We have also witnessed the sheer strength of faith and steadfastness from the Gazans over the last few months. Despite not being associated with any sect, movement, or ideology, they have shown resilience, patience, and resolve while under complete bombardment for the last six months.This indicates that there is still goodness in this Ummah.
മൗറിത്താനിയയിലെ പ്രമുഖ പണ്ഡിതനായ മുഹമ്മദ് അൽ ഹസൻ ബിൻ അദ്-ദദ്ദു അശ്ശൻഖീത്വിയുടെ Lessons taken from Operation al-Aqsa Flood എന്ന പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്ന വാക്കുകളാണ് മുകളിൽ സൂചിപ്പിച്ചത്.(1) തൂഫാനുൽ അഖ്സ ലോകരാഷ്ട്രീയ ഭൂപടത്തിന് പുതിയ ചില വരയും വർണ്ണവും നൽകിയിട്ടുണ്ട്. കുറ്റമറ്റ സുരക്ഷാപ്രതിരോധ വലയങ്ങളിൽ സുരക്ഷിതരാണെന്ന ഇസ്രയേലിന്റെ വീമ്പിന് മാത്രമല്ല പ്രഹരമേൽപ്പിക്കപ്പെട്ടത്. അത്യാധുനിക സംവിധാനങ്ങളോടു കൂടി വിപുലമായ ചാരക്കണ്ണുകളുടെ അകമ്പടിയോടെ രാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങളുടെയും സെക്യൂരിറ്റി ഗ്യാരണ്ടി ഏറ്റെടുത്ത ഹെജിമോണിക് സെക്യൂരിറ്റി യുടെ പദവിയിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും ഞെട്ടിച്ചു കൊണ്ടാണ് ഹമാസിന്റെ ഓപ്പറേഷൻ ആരംഭിക്കുന്നത്. തൂഫാനുൽ അഖ്സയുടെ ബാക്കിപത്രം ചർച്ച ചെയ്യുമ്പോൾ ലോകം പുതിയ തിരിച്ചറിവുകൾ നേടുകയാണ്. ലോകത്തലത്തിൽ തന്നെ ഫലസ്തീൻ-മസ്ജിദുൽ അഖ്സ ചരിത്രവും രാഷ്ട്രീയവും മുമ്പെങ്ങുമില്ലാത്ത വിധം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.
നീതിയും മനുഷ്യാവകാശവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ അന്താരാഷ്ട്ര നിയമങ്ങളുടെ പരിമിതികളും അങ്ങാടി പാട്ടായി. നിരന്തരമായ പരിശ്രമങ്ങളിലൂടെയും ക്ഷമയിലൂടെയും സാങ്കേതികവിദ്യയെയും മനുഷ്യ വിഭവത്തെയും അത്ഭുതകരമായി പ്രയോജനപ്പെടുത്തി നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിരോധ പോരാട്ടങ്ങൾക്ക് പുതിയ ജീവൻ പകർന്നു എന്ന നിലയിലാണ് തൂഫാനുൽ അഖ്സ ചരിത്രത്തിൽ അടയാളപ്പെടുത്തപെട്ടു കൊണ്ടിരിക്കുന്നത്. തൂഫാനുൽ അഖ്സയുടെ അനുരണനങ്ങളെ ലോകതലത്തിൽ തന്നെ വ്യത്യസ്ത വീക്ഷണ കോണുകളിൽ വിലയിരുത്തപ്പെട്ടു കൊണ്ടിരിക്കുമ്പോൾ നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ് അതിലെ ആത്മീയ ഘടകങ്ങൾ.
യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റൂഹി താഹിയുടെ പ്രബന്ധം ഇങ്ങനെയാണ് അവസാനിക്കുന്നത്: “ഗാസയിലെ ജനങ്ങളെ മാത്രമല്ല, മുഴുവൻ മനുഷ്യരാശിയെയും ദൈവിക മാർഗനിർദേശം എങ്ങനെ പ്രചോദിപ്പിക്കുന്നുവെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു, ഭൂതകാലത്തിലും വർത്തമാനത്തിലും സത്യാന്വേഷകരുടെ വിശ്വാസം, സ്വഭാവം, ദൃഢനിശ്ചയം എന്നിവയിൽ ഖുർആൻ ചെലുത്തുന്ന ആഴമേറിയതും കാലാതീതവുമായ സ്വാധീനമാണിവിടെ പ്രകടമാകുന്നത്”. ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സാമൂഹിക താളത്തെ നിർവചിക്കുന്ന വിശുദ്ധ ഖുർആനിൻ്റെ പാഠങ്ങൾ തൂഫാനുൽ അഖ്സയിൽ നിന്ന് പഠിച്ചെടുക്കാനുണ്ട്. ഭൗതികമായ എല്ലാവിധ കണക്കുകൂട്ടലുകൾക്കുമപ്പുറം അല്ലാഹുവിൻ്റെ വാഗ്ദാനങ്ങൾ പുലരുന്ന കാഴ്ചകൾ ഗസ്സ പകർന്നു നൽകുകയാണ്. “എത്രയെത്ര കൊച്ചു സംഘങ്ങൾ അല്ലാഹുവിന്റെ അനുമതിയാൽ വലിയ കൂട്ടങ്ങളെ അതിജയിച്ചിട്ടുണ്ട്. (സൂറത്തുൽ ബഖറ : 249).
ദൈവികമാർഗ്ഗത്തിൽ സത്യസാക്ഷ്യം നിർവഹിക്കുന്ന സംഘങ്ങൾ ഭൂമിയിൽ എവിടെയാണെങ്കിലും ഏതുകാലത്താണെങ്കിലും ലോകാവസാനം വരെ ഉമ്മത്തിന്റെ ഉത്തമ പാരമ്പര്യം നിലനിർത്തുന്ന ഒരു സാമൂഹിക സംവിധാനം ഭൂമിയിൽ ഉണ്ടാകുമെന്ന് പ്രവാചക സാക്ഷ്യത്തിന്റെ വർത്തമാനകാല അനുഭവം ഗസ്സ പകർന്നു നൽകുന്നു. “എന്റെ ഉമ്മത്തിൽ ഒരു സംഘം എപ്പോഴും സത്യത്തിൽ ഉറച്ചുനിൽക്കും; എത്ര പേർ എതിർത്താലും അവർക്ക് നാശം വരികയില്ല; അല്ലാഹുവിന്റെ വിധി വരുന്നതുവരെ.” (ബുഖാരി, മുസ്ലിം) ഈമാനിക ഗുണങ്ങൾ ഇത്രയേറെ വളർത്തപ്പെട്ട ഒരു സമൂഹം ഭൂമിയിൽ ഈ കാലത്ത് വേറെ ഉണ്ടാവുകയില്ല.
ഈമാനും തഖ്‌വയും തവക്കുലും റജാഉം വിവരിക്കാൻ ആയിരം പുസ്തകങ്ങളെക്കാൾ ശക്തമായ ജീവിത രൂപങ്ങൾ ഗസ്സയിൽ രൂപം കൊണ്ടു. വിജയവും നേട്ടങ്ങളും ഭൗതിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മാത്രംനിർവചിക്കപ്പെടുന്ന കാലത്ത് ആന്തരിക ഗുണങ്ങളുടെയും ധാർമികതയുടെയും അനിവാര്യതയെ ബോധ്യപ്പെടുത്തുന്ന ഒരു ജീവിത സംസ്കാരം ഗസ്സയിലെ പോരാളികൾ പ്രകടിപ്പിച്ചു. ദൈവിക സമർപ്പണത്തിലും പ്രതീക്ഷയിലും അവരുടെ കുടുംബങ്ങളെ വളർത്തി. സ്വർഗ്ഗത്തെക്കുറിച്ചുള്ള ഭാവനകൾ മനസ്സിൽ കൊണ്ടുനടക്കുന്ന കുഞ്ഞുങ്ങൾ, ശഹാദത്ത് കൊതിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർ, പുഞ്ചിരിയോടെ സ്വർഗ്ഗത്തിലേക്ക് യാത്രയാകുന്ന പോരാളികൾ, തീർച്ചയായും ഇത് വിശ്വാസ മൂല്യങ്ങളോടെ ജീവിച്ച സമൂഹങ്ങളുടെ പാരമ്പര്യത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക സമൂഹത്തിൻറെ ഈമാനിക ഗുണങ്ങളിൽ അധിഷ്ഠിതമായ ജീവിത സ്വഭാവത്തെ ശത്രുക്കൾ പോലും അത്ഭുതത്തോടെ നോക്കി കണ്ടത് അങ്ങനെയാണ്.
കുരിശു യുദ്ധ കാലത്ത് ഒരു കുരിശു സംഘത്തിലെ സൈനികൻ തന്റെ സുഹൃത്തിന് എഴുതിയ കത്തിൽ പറയുന്നത്: “അവർ കുതിരപ്പുറത്തും പ്രാർത്ഥിക്കുന്നു, അല്ലാഹുവിനെ ഭയന്ന് കരയുന്നു, ഇഹലോകത്തോട് വലിയ താൽപര്യം അവർക്കില്ല, അവർ മരിക്കുമ്പോൾ പോലും മുഖത്ത് പുഞ്ചിരിയാണ് — വിവാഹ സമയത്തെ പുതുമണവാളനെ പോലെ.”(2) തീർച്ചയായും ഈമാനിക മൂല്യങ്ങൾ ചരിത്രത്തിൽ എന്നും ഉല്പാദിപ്പിക്കുക ഇത്തരം മനുഷ്യരെ തന്നെയാണ്. ആയുധങ്ങളേക്കാളും ആൾബലങ്ങളെക്കാളും ധാർമികതയുടെയും ആത്മീയ മൂല്യങ്ങളുടെയും കരുത്ത് പതിറ്റാണ്ടുകളുടെ പ്രതിരോധ പോരാട്ടങ്ങളുടെ ജീവിതം ഗസ്സയിലെ പോരാളികളുടെ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
നിലക്കാത്ത വെടിയുണ്ടകളുടെയും ബോംബിങ്ങിന്റെയും നടുവിൽ ഗസ്സയിലെ ജനങ്ങളുടെ ചുണ്ടുകളിൽ മുഴങ്ങുന്നത് “اللهم إنا توكلنا عليك എന്നതാണ്. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നടക്കുന്ന കുട്ടികൾ പോലും“الحمد لله” എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകൾ. ഭാര്യയും മക്കളും നഷ്ടപ്പെട്ടവരായിട്ടും അവർ പറയുന്നത് “അല്ലാഹുവിൽ നിന്ന് നങ്ങൾ പ്രതിഫലം പ്രതീക്ഷിക്കുന്നു” എന്നാണ്. ദൈവിക സമർപ്പണത്തോടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധത പ്രതിസന്ധിയുടെ ഘട്ടങ്ങളിലും അവർ കൈവിടുന്നില്ല. പള്ളികൾ തകർക്കപ്പെട്ടിരിക്കുന്നു, വീടുകൾ തകർക്കപ്പെട്ടിരിക്കുന്നു, തെരുവിൻറെ നടുവിൽ നമസ്കരിച്ചും സുജൂദ് ചെയ്തു അവർ പറയുന്നു: “نحن نصلي لأن الصلاة هي قوتنا.”, “ഞങ്ങൾ നമസ്കരിക്കുന്നു, കാരണം നമസ്കാരം തന്നെയാണ് ഞങ്ങളുടെ ശക്തി.”
യുദ്ധവും സംഘർഷങ്ങളും മാനുഷിക മൂല്യങ്ങളെ റദ്ദ് ചെയ്യാൻ അവസരമായി കാണുന്ന ആധുനിക പരിഷ്കൃത സമൂഹത്തിന് മുമ്പിൽ ഉന്നതമായ സ്വഭാവഗുണങ്ങളും നന്മകളും ക്ഷമയോടെ പ്രകടിപ്പിച്ചുകൊണ്ട് ബന്ധികളോട് സ്വീകരിച്ച സമീപനങ്ങൾ പോരാളികളുടെ സമൂഹം ഖുർആനിക വചനങ്ങളുടെ മനോഹരമായ വ്യാഖ്യാന ചിത്രങ്ങൾ ലോകത്തിന് പകർന്നു നൽകി. നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (ഖുർആൻ 41: 34 ) ഗസ്സയിലെ ജനങ്ങൾ ഈ വചനത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളായി മാറി.
ഇമാം ഇബ്നു തൈമിയ്യ (റ) വിശദീകരിക്കുന്നു: “വിജയം സഹനത്തോടൊപ്പം വരുന്നു; ആശ്വാസം ബുദ്ധിമുട്ടിനൊപ്പം വരുന്നു; അല്ലാഹു ഒരു സമൂഹത്തെ അവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അല്ല, അവരുടെ ധാർമികതയുടെ അടിസ്ഥാനത്തിലാണ് വിജയിപ്പിക്കുന്നത്.” ഗസ്സ ലോകത്തിന് ഒരു പാഠശാല തന്നെയാണ്. പ്രത്യേകിച്ച് ‘ആധുനിക’ മുസ്ലിം സമൂഹത്തിന്. ഹൃദയത്തിൽ വിശ്വാസത്തിൻറെ കരുത്തും പ്രതീക്ഷയും കാത്തുസൂക്ഷിക്കാത്ത ഒരു സമൂഹത്തിനും അല്ലാഹുവിൻറെ വിജയം പ്രതീക്ഷിക്കുവാൻ തരമില്ല. മഹാനായ ഇമാം ഹസ്സൻ ബസരി (റ) പഠിപ്പിച്ചത് പോലെ: “ജനങ്ങൾ അവരുടെ ഹൃദയത്തിൽ തോറ്റാൽ, അവരുടെ സംഖ്യ എത്രയാണെങ്കിലും അവർ തോറ്റുതീരും.” വിശ്വാസ മൂല്യങ്ങളും കളങ്കങ്ങളിൽ നിന്നും മുക്തമായ മനസ്സും സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിലെ അതീവ പ്രാധാന്യമുള്ള കരുതിവെപ്പാണ്.
ചരിത്രത്തിൻ്റെ നിർണായകമായ ഒരു ഘട്ടത്തിൽ ഉമ്മത്തിന്റെ നായകൻ ഉമറുബ്നുൽ ഖത്താബ് (റ) തൻ്റെ സംഘത്തോട് പ്രസ്താവിച്ചത് പോലെ: “ ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് അല്ലാഹുവിനോടുള്ള അനുസരണയിൽ ജീവിക്കുന്നത് കൊണ്ടാണ്, അവരുടെ ശത്രുക്കൾക്കു തോൽവി വരുന്നത് അവർ ചെയ്യുന്ന പാപങ്ങൾ കൊണ്ടാണ്. നിങ്ങൾക്കും അവർക്കും പാപങ്ങളിൽ തുല്യതയുണ്ടായാൽ, അവർക്കാണ് കൂടുതൽ ശക്തി, അപ്പോൾ നിങ്ങളുടെ എണ്ണം കൂടുതലായാലും ആയുധങ്ങൾ കൂടുതലായാലും നിങ്ങളാണ് പരാജയപ്പെടുക”. (3) ചരിത്രത്തിൽ ശത്രുക്കൾ ഇസ്ലാമിക സമൂഹത്തെ വിലയിരുത്തിയതും അങ്ങനെ തന്നെയാണ്. നമ്മുടെ ആയുധങ്ങളെ അതിജീവിക്കുന്ന അവരുടെ ധാർമികത നമ്മളെ തോൽപ്പിക്കും എന്നവർ ഭയപ്പെട്ടിരുന്നു. റോമൻ സാമ്രാജ്യവും മുസ്ലിം സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ അതിജയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന മുസ്ലിം സൈന്യത്തെ കുറിച്ച് കേട്ടപ്പോൾ ഹിറക്ലിയസ് തന്റെ പ്രമാണികളെയും പരിചയസമ്പന്നരായ ജനറലുകളെയും വിളിച്ച് ചേർത്ത് ചോദിച്ചു:
“ഈ പുതിയ മതം സ്വീകരിച്ചവർ (മുസ്ലിംകൾ) എങ്ങനെ ഇത്ര വേഗം വിജയിക്കുന്നു? അവരുടെ ശക്തി എന്താണ്?” അപ്പോൾ അവിടെ സന്നിഹിതനായിരുന്ന ഒരു വൃദ്ധനായ റോമൻ സൈനികൻ പറഞ്ഞു: “രാജാവേ! അവർ രാത്രിയിൽ നമസ്കരിക്കുന്നവരും, പകലിൽ നോമ്പ് നോൽക്കുന്നവരുമാണ്. ആരോടും അനീതി കാണിക്കുന്നവരല്ല. നന്മ ചെയ്യാൻ അവർ ആഹ്വാനം ചെയ്യുന്നു, തിന്മകളിൽ നിന്ന് അവർ മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നു. കരാറിൽ ഉറച്ചു നിൽക്കുന്നു, തമ്മിൽ പരസ്പരം ഉപദേശിക്കുന്നു. ശക്തൻ ദുർബ്ബലനെ ചൂഷണം ചെയ്യുന്നില്ല. അവർ ഒരേ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നിൽക്കുന്നവരാണ്.” അതിനുശേഷം ഹിറക്ലിയസ് പറഞ്ഞത്: “ഇങ്ങനെ ഉള്ളവരെ തന്നെയാണ് അല്ലാഹു ഭൂമിയിൽ ശക്തരാക്കുന്നത്.” (4)
ആ ധാർമികതയുടെ നന്മകളുടെ പ്രകാശം പ്രതിസന്ധികളുടെ മേൽക്കൂരയ്ക്ക് കീഴിലും ഹമാസും ഗസ്സയിലെ വിശ്വാസി സമൂഹവും പ്രകടിപ്പിച്ചു എന്നതാണ് തങ്ങൾ വർഷിച്ച ബോംബുകളെക്കാൾ പ്രഹരശേഷിയുള്ളത് എന്ന് ശത്രുക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വർഗ്ഗം കിനാവ് കാണുന്ന മനുഷ്യർ, കനത്ത ബോംബിങ്ങിലും പട്ടിണി മരണങ്ങൾക്കിടയിലും ഭൗതിക ജീവിതത്തിന്റെ പ്രലോഭനങ്ങൾക്ക് ഒട്ടും വഴങ്ങാത്ത മനുഷ്യർ, ഇത് ചരിത്രത്തിൻ്റെ ആവർത്തനം തന്നെയാണ്. “ഞാൻ ഒരു സമൂഹത്തെ കണ്ടു, അവർ ജീവിതത്തെക്കാൾ മരണത്തെ സ്നേഹിക്കുന്നു; ഇഹലോകത്തെ അവർ അവഗണിക്കുന്നു, നിങ്ങൾ മരണത്തെ അവഗണിക്കുന്നത് പോലെ. അവരുടെ ഇടയിൽ അഹങ്കാരമോ അധികാരമോഹമോ ഇല്ല. അവർ ഭൂമിയിൽ ഇരിക്കുന്നു, മണ്ണിൽ ഇരുന്നാണ് അവർ ഭക്ഷണം കഴിക്കുന്നത്. അവരുടെ നേതാക്കൾ സാധാരണക്കാരെപ്പോലെ തന്നെയാണ്; നേതാവിനെയും കീഴാളനെയും തിരിച്ചറിയാൻ സാധ്യമല്ല. നമസ്കാര സമയമായാൽ ആരും പിന്തി നിൽക്കാറില്ല, എല്ലാവരും സുജൂദിലാകും.” (5)
വിശ്വാസഗുണങ്ങൾ ഉൾച്ചേർന്ന മുസ്ലിംങ്ങളെ കുറിച്ച് താർത്താരികളുടെ വാക്കുകൾ ഇബ്നു കസീർ (റ) ഉദ്ധരിക്കുന്നുണ്ട്. മുസ്ലിംകളുടെ നമസ്കാരത്തെയും കണ്ണുനീരിനെയും കണ്ടപ്പോൾ അവരുടെ ഉള്ളിൽ ആകാംക്ഷയും ഭയവും തോന്നിയിരുന്നു. “ഇവരെ തോൽപ്പിക്കാൻ കഴിയില്ല, കാരണം ഇവർ ദൈവത്തോട് ബന്ധം പുലർത്തുന്ന ജനമാണ്.” (6) തന്ത്രങ്ങളെയോ യുദ്ധസന്നാഹങ്ങളെയോ പരിശ്രമങ്ങളെയോ വിസ്മരിച്ചിട്ടല്ല ഗസ്സയിലെ പോരാളികൾ ആത്മീയ വിഭവത്തെ ശേഖരിച്ചത്. എന്നാൽ എല്ലാ വിഭവങ്ങളുടെയും മുകളിൽ നിൽക്കുന്നതും നിൽക്കേണ്ടതും വിശ്വാസത്തിൻ്റെ ദാർഢ്യവും വിശ്വാസ ഗുണങ്ങളുടെ മേന്മകളുമായിരിക്കണമെന്ന നിർബന്ധ ബുദ്ധി പോരാട്ട ഭൂമിയിൽ പതിറ്റാണ്ടുകൾ പിന്നിട്ട ആ സമൂഹം കൈവെടിഞ്ഞില്ല എന്ന പാഠം ഖുർആനിനോടൊപ്പം ജീവിച്ച പോരാട്ട സമൂഹത്തിന്റെ ആധുനിക ചരിത്രത്തെ അടയാളപ്പെടുത്തുന്നു.
References:
1- Islam21c എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
2- (من مذكرات أحد الفرسان أثناء الحروب الصليبية
3- yaqeeninnstitute.org, From Gaza to Islam: Understanding the Qur’an’s Transformative Power
Published: April 22, 2024 • Updated: August 11, 2025 Author: Roohi Tahir
4- Ibn Kathir, al-Bidayah wan Nihayah, vol. 7; Ibn Taymiyyah, Majmu’ al-Fatawa, 28/63)
5- (البداية والنهاية, ابن كثير، جـ 7؛ فتوح الشام، الواقدي
5- فتوح مصر والمغرب , പേജ് 226)
6- البداية والنهاية لابن كثير، ج 13)
Summary: The article reflects on the spiritual, moral, and historical lessons drawn from Operation al-Aqsa Flood, emphasizing how the steadfastness of Gaza’s people reveals the enduring strength of faith within the Muslim Ummah. It argues that the operation reshaped global perceptions—not only militarily and politically, but also morally—by exposing the failures of international justice and reviving the spiritual essence of resistance. Rooted in Qur’anic teachings, the Gazans’ patience, prayer, and moral discipline under relentless bombardment embody a living example of divine reliance and ethical victory over material power. Their humane treatment of captives, humility, and unity mirror the prophetic traditions of righteousness and perseverance. Drawing on Islamic scholars from Ibn Taymiyyah to Umar ibn al-Khattab, the article asserts that true triumph stems from faith and moral integrity, not numbers or weapons. Gaza thus emerges as both a battlefield and a spiritual school—proving that divine strength and unwavering belief can outshine the might of empires.