HistorySunnah

മദീനയെ ഇരുട്ടിലാഴ്ത്തിയ വിയോഗം

ഇസ്‌ലാം സമ്പൂര്‍ണമാകുകയും പ്രവാചകദൗത്യം പൂര്‍ണമാവുകയും ചെയ്തപ്പോള്‍ അല്ലാഹു തന്റെ നടപടിക്രമമനുസരിച്ച് പ്രവാചകന്‍(സ)യെ തിരിച്ചുവിളിക്കുകയുണ്ടായി. ഹിജ്‌റ 11-ാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സിലായിുന്നു പ്രവാചക വിയോഗം. റബീഉല്‍ അവ്വല്‍ മാസം തിങ്കളാഴ്ചയായിരുന്നു പ്രവാചകന്‍ മരണപ്പെട്ടത് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന് ഇമാം ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നു. ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചക വിയോഗം സംഭവിച്ചത് എന്ന് ഇബ്‌നു ഇസ്ഹാഖും രേഖപ്പെടുത്തുനനു.

ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്ര അന്ധകാര നിബിഢമായ ഒരു ദിനം ഉണ്ടായിട്ടില്ല. ദു:ഖവാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു. മദീനയാകെ ഇരുട്ടില്‍മുങ്ങി. ചക്രവാളങ്ങള്‍ അന്ധകാര നിബിഡമായി. അനസ്(റ) പറയുന്നു: ‘അല്ലാഹുവിന്റെ ദൂതര്‍ മദീനയില്‍ പ്രവേശിച്ചതുപോലുള്ള നല്ലതും പ്രകാശമാനമായതുമായ ഒരു നാള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. തിരുദൂതര്‍ വിടപറഞ്ഞതുപോലെ അന്ധകാരമയമായ ഒരു ദിവസവും ഞാന്‍ കണ്ടിട്ടില്ല.”(തിര്‍മുദി)

പുത്രി ഫാത്വിമ പറഞ്ഞു: ‘പ്രിയ പിതാവേ! അങ്ങയുടെ പ്രാര്‍ഥന റബ്ബ് സ്വീകരിച്ചിരിക്കുന്നു. പ്രിയപിതാവേ! സ്വര്‍ഗമാണ് അങ്ങയുടെ വാസസ്ഥലം. പ്രിയപിതാവേ! ജിബ്‌രീലിന് താങ്കളുടെ മരണവാര്‍ത്ത ഞങ്ങളറിയിക്കുന്നു.”

ധീരനായ ഉമര്‍ മരണവാര്‍ത്തകേട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ഏതോ ചില കപടന്മാര്‍ അല്ലാഹുവിന്റെ ദൂതര്‍ മരിച്ചുവെന്ന് പറയുന്നു. അവിടുന്ന് മരിച്ചിട്ടില്ല. മൂസാ(അ) തന്റെ നാഥനെ കാണാന്‍ പോയതുപോലെ പോയതാണ്. നാല്‍പതു ദിവസം കഴിഞ്ഞു അദ്ദേഹം മടങ്ങിവരികയും ചെയ്തു. അതിനിടക്ക് ജനങ്ങള്‍ പറഞ്ഞു മരിച്ചുവെന്ന് അല്ലാഹുവാണേ! തിരുദൂതര്‍ തിരിച്ചുവരികതന്നെ ചെയ്യും. അവിടുന്ന് മരിച്ചുവെന്ന് പറയുന്നവരുടെ കൈകാലുകള്‍ അദ്ദേഹം തിരിച്ചുവന്നാല്‍ കൊത്തുകതന്നെ ചെയ്യും.”

ഇതിനിടയില്‍ പക്വമതിയായ അബൂബക്ര്‍ സുന്‍ഹിലുള്ള തന്റെ വീട്ടില്‍നിന്ന് കുതിരപ്പുറത്തേറി കടന്നുവന്നു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ടു പള്ളിയിലേക്കുകടന്നു. അല്ലാഹുവിന്റെ ദൂതരെ ഉദ്ദേശിച്ച് ആഇശ(റ)യുടെ വീട്ടില്‍ പ്രവേശിച്ചു. എന്നിട്ട്, പുതച്ചു മൂടിയിട്ടിരുന്ന വിശുദ്ധ ദേഹത്ത്‌നിന്ന് മുഖം വെളിവാക്കി തിരുനെറ്റിയില്‍ ചുംബനമര്‍പ്പിച്ചു. കരഞ്ഞുകൊണ്ടു പറഞ്ഞു: ‘എന്റെ മാതാപിതാക്കളെ അങ്ങേക്കുവേണ്ടി ഞാന്‍ സമര്‍പ്പിക്കാം. അല്ലാഹു താങ്കളെ രണ്ടുതവണ മരിപ്പിക്കില്ല. അങ്ങേക്കു വിധിച്ച ഒരു മരണം അതിവിടെ നടന്നുകഴിഞ്ഞു.’

അബൂബക്ര്‍ പുറത്തു കടന്നു ഉമര്‍ അപ്പോഴും ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അബൂബക്ര്‍(റ) പറഞ്ഞു: ‘ഇരിക്കു ഉമര്‍! ഉമര്‍ ഇരിക്കാന്‍ തയ്യാറായില്ല. അതോടെ ജനങ്ങള്‍ ഉമറിനെ ഒഴിവാക്കി അബൂബക്കറിന്റെ നേരെതിരിഞ്ഞു. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു. ‘നിങ്ങളില്‍ ആരെങ്കിലും മുഹമ്മദ്(സ)യെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ മരിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അവനിപ്പോഴും മരിക്കാതെ ജീവിച്ചിരിക്കുന്നു!’ തുടര്‍ന്ന് ഈ ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തു.

‘മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍മാത്രമാകുന്നു. അദ്ദേഹത്തിനുമുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോവുകയോ? ആരെങ്കിലും പുറകോട്ടു തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിനു ഒരു ദ്രോഹവും അതുവരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നതാണ്.” (3:144). ഇബ്‌നു അബ്ബാസ് പറയുന്നു: ‘അബൂബക്കര്‍ ഇതു പാരായണം ചെയ്യുന്നതുവരെ ഇങ്ങനെ ഒരു സൂക്തം അല്ലാഹു അവതരിപ്പിച്ചതായി ജനങ്ങള്‍ അറിയാത്തതുപോലെയായിരുന്നു. അദ്ദേഹത്തില്‍നിന്ന് അത് ശ്രവിച്ചതോടെ അവരെല്ലാം അത് പാരായണം ചെയ്തുകൊണ്ടിരുന്നു.

ഇബ്‌നു മുസയ്യബ് പറയുന്നു: ഉമര്‍ പറഞ്ഞു: ‘അബൂബക്കര്‍ ആ സൂക്തം പാരായണം ചെയ്തുകേള്‍പ്പിച്ചപ്പോള്‍ അതു സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കി എന്റെ കാലുകള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെ കാലുകള്‍ മണ്ണില്‍ പുതഞ്ഞുപോയി. ഞാന്‍ ഭൂമിയിലേക്ക് കുനിഞ്ഞുപോയി. അങ്ങനെ പ്രവാചകന്‍ മരിച്ചതായി ഞാന്‍ മനസ്സിലാക്കി.'(ബുഖാരി)
ഉസ്മാന്‍(റ) വിവരിക്കുന്നു: പ്രവാചകന്‍(സ) വഫാത്തായപ്പോള്‍ എല്ലാ അനുചരന്മാരും അങ്ങേയറ്റത്തെ വ്യസനത്തിലായിരുന്നു. ചിലര്‍ വലിയ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ ഞാന്‍ ഈ വ്യസനം ബാധിച്ചവരുടെ കൂട്ടത്തിലായിരുന്നു. ഞാന്‍ മദീനയില്‍ ഇരിക്കുമ്പോള്‍ ഉമര്‍(റ) എന്റെയടുത്ത് വന്നു സലാം ചൊല്ലി. പക്ഷെ, അങ്ങേയറ്റത്തെ കദനഭാരത്താല്‍ സലാം ചൊല്ലിയത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല.
അബൂ ദുഐബുല്‍ ഹുദ്‌ലി രേഖപ്പെടുത്തുന്നു: ഞാന്‍ മദീനയിലേക്ക് പോയപ്പോള്‍ എല്ലാവരും തേങ്ങിതേങ്ങി കരയുന്നതു കണ്ടു, എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് പ്രവാചക വിയോഗത്തിലുള്ള വ്യസനത്താലാണ് അവര്‍ കരയുന്നതെന്ന് എനിക്ക് മനസ്സിലായത്.

പ്രവാചക വിയോഗത്തെ തുടര്‍ന്ന് സഹാബികളിലെ പ്രമുഖ കവികള്‍ അനുശോചന കാവ്യവുമായി രംഗത്തെത്തി. പ്രവാചക വിയോഗമൊഴികെയുള്ള എല്ലാ വിപത്തുകളും എനിക്ക് നിസ്സാരമാണ്. ദിവ്യബോധനം നിലച്ചതിനെ കുറിച്ച് പ്രവാചക വിയോഗത്തോടെ ആകാശവും ഭൂമിയുമായുള്ള ബന്ധം നിലച്ചിരിക്കുകയാണെന്ന് അവര്‍ വിലപിക്കുകയായി. മരണത്തില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമെങ്കില്‍ അല്ലാഹുവിന്റെ റസൂല്‍ മരണത്തിന്റെ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. തുടങ്ങിയ ശകലങ്ങള്‍ അതില്‍ കാണാം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Facebook Comments
Related Articles
Show More
Close
Close