Hadith PadanamSunnah

തിരശ്ശീലക്ക് പിന്നില്‍ നില്‍ക്കുന്നവര്‍

عَنْ مُعَاذ بن جَبَل قَالَ سَمِعْتُ رَسُولَ اللهِ صَلَّى الله عَليْهِ وسَلَّمَ ، يَقُولُ : إِنَّ يَسِيرَ الرِّيَاءِ شِرْكٌ، إِنَّ اللَّهَ يُحِبُّ الأَبْرَارَ الأَتْقِيَاءَ الأَخْفِيَاءَ ، الَّذِينَ إِذَا غَابُوا لَمْ يُفْتَقَدُوا ، وَإِنْ حَضَرُوا لَمْ يُدْعَوْا وَلَمْ يُعْرَفُوا , قُلُوبُهُمْ مَصَابِيحُ الْهُدَى ، يَخْرُجُونَ مِنْ كُلِّ غَبْرَاءَ مُظْلِمَةٍ.

മുആദുബ്‌നു ജബലി(റ)ല്‍ നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ കേട്ടു; പ്രകടപരതയില്‍ നിസാരമായത് പോലും ശിര്‍ക്കാണ്. കര്‍മങ്ങള്‍ രഹസ്യമാക്കിവെക്കുന്ന സൂക്ഷ്മാലുക്കളായ പുണ്യവാന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവര്‍ ഒരു സദസില്‍ വന്നിട്ടില്ലെങ്കില്‍ ആരും അന്വേഷിക്കുകയില്ല. ഇനി വന്നാല്‍ തന്നെ അവര്‍ പേര് വിളിക്കപ്പെടുകയില്ല. ആരും അവരെ തിരിച്ചറിയുകയുമില്ല.  അവരുടെ ഹൃദയങ്ങള്‍ സന്‍മാര്‍ഗത്തിന്റെ ദീപങ്ങളാണ്. എല്ലാ അന്ധകാരാവൃതമായ പൊടിപടലങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നു. (ഇബ്‌നുമാജ)

يَسير :നിസാരം  
رِياء : പ്രകടപരത  
شِرك : അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍  
أَبْرَار :  പുണ്യവാന്‍മാര്‍   
أتقِياء : സൂക്ഷ്മാലുക്കള്‍
أخفياء : മറച്ചുവെക്കുന്നവര്‍
غَابَ : അപ്രത്യക്ഷമായി
اِفْتَقَدَ : അന്വേഷിച്ചു
حَضَرَ : സന്നിതനായി
دَعا : വിളിച്ചു
عَرَف : തിരിച്ചറിഞ്ഞു
مَصَبيح : വിളക്കുകള്‍
غَبْراء : പൊടിപടലങ്ങള്‍
مظلمة : അന്ധകാരം നിറഞ്ഞ

ഉമര്‍(റ) ഒരിക്കല്‍ മസ്ജിദുന്നബവിയില്‍ വന്നപ്പോള്‍ പ്രവാചകന്റെ ഖബ്‌റിന് സമീപം മുആദ് ബിന്‍ ജബല്‍(റ) കരഞ്ഞുകൊണ്ടിരിക്കുന്നത് കാണാനിടയായി. അന്നേരം ഉമര്‍(റ) ചോദിച്ചു: അല്ലയോ മുആദ്, എന്തിനാണ് താങ്കള്‍ കരയുന്നത്? മുകളിലുദ്ദരിച്ച വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇഖ്‌ലാസ്വില്‍ കളങ്കമുണ്ടാവുന്നത് എത്ര പേടിയോടെയാണ് സഹാബികള്‍ കണ്ടിരുന്നത് എന്നതിന്റെ ഉത്തമോദാഹരമാണിത്.

തിരശ്ശീലക്ക് പിന്നില്‍ നിന്ന് ഇസ്‌ലാമിനെ സേവിക്കുന്ന ഒരുപാട് ആളുകളുണ്ട്.അവര്‍ പലപ്പോഴും പ്രസിദ്ധരായിരിക്കണമെന്നില്ല.  അവര്‍ പ്രശസ്തി ആഗ്രഹിക്കുന്നുമുണ്ടാകില്ല. ഒരു സംരംഭത്തെയോ സംഘടനെയോ സ്ഥാപനത്തെയോ കെട്ടിപ്പടുക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയില്‍ അവര്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടാവും. അത് പുറത്തു പറയാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. അത്തരക്കാരെ അല്ലാഹുവിന് വല്ലാത്ത ഇഷ്ടമാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്.

മുസ്‌ലിംകള്‍ കോണ്‍സ്റ്റാന്‍നോപ്പിള്‍ കോട്ട ഉപരോധിച്ച സമയത്ത്, സേനാനായകനായ മസ്‌ലമത്തുബ്‌നു അബ്ദില്‍ മലിക് തന്റെ സൈന്യത്തോട് ചോദിച്ചു: നമുക്ക് അകത്തേക്ക് കടക്കാന്‍ ഇനി ഒരൊറ്റവഴിയേ ഉള്ളൂ. അതായത്, അവര്‍ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്ന അഴുക്ക് ചാലിലൂടെ ആരെങ്കിലും ഉള്ളില്‍ കയറിപ്പറ്റണം. എന്നിട്ട് കോട്ടയുടെ വാതില്‍ തുറക്കണം. ഉടനെ മുഖംമൂടിയണിഞ്ഞ ഒരാള്‍ തയ്യാറായി മുന്നോട്ട് വന്നു. മസ്‌ലമ പറഞ്ഞു: താങ്കള്‍ ശഹീദായാല്‍ സ്വര്‍ഗം ലഭിക്കും. ഇനി അല്ലാഹു താങ്കളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വാതില്‍ തുറക്കണം. അയാള്‍ ഉള്ളില്‍ കയറി വാതില്‍ തുറന്നു. മുസ്‌ലിം സൈന്യം അകത്തു പ്രവേശിച്ചു. പിന്നീട് മസ്‌ലമ ആ വ്യക്തിയെ അന്വേഷിച്ചു. പക്ഷേ എവിടെയും കണ്ടില്ല. രണ്ട് മൂന്ന് ദിവസം അന്വേഷണം തുടര്‍ന്നു. ഒടുവില്‍ മുഖം മൂടി ധരിച്ച ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ ദൂതനാണ്. മൂന്ന് വ്യവസ്ഥകള്‍ താങ്കള്‍ അംഗീകരിക്കുകയാണെങ്കില്‍ അയാള്‍ താങ്കള്‍ക്കു മുന്നില്‍ വരും. 1 ആ പ്രവര്‍ത്തനത്തിന് പ്രതിഫലം നല്‍കരുത്. 2. അതിന്റെ പേരില്‍ സൈന്യത്തില്‍ പ്രത്യേക സ്ഥാനം നല്‍കരുത്. 3. ആ വിവരം ഖലീഫയെ അറിയിക്കരുത്. മസ്‌ലമ അവ അംഗീകരിച്ചു. അന്നേരം അയാള്‍ മുഖം വെളിവാക്കിപ്പറഞ്ഞു: അത് ഞാന്‍ തന്നെയായിരുന്നു.

ഒരു ദിവസം രാത്രി ഖലീഫ ഉമര്‍(റ) പാത്തുംപതുങ്ങിയും ഒരു വീട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. ആരും കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയ ത്വല്‍ഹ(റ) അദ്ദേഹത്തെ കണ്ടു. ത്വല്‍ഹക്ക് സംശയമായി. ഖലീഫ ആരും കാണാതെ ഈ പാതിരാവില്‍…. ത്വല്‍ഹ നേരം വെളുത്ത ഉടനെ ആ വീട്ടിലേക്ക് കയറിച്ചെന്നു… അവിടെ അന്ധയായ ഒരു വൃദ്ധസ്ത്രീയെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്നലെ ഇവിടെ ആരെങ്കിലും വന്നിരുന്നോ? ത്വല്‍ഹ ആ വൃദ്ധയോട് അന്വേഷിച്ചു. അതെ…. അയാള്‍ എന്നും വരാറുണ്ട്. ഇവിടുത്തെ വിസര്‍ജ്യങ്ങളും മാലിന്യവുമെല്ലാം വൃത്തിയാക്കിയ ശേഷം പോവുകയും ചെയ്യും.

അല്ലാഹുവുമായി ഹൃദയം കണക്ട് ചെയ്യുകയും ഭൂമിയിലൂടെ നടക്കുകയും ചെയ്യുന്ന ഇത്തരം ആളുകളെ അല്ലാഹുവിന് വളരെ ഇഷ്ടമാണ്. അവര്‍ ഒരിക്കലും പേരും പ്രശസ്തിയും ഉദ്ദേശിക്കുകയില്ല. അതിനാല്‍ എന്നെ ആരും പരിഗണിക്കുന്നില്ലല്ലോ എന്ന വിചാരത്താല്‍ നിരാശപ്പെടുന്ന അവസ്ഥ അവര്‍ക്കുണ്ടാവില്ല. കാരണം അല്ലാഹുവിന്റെ സാമീപ്യം അനുഭവിക്കുന്നവരാണവര്‍.

കര്‍മങ്ങള്‍ രഹസ്യമാക്കുന്നത് കൊണ്ട് പലപ്രയോജനങ്ങളുണ്ട്. ഉദാഹരമായി ദാനധര്‍മം. അത് രഹസ്യമായാണ് നാം ചെയ്യുന്നതെങ്കില്‍ ഇഖ്‌ലാസ്വിന് കളങ്കമേല്‍ക്കുകയില്ല. അതുപോലെ ദാനം ലഭിക്കുന്നവരുടെ അഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതീവ രഹസ്യമായി ദാനം ചെയ്യുന്നവരെ അന്ത്യനാളില്‍ തണല്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ഇതില്‍ നിന്ന് ഊഹിക്കാവുന്നതാണ്.

മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്‍ വേണ്ടിയാണ് പലപ്പോഴും പലതും പരസ്യപ്പെടുത്താറുള്ളത്. അതിനാല്‍ അത് തെറ്റല്ല. പക്ഷേ അത് മറ്റൊരു തെറ്റിന് കാരണമാവുന്ന രൂപത്തിലാവരുതെന്നുമാത്രം.

Facebook Comments

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker