Current Date

Search
Close this search box.
Search
Close this search box.

പാണ്ഡിത്യത്തെ പുകഴ്ത്തിയ പ്രവാചകചര്യ

baloon.jpg

ഇസ്‌ലാം അറിവിനും അറിവുള്ളവര്‍ക്കും നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിച്ച്  ധാരാളം പ്രവാചകചര്യകളും നബിവചനങ്ങളും വന്നിട്ടുണ്ട്. പ്രവാചകന്‍ പറയുന്നു: ‘അല്ലാഹു നന്മ വരുത്താന്‍ ഉദ്ദേശിക്കുന്നവന്ന് മതത്തില്‍ അവഗാഹം നല്‍കുന്നതാണ്.’
പ്രവാചകന്‍ അരുളിയതായി അബൂഹുറൈറ ഉദ്ധരിക്കുന്നു: ‘ആരെങ്കിലും അറിവ് തേടിക്കൊണ്ട് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവന്ന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പാമാക്കിക്കൊടുക്കും.’ മറ്റൊരു ഹദീസില്‍ മരണശേഷവും പ്രതിഫലം ലഭിക്കാന്‍ കാരണമാക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്നായി എണ്ണുന്നത് ഉപകാരപ്രദമായ അറിവിനെയാണ്.
അറിവിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ പ്രയോജനം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നുവെന്നതാണ്. അതിന്റെ പ്രതിഫലം എന്നെന്നും നിലനില്‍ക്കും. മനുഷ്യന്റെ മരണം ശേഷം വരെ അത് അവശേഷിക്കുമെന്നതും അതിന്റെ പ്രത്യേകതയാണ്. പ്രശസ്ത പണ്ഡിതനായ ഹാഫിള് അന്നദ്‌രി പറയുന്നത് കാണുക: ഉപകാരപ്രദമായ അറിവ് പകര്‍ത്തി എഴുതുന്നവന് അതിന്റെ പ്രതിഫലവും അത് വായിക്കുന്നവന്റെ പ്രതിഫലവും അതില്‍ നിന്ന് പകര്‍ത്തിയെഴുതുന്നവന്റെ പ്രതിഫലവുമുണ്ട്. അവന്ന് ശേഷം അത് ജീവിതത്തില്‍ പകര്‍ത്തിയവന്റെ പ്രതിഫലവും അവന് ലഭിക്കും. അവന്‍ എഴുതിവെച്ചതും ആ പ്രവര്‍ത്തനം ചെയ്യുന്നതും തുടരുന്ന കാലത്തോളം അവന്ന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. ഉപകാരപ്രദമല്ലാത്ത ഒരു വിവരം ആരെങ്കിലും പകര്‍ത്തി എഴുതിയാല്‍ അത് അവന്ന് ശിക്ഷക്ക് കാരണമാകും. അവന്‍ പകര്‍ത്തിയെഴുതിയതിനും മറ്റുള്ളവര്‍ വായിച്ചതിനും അത് പകര്‍ത്തിയെഴുതിയതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെയും ശിക്ഷയുടെ ഒരു ഭാഗം അവര്‍ക്ക് ലഭിക്കും. അവന്‍ പകര്‍ത്തിയെഴുതുന്നത് നിലനില്‍ക്കുന്ന കാലത്തോളം ശിക്ഷ തുടരും.’

പ്രവാചകന്‍ പറഞ്ഞതായി അബീദര്‍ദാഅ് (റ) പറയുന്നു: ആരെങ്കിലും അറിവ് നേടാന്‍ ഒരു വഴിക്ക് പുറപ്പെട്ടാല്‍ അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴിയെളുപ്പമാക്കും. വിദ്യാര്‍ഥി ചെയ്യുന്ന കാര്യത്തില്‍ തൃപ്തരായ മാലാഖമാര്‍ അവരുടെ മേല്‍ തങ്ങളുടെ ചിറകുകള്‍ താഴ്ത്തും. ആകാശഭൂമിയിലുള്ളതൊക്കെയും കടലിലെ മത്സ്യങ്ങള്‍ വരെ വിദ്യതേടുന്നവന് വേണ്ടി പാപമോചനമര്‍ത്ഥിച്ചുക്കൊണ്ടിരിക്കും. ഒരു ഭക്തനെക്കാള്‍ പണ്ഡിതനുള്ള മഹത്വം നക്ഷത്രങ്ങളെക്കാള്‍ ചന്ദ്രനുള്ള മഹത്വം പോലെയാണ്. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്‍മാര്‍ ദീനാറോ ദിര്‍ഹമോ അല്ല അനന്തരസ്വത്തായി അവശേഷിപ്പിച്ചിരിക്കുന്നത്. അവരുടെ അനന്തരസ്വത്ത് അറിവാണ്. ആര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചോ അവര്‍ നേരായ വഴിയിലാണ്.’
ഇമാം ഗസ്സാലി പറയുന്നു: ‘പ്രവാചകത്വത്തിന് മുകളില്‍ മറ്റൊരു പദവിയില്ലെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ആ പദവിയുടെ അനന്തരമെടുക്കുകയെന്നതിനെക്കാള്‍ അന്തസ്സുള്ള കാര്യം വേറെയില്ല. ആകാശ ഭൂമികളിലുള്ള എല്ലാം പണ്ഡിതന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. മലക്കുകളും അകാശ ഭൂമിയിലുള്ളതൊക്കെയും പാപമോചനം തേടിക്കൊണ്ടിരിക്കുക എന്നതിലും മഹത്തായ സ്ഥാനമെന്താണുള്ളത്! പണ്ഡിതന്‍ പഠനപ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരിക്കുന്ന കാലമൊക്കെയും ചരാചരങ്ങളൊക്കെയും പണ്ഡിതനുവേണ്ടിയുള്ള പ്രാര്‍ഥനകളില്‍ തിരക്കിലായിരിക്കും.’

സര്‍റു ബിന്‍ ഹുബൈശ്, സ്വഫ്‌വാന്‍ ബിന്‍ അസാലില്‍ മുറാദി എന്ന സ്വഹാബിയുടെ അടുത്ത് ചെന്നു. എന്തിനാണ് തന്റെ അടുത്ത് വന്നതെന്ന് സ്വഫ്‌വാന്‍ സര്‍റിനോട് ചോദിച്ചു. സര്‍റ് പറഞ്ഞു: ‘അറിവുതേടി വന്നതാണ് ഞാന്‍. അപ്പോള്‍ സ്വഫ്‌വാന്‍ പറഞ്ഞു: അറിവ് തേടിക്കൊണ്ട് തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യത്തിന്റെ പുണ്യം കൊണ്ട് മലക്കുകള്‍ തങ്ങളുടെ ചിറകുകള്‍ക്കൊണ്ട് തണല്‍ വിരിക്കുമെന്ന് പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.
നബിതിരുമേനി(സ) പറഞ്ഞതായി അബൂഹുറൈറ (റ) പറയുന്നു: ‘ഇഹലോകമെന്നാല്‍ ശപിക്കപ്പെട്ടതാണ്. അവയിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്. ദൈവസ്മരണയും അതിനോടനുബന്ധിച്ചുള്ളതും വിജ്ഞാനം തേടലും അത് പകര്‍ന്ന് കൊടുക്കലും ഒഴികെ.’
ഇഹലോകം ശപിക്കപ്പെട്ടതാണെന്ന് പറഞ്ഞാല്‍ അതിന്റെ ദോഷങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇഹലോകം അസ്തിത്വത്തില്‍ തന്നെ ശപിക്കപ്പെട്ടതല്ല. അത് പരലോകത്തേക്കുള്ള കൃഷിയിടമാണ്. വിശ്വാസത്തിന്റെയും ആരാധനയുടെയും ദൈവമാര്‍ഗത്തിലെ ധര്‍മസമരത്തിന്റെയും വീടാണ്. അത് ആക്ഷേപിക്കപ്പെടുന്നത് നിഷേധത്തിന്റെയും തിന്മയുടെയും ദൈവേദരശക്തികളെ അനുസരിക്കുന്നതിന്റെയും വീടായി മാറുമ്പോഴാണ്. കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്റെ നാഥനില്‍ നിന്നും പരലോകത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മനുഷ്യനെ തിരിച്ചുകളയുന്നു. അതുകൊണ്ടാണ് നാഥനെ സ്മരിക്കുന്നതും അതുമായി ബന്ധപ്പെട്ടതും നാഥന്‍ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ എല്ലാ കാര്യങ്ങളും ശാപത്തില്‍ നിന്ന് ഒഴിവാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചത്. ഇവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന ഇനത്തില്‍ പഠിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തവരാണ് ഉള്‍പെടുക. കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാത്ത പണ്ഡിതന്‍ ഇതില്‍ പെടില്ല. അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ തെറ്റുകാരാണ്.

പ്രവാചകന്‍ പറഞ്ഞതായി അനസ് (റ) പറയുന്നു: ‘ഒരാള്‍ അറിവ് തേടി പുറപ്പെട്ടാല്‍ തിരിച്ചെത്തുന്നതുവരെ അവന്‍ ദൈവമാര്‍ഗത്തിലാണ്.’ ദൈവമാര്‍ഗത്തിലാണ് എന്നതിനെ പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നത് ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരം എന്നാണ്.
അബൂഹുറൈറ (റ) പറയുന്നു: പ്രവാചകന്‍ പറഞ്ഞു: ‘പഠിക്കാനും പഠിപ്പിക്കാനുമായി ആരെങ്കിലും എന്റെ പള്ളിയിലേക്ക് വന്നാല്‍ അവന്‍ ദൈവമാര്‍ഗത്തിലെ പോരാളികളെ പോലെയാണ്.’ പോരാളിയും പണ്ഡിതനും അല്ലാഹുവിന്റെ നാമം ഏറ്റവും ഉന്നതമാക്കാനാണ് പ്രയത്‌നിക്കുന്നത്. ഒരാള്‍ പേനക്കൊണ്ടും മറ്റൊരാള്‍ വാളുകൊണ്ടും. അതുകൊണ്ടാണ് ഇരുകൂട്ടരും സമന്മാരാണെന്ന് പറഞ്ഞതെന്നാണ് പണ്ഡിതര്‍ വിശദീകരിച്ചിരിക്കുന്നത്.
അതുപോലെ പ്രവാചകന്‍ പണ്ഡിതന്മാരെയും പാണ്ഡിത്യത്തെയും ബഹുമാനിക്കാനും അവര്‍ക്ക് പരിഗണന നല്‍കാനും പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ അവരെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടെന്നും അവരറിയിച്ചിട്ടുണ്ട്.
ജാബിര്‍ (റ) പറഞ്ഞു: പ്രവാചകന്റെ കാലത്ത് രണ്ട് മയ്യിത്തുകള്‍ ഒന്നിച്ച് കബറടക്കാന്‍ കൊണ്ടുവന്നു. അപ്പോള്‍ ആരെ ആദ്യം മറവുചെയ്യണംമെന്നതിനെകുറിച്ച് സംശയമായി. പ്രവാചകന്‍ വന്നപ്പോള്‍ സ്വഹാബികള്‍ പ്രശ്‌നം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇവരിലാര്‍ക്കാണ് ഖുര്‍ആന്‍ കൂടുതല്‍ അറിയുക. അയാളെ ആദ്യം മറവ് ചെയ്യുക.
മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: പ്രായമായവരെ ബഹുമാനിക്കാത്തവനും ചെറിയവരോട് കരുണകാണിക്കാത്തവനും പണ്ഡിതന്മാരെ പരിഗണിക്കാത്തവനും നമ്മില്‍പെട്ടവനല്ല.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles