Current Date

Search
Close this search box.
Search
Close this search box.

നന്മയിലേക്ക് വഴിനടത്തുന്ന വേദം

‘സന്മാർഗം കാംക്ഷിച്ച് ഖുർആൻ വിചിന്തനത്തിലേർപ്പെട്ടാൽ,
സത്യത്തിന്റെ പാത വ്യക്തമാകുന്നതായിരിക്കും’ -ഇബ്‌നുതൈമിയ

വിദ് എന്ന ധാതുവിൽനിന്ന് നിഷ്പന്നമായ ശബ്ദമാണ് വേദം. വിജ്ഞാനം, അവബോധം, വിവരം എന്നൊക്കെയാണ് അതിനർഥങ്ങൾ. എന്നാൽ, വെളിപാട് മുഖേന അവതീർണമാകുന്ന ദിവ്യജ്ഞാനത്തിനു മാത്രമേ സാങ്കേതികമായി വേദം എന്ന് പറയുകയുള്ളൂ.

ഓരോ മതത്തിനും അതിന്റേതായ വേദങ്ങളുണ്ട്. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവ ഹിന്ദുമത്തിന്റെ വേദങ്ങളാണ്. ആത്മാവ്, ജീവിതം, ധർമം എന്നിവ പ്രദിപാദിക്കുന്ന ഹിന്ദുമതത്തിന്റെതന്നെ മറ്റൊരു വേദമാണ് ഭഗവദ്ഗീത. ജൂതമതത്തിന്റെ വേദങ്ങളാണ് തൽമൂദും ബൈബിൾ പഴയനിയമവും. ക്രിസ്തുമതത്തിന്റെ വേദമാണ് ബൈബിൾ പുതിയനിയമം. താവോ തെ ചിങ് താവോമതത്തിന്റെയും സെന്തവസ്ഥ സൊരാഷ്ട്രമതത്തിന്റെയും വേദങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു. ഇനിയും ഒത്തിരിയുണ്ട് വേദങ്ങൾ. ഓരോ വേദവും ഈശ്വരപ്രോക്തമാണെന്നാണ് വിശ്വാസം.

ധർമം, നീതി, സത്യം പോലുള്ള സനാതനതത്വങ്ങൾ ഉൾകൊള്ളുന്ന വിജ്ഞാനങ്ങളുടെ സമാഹാരമാണ് വേദങ്ങൾ. വേദങ്ങളിലെ ഓരോ വാക്കും ആശയവും സൂക്ഷമവും കൃത്യവുമായിരുന്നു. മാനവികതയുടെ അധ്യാത്മികവും ഭൗതികവുമായ വിജ്ഞാനങ്ങളുടെ സ്രോതസ്സാണ് വേദങ്ങൾ. മനുഷ്യൻ ശീലിക്കുന്ന മുഴുവൻ മൂല്യങ്ങളുടെയും വേരുകൾ ചെന്നെത്തിനിൽക്കുന്നത് വേദങ്ങളിലാണ്. ദൈവം സവിശേഷം തെരഞ്ഞെടുക്കുന്ന പുണ്യപുരുഷന്മാരിലൂടെയാണ് അവ അവതീർണമാവുന്നത്.

കാലമേറെ ചെന്നപ്പോൾ, വേദങ്ങളുടെ ചൈതന്യം നഷ്ടപ്പെടുവെന്നത് മറ്റൊരു കാര്യം. അധികാര, പുരോഹിത വൃന്ദങ്ങളുടെ സ്വാർഥതാൽപര്യങ്ങളുടെ ഫലമായി ദൈവേതരമായ പലതും വേദങ്ങളിൽ കടന്നുകൂടുകയുണ്ടായി. ധർമമേത്, അധർമമേത് എന്നുപോലും തിരിച്ചറിയാനാവാത്തവിധം ഇടപെടലുകൾ വേദങ്ങളിൽ ഉണ്ടായിട്ടുണ്ട്. എത്രത്തോളമെന്നാൽ, വേദങ്ങളുടെ സാരമായ ഏകദൈവവിശ്വാസത്തിനുപോലും കോട്ടം സംഭവിച്ചു. എങ്കിലും, ഇന്നും വേദങ്ങളിൽ ഒട്ടേറെ ഗുണപാഠങ്ങളുണ്ട്; ജീവിതവിജയത്തിന് സഹായകരമാവുന്ന തത്വങ്ങളുണ്ട്. വിജ്ഞാനസ്‌നേഹികൾ അവ കണ്ടെത്തി ജീവിതത്തിൽ പകർത്തുകതന്നെ വേണം.

അവതരിച്ച തനദ്‌രൂപത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരേയൊരു വേദമേയുള്ളൂ. ഖുർആനത്രെ അത്. ഹിറാഗുഹയിൽ ധ്യാനനിമഗ്നനായ മുഹമ്മദ് നബിയുടെ വിശുദ്ധഹൃദയത്തിലേക്കായിരുന്നു ഖുർആനിന്റെ അവതരണം. ഇതരവേദങ്ങളുടെ ആത്മാവ് ചോർന്നുപോയെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം, ഖുർആൻ അവയെ ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഖുർആൻ പറയുന്നത് നോക്കൂ: ”സത്യസന്ദേശവുമായി ഈ വേദം ഇറക്കിതന്നത് അവനാകുന്നു. അത് മുൻവേദങ്ങളെ ശരിവെക്കുന്നു”(ആലുഇംറാൻ: 2).

ഇതരവേദങ്ങളിൽനിന്ന് ഖുർആനിനെ വ്യതിരിക്തമാക്കുന്ന മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന്, ജീവിതത്തിന്റെ മുഴുമേഖലകളിലേക്കും ആവശ്യമായ ധാർമികതത്വങ്ങൾ പകർന്നുനൽകുന്നു ഖുർആൻ. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, സമ്പത്ത്, സംസ്‌കാരം, നാഗരികത തുടങ്ങി ഒന്നും ഖുർആനിന്റെ വൃത്തത്തിൽനിന്ന് ഒഴിവല്ല. ഈ വക രംഗത്തേക്കുള്ള മൂല്യങ്ങൾ നൽകി മനുഷ്യനെ നേരായ പാതയിലേക്ക് വഴിനടത്തുകയാണ് ഖുർആൻ: ”ഈ ഖുർആൻ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സൽകർമങ്ങൾ പ്രവർത്തിക്കുന്ന വിശ്വാസികൾക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാർത്ത അറിയിക്കുന്നു”(അൽഇസ്‌റാഅ്: 9). രണ്ട്, പ്രായോഗികമായ പൊരുളുകളാണ് ഖുർആൻ നിരത്തുന്നത്. വരട്ടുവാദമോ ജീവിതനിഷേധമോ അതിലില്ല. സംതുലിതവും ലളിതവുമാണ് ഖുർആനിന്റെ പാഠങ്ങൾ. തന്നെയുമല്ല, മുഹമ്മദ് നബി ഖുർആനിക തത്വങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രയോഗവൽക്കരിച്ച് കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. അവിടുത്തെ ജീവിതവും സംസാരങ്ങളും ക്രോഡീകരിച്ചിട്ടുണ്ട്. അവ ഖുർആനിന്റെ പ്രായോഗിക വിശദീകരണങ്ങളാണ്. മൂന്ന്, ആത്മീയ-ഭൗതികതലങ്ങളെ സമന്വയിപ്പിക്കുന്നു. പള്ളിയെയും തെരുവിനെയും ഒരുപോലെ കാണുന്നു. ആത്മാവിന് പോഷണം നൽകുന്നതുപോലെ ശരീരത്തിനും പ്രജ്ഞക്കും പോഷണം ആവശ്യമാണെന്ന് വിശ്വസിക്കുന്നു. ആത്മീയമായ പ്രതിഫലങ്ങളെ നിഷേധിക്കാതെ ഇഹലോക വിഭവങ്ങൾ സമ്പാദിക്കാനും ആസ്വാദിക്കാനും ആവശ്യപ്പെടുന്നു. മനുഷ്യർക്ക് ദൈവം ഒരുക്കിവെച്ചതാണ് ഐഹിക വിഭവങ്ങൾ.

Related Articles