Hadith PadanamSunnah

കരുത്തനായ വിശ്വാസിയെയാണ് അല്ലാഹുവിന് ഇഷ്ടം

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ.

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും നന്മയുണ്ട്. നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായം തേടുക. നീ ദുര്‍ബലനായിപ്പോകരുത്. നിനക്കെന്തെങ്കിലും (വിപത്ത്) ബാധിച്ചാല്‍ ‘ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു’ എന്ന് നീ പറയരുത്.  പകരം ‘അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു’ എന്ന് പറയുക. കാരണം (അങ്ങനെ ചെയ്തിരുന്നു/ചെയ്യാതിരുന്നു) ‘എങ്കില്‍’ എന്ന പ്രയോഗം പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ്. (മുസ്‌ലിം)

ശക്തന്‍: قَوِيٌّ
ഏറ്റവും പ്രിയപ്പെട്ടവന്‍: أَحَبُّ
ദുര്‍ബലന്‍: ضَعِيف
നന്മ: خَيْرٌ
താല്‍പര്യം കാണിച്ചു: حَرَصَ عَلَى
പ്രയോജനപ്പെടുന്നു, ഉപകാരപ്പെടുന്നു: يَنْفَعُ
സഹായം തേടി: اِسْتَعانَ
അശക്തനായി: عَجَزَ
ബാധിച്ചു: أَصَابَ
എങ്കില്‍: لَوْ
കണക്കാക്കി: قَدَرَ
ഉദ്ദേശിച്ചു: شَاءَ
ചെയ്തു, പ്രവര്‍ത്തിച്ചു: فَعَلَ
തുറക്കുന്നു:َ فْتَحُ

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ أَبِي هُرَيْرَةَ، قَالَ 
നബി(സ) പറഞ്ഞു:  قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും  الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ
എല്ലാവരിലും നന്മയുണ്ട് وَفِي كُلٍّ خَيْرٌ
നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്‍പര്യം കാണിക്കുക احْرِصْ عَلَى مَا يَنْفَعُكَ
അല്ലാഹുവിനോട് സഹായം തേടുക. നീ ദുര്‍ബലനായിപ്പോകരുത് وَاسْتَعِنْ بِاللهِ وَلَا تَعْجَزْ
നിനക്കെന്തെങ്കിലും (വിപത്ത്) ബാധിച്ചാല്‍ وَإِنْ أَصَابَكَ شَيْءٌ
‘ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു’ എന്ന് നീ പറയരുത് فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا
പകരം ‘അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു’ എന്ന് പറയുക وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ
കാരണം (അങ്ങനെ ചെയ്തിരുന്നു/ചെയ്യാതിരുന്നു) ‘എങ്കില്‍’ എന്ന പ്രയോഗം പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ് فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ

നന്മയുടെ എല്ലാ വശങ്ങളും ഒത്തുചേരുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷത. ശക്തി, ധീരത, വിജ്ഞാനം, സഹനം, വിശ്വസ്തത, സദാചാരബോധം, പോരാട്ടവീര്യം, കാരുണ്യം, ബുദ്ധികൂര്‍മത, ദിവ്യസഹായം തേടല്‍, ദൈവനിശ്ചയം സംതൃപ്തിയോടെ അംഗീകരിക്കല്‍, പിശാചിന്റെ കുതന്ത്രങ്ങളെ കുറിച്ച നിതാന്ത ജാഗ്രത, ദീന്‍ മുറുകെ പിടിക്കുന്നതില്‍ ഒരാളുടെയും ആക്ഷേപത്തെ ഭയപ്പെടാതിരിക്കല്‍, നന്മയോടുള്ള താല്‍പര്യം തുടങ്ങിയ ഗുണങ്ങളുടെ സാകല്യമാവണം സത്യവിശ്വാസി എന്നാണല്ലോ ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഉപരിസൂചിത ഹദീസ് ശക്തി ഒരു ആഭരണമാക്കാന്‍ ആഹ്വാനം ചെയ്യുന്നു. മനക്കരുത്, നിശ്ചയദാര്‍ഢ്യം, മൂര്‍ച്ചയുള്ള ബുദ്ധി, ശാരീരികാരോഗ്യം തുടങ്ങിയവയാണ് ഇവിടെ ശക്തികൊണ്ട് അര്‍ഥമാക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ബുദ്ധിയുണ്ടാവൂ എന്നാണല്ലോ പഴമൊഴി.
അതേസമയം കേവല കായികശേഷി ഇവിടെ ഉദ്ദേശ്യമല്ല. ദൃഢമായ ശരീരത്തില്‍ ഉറച്ച മനസ്സും ശരിയായ ചിന്തയും ഉണ്ടെങ്കിലേ അല്ലാഹുവിന്റെ പ്രീതി നേടാന്‍ കഴിയൂ. ജീവിതത്തിന്റെ അര്‍ഥം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും മനസ്സിന്റെ ചാഞ്ചല്യത്തിന് കീഴടങ്ങി ഐഹിക  ജീവിതത്തിന്റെ കെണിയില്‍ കുടുങ്ങുകയും മസില്‍ പവര്‍ കൊണ്ട് ലോകം കാല്‍ ചുവട്ടിലാക്കാമെന്ന് ധരിക്കുകയും ചെയ്ത മല്ലന്മാരുടെ ചരിത്രം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടല്ലോ. (അല്‍ഫജ്ര്‍ 6:14)

ഇഹലോകത്ത് ആത്മാഭിമാനത്തോടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാനും തദവസരത്തില്‍ സ്വജീവനും സമ്പത്തിനും കുടുംബത്തിനുമെതിരെ പൈശാചിക ശക്തികളില്‍ നിന്ന് ഉയരുന്ന ഭീഷണികളെ തൃണവല്‍ക്കരിച്ചുകൊണ്ട് അധാര്‍മികതക്കെതിരെ പടപൊരുതാനും, നരകത്തിലേക്കുള്ള വഴികളില്‍ നിന്ന് സ്വര്‍ഗത്തിന്റെ രാജവീഥിയിലേക്ക് ജനങ്ങളെ ആനയിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതനാവാനും മുകളില്‍ പറഞ്ഞ ശക്തികള്‍ കൂടിയേ തീരൂ. കല്‍തുറുങ്കുകളെയും കഴുമരങ്ങളെയും ഭയപ്പെടാത്ത കരുത്തരായ വിശ്വാസികളെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഇസ്‌ലാം അതിന് വലിയ പ്രാധാന്യം നല്‍കുന്നു. ഹൂദ് നബിയിലൂടെ അദ്ദേഹത്തിന്റെ ജനതക്ക് നല്‍കപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്ന് അവരുടെ ശക്തി വര്‍ധിപ്പിച്ചുതരുമെന്നായിരുന്നു. (ഹൂദ് :52) മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല, കോപമുണ്ടാകുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തന്‍ എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. (ബുഖാരി, മുസ്‌ലിം)

അല്ലാഹുവിനെ മാത്രം രക്ഷാധികാരിയായി സ്വീകരിക്കുക എന്നതാണ് ഈ ആന്തരിക ബലം നേടാനുള്ള പ്രധാനമാര്‍ഗം. (അല്‍കഹ്ഫ്: 13) അതുപോലെ, ശക്തിയുടെയും കഴിവിന്റെയും യഥാര്‍ഥ ഉറവിടം അല്ലാഹുവാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മറ്റൊരു വഴി. അതുകൊണ്ടായിരിക്കാം പ്രവാചകന്‍ പറഞ്ഞത്: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ എന്ന വാക്ക് (മനസ്സറിഞ്ഞ്) ധാരാളമായി ഉരുവിടുക. അത് സ്വര്‍ഗത്തിലെ നിധികളിലൊന്നാണ്. (അഹ്മദ്)

നിര്‍ബന്ധമായ ആരാധനകളിലുള്ള നിഷ്ഠ, സുന്നത്തായ കര്‍മങ്ങള്‍ വര്‍ധിപ്പിക്കല്‍, സുഖലോലുപത വര്‍ജിക്കല്‍ പൂര്‍വികരുടെ ചരിത്രങ്ങള്‍ വായിച്ച് പാഠങ്ങള്‍ ഉള്‍ക്കൊള്ളല്‍, സ്വന്തത്തെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും ചിന്തിക്കല്‍ (അദ്ദാരിയാത്ത്: 20,21), ഖുര്‍ആന്‍ പഠന സദസ്സുകളില്‍ പങ്കെടുക്കല്‍, സച്ചരിതരുമായുള്ള സഹവാസം, തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്നുനില്‍ക്കല്‍, ദൈനംദിനം വ്യായാമങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയവ അല്ലാഹു ഇഷ്ടപ്പെടുന്ന ശക്തി സംഭരിക്കാനുള്ള ഇതര മാര്‍ഗങ്ങളാണ്.

ഫലദായകവും പരലോകത്ത് നഷ്ടം വരുത്താത്തതുമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനും ഈ ഹദീസില്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു. അല്ലാഹു അവതരിപ്പിച്ച ജീവിത രീതി സ്വീകരിക്കുക എന്നതാണ് മാനവരാശിക്ക് ഏറ്റവും പ്രയോജനപ്രദം. അത് വര്‍ജിച്ച് മറ്റുള്ളവയുടെ പിന്നാലെ പോകുന്നവന്‍ വിഡ്ഢിയത്രെ. (അല്‍മാഇദ: 50)

‘എനിക്ക് കഴിയില്ല’ എന്ന നിഷേധാത്മക ചിന്ത കൈവെടിയണമെന്നും പ്രവാചകന്‍ ഉണര്‍ത്തുന്നു. കാരണം അത് നമ്മുടെ മനക്കരുത് ചോര്‍ത്തിക്കളയും. അത് എല്ലാറ്റില്‍ നിന്നും പിന്‍വലിയാന്‍ നമ്മെ പ്രേരിപ്പിക്കും. ‘എനിക്ക് കഴിയും’ എന്ന മനോഭാവം വളര്‍ത്താനും ദിവ്യസഹായത്തിനായി പ്രാര്‍ഥിക്കാനുമാണ് നബി(സ) ഇതിലൂടെ പഠിപ്പിക്കുന്നു. ‘അല്ലാഹുവേ, ദൗര്‍ബല്യത്തില്‍ നിന്നും അലസതയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു’ എന്ന് പ്രവാചകന്‍ നിരന്തരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു. (അബൂദാവൂദ്)

നമുക്ക് ഗുണമാണെങ്കിലും ദോഷമാണെങ്കിലും അല്ലാഹുവിന്റെ വിധി ഹൃദ്യമായി സ്വീകരിക്കണമെന്നും മറിച്ചുള്ള നിലപാടുകള്‍ പിശാചിലേക്കുള്ള വാതായനങ്ങള്‍ തുറക്കുമെന്നും ഈ ഹദീസിന്റെ അവസാനത്തില്‍ പ്രവാചകന്‍ മുന്നറിയിപ്പുനല്‍കുന്നു.

Facebook Comments
Related Articles

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).
Close
Close