Quran

ഖുര്‍ആനിന്‍റെ അമാനുഷികതക്ക് പിന്നിലെ രഹസ്യങ്ങള്‍

പദങ്ങളെല്ലാം തന്നെ അറബി ഭാഷയിലായിരിക്കെ എന്താണ് ഖുര്‍ആനിന്‍റെ അമാനുഷികതക്ക് പിന്നിലെ രഹസ്യമെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ലളിതാമാണ് അതിന്‍റെ ഉത്തരം. ഖുര്‍ആന്‍ നിര്‍ണ്ണിതമായൊരു ശൈലിയില്‍ ഒരു ആശയത്തെക്കുറിച്ച് പറയുമ്പോള്‍ ഭാഷാശാസ്ത്രത്തിലെ അധികായര്‍ക്ക് അതിന്‍റെ യഥാര്‍ത്ഥ ആശയത്തിലേക്ക് എത്താനാകുന്നില്ല. നിര്‍ണ്ണിതമായൊരു ശൈലിയിലൂടെ ഖുര്‍ആന്‍ പറഞ്ഞ ആ ആശയം മറ്റൊരു രീതിയിലും ശൈലിയിലും പറയാന്‍ അവര്‍ക്കാകുന്നില്ല. മറ്റു ചില അറബി പദങ്ങള്‍ ഉപയോഗിച്ച് പറയാന്‍ അവര്‍ ശ്രമിക്കുമെങ്കിലും ഒരിക്കലും ഖുര്‍ആന്‍ ഉദ്ദേശിച്ച ആശയം അതേ ഭംഗിയാര്‍ന്ന വാക്കലും ഭാഷാ ഘടനയിലും സാഹിത്യ രൂപത്തിലുമത് നേടിത്തരികയില്ല. അതാണ് മുന്‍കാല പല അറബ് സാഹിത്യ കുലപതികളെയും ഇസ്ലാമിലേക്ക് അടുപ്പിച്ചത്.

ഉദാഹരണത്തിന്, ‘وجعلوا لله شركاء الجن'(അല്‍അന്‍ആം: 100) എന്ന സൂക്തം ശ്രദ്ധിക്കുക.
‘ജിന്നുകളെയവര്‍ അല്ലാഹുവിന്‍റെ പങ്കുകാരാക്കി’യെന്ന ഈ സൂക്തത്തിന്‍റെ ഘടന വിശകലനം ചെയ്യുന്നവന്‍ അതിലെ കേന്ദ്രപദമായ ലില്ലാഹ് എന്നതിന്നു മുമ്പ് ക്രിയ+കര്‍ത്താവ്+ഒന്നാം കര്‍മ്മം+രണ്ടാം കര്‍മ്മം എന്ന രീതിയില്‍ ‘وجعلوا الجن شركاء لله’ എന്നാക്കി മാറ്റും. അതൊരിക്കലും ഖുര്‍ആന്‍ ഉദ്ദേശിച്ച അര്‍ത്ഥം തരുന്നില്ല. കാരണം, അവര്‍ മാറ്റിയെടുത്ത ഈ ഘടനയും രീതിയും ആശയത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ചേക്കാം. അഥവാ, ജിന്നുകളെക്കൂടാതെ മലക്കുകളെപ്പോലെ മറ്റു ചിലരെക്കൊണ്ടും മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിന് പങ്ക് ചേര്‍ത്തിട്ടുണ്ടെന്നിരിക്കെ ജിന്നുകളെ മാത്രമേ അവര്‍ അല്ലാഹുവിന്‍റെ പങ്കുകാരാക്കിയിട്ടുള്ളൂ എന്നോ അല്ലെങ്കില്‍ പങ്കുകാരില്‍ നിന്ന് ജിന്നുകളെ മാത്രം അവര്‍ പങ്ക് ചേര്‍ത്തതെന്ന അര്‍ത്ഥമാണ് അവരുടെ മാറ്റിത്തിരുത്തലുകള്‍ കൊണ്ട് ലഭിക്കുന്നത്. ജീന്നുകളെക്കാളും ഉയര്‍ന്ന പദവിയിലുള്ള മലക്കുകളെ പങ്കുകാരാക്കിയത് അവരുടെ വാചകത്തില്‍ നിന്ന് ലഭിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനൊരു പങ്കുകാരനുമില്ല താനും. മേല്‍പറഞ്ഞ വാചകത്തിലത് അവ്യക്തതകള്‍ ഉണ്ടാക്കുകയും ചെയ്യും.

Also read: നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!

‘فأذاقها الله لباس الجوع والخوف بما كانوا يصنعون'(അന്നഹ്ല്‍: 112) എന്ന സൂക്തം ശ്രദ്ധിക്കുക. ഭാഷയുടെയും പദോപയോഗങ്ങളുടെയും ഘടനയും ഭംഗിയും അത് വ്യക്തമാക്കിത്തരുന്നുണ്ട്. വിശപ്പും ഭയവും രുചിപ്പിച്ചു എന്ന് പറഞ്ഞിടത്ത് ആ രണ്ടിന്‍റെയും സ്വാദ് രുചിപ്പിച്ചു എന്ന് പറയുന്നതിനു പകരം വസ്ത്രം രുചിപ്പിച്ചു എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്(فأذاقها الله لباس الجوع والخوف). ഇനി വസ്ത്രം എന്ന് തന്നെ പ്രയോഗിച്ചാലും രുചിപ്പിച്ചു എന്നതിന് പകരം ധരിപ്പിച്ചു എന്ന് പറയണമായിരുന്നു(الجوع والخوف لباس الله فكساها). അല്ലാഹു ആ രീതിയും സ്വീകരിച്ചില്ല.
ഭാഷയുടെ നൈര്‍മല്യത്തിലും പ്രായോഗിത രീതിയിലും മനുഷ്യന് സാധിക്കാത്ത രീതിയിലുള്ള ദൈവികമായ അമാനുഷികതയാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. രുചിപ്പിക്കുകയെന്ന പദം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് വേദന അനുഭവിപ്പിക്കുകയെന്നതാണ്. ഭക്ഷണം രുചിക്കുന്നവന് അതിന്‍റെ സ്വാദ് ലഭിക്കുന്നത് പോലെത്തന്നെയാണത്. വിശപ്പും ഭയവും ശരീരത്തെ മുഴുവന്‍ ബാധിക്കുമെന്നതിനാലാണ് വസ്ത്രം എന്ന് പ്രയോഗിച്ചത്. അതിന്‍റെ വേദനയും ശരീരത്തെ മുഴുവന്‍ ബാധിക്കും. ഖുര്‍ആന്‍ ഉപയോഗിച്ച രീതിയിലല്ലാതെ فأذاقها طعم الجوع والخوف الله എന്ന് ഉപയോഗിച്ചാല്‍ ഈയൊരാശയം നമുക്കൊരിക്കലും ലഭിക്കില്ല. ഇവിടെയാണ് ഖുര്‍ആനിന്‍റെ ഭാഷശാസ്ത്രത്തിലുള്ള അമാനുഷികത വ്യക്തമാകുന്നത്.

വിശുദ്ധ ഖുര്‍ആനിന്‍റെ ആഗമനത്തിന് മുമ്പ് ജാഹിലി കവിതകളായിരുന്നു അറബി സാഹിത്യത്തില്‍ മികച്ചു നിന്നത്. കവിതകള്‍ക്ക് വേണ്ടി അവര്‍ പ്രത്യേകം അങ്ങാടി തന്നെയുണ്ടാക്കി. കവിതയായിരുന്നു അക്കാലത്തെ പ്രൗഢി. കാവ്യ മേഖലയിലെ മുന്നേറ്റത്തിന്ന് വേണ്ടിയായിരുന്നു അക്കാലത്ത് മത്സരങ്ങള്‍ നടന്നിരുന്നത്. അങ്ങനെ അറബി ഭാഷയിലവര്‍ ഉന്നതരും സാഹിത്യ സമ്പുഷ്ടരുമായി മാറി. അറബി ഭാഷാ സാഹിത്യത്തില്‍ തങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് അഹങ്കാരം നടിച്ച സാഹചര്യത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. പരസ്പര മത്സരങ്ങളില്‍ മറ്റുള്ളവരെ തോല്‍പ്പിക്കുന്നത് പോലെ ഖുര്‍ആനെയും തോല്‍പ്പിക്കാമെന്ന് അവര്‍ കരുതി. പക്ഷെ, അവര്‍ക്കൊരിക്കലും അതിന് സാധ്യമായില്ല. കാരണം, ആശയത്തിനൊത്തുള്ള പദപ്രയോഗമാണ് ഖുര്‍ആന്‍ സ്വീകരിച്ചത്. പദപ്രയോഗത്തോടൊപ്പം അതിന്‍റെ വിശാലാര്‍ത്ഥവും അല്‍ഭുതകരമായിരുന്നു. മാത്രമല്ല, ഖുര്‍ആനിന്‍റെ വശ്യതയും അമാനുഷികതയും കണ്ട് ഒരുപാട് പേര്‍ ഇസ്ലാം പുല്‍കുകയും ചെയ്തു.

Also read: നാഗരിക വളര്‍ച്ചയും പ്രകൃതി ദുരന്തങ്ങളും; ഇബ്നു ഖല്‍ദൂന്‍റെ വീക്ഷണം

ഖുര്‍ആനിന്‍റെ അമാനുഷികത മാനുഷിക കഴിവിനും അപ്പുറത്താണ്. അറബി ഭാഷയിലെ അഗ്രകണ്യര്‍ പോലും തോറ്റുപോകുന്ന ആശയ സമ്പുഷ്ടതയും ശൈലിയുമാണ് ഖുര്‍ആനിന്‍റേത്. ജാഹലിയ്യ കവികളുടെ പദപ്രയോഗവും ഖുര്‍ആനിന്‍റെ പദപ്രയോഗവും ശ്രദ്ധിച്ചാല്‍ ഏതാണ് ഉത്തമമെന്ന് നമുക്ക് ലളിതമായി മനസ്സിലാക്കാനാകും. പ്രമുഖ ജാഹിലിയ്യ കവി തഅബ്ബത ശര്‍റ പാടുന്നു:
ويوم كيوم العيكتين وعطفة
عطفت وقد مس القلوب الحناجر
ഇതില്‍ ഹൃദയം കണ്ഠനാളം ‘തൊട്ടു’ എന്ന് പറഞ്ഞിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ചത് ഹൃദയം കണ്ഠനാളത്തില്‍ ‘എത്തി’യെന്നാണ് (وَبَلَغَتِ الْقُلُوبُ الْحَنَاجِرَ). രണ്ടിടത്തും യുദ്ധത്തിന്‍റെ ഭയാനകമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ടിന്‍റെയും ആശയവും ഒന്നുതന്നെയാണ്. ഭയത്തിന്‍റെ കാഠിന്യം അറിയിക്കുന്ന വിശയത്തില്‍ കവി ഉപയോഗച്ച ‘മസ്സ’ എന്ന പദത്തേക്കാള്‍ ശക്തമാണ് ‘ബലഗ’ എന്ന ഖുര്‍ആന്‍ പദം. ക്രിയയിലും ലക്ഷ്യത്തിലും അങ്ങേയറ്റം ഏത്തിച്ചേര്‍ന്നു എന്നതിനെ അറിയിക്കുന്നതാണ് ‘ബലഗ’ എന്ന പദം. ഭയം കാരണം ഹൃദയം അങ്ങേയറ്റം ഉയരുകയും വിറ കാരണം ചലിക്കുകയും ചെയ്തതിനാല്‍ ഉയര്‍ച്ചയിലത് കണ്ഠനാളത്തോളം ഉയര്‍ന്നുവെന്നാണ് ഖുര്‍ആനിന്‍റെ ആശയം. കവിയും ഇതു തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നുണ്ടെങ്കിലും ‘മസ്സ’ എന്ന പദം ആ അര്‍ത്ഥം ഒരിക്കലും നേടിത്തരുന്നില്ല.

Also read: മസ്ജിദുകളുടെ അദൃശ്യമാകുന്ന ഉത്തരവാദിത്തങ്ങള്‍

അതുമാത്രമല്ല, കണ്ഠനാളമാണ് കവിയുടെ ഭാവനയില്‍ ഭയം കാരണം ചലിക്കുന്നതും വിറകൊള്ളുന്നതും. അഥവാ ക്രിയയായ മസ്സയുടെ കര്‍ത്താവ് കണ്ഠനാളമാണെന്നും ഹൃദയം അതുപോലെ ചലിക്കാതെ നില്‍ക്കുകയുമാണെന്നര്‍ത്ഥം. അത് ഭയം പൂണ്ട് വിറകൊള്ളുന്ന ചിലനരീതിയെ അശക്തമാക്കുന്നുണ്ട്. അതേസമയം, ഭയം കാരണം ഹൃദയമാണ് വിറ പൂണ്ട് ചലിക്കുന്നതെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ഭയം ഹൃദയത്തിലാണ് രൂപപ്പെടുകയെന്നതിനാല്‍ തന്നെ അതാണ് ഏറ്റവും ഉചിതമായ രീതി. ഹൃദയത്തില്‍ വല്ലാതെ ഭയം വരുമ്പോഴാണല്ലോ മനുഷ്യന് ശ്വാസോച്ഛാസവും സംസാരശേഷിയും ബുദ്ധിമുട്ടായി വരുന്നത്. കവി പറഞ്ഞതു പോലെ കണ്ഠനാളം വിറകൊള്ളുന്നത് കൊണ്ട് അതൊരിക്കലും തന്നെ ഉണ്ടാവില്ല. വിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികതകളില്‍ ചിലത് മാത്രമാണിത്. മനുഷ്യ ശക്തിക്ക് കഴിയാത്തത്ര സമ്പന്നമാണ് അതിന്‍റെ ഭാഷാ വ്ശ്യതയും പദപ്രയോഗങ്ങളുമെല്ലാം. അതുകൊണ്ടാണ് അല്ലാഹു അവരെ ഖുര്‍ആന്‍ കൊണ്ട് വെല്ലുവിളിച്ച സമയത്ത് സഹയത്തിന് അല്ലാഹുവിനെക്കൂടാതെ ജിന്നുകളെയോ മലക്കുകളെയോ മറ്റാരെയോ വിളിക്കാമെന്ന് പറഞ്ഞത്.

വിവ. മുഹമ്മദ്  അഹ്സൻ പുല്ലൂര്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker