Current Date

Search
Close this search box.
Search
Close this search box.

ദു:ഖനിവാരണത്തിന് ഖുർആൻ നൽകുന്ന പരിഹാരങ്ങൾ

ദു:ഖം, ഭയം, പേടി, വിഭ്രാന്തി ഇതെല്ലാം നമ്മുടെ സുഖകരമായ ജീവിതത്തെ അലോസരപ്പെടുത്തുന്ന പ്രതിബന്ധങ്ങളും പ്രയാസങ്ങളുമാണ്. സ്വമേധയ നാം ആരും ഭയമൊ പേടിയൊ ആഗ്രഹിക്കാറില്ലെന്ന് മാത്രമല്ല, അത് വരരുതേ എന്നാണല്ലോ പ്രാർത്ഥിക്കാറുള്ളത്. ജീവിതം ഒരു പരീക്ഷണമായതിനാൽ, സുഖവും സന്തോഷവും എപ്പോഴും ലഭിച്ചുകൊള്ളണമെന്നില്ല. കാരണം ഭയവും സന്തോഷവും ഇടകലർന്ന, സമ്മിശ്രമായ വികാര തരംഗങ്ങളിലൂടെയാണ് നാം ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നത്.

ഭയമൊ ദു:ഖമൊ നമ്മെ അലട്ടുമ്പോൾ കുടുംബജീവിതത്തിനോടൊ, തൊഴിലിനോടൊ ഒന്നും താൽപര്യമുണ്ടാവില്ല. അത്തരം മാനസികാവസ്ഥ നമ്മെ നിത്യരോഗത്തിലേക്ക് എത്തിച്ചേക്കാം. മനുഷ്യൻറെ യഥാർത്ഥ അവസ്ഥ അറിയുക അവൻറെ സ്രഷ്ടാവിന് മാത്രമാണ്. ആ നിലക്ക് മനുഷ്യൻ അനുഭവിക്കുന്ന ദു:ഖ സാന്ദ്രതക്ക് അവൻറെ മാർഗ്ഗനിർദ്ദേശങ്ങൾ അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു, നമുക്ക് ഭയ രഹിതമായി, ദു:ഖമില്ലാതെ ജീവിക്കാനുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് വലിയ ആശ്വാസകരമായിരിക്കും.

1. അഖില പ്രപഞ്ചത്തിൻറെ നാഥൻ നൽകിയ ജീവിതപാത പിൻപറ്റലാണ് അതിൽ ഏറ്റവും പ്രധാനം. കാരണം സ്രഷ്ടാവാണ് സൃഷ്ടികൾ എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും കൽപിക്കേണ്ടത്. ആ കൽനകൾ പാലിച്ചാൽ ദു:ഖിക്കേണ്ടിവരില്ലെന്ന് ഖുർആൻ പറയുന്നു: ….. എൻറെ മാർഗ്ഗദർശനം പിൻപറ്റുന്നവരാരൊ അവർ ഭയപ്പെടേണ്ടതില്ല. അവർ ദു:ഖിക്കേണ്ടതുമില്ല. 2:38

2. ഭയവും ദു:ഖവും ഇല്ലാതെ ജീവിക്കാൻ ചെയ്യേണ്ട രണ്ടാമത്തെ കാര്യമാണ് സത്യവിശ്വാസം സ്വീകരിക്കലും സൽകർമ്മം ചെയ്യലും. ഖുർആൻ പറയുന്നു: …… അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യന്നവർക്ക് അവരുടെ നാഥൻറെ അടുക്കൽ അർഹമായ പ്രതിഫലമുണ്ട്. അവർ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. 2:62

3. ഭയം നീങ്ങാനുള്ള മറ്റൊരു വഴിയാണ് അല്ലാഹുവിന് സ്വയം സമർപ്പിക്കുക എന്നത്. പ്രകൃതിയോട് യുദ്ധം ചെയ്യുന്ന ഡോൺകിക്ക്സോട്ടിനെ പോലെ, ദൈവത്തോട് ഏറ്റുമുട്ടുന്നതിലൂടെ കൂടുതൽ ദുരിതമാണുണ്ടാവുക. ഖുർആൻ പറയുന്നു: എന്നാൽ ആർ സുകൃതവാനായി സർവസ്വം അല്ലാഹുവിന് സമർപ്പിക്കുന്നുവോ അവന് തൻ്റെ നാഥൻ്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവർക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല. 2:112

4. ഭയവും വിഭ്രാന്തിയും നീങ്ങാനുള്ള മറ്റൊരു മാർഗ്ഗമാണ് ജനങ്ങൾക്ക് പ്രയോജനകരമായ രൂപത്തിൽ ചിലവഴിക്കുക എന്നത്. ഖുർആൻ പറയുന്നു: അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യന്നുമില്ല; അത്തരക്കാർക്ക് അവരുടെ നാഥൻ്റെ അടുക്കൽ അർഹമായ പ്രതിഫലമുണ്ട്. അവർ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. 2:262

5.ഒരു ദിവസത്തിൻ്റെ പല സമയങ്ങളിലായി, രഹസ്യമായും പരസ്യമായും ധനം ചിലവഴിക്കുന്നത് ഭയം നീങ്ങാൻ കാരണമാവുമെന്ന് ഖുർആൻ പറയുന്നു: രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവർക്ക് അവരുടെ നാഥൻ്റെ അടുക്കൽ അവരർഹിക്കുന്ന പ്രതിഫലമുണ്ട്. അവർക്കോന്നും പേടിക്കാനില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. 2:274

6. ദു:ഖനിവാരണത്തിനുള്ള മറ്റൊരു പരിഹാരമാണ് നമസ്കാരം നിർവ്വഹിക്കുക എന്നത്. ഖുർആൻ പറയുന്നു: സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്തവർക്ക് തങ്ങളുടെ നാഥൻ്റെ അടുക്കൽ അവരർഹിക്കുന്ന പ്രതിഫലമുണ്ട്. അവർ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല. 2:277

7. അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ, രക്തസാക്ഷ്യത്തിലൂടെ അമരത്വംവരിക്കലാണ് മറ്റൊരു വഴി. ഖുർആൻ പറയുന്നു: അല്ലാഹുവിൻ്റെ മാർഗത്തിൽ വധിക്കപ്പെട്ടവർ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവർ തങ്ങളുടെ നാഥൻ്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ജീവിത വിഭവം നിർലോഭം ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹു അവർക്കു നൽകിയ അനുഗ്രഹത്തിലവർ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നത്തെിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവർ സംതൃപ്തരാണ്. അവർക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലന്നെതിനാലാണിത്. 3: 169, 170

8. ഭയവും പേടിയും ഇല്ലാതിരിക്കാൻ ശരിയായ വിശ്വാസം സ്വീകരിക്കണമെന്നും കർമ്മങ്ങൾ അല്ലാഹുവും റസൂലും കൽപിച്ചതിനനുസരിച്ചും അവൻ്റെ പ്രീതി ആർജ്ജിക്കാനുമായിരിക്കണം അനുഷ്ടിക്കേണ്ടതെന്ന് ഖുർആൻ ഉണർത്തുന്നു: ഖുർആൻ നൽകുന്ന നിർദ്ദേശം കാണുക: ….. സത്യവിശ്വാസം സ്വീകരിക്കുകയും കർമങ്ങൾ കുറ്റമറ്റതാക്കുകയും ചെയ്യന്നവർക്ക് ഒന്നും പേടിക്കാനില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. 6:49

9. അല്ലാഹുവിനോട് ഭക്തിപുലർത്തലാണ് ദു:ഖനിവാരണത്തിനുള്ള മറ്റൊരു മാർഗ്ഗമെന്ന് ഖുർആൻ പറയുന്നു: “ഭക്തിപുലർത്തുകയും തങ്ങളുടെ നടപടികൾ നന്നാക്കിത്തീർക്കുകയും ചെയ്യന്നവർ പേടിക്കേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല.’ 7:35

10. ഖുർആൻ പറയുന്ന മറ്റൊരു കാര്യം ഇതാണ്: “അറിയുക: അല്ലാഹുവിൻ്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. 10:62

11. ദു:ഖനിവാരണത്തിനുള്ള മറ്റൊരു ശക്തമായ രീതി ഇതാണ്: ‘ഞങ്ങളുടെ നാഥൻ അല്ലാഹുവാണെ’ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നിൽക്കുകയും ചെയ്തവരുടെ അടുത്ത് തീർച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: ”നിങ്ങൾ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്വർഗത്തെ സംബന്ധിച്ച ശുഭവാർത്തയിൽ സന്തുഷ്ടരാവുക. 40:31
ഖുർആൻ നൽകുന്ന ഈ നിർദ്ദേശങ്ങൾ പാലിച്ച് ജീവിച്ചാൽ ദു:ഖം,ഭയം, പേടി, വിഭ്രാന്തിയൊന്നുമില്ലാതെ ജീവിക്കാൻ കഴിയും.

Related Articles