Quran

വിശുദ്ധ ദീന്‍ ശക്തിപ്പെടുത്താന്‍ ദുല്‍ഖര്‍നൈന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍

1 നീതിയുക്തമായ ഭരണഘടന
നീതിമാനായ ഒരു ഭരണാധികാരിയെന്ന നിലയില്‍ ദുല്‍ഖര്‍നൈന്‍ പിന്തുടര്‍ന്ന രീതികള്‍ അദ്ദേഹത്തിന്റെ എല്ലാ ചലനങ്ങളിലും പെരുമാറ്റങ്ങളിലും സമ്പൂര്‍ണ്ണ നീതി പാലിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതിനാല്‍ തന്നെ അദ്ദേഹം ഭരണം നടത്തിയ രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും നീതിയുടെ വഴിയെ നയിക്കാന്‍ അദ്ദേഹത്തിനായി. യുദ്ധം ജയിച്ചിടങ്ങളിലൊരിടത്തും അദ്ദേഹം അതിക്രമങ്ങളോ അനീതിയോ ചെയ്തില്ല. അല്ലാഹു പറയുന്നു: ‘ദുല്‍ഖര്‍നൈന്‍ പ്രഖ്യാപിച്ചു: ആര് ദൈവനിഷേധിയാകുന്നുവോ അവനെ നാം ശിക്ഷാ മുറകള്‍ക്ക് വിധേയനാക്കും. പിന്നീടവന്‍ നാഥങ്കലേക്ക് മടക്കപ്പെടുന്നതും അപ്പോഴവന്‍ ഗുരുതരമായ പാരത്രിക ശിക്ഷ നിഷേധിക്ക് നല്‍കുന്നതുമാണ്. ഇനി ആര് സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുവോ അവനാണ് അത്യുതാത്ത സ്വര്‍ഗം പ്രതിഫലമായുള്ളത്. നമ്മുടെ ശാസനയില്‍ നിന്നും സുഗമമായതാണവനോട് നിര്‍ദേശിക്കുക'(അല്‍കഹ്ഫ്: 87,88).
അദ്ദേഹം സ്വീകരിച്ച ഈ ദിവ്യശൈലി അദ്ദേഹത്തിന്റെ വിശ്വാസവും ഭക്തിയും ബുദ്ധിയും വിവേകവും സൂചിപ്പിക്കുന്നു. അതദ്ദേഹത്തിന്റെ നൈതികബോധത്തെയും കാരുണ്യത്തെയും അറിയിക്കുന്നു. കാരണം, ദുല്‍ഖര്‍നൈന്‍ പിടിച്ചടക്കിയ നാടുകളിലെ ജനങ്ങളൊന്നും സമാന തലത്തിലുള്ളവരോ ഒരേ സ്വഭാവക്കാരോ ആയിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുക അസാധ്യവുമാണ്. അവരില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. ഉത്തമരും നീചരുമുണ്ട്. പെരുമാറ്റത്തില്‍ അവരെല്ലാം തന്നെ സമാന സ്വഭാവക്കാരാകുമോ? ദുല്‍ഖര്‍നൈന്‍ പറയുന്നു: അക്രമിയായ ഒരു അവിശ്വാസിയെ സംബന്ധിച്ചെടുത്തോളം അവന്റെ അതിക്രമങ്ങള്‍ കാരണം നാം അവനെ വേദനിപ്പിക്കും. അതവനുള്ള ശിക്ഷയാണ്. ഇഹലോകത്തെ അവന്റെ ശിക്ഷയില്‍ നാം നീതികാണിക്കും. പരലോക ശിക്ഷക്ക് വേണ്ടി പിന്നീടവന്‍ അവന്റെ സ്രഷ്ടാവിലേക്ക് മടങ്ങും.

2 സാമൂഹിക പരിപാലന പദ്ധതി
സമൂഹത്തില്‍ അഴിമതി നടത്തുന്നവനെ ഇഹലോകത്ത് വെച്ച് തന്നെ ശിക്ഷിക്കാന്‍ അല്ലാഹു നിസ്‌കര്‍ഷിക്കുന്നുണ്ട്. അതുപോലെത്തന്നെ ഇഹലോക ജീവിതം സാര്‍ത്ഥകമാക്കുവാന്‍ അതിക്രമികള്‍ക്കെതിരെയും തെമ്മാടികള്‍ക്കെതിരെയും ശിക്ഷ നടപ്പിലാക്കാന്‍ സത്യവിശ്വാസികള്‍ താല്‍പര്യം കാണിക്കണമെന്നും അല്ലാഹു പറയുന്നുണ്ട്.
എല്ലാ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും ഉപയോഗപ്രദമാകുന്ന ചില അടിസ്ഥാന രീതികളാണ് ദുല്‍ഖര്‍നൈന്‍ മുന്നോട്ട് വെക്കുന്നത്. സമൂഹത്തെ നേരായ മാര്‍ഗത്തിലേക്കും അല്ലാഹുവിന്റെ പരിപൂര്‍ണ്ണരായ അടിയാറുകളില്‍ ഉള്‍ചേരാനുതകുന്ന പ്രായോഗിക വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്.
പക്വതയുള്ള നേതൃത്വത്തെ സംബന്ധിച്ചെടുത്തോളം പ്രായോഗിക വിദ്യഭ്യാസമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്നതിനും അവന് ഊര്‍ജ്ജം നല്‍കുന്നത്. മാത്രമല്ല, മറ്റുള്ളവരെ തിൻമകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനും സാമൂഹിക ക്ഷേമങ്ങള്‍ക്കായി ആരോഗ്യത്തെ ചെലവഴിക്കുന്നതിനും അത് സഹായകമാകും.

3 ഭൗതികവും ധാര്‍മ്മികവുമായ ജ്ഞാനങ്ങള്‍ക്കുള്ള പ്രാധാന്യം
അല്ലാഹു പറയുന്നു: ‘നിശ്ചയം, അദ്ദേഹത്തിന് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും സര്‍വകാര്യങ്ങള്‍ക്കുമുള്ള വഴികള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു’. ആകാശ ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹു ദുല്‍ഖര്‍നൈനിനെ എല്ലാ കാര്യങ്ങള്‍ക്കും പ്രാപ്തനാക്കിയിരിക്കുന്നു. ഭൂമിയല്‍ സ്വാധീനം നല്‍കിയതോടൊപ്പം ശാസ്ത്രങ്ങളിലും ജ്ഞാനങ്ങളിലും ഓരോ സമൂഹത്തിന്റെയും സ്വഭാവത്തിലും അല്ലാഹു അദ്ദേഹത്തെ പ്രാപ്തനാക്കി. ഒരോ വ്യക്തികളുടെയും സമൂഹത്തിന്റെയും സാംസ്‌കാരികവും ആത്മീയവുമായ കാര്യങ്ങളിലും അദ്ദേഹത്തിന് അല്ലാഹു അധികാരം നല്‍കി. ആയുധങ്ങളെയും സൈന്യത്തെയും അദ്ദേഹത്തിന് കീഴ്‌പെടുത്തിക്കൊടുത്തു. നഗര നിര്‍മ്മാണങ്ങളിലും പട്ടണത്തിന് കൃത്യമായ ഭൂപടം തയ്യാറാക്കുന്നതിലും കൃഷികള്‍ക്ക് വേണ്ടി കനാലുകള്‍ കീറുന്നതിലും പ്രത്യേക നൈപുണ്യം നല്‍കി.
ശരീഅത്ത് നിര്‍ദ്ദേശിക്കുന്ന അഭൗതികമായ കാര്യങ്ങളുടെ രഹസ്യങ്ങളെക്കുറിച്ച് ദുല്‍ഖര്‍നൈന് അറിവുണ്ടായിരുന്നു. രഹസ്യ ജ്ഞാനമുണ്ടെന്നത് അദ്ദേഹത്തെ ഒട്ടും അലസനാക്കിയില്ല. ഈ മതില്‍കെട്ടെല്ലാം പിന്നീട് പൊളിഞ്ഞ് പോകുമെന്ന് അറിയാമായിരുന്നിട്ടും(അതിന്റെ ആയുസ്സ് അല്ലാഹുവിന് മാത്രമേ അറിയൂ എങ്കിലും) അദ്ദേഹമത് നിര്‍മ്മിക്കുകയും അതിനായി ഊര്‍ജ്ജം ചെലവഴിക്കുകയും ചെയ്തു.

4 സാമൂഹിക പുനരുജ്ജീവനത്തിലുള്ള കാഴ്ചപ്പാട്
പ്രബോധനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമുള്ള ദുല്‍ഖര്‍നൈനിന്റെ യാത്രകള്‍ അദ്ദേഹത്തെ വ്യത്യസ്ഥ രാജ്യങ്ങളുമായും സമൂഹങ്ങളുമായു ഇടപഴകാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരാമര്‍ശിക്കുക കൂടി ചെയ്തു:

ആദ്യ യാത്ര: ഖുര്‍ആന്‍ അതിന്റെ പ്രാരംഭ സ്ഥാനത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. മറിച്ച്, പടിഞ്ഞാറ് ഭാഗത്ത് സൂര്യന്‍ അസ്ഥമിക്കുന്നിടത്ത് അദ്ദേഹം എത്തിച്ചേരുന്നതും അവിടെ ഒരു സമൂഹത്തെ കണ്ടെത്തുന്നതും പരാമര്‍ശിച്ചു. അവരെയദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. നീതിയും നൻമയും വിളയാടുന്ന സുന്ദരാന്തരീക്ഷം അദ്ദേഹമവിടെ കൊണ്ടുവന്നു. അല്ലാഹു പറയുന്നു: ‘ദുല്‍ഖര്‍നൈന്‍ പ്രഖ്യാപിച്ചു: ആര് ദൈവനിഷേധിയാകുന്നുവോ അവനെ നാം ശിക്ഷാ മുറകള്‍ക്ക് വിധേയനാക്കും. പിന്നീടവന്‍ നാഥങ്കലേക്ക് മടക്കപ്പെടുന്നതും അപ്പോഴവന്‍ ഗുരുതരമായ പാരത്രിക ശിക്ഷ നിഷേധിക്ക് നല്‍കുന്നതുമാണ്. ഇനി ആര് സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുവോ അവനാണ് അത്യുതാത്ത സ്വര്‍ഗം പ്രതിഫലമായുള്ളത്. നമ്മുടെ ശാസനയില്‍ നിന്നും സുഗമമായതാണവനോട് നിര്‍ദേശിക്കുക'(അല്‍കഹ്ഫ്: 87, 88).
ഭരണത്തിലും അധികാരത്തിലും ശാക്തീകരണം സാധ്യമാക്കുന്ന നീതിയുടെ രാഷ്ട്രീയമാണത്. ജനഹൃദയങ്ങളില്‍ അത് സ്‌നേഹവും ബഹുമനാനവും ഉണ്ടാക്കിയെടുക്കും. അക്രമികളും അഴിമതിക്കാരും അത് കണ്ട് പേടിക്കും. സത്യവിശ്വാസി ഭരണാധികാരിയുടെ സ്‌നേഹത്തിനും ബഹുമാനത്തിനും പാത്രീഭൂതനാകും. എന്നാല്‍ അതിക്രമികള്‍ക്കും ഭൂമിയില്‍ നാശത്തെ ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ ഐഹിക ജീവിതത്തില്‍ ഭരണാധികാരിയുടെ തക്കതായ ശിക്ഷക്ക് വിധേയനാകും. ആദ്യ ജീവിതത്തില്‍ അവന്‍ ചെയ്തതിന്റെ പാപക്കറക്ക് അന്ത്യനാളില്‍ അല്ലാഹുവും ശക്തമായ ശിക്ഷ നല്‍കും.

രണ്ടാം യാത്ര: കിഴക്കിലേക്കുള്ള യാത്ര. ചക്രവാളത്തിന് പിറകില്‍ നിന്ന് സൂര്യന്‍ ഉദിക്കുന്നത് നേരിട്ട് കാണാനാകുന്ന ഒരു സ്ഥലമായിരുന്നു അത്. വരണ്ടു കിടക്കുന്ന ഭൂമിയാണോ അതോ നീണ്ടു കിടക്കുന്ന കടലാണോയെന്ന് അത് അവ്യക്തമായിരുന്നു. എന്നാല്‍ സൂര്യന്‍ ഉദിക്കുന്നിടത്ത് താമസിക്കുന്ന ആ സമൂഹം സൂര്യന്‍ ഉദിച്ചുയര്‍ന്നാലും മലയോ മരങ്ങളോ മറയിടാത്ത രീതിയിലൊരു വെളിപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്.’അങ്ങനെ സൂര്യന്‍ ഉദിക്കുന്നിടത്തെത്തിയപ്പോള്‍ അതിനു ചുവട്ടില്‍ ഒരു ആവരണവും നാം ഉണ്ടാക്കിക്കൊടുത്തിട്ടില്ലാത്ത ഒരു സമൂഹത്തിന് മീതെ അത് ഉദിച്ചുയരുന്നതായി കാണുകയുണ്ടായി'(അല്‍ കഹ്ഫ്: 90) എന്ന ദൈവിക വചനത്തിന് ശൈഖ് മുതവല്ലി അശ്ശഅ്‌റാവി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: അതൊരു ദ്രുവപ്രദേശമാണ്. ആറ് മാസമവിടെ സൂര്യന്‍ അസ്തമിക്കാതെ പ്രകാശിച്ചു കൊണ്ടിരിക്കും. ഈ മാസങ്ങളില്‍ സൂര്യനെ മൂടുന്ന ഒരു ഇരുട്ടും അവിടെ പ്രകടമാവുകയില്ല.

പാശ്ചാത്യന്‍ നാടുകളില്‍ ദുല്‍ഖര്‍നൈന്‍ നടപ്പില്‍ വരുത്തിയ ഭരണഘടന അദ്ദേഹം ഇവിടെ നടപ്പിലാക്കിയില്ല. കാരണം അത് വിശാലമായ രാജ്യത്തിന്റെ ജീവിത രീതിയും ഭരണഘടനയും നയങ്ങളുമാണ്. സഞ്ചരിച്ചിടത്തെല്ലാം അദ്ദേഹമത് നടപ്പിലാക്കിയിരുന്നങ്കിലും ഇവിടെത് നടപ്പിലാക്കാന്‍ ദുല്‍ഖര്‍നൈന്‍ മുതിര്‍ന്നില്ല.

മൂന്നാം യാത്ര: ഭൂപ്രകൃതവും ആളുകളുടെ പെരുമാറ്റവും അനുസരിച്ച് മുമ്പത്തെ രണ്ട് യാത്രകളില്‍ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു ഈ യാത്ര. അവിടെ നടപ്പില്‍ വരുത്തിയ കാര്യങ്ങള്‍ അനുസരിച്ച് ദുല്‍ഖര്‍നൈന്‍ അവിടെയുള്ള തെമ്മാടികള്‍ക്കെതിരെയും അക്രമികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. മാത്രമല്ല, ആ പ്രദേശത്ത് നാഗരികമായ മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ദുര്‍ഘടമായ വഴികളായിരുന്നു ആ പ്രദേശം മുഴുവന്‍. ഭൂപ്രദേശത്തിന്റെ ഈ സ്വഭാവം അവിടെയുള്ള നിവാസികളുടെ ജീവിത പ്രകൃതങ്ങളെയും പെരുമാറ്റ ശീലങ്ങളെയും നന്നായി സ്വാധീനിച്ചിട്ടുണ്ടായിരുന്നു. അവര്‍ പറയുന്നതെല്ലാം അവര്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകുമായിരുന്നില്ല. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവര്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യുമായിരുന്നില്ല. അവരെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: ‘സംസാരം സാവകാശം മനസ്സിലാക്കാനാകാത്ത ഒരു ജനതയെ ഇരുമലകള്‍ക്കപ്പുറത്ത് അവന്‍ കണ്ടു'(അല്‍കഹ്ഫ്: 93).
യഅ്ജൂജ് മഅ്ജൂജിന്റെ അതിക്രമങ്ങളില്‍ നിരാലംബരായ ആ സമൂഹത്തിന് ദുല്‍ഖര്‍നൈന്‍ ശക്തി പരകര്‍ന്നു. അവര്‍ക്ക് തന്നെ അവരെയെങ്ങനെ സഹായിക്കാനാകുമെന്ന് അദ്ദേഹം പഠിപ്പിച്ചു. മതില്‍കെട്ട് കെട്ടുന്നതെങ്ങനെയെന്ന് പറഞ്ഞ് കൊടുത്തു. അവരുടെ മാത്രം പങ്കാളിത്തം കൊണ്ട് തന്നെ അദ്ദേഹം മതില്‍കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ദുല്‍ഖര്‍നൈന്‍ അദ്ദേഹത്തിന്റെ അറിവ് കൊണ്ട് മാത്രം അവരെ സഹായിച്ചു. യഥാര്‍ത്ഥത്തില്‍, തങ്ങളെക്കൊണ്ട് തന്നെ തങ്ങള്‍ക്കെതിരെ വരുന്ന ദുരന്തങ്ങളില്‍ നിന്ന് രക്ഷ നേടാനാകുമെന്ന് ദുല്‍ഖര്‍നൈന്‍ ആ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു. അവര്‍ക്കതിനുള്ള അറിവ് നല്‍കുന്നതിലൂടെ അവരെ സക്രിയരാക്കാനും അത് വഴി അവരുടെ മുഴുവന്‍ വിശ്വാസ്യത നേടിയെടുക്കാനും ദുല്‍ഖര്‍നൈനിനായി. അലസത ഒരു ശീലമാക്കിയെടുക്കുന്നതും അദ്ധ്വാനിക്കാത്തവര്‍ക്ക് വേതനം നല്‍കുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതാണ്. കാരണം, അത് സമൂഹത്തെ മുഴുവന്‍ നശിപ്പിച്ച് കളയും. അദ്ധ്വാനിക്കാതെ തന്നെ ഒരാള്‍ക്ക് വേതനം ലഭിച്ചാല്‍ പിന്നീടയാള്‍ നിഷ്‌ക്രിയനായിത്തീരും.
ദുല്‍ഖര്‍നൈന്‍ ഭൂമിയില്‍ ഒരു ഭരണാധികാരിയുടെ ചുമതല സാധ്യമായ രീതിയെല്ലാം ചെയ്തു. മറ്റാരുടെയും സഹായമില്ലാതെത്തന്നെ ശത്രുക്കളില്‍ നിന്ന് സ്വയം പരിരക്ഷ നേടാന്‍ അശക്തരായ ഒരു സമൂഹത്തെ അദ്ദേഹം പഠിപ്പിച്ചു. കാണികളുടെ ഇരിപ്പിടത്തില്‍ നിന്ന് മാറ്റി അവരെ അദ്ധ്വാനശീലരുടെ ഭാഗമാക്കി മാറ്റി. ദുല്‍ഖര്‍നൈന്‍ തെളിച്ചു കൊടുത്ത വഴിയെ സഞ്ചരിച്ച അവര്‍ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് നിഷ്പ്രയാസം എത്തുകയും ചെയ്തു.

ദുല്‍ഖര്‍നൈന്‍ നല്‍കുന്ന പാഠങ്ങള്‍:
താന്‍ നേതൃത്വം നല്‍കി നിര്‍മ്മിച്ച ഭീമാകാരമായ മതില്‍കെട്ട് ദുല്‍ഖര്‍നൈന്‍ നോക്കി നിന്നു. അതില്‍ ഒരുതരത്തിലുമുള്ള വഞ്ചനയും അഴിമതിയുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അറിവും കഴിവും അദ്ദേഹത്തെ ഉൻമത്തനാക്കിയില്ല. മറിച്ച്, അല്ലാഹുവിനെ ഓര്‍ക്കുകയും അവന് നന്ദി അര്‍പ്പിക്കുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ദുല്‍ഖര്‍നൈന്‍ അല്ലാഹുവിനെ ഓര്‍ത്തു. എങ്ങനെയാണ് അല്ലാഹുവിന് നന്ദി പറയേണ്ടതെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. താന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ക്ക് അല്ലാഹു തൗഫീഖ് നല്‍കുമ്പോഴാണ് നാം അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഓര്‍ക്കേണ്ടത്. അത് അല്ലാഹുവിന്റെ അലംഗനീയമായ അനുഗ്രഹമാണെന്ന് ബോധവാനാവുകയും അതിലൂടെ കൂടുതല്‍ വിനയാന്വിതനാവുകയും വേണം. മതില്‍കെട്ട് നിര്‍മ്മാണം അല്ലാഹുവിന്റെ അനുഗ്രഹമായിരുന്നു. അല്ലാഹു നല്‍കിയ അറിവ് കൊണ്ടാണ് ദുര്‍ഖര്‍നൈന് അതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. അല്ലാഹു നല്‍കിയ അറിവും പ്രാപ്തിയുമാണ് ജനങ്ങളെ സഹായിക്കാനും അവരെ നൻമയിലേക്കടുപ്പിക്കുവാനും ശത്രുക്കളെ തൊട്ടവര്‍ക്ക് സംരക്ഷിക്കുവാനും ദുല്‍ഖര്‍നൈന് സഹായകമായത്. അദ്ദേഹത്തിന് ലഭിച്ച അറിവും അല്ലാഹുവിന്റെ കാരുണ്യമായിരുന്നു.

യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ഭീഷണി നേരിടുന്നവരായിരുന്നു ആ സമൂഹം. മതില്‍കെട്ട് നിര്‍മ്മാണമെന്ന വിദ്യയിലൂടെ അല്ലാഹു മാത്രമാണ് അവരെ രക്ഷപ്പെടുത്തിയത്. മതില്‍കെട്ട് അവരുടെമേലുള്ള അല്ലാഹുവിന്റെ അനുഗ്രഹമായിരുന്നു. അല്ലാഹുവിന്റെ കല്‍പന നടപ്പിലാക്കാന്‍ ദുല്‍ഖര്‍നൈനും ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അവരുടെ അശാന്ത പരിശ്രമത്തിനൊടുവില്‍ അപകടങ്ങളില്‍ നിന്ന് അവര്‍ സ്വയം രക്ഷ നേടി. നിരന്തരമായ സംഘടിത പരിശ്രമത്താലും അദ്ധ്വാനത്താലും ആത്മസമര്‍പ്പണത്താലും മാത്രമാണ് അവര്‍ക്കത് പൂര്‍ത്തീകരിക്കാനായത്.

5 അല്ലാഹു ദുല്‍ഖര്‍നൈനെ ഉപമയാക്കുന്നു
മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരികോത്ഥാനത്തിന് ദുല്‍ഖര്‍നൈന് സ്വീകരിച്ച മാര്‍ഗം പിന്തുടരല്‍ അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ ചരിത്രം പറഞ്ഞു തരുന്നത്. ഉതാത്തമായ ഫലം ലഭിക്കുന്ന പരിശ്രമങ്ങളുടെ സ്വീകാര്യമായ മാതൃകയായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ ദുല്‍ഖര്‍നൈനെ പരിചയപ്പെടുത്തുന്നത്. അല്ലാഹു അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. ഭരണവും വിജയവും എളുപ്പമാക്കിക്കൊടുത്തു. നഗരനിര്‍മ്മാണങ്ങള്‍ക്കും കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ പ്രാപ്തനാക്കി. അധകാരത്തോടൊപ്പം സമ്പത്തും നല്‍കി. ഒരു മനുഷ്യന് ജിവതത്തില്‍ സാധ്യമാകുന്ന കാര്യങ്ങള്‍ക്കെല്ലാം പ്രാപ്തി നല്‍കി. ‘പിന്നീടദ്ദേഹം മറ്റൊരു സരണിയില്‍ പ്രവേശിക്കുകയും ചെയ്തു'(അല്‍കഹ്ഫ്: 85).

തന്റേടമുള്ള ഭരണാധികാരികള്‍ അവരുടെ കഴിവും ശേഷിയും ഉപയോഗിച്ചതിന്റെ ഉപമയായാണ് വിശുദ്ധ ഖുര്‍ആന്‍ ദല്‍ഖര്‍നൈനിന്റെ കഥയും പറഞ്ഞു തരുന്നത്. എന്നാല്‍ അതെല്ലാം തന്നെ അല്ലാഹുവിന്റെ കാര്യകാരണ ബന്ധങ്ങുടെ പരിണിതഫലമായി ഉണ്ടാകുന്നതാണ്. സൃഷ്ടിപ്പിലെ അല്ലാഹുവിന്റെ ചര്യകള്‍ ഉള്‍കൊണ്ട് സൻമാര്‍ഗ പാതയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ മുസ്‌ലിമിനും പിന്തുടരാന്‍ യോഗ്യനായ മാതൃകാ പുരുഷനായാണ് അദ്ദേഹം ഉപമിപ്പിക്കപ്പെടുന്നത്. മാത്രമല്ല, ഇഹലോകത്തിലെ പ്രാപ്തിയും പരലോകത്തിലെ വിജയവും കരസ്ഥമാകുന്നത് ഭൗതികമോ അഭൗതികമോ ആയ മാര്‍ഗത്തിലൂടെയും കാരണങ്ങളിലൂടെയുമായിരിക്കുമെന്നും ഈ കഥ പറഞ്ഞ് വെക്കുന്നുണ്ട്.

6 നേതൃഗുണം
ദുല്‍ഖര്‍നൈന് തന്റെ ജീവിതത്തില്‍ പ്രബോധന, പോരാട്ട മേഖലകളില്‍ സമ്പൂര്‍ണ്ണ വിജയം നേടാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ സ്വഭാവഗുണമായിരുന്നു. അതില്‍ പ്രധാനപ്പെട്ടവ:

ക്ഷമ: യാത്രകളില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളിലെല്ലാം തന്നെ അദ്ദേഹം ക്ഷമാശീലനായി നിലകൊണ്ടു. ഉദാഹരണത്തിന് അദ്ദേഹം ഏറ്റെടുത്ത് നടത്തിയ കാര്യങ്ങളുടെ സംഘാടനവും അതിന്റെ നീക്കുപോക്കിനുള്ള ചട്ടങ്ങളുമെല്ലാം വളരെ പ്രയാസമേറിയതാണ്. അദ്ദേഹം നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ സൈന്യവും സന്നാഹവും ബുദ്ധിയും തന്ത്രവും ആവശ്യമായിരുന്നു. കാര്യങ്ങളെല്ലാം അതിന്റെ പരിപൂര്‍ണ്ണതയിലും വിജയത്തിലുമെത്തണമെങ്കില്‍ ക്ഷമ അനിവാര്യവുമായിരുന്നു.

കുലീനത: ആദ്യ നോട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഗാംഭീര്യവും കുലീനതയും വ്യക്തമാകുമായിരുന്നു. എന്നാലത് അക്രമികളും അഹങ്കാരികളുമായ അധികാരികളുടെ ഗാംഭീര്യമായിരുന്നില്ല. രണ്ട് മലകള്‍ക്കിടയില്‍ വെച്ച് അദ്ദേഹം കണ്ടുമുട്ടിയ ജനങ്ങളുമായി ദുല്‍ഖര്‍നൈന്‍ സ്‌നേഹപൂര്‍വ്വം സഹവസിച്ചു. അതിനാല്‍ തന്നെ അവര്‍ക്കു വന്നുപെട്ട വിപത്തില്‍ നിന്നുള്ള രക്ഷ അദ്ദേഹത്തിലാണ് അവര്‍ കണ്ടത്. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തോട് അക്രമികളായ രണ്ട് വിഭാഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ക്കറിയാമായിരുന്നു മറ്റുള്ളവരെപ്പോലെ ദുല്‍ഖര്‍നൈന്‍ ഒരിക്കലും അക്രമിയാവില്ലെന്ന്. മറ്റാരിലും കാണാത്ത ശക്തിയം തന്റേടവും അദ്ദേഹത്തിലാണ് ആ സമൂഹം കണ്ടത്.

ധീരത: അല്ലാഹുവിന് സംതൃപ്തിയുണ്ടാകുന്ന കാര്യങ്ങളില്‍ ഏത് പ്രതിസന്ധിയും പ്രയാസവും സഹിക്കാന്‍ പ്രാപ്തമായ ഹൃദയമായിരുന്നു അദ്ദേഹത്തിന്റെത്. ദുല്‍ഖര്‍നൈനെ സംബന്ധിച്ചെടുത്തോളം മതില്‍കെട്ട് നിര്‍മ്മാണം വളരെ പ്രയാമേറിയ ഒരു പണിയാണ്. തന്നെയും തന്റെ സൈന്യത്തെയും പരാജയപ്പെടുത്താനും നശിപ്പിച്ച് കളയാനും കെല്‍പ്പുള്ളവരാണ് ശത്രുക്കള്‍ എന്നറിയാമായിരുന്നിട്ടും അദ്ദേഹം നിര്‍മ്മാണത്തില്‍ നിന്ന് പിന്തിരിയാന്‍ ഒരിക്കലും സന്നദ്ധനായിരുന്നില്ല.

സന്തുലിത വ്യക്തിത്വം: അദ്ദേഹത്തിന്റെ ധീരത ഒരിക്കലും അദ്ദേഹത്തിന്റെ ഭരണത്തെ ബാധിച്ചില്ല. ദാര്‍ഢ്യം ഒരിക്കലും കാരുണ്യത്തെ ബാധിച്ചില്ല. തീരുമാനങ്ങളൊരിക്കലും സൗമ്യതയെയും നൈതികതയെയും ബാധിച്ചില്ല. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും വിനയവും വാഴ്ത്താന്‍ ഈ പ്രപഞ്ചം മുഴുവനും ഉണ്ടായാലും മതിയായെന്ന് വരില്ല.

കൃതജ്ഞത: അദ്ദേഹത്തിന്റെ ഹൃദയം സദാ അല്ലാഹുവുമായി ബന്ധക്കപ്പെട്ടിരിക്കും. അക്രമികളായ അഹങ്കാരികളില്‍ നിന്ന് നിന്ന്യത അനുഭിവിച്ച് പിന്നീട് കിട്ടുന്ന അതിജയത്തിന്റെ മാധുര്യവും വിജയാഹ്ലാദവും അദ്ദേഹത്തെ ഉൻമത്തനാക്കാറില്ല. ലഭിക്കുന്ന നേട്ടങ്ങളെല്ലാം ഉടന്‍ തന്നെ അദ്ദേഹം അല്ലാഹുവിലേക്ക് ചേര്‍ത്തു. അദ്ദേഹം പറഞ്ഞു: ‘ഇതെന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമാണ്'(അല്‍കഹ്ഫ്: 98).

ചാരിത്ര്യശുദ്ധി: അനാവശ്യമായ സമ്പത്തിലും ഉപകാരം ലഭിക്കാത്ത മുതലിലും ഒരിക്കലും തന്നെ അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞില്ല. അശക്തരായ ഒരു സമൂഹം അദ്ദേഹത്തിന്റെ അടുത്ത് വന്ന് പരാക്രമികളായ ഒരു വിഭാഗത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ സഹായിച്ചു. അതിനവരുടെ മേല്‍ നികുതി ഈടാക്കിയില്ല. പകരം വളരെ വിനയത്തോടെ അദ്ദേഹം പറഞ്ഞത്: പ്രപഞ്ച നാഥനായ അല്ലാഹു എനിക്ക് ഭൂമിയില്‍ മുഴുവന്‍ അധികാരവും സമ്പത്തും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഒരുമച്ച് കൂട്ടുന്ന സമ്പാദ്യങ്ങളെക്കാള്‍ എനിക്കുത്തമം അതാണ്.

ദുല്‍ഖര്‍നൈനിന്റെ അല്‍ഭുതകരമായ ഈ വ്യക്തിത്വം അല്ലാഹുവിലും അന്ത്യനാളിലുമുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പരിണിത ഫലമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശക്തി ഒരിക്കലും അനീതി കാണിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. അധികാരമൊരിക്കലും കാരുണ്യത്തെ ബാധിച്ചില്ല. ഐശ്വര്യമൊരിക്കലും വിനയത്തിന് തടസ്സമായില്ല. ദുല്‍ഖര്‍നൈന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിതം നയിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ അധികാരവും വിജയവും പ്രാപിതിയും നല്‍കി അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചു. അത് അല്ലാഹു അവന്റെ ഇഷ്ട ദാസൻമാര്‍ക്ക് നല്‍കുന്ന ശ്രേഷ്ടതയാണ്.

വലിയ പരിവാരങ്ങള്‍ക്കും സഹായികള്‍ക്കും പുറമെ ശത്രുഹൃദയങ്ങളില്‍ അദ്ദേഹത്തോട് ഭയം ഇട്ട് കൊടുത്തും അവര്‍ക്കിടയില്‍ അനായാസം കടന്നുചെല്ലാനുള്ള തന്റേടം നല്‍കിയും അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചു. ഭൂമിയിലെ വഴികളാകുന്ന വിഴികളൊക്കെയും അറിയിച്ചു കൊടുക്കലോടൊപ്പം കരയിലും കടലിലും അദ്ദേഹത്തിന് അല്ലാഹു അധികാരം നല്‍കി. അതുവഴി കിഴക്കും പടിഞ്ഞാറും ദുല്‍ഖര്‍നൈന്‍ അടക്കി ഭരിച്ചു. ഇതൊരിക്കലും ഒരു സാധാരണ വ്യക്തിയെക്കൊണ്ട് കഴിയുന്ന പ്രവര്‍ത്തനങ്ങളല്ല. അല്ലാഹുവിന്റെ അപാരമായ സഹായമില്ലെങ്കില്‍ എത്ര വലിയ ബുദ്ധിമാനും ശക്തനുമാണെങ്കിലും ഇത്രയും അധികാരം നേടാന്‍ ഒരുത്തനുമാവില്ല. അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് സത്യവിശ്വാസികള്‍ക്ക് മാത്രമേ അതിനുള്ള സൗഭാഗ്യം ലഭിക്കുകയുള്ളൂ. ‘നിശ്ചയം, അദ്ദേഹത്തിന് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും സര്‍വകാര്യങ്ങള്‍ക്കുമുള്ള വഴികള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു'(അല്‍കഹ്ഫ്: 84) എന്ന ആയത്ത് അതാണ് സൂചിപ്പിക്കുന്നത്. അഥവാ അല്ലാഹു അദ്ദേഹത്തിന് അധികാരത്തിന്റെ സര്‍വ്വ മേഖലകളും തുറന്നു കൊടുത്തു. മാത്രമല്ല, ഭൂമിയിലെ ഓരോ ഊടുവഴികളെക്കുറിച്ചും ദുല്‍ഖര്‍നൈന് അല്ലാഹു അറിവ് നല്‍കി. കീഴടക്കാന്‍ പോകുന്നിടങ്ങളിലെല്ലാം അവിടുത്തെ പ്രാദേശിക ഭാഷയില്‍ തന്നെയായിരുന്നു ജനങ്ങളോട് സംവദിച്ചിരുന്നത്. ദുല്‍ഖര്‍നൈന്‍ തനിക്കെത്താവുന്നിടങ്ങളിലെല്ലാം ജനങ്ങളെ ദൈവിക മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്തു. ഒരുപാട് ദേശങ്ങളില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചു. ചെന്നിടങ്ങളിലെല്ലാം വിശ്വാസവും നൻമയും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കി. കീഴടക്കിയ ദേശങ്ങളിലെല്ലാം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ അതീവ തല്‍പരനായിരുന്നു ദുല്‍ഖര്‍നൈന്‍. കിഴക്കും പടിഞ്ഞാറും സത്യസന്തവും നീതിയുക്തവുമായ അധികാരം വ്യാപിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. അവിശ്വാസികളോട് കടുത്ത ശത്രുതയിലായിരുന്നപോലെ വിശ്വാസികളോട് ശക്തമായ സ്‌നേഹവും അടുപ്പവുമായിരുന്നു ദുല്‍ഖര്‍നൈന്‍ കാണിച്ചത്.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. mugtama.com

Facebook Comments

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..http://islamonlive.in.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker