Current Date

Search
Close this search box.
Search
Close this search box.

സ്വഭാവ വൈശിഷ്ട്യം: പ്രവാചകത്വത്തിന്റെ മുന്നൊരുക്കം

prophet.jpg

പ്രവാചകന്‍ മുഹമ്മദ്(സ) പ്രവാചകത്വത്തിന് മുമ്പ് തന്നെ സവിശേഷവും മഹനീയവുമായ ജീവിതമാതൃകക്ക് ഉടമയായിരുന്നു. അശ്ലീലതയും ആഭാസവും നിറഞ്ഞ ജീവിത ശൈലി സ്വീകരിച്ചിരുന്ന സമൂഹമായിരുന്നു മക്കയില്‍ അന്നുണ്ടായിരുന്നത്. സാംസ്‌കാരിക ജീര്‍ണതയില്‍ ആപതിച്ച ആ സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. പ്രവാചകന്റെ യൗവനവും യുവത്വവും ചെലവഴിച്ചത് ഈ സമൂഹത്തിലായിരുന്നു. എന്നിട്ടും ഉന്നതമായ ജീവിത ശൈലിയില്‍ നിന്ന് തെന്നിമാറാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. യുവത്വത്തില്‍ ജാഹിലിയ്യത്തിന്റെ നെറികേടില്‍ നിന്നും എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും അല്ലാഹു അവന്റെ പ്രത്യേകമായ സംരക്ഷണം നല്‍കി. എത്രത്തോളമെന്നാല്‍ സമൂഹത്തില്‍ ഉന്നതമായ മൂല്യവും സല്‍സ്വഭാവവും ആദരണീയമായ വ്യക്തിത്വവും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തു. അയല്‍ക്കാരോടുള്ള നല്ല പെരുമാറ്റവും പക്വതയും സത്യസന്ധമായ സംസാരവും ഉത്തരവാദിത്വം പാലിക്കുന്നതിലും മ്ലേഛതയില്‍ നിന്നും ജനങ്ങളെ ബാധിക്കുന്ന മാലിന്യത്തില്‍ നിന്നും വിട്ടു നില്‍കുന്നതിലും അദ്ദേഹം മികച്ചു നിന്നു. അക്കാര്യങ്ങളിലെല്ലാം അദ്ദേഹം സമൂഹത്തില്‍ പേര് കേള്‍ക്കുകയും അല്‍ അമീന്‍(വിശ്വസ്തന്‍) എന്ന വിളിപ്പേരിനര്‍ഹമാവുകയും ചെയ്തു.

പഴുതുകളില്ലാത്ത വിശ്വാസസംഹിത പ്രായോഗികവല്‍കരിക്കുന്നതില്‍ പ്രവാചകന്റെ  വിശ്വാസവും ഗാഢമായ ചിന്തയും നിര്‍ണായക പങ്ക് വഹിച്ചു. ജാഹിലിയ്യത്തിന്റെ വേഷപ്പകര്‍ച്ചകളില്‍ നിന്നും അകന്നുനിന്നു. വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ നമിക്കലും അതിനെ തൊട്ടുതടവലും കാര്യസാധ്യത്തിനായി കണിയാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അടുക്കല്‍ പോവലും അന്ന് സര്‍വസാധാരണമായിരുന്നിട്ടും അദ്ദേഹത്തിന് വിഗ്രഹത്തിനെ പൂജിക്കുന്നതിലും അതിനെ തലോടുന്നതിലും, ജാഹിലിയ്യത്തിനെ പ്രോത്സാഹിപ്പിക്കുന്ന കവിതകളിലും ഗാനങ്ങളിലും അമര്‍ഷവും വെറുപ്പുുമാണ് പുലര്‍ത്തിയത്. കാരണം ഇതൊന്നും ഒരു പ്രവാചകനാവാനിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭൂഷണായിരുന്നില്ല. തീര്‍ത്തും വിപരീതമായ രണ്ട് കോണുകളിലായിരുന്നു അക്കാലത്ത് കവിതയും പ്രവാചകത്വവുമുണ്ടായിരുന്നത്. അധാര്‍മികതയെ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു പ്രസ്തുത കാവ്യശീലുകള്‍. അത്തരം ഘട്ടത്തില്‍ അല്ലാഹുവും പ്രവാചകനെ അതില്‍ നിന്നെല്ലാം മുക്തമാക്കിയതില്‍ അതിശയോക്തിയില്ല. ‘നാം അദ്ദേഹത്തെ (പ്രവാചകനെ) കവിത പഠിപ്പിച്ചിട്ടില്ല. കവിയായിരിക്കുക അദ്ദേഹത്തിന് ഭൂഷണവുമല്ല. ഇത് ഒരു ഉദ്‌ബോധനവും സ്ഫുടമായി വായിക്കപ്പെടുന്ന വേദവുമാകുന്നു’ (36:69)

പ്രവാചകന്‍(സ) ജീവിത്തിലൊരിക്കലും മദ്യപിച്ചിട്ടില്ല. ഒരു മ്ലേഛതയോടും അടുത്തതേയില്ല. അവിടെയുണ്ടായിരുന്ന അനാവശ്യമായ വിനോദങ്ങളിലോ കളികളിലോ ചൂതാട്ടത്തിലോ മുഴുകിയിരുന്നില്ല. തിന്മയോടുള്ള കൂട്ടുകെട്ടുണ്ടായിരുന്നില്ല. എല്ലാവരാലും മക്കയിലെ അറിയപ്പെട്ട ഗോത്രത്തിലെ കൂലീനകുടുംബത്തിലായിരുന്നു പ്രവാചന്‍(സ) പിറന്നത്. അതു കൊണ്ട് തന്നെ സമൂഹത്തില്‍ പ്രതാപവും അന്തസ്സും വിശ്വാസ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഈ വ്യതിരിക്തമായ സവിശേഷതകള്‍ കൊണ്ട് സമൂഹത്തില്‍ സമുന്നതമായ സ്ഥാനം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തില്‍ എല്ലാവരാലും അവലംബിക്കപ്പെട്ടിരുന്ന അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല. പ്രാവാചകനെകുറിച്ച് നല്ലധാരണ അവരില്‍ നിലനിന്നിരുന്നതിനാല്‍ തന്നെ ഈ സാമൂഹിക ബന്ധം പ്രവാചകത്വത്തിന് ശേഷവും തുടര്‍ന്നിരുന്നു. ഇങ്ങിനെയല്ലാം സവിശേഷതയുള്ളതിനാല്‍ ഖുറൈശികള്‍ക്കിടയില്‍ അദ്ദേഹം വിശ്വസ്തനായി അറിയപ്പെട്ടതില്‍ അത്ഭുതമേതുമില്ല.

അദ്ദേഹത്തിന്റെ പരിശുദ്ധിക്കും നീതിപൂര്‍വമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഒട്ടേറെ ഉദാഹരണങ്ങള്‍ പ്രവാചകന്റെ ആദ്യകാലങ്ങളില്‍ കാണാം. മുഹമ്മദിന് 35 വയസ്സായപ്പോള്‍ കഅ്ബിയിലെ പ്രധാന ശിലയായ ഹജറുല്‍ അസ്‌വദ് ആര് എടുത്തുവെക്കണമെന്ന വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഓരോ ഗോത്രവും ഞങ്ങള്‍ അത് എടുത്തുവെക്കാമെന്നും ഞങ്ങളാണ് അതിന് കൂടുതല്‍ യോഗ്യരെന്നും വാദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. അവിടേക്ക് ആദ്യമായി കയറിവരുന്നതാരോ അദ്ദേഹം കല്ല് എടുത്തു വെക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ അല്‍ അമീനായ പ്രവാചകന്‍(സ) അവിടേക്ക് കയറിവരികയും അയാളില്‍ സംതൃപ്തരാവുകയും ചെയ്തു. അങ്ങനെ ഒരു തുണി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും എല്ലാവരും ഒരോരുത്തരോടും ഓരോ ഭാഗത്തായി പിടിച്ച് വെക്കാന്‍ ആവശ്യപ്പെടുകയും അവസാനം മുഹമ്മദ്(സ) തന്നെ അതെടുത്ത് തല്‍സ്ഥാനത്ത് വെക്കുകയും ചെയ്തു. അദ്ദേഹം സമൂഹത്തിലും കുടുംബത്തിലും സര്‍വസമ്മതനായിരുന്നുവെന്നതിന് ഇപ്രകാരം ഒട്ടനേകം ഉദാഹരണങ്ങള്‍ കാണാം.

പ്രവാചകന്റെ ആദ്യകാല ജീവതം പരിശോധിച്ചാല്‍ അദ്ദേഹം കഠിനാധ്വാനിയായിരുന്നുവെന്ന് കാണാം. സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാള്‍ ഉത്തമമായ മറ്റൊരു ആഹാരവുമില്ല തന്നെ. സ്വയം സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ സേവനങ്ങള്‍. അത്തരത്തിലുള്ള മുഹമ്മദ്(സ)യുടെ പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതം നമുക്ക് പരിശോധിക്കാം.

ആടുമേയ്കല്‍ ചെറുപ്പകാലത്ത് പ്രവാചകന്‍ നിര്‍വഹിച്ച പ്രധാന കാര്യമായിരുന്നു. മുന്‍കഴിഞ്ഞ പ്രവാചകന്‍മാരെല്ലാം ആട്‌മേയ്കലും അതു പൊലെയുള്ള ജോലികള്‍ നിര്‍വഹിച്ചിരുന്നു. അതു പോലെ തന്നെയായിരുന്നു പ്രവാചകനും. ചുറ്റുപാടുകളെ കുറിച്ചുള്ള അറിവും ഉള്‍ക്കാഴ്ചയും അനിവാര്യമാണ്. തന്നെ ഏല്പിക്കപ്പെട്ട കാര്യത്തില്‍ സംരക്ഷണച്ചുമതല ഉണ്ടാവണമെന്ന ബോധം ഇതിലൂടെ ഉണ്ടാവുന്നു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിനെ നയിക്കുമ്പോള്‍ ഹൃദയവിശാലതയും നല്ല തന്ത്രങ്ങളും ഉണ്ടാവേണ്ടതുണ്ട്.
ഈയൊരു ഗുണം പ്രവാചക ജീവിതത്തില്‍ നിന്നും ദൃശ്യമാണ്. ‘നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിനു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍പരനാണദ്ദേഹം. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനാകുന്നുഎന്നിട്ടും നിന്നില്‍നിന്നു പുറംതിരിഞ്ഞുപോവുകയാണെങ്കില്‍, അവരോടു പറയുക: ഭഎനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ഇലാഹുമില്ല. അവനില്‍ മാത്രം ഞാന്‍ ഭരമേല്‍പിച്ചു. അവന്‍, മഹത്തായ സിംഹാസനത്തിനുടയവനത്രെ.’ (3:128 -129)

തന്റെ സമുദായത്തോടുള്ള പ്രവാചകന്റെ ഗുണകാംക്ഷയെകുറിച്ച് ഇപ്രകാരം ഹദീസില്‍ വന്നിരിക്കുന്നു. ‘ഒരാള്‍ തീകൂട്ടുകയും ആ തീകുണഡാരത്തിനു ചുറ്റും അതിന്റെ ഒളിപരക്കുകയും ഈയാംപാറ്റകള്‍ അതിനടുത്തേക്ക് പറന്നടുക്കുകയും അതില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നു. അപ്പോള്‍ മറ്റൊരാള്‍ ഈയാംപാറ്റകളെ വീഴുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നു. ഇപ്രകാരം ചെയ്യുന്ന വ്യക്തിയെ പോലെയാണ് എന്റെ ഉപമ. അപ്രകാരം തീയില്‍ നിന്ന് ഞാനൊരു മറപിടിക്കുന്നു.’
മറ്റൊന്ന് പ്രവാചകന്റെ കച്ചവടമാണ്. പ്രവാചകന്‍ പത്‌നിയായി വരിച്ച ഖദീജ (റ) അിറയപ്പെട്ട വ്യാപരനിപുണയായിരുന്നു. ശാമിലേക്ക് കച്ചവടത്തിനായി പുറപ്പെടുകയും ആളുകളുമായി വ്യപാരബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. വ്യാപാരരംഗത്തുള്ള കൃത്രിമത്വങ്ങളെയും  ഊഹവ്യാപാരത്തെയും തുറന്നെതിര്‍ക്കുകയും ചെയ്തിരുന്നു.

പ്രവാചകന്‍ (സ) ഇരുപതാം വയസ്സില്‍ തന്നെ കച്ചവടരംഗത്ത് മികച്ചു നിന്നിരുന്നു. കരുത്തുറ്റ ശരീരവൈശിഷ്ട്യവും സല്‍പെരുമറ്റവും ഉത്തരവാദിത്വബോധവും അദ്ദേഹത്തിന്റെ യുവത്വത്തിന് തിളക്കം കൂട്ടി. സംസാരത്തിലെ സത്യന്ധതയും ജീവിത വിശുദ്ധിയും പാലിച്ചിരുന്ന അദ്ദേഹം യുവാക്കളില്‍ പൊതുവെയുണ്ടായിരുന്ന ശീലങ്ങളില്‍ നിന്നെല്ലാം മുക്തമായിരുന്നു. അദ്ദേഹത്തെയാണ് ഖദീജ തന്റെ വ്യാപരസംഘത്തെ ഏറ്റെടുക്കാന്‍ തെരഞ്ഞെടുത്തത്.

ഖദീജയുടെ ദൂതന്‍ ഇപ്രകാരം പറഞ്ഞു ‘താങ്കളുടെ സത്യന്ധതകാരണം കച്ചവടസംഘത്തിന്റെ നേതാവായി ഖദീജ തെരഞ്ഞെടുത്തിരിക്കുന്നു.’ പ്രവാചകന്‍ ഈ ആവശ്യം പിതൃവ്യന്‍ അബൂത്വാലിബിനോട് പറഞ്ഞു. നിനക്ക് അല്ലാഹു കച്ചവടരംഗത്ത് നല്ല ഒരു ഭാവി പ്രദാനം ചെയ്തിട്ടുണ്ടെന്നും അവരുടെ വ്യാപരം താങ്കള്‍ ഏറ്റെടുക്കുന്നത് നല്ലതേ വരുത്തുകയുള്ളൂ എന്നായിരുന്നു പിതൃവ്യന്റെ മറുപടി. അപ്രകാരം അവരുമായി വ്യാപരബന്ധങ്ങള്‍ സജീവമാവുകയും അവരുടെ സാമര്‍ഥ്യവും സത്യസന്ധതയും ബോധ്യപ്പെടുകയും ചെയ്യും. ഖദീജ ബീവിയുമായി കച്ചവട രംഗത്തെ അനുഭവപരിജ്ഞാനവും നൈപുണ്യവും അവരെ ആകര്‍ഷിക്കുകയും വിധവയും നാല് മക്കളുടെ മാതാവുമായ അവരെ പ്രവാചകന്‍(സ) വിവാഹം കഴിക്കുകയും ചെയ്തു. കച്ചവടരംഗത്തെ പാടവവും നൈപുണ്യവും പ്രവാചകത്വത്തിന് ശേഷവും വ്യത്യസ്തമായ ഘട്ടങ്ങളില്‍ പ്രയോജനകരമായിട്ടുണ്ട്. പ്രവാചകത്വത്തിനുശേഷം മാത്രമായിരുന്നില്ല അതിന് മുമ്പും അല്ലാഹുവിന്റെ കാരുണ്യം പ്രവാചകനെ പൊതിഞ്ഞിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

Related Articles