Quran

ഈമാനിന്റെ സ്വാദും സുഗന്ധവും

സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവ സ്‌‌മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.

[16] أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ

അല്ലാഹുവിനെ കുറിച്ചുള്ള സ്‌മരണയില്‍ നിന്നും തെറ്റിപ്പോകുന്നതിനെയാണ്‌ ഈ സൂക്തം ഓര്‍‌മ്മപ്പെടുത്തുന്നത്.മു‌ന്‍കഴിഞ്ഞ പ്രവാചകന്മാരുടെ സമൂഹത്തെ പോലെ ആയിപ്പോകരുതെന്ന്‌ താക്കീത് നല്‍‌കുന്നുമുണ്ട്‌.കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി എന്ന ദൗര്‍‌ഭാഗ്യകരമായ വിശേഷവും ഖുര്‍‌ആന്‍ പറഞ്ഞു തരുന്നുണ്ട്‌.

അല്ലാഹുവിന്റെ സ്‌മരണകള്‍ സജീവമാക്കുന്നതില്‍ പ്രഥമ പ്രാധാന്യം നല്‍‌കിയിരിക്കണം.ഇതിന്നായി നിഷ്‌കര്‍‌ഷിക്കപ്പെട്ട നമസ്‌കാരം നിഷ്‌ഠയോടെ അനുഷ്‌ഠിക്കണം.നമസ്‌കാരത്തില്‍ പ്രതിജ്ഞയുണ്ട്‌ പ്രാര്‍‌ഥനയുണ്ട്‌ സ്‌തുതിയും സ്‌ത്രോത്രവുമുണ്ട്‌.ദിനേന ഇടവിട്ട്‌ അനുഷ്‌ഠിച്ചു കൊണ്ടിരിക്കുന്ന ഈ കര്‍‌മ്മം വിശ്വാസിയെ തേജസ്സുള്ള ഒരു കര്‍‌മ്മയോഗിയാക്കി മാറ്റുന്നുണ്ട്‌.ഇതു വഴി ദൈനം ദിന ചര്യകള്‍ ഏറെ സമ്പന്നമാകും.ശുഭാപ്‌തി വിശ്വാസവും മനസ്സുഖവും ലഭിക്കും.ജീവിതത്തിന്റെ സകല ഇടപാടുകളിലും വിശ്വാസിയെ ഏറെ ആകര്‍‌ഷകമാക്കുകയും ചെയ്യും.സന്തോഷത്തെയും സന്താപത്തെയും സമ ചിത്തതയോടെ നേരിടാന്‍ വിശ്വാസിക്ക്‌ പ്രചോദനം നല്‍‌കുന്നതും നമസ്‌കാരം തന്നെയാണ്‌.അമിതമായി സന്തോഷിക്കാന്‍ അവന്‌ കഴിയില്ല.അമിതമായി ദുഃഖിക്കാനും.എല്ലാറ്റിനും ഒരു പരിതിയും പരിമിതിയും ഉണ്ടാകും.ഇത്തരം പരിതിയും പരിമിതിയും നഷ്‌ടപ്പെട്ട സമൂഹമാണ്‌ വേദം നല്‍‌കപ്പെട്ടവര്‍ എന്നാണ്‌ ഖുര്‍‌ആനിന്റെ സൂചന.അഥവാ അവരുടെ ആരാധനകള്‍ പ്രകടനപരതിയില്‍ ഒതുങ്ങുകയും ദൈവ വിചാരം യാന്ത്രികവും ബിം‌ബവത്കരിക്കപ്പെടുകയും ചെയ്‌തതിന്റെ ദുരന്ത ഭൂമികയിലാണ്‌ വേദം നല്‍കപ്പെട്ടവര്‍ എന്നു ഓര്‍‌മ്മിപ്പിക്കുകയാണ്‌ വിശുദ്ധഖുര്‍‌ആന്‍.

ഖുര്‍‌ആന്‍ ഓര്‍‌മ്മിപ്പിക്കുന്ന ഈ ദുരന്ത ഭൂമികയിലായിരിക്കണം ഒരു പക്ഷെ വിശ്വാസി സമൂഹം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത് എന്നു വേണം അനുമാനിക്കാന്‍. നിഷ്‌കര്‍‌ഷിക്കപ്പെട്ടതും അല്ലാത്തതുമായ അനുഷ്‌ഠാനങ്ങള്‍ അധികവും പ്രകടനപരതയുടെ സകലമാന വേഷഭൂഷാധികളും അണിഞ്ഞ്‌ ചിലങ്ക കൊട്ടി ആടുകയും പാടുകയുമാണ്‌. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും അടിച്ചു പൊളിക്കുകയാണ്‌.ചെറിയ ചെറിയ പരീക്ഷണങ്ങളില്‍ പോലും നിലതെറ്റി വീണു പോകുന്നും ഉണ്ട്‌.

വിശ്വാസിയുടെ കാര്യം ഏറെ അത്ഭുതകരമത്രെ.എപ്പോഴും പൂര്‍‌ണ്ണ സംതൃപ്‌തനായിരിക്കും. ഒന്നിലും അതിരു കവിയുകയില്ല. വിട്ടു വീഴ്‌ചയും സ്‌നേഹവും കരുണയും അവന്റെ മുഖ മുദ്രയായിരിക്കും. അല്ലാഹു നല്‍‌കുന്ന പരീക്ഷണങ്ങളെ പൂര്‍‌ണ്ണ മനസ്സോടെ സ്വീകരിക്കും. ഇതാണ്‌ പ്രവാചക പാഠങ്ങളിലെ വിശ്വാസി. കപടന്മാര്‍ ഒരിക്കലും സം‌തൃപ്‌തരായിരിക്കില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍‌ക്കാനും മെനക്കെട്ടെന്നു വരില്ല. നല്‍കപ്പെടുന്ന പരീക്ഷണങ്ങളില്‍ ഒരു വേള ക്ഷുഭിതരായിരിക്കും. അവരുടെ മനസ്സ്‌ എപ്പോഴും അസ്വസ്ഥമായിരിക്കും. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അശുഭകരമായതെന്തൊക്കെയോ നടക്കുന്നു എന്ന വിധം വെപ്രാളപ്പെട്ടു കൊണ്ടിരിക്കും.

ഇവിടെയാണ്‌ ഖുര്‍‌ആന്‍ പഠിപ്പിച്ച സമാശ്വാസത്തിന്റെ സൂക്തം ഓര്‍‌ത്തിരിക്കേണ്ടത്. ‘ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.’

مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَاۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ 22

അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നടക്കുന്നു എന്ന പൂര്‍‌ണ്ണ ബോധവും ബോധ്യവും ഒരു വിശ്വാസിയില്‍ പ്രസരിപ്പിക്കുന്ന ഭാവഭേദങ്ങള്‍ വിവരണാതീതം തന്നെ. വീക്ഷണ വൈവിധ്യങ്ങള്‍ ഇസ്‌ലാമിക ദര്‍‌ശനത്തില്‍ അന്യമായതൊന്നും അല്ല. എന്നാല്‍ അടിസ്ഥാനപരമായതിനെ പോലും മുഖവിലക്കെടുക്കാത്ത അവസ്ഥ യഥാര്‍‌ഥ ആദര്‍‌ശത്തില്‍ നിന്നുള്ള വ്യതിചലനമായി മാറിയേക്കും. അതിനാല്‍ കടുത്ത ജാഗ്രത പുലര്‍‌ത്തണം. ചൊല്ലിപ്പഠിച്ചതിനപ്പുറമുള്ള ഉള്ള്‌ പൊള്ളുന്ന വിതാനത്തിലേയ്‌ക്ക്‌ ഉയരുമ്പോള്‍ മാത്രമേ ഈമാനിന്റെ സ്വാദും സുഗന്ധവും ആസ്വാദ്യകരമാകുകയുള്ളൂ.

Facebook Comments
Related Articles
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Check Also

Close
Close
Close