Current Date

Search
Close this search box.
Search
Close this search box.

ഖുർആനും കഥകളും

എന്തിനാണ് ഖുർആൻ കഥകൾ ഉദ്ധരിക്കുന്നതും, ഒരേ കഥകൾ തന്നെ ആവർത്തികുന്നതും.? ഇത്രയേറെ കഥകൾ പ്രവാചകനോട്‌ പറഞ്ഞിട്ടെന്തു കാര്യം.?

വിശുദ്ധ ഖുർആനിൽ ധാരാളം കഥകൾ നമുക്ക് കാണാൻ കഴിയും. ആ കഥകളുടെയെല്ലാം പ്രാധാന്യം അത് ആഴത്തിൽ വായിക്കുമ്പോഴാണ് ബോധ്യപ്പെടുക. ഓരോ കഥയുടെ പുറകിലും പ്രപഞ്ച നാഥന്റെ കൃത്യമായ ആസൂത്രണ മികവും യുക്തിബോധവും പാഠങ്ങളും നമുക്ക് ദർശിക്കാനാകും. ഇന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ പൊതുവെ പറയാറുണ്ട്, ഏതൊരു സദസ്സിനെയും കയ്യിലെടുക്കാൻ ഒരു കഥപറഞ്ഞാൽ മതിയെന്ന്. മാത്രവുമല്ല, ഇന്ന് ഒട്ടുമിക്ക പ്രാസംഗികരും തങ്ങളുടെ സംസാരം തുടങ്ങുന്നത് തന്നെ കഥ കൊണ്ടായിരിക്കും. ചുരുക്കത്തിൽ എല്ലാ മനുഷ്യരും കഥകൾ നന്നായി ഇഷ്ടപ്പെടുന്നവരാണ്. എന്തിനാണ് വിശുദ്ധ ഖുർആനിൽ ഇത്രയേറെ കഥകൾ അല്ലാഹു നൽകുന്നത്. മൊത്തത്തിൽ പുറമെയുള്ള കഥകളെല്ലാം തന്നെ മിക്കതും ആസ്വാദനത്തിനും വിനോദത്തിനും വേണ്ടിയാണ് ഉപയോഗിക്കാറ്. പക്ഷെ, വിശുദ്ധ ഖുർആന്റെ അവതരണം മാനവരാശിക്ക് മാർഗ്ഗദർശനമായിട്ടുള്ളതാണ്. കേവലം വിനോദത്തിനും ആസ്വാദനത്തിനും വേണ്ടിയുള്ളതല്ല ഖുർആനും ഖുർആനിൽ പ്രതിപാദിച്ച കഥകളും. വിശുദ്ധ ഖുർആൻ കഥകൾ പറയുന്നതിന്റെ ലക്ഷ്യം മനുഷ്യന് അതിൽ നിന്നും ധാരാളം പാഠങ്ങളും ഉൽബോദനങ്ങളും കിട്ടുവാൻ വേണ്ടിയാണ്. ഈയൊരു ബോധ്യത്തോടെയാണ് വിശുദ്ധ ഖുർആനിലെ കഥകളെ നാം നോക്കിക്കാണേണ്ടത്.

ഇതിനോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ പറയപ്പെട്ട കഥകളെല്ലാം അല്ലാഹു റസൂൽ (സ)യോട് എന്തിനു പറഞ്ഞു എന്നതാണ്. നാം പരിശോധിക്കുകയാണെങ്കിൽ മുൻകാല പ്രവാചകന്മാരുടെ ചരിത്രങ്ങളെല്ലാം തന്നെ നബി (സ)ക്ക് ലഭിക്കുന്നത് മക്കീ കാലഘട്ടത്തിൽ വെച്ചാണ്. അതുകൊണ്ട് തന്നെ മുൻ കാല പ്രവാചകന്മാരിൽ ആരെങ്കിലും ഒരാളുടെ ചരിത്രം ഏതെങ്കിലുമൊരു സൂറത്തിൽ വിശദമായി പ്രതിപാദിക്കുന്നുവെങ്കിൽ അത് പരിശോദിച്ചാൽ മനസ്സിലാകും ആ സൂറ 99%വും മക്കീ സൂറത്തായിരിക്കും. പ്രവാചകന് ഏറ്റവും കൂടുതൽ കൈപ്പേറിയ കാലം എന്നത് മക്കയിലുള്ള 13 വർഷക്കാലമായിരുന്നു. ആ കാലഘട്ടത്തിലാണ് പൂർവ്വ കാല പ്രവാചകന്മാരുടെ ചരിത്രങ്ങൾ മിക്കതും അല്ലാഹു പ്രവാചകന് നൽകിയത്. യഥാർത്ഥത്തിൽ പ്രവാചകന് നൽകിയ നാഥന്റെ ആശ്വാസ വാക്കുകളായിരുന്നു ആ കഥകളെല്ലാം തന്നെ. അതായത് അല്ലയോ പ്രവാചകരെ, താങ്കൾ മാത്രമല്ല ഈ പീഢനങ്ങളൊക്കെ സഹിക്കേണ്ടി വന്നത്, താങ്കളുടെ മുൻഗാമികളും അനുഭവിച്ചിരുന്നു ഈ കഠിനമായ പ്രയാസങ്ങളും ദുരിതങ്ങളുമൊക്കെ, എന്ന ധ്വനി ആ കഥകളിലെല്ലാം തന്നെ പ്രതിഫലിക്കുന്നത് നമുക്ക് കാണാം.

എന്തിനാണ് ഖുർആൻ കഥകൾ നൽകുന്നത് എന്നത് ഖുർആൻ തന്നെ സൂറത്തുൽ ഹൂദിന്റെ 120-ാം വചനത്തിൽ വ്യക്തമാക്കുന്നു;
” وَكُلࣰّا نَّقُصُّ عَلَیۡكَ مِنۡ أَنۢبَاۤءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَاۤءَكَ فِی هَـٰذِهِ ٱلۡحَقُّ وَمَوۡعِظَةࣱ وَذِكۡرَىٰ لِلۡمُؤۡمِنِینَ “.
(ദൈവദൂതൻമാരുടെ വൃത്താന്തങ്ങളിൽ നിന്ന് നിൻറെ മനസ്സിന് സൈ്ഥര്യം നൽകുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാർത്ഥ വിവരവും, സത്യവിശ്വാസികൾക്ക് വേണ്ട സദുപദേശവും, ഉൽബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്‌.) ചുരുക്കത്തിൽ മനുഷ്യമനസ്സിന് സ്ഥൈര്യം നൽകാനാണ് അല്ലാഹു ചില പാഠങ്ങളും സന്ദേശങ്ങളും കഥകളിലൂടെ നൽകുന്നത്. ഓരോ കഥകൾ പരിശോധിച്ചാലും ആ ധന്യമായ ജീവിതത്തോട് മനോഹരമായി പൊരുത്തപ്പെടുന്നത് കാണാം. തുറന്ന് വെച്ച പുസ്തകമല്ലേ എന്ന് നബി (സ)യുടെ ജീവിതം ആർക്കും പരിശോധിക്കാം.

സൂറ: ത്വാഹാ അല്ലാഹു പ്രവാചകന് നൽകുന്നത് മക്കീ കാലഘട്ടത്തിൽ വെച്ചാണ്. നമുക്കറിയാം ഹിറാ ഗുഹയിലേക്ക് ആദ്യമായി ജിബ് രീൽ (അ ) കടന്നുവരുമ്പോൾ റസൂൽ (സ) ഭയന്ന് വിറക്കുന്ന ഒരു രംഗവും തുടർന്നുണ്ടാകുന്ന കാര്യങ്ങളെല്ലാം തന്നെ നമ്മുടെ മുന്നിലുണ്ട്. സൂറത്തു:ത്വാഹയിൽ മൂസാ നബി (അ) അതേ രൂപത്തിൽ സീനാ പർവ്വതനു സമീപം നടക്കുമ്പോൾ يا موسى എന്ന് പ്രപഞ്ച നാഥൻ വിളിക്കുമ്പോൾ മൂസാ (അ)മും ഭയന്ന് വിറക്കുന്ന ചില രംഗങ്ങളും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് സൂറത്തിന്റെ ആദ്യ ഭാഗത്ത് നാം കാണുന്നത്.

സ്വന്തം ജീവിതം ആ കഥയിലൂടെ പ്രവാചകൻ കാണുകയായിരുന്നു. അതുപോലെ തന്നെ ഹിജ്റക്ക് മുമ്പ് നബി (സ)ക്ക് നൽകപ്പെട്ട സൂറത്തുകൾ, ഉദാ: സൂറത്തുൽ കഹ്ഫ്. അതിൽ നല്ലവരായ ആ ചെറുപ്പക്കാരുടെ കഥ നമുക്ക് സുപരിചിതമാണ്. ആ ചെറുപ്പക്കാർ പറയുന്ന വർത്തമാനം ഖുർആനിന്റെ രീതിയിൽ ആവിഷ്കരിക്കുന്നുണ്ട്;
” وَرَبَطۡنَا عَلَىٰ قُلُوبِهِمۡ إِذۡ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ لَن نَّدۡعُوَا۟ مِن دُونِهِۦۤ إِلَـٰهࣰاۖ لَّقَدۡ قُلۡنَاۤ إِذࣰا شَطَطًا”.
( ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങൾ പ്രാർത്ഥിക്കുന്നതേയല്ല, എങ്കിൽ (അങ്ങനെ ഞങ്ങൾ ചെയ്യുന്ന പക്ഷം) തീർച്ചയായും ഞങ്ങൾ അന്യായമായ വാക്ക് പറഞ്ഞവരായി പോകും എന്ന് അവർ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദർഭത്തിൽ അവരുടെ ഹൃദയങ്ങൾക്കു നാം കെട്ടുറപ്പ് നൽകുകയും ചെയ്തു.)

അവർ ഈ പ്രഖ്യാപനം നടത്തിയത് കാരണം ആ നാട്ടിലുള്ള ഭരണാധികാരി അവരെ വധിക്കാൻ ഉത്തരവിടുന്നു. അങ്ങനെ ആ ചെറുപ്പക്കാർ ഒരു ഗുഹയിൽ അഭയം പ്രാപിക്കുന്നന്നു. ആ ഗുഹയിൽ സുദീർഘകാലം അല്ലാഹു അവരെ ഉറക്കി കിടത്തി സംരക്ഷിച്ച കഥയെല്ലാം നമുക്ക് മുന്നിലുണ്ട്. ഇത് നബി (സ)യുടെ ജീവിതവുമായി ചേർത്ത് ചിന്തിക്കുകയാണെങ്കിൽ നമുക്കറിയാം, പ്രവാചകൻ ഇതേ തൗഹീദ് പ്രഖ്യാപിച്ചതിന്റെ പേരിലാണ് ആ നാട്ടിലെ ഭരണാധികാരികൾ പ്രമാണിമാർ റസൂലി(സ)നെ വധിക്കാൻ ഒരുങ്ങിയത്. പിന്നീട് പ്രവാചകനും അബൂബക്കർ(റ)ഉം ഹിജ്റ പോകുന്നു. അവർ ഇരുവരും ഇതേ രൂപത്തിൽ സൗർ ഗുഹയിൽ അഭയം പ്രാപിക്കുന്നു. പടച്ച റബ്ബിന്റെ കൃത്യമായ എല്ലാ കരുതലും സംരക്ഷണവുമാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. എത്ര മനോജ്ഞമാണീ സാദൃശ്യം.!! ആ ചരിത്രത്തിലുടനീളം നബി (സ) സ്വന്തം ജീവിതം പ്രതിഫലിക്കുന്നതായിട്ടും ആ കഥകൾ വായിക്കുമ്പോൾ തനിക്ക് ആശ്വാസവും അനുഭവപ്പെടുന്നു.

മാത്രവുമല്ല, റസൂൽ (സ)യുടെ ജീവിതത്തിൽ വ്യസനം കഠിനമായി കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലായിരുന്നു അല്ലാഹു സൂറത്ത്: യൂസുഫ് നൽകുന്നത്. ഹിജ്‌റ 10-ാം വർഷമായിരുന്നു പ്രവാചകന്റെ അത്താണിയായിരുന്ന, പ്രവാചകന് പുറത്ത് സംരക്ഷണമേകിയിരുന്ന അബൂ ത്വാലിബും അകത്ത് എല്ലാ വിധ ആശ്വാസവും സംരക്ഷരണവും കൊടുത്തിരുന്ന പ്രിയപത്നി ഖദീജ (റ)യും മരണപ്പെടുന്നത്. അങ്ങനെ പ്രധാനപ്പെട്ട രണ്ട് സംരക്ഷരണവും നഷ്ടപ്പെടുന്നു. പിന്നീട് ഒരു ആശ്വാസത്തിന് വേണ്ടിയായിരുന്നു പ്രവാചകൻ ത്വാഇഫിലേക്ക് യാത്രയായത്. എന്നാൽ അവിടെ റസൂലിന് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ക്ലേശമേറിയ അനുഭവമായിരുന്നു. പിൽക്കാലത്ത് ആയിശാ (റ) ചോദിക്കുന്നുണ്ട്; പ്രവാചകരെ, താങ്കളുടെ ജീവിതത്തി ഏറ്റവും വ്യസനമുണ്ടാക്കിയ ഘട്ടം ഏതാണ് ഉഹ്ദാണോ? എന്ന് ചോദിക്കുമ്പോൾ പ്രവാചകൻ പറയുന്നത്; എന്റെ ജീവിതത്തിൽ ഏറ്റവും ദുഃഖമുണ്ടാക്കിയ ഘട്ടം ത്വാഇഫായിരുന്നു ആയിശാ. കാരണം താഇഫ് പ്രവാചന് മാനസികമായും ശാരീരികമായും മുറിവേൽപ്പിച്ചിരുന്നു. ശാരീരിക മുറിവിനേക്കാൾ ഉണങ്ങാൻ പ്രയാസമാണ് മാനസിക മുറിവുകൾ. ഈ ത്വാഇഫും സംഭവിക്കുന്നത് ഇതേ വർഷം തന്നെ. ഒരേ വർഷം തന്നെ മൂന്ന് ദുഃഖങ്ങളിലൂടെ പ്രവാചകൻ കടന്നുപോകുന്നു. ഇതിനെയാണ് ചരിത്രകാരന്മാർ عام الحزن എന്ന് വിശേഷിപ്പിച്ചത്. ഈ ദുഃഖ വർഷത്തിലാണ് ആശ്വാസമായി കൊണ്ട് അല്ലാഹു സൂറത്ത് : യൂസുഫ് റസൂലിന് നൽകുന്നത്. നബി (സ) അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രണ്ട് പ്രവാചകന്മാരെ നമുക്കാ സൂറയിൽ കാണാം.

وَٱبۡیَضَّتۡ عَیۡنَاهُ مِنَ ٱلۡحُزۡنِ فَهُوَ كَظِیمࣱ..
( ദുഃഖം നിമിത്തം അദ്ദേഹത്തിൻറെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്‌.) വ്യസനത്തിന്റെ കാഠിന്യം കാരണം കാഴ്ച നഷ്ടപ്പെട്ടു പോയ ഒരു പ്രവാചകനെ ഖുർആൻ ഇവിടെ ചിത്രീകരിക്കുകയാണ്. മാത്രവുമല്ല യൂസുഫ് (അ)ന് സ്വന്തം സഹോദരന്മാരിൽ നിന്നും പീഡനമനുഭവിക്കേണ്ടി വരുമ്പോൾ, ഇവിടെ നബി (സ)യ്ക്കും സ്വന്തം അനുയായികളിൽ നിന്നും തന്നെയാണ് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നത്. യൂസുഫ് നബി (അ) മറ്റൊരു നാട്ടിൽ അഥവാ ഈജിപ്തിൽ എത്തുന്നതോടെ സാഹചര്യങ്ങൾ മാറിമറിയുകയാണ്. അതേസമയം നബി (സ) മദീനയിൽ എത്തുന്നതോടെയും സാഹചര്യങ്ങൾ നബിക്ക് അനുകൂലമാകുന്നു. ഒടുവൽ യൂസുഫ് (അ)യ്ക്ക് ഈജിപ്തിൽ അധികാരവും റസൂൽ (സ)യ്ക്ക് മക്കൻ ഫതഹും കൊടുത്ത് അല്ലാഹു അനുഗ്രഹിക്കുന്ന ചിത്രമാണ് നാം കാണുന്നത്. ഈ രണ്ട് പ്രവാചകന്മാരുടെ സാദൃശ്യത്തെപ്പറ്റി മാത്രം ഗഹനമായി ചർച്ച ചെയ്യേണ്ടതാണ്.

കഥകളുടെ രണ്ടാമത്തെ ലക്ഷ്യം സൃഷ്ടാവിൽ നിന്നും സൃഷ്ടികൾക്കുള്ള പാഠങ്ങളും സന്ദേശങ്ങളുമാണ്.
وَمَوۡعِظَةࣱ وَذِكۡرَىٰ لِلۡمُؤۡمِنِینَ..
വിശ്വാസികളെ സംബന്ധിച്ചിടുത്തോളം ആ കഥകളിലൂടെയെല്ലാം തന്നെ ഉൽബോദനവും ഉപദേശങ്ങളുമാണ് അല്ലാഹു നൽകുന്നത്. കഥകളിലൂടെ മഹത്തായ ചില സന്ദേശങ്ങൾ വിശ്വാസികളെ പഠിപ്പിക്കുകയാണ് പടച്ച റബ്ബ് യഥാർത്ഥത്തിൽ ചെയ്യുന്നത്. വിശുദ്ധ ഖുർആനിലെ കഥകളുടെ ഘടന തന്നെ വളരെ അത്ഭുതപ്പെടുത്തുന്നതാണ്. വിശുദ്ധ ഖുർആനിൽ ഒരു കഥ തന്നെ പൂർണമായും ഒരു സ്ഥലത്ത് പരാമർശിക്കുന്നത് നമുക്ക് കാണാൻ സാധിക്കില്ല. ഇതിൽ നിന്നും വ്യത്യസ്ഥമായത് സൂറത്ത് യൂസുഫാണ്, അതിന് പ്രത്യേക കാരണങ്ങളും ഉണ്ട്. ഉദാ: മൂസ (അ) യുടെ ചരിത്രം ഇരുപതിലേറെ സ്ഥലങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്. മാത്രവുമല്ല, ആദം (അ) യുടെയും ഇബ് ലീസിന്റെയും സംഭവം ഏഴിലധികം വ്യത്യസ്ഥ ഭാഗങ്ങളിലായി കിടക്കുന്നു. സൂറ: അൽബഖറുടെ ആദ്യ ഭാഗത്ത് കഥയുടെ ആദ്യ ഭാഗം പ്രതിപാതിക്കുമ്പോൾ കഥയുടെ രണ്ടാം ഭാഗം ഖുർആൻ വിവരിക്കുന്നത് സൂറ: അഅ്റാഫിലാണ്. ഇതേ രൂപത്തിലാണ് വിശുദ്ധ ഖുർആനിൽ നമുക്ക് കഥകൾ കാണാൻ കഴിയുക. ഈ കഥകളെല്ലാം തന്നെ ഒരുമിച്ചു ചേർത്തു കൊണ്ടാണ് ചില പണ്ഡിതന്മാർ قصص الأنبياء പോലുളള ഗ്രന്ഥങ്ങൾ രചിക്കുന്നത്. പക്ഷെ, എന്തുകൊണ്ടാണ് അല്ലാഹു പൂർണമായും ഒരു സ്ഥലത്ത് തന്നെ കഥ പറഞ്ഞ് തീർക്കാതിരുന്നത്.? സ്വാഭാവികമായും ചിന്തിക്കുന്ന ആരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഉദാ: സൂറത്ത് മൂസ എന്നൊരു സൂറത്തിറക്കി മൂസ (അ) യുടെ ചരിത്രം മുഴവൻ ആ സൂറത്തിൽ അല്ലാഹുവിന് പ്രതിപാതിച്ചാൽ മതിയായിരുന്നില്ലേ.! പക്ഷെ, എന്തുകൊണ്ട് അങ്ങനെ വ്യത്യസ്ഥ സ്ഥലങ്ങളിൽ പരാമർശിച്ചു. ഇതിനുള്ള മറുപടി ഞാൻ തുടക്കം സൂചിപ്പിച്ചത് പോലെ ഖുർആൻ കഥ പറയുന്നത് കേവലം ആസ്വാദനത്തിനോ വിനോദത്തിനോ കഥ പറയാൻ വേണ്ടിയോ അല്ല. മറിച്ച് ആ കഥകളിലൂടെ ചില പ്രധാനപ്പെട്ട സന്ദേശങ്ങളും ഉപദേശങ്ങളും പഠിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഇന്ന് ഏത് പ്രയാസമുള്ള കാര്യവും ഒരു കഥയിലൂടെ കുട്ടികൾക്ക് അദ്ധ്യാപകൻ പറഞ്ഞ് കൊടുത്താൽ അത് പെട്ടന്ന് അവർക്ക് മനസ്സിലാകും. ഖുർആനെന്ന നമ്മുടെ പ്രഥമ അദ്ധ്യാപകൻ അതാണ് ചെയ്യുന്നത്. ഉദാ: തൗഹീദുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ഭാഗത്ത് അല്ലാഹു ഇബ്രാഹിം (അ) യുടെ കഥ കൊണ്ടുപോയി ഫിറ്റു ചെയ്യും. ആ ബിംബങ്ങളെ തകർക്കുന്ന കഥ അല്ലാഹു അവിടെ മനോഹരമായി വിവരിക്കുന്നു. അതു കൊണ്ട് തന്നെ പറയുന്ന യാഥാർത്ഥ്യം ശ്രോതാവിന് ഒരു പ്രാക്ടിക്കൽ പോലെ അനുഭവപ്പെടുന്നു. അല്ലെങ്കിൽ ക്ഷമ എന്ന ഒരു കാര്യത്തെ പറ്റി സംസാരിക്കുമ്പോൾ ക്ഷമ എന്നത് ഒരു തിയറിയാണ്. പൂർവ്വ കാല പ്രവാചകന്മാരുടെ ക്ഷമയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഭാഗം അല്ലാഹു അവിടെ ഉദ്ധരിക്കും..

ഇനി വിശുദ്ധ ഖുർആൻ കഥകൾ പറയുന്നതിന്റെ ശൈലി തന്നെ പരിശോധിച്ചാൽ അതും അത്ഭുതകരമാണ്. സൃഷ്ടാവിന്റെ ഗ്രന്ഥമായതു കൊണ്ട് തന്നെ ലോകത്തിറങ്ങിയ ഒരു ഗ്രന്ഥത്തിലുമില്ലാത്ത ശൈലിയാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. വിമർശകരായിട്ടുള്ള ചില ആളുകൾ പലപ്പോഴും ചോദിക്കാറുള്ളതാണ്.; നബി (സ) പൂർവ്വ കാല വേദ ഗ്രന്ഥങ്ങളിൽ നിന്നും കോപ്പിയടിച്ചതാണ് വിശുദ്ധ ഖുർആനിലെ കഥകളെന്ന്. ഈ രൂപത്തിലുള്ള ആരോപണങ്ങൾ ഇന്നും മിഷണറിമാരായിട്ടുള്ള ചില ആളുകൾ യഥാർത്ഥ കഥയറിഞ്ഞിട്ടും കഥയറിയാത്തത് പോലെ ചോദിക്കാറുണ്ട്. ഏതൊരാൾക്കും ബൈബിളിലെയും ഖുർആനിലെയും ഏതെങ്കിലുമൊരു കഥയെടുത്ത് പഠന വിധേയമാക്കിയാൽ ഈ വക ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലാ എന്ന് മനസ്സിലാകും. ഉദാ: മൂസാ (അ)യുടെകാലത്ത് ആരാധന നടത്തുവാൻ പശുക്കുട്ടിയുടെ പ്രതിമരൂപം ഉണ്ടാക്കിയത് മൂസ (അ) യുടെ സഹോദരൻ ഹാറൂനാണെന്നാണ് ബൈബിൾ. അതല്ല, സാമിരിയ്യാണെന്നാണ് ഖുർആൻ. ഇങ്ങനെ തുടങ്ങി ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയും. മാത്രവുമല്ല ഖുർആൻ ഖുർആന് മാത്രമുള്ള അതിമനോഹരമായ ശൈലിയിലുമാണ് കഥകൾ ഉദ്ധരിക്കുന്നതും. ഒരൊറ്റ ഉദാഹരണം സൂചിപ്പിക്കാം : സൂറത്ത് യൂസുഫ് നമുക്കറിയാം അതി മനോജ്ഞമായിട്ടുള്ള കഥയാണ്. ആ കഥ നാം പരിശോധിക്കുമ്പോൾ എത്രയെത്ര കഥാപാത്രങ്ങളാണ് ആ കഥയിലൂടെ നാം കാണുന്നത്. ആദ്യത്തിൽ യുസുഫ് (അ) , പിന്നീട് സഹോദങ്ങൾ, അതും കഴിഞ്ഞ് കച്ചവടക്കാർ , ചന്തക്കാർ , രാജാവും രാജാവിന്റെ വീട്ടിലുള്ള ആളുകളും, ജയിലിൽ സ്വപ്നം പങ്കു വെക്കുന്ന രണ്ടാളുകൾ ഇങ്ങനെ തുടങ്ങി ധാരാളം കഥാപാത്രങ്ങളാണ് സൂറത്തു യൂസുഫിൽ വരുന്നത്. പക്ഷെ, ഖുർആൻ പേര് പരാമർശിക്കുന്നത് രണ്ടേ രണ്ടാളുകളുടെ മാത്രം. യഅ്ഖൂബ് (അ) യുടെയും യൂസുഫ് (അ) യുടെയും..! വേറെ ഒരാളുടെ പേരുപോലും അല്ലാഹു അവിടെ ഉപയോഗിച്ചില്ല. അതേസമയം ബൈബിളിൽ ഒരു പാട് പേരുകൾ ഉദ്ധരിക്കുന്നത് കൊണ്ട് വായനക്കാർക്ക് മാറിപ്പോകാൻ സാധ്യതയുണ്ട്. വളരെ മർമ്മപ്രധാനമായ ആളുകളുടെ പേരും, പറയുന്ന കാര്യവും ആറ്റിക്കുറിക്കിയാണ് ഖുർആൻ കഥകൾ സമർപ്പിക്കുന്നത് എന്നതാണ് പറഞ്ഞതിന്റെ ചുരുക്കം. മോഡേൺ സാഹിത്യത്തിൽ Ellipsis എന്നറിയപ്പെടുന്ന പ്രക്രിയയാണിത്. അനുവാചകനെ അനുഭവിപ്പിക്കുന്ന രീതിയിലുള്ള വിശുദ്ധ ഖുർആനിലെ കഥകൾ എല്ലാ അർത്ഥത്തിലും വ്യതിരിക്തമാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles