Current Date

Search
Close this search box.
Search
Close this search box.

അങ്ങാടി പിശാചിന്റെ സങ്കേതം

street.jpg

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «أَحَبُّ الْبِلَادِ إِلَى اللهِ مَسَاجِدُهَا، وَأَبْغَضُ الْبِلَادِ إِلَى اللهِ أَسْوَاقُهَا

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവദനം. നബി(സ) പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം)

ഏറ്റവും ഇഷ്ടപ്പെട്ടത്: أَحَبُّ
സ്ഥലം, നാട്: بَلَد (ج) بِلَاد
പള്ളി: مَسْجِد (ج) مَسَاجِد
ഏറ്റവും വെറുപ്പുള്ളത് : أَبْغَض
അങ്ങാടി: سُوقٌ (ج) أّسْوَاق

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം عَنْ أَبِي هُرَيْرَةَ
നബി(സ) പറഞ്ഞു أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ
നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അവിടുത്തെ പള്ളികളാണ് أَحَبُّ الْبِلَادِ إِلَى اللهِ مَسَاجِدُهَا
നാടുകളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലം അവിടുത്തെ അങ്ങാടികളാണ് وَأَبْغَضُ الْبِلَادِ إِلَى اللهِ أَسْوَاقُهَا

ആത്മീയോല്‍കര്‍ഷത്തിന്റെ വേദിയായത് കൊണ്ട് പള്ളികളേക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ട സ്ഥലം ഭൂമിയിലില്ല. നമസ്‌കാരവും പ്രാര്‍ഥനയും ഖുര്‍ആന്‍ പഠനവും ഇസ്‌ലാമിനെ കുറിച്ച ചര്‍ച്ചകളും കൊണ്ട് അനുഗ്രഹീതമായ  പള്ളിയില്‍ അല്പ സമയം ചെലവഴിക്കുക പലര്‍ക്കും അസഹ്യമാണ്. പള്ളിയില്‍ അധിക സമയം ഇരിക്കുന്നത് നല്ലതല്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പലരുടെയും പെരുമാറ്റം. വെള്ളിയാഴ്ച ഖുതുബ കഴിയും വരെ അങ്ങാടിയിലിരുന്ന് നമസ്‌കാര സമയത്ത് മാത്രം പള്ളിയിലേക്ക് കയറി വരികയും നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ ഇറങ്ങിപ്പോവുകയും ചെയ്യുന്നവര്‍ നമുക്കിടയില്‍ സര്‍വസാധാരണമാണല്ലോ.

മഗ്‌രിബ് ബാങ്ക് കേട്ടാലും പീടികത്തിണ്ണയിലും വെയ്റ്റിംഗ് ഷെഡിലും അനങ്ങാതെ ഇരിക്കുന്ന ചെറുപ്പക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ന് ഒരു ദുരന്ത കാഴ്ചയാണ്. വൈകുന്നേരത്തോടെ വീട് വിട്ട് അങ്ങാടിയിലേക്കിറങ്ങുന്നവര്‍ ഇന്ന് നമുക്കിടയില്‍ ഒട്ടും കുറവല്ല. പാതിരാവു വരെ അനാവശ്യമായി അങ്ങാടികളില്‍ ചെലവഴിക്കുന്നവര്‍ അല്ലാഹുവിന്റെ വെറുപ്പിനെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത് എന്ന് ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നു.
കള്ളവും ചതിയും വഞ്ചനയും കള്ളസത്യവും മ്ലേഛ പ്രവൃത്തികളും സംസാരങ്ങളും വഴക്കും അടിപിടിയുമെല്ലാം അരങ്ങേറുന്ന ഇടമാണ് അങ്ങാടി. അവിടെ തമ്പടിച്ച് വെറുതെ സമയം കളയുന്നവരും നിരവധി. രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരുടെ സങ്കേതമാണല്ലോ അങ്ങാടികള്‍. അവിടെയാണ് പ്രവാചകന്റെ മുന്നറിയിപ്പ് അവഗണിച്ച് മുസ്‌ലിം ചെറുപ്പക്കാര്‍ സമയം ചെലവഴിക്കുന്നത്.

പല ആവശ്യങ്ങള്‍ക്കും നമുക്ക് അങ്ങാടികളില്‍ പോകേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം ജാഗ്രത പാലിക്കണമെന്നും പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു:

لَا تَكُونَنَّ إِنِ اسْتَطَعْتَ، أَوَّلَ مَنْ يَدْخُلُ السُّوقَ وَلَا آخِرَ مَنْ يَخْرُجُ مِنْهَا، فَإِنَّهَا مَعْرَكَةُ الشَّيْطَانِ، وَبِهَا يَنْصِبُ رَايَتَهُ

കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.  നിശ്ചയം അത് പിശാചിന്റെ സങ്കേതമാണ്. അവിടെയാണ് അവന്‍ പതാക നാട്ടുന്നത്. (മുസ്‌ലിം)

عَنْ سَلْمَانَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَكُنْ أَوَّلَ مَنْ يَدْخُلُ السُّوقَ، وَلَا آخِرَ مَنْ يَخْرُجُ مِنْهَا، فَفِيهَا بَاضَ الشَّيْطَانُ وفَرَّخَ

അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്, നിശ്ചയം അവിടെ പിശാച് മുട്ടയിടുകയും കുഞ്ഞുങ്ങള്‍ വിരിയുകയും ചെയ്യുന്നു. (ത്വബ്‌റാനി, ബൈഹഖി)

(ഇബ്‌ലീസിന് സന്താനങ്ങളുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അത് പ്രസവത്തിലൂടെയാണോ മുട്ടയിട്ട് വിരിയിക്കുന്നതാണോ എന്നത് വ്യക്തമല്ല) പിശാചിന്റെ വിരഹകേന്ദ്രമാണ് അങ്ങാടിയെന്നും പല അനാശാസ്യതകളും അരങ്ങേറുന്ന സ്ഥലമായതിനാല്‍ അവിടെ പോവേണ്ടിവരുമ്പോള്‍ പ്രത്യേകം ജാഗ്രത കാണിക്കണമെന്നും വശ്യം നിര്‍വഹിച്ച് എത്രയും പെട്ടെന്ന് അങ്ങാടിയില്‍ നിന്ന് പുറത്തുകടക്കണമെന്നാണ് സത്യവിശ്വസിയോട് ഇസ്‌ലാം ആവശ്യപ്പെടുന്നത് എന്നാണ് ഈ വചനത്തിന്റെ താല്‍പര്യം. അതേസമയം അങ്ങാടിയിലെ കച്ചവടക്കാരുടെ സംസ്‌കരണം വിശ്വാസിയുടെ അജണ്ടയുമാവണം. അല്ലാഹുവിന്റെ കാവല്‍ തേടിക്കൊണ്ട് വേണം അത് നിര്‍വഹിക്കാന്‍.

അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരും പിശാച് തങ്ങളില്‍ സ്വാധീനം നേടാതിരിക്കാന്‍ സദാ സൂക്ഷ്മത പുലര്‍ത്തണം. സാധനങ്ങള്‍ വിറ്റഴിയാന്‍ വേണ്ടി ഇല്ലാത്ത മേന്‍മകള്‍ ഉണ്ടെന്ന് പറയുക, കേടുവന്ന സാധനങ്ങള്‍ നല്‍കി പറ്റിക്കുക, സാധനങ്ങള്‍ പൂഴ്ത്തി വെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുക മുതലായവയെല്ലാം പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. ആളുകളെ വഴികേടിലാക്കാന്‍ പിശാച് തെരഞ്ഞെടുത്ത സ്ഥലമായതിനാല്‍, അത് അല്ലാഹു വെറുക്കുന്നകയും അല്ലാഹുവിന്റെ കോപം വര്‍ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥലമാണ്. അത്തരം സ്ഥലങ്ങളില്‍ നിന്ന് ദ്രുതഗതിയില്‍ പുറത്തുകടക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി.  അതിനാല്‍ അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ നിര്‍വഹിക്കേണ്ട പ്രത്യേക പ്രാര്‍ഥനയും പ്രവാചകന്‍ പഠിപ്പിക്കുന്നു.

عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ” مَنْ دَخَلَ السُّوقَ، فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، كَتَبَ اللَّهُ لَهُ أَلْفَ أَلْفَ حَسَنَةٍ، وَمَحَا عَنْهُ أَلْفَ أَلْفَ سَيِّئَةٍ، وَرَفَعَ لَهُ أَلْفَ أَلْفَ دَرَجَةٍ، وَبَنَى لَهُ بَيْتًا فِي الْجَنَّةِ

ഉമറില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ആരെങ്കിലും അങ്ങാടിയില്‍  പ്രവേശിച്ചാല്‍ അല്ലാഹല്ലാതെ ഇലാഹില്ല, അവന്‍ ഏകനാണ്, അവന് പങ്കുകാരനില്ല, അവന്നാണ് സര്‍വാധിപത്യം, സര്‍വസ്തുതിയും അവന് തന്നെ. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എന്നെന്നും ജീവിക്കുന്നതും മരണമില്ലാത്തവനുമാണ്. അവന്റെ ഹസ്തത്തിലാകുന്നു സകല നന്മയും. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു എന്ന് പറഞ്ഞാല്‍ അവന് പത്ത് ലക്ഷം നന്മകള്‍ അല്ലാഹു രേഖപ്പെടുത്തുകയും അവന്റെ പത്ത് ലക്ഷം തിന്മകള്‍ അല്ലാഹു മായ്ചുകളയുകയും അവന് പത്ത് ലക്ഷം പദവി ഉയര്‍ത്തുകയും ചെയ്യും. സ്വര്‍ഗത്തില്‍ ഒരു പ്രത്യേക ഭവനം അല്ലാഹു പണിയുകയും ചെയ്യും (ഹാകിം, തിര്‍മിദി).

Related Articles