Sunnah

വൈകിയെത്തുന്ന നമസ്‌കാരക്കാര്‍

ജമാഅത്ത് നമസ്‌കാരത്തിനായി പള്ളിയില്‍ വരുന്നവരില്‍ ഭൂരിഭാഗവും പതിവായി വൈകിയെത്തുന്നവരാണ്. ഇഖാമത്ത് കൊടുക്കുമ്പോള്‍ മിക്ക പള്ളികളിലും വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടാകാറുള്ളൂ. പിന്നീട് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇമാം നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ പിന്തിവന്നവരുടെ നിരകള്‍ തന്നെ കാണാം. ബാങ്കിനും ഇഖാമത്തിനും ഇടയില്‍ പള്ളിയിലെത്താനുള്ള വേണ്ടത്ര സമയം ഉണ്ടായിരിക്കെയാണ് ഇത് സംഭവിക്കുന്നത്.
നമസ്‌കാരത്തിന് പിന്തിയെത്തുന്നതിലൂടെ ഇത്തരക്കാര്‍ക്ക് ധാരാളം നന്മകള്‍ നഷ്ടപ്പെടുന്നു എന്നതില്‍ സംശയമില്ല. നമസ്‌കാരത്തിന് പിന്തിവരുന്നതുകൊണ്ട് നഷ്ടപ്പെടുന്ന നന്മകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.

1. ശാന്തതയും ഗൗരവവും നഷ്ടപ്പെടുന്നു
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നിങ്ങള്‍ ഇഖാമത്ത് കേട്ടാല്‍ ശാന്തതയോടും അടക്കത്തോടും കൂടി നമസ്‌കാരത്തിലേക്ക് വരിക. നിങ്ങള്‍ ധൃതി കാണിക്കരുത്’ .(ബുഖാരി) നമസ്‌കാരത്തില്‍ പിന്തിവരുന്നവര്‍ക്ക് ഈ ശാന്തതയും അടക്കവും നഷ്ടപ്പെടുന്നു. നമസ്‌കാരത്തില്‍ ക്ഷീണിതരായും കിതച്ചും എത്തുന്നതു നമസ്‌കരിക്കുന്നവന്റെ ശ്രദ്ധയെയും ഭയഭക്തിയെയും സാരമായി ബാധിക്കുന്നു.

2. മലക്കുകളുടെ പാപമോചനം പാഴാകുന്നു.
ഇഖാമത്തിന് മുമ്പ് പള്ളിയില്‍ എത്തി നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി മലക്കുകള്‍ പാപമോചനം തേടും.  അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: ‘സംഘടിതമായി പള്ളിയില്‍ വെച്ചുള്ള നമസ്‌കാരം വീട്ടില്‍ വെച്ചോ അങ്ങാടിയില്‍ വെച്ചോ നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തി അഞ്ച് ഇരട്ടി പ്രതിഫലമുള്ളതാണ്. നിങ്ങളിലൊരുവന്‍ പൂര്‍ണ പരിശുദ്ധിയോടെ വൂളൂ എടുത്ത് പള്ളിയിലേക്ക് പുറപ്പെടുന്നു. നമസ്‌കാരം മാത്രം ലക്ഷ്യം വെച്ചാണ് അവന്‍ പുറപ്പെടുന്നത്. പള്ളിയിലെത്താനായി കാലുകള്‍ ഉയര്‍ത്തുമ്പോള്‍ അവന് ഒരു പ്രതിഫലം ലഭിക്കുകയും താഴ്ത്തുമ്പോള്‍ അവന്റെ ഒരു പാപം മായ്ക്കപ്പെടുകയും ചെയ്യും. പള്ളിയില്‍ പ്രവേശിച്ച് അവന്‍ നമസ്‌കാരത്തെ മാത്രം പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ മലക്കുകള്‍ അവന് വേണ്ടി അല്ലാഹുവേ ഇദ്ദേഹത്തിന്റെ പാങ്ങള്‍ പൊറുത്തുകൊടുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ എന്ന് പാപമോചനം തേടിക്കൊണ്ടിരിക്കും’.

3. ഒന്നാമത്തെ സ്വഫ്ഫിന്റെ പ്രതിഫലം നഷ്ടപ്പെടുന്നു
പ്രവാചകന്‍ പഠിപ്പിച്ചു: ‘ ബാങ്ക് വിളിയിലും ഒന്നാമത്തെ സ്വഫ്ഫിലുമെത്തുന്നതിന്റെ പ്രതിഫലം ജനങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍  -നറുക്കെടുത്തുകൊണ്ടെങ്കിലും -അവരതിലേക്കെ മത്സരിച്ചെത്തുമായിരുന്നു.’ ( ബുഖാരി). പുരുഷന്മാരുടെ സ്വഫ്ഫുകളില്‍ ഏറ്റവും പുണ്യമായത് ഒന്നാമത്തേതാണ് എന്ന് പ്രവാചകന്‍ മറ്റൊരു ഹദീസിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

4. നമസ്‌കാരത്തിനു മുമ്പുള്ള റവാതിബ് സുന്നത്തുകള്‍ നഷ്ടപ്പെടുത്തുന്നു
സുബ്ഹിന്റെയും ളുഹ്‌റിന്റെയും പോലുള്ള പ്രബലമായ സുന്നത്ത് നമസ്‌കാരങ്ങള്‍ ഇത്തരക്കാര്‍ക്ക് നഷ്ടപ്പെടുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത് നമസ്‌കാരം ദുനിയാവും അതിലുള്ളതിനേക്കാളും ശ്രേഷ്ടമാണ്’ . ളുഹ്‌റിന് മുമ്പും ശേഷവും രണ്ട് റക്അത് സുന്നത്ത് നമസ്‌കരിക്കുന്നവന് നരകം നിഷിദ്ധമാണ് (തിര്‍മുദി)

5. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം നഷ്ടപ്പെടുത്തുക
ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയം പ്രാര്‍ഥനക്ക് വളരെ പ്രാധാന്യമുള്ളതാണ്. പ്രവാചകന്‍ പറഞ്ഞു: ‘ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള പ്രാര്‍ഥനക്ക് ഉത്തരം കിട്ടാതിരിക്കില്ല’ (അബൂദാവൂദ്)

നമസ്‌കാരത്തിന് നേരത്തെ എത്തുകയും അതിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സവിശേഷമായ തണലിന് പാത്രീപൂതരാകുന്ന ‘ഹൃദയം പള്ളിയുമായി ബന്ധിപ്പിക്കപ്പെട്ട’വരുടെ അടയാളമാണ്.  നമസ്‌കാരത്തിന് വൈകുന്നത് മൂലം പ്രാര്‍ഥനയിലും ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലും ഏര്‍പ്പെടാന്‍ നമുക്ക് സാധിക്കുകയില്ല. മറ്റു വ്യത്യസ്തമായ തിരക്കുകള്‍ക്കിടയില്‍ ഓടി വന്ന് ഹൃദയ സാന്നിദ്ധ്യമില്ലാതെ നമസ്‌കരിക്കുന്നവരുടെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.
നിരന്തരമായുള്ള വൈകല്‍ ജമാഅത്ത് നമസ്‌കാരം നഷ്ടപ്പെടാക്കാന്‍ ഇടവരുത്തും. പിശാച് അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അശ്രദ്ധയോടെ പിന്തിയെത്തുന്ന ജനതയെ അല്ലാഹുവും പിന്നിലാക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Show More
Close
Close