അനുവദനീയമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നിഷിദ്ധമാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും വളരെ വ്യക്തമാണെന്ന് ഈ ഹദീസ് പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച് അതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും എന്തൊക്കെയാണ് നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതെന്നും വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്നുള്ളത് സുപ്രധാനവും അടിസ്ഥാപരവുമായ തത്വമാണ്. അനുവദനീയ കാര്യങ്ങള്‍ ചെയ്യുന്നും നിഷിദ്ധമാക്കിയവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അല്ലാഹുവിന്റെ പ്രീതിക്ക് നമ്മെ അര്‍ഹരാക്കുന്നു. ഒരു മുസ്ലിം തന്റെ പരമ ലക്ഷ്യമായി കാണുന്ന ഒന്നാണത്.
സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യവും ദയയുമാണ് ഈ ഹദീസ് എടുത്ത് കാട്ടുന്നത്. ജീവിതത്തില്‍ വ്യക്തമായ മാര്‍ഗദര്‍ശനം നല്കിയെന്നുള്ളത് അല്ലാഹു നമ്മോട് കാണിച്ചിരിക്കുന്ന ദയയാണ്. ലോകത്തെ ഏറ്റവും നല്ല ഗുരുനാഥനായ മുഹമ്മദ് നബി(സ) നമ്മിലേക്ക് അയച്ചതും അവന്റെ കാരുണ്യത്തിന്റെ അടയാളം തന്നെ. അല്ലാഹു പറയുന്നു : ‘പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.’ (21 : 107)
അറബികള്‍ക്കോ മക്കയിലെ ജനങ്ങള്‍ക്കോ വേണ്ടി മാത്രമല്ല, മുഴുവന്‍ ലോകത്തിനും കാരുണ്യമായിട്ടാണ് മുഹമ്മദ് നബിയെ(സ) നിയോഗിച്ചിരിക്കുന്നത് എന്നാണ് അല്ലാഹു പറയുന്നത്. എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടതെന്ന് അതിലൂടെ നമ്മെ അറിയിക്കുന്നു. തന്നെ സൃഷ്ടിച്ച നാഥന്റെ പ്രീതി നേടാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം ഏതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കണമെന്ന് അതിലൂടെ അറിച്ചു തരുന്നു. എത്രവലിയ കാരുണ്യമാണിത്.
ഈ ആശയത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമുക്കൊന്ന് ആലോചിക്കാം. നിങ്ങളൊരു വിദ്യാര്‍ഥിയാണെന്ന് സങ്കല്പിക്കൂ. നിങ്ങള്‍ ക്ലാസ്സ്മുറിയിലേക്ക് കയറുന്നു അധ്യാപിക നിങ്ങളെ നോക്കുക മാത്രം ചെയ്യുന്നു. നിങ്ങള്‍ പോയി നിങ്ങളുടെ ബെഞ്ചില്‍ ഇരുന്ന് അധ്യാപിക സംസാരിക്കുന്നതിനായി കാത്തിരിക്കുന്നു. എന്നാല്‍ അവര്‍ നിങ്ങളെ നോക്കുക മാത്രമാണ് ചെയ്യുന്നത്. എന്തു ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യം നിങ്ങള്‍ ചെയ്യണമെന്ന് അവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പുസ്തകത്തിന്റെ അഞ്ചാമത്തെ പേജ് തുറക്കാനാണോ അതല്ല പത്താമത്തെ പേജ് തുറക്കാനാണോ അവര്‍ താല്പര്യപ്പെടുന്നത്. ഇനി ഇതൊന്നുമല്ല നിങ്ങളെ കൊണ്ട് ഒരു ലേഖനം എഴുതിക്കാനാണോ അവര്‍ ആഗ്രഹിക്കുന്നത് എന്നൊന്നും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. ഇതിനു വിരുദ്ധമായി പതിനഞ്ചാം പേജ് തുറക്കൂ, കണക്കിലെ ചില പാഠങ്ങള്‍ നമുക്ക് പഠിക്കാം എന്ന് പറഞ്ഞാണ് അധ്യാപിക ക്ലാസ് ആരംഭിക്കുന്നതെങ്കില്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ക്ക് കൃത്യമായ ധാരണ ലഭിക്കുന്നു.
അതുകൊണ്ട് തന്നെ മികച്ച അധ്യാപകനായി മുഹമ്മദ് നബി(സ)യെ അയച്ചു തന്ന അല്ലാഹുവിന് സ്തുതി. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പറയുന്നത് പ്രകാരം ഇസ്ലാമിനെ ജീവിതത്തിലൂടെ കാണിച്ചു തന്നെ സഞ്ചരിക്കുന്ന ഖുര്‍ആനായിരുന്നു അദ്ദേഹം. അതുകൊണ്ട് നമുക്ക് അദ്ദേഹത്തെ മാതൃകയാക്കി പിന്തുടരുകയും എങ്ങനെ ജീവിക്കാമെന്ന് അറിയുകയും ചെയ്യാം.
സംശയമുള്ളവരില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് ഈ ഹദീസ് നല്കുന്ന മറ്റൊരു പാഠം. സംശയകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്ക്കുന്നവന് തന്റെ ദീനിനെയും അഭിമാനത്തെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സംശയകരമായ കാര്യങ്ങളിലേക്ക് കടക്കുന്നത് നിഷിദ്ധങ്ങളില്‍ അകപ്പെടുന്നതിന് കാരണമാകും. അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ ഹൃദയത്തെ സംശുദ്ധമായി നിലനിര്‍ത്തുമെന്നും ഹദീസിന്റെ അടുത്ത ഭാഗം പഠിപ്പിക്കുന്നു.
അപ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന ചോദ്യമാണ് എങ്ങനെ ഹൃദയത്തെ ശുദ്ധമായി നിലനിര്ത്താമെന്നുള്ളത്. ധാരാളം അറ്റകുറ്റ പണികളുള്ള ഒരു വീട്ടിലേക്ക് കടക്കുകയാണ് നാം എന്ന് ചിന്തിക്കുക. അതിന്റെ ഏതൊക്കെ ഭാഗങ്ങളാണ് തകര്‍ന്ന് കിടക്കുന്നത് എന്നറിയാതെ ഏത് ഭാഗം ശരിയാക്കണമെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും? ഞാന്‍ മനസ്സിലാക്കുന്നു, ഒന്നാമതായി വേണ്ടത് നമ്മുടെ ഹൃദയത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കലാണ്. എന്തൊക്കെ പ്രശ്നങ്ങളാണ് നിങ്ങളുടെ ജീവിതത്തെ ഞെരുക്കി കൊണ്ടിരിക്കുന്നത്? അസൂയ നിങ്ങളിലുണ്ടോ? നിങ്ങള്‍ക്ക് നമസ്കാരങ്ങള്‍ നഷ്ടപ്പെടാറുണ്ടോ? എപ്പോഴും ദേഷ്യം പിടിക്കുന്ന പ്രകൃതക്കാരനാണോ നിങ്ങള്‍? ഇങ്ങനെ ഒരു വിലയിരുത്തല്‍ ആദ്യം നടക്കണം.
ഇത്തരത്തില്‍ സ്വന്തത്തെ കുറിച്ച് ആത്മാര്‍ത്ഥമായി കണക്ക് കൂട്ടാന്‍ കഴിഞ്ഞാല്‍ എങ്ങനെ സ്വന്തത്തെ ശരിപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യാമെന്നത് നിങ്ങള്‍ അറിയാന്‍ തുടങ്ങുന്നു. നാം ഇടപഴകുന്ന ആളുകള്‍ക്കും നാം സമയം ചെലവഴിക്കുന്ന ഇടങ്ങള്‍ക്കും നമ്മുടെ ഹൃദയത്തെ ശുദ്ധമായി നിലനിര്‍ത്തുന്നതില്‍ സ്വാധീനിക്കാന്‍ കഴിയും. ഒരുപറ്റം നല്ല ആളുകളോടൊപ്പമാണ് ജീവിക്കുന്നതെങ്കില്‍ നമസ്കാര സമയമാകുമ്പോള്‍ അവര്‍ നിന്നെയത് ഓര്‍മിപ്പിക്കും. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ എപ്പോഴും ആ സംഘത്തിന്റെ പ്രേരണയുണ്ടാകും. ഇനി മോശപ്പെട്ട ഒരു കൂട്ടത്തോടൊപ്പമാണ് നിങ്ങളുടെ ജീവിതമെങ്കില്‍ സ്വന്തത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ നന്നായി പോരാടേണ്ടി വരും. അതുകൊണ്ട് എപ്പോഴും നല്ല ആളുകളോടൊപ്പം സഹവസിക്കാനാണ് ശ്രമിക്കേണ്ടത്.
അപ്രകാരം തന്നെയാണ് സ്ഥലങ്ങളുടെ കാര്യവും. നിഷിദ്ധമോ വെറുക്കപ്പെട്ടതോ ആയ കാര്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്നത് പണ്ഡിതന്മാര് അനഭികാമ്യമായി കണ്ടിട്ടുള്ള കാര്യമാണ്. നിഷിദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും അത് നിങ്ങളിലെ നന്മകളെ നഷ്ടപ്പെടുത്തുകയും ക്രമേണെ ആ മോശപ്പെട്ട സ്വഭാവത്തിന്റെ ഉടമയാക്കി മാറ്റുമെന്നുമുള്ളതാണ് കാരണം.
ഹൃദയത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ വേണ്ട മറ്റൊന്നാണ് നാം നിത്യേനെ ഇടപഴകുന്ന വസ്തുക്കള്‍. നമ്മുടെ കണ്ണ്, ചെവി, വായ തുടങ്ങിയ അവയവങ്ങളെ ശുദ്ധമായി നിലനിര്‍ത്തല്‍ പ്രധാനമാണ്. മോശപ്പെട്ട കാഴ്ച്ചകള്‍ക്കോ കേള്‍വിക്കോ സംസാരത്തിനോ അവയെ വിട്ടുകൊടുക്കരുത്. ടെലിവിഷനുകളും സിനിമകളും നമുക്ക് എത്തിച്ചു തരുന്ന മോശപ്പെട്ട കാഴ്ച്ചകള്‍ നമ്മുടെ ഹൃദയത്തിന് ഒട്ടും ഗുണകരമല്ലെന്ന് നാം ഓര്‍ക്കുക. പലപ്പോഴും അത്തരം കാഴ്ച്ചകള്‍ നമ്മുടെ കുട്ടികള്‍ കാണരുതെന്ന് ആഗ്രഹിക്കുകയും അവരെ അതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം നമ്മുടെ സ്വന്തത്തില്‍ അത് നടപ്പാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തത് മുതിര്‍ന്നവര്‍ക്കും അനുയോജ്യമല്ലെന്ന് ഓര്‍ക്കുക. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷമത പാലിക്കുമ്പോള്‍ ഹൃദയത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ നമുക്ക് സാധിക്കും.