Hadith PadanamSunnah

സദസ്സില്‍ പാലിക്കേണ്ട മര്യാദകള്‍

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا يُقِيمُ الرَّجُلُ الرَّجُلَ مِنْ مَقْعَدِهِ، ثُمَّ يَجْلِسُ فِيهِ وَلَكِنْ تَفَسَّحُوا وَتَوَسَّعُوا» (مسلم)

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പിച്ച് അവിടെ ഇരിക്കരുത്. മറിച്ച് നിങ്ങള്‍ സൗകര്യമൊരുക്കുകയും വിശാലതയുണ്ടാക്കുകയും ചെയ്യുവിന്‍. (മുസ്‌ലിം)

يُقِيمُ : എഴുന്നേല്‍പിക്കുന്നു
مَقْعَد : ഇരിപ്പിടം   
يَجْلِسُ : ഇരിക്കുന്നു   
تَفَسَّحَ : സൗകര്യമൊരുക്കി
تَوَسَّعَ : വിശാലതയുണ്ടാക്കി

നാം വ്യത്യസ്ത സ്വഭാവങ്ങളിലുള്ള സദസ്സുകള്‍ സംഘടിപ്പിക്കുന്നവരോ അവയില്‍ പങ്കെടുക്കുന്നവരോ ആണല്ലോ. അവയുമായി ബന്ധപ്പെട്ട പലവിധ നിര്‍ദ്ദേശങ്ങള്‍ പ്രവാചകാധ്യാപനങ്ങളില്‍ കാണാം. അവ താഴെ കാണുംപ്രകാരം സംഗ്രഹിക്കാം:

1. സദസ് വിശാലമാക്കുക. പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള വിശാലത സദസ്സിന് ഇല്ലെങ്കില്‍ അത് പലവിധ പ്രയാസങ്ങളും സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. ഒരു പ്രഭാഷണ/പഠന പരിപാടിയില്‍ ഞെരിഞ്ഞിരിക്കുന്നത് കേള്‍ക്കാനും മനസിലാക്കാനും തടസ്സമുണ്ടാക്കാറുണ്ട്. ഒരു വിവാഹ സദസ്സിലാണെങ്കില്‍ ക്ഷണിതാക്കള്‍ക്ക് ഇരിക്കാനും സ്വസ്ഥമായി ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമില്ലെങ്കില്‍ അത് ആഥിത്യ മര്യാദക്ക് കളങ്കമേല്‍പിക്കും. തിങ്ങിനിറഞ്ഞ സദസ്സില്‍ നിന്ന് ഒരാള്‍ക്ക് അത്യാവശ്യമായി പുറത്തുപോവേണ്ടി വന്നാല്‍ മറ്റുള്ളവരെ പ്രയാസപ്പെടുത്തേണ്ടി വരും. അതിനാല്‍ പ്രവാചകന്‍ പറയുന്നു: സദസ്സുകളില്‍ ഏറ്റവും ഉത്തമം അവയില്‍ ഏറ്റവും വിശാലമായതാണ്. (അഹ്മദ്, അബൂദാവൂദ്)

2. മറ്റുള്ളവര്‍ക്ക് കൂടി സൗകര്യം ചെയ്തുകൊടുക്കുക. സാധ്യമായ വിശാലതയില്‍ സംവിധാനിച്ചാലും ചിലപ്പോള്‍ സദസ്സില്‍ സ്ഥലം പര്യാപ്തമായില്ല എന്ന് വരാം. അന്നേരം നേരത്തെ സദസ്സില്‍ ഇടം പിടിച്ചവര്‍ പുറത്തുനില്‍ക്കുന്നവര്‍ക്ക് വേണ്ടി കഴിയുംവിധം സഹകരിക്കണം. എന്റെ സ്വസ്ഥതക്ക് കോട്ടം തട്ടരുതെന്ന ചിന്തയാല്‍ സ്വാര്‍ഥനാവുന്നത് സത്യവിശ്വാസിക്ക് ഭൂഷണമല്ല. ഖുര്‍ആന്‍ പറയുന്നു: വിശ്വസിച്ചവരേ, നിങ്ങളോട് ഇരിപ്പിടങ്ങളില്‍ (സദസ്സില്‍) സ്ഥലസൗകര്യമുണ്ടാക്കി കൊടുക്കാന്‍ പറയപ്പെട്ടാല്‍ സ്ഥലസൗര്യമുണ്ടാക്കിക്കൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വിശാലതയേകുന്നതാണ്. സഭയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടാല്‍ പിരിഞ്ഞുപോകണം. (അല്‍മുജാദില : 11)

3. സലാം പറയുക. നബി(സ) പറഞ്ഞു: നിങ്ങളിലൊരാള്‍ ഒരു സദസ്സില്‍ എത്തിച്ചേര്‍ന്നാല്‍ അവന്‍ സലാം പറയട്ടെ. ഇനി എഴുന്നേറ്റുപോകാന്‍ ഉദ്ദേശിച്ചാലോ അപ്പോഴും സലാം പറയണം. രണ്ടും ഒരു പോലെ ശ്രേഷ്ഠകരമാണ് (അബൂദാവൂദ്). ഒരു വലിയ സദസ്സിലേക്കാണ് നാം പ്രവേശിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പലതവണ സലാം പറയേണ്ടി വരും. അനസ്(റ) പറയുന്നു: നബി(സ) ഒരു സമൂഹത്തെ സമീപിച്ചാല്‍ അവര്‍ക്ക് മൂന്ന് തവണ സലാം പറയാറുണ്ടായിരുന്നു. (ബുഖാരി) അതേസമയം ഇങ്ങനെ സലാം പറയുന്നതിന് ചില ഔചിത്യമര്യാദകള്‍ നാം പാലിക്കണം. ജുമുഅ ഖുതുബ നടക്കുമ്പോഴോ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരോ സലാം പറയല്‍ സുന്നത്തില്ല.

4. പൊതുപ്രവേശനമുള്ളതും നന്മയുടെ സൗരഭ്യം പരത്തുന്നതുമായ സദസ്സുകളില്‍ പങ്കെടുക്കാന്‍ ഉല്‍സാഹം കാണിക്കുക. ഒരിക്കല്‍ പ്രവാചകനും അനുയായികളും പള്ളിയില്‍ ഇരിക്കുകയായിരുന്നു (പ്രവാചകന്‍ ക്ലാസ് എടുക്കുകയായിരുന്നു). അന്നേരം മൂന്ന് ആളുകള്‍ അതുവഴി വന്നു. അവരില്‍ ഒരാള്‍ ആ സദസ്സിലേക്കടുക്കാതെ പിന്തിരിഞ്ഞുപോയി. ബാക്കിയുള്ള രണ്ട് പേരില്‍ ഒരാള്‍ സദസ്സില്‍ കണ്ട ഒഴിവില്‍ കയറിയിരുന്നു. രണ്ടാമന്‍ പിന്‍ഭാഗത്ത് മാറിയിരിക്കുകയും ചെയ്തു. പ്രവാചകന്‍ തന്റെ സംസാരം അവസാനിപ്പിച്ച ശേഷം പറഞ്ഞു: ഇതുവഴി വന്ന മൂന്ന് ആളുകളെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അവരില്‍ ഒരാള്‍ അല്ലാഹുവില്‍ അഭയം പ്രാപിച്ചു. അതിനാല്‍ അല്ലാഹു അവന് അഭയം നല്‍കി. രണ്ടാമത്തെയാള്‍ ലജ്ജിച്ചുമാറിയിരുന്നു. അവന്റെ കാര്യത്തില്‍ അല്ലാഹുവും ലജ്ജിച്ചു. മൂന്നാമന്‍ പിന്തിരിഞ്ഞുകളഞ്ഞു. തന്നിമിത്തം അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു. (ബുഖാരി, മുസ്‌ലിം)

5. ഇരിക്കുന്നയാളെ എഴുന്നേല്‍പിച്ച് അവിടെ ഇരിക്കരുത്. ആരംഭത്തില്‍ ഉദ്ദരിച്ച ഹദീസ് അക്കാര്യം വ്യക്തമാക്കുന്നു.

6. രണ്ടുപേര്‍ അടുത്തിരിക്കുമ്പോള്‍ അവരുടെ സമ്മതമില്ലാതെ അവര്‍ക്കിടയില്‍ ഇരിക്കരുത്. നബി(സ) പറഞ്ഞു: അടുത്തിരിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ കയറിയിരുന്ന് അവരെ വേര്‍പിരിക്കുന്നത് ഒരാള്‍ക്കും അനുവദനീയമല്ല; അവരിരുവരുടെയും അനുവാദമുണ്ടെങ്കിലല്ലാതെ. (അബൂദാവൂദ്)

7. ഒരു സദസ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, ഒരാള്‍ എന്തെങ്കിലും ആവശ്യാര്‍ഥം തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുപോയാല്‍ അയാള്‍ തിരിച്ചുവരുന്നത് വരെ മറ്റാര്‍ക്കെങ്കിലും അവിടെ ഇരിക്കാം. എന്നാല്‍ തിരിച്ചെത്തുന്ന പക്ഷം അയാളായിരിക്കും ആ സീറ്റിന് കൂടുതല്‍ അര്‍ഹന്‍. നബി(സ) പറഞ്ഞു: നിങ്ങളിലൊരാള്‍ ഒരു സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുകയും പിന്നീട് തല്‍സ്ഥാനത്തേക്ക് തിരിച്ചുവരികയും ചെയ്താല്‍ അവനാണ് ആ ഇരിപ്പിടത്തിന് ഏറ്റവര്‍ അര്‍ഹന്‍. (ബുഖാരി)

8. ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ അവിടെ നടന്നതെല്ലാം വിവേചന രഹിതമായി പുറത്തുപറയാവതല്ല. രഹസ്യങ്ങള്‍ക്ക് അതിന്റെ സ്ഥാനം നല്‍കണം. നബി(സ) പറഞ്ഞു: സദസ്സുകളുടെ ശ്രേഷ്ഠത സദസ്സ്യരുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. മൂന്ന് സദസ്സുകളൊഴികെ; അന്യായമായി രക്തം ചിന്താന്‍ പദ്ധതിയിട്ട സദസ്സ്, വ്യഭിചാരത്തിന് തീരുമാനമെടുത്ത സദസ്സ്, അനര്‍ഹമായ ധനം പിടിച്ചെടുക്കാന്‍ ആലോചന നടത്തിയ സദസ്സ്. (അബൂദാവൂദ്)

9. അല്ലാഹുവിനെ സ്മരിക്കുകയും പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. വല്ല സമൂഹവും ഒരു സദസ്സിലിരുന്നാല്‍ അവിടെ വെച്ച് അല്ലാഹുവിനെ സ്മരിക്കുകയും പ്രവാചകന്റെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യാതെ പിരിഞ്ഞുപോയാല്‍ അവര്‍ അതിന്റെ തിക്തഫലം അനുഭവിക്കാതിരിക്കില്ല എന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയത് ഹദീസുകളില്‍ കാണാം. (തിര്‍മുദി)

10. വിഭിന്ന പ്രകൃതമുള്ള ആളുകള്‍ ഒരുമിച്ചുകൂടുന്ന സദസ്സില്‍ അനഭിലഷണീമായ വല്ലതും വാക്കാലോ പ്രവര്‍ത്തിയാലോ സംഭവിച്ചേക്കാം. അതിനാല്‍ വീഴ്ചകള്‍ പൊറുക്കാനും മറ്റുമുള്ള പ്രാര്‍ഥനയോടെയാവണം സദസ്സ് പിരിയേണ്ടത്. സദസ്സ് പിരിയുമ്പോള്‍ പ്രാര്‍ഥിക്കേണ്ട വചനങ്ങള്‍ പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. അതിലൊന്നിന്റെ ആശയം ഇങ്ങനെയാണ്: അല്ലാഹുവേ, നിന്നെ സ്തുതിച്ചുകൊണ്ട് നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീയല്ലാതെ ഇലാഹില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പാപമോചനം തേടുന്നു. നിന്നിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.* (അഹ്മദ്) ഇങ്ങനെ പ്രാര്‍ഥിക്കുന്നത് സദസ്സില്‍ വെച്ചുണ്ടായ പിഴവുകള്‍ക്ക് പരിഹാരമാണ്.

*سبْحانَك اللَّهُمّ وبحَمْدكَ أشْهدُ أنْ لا إله إلا أنْت أسْتغْفِركَ وَأتَوبُ إليْك

Facebook Comments

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker