Sunnah

ത്വലാഖ് : വെറുക്കപ്പെട്ട ഹലാലോ?

‘അനുവദനീയകാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് ത്വലാഖ് ആണ്’- (ഹദീസ്)
ഈ ഹദീസിന്റെ പരമ്പരയെയും ആശയത്തെയും കുറിച്ച്  ദുര്‍ബലമാണെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ നിരവധിപേര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഹദീസ് നിദാനശാസ്ത്രം, ഖുര്‍ആന്‍, ഹദീസ്, ശറഈ പണ്ഡിതന്മാരുടെയും വീക്ഷണങ്ങള്‍ എന്നിവ പരിശോധിച്ചുകൊണ്ട് ഇതിന്റെ സാധുതയെ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

1. മുഹാരിബ് ബിന്‍ ദിസാര്‍ ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം ചെയത ഈ ഹദീസ് അബൂദാവൂദ്, ഇബ്‌നു മാജ, ഹാകിം എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അബൂദാവൂദ്, ബൈഹഖി എന്നിവരുടെ റിപ്പോര്‍ട്ടില്‍ ഇബ്‌നു ഉമര്‍ ഇല്ലാതെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഇബ്‌നുല്‍ ജൗസി ‘ഇലലുല്‍ മുതനാഹിയ’ എന്നഗ്രന്ഥത്തില്‍ ഇബ്‌നു മാജയുടെ പരമ്പരയിലെ അബീദുല്ലാഹ് ബിന്‍ വലീദ് അല്‍ വസാഫി ‘ദഈഫ്’ അഥവാ നിവേദക പരമ്പരയില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനായി രേഖപ്പെടുത്തുന്നു.
ഇബ്‌നുഹജര്‍ അദ്ദേഹത്തിന്റെ തല്‍ഖീസില്‍ വിവരിക്കുന്നു: ഇത് ദുര്‍ബലമല്ലാത്ത പരമ്പരയിലൂടെയും വന്നിട്ടുണ്ട്.
ഇതേ ആശയത്തില്‍ ഹാകിം റിപ്പോര്‍ട്ട് ചെയ്ത ഹദീസിന്റെ പരമ്പര ശരിയാണെന്ന് ഇമാം ദഹബിയും രേഖപ്പെടുത്തുന്നു.

ഈ ഹദീസിനെ ആശയം പരിഗണിച്ചുകൊണ്ട് ‘ദഈഫ്’ (ദുര്‍ബലം) ആക്കിയവരുണ്ട്. അനുവദനീയമായ കാര്യം എങ്ങനെയാണ് അല്ലാഹുവിങ്കല്‍ വെറുക്കപ്പെട്ടതാകുക എന്നവര്‍ ചോദിക്കുന്നു. ഇത് ഹദീസിന്റെ ദൗര്‍ബല്യത്തെ കുറിക്കുന്ന വൈരുദ്ധ്യമാണ് ഇതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
ഹലാല്‍ അഥവാ അനുവദനീയമായ കാര്യങ്ങളില്‍ തന്നെ മഹ്ബൂബ് (ശ്രേഷ്ടമാക്കപ്പെട്ടത്), മബ്ഗൂള് (വെറുക്കപ്പെട്ടത്) എന്നീ ഇനങ്ങള്‍ ഉണ്ട്. എല്ലാ ഹലാലും ശ്രേഷ്ടമാക്കപ്പെട്ടതല്ല എന്നാണ് ഇത് സ്വീകാര്യമായ ഹദീസാണ് എന്നഭിപ്രായമുള്ളവരുടെ ന്യായം.
ഖത്താബി മആലിമുസ്സുനന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: ‘ത്വലാഖിന് കാരണമാകുന്ന മോശമായ ബന്ധത്തെയാണ് ഹദീസില്‍  അരോചകമായി വന്നിട്ടുള്ളത്.
ത്വലാഖ് തത്വത്തില്‍ അനുവദനീയമാണ്. അതില്‍ വെറുക്കപ്പെട്ടത് ധിക്കാരത്തിലേക്ക് വഴിതെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

2. അരോചകമാണെങ്കിലും പരമാവധി ഭാര്യ ഭര്‍തൃബന്ധം നിലനിര്‍ത്താന്‍ വേണ്ടി ഖുര്‍ആന്‍ ആഗ്രഹിക്കുന്നതായി കാണാം. കുടുംബ ബന്ധം അവശേഷിക്കാനും തുടരാനുമായി അല്‍പം പ്രയാസങ്ങള്‍ സഹിക്കാനും ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു: ‘അവരോട് നന്മയില്‍ വര്‍ത്തിക്കുക, നിങ്ങള്‍ അവരില്‍ ചിലത് വെറുക്കുന്നുണ്ടെങ്കിലും. (അന്നിസാഅ്: 19)

അപ്പോള്‍ അനുസരണയുള്ള ഭാര്യയെ അങ്ങേയറ്റത്തെ അതിക്രമം പ്രവര്‍ത്തിച്ചാലല്ലാതെ വേര്‍പ്പെടുത്തിക്കൊണ്ട് ദ്രോഹിക്കരുത്. പ്രത്യേകിച്ച് സന്താനങ്ങളുള്ളവരാണെങ്കില്‍. അനുസരണക്കേടുള്ള സ്ത്രീകളെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു. (അന്നിസാഅ് : 34)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: ത്വലാഖ് അടിസ്ഥാനപരമായി നിരോധിച്ചിട്ടുള്ളതാണ്. അത് അനുവദനീയമാക്കപ്പെട്ടത് ആവശ്യത്തിന്റെ തോത് അനുസരിച്ചാണ്. പ്രവാചകന്‍(സ)വിശദീകരിക്കുന്നു. ‘പിശാച് തന്റെ സിംഹാസനം സമുദ്രത്തിന് മുകളില്‍ നാട്ടും. എന്നിട്ട് അവന്റെ പ്രതിനിധികളെ അയക്കും. ഏറ്റവും കൂടുതല്‍ ഫിത്‌ന വരുത്തിയവരെ തന്റെ സമീപസ്ഥരാക്കും, അങ്ങനെ ശൈത്താന്‍ വന്നുകൊണ്ട് പറയും. അവന്‍ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും തമ്മില്‍ വേര്‍പ്പെടുത്തുവോളം ഞാന്‍ അവന്റെ കൂടെയായിരുന്നു. അവനെ അതിനാല്‍ തന്റെ സമീപസ്ഥനാക്കും.

സിഹ്‌റ് അഥവാ മാരണത്തെ അതിക്ഷേപിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു. ‘ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍പ്പെടുത്തുന്ന ഒന്ന് അതില്‍ നിന്ന് പഠിപ്പിക്കുന്നു’. (അല്‍ബഖറ : 102)
പ്രവാചകന്‍ പറഞ്ഞു: ‘പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തന്റെ ഭര്‍ത്താവില്‍ നിന്ന് ത്വലാഖ് ചോദിക്കുന്ന സ്ത്രീക്ക് സ്വര്‍ഗ്ഗത്തിന്റെ ഗന്ധം പോലും നിഷിദ്ദമാണ്’. അതിനാല്‍ തന്നെ മൂന്ന് പ്രാവശ്യം മാത്രം അത് അനുവദനിയമാക്കിയിട്ടുള്ളത്.
ആവശ്യത്തിന് വേണ്ടിയാണ് ഇത് അനുവദനീയമാക്കിയിട്ടുള്ളതെങ്കില്‍ ഒറ്റതവണ തലാഖ് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. അതില്‍ അതികരിച്ചിട്ടുള്ളത് നിരോധമുള്ള ഇനത്തില്‍ പെട്ടതാണ് (മജ്മൂഅതുല്‍ ഫതാവാ)

3. ശറഇന്റെ മാനദണ്ഡങ്ങളും അടിസ്ഥാനങ്ങളും പരിഗണിക്കുമ്പോള്‍

1. ത്വലാഖ് ദീനിന്റെയും ദുനിയാവിന്റെയും നന്മകളുമായി ബന്ധപ്പെട്ട വിവാഹത്തെ ഇല്ലാതാക്കുന്നതാണ് എന്ന് ഹനഫികളില്‍ പെട്ട അല്‍ഹിദായ ഗ്രന്ഥകര്‍ത്താവ് പറയുന്നു.
2. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് ഉപദ്രവമേല്‍പിക്കുന്നതും അതുമൂലം ലഭ്യമാകുന്ന നന്മകള്‍ ഇരുവര്‍ക്കും ഇല്ലാതാക്കുന്നതുമാണത്. സ്വയം ഉപദ്രവമേല്‍ക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. (ഇബ്‌നുഖുദാമ-മുഗ്നി)
3. അടിസ്ഥാനപരമായ കാരണങ്ങളൊന്നുമില്ലാതെയാണെങ്കില്‍ അത് അവിവേകവും വിഢിത്വവുമാണ്. അടിസ്ഥാനപരമായി അത് നിരോധമുള്ളതാണ്. ശറഅ് അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ മാത്രമാണ് അത് അനുവദിക്കപ്പെട്ടിട്ടുള്ളത്. അതിനാലാണ്. ഇനി അവര്‍ നിങ്ങളെ അനുസരിക്കുകയാണെങ്കില്‍ അവരെ ഉപേക്ഷിക്കരുത് എന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് – ഹനഫികളില്‍ പെട്ട ഇബ്‌നു ആബിദീന്റേതാണ് ഈ അഭിപ്രായം.

ഈ ചര്‍ച്ചയില്‍ നിന്നും പ്രസ്തുത ഹദീസ് തെളിവായി സ്വീകരിക്കാമെന്നും ഖുര്‍ആനിലെയും ഹദീസിലെയും പ്രമാണങ്ങളെയും ശറഇന്റെ അടിസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതുമാണെന്നും മനസ്സിലാകുന്നു.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Show More

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Close
Close