Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ ഹൃദയത്തെ പുണരുമ്പോൾ!

تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِینَ یَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِینُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِ
(തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു).

പരീക്ഷണമോ അതോ ശിക്ഷയോ എന്താണെന്ന് അറിയാത്ത നിമിഷങ്ങൾക്കിടയിലൂടെ മനുഷ്യർ സഞ്ചരിക്കുമ്പോൾ ഒരോ സത്യവിശ്വാസിയും തന്റെ സന്തോഷത്തലും ദുഃഖത്തിലും അല്ലാഹുവിനേയും വിശുദ്ധ ഖുർആനേയും ചേർത്തു പിടിക്കേണ്ടതുണ്ട്. സർവതിന്റെയും പരിസമാപ്തി അല്ലാഹുവിലേക്കാണ്. മനോഗതങ്ങൾ അറിയുന്നത് അവനാണല്ലോ. വാക്കുകളുടെയും പ്രവൃത്തികളുടെയും പിന്നാമ്പുറ രഹസസ്യങ്ങൾ അറിയുന്നവനും, പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും പരിണിത ഫലം നിശ്ചയിക്കുന്നവനും ! പരിശുദ്ധ ഖുർആനിന്റെ ഗദ്യസാഹിത്യം മസ്തിഷ്കങ്ങളുമായി അഭിരമിക്കുമ്പോൾ പദ്യസാഹിത്യം ഹൃദയങ്ങളുമായിട്ടാണ് അഭിരമിക്കുന്നത്. മഹാപ്രഭാന്റെ വാക്കുകൾക്ക് മുന്നിൽ പറക്കമറ്റ പരുന്തിനെപ്പോലെ നിസ്സാഹയമായി നിൽക്കുന്ന ഒരവസ്ഥ എന്നതിനെ പറയാമെന്ന് തോന്നുന്നു. അതനുഭവിച്ചറിയേണ്ടതുണ്ട്. അത്രയേറെ വിശുദ്ധ ഖുർആനെ പ്രണയിച്ചു കഴിഞ്ഞാൽ ഏത് പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിൽക്കുന്ന കൂട്ടാളിയെപ്പോലെ, റാഞ്ചാൻ വരുന്ന കഴുകനിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ തന്റെ തൂവൽസ്പർശത്തിനടിയിൽ ഒളിപ്പിക്കുന്ന തള്ളക്കോഴിയെപ്പോലെ വിശുദ്ധ ഖുർആനെ നമുക്ക് കാണാം. മന: സംഘർഷം അനുഭവിക്കുന്നവർക്ക് ആശ്വാസവും അത് നിൽക്കുന്നു. സൂറ: യൂസുഫിൽ യഅ്ഖൂബ് നബി (അ) തന്റെ മക്കളോട് പറയുന്ന മനോഹരമായ ഒരു രംഗമുണ്ട്;
یَـٰبَنِیَّ ٱذۡهَبُوا۟ فَتَحَسَّسُوا۟ مِن یُوسُفَ وَأَخِیهِ وَلَا تَا۟یۡـَٔسُوا۟ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا یَا۟یۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَـٰفِرُونَ
(എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.)

സ്വന്തം ഹൃദയങ്ങൾ അല്ലാഹുവുമായി ബന്ധിച്ചവരും അവന്റെ കാരുണ്യത്താൽ അത്മവിശുദ്ധിയാർജിച്ചവരും ആ ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാവുകയില്ല. ദുരന്തങ്ങൾ അവരെ നാലുപാടു നിന്നും വലയം ചെയ്താലും, വിഷമങ്ങൾ അവരെ വീർപ്പുമുട്ടിച്ചാലും. ദൈവവിശ്വാസത്തിന്റെ ശീതളഛായയാൽ ദൈവവിശ്വാസി എല്ലായ്പ്പോഴും ദൈവകാരുണ്യത്തിലും അതുവഴി സമാധാനത്തിലുമായിരിക്കും. വിഷമങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കത്തിലായിരിക്കുമ്പോഴും!

ഖുർആനെ ഹൃദയവുമായി സംസാരിപ്പിച്ചാൽ പിന്നെ എന്താകുമെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു.
تَرَىٰۤ أَعۡیُنَهُمۡ تَفِیضُ مِنَ ٱلدَّمۡعِ …
ദൈവദൂതന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിലെ സൂക്തങ്ങൾ വിശുദ്ധ ഖുർആനെ പ്രണയിക്കുന്ന യാർത്ഥ വിശ്വാസികൾ കേട്ട് കഴിഞ്ഞാൽ പിന്നെ അവരുടെ കണ്ണുകൾ അശ്രുവിനാൽ ഒഴുകുന്നതായി നിനക്ക് കാണാം. അവരുടെ ഉൾത്തടങ്ങൾ വിറകൊളും; ഹൃദയങ്ങൾ ലീനമാകും. തങ്ങൾ കേട്ട സത്യത്താൽ അഗാധമായി സ്വാധീനിക്കപ്പെട്ടതിന്റെ ഫലമായി അവരുടെ നയനങ്ങൾ നിറഞ്ഞൊഴുകും. മനുഷ്യമനസ്സിന്റെ സവിശേഷമായ ഒരവസ്ഥയാണിത്. ഏതെങ്കിലും കാര്യം ഹൃദയത്തെ ആഴത്തിൽ സ്വാധീനിക്കുകയും അതു പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവാതെ വരികയും ചെയ്യുമ്പോഴാണ് കണ്ണുകൾ നിറഞ്ഞൊഴുകുക. വാക്കുകൾക്കു സാധിക്കാത്ത വികാര പ്രകടനം കണ്ണീരിനു സാധിക്കുന്നു! ഒരു യാർത്ഥ വിശ്വാസിയുടെ മസ്തിഷ്കത്തേയും മനസ്സിനേയും വല്ലാതെ പോറലേൽപ്പിക്കുന്ന വിശുദ്ധ ഖുർആന്റെ വല്ലാത്തൊരു പ്രഖ്യാപനമാണിത്. നാം നമ്മോട് ആത്മാർത്ഥമായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; വിശുദ്ധ ഖുർആൻ പലപ്പോഴായി പാരായണം ചെയ്യുന്ന നാം ഖുർആനിലെ ഏതെങ്കിലും ഒരു സൂക്തം നമ്മുടെ ഹൃദയവുമായി സംവദിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന്. മനസ്സിനെ വല്ലാതെ സ്വാധീനിച്ച മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റ) യുടെ ഒരു വചനം നമുക്കിവിടെ ചേർത്തു വെക്കാം,”ربما “طالعت على الآية الواحدة نحو مائة تفسير (വിശുദ്ധ ഖുർആനിൽനിന്നും ഒരു സൂക്തം വായിച്ചതിന്റെ കാരണമായി നൂറിൽപരം തഫ്സീറുകൾ എനിക്ക് നോക്കേണ്ടി വന്നു ).

മുൻഗാമികൾ എല്ലാവരിലും തന്നെ തങ്ങളുടെ മജ്ജയിലും മാംസത്തിലും അലിഞ്ഞ് ചേർന്നതായിരുന്നു വിശുദ്ധ ഖുർആൻ. രോമാഞ്ചജനകമായ ഹൃദയ വികാരങ്ങളോടെയാണ് ഈ സന്ദേശത്തെ അവർ സ്വീകരിച്ചിരുന്നത് . പ്രവാചകന്മാർ, സ്വഹാബാക്കൾ, ലോകം വാഴ്ത്തുന്ന മഹാ പണ്ഡിതന്മാർ അരുടെ ചർമങ്ങളും ഹൃദയങ്ങളും നാഡീവ്യൂഹങ്ങളുമെന്നു വേണ്ട, സർവാംഗം അവർ ദൈവസ്മൃതിയാൽ ദ്രവീകൃതമായി അതിൽ വിലയം കൊള്ളുമായിരുന്നു. വിശുദ്ധ ഖുർആൻ എന്ന സമുദ്രത്തിൽ പ്രപഞ്ചമാസകലം അതിൽ മുങ്ങിപ്പോവുകയാണ്. നിരന്തരം നമ്മൾ ഉപയോഗിക്കുന്ന ‘അദ്ധ്യായം’ എന്ന പദപ്രയോഗം പോലും നമ്മളറിയാതെ ഖുർആനെ ലളിതമാക്കുകയും ചെറുതാക്കലുമാണ് എന്ന് ഞാൻ കരുതുന്നു. തീർച്ചയായും ഓരോ സൂക്തവും ഒരോ സത്യ വിശ്വാസിയുടെ ദ്യഷ്ടികളെ ആവാഹിക്കേണ്ടതുണ്ട്, കണ്ണുകൾ അതിനെ ആശ്ലേഷിക്കേണ്ടതുണ്ട് മനസ്സിലേക്കും മസ്തിഷ്ക്കത്തിലേക്കും ശരീരത്തിലേക്കും അത് വഴിഞ്ഞൊഴുകേണ്ടതുണ്ട്. എന്തായാലും വിശുദ്ധ ഖുർആന്റെ യശസ്സും മഹസ്സും സർവാതിശായിയാണ്. സത്യവിശ്വാസികൾ സ്വീകരിക്കുന്ന രീതിയാണ് വിശുദ്ധ ഖുർആൻ ഇവിടെ വരച്ചിടുന്നത്.

അടുക്കി വെച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രകൃതത്തിലോ ആഭിമുഖ്യങ്ങളിലോ, ആത്മാവിലോ സവിശേഷതകളിലോ വൈരുധ്യങ്ങളില്ല. അതിന്റെ വിവിധ ഭാഗങ്ങൾ പരസ്പര പൊരുത്തവും സാദൃശ്യവും പുലർത്തുന്നു. അതിലെ കഥകളും സൂചനകളും ലക്ഷ്യങ്ങളും ദൃശ്യങ്ങളും പലകുറി ആവർത്തിക്കപ്പെടുന്നു. എങ്കിൽതന്നെയും അതിൽ വൈരുധ്യങ്ങളില്ല. ഓരോ സന്ദർഭത്തിലും അത് ആവർത്തിക്കപ്പെടുന്നത് സാന്ദർഭിക യുക്തിയുടെ താൽപര്യമനുസരിച്ചാണ് . അതുകൊണ്ട് സ്വന്തം രക്ഷിതാവിനെ പേടിക്കുകയും സൂക്ഷിക്കുകയും അതനുസരിച്ചു നിതാന്തജാഗ്രതയിലും ഭക്തിയിലും ജീവിക്കുകയും, പ്രതീക്ഷയോടും പ്രത്യാശയോടും കൂടി അവനിലേക്ക് ദൃഷ്ടി തിരിച്ചുകൊണ്ട് കഴിഞ്ഞു കൂടുകയും ചെയ്യുന്നവർ, രോമാഞ്ചജനകമായ ഹൃദയ വികാരങ്ങളോടെയാണ് ഈ സന്ദേശത്തെ സ്വീകരിക്കുക.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles