഷീണത്തെ അകമ്പടി സേവിക്കുന്നത്.

റമദാനിന്റെ ഡയറിക്കുറിപ്പില്‍ ശ്രദ്ധേയമായ പരാമര്‍ശം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവാചകന്റെ മാതൃക തന്നെ ധാരാളം. റമദാനിലെ അവസാന പത്ത് ദിനരാത്രങ്ങള്‍ എത്രമാത്രം പ്രാധാന്യപൂര്‍വം പരിഗണിക്കണമെന്ന് അവിടുന്ന് പ്രവൃത്തിയിലൂടെ വ്യക്തമാക്കി. അതില്‍ ഇബാത്തുകള്‍ക്കായി കച്ചകെട്ടിയിറങ്ങിയ പ്രവാചകന്‍, കുടുംബത്തെയും അതില്‍ പങ്കാളികളാക്കിയിരുന്നുവെന്ന് ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നു. നബി(സ)യില്‍ നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ കുടുംബത്തെയും പഠിപ്പിക്കുകയും അവരെയും സ്വര്‍ഗാവകാശികളാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക സഹാബികളുടെയും ശീലമായിരുന്നു. ഇഅ്തികാഫ്, നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന, ദിക്‌റുകള്‍, ദാനധര്‍മം തുടങ്ങിയവയിലൂടെ ആ ദിനരാത്രങ്ങള്‍ സജീവമാക്കിയാല്‍ ലഭിക്കാനിരിക്കുന്ന പ്രതിഫലം അനിര്‍വചനീയമത്രെ.

ലൈലതുല്‍ ഖദ്‌റാണ് അവസാനപത്തിന്റെ ശ്രേഷ്ഠതകളില്‍ മുഖ്യമായത്. നിര്‍ണയം, മഹത്വം എന്നീ അര്‍ഥങ്ങളുള്ള പദമാണ് ഖദ്ര്‍. അതിനാല്‍ നിര്‍ണയത്തിന്റെ രാവ്, മഹത്വത്തിന്റെ രാവ് എന്നിങ്ങനെ ലൈലതുല്‍ ഖദ്ര്‍ വ്യാഖ്യാനിക്കപ്പെടുന്നു. സകലകാര്യങ്ങളും അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷം നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിയുക്ത മലക്കുകള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് ആജ്ഞ നല്‍കുകയും ചെയ്യുന്ന സന്ദര്‍ഭമായതുകൊണ്ടാണ് നിര്‍ണയത്തിന്റെ രാവ് എന്ന് വിളിക്കപ്പെടുന്നത്. (ശറഹുമുസ്‌ലിം).

മഹത്വത്തിന്റെ രാവ് എന്ന വ്യാഖ്യാനത്തിന്റെ ഔചിത്യം സുപരിചിതമാണല്ലോ. ഖുര്‍ആന്റെ അവതരമാണ് ആ മഹത്വത്തിന് ആധാരം. അതിനാല്‍ അന്ന് ആരാധനകള്‍ക്ക് വലിയ സ്ഥാനവും കൂടുതല്‍ പ്രതിഫലവും ലഭിക്കുന്നു. ഖുര്‍ആനിന്റെ ആളുകളാകാന്‍ പ്രയത്‌നിക്കുന്നവരെ നേരില്‍കാണാന്‍ ജീബ്‌രീലിന്റെ നേതൃത്വത്തില്‍ മാലാഖമാരുടെ ദൗത്യസംഘം ഭൂമിയില്‍ സന്ദര്‍ശനം നടത്തുന്ന ആ ദിനം മനുഷ്യജീവിതത്തിലെ ആയിരക്കണക്കിന് മാസങ്ങളേക്കാള്‍ മഹനീയമാണെന്ന് ഖുര്‍ആന്‍. അന്ന് ആ മാലാഖമാരുടെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനേക്കാള്‍ വലിയ സൗഭാഗ്യം വേറെയുണ്ടോ?

സയ്യിദ് ഖുതുബ് എഴുതുന്നു: ഇന്ന്, നിരവധി തലമുറകള്‍ക്കിപ്പുറത്തുനിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോഴും ആ രാവില്‍ ഭൂതലം സാക്ഷ്യം വഹിച്ച വിശ്വാത്സവത്തിന്റെ വര്‍ണരാജികള്‍ നമുക്കു ഭാവനയില്‍ കാണാന്‍ കഴിയും. അന്നു നടന്ന സംഭവത്തിന്റെ യാഥാര്‍ഥ്യം നിരീക്ഷിക്കാനാവും. കാലത്തിലും ചരിത്രത്തിലും…. മനസ്സിലും ധിഷണയിലും അതു ചെലുത്തിയ അഗാധമായ സ്വാധീനങ്ങളെ ഇഴപിരിച്ചെടുക്കാനാവും. ശരിക്കും ഗംഭീരമായ ഒരു കാര്യമാണ് നാം കാണുന്നത്. ‘നിര്‍ണയത്തിന്റെ രാവിനെ കുറിച്ച് നീയെന്തറിഞ്ഞു?’ എന്ന ഖുര്‍ആന്റെ ചോദ്യത്തില്‍ നിന്ന് ഈ ഗാംഭീര്യത്തിന്റെ ഒരംശമെങ്കിലും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

തീരുമാനിക്കപ്പെടേണ്ട കാര്യങ്ങളെല്ലാം ആ രാവില്‍ തീരുമാനിക്കപ്പെട്ടു. മൂല്യങ്ങളും അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും സ്ഥാപിക്കപ്പെട്ടു. ഹൃദയങ്ങളുടെയും ആശയങ്ങളുടെയും വ്യവസ്ഥിതികളുടെയും ഭാവി തീരുമാനിക്കപ്പെട്ടു…. എന്നാല്‍ മനുഷ്യര്‍, അവരുടെ അജ്ഞതയും ദൗര്‍ഭാഗ്യവും മൂലം, ഈ നിര്‍ണയരാവിന്റെ മൂല്യത്തെ കുറിച്ച് ബോധവാന്‍മാരല്ല. ഈ സംഭവത്തിന്റെ അന്തസത്തയും അതിന്റെ പ്രാധാന്യവും അവര്‍ തിരിച്ചറിയുന്നില്ല. ഈ അശ്രദ്ധിയും അറിവില്ലായ്മയും മൂലം ഏറ്റവും സുന്ദരവും സൗഭാഗ്യപൂര്‍ണവുമായ ഒരു ദൈവാനുഗ്രഹം നഷ്ടപ്പെടുത്തിയിരിക്കയാണവര്‍. അങ്ങനെ യഥാര്‍ഥമായ സൗഭാഗ്യവും സമാധാനവും മാനുഷ്യകത്തിനു നഷ്ടമായിരിക്കുന്നു. മനസ്സിന്റെ സമാധാനം, വീടിന്റെ സമാധാനം, സമൂഹത്തിന്റെ സമാധാനം…. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു (ഫീ ളിലാലില്‍ ഖുര്‍ആന്‍).

ലൈലതുല്‍ ഖദ്ര്‍ എന്നാണെന്ന് കൃത്യമായി പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ല. എന്നാല്‍ മിക്കഹദീസുകളും റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയൊറ്റ രാവുകളിലാണ് അതെന്ന കാര്യത്തില്‍ ഏകോപിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: റമദാനിന്റെ അവസാന ദിനങ്ങളിലെ രാവുകളില്‍ നിങ്ങളതിനെ പ്രതീക്ഷിച്ചുകൊള്ളുക (ബുഖാരി).

അതേസമയം, 27 ാം രാവിലാണ് അതെന്ന് ചിലര്‍ ഉറപ്പിച്ച് വെച്ചിരിക്കുന്നു. അതിനാല്‍ അതിന്റെ മുമ്പുള്ള പകലില്‍ ദാനധര്‍മങ്ങളിലും ആ രാവില്‍ പ്രത്യേക പ്രാര്‍ഥനകളിലും ജനങ്ങള്‍ മുഴുകുന്നത് നാം കാണുന്നു. എന്നാല്‍ ഇമാം നവവി പറയുന്നു: 27 ാം രാവ് എന്നത് ഒരു അഭിപ്രായമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അവസാനത്തെ പത്തിലെ ഒരു അവ്യക്ത രാത്രിയാണ് അതെന്നും അവയില്‍ ഏറ്റവും പ്രതീക്ഷാര്‍ഹമായത് ഒറ്റ രാത്രികളാണെന്നും അവയില്‍ തന്നെ കൂടുതല്‍ പ്രതീക്ഷാ യോഗ്യമായത് 21, 23, 27 എന്നീ രാത്രികളാണെന്നും അഭിപ്രായപ്പെടുന്നു. (ശറഹു മുസ്‌ലിം).

സൂറതുല്‍ ഖദ്‌റിലെ പദങ്ങളുടെയോ ലൈലതുല്‍ ഖദ്ര്‍ എന്ന വാക്കിലെ അക്ഷരങ്ങളുടെയോ എണ്ണത്തെ അടിസ്ഥാനമാക്കി അത് 27 ാം രാവിലാണ് ചിലര്‍ വാദിക്കുന്നു. യഥാര്‍ഥത്തില്‍ ഇതെല്ലാം ചില നിഗമനങ്ങള്‍ മാത്രമാണ്. അനവധി അഭിപ്രായങ്ങള്‍ ഇവ്വിഷയകമായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങളുമുണ്ട് (ഫത്ഹുല്‍ബാരി നോക്കുക). അവയുടെയെല്ലാം രത്‌നച്ചുരുക്കം ഇതാണ്: റമദാനിലുടനീളം ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കണം. അവസാനത്തെ പത്തില്‍ വിശേഷിച്ചും; അതിലെ തന്നെ ഒറ്റയൊറ്റ രാവുകളില്‍ ധാരാളമായും.

Related Articles