ചോദ്യം: താങ്കള്‍ പ്രവാചക സുന്നത്തുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ടല്ലോ. എന്തായിരുന്നു താങ്കളുടെ പ്രചോദനം?
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ഒരു ഗ്രന്ഥം എഡിറ്റ് ചെയ്യുന്നത്. അഹ്മദ് ബിന്‍ സഈദ് അല്‍ മര്‍വസിയുടെ മുസ്‌നദ് അബീ ബക്ര്‍ ആയിരുന്നു അത്. പിന്നീട് ധാരാളമായി ഈ ഉദ്യമം തുടര്‍ന്നു വന്നു. അന്ന് മുതലെ സ്വഹീഹും ഹസനുമായ ഹദീസുകളെ ക്കുറിച്ച് വിവരിക്കുന്ന ഒരു ഹദീസ് സൂചിക തയ്യാറാക്കാന്‍ ഞാന്‍ ചിന്തിച്ച് കൊണ്ടേയിരിക്കുകയാണ്. പക്ഷേ, അതിനാവശ്യമായ (15 മില്യണ്‍ ഡോളര്‍) ഭീമമായ ചിലവ് വഹിക്കാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണ് നമ്മുടെ കഴിവനുസരിച്ച് മുഅസ്സസത്തു രിസാല രൂപീകരിച്ചത്. ഈ അമ്പത് വര്‍ഷത്തിനിടില്‍ ആഗ്രഹിച്ചതും ഉദ്ദേശിച്ചതുമായ ഏകദേശം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. 180ലധികം വാള്യങ്ങള്‍ ഇപ്പോള്‍ സാക്ഷാത്കരിച്ചു. കുറച്ച് ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരണത്തോടടുത്തു. മുസ്‌നദ് ഇമാം അഹ്മദ് 52 ഭാഗം, സ്വഹീഹ് ഇബ്‌നി ഹിബ്ബാന്‍ 18 ഭാഗം ഇമാം ബഗവിയുടെ ശറഹുസ്സുന്നഃ 16 ഭാഗം, സാദുല്‍ മആദ് 5 ഭാഗം ഇവയെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണ്. അവയുടെ കയ്യെഴുത്തു പ്രതികള്‍ പരിശോധിച്ചാണ് ഞാന്‍ ഈ ഉദ്യമം നിര്‍വഹിച്ചത്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താല്‍ മറ്റുള്ള പൂര്‍വ്വ പണ്ഡിതര്‍ക്ക് ലഭിക്കാത്ത കോപ്പികള്‍ എനിക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ സുനനു അബീ ദാവൂദ്, സുനന്‍ തിര്‍മിദി, സുനന്‍ ഇബ്‌നു മാജഃ തുടങ്ങിയവയും ഞാന്‍ പരിശോധിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസിദ്ധീകരിക്കപ്പെടാത്ത സുനന്‍ നസാഈ അല്‍ കുബ്‌റായും ഞാന്‍ സൂക്ഷ്മ പരിശോധന നടത്തി. ഇവയെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമായത് കൊണ്ട് സാധ്യമായതാണ്. അവനത് സല്‍ക്കര്‍മ്മമായി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
? പ്രഗല്‍ഭരായ പണ്ഡിതരുള്‍പെടുന്ന ഒരു സംഘത്തിനാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്നത്. ഈ ബൃഹത്തായ പദ്ധതി സുഖകരമായി പൂര്‍ത്തീകരിക്കാന്‍ താങ്കളെ സഹായിച്ചത് അവരുടെ സാന്നിദ്ധ്യവും സഹകരണവുമാണല്ലോ. ഈയൊരു സംഘത്തെ സംബന്ധിച്ച താങ്കളുടെ അഭിപ്രായമെന്താണ്?
ഞാന്‍ വ്യക്തിപരമായാണ് പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍ ഈ പദ്ദതിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരെ കൂടി പങ്ക് ചേര്‍്ക്കുകയാണ് നല്ലതെന്ന് ബോധ്യപ്പെട്ടു. എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ പണ്ഡിതരൊന്നുമല്ല. അവര്‍ സര്‍വ്വകലാ ശാലാ പഠനം പൂര്‍ത്തിയാക്കിയവരാണ്. ഞാനവര്‍ക്ക് പരിശീലനവും അധ്യാപനവും നല്‍കി. എന്റെ കൂടെ വര്‍ഷങ്ങളോളം സേവനമനുഷ്ഠിക്കുകയും അത് മുഖേന നല്ല പ്രാഗല്‍ഭ്യം നേടുകയും ചെയതവര്‍ അവര്‍ക്കിടയിലുണ്ട്. ഇവരുടെ അസാന്നിദ്ധ്യത്തില്‍ നേരത്തെ സൂചിപ്പിച്ച മഹത്തായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. മറിച്ച് ദീനും വിജ്ഞാനവുമുള്ള സല്‍സ്വഭാവികളെക്കൊണ്ട് അല്ലാഹു എന്നെ സഹായിച്ചു. എന്നാല്‍ ഹദീസ് വിജ്ഞാന ശാസ്ത്രം അതിന്റെ പരിശോധന തുടങ്ങിയവയെല്ലാം പണ്ട് മുതലേ ഞാന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. ഞാന്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അവര്‍ നിര്‍വ്വഹിക്കുന്നു. ഈ കാലയളവിലെ പരിശീലനം കൊണ്ട് അവരില്‍ ചിലര്‍ ഹദീസ് ശാസ്ത്രത്തില്‍ സ്വതന്ത്ര രചന നിര്‍വഹിക്കുവാന്‍ കഴിയുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
? ഹദീസ് നിദാന ശാസ്ത്രത്തെ സേവിക്കുന്നതില്‍ താങ്കള്‍ക്ക് അനുഭപ്പെട്ട പ്രതിബന്ധങ്ങള്‍ എന്തെല്ലാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം പ്രസ്താവ്യമായ പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വഴി പൂര്‍ണമായും എനിക്ക് അനുകൂലമായിരുന്നു. അല്ലാഹു വല്ലതും ഉദ്ദേശിച്ചാല്‍ അതിനുള്ള കാരണങ്ങളും അവന്‍ തന്നെ ഒരുക്കിത്തരുമല്ലോ. കയ്യെഴുത്ത് പ്രതികള്‍ കണ്ടെടുക്കാനും അവ പഠിക്കാനും ക്രമീകരിക്കാനും പൗരാണികര്‍ എഴുതിയ രചനകള്‍ വായിച്ചെടുക്കാനും കുറച്ച് പ്രയാസങ്ങള്‍ സഹിക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ചും പകര്‍പ്പെഴുത്തുകളും പേര്‍ഷ്യന്‍ രചനകളും. അവയെല്ലാം അല്ലാഹുവിന്റെ സഹായത്തോടെ അതിജയിച്ചു. മുശ്കിലുല്‍ ആസാര്‍ എന്ന ഗ്രന്ഥം പരിശോധിക്കുന്നതിനിടയില്‍ അതിലെ അവസാന ഭാഗം എനിക്ക് ലഭിച്ചില്ല. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ അതിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. അത് ഇബ്‌നു റുശ്ദിന്റെ സംഗ്രമാണെന്നും പറയപ്പെട്ടു. ഏതായാലും ഒരു സഹോദരന്‍ മുഖേന ബന്ധപ്പെടുകയും അത് എനിക്ക ലഭിക്കുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ ഞാനന്യേഷിക്കുന്ന ബാക്കി ഭാഗം അതിലുണ്ടായിരുന്നു.
? അവസാന മൂന്ന് ദശകങ്ങളില്‍ വൈജ്ഞാനിക ലോകം സ്തുത്യര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇസ്‌ലാമിക പൈതൃകത്തിലെ ധാരാളം കൃതികള്‍ പുനഃ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഈ പരിശ്രമങ്ങളില്‍ ചില പോരായ്മകളും സംഭവിച്ചതായി കാണാവുന്നതാണ്. ഈ മേഖലയില്‍ നിപുണരല്ലാത്ത ചിലരുടെ ഇടപെടല്‍മൂലമാണ് ഇത് സംഭവിച്ചത്. ഇവയെക്കുറിച്ച് താങ്കള്‍ക്ക് എന്തു പറയാനുണ്ട് .
ഗവേഷണത്തിനും പഠനത്തിനും യോഗ്യതയില്ലാത്തവര്‍ അത്തരം ഏര്‍പ്പാടുകള്‍ നടത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാറ്റിനുമുപരിയായി അല്ലാഹുവിനെ ഭയപ്പെടേണ്ടിയിരിക്കുന്നു. പിന്നിടാണ് തങ്ങളുടെ വിജ്ഞാനത്തിനനുസരിച്ചുള്ള ഇടപെടലുകള്‍ നടത്തേണ്ടത്. സാധാരണയായി പറയപ്പെടാറുണ്ട്. തന്റെ പരിമിതി തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ അല്ലാഹു കരുണ ചെയ്തിരിക്കുന്നു. തനിക്ക് പരിചിതമല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുസ്‌ലിം ഉമ്മത്ത് കാലാകാലമായി സംരക്ഷിച്ച് പോരുന്ന പൈതൃകത്തോട് ചെയ്യുന്ന അക്രമമാണ്.
ചില തുടക്കക്കാര്‍ പോലും തങ്ങള്‍ പ്രഗല്‍ഭരാണെന്ന് ധരിക്കുന്നു. അവരുടെ വൈജ്ഞാനിക യോഗ്യതയാവട്ടെ തീര്‍ത്തും പിന്നാക്കവുമാണ്. ഒരു വിദ്യാര്‍ത്ഥി നിപുണനായ ഉസ്താദിന്റെ കൂടെ ജീവിക്കുകയും തനിക്കാവശ്യമായ പരിശീലനം നേടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ഞാന്‍ ഈ മേഖലയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കും എന്ന് ബോധ്യപ്പെടതോടെയാണ് പ്രസിദ്ധീകരണമാരംഭിച്ചത്.
?പ്രാഥമിക വിവരം പോലുമില്ലാത്ത ചില വിദ്യാര്‍ത്ഥികള്‍ ഹദീസുകളെ ദുര്‍ബലവും സഹീഹുമാക്കി മാറ്റാനും പൂര്‍വ്വകാല പണ്ഡിതരെ നിരൂപിക്കാനും തയ്യാറാവുന്നതിനെ സംബന്ധിച്ച് താങ്കള്‍ എന്ത് പറയുന്നു.
അത്തരം ആളുകള്‍ വരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും. അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ആളല്ല. ഇത് സൂക്ഷ്മ പരിശോധനയാണ്. അറബി ഭാഷ, ഹദീസ്, ഫിഖ്ഹ്, താരീഖ് തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം ഇതിനാവശ്യമാണ്. കാരണം ഒരിക്കല്‍ രചിക്കപ്പെട്ട ഗ്രന്ഥമാണ് പുനര്‍വായന നടത്തുന്നത്. അതിനര്‍ത്ഥം അവിടെ നിരൂപണമാണ് നടത്തപ്പെടുന്നത് എന്നാണ്. അത് കൊണ്ട് തന്നെ പ്രസ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവന്റെ വൈജ്ഞാനിക നിലവാരം ഗ്രന്ഥകാരന്റെതിനേക്കാള്‍ ഉയര്‍ന്നതായിരിക്കണം. അത് കൊണ്ട് തന്നെ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നിര്‍വ്വഹിക്കാറില്ല.
? ഹദീസ് ശാസ്ത്രത്തിന് നേരെ ഓറിയന്റലിസ്റ്റുകള്‍ നെയ്ത ചില ആരോപണങ്ങള്‍ സമകാലീനര്‍ ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണുന്നു. ്പ്രത്യേകിച്ചും ഹദീസ് ക്രോഡീകരണത്തിന്റെ കാര്യത്തില്‍. എന്താണ് താങ്കളുടെ അഭിപ്രായം
അക്കൂട്ടര്‍ തെറ്റായ ചിന്താഗതിക്കാരാണ്. നീതിയുടെയും ബുദ്ധിയുടെയും കണ്ണുകള്‍ കൊണ്ട് ഹദീസ് ശാസ്ത്രത്തെ ദര്‍ശിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പൂര്‍വ്വ പണ്ഡിതര്‍ സ്വീകരിച്ച വഴികള്‍ അവര്‍ സ്വീകരിക്കുന്നുമില്ല. അത് കൊണ്ട് അവര്‍ക്ക് ഗവേഷണത്തിന് പ്രത്യേക രീതിയോ ക്രമമോ ഇല്ല. നമുക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിച്ചത് പോലെത്തന്നെ തിരു സുന്നത്തും സംരക്ഷിച്ചിട്ടുണ്ട്. ഹദീസ് ക്രോഡീകരണത്തിനെയും അതിന്റെ രീതിയെയും കുറിച്ച ആക്ഷേപം മുസ്‌ലിങ്ങളില്‍ നിന്നല്ല മറിച്ച് ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ ആവിഷ്‌കരിച്ചതാണ്. അവര്‍ക്കാകട്ടെ ഈ ഉമ്മത്തിലെ പണ്ഡിതര്‍ കൃത്യമായി മറുപടിയും നല്‍കിയിട്ടുണ്ട്.
ഹദീസ് ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അതിലെ ശരി ബോധ്യപ്പെടുമെന്നതില്‍ സംശയമില്ല. കാരണം സനദും മത്‌നും പഠിക്കുന്നവര്‍ക്കു തന്നെ ഈ ലളിതസത്യം ബോധ്യപ്പെടും . ഇതാണ് നാം പ്രസിദ്ധീകരിച്ച എല്ലാ ഗ്രന്ഥങ്ങളിലും നാം ചെയ്തത്. അതിനാല്‍ നമുക്ക് മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. ഇതു വരെ ഒരു ഓറിയന്റലിസ്‌റ്റോ, ആത്മാര്‍ത്ഥതയുള്ള മുസ്‌ലിമോ എനിക്ക് മറുപടി പറഞ്ഞതായി അറിവില്ല. പ്രവാചക സുന്നത്തിനെ ആക്ഷേപിക്കുന്നവര്‍ അവയെ പൂര്‍ണമായും നിരൂപിക്കുന്നില്ല. മറിച്ച് അവയില്‍ ചിലതാണ് അവര്‍ ഉദ്ദേശിക്കുന്നത്.
? ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്തവര്‍ കര്‍മ്മശാസ്ത്ര മേഖലയില്‍ ഇടപെടുകയും ഫത്‌വകള്‍ നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്ത് പറയുന്നു.
ഇത്തരം കാര്യങ്ങള്‍ വിവരമില്ലാത്തവര്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തമല്ല. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരാള്‍ക്ക് ദുര്‍ബലമായ ഹദീസിന് മേല്‍ വിധികള്‍ രൂപപ്പെടുത്താവതല്ല എന്ന് ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. എല്ലാ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഹലാലുകളും ഹറാമുകളും തീരുമാനിക്കുന്നതിന് ദുര്‍ബലമോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകള്‍ ഉപയോഗപ്പെടുത്താവതല്ല. അപ്രകാരം ചെയ്യുന്നവര്‍ അവരുടെ ഗവേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് സാരം.
് പ്രമാണത്തിന്റെ ആധികാരികത ബോധ്യപ്പെടാതെ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുകയെന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല എന്ന് നാം പറയുന്നത് അതുകൊണ്ടാണ.് കാരണം ഇത് ദൈവികമായി ഉത്തരവാദിത്തമാണ്.
? നിലവില്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്? ഞങ്ങള്‍ക്കവ വായനക്കാരെ അറിയിക്കാമല്ലോ.
ഇബ്‌നു ഹജറിന്റെ ഫത്ഹുല്‍ ബാരിയാണ് ഇപ്പോള്‍ പണിപ്പുരയിലുള്ളത്. സനദുമായി ബന്ധപ്പെട്ട അതിന്റെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ ലഭ്യമായിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജര്‍ തന്റെ ഗ്രന്ഥത്തില്‍ തെളിവെടുത്ത ഹദീസുകളെ പരിശോധിക്കുകയാണ് നാം ചെയ്യുന്നത്. അവ ശരിയായവയാണെങ്കില്‍ അവയെ തല്‍സ്ഥാനത്ത് തന്നെ അശേഷിപ്പിക്കുകയും ദുര്‍ബലമായവയുടെ കൂടെ അനുബന്ധം ചേര്‍ക്കുകയും ചെയ്യും.
ചോദ്യം: ഈ പദ്ധതി എപ്പോഴാണ് പൂര്‍ത്തിയാവുക?
ഞങ്ങള്‍ പകുതി ഭാഗത്തോളം ചെയ്തു കഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ (ഇന്‍ ശാ അല്ലാഹ്) അവ മാര്‍ക്കറ്റില്‍ ലഭ്യമാവും. ഈ രചന പ്രസ്തുത മേഖലയിലെ ആദ്യത്തെയും അവസാനത്തെയുമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.
? വിദ്യാര്‍ത്ഥികള്‍ക്ക് എന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?
മുഖല്ലിദുകളായി തുടങ്ങുകയും, തുടരുകയും പിന്നിട് തെളിവുകള്‍ നോക്കി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരായി മാറുകയും ചെയ്യുക. തൊട്ടില്‍ മുതല്‍ ചുടല വരെ വിജ്ഞാനം തേടുന്നവനായിരിക്കും യഥാര്‍ത്ഥ വിദ്യാര്‍ത്ഥി. ഇസ്‌ലാമിലെ വിദ്യാര്‍ത്ഥി തുടക്കത്തില്‍ അനുകരിക്കുന്നവനും പിന്നീട് തെളിവന്വേഷിക്കുന്നവനും ഒടുവില്‍ ഗവേഷണം വരെ നടത്തുന്നവനുമാണ്.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി