Hadith PadanamSunnah

മഴക്കുവേണ്ടിയുള്ള പ്രാര്‍ഥന

عَنْ أَنَسِ بْنِ مَالِكٍ، قَالَ: أَصَابَتِ النَّاسَ سَنَةٌ عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ فِي يَوْمِ جُمُعَةٍ قَامَ أَعْرَابِيٌّ، فَقَالَ يَا رَسُولَ اللَّهِ: هَلَكَ المَالُ وَجَاعَ العِيَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ وَمَا نَرَى فِي السَّمَاءِ قَزَعَةً، فَوَالَّذِي نَفْسِي بِيَدِهِ، مَا وَضَعَهَا حَتَّى ثَارَ السَّحَابُ أَمْثَالَ الجِبَالِ، ثُمَّ لَمْ يَنْزِلْ عَنْ مِنْبَرِهِ حَتَّى رَأَيْتُ المَطَرَ يَتَحَادَرُ عَلَى لِحْيَتِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَمُطِرْنَا يَوْمَنَا ذَلِكَ، وَمِنَ الغَدِ وَبَعْدَ الغَدِ، وَالَّذِي يَلِيهِ، حَتَّى الجُمُعَةِ الأُخْرَى، وَقَامَ ذَلِكَ الأَعْرَابِيُّ – أَوْ قَالَ: غَيْرُهُ – فَقَالَ: يَا رَسُولَ اللَّهِ، تَهَدَّمَ البِنَاءُ وَغَرِقَ المَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ فَقَالَ: «اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا» فَمَا يُشِيرُ بِيَدِهِ إِلَى نَاحِيَةٍ مِنَ السَّحَابِ إِلَّا انْفَرَجَتْ، وَصَارَتِ المَدِينَةُ مِثْلَ الجَوْبَةِ، وَسَالَ الوَادِي قَنَاةُ شَهْرًا، وَلَمْ يَجِئْ أَحَدٌ مِنْ نَاحِيَةٍ إِلَّا حَدَّثَ بِالْجَوْدِ

അനസുബ്‌നു മാലിക്(റ) പറയുന്നു: പ്രവാചകകാലഘട്ടത്തില്‍ ഒരിക്കല്‍ കടുത്ത വരള്‍ച്ചയുണ്ടായി. ഒരു വെള്ളിയാഴ്ച നബി(സ) ഖുത്വ്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണന്‍ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വത്തെല്ലാം നശിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് മഴ ലഭിക്കാനായി അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ നബി(സ) ഇരുകരങ്ങളും ഉയര്‍ത്തി. അനസ് പറയുന്നു: ഞങ്ങള്‍ അതുവരെ ആകാശത്ത് മേഘക്കീറുപോലും കണ്ടിരുന്നില്ല. പ്രവാചകന്‍ പ്രാര്‍ഥിച്ചതോടെ പര്‍വതസമാനമായ മേഘങ്ങള്‍ പാറിവന്നു. അദ്ദേഹം മിമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ മഴവെള്ളം അദ്ദേഹത്തിന്റെ താടിരോമങ്ങളിലൂടെ ഉതിര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടു. അന്നും അതിന്റെ പിറ്റേദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അടുത്ത വെള്ളിയാഴ്ച വരെ മഴ പെയ്തുകൊണ്ടിരുന്നു. പ്രവാചകന്‍ ഖുത്വ്ബ നിര്‍വഹിക്കവെ അയാള്‍/ഒരാള്‍ പറഞ്ഞു: തിരുദൂതരേ, കെട്ടിടങ്ങളെല്ലാം തകര്‍ന്നു, സമ്പത്തെല്ലാം മുങ്ങിപ്പോയി. അതിനാല്‍ ഞങ്ങള്‍ക്കു വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ കൈകള്‍ ഉയര്‍ത്തി പ്രവാചകന്‍ പ്രാര്‍ഥിച്ചു: അല്ലാഹുവേ മഴയെ ഞങ്ങളുടെ ചുറ്റുപാടിലേക്ക് നീക്കേണമേ. ഞങ്ങള്‍ക്ക് എതിരായി തീര്‍ക്കരുതേ. പ്രവാചകന്‍ ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ മേഘം അങ്ങോട്ടു നീങ്ങി. മദീന വലിയൊരു വെള്ളത്തൊട്ടി പോലെയായി. അങ്ങനെ താഴ്‌വര ഒരു മാസത്തോളം ഖനാത്ത് താഴ്‌വരയില്‍ വെള്ളമൊഴുകി. ഏതു ഭാഗത്തു നിന്ന് ആരു വന്നാലും സമൃദ്ധമായ മഴയെ കുറിച്ച് പറയുമായിരുന്നു.

أَصَابَ : ബാധിച്ചു
سَنَة : വരള്‍ച്ച   
عَهْد : കാലം  
خَطَبَ : പ്രഭാഷണം നിര്‍വഹിച്ചു   
قَامَ : എഴുന്നേറ്റു നിന്നു
أَعْرَاِبي  : ഗ്രാമീണ അറബി
هَلَكَ : നശിച്ചു  
جَاعَ : വിശന്നു, പട്ടിണിയിലായി  
عِيَال : കുടുംബങ്ങള്‍
دَعَا : പ്രാര്‍ഥിച്ചു
رَفَعَ : ഉയര്‍ത്തി
قَزَعَة : മേഘക്കീറ്, മേഘത്തിന്റെ കഷ്ണം
وَضَعَ : വെച്ചു
ثَارَ : പറന്നു, വ്യാപിച്ചു  
سَحَاب : മേഘം
جِبَال : പര്‍വതങ്ങള്‍
نَزَلَ : ഇറങ്ങി
يَتَحَادَرُ : ഉതിര്‍ന്നുവീഴുന്നു
لِحْيَةٌ : താടി
يَلِي : തുടര്‍ന്നു വരുന്ന
تَهَدَّمَ : തകര്‍ന്നു
بِنَاء : കെട്ടിടം
غَرِقَ : മുങ്ങി
حوالى : ചുറ്റും
نَاحِيَة : ഭാഗം
اِنْفَرَج : നീങ്ങി
جَوْبَة : വെള്ളത്തൊട്ടി, കുഴി
سَالَ : ഒഴുകി  
وَادِي : താഴ്‌വര  
قَنَاةٌ : മദീനയിലെ ഒരു താഴ്‌വരയുടെ പേര്
شَهْر : മാസം   
حَدّثَ : സംസാരിച്ചു  
جَوْد : സമൃദ്ധി  

അനുഗ്രഹങ്ങള്‍ ഇല്ലാതാവുമ്പോഴാണ് പലപ്പോഴും മനുഷ്യര്‍ അതിന്റെ വില തിരിച്ചറിയാറുള്ളത്. വെള്ളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ശുദ്ധമായ വെള്ളം തരാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന് അനുഭവങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്നു.
മനുഷ്യന് വെള്ളം നല്‍കാനും സസ്യങ്ങള്‍ മുളപ്പിക്കാനും നാടുകളെ സജീവമാക്കാനും സൃഷ്ടികളോട് കാരുണ്യം കാണിക്കാനുമായി അല്ലാഹു മഴ വര്‍ഷിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: അവന്‍ തന്നെയാകുന്നു മനുഷ്യന് നിരാശരായതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. (അശ്ശൂറാ 28)

അല്ലാഹുവിന്റെ മഹത്തായൊരനുഗ്രഹമാണ് മഴ. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു കാര്‍മേഘത്തെ തെളിച്ചുകൊണ്ടുവരികയും, എന്നിട്ട് അവയെ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ. അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക് കാണാം. ആകാശത്തു നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് – അവന്‍ ആലിപ്പഴം വര്‍ഷിപ്പിക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു (അന്നൂര്‍: 43).

ജലദൗര്‍ലഭ്യത അനുഭവപ്പെടുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കല്‍ പ്രവാചകന്മാരുടെ രീതിയായിരുന്നു. അല്ലാഹു അതിന് ഉത്തരവും നല്‍കിയിട്ടുണ്ട്. മൂസാ നബിയുടെ ജനത അദ്ദേഹത്തോട് വെള്ളം ആവശ്യപ്പെട്ടതിനെ കുറിച്ച് അല്ലാഹു പറയുന്നു: മൂസയോട് അദ്ദേഹത്തിന്റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. (അല്‍അഅ്‌റാഫ്: 160)

മഴക്കുവേണ്ടി പ്രാര്‍ഥിക്കല്‍ എന്നത് മുഹമ്മദ് നബിയുടെ ജീവിതത്തിലും കാണാം. അതാണ് ആദ്യം ഉദ്ധരിച്ച വചനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. അപ്രകാരം തന്നെ മഴക്ക് വേണ്ടി പ്രത്യേക നമസ്‌കാരവും നബി(സ) പഠിപ്പിച്ചു. അബ്ദുല്ലാഹിബ്‌നു സൈദില്‍ മാസിനി പറയുന്നു: പ്രവാചകന്‍ ഈ മുസ്വല്ലയിലേക്ക് മഴക്കുവേണ്ടി പ്രാര്‍ഥിക്കാനെത്തി. അദ്ദേഹം പ്രാര്‍ഥിച്ചശേഷം ഖിബ്‌ലക്കഭിമുഖമായി നില്‍ക്കുകയും തട്ടം ഭാഗം മാറ്റിയിടുകയും ചെയ്തു. രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു.(1)

പ്രവാചകന് ശേഷം സച്ചരിതരായ ഖലീഫമാരും ഇതര സഹാബികളുമെല്ലാം മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയും നമസ്‌കാരവും നിര്‍വഹിച്ചിട്ടുണ്ട്. ഇബ്‌നു ഉമര്‍ പറഞ്ഞു: ഉമറുബ്‌നുല്‍ ഖത്വാബ്, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബിനെ മുന്‍നിര്‍ത്തി മഴക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഇതാ നിന്റെ ദൂതന്റെ പിതൃവ്യനായ അബ്ബാസ്. അദ്ദേഹം മുഖേന ഞങ്ങള്‍ നിന്നിലേക്ക് തിരിയുന്നു. അതിനാല്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരേണമേ. അവര്‍ പ്രാര്‍ഥന തുടര്‍ന്നുകൊണ്ടിരിക്കെ അല്ലാഹു അവര്‍ക്ക് മഴ നല്‍കി.(2) അബ്ബാസിന്റെയും സഹാബികളുടെയും പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു.

അല്ലാഹുവിന്റെ ദാസന്മാരേ, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് അവനോട് വല്ലതും ചോദിക്കുമ്പോള്‍ അങ്ങേയറ്റത്തെ വിയത്തോടും ഭക്തിയോടും കൂടിയായിരിക്കണമത്. ഖുര്‍ആന്‍ പറയുന്നു: മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാകുന്നു. അല്ലാഹുവാകട്ടെ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഫാത്വിര്‍: 15)

ഇബ്‌നു അബ്ബാസ് പറഞ്ഞു: നബി(സ) മഴക്കുവേണ്ടിയുള്ള നമസ്‌കാരത്തിനായി വിനയാന്വിതനും ഭയഭക്തിയുള്ളവനുമായി പുറപ്പെട്ടു.(3)

അല്ലാഹുവിനോടുള്ള ഭക്തിയും വിനയവും പ്രാര്‍ഥന സ്വീകരിക്കപ്പെടാനും ഉത്തരം കിട്ടാനുമുളള കാരണമാണ്. അതിനാല്‍ മഴ കൊണ്ട് നിങ്ങള്‍ സന്തോഷിക്കുവിന്‍. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുവിന്‍. അവനോട് വിധേയത്വം കാണിക്കുന്നവരെ അവന്‍ നിരാശപ്പെടുത്തുകയില്ല.

നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുവിന്‍. മഴ വര്‍ഷിക്കാനുള്ള കാരണങ്ങളില്‍ പ്രാധാനപ്പെട്ട ഒന്നാണത്. നബി(സ)പറഞ്ഞു: ഒരാള്‍ വിജനമായൊരു സ്ഥലത്തായിരിക്കെ മേഘത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. ഇന്നയാളുടെ തോട്ടം നീ നനക്കുക. പിന്നീട് ആ മേഘം ഒരു ഭാഗത്തേക്ക് മാറി കറുത്ത ചരല്‍ക്കല്ലുള്ള പ്രദേശത്ത് അതിന്റെ വെള്ളം ചൊരിഞ്ഞു. അപ്പോള്‍ അതുവഴിയുണ്ടായ നീര്‍ച്ചാലുകളിലൊന്ന് ആ വെള്ളം മുഴുവന്‍ ഉള്‍ക്കൊണ്ടു. അങ്ങനെ അദ്ദേഹം ആ വെള്ളത്തെ പിന്തുടര്‍ന്നുപോയി. അപ്പോള്‍ തന്റെ തോട്ടത്തില്‍ മണ്‍വെട്ടികൊണ്ട് വെള്ളം തിരിച്ചുവിടുന്ന ഒരാളെ കണ്ടു. അപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു അല്ലയോ അല്ലാഹുവിന്റെ ദാസാ, താങ്കളുടെ പേരെന്താണ്? അയാള്‍ തന്റെ പേരു പറഞ്ഞു. മേഘത്തില്‍ നിന്ന് കേട്ട അതേ നാമം! അദ്ദേഹം ആഗതനോട് ചോദിച്ചു താങ്കളെന്തിനാണ് എന്റെ പേര് ചോദിക്കുന്നത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഈ വെള്ളം വര്‍ഷിച്ച മേഘത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. നിന്റെ പേരുള്ള ഒരു വ്യക്തിയുടെ തോട്ടം നനക്കാന്‍. താങ്കള്‍ എന്താണ് ഈ തോട്ടത്തില്‍ ചെയ്യുന്നത്? അപ്പോള്‍ അയാള്‍ തന്റെ കഥ പറഞ്ഞു. സത്യം പറയുകയാണെങ്കില്‍ ഞാന്‍ ഈ തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ അതിന്റെ മൂന്നിലൊന്ന് ഞാന്‍ ദാനം ചെയ്യും. മൂന്നിലൊന്ന് ഞാനും എന്റെ കുടുംബവും ഭക്ഷിക്കും. മൂന്നിലൊന്ന് അതിലേക്ക് തന്നെ മടക്കും (വിത്താക്കും). (4)

ധാരാളമായി പാപമോചനം തേടുന്നവര്‍ക്ക് ശക്തി നല്‍കി അല്ലാഹു സഹായിക്കും. അവര്‍ക്ക് മഴ വര്‍ഷിപ്പിച്ച് കൊടുക്കും. സമ്പത്തിലും സന്താനങ്ങളിലും ജീവിതത്തിലും ഐശ്വര്യം പ്രദാനം ചെയ്യും. നൂഹ് നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: അങ്ങനെ ഞാന്‍ പറഞ്ഞു നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ സമൃദ്ധമായി മഴ വര്‍ഷിപ്പിച്ചു തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (നൂഹ്: 10-12)

ഹൂദ് നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുവിന്‍. എന്നിട്ട് അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ പെയ്യിച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. (ഹൂദ്: 52)

………………………
1)    عَنْ عَبْدِ اللَّهِ بْنِ زَيْدٍ قَالَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  خَرَجَ إِلَى الْمُصَلَّى فَاسْتَسْقَى فَاسْتَقْبَلَ الْقِبْلَةَ وَقَلَبَ رِدَاءَهُ وَصَلَّى رَكْعَتَيْنِ  (متفق عليه)
2)    عَنِ ابْنِ عُمَرَ أَنَّهُ قَالَ : اسْتَسْقَى عُمَرُ بْنُ الْخَطَّابِ عَامَ الرَّمَادَةِ بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ ، فَقَالَ : اللَّهُمَّ هَذَا عَمُّ نَبِيِّكَ الْعَبَّاسُ ، نَتَوَجَّهُ إِلَيْكَ بِهِ فَاسْقِنَا ، فَمَا بَرِحُوا حَتَّى سَقَاهُمُ اللَّهُ (المستدرك)
3)    عَنْ هِشَامِ بْنِ إِسْحَاقَ بْنِ عَبْدِ اللهِ بْنِ كِنَانَةَ ، عَنْ أَبِيهِ ، قَالَ : أَرْسَلَنِي أَمِيرٌ مِنَ الأُمَرَاءِ إِلَى ابْنِ عَبَّاسٍ ، أَسْأَلَهُ عَنِ الاِسْتِسْقَاءِ ، فَقَالَ ابْنُ عَبَّاسٍ : مَا مَنَعَهُ أَنْ يَسْأَلَنِي ، خَرَجَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مُتَوَاضِعًا مُتَبَذِّلاً مُتَخَشِّعًا مُتَضَرِّعًا فَصَلَّى رَكْعَتَيْنِ كَمَا يُصَلِّي فِي الْعِيدِ ، وَلَمْ يَخْطُبْ خُطْبَتَكُمْ هَذِهِ (النسائي).
4)    عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ بَيْنَا رَجُلٌ بِفَلَاةٍ مِنْ الْأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ اسْقِ حَدِيقَةَ فُلَانٍ فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِي حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدْ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلَانٌ لِلِاسْمِ الَّذِي سَمِعَ فِي السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَنْ اسْمِي فَقَالَ إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلَانٍ لِاسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذْ قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِي ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ (مسلم)

Facebook Comments
Related Articles
Show More

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Check Also

Close
Close
Close