നിങ്ങളുടെ കൈവശമുള്ള ഒരു വസ്തുവെപ്പറ്റി, അത് വെളുത്തതാണെന്ന് ഒരാള്‍ പറയുന്നു. കറുത്തതാണെന്ന് രണ്ടാമതൊരാള്‍ അഭിപ്രായപ്പെടുന്നു. പച്ചയാണെന്ന് മൂന്നാമത്തെയാളും മഞ്ഞയാണെന്ന് നാലാമത്തെയാളും പറയുന്നു. നാലഭിപ്രായങ്ങളും ഒരുപോലെ സത്യമാണെന്ന് താങ്കള്‍ക്ക് സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ല. ഇതേപോലെ, ഒരാള്‍ ഒരുപ്രവൃത്തിയെ വാഴ്ത്തുകയും അത് കല്പിക്കുകയും ചെയ്യുന്നു. മറ്റൊരാള്‍, അതേ പ്രവൃത്തിയെ മോശമായി കാണുകയും വിലക്കുകയും ചെയ്യുന്നു. രണ്ടുപേരുടെയും നിലപാടുകള്‍ ഒരുപോലെ ശരിയാണെന്ന് സമ്മതിച്ചുകൊടുക്കാനും സാധ്യമല്ല. ബുദ്ധിയെ സ്നേഹിക്കുകയും സത്യത്തിന്റെ മൂല്യം മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് പരസ്പരവിരുദ്ധങ്ങളായ നിലപാടുകളെയും അഭിപ്രായങ്ങളെയും ഏതെങ്കിലും കാരണത്താല്‍ ഒരുപോലെ അംഗീകരിക്കാന്‍ കഴിയില്ല. ചിലയാളുകള്‍ വിചാരിക്കുന്നത്, പരസ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ ശരിവെക്കുന്നതും സത്യമാണെന്ന് അംഗീകരിക്കുന്നതുമാണ് സഹിഷ്ണുത എന്നത്രെ. യഥാര്‍ഥത്തില്‍ അത് സഹിഷ്ണുതയല്ല, ഒരുതരം കാപട്യമാണ്. സഹിഷ്ണുത എന്നാല്‍ നമ്മുടെ വീക്ഷണത്തില്‍ അന്യരുടെ തെറ്റായ വിശ്വാസങ്ങളെയും പ്രവൃത്തികളെയും സഹിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത നിലപാട് സ്വീകരിക്കുകയുമാണ്. അന്യരെ അവരുടെ വിശ്വാസങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന് ഹിതകരമല്ലാത്ത മാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കുന്നതും സഹിഷ്ണുത തന്നെ. ജനങ്ങള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുംവിധമുള്ള ആദര്‍ശം സ്വീകരിച്ചു ജീവിക്കാന്‍ കഴിയുമാറ് ഈയൊരു നിലപാട് കൈക്കൊള്ളുന്നത് നല്ലതാണെന്നു മാത്രമല്ല, വ്യത്യസ്ത ജീവിത നിലപാടുകള്‍ സ്വീകരിച്ച ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സമാധാനാന്തരീക്ഷവും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതവുമാണ്. നാം സര്‍വഥാ വ്യക്തതയുള്ള ഒരു ആദര്‍ശം അംഗീകരിക്കുക, എന്നിട്ട് അതിനു വിരുദ്ധമായ ഇതര ആദര്‍ശങ്ങളെ അവയുടെ വക്താക്കളുടെ തൃപ്തി നേടാനായി സത്യപ്പെടുത്തുന്നതും നിങ്ങളെല്ലാവരും സത്യമാര്ഗത്തിലാണെന്നു പറയുന്നതും സഹിഷ്ണുതയല്ല, ശുദ്ധ കാപട്യമാണ്. പ്രശംസനീയവും സത്യസന്ധവുമായ സഹിഷ്ണുതാ നിലപാട് എന്തായിരിക്കണമെന്ന് ഖുര്‍ആനില്‍നിന്ന് വ്യക്തമാണ്:
‘അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന് അവരെ അറിയിക്കുന്നതാണ്.’ (അന്‍ആം: 108)
സത്യവിശ്വാസികളുടെ സവിശേഷതയായി ഖുര്‍ആന്‍ പറയുന്നു:”കള്ളസാക്ഷ്യം വഹിക്കാത്തവരാണവര്‍, അനാവശ്യ കാര്യങ്ങളുടെ അടുത്തുകൂടി പോവുമ്പോള്‍, മാന്യന്മാരായി നടന്നുപോകുന്നവരാണവര്.’ (ഫുര്‍ഖാന്‍: 72)
സത്യത്തിന് വിരുദ്ധമായ വ്യാജവും മിഥ്യയുമാണ് മൂലത്തിലെ ‘സൂര്’ എന്ന പദത്തിന്റെ വിവക്ഷ. ബഹുദൈവ വിശ്വാസവും സത്യനിഷേധവും അക്രമവും അധര്‍മവും ഉള്ള ഇടങ്ങളിലേക്കും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ഇടങ്ങളിലേക്കും ബോധപൂര്‍വം അവര്‍ സന്ദര്‍ശനം നടത്തുകയില്ല എന്നു സാരം.
‘മതത്തില്‍ ബലാല്‍ക്കാരമില്ല.’ (ബഖറ:256).
‘അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്പിക്കപ്പെട്ടതുപോലെ നേരെ നിലക്കൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്നുപോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാന്‍ വിശ്വസി
ച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മങ്ങളും.
ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്.” (ശൂറാ: 15 )
‘നീ നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടും സദുപദേശത്തോടും ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുകയും ചെയ്യുക.’ (നഹ്ല് :125)
മുകളിലെ സൂക്തങ്ങളില്‍ പരാമര്‍ശിച്ച നയനിലപാടുകളാണ് യഥാര്‍ഥ സഹിഷ്ണുത. സത്യത്തെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ശുദ്ധപ്രകൃതരെല്ലാം ഈ നിലപാടാണ് സ്വീകരിക്കുക. അയാള്‍ താന്‍ സത്യമെന്നു വിശ്വസിക്കുന്ന ആദര്‍ശത്തെ സത്യസന്ധമായും നിഷ്കളങ്കമായും വിശ്വസിച്ച് അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കും. സകലവിധ ധീരതയോടും അത് പ്രഖ്യാപിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യും. പക്ഷേ അത് മറ്റാരെയും വേദനിപ്പിക്കാതെയും ചീത്തപറയാതെയും ശപിക്കാതെയുമായിരിക്കും. അന്യരുടെ വിശ്വാസങ്ങളെ അഭിശംസിക്കാതെയായിരിക്കും. അവരെ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതില്നിന്ന് അയാള്‍ വിലക്കില്ല. തന്റെ ആദര്‍ശത്തിന്റെ മഹിമയും സത്യതയും
സമ്മതിച്ചു കിട്ടാന്‍ ആരെയും അയാള്‍ നിര്ബന്ധിക്കില്ല. സത്യത്തെ സത്യമെന്ന് അംഗീകരിക്കാതിരിക്കാനോ, മിഥ്യയെ മിഥ്യയെന്നറിഞ്ഞിട്ടും സത്യമാണെന്ന് വാദിക്കാനോ സത്യസന്ധനും ധീരനുമായ ഒരാള്‍ക്ക് കഴിയില്ല. ആളുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കപട നാടകമാടുന്നത് വളരെ വൃത്തികെട്ട ശീലമാണ്. ഇത്തരം പ്രീണനങ്ങള്‍ ധാര്‍മികമായി മാത്രമല്ല, പ്രായോഗികമായും നിഷ്പ്രയോജനകരമാണ്. കാരണം, അതിലൂടെ നേടിയെടുക്കണമെന്നാഗ്രഹിക്കുന്ന ലക്ഷ്യം വളരെ കുറച്ചു മാത്രമേ നേടാന്‍ കഴിയാറുള്ളൂ. നബി(സ)യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:
‘ജൂതന്മാരോ ക്രൈസ്തവരോ താങ്കളെ തൃപ്തിപ്പെടുകയില്ല. താങ്കള്‍ അവരുടെ മതം പിന്‍പറ്റുന്നതു വരെ. നബിയേ, താങ്കള്‍ പറയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ സന്മാര്ഗമാണ് സന്മാര്ഗം. താങ്കള്‍ക്ക് യഥാര്‍ഥ ജ്ഞാനം വന്നുകിട്ടിയ ശേഷം താങ്കള്‍ അവരുടെ ഇഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കാനോ സഹായിക്കാനോ ആരുമുണ്ടാവില്ല.’ (ബഖറ 120)
എല്ലാ മതങ്ങളും സത്യമാണെന്ന വിധി നിലനില്‍ക്കുന്നതല്ല. കാരണം, നിലവിലെ എല്ലാ മതങ്ങളുടെയും അടിസ്ഥാനങ്ങള്‍ തമ്മില്‍ ആകാശവും ഭൂമിയും കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസങ്ങളുണ്ട്. ചില മതങ്ങളില്‍ ദൈവം ഏകനാണ്. മറ്റു ചിലതില്‍ രണ്ടു ദൈവങ്ങളുണ്ട്. മറ്റൊരു മതത്തില്‍ മൂന്നു ദൈവങ്ങളാണ്. ചില മതങ്ങളില്‍ അതിലധികം ദൈവങ്ങളുണ്ട്. ദൈവമേ ഇല്ല എന്നാണ് ചില മതങ്ങളിലെ നിലപാട്. മേല്പറഞ്ഞ അഞ്ചുതരം മതങ്ങളും ഒരുപോലെ ശരിയാണെന്ന് വാദിക്കണമെങ്കില്‍ അസാമാന്യ ധാര്‍ഷ്ട്യം തന്നെ വേണം. ഒരു മതം മനുഷ്യനെ ദൈവത്തിന്റെ പദവിയിലേക്കുയര്‍ത്തുന്നു, രണ്ടാമത്തെ മതം ദൈവത്തെ മനുഷ്യതലത്തിലേക്ക് താഴ്ത്തുന്നു. മൂന്നാമതൊരു മതം മനുഷ്യനെ ദാസനും ദൈവത്തെ ദാസ്യനുമാക്കുന്നു. മറ്റൊരു മതം മനുഷ്യനില്‍ ദാസനെയോ ദൈവത്തെയോ സങ്കല്പിക്കുന്നേയില്ല. മേല്‍ നാലുമതങ്ങളെയും ഒരുപോലെ സത്യമാണെന്ന് അംഗീകരിക്കണമെന്ന് പറയുന്നത് എങ്ങനെയാണ് യുക്തിസഹമാവുക? ചില മതങ്ങള്‍ മോക്ഷത്തിന്റെ അച്ചുതണ്ടായി കര്‍മത്തെ മാത്രം കാണുന്നു. മറ്റു ചിലത് വിശ്വാസത്തെ മാത്രം ആധാരമാക്കുന്നു. മൂന്നാമത്തേത്, മോക്ഷം ലഭിക്കണമെങ്കില്‍ ആദര്‍ശവും കര്‍മവും ഒരുപോലെ പ്രധാനമാണെന്ന് സമര്‍ഥിക്കുന്നു. ഈ വ്യത്യസ്ത മതങ്ങളെല്ലാം ഒരേസമയം ശരിയാണെന്ന് എങ്ങനെയാണ് നാം സമ്മതിക്കുക? ഒരു മതം രക്ഷയുടെ മാര്‍ഗം ദുന്‍യാവിനും അവിടത്തെ ജീവിതത്തിനും അപ്പുറമാണെന്ന് വാദിക്കുന്നു. മറ്റൊരു മതം, ദുന്‍യാവിലെ ജീവിത സന്ധാരണത്തിനും ബഹളങ്ങള്‍ക്കും ഇടയിലൂടെ തന്നെയാണ് രക്ഷയുടെ മാര്‍ഗം തിരയേണ്ടതെന്ന് വാദിക്കുന്നു. ഈ രണ്ടു വീക്ഷണങ്ങളും എങ്ങനെയാണ് ഒരേസമയം സാധുവാകുക? ഇത്തരം പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളെ സത്യമെന്നും ശരിയെന്നും സാധുവെന്നും വിധിക്കുന്നതിനെ എങ്ങനെയാണ് ബുദ്ധിപരമെന്ന് സമ്മതിക്കുക?
വ്യത്യസ്ത മതങ്ങളിലെ പൊതു സങ്കല്പങ്ങള്
പല മതങ്ങളും പങ്കുവെക്കുന്ന പൊതുമൂല്യങ്ങളും സങ്കല്പങ്ങളുമുണ്ട്. പല മതങ്ങളിലും കാണുന്ന പൊതുമൂല്യങ്ങള്‍ പരമപ്രധാനമായ ഒരു യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതായത്, മതങ്ങളെല്ലാം ഒരേ അടിത്തറയില്‍നിന്നാണ് രൂപം കൊണ്ടിട്ടുള്ളത്. എല്ലാ അധ്യാപനങ്ങളുടെയും സങ്കല്പങ്ങളുടെയും ആദി തുടക്കം ഒന്നാണ്. വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും ഭാഷകളിലും ഈ പൊതു മൂല്യ യാഥാര്‍ഥ്യങ്ങള്‍ മനുഷ്യവംശത്തെ അറിയിച്ചത് ഒരേ ആദിസ്രോതസ്സ് തന്നെയാണെന്ന് മനസ്സിലാക്കാന്‍ നമ്മുടെ മുമ്പാകെ മാര്‍ഗമുണ്ട്. ലോകചരിത്രത്തില്‍ നൂറുകണക്കിനും ആയിരക്കണക്കിനും വര്‍ഷങ്ങളുടെ ഇടവേളകളിലായി എല്ലാ ജനവിഭാഗങ്ങള്‍ക്കും അവര്‍ക്കാവശ്യമായ ഉള്‍ക്കാഴ്ച ലഭിച്ചുപോന്നിട്ടുണ്ട്. ആ ഉള്‍ക്കാഴ്ചയിലൂടെ ഒരേ ഇനത്തിന്റെ പരസ്പര സാമ്യമുള്ള ഫലങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, മതങ്ങള്‍ അവയുടെ ആദി അടിത്തറയില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ പുറമെനിന്ന് അന്യ വിശ്വാസങ്ങളും സങ്കല്പങ്ങളും അവയിലേക്ക് കടന്നുകയറി. ശേഷം വന്നുചേര്ന്നവയൊന്നും നാം പറഞ്ഞ ആദിസ്രോതസ്സില്നിന്ന് വന്നവയല്ല. വിവിധ കാലങ്ങളില്‍
മനുഷ്യര്‍ തങ്ങളുടെ നിലവാരവും ബുദ്ധിയും വെച്ച് പടച്ചുണ്ടാക്കിയവയാണ്. ആദിസ്രോതസ്സ് അഥവാ ദൈവിക സ്രോതസ്സ് പരിഗണിക്കാതെ കാലാകാലങ്ങളില്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയവ അതുകൊണ്ടുതന്നെ വ്യത്യസ്തവും പരസ്രവിരുദ്ധങ്ങളുമായി
മാറി.
ആയതിനാല്‍ ഒരു കാര്യത്തെ പറ്റി അത് സത്യമാണെന്ന് വിധിക്കാമെങ്കില്‍, അത് എല്ലാ മതങ്ങളിലും കാണപ്പെടുന്നതും അവ പങ്കുവെക്കുന്നതുമായ അടിത്തറകളെ അടിസ്ഥാനമാക്കിയായിരിക്കണം – അല്ലാതെ, മതങ്ങള്‍ ഇന്ന് നിലനില്‍ക്കുന്ന വിശദാം
ശങ്ങളുടെ അടിസ്ഥാനത്തിലാവരുത്. അല്ലാഹു ഒന്നാണെന്നതും രണ്ടാണെന്നതും ദൈവങ്ങള്‍ പലതുണ്ടെന്നു പറയുന്നതും ഒരുപോലെ ശരിയാണെന്നു പറയാന്‍ കഴിയില്ല, എന്തുകൊണ്ടെന്നാല്‍ അത് സത്യമല്ല.
എല്ലാ മതങ്ങളും ഒരേ അടിത്തറയില്‍ നിന്നുണ്ടായവയാണ്. വിവിധ കാലങ്ങളിലായി വിവിധ മനുഷ്യസമൂഹങ്ങള്‍ക്ക് നല്‍കിയത് ഈ ഒരേ അടിത്തറയില്‍നിന്നുള്ള ദൈവിക ദര്‍ശനമാണ്. ഉദാഹരണമായി ഖുര്‍ആന്‍ പറയുന്നു:
‘എല്ലാ സമുദായങ്ങളിലും നാം ദൂതനെ അയച്ചിട്ടുണ്ട്.’ (നഹ്ല്:36)
‘ഒരു മുന്നറിയിപ്പുകാരന്‍ ഉണ്ടായിട്ടില്ലാത്ത ഒരു സമുദായവുമില്ല.’ (ഫാത്വിര്: 24)
‘അവര്‍ -പ്രവാചകന്മാര്- വ്യക്തമായ ദൃഷ്ടാന്തങ്ങളും വേദങ്ങളും പ്രകാശപൂര്ണ
മായ ഗ്രന്ഥവുമായും വന്നു.’ (ആലുഇംറാന്: 184)
‘നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളുമായി അയക്കുകയും അവര്ക്കൊ
പ്പം ഗ്രന്ഥവും ത്രാസും ഇറക്കുകയും ചെയ്തിരിക്കുന്നു.’ (ഹദീദ്: 25)
അതായത്, എല്ലാ നബിമാരും സന്ദേശം സ്വീകരിച്ചത് ഒരേയൊരു സ്രോതസ്സില്‍ നിന്ന് മാത്രമാണ്. എല്ലാവര്ക്കും നിര്‍വഹിക്കാനുണ്ടായിരുന്നത് ഒരേയൊരു ദൗത്യമായിരുന്നു താനും. അതിതാണ്: ‘നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. ദൈവേതര ശക്തികളെ വെടിയുക.’ (നഹ്ല്: 36)
എല്ലാ നബിമാര്‍ക്കും കിട്ടിയത് ഒരേയൊരു സന്ദേശമായിരുന്നു: ‘ഞാന്‍ -അല്ലാഹു- അല്ലാതെ ദൈവമില്ല എന്ന ദിവ്യസന്ദേശം നല്കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് നാം ഒരു ദൂതനെയും അയച്ചിട്ടില്ല.’ (അമ്പിയാഅ്: 25)
ഒരു ഖുര്‍ആന്‍ സൂക്തവും ദുര്‍വ്യാഖ്യാനങ്ങളും
സര്‍വമത സത്യവാദികളും സര്‍വവേദ സത്യവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും ദുര്‍വ്യാഖ്യാനിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം പരിശോധിക്കാം.
അല്ലാഹു പറയുന്നു: ‘(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ ജൂതരായവരോ നസ്രാണികളോ സ്വാബി
ഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാകുന്നതല്ല.’ (അല്‍ബഖറ: 62)
വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളെ അവ പ്രതിനിധീകരിക്കുന്ന ആശയങ്ങളില്‍നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. വ്യക്തവും ഖണ്ഡിതവുമായ വിധികളെ അവയുടെ യഥാര്‍ഥ ആശയത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് സ്വേഛകള്ക്കനുസരിച്ചും തങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടിയും ദുര്‍വ്യാഖ്യാനിക്കുകയാണ് ഇതിനായി സ്വീകരിച്ചുപോന്ന രീതി. മേല്‍സൂക്തത്തെ ദുര്വ്യാഖ്യാനിക്കുന്നതിലൂടെ ആധുനിക ദുര്‍വ്യാഖ്യാതാക്കള്‍ ലക്ഷ്യമിടുന്നത്, തന്റെ നേരായ പാതയിലേക്ക് അല്ലാഹു ഭൂവാസികളെ മുഴുവന്‍ ക്ഷണിക്കുന്നതിന്റെ അടിസ്ഥാനത്തെ തന്നെ തകര്‍ക്കുകയാണ്. തന്നെയുമല്ല, മാനവസമൂഹത്തിന്റെ സന്മാര്ഗത്തിനായി അല്ലാഹു സംവിധാനിച്ച അടിത്തറയെത്തന്നെ ഇളക്കി വീഴ്ത്താനാണ് അവരുടെ ശ്രമം. ഭൂമിയില്‍ മാനവവംശത്തിന്റെ ആവിര്‍ഭാവത്തിനുശേഷം അല്ലാഹു നബിമാരെ നിയോഗിച്ചതും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും ആ അടിത്തറയുടെ ബലത്തിലായിരുന്നല്ലോ.
ചരിത്രത്തില്‍ കഴിഞ്ഞുപോയ സത്യനിഷേധത്തിന്റെയും ദുര്മാര്ഗത്തിന്റെയും നേതാക്കള്‍ക്ക് കഴിയാത്തതാണ് മേല്‍സൂക്തത്തിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെ തല്‍കര്‍ത്താക്കള്‍ക്ക് സാധിച്ചത്. ഒന്നാമതായി ഇസ്ലാമാകുന്ന സത്യമതം സ്വീകരിക്കേണ്ടതില്ലെന്ന തെറ്റായ സന്ദേശം നല്കുന്നു. രണ്ടാമതായി, ഇസ്ലാമിന്റെ നിയന്ത്രണങ്ങളില്‍നിന്നും നിയമപരിധികളില്നിന്നും ഒഴിഞ്ഞുമാറാന്‍ തക്കം പാര്‍ത്തിരിക്കുന്ന കപടവിശ്വാസികള്‍ക്ക് തെറ്റായ വ്യാഖ്യാനത്തിലൂടെ ഖുര്‍ആനിന്റെ തന്നെ ഭാഷ എന്ന വ്യാജേന ഒഴിഞ്ഞുമാറാന്‍ അവസരമൊരുക്കുന്നു. മൂന്നാമതായി, ഇസ്ലാമിക വൃത്തത്തിനകത്തെ ഖുര്‍ആനിന്റെ സാക്ഷാല്‍ അനുയായികള്‍ക്കിടയില്‍, ഖുര്‍ആനും സുന്നത്തും നിഷേധിച്ചാലും പാരത്രികമോക്ഷം സാധ്യമാണ്, പ്രവാചകദൗത്യത്തിലോ വേദഗ്രന്ഥങ്ങളിലോ വിശ്വസിക്കേണ്ടതില്ല എന്ന തെറ്റായ സന്ദേശം നല്കുന്നു. മുസ്ലിം, യഹൂദി, ക്രിസ്ത്യാനി, സ്വാബി, ഹിന്ദു എന്നിവ തമ്മില്‍ പരിഗണനീയമായ ഭേദമില്ല എന്നുവരുന്നു.
ചുരുക്കത്തില്‍, ബഖറ 62-ാം സൂക്തത്തിന്റെ തെറ്റായ വ്യാഖ്യാനം ഇസ്ലാമിനെ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കുന്ന മാരക പ്രഹരമാണ്.
സൂക്തത്തിന്റെ യഥാര്‍ഥ വിവക്ഷ മനസ്സിലാക്കുന്നതിന് നാം ആദ്യമായി സൂക്തത്തിലെ ഓരോ പദവും പ്രത്യേകം പ്രത്യേകം പഠിക്കണം. ശേഷം, ഇതിലെ പ്രതിപാദ്യത്തിന്റെ വിശദാംശങ്ങള്‍ മറ്റു സൂക്തങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് കണ്ടെത്തണം.
1. ആദ്യമായി ‘തീര്‍ച്ചയായും വിശ്വസിച്ചവര്‍ (ഈമാന്‍ മാത്രമുള്ളവര്‍)….’ എന്നുപയോഗിച്ചു. ശേഷം, ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍’ എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ ‘തീര്‍ച്ചയായും വിശ്വസിച്ചവര്‍’ എന്ന് ആദ്യം പറഞ്ഞതിന്റെ വിവക്ഷ സമു
ദായം എന്ന അര്‍ഥത്തിലുള്ള മുസ്ലിംകളാണ്. ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍’ എന്നതിന്റെ വിവക്ഷ സമ്പൂര്‍ണവും സാധുവുമായ വിശ്വാസം ഉള്കൊണ്ടവര് അഥവാ യഥാര്‍ഥ വിശ്വാസികള്‍ എന്നും. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന കാലത്ത് വ്യാപകമായിരുന്ന വിഭാഗീയ വീക്ഷണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, വിശ്വാസി വിഭാഗത്തിലേക്ക് ചേരുന്നതിനാല്‍ മാത്രം വിശ്വാസികളായി അറിയപ്പെടുന്നവരെയും, യഥാര്‍ഥ ജീവിതത്തില്‍ സത്യസന്ധമായ നിലയില്‍ സത്യവി
ശ്വാസത്തിന്റെ സവിശേഷതകള്‍ കാത്തുസൂക്ഷിക്കുന്നവരെയും മേല്‍സൂക്തത്തില്‍ വേര്‍തിരിച്ചു പറയുന്നു. വ്യക്തികളെ നാം വിഭാഗീയമായി വീക്ഷിക്കുമ്പോള്‍, മുസ്ലിംകളില് പെട്ടയാളെ മുഅ്മിന് അഥവാ മുസ്ലിം എന്നു വിളിക്കുന്നു. അങ്ങനെ പറയുമ്പോള്‍, അയാള്‍ സത്യസന്ധമായ ഇസ്ലാമിക ജീവിതം നയിക്കുന്ന മുസ്ലിമാണെന്ന് അയാളെ പറ്റി നാം വിവക്ഷിക്കുന്നില്ല. ഇതുപോലെ യഹൂദ, ക്രൈസ്തവ, ബുദ്ധ മതവിഭാഗങ്ങളിലെ ആളുകളെ നാം അതത് വിഭാഗങ്ങളിലേക്ക് ചേര്‍ത്ത് യഹൂദന്, ക്രൈസ്തവന്, ബൗദ്ധന്‍ എന്നെല്ലാം വിളിക്കുന്നു. തങ്ങളുടെ മതങ്ങളില്‍ ധര്മനിഷ്ഠരായി ജീവിക്കുന്നവര്‍ എന്ന അര്‍ഥത്തിലല്ല അങ്ങനെ പ്രയോഗിക്കുന്നത്. ഇതുതന്നെയായിരുന്നു നബിയുടെ കാലത്തെയും സ്ഥിതി. ഇന്നയാള് മുഹമ്മദിന്റെ സംഘത്തിലെ ആളാണ്, ഇന്നയാള് ജൂതവിഭാഗത്തില്‍ പെട്ടയാളാണ്, ഇന്നയാള് ക്രൈസ്തവ വിഭാഗത്തില്‍ പെട്ടയാളാണ് എന്നൊക്കെയായിരുന്നു അന്ന് പ്രയോഗി
ച്ചിരുന്നത്. സത്യത്തില്‍ മുസ്ലിംകളല്ലാത്ത മുനാഫിഖുകളെയും മുസ്ലിം ഗണത്തിലായിരുന്നു പരിഗണിച്ചിരുന്നത്. അതുകൊണ്ട്, മേല്‍സൂക്തത്തിലെ ‘ഇന്നല്ലദീന ആമനൂ’ എന്നതിന്റെ വിവക്ഷ, മുസ്ലിം വിഭാഗത്തില്‍പെട്ടവര്‍ എന്നാണ്, അല്ലാതെ യഥാര്‍ഥ സത്യവിശ്വാസികള്‍ എന്നല്ല. കേവല സാമുദായികമായ ഈ അവസ്ഥയെ തള്ളിപ്പറയുകയാണിവിടെ ഖുര്‍ആന്‍. യഥാര്‍ഥത്തില്‍ താന്‍ പരിഗണനീയമായി കാണുന്നതെന്ത് എന്നു പറയുന്നതിനു മുമ്പായി വ്യത്യസ്ത വിഭാഗങ്ങളെ അല്ലാഹു പരാമര്‍ശിക്കുന്നു, ആദ്യമായി മുസ്ലിംകളെ പറ്റി പറഞ്ഞു. തുടര്‍ന്ന് മറ്റുള്ളവരെയും.
2. ‘യഹൂദികളായവര്’ എന്നാണ് പദപ്രയോഗം. നേരത്തെ മുസ്ലിംകളെക്കുറിച്ച് പറഞ്ഞതുപോലെതന്നെ, യഹൂദ വിശ്വാസ സംഹിത ആദര്‍ശമായി അംഗീകരിച്ച് നല്ലനിലയില്‍ മുന്നോട്ടു പോകുന്നവരല്ല ഇവിടെ വിവക്ഷ. (ഇവരെക്കുറിച്ച് വഴിയെ വരും). യഹൂദവിഭാഗത്തില് പെടുന്നവരെന്ന് പൊതുവെ പരിഗണിക്കപ്പെടുന്ന എല്ലാവരെയും സാമാന്യമായി ‘യഹൂദികളായവര്’ എന്ന പ്രയോഗം ഉള്‍ക്കൊള്ളുന്നു.
3. ‘നസ്വാറാക്കള്‍’ ക്രൈസ്തവ ധര്‍മം ആദര്‍ശമായി സ്വീകരിച്ച് ജീവിക്കുന്ന ക്രൈ സ്തവരെ ഉദ്ദേശിച്ചല്ല ഈ പദപ്രയോഗവും. മൊത്തം ക്രൈസ്തവരാണ് ഇതിന്റെ വിവക്ഷ.
4. സ്വാബിഉകള്‍ എന്നതിന്റെ ഉദ്ദേശ്യം ഇറാഖിലും പരിസര പ്രദേശങ്ങളിലും ജീവിച്ചിരുന്ന, നബിമാരുടെ അധ്യാപനങ്ങള്‍ സ്വീകരിച്ചതോടൊപ്പം മലക്കുകളെയും ഗ്രഹങ്ങളെയും ആരാധിച്ചിരുന്ന വിഭാഗമാണ്. ഇതും ഒരാദര്‍ശമെന്ന നിലയില്‍ സ്വാബിഈ മതം സ്വീകരിച്ച് ജീവിക്കുന്നവരെക്കുറിച്ചല്ല.
5. ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യു കയും ചെയ്തവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല’ എന്നസൂക്തഭാഗം ദുന്‍യാവിലെ പേരും തറവാടുമനുസരിച്ച്ജനങ്ങള് വര്‍ഗീയമോ സാമുദായികമോ ആയ അടിസ്ഥാനത്തിലാണ് പരലോകത്ത് സമ്മേളിക്കപ്പെടുക എന്ന ധാരണയെ തിരുത്തുകയാണ് ചെയ്യുന്നത്. യഹൂദികളുടെ ധാരണ പാരത്രികമോക്ഷം തങ്ങളുടെ മാത്രം കുത്തകയാണ്, മറ്റാര്‍ക്കും ലഭ്യമല്ല എന്നാണ്. ക്രൈസ്തവരും തങ്ങള്‍ മാത്രമാണ് സ്വര്‍ഗാവകാശികളെന്ന് വിശ്വസിക്കുന്നു. ഇതുപോലെ ചില മുസ്ലിംകളും ധരിച്ചുവശായി. തങ്ങളുടെ പേരുകളും കുടുംബങ്ങളും ജനനവുമെല്ലാം ഇസ്ലാമും മുസ്ലിമുമായി ബന്ധപ്പെട്ടതായതുകൊണ്ട് പ്രത്യേക പരിഗണന ലഭിക്കുമെന്ന് തോന്നിത്തുടങ്ങി. മുകളിലെ എല്ലാ വിഭാഗങ്ങളുടെയും അബദ്ധ ചിന്തകളെ തകര്‍ക്കുന്നതാണ് ഈ സൂക്തം എന്നതാണ് യഥാര്‍ഥ വസ്തുത.
കേലവ ബാഹ്യമായ സാമുദായികവും വിഭാഗീയവുമായ പരിഗണനകളുടെ അടിസ്ഥാനത്തിലല്ല മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ഥ വ്യത്യാസം പരിഗണിക്കപ്പെടുക. സത്യവിശ്വാസത്തിന്റെയും സല്‍കര്‍മത്തിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തുക. സത്യവിശ്വാസവും സല്‍കര്‍മവും ഇല്ലാത്ത മുസ്ലിംകളെ വിശ്വാസിയായി ഖുര്‍ആന്‍ പരഗിണിക്കുന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുടെ പാരത്രിക മോക്ഷം സത്യവിശ്വാസികളുടേതാകില്ല. ഇതുപോലെ, യഹൂദ-നസ്രാണി – സ്വാബിഈ വിഭാഗങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നവര്‍ യഥാര്‍ഥ സത്യവിശ്വാസവും സല്‍കര്‍മവും ആചരിച്ചു തുടങ്ങിയാല്‍ പിന്നീടവരെ യഹൂദി-നസ്രാണി-സ്വാബിഈകളായല്ല പരിഗണിക്കുക, മുസ്ലിംകളായാണ്. യഥാര്‍ഥ സത്യവിശ്വാസികളുടെയും സുകൃതവാന്മാരുടെയും കൂടെ പരലോകത്ത് അവര്‍ സമ്മേളിക്കുന്നതായിരിക്കും. സത്യവിശ്വാസം, സല്‍കര്‍മങ്ങള്‍ എന്നീ ശ്രേഷ്ഠഗുണങ്ങള്‍ ഇല്ലെങ്കില്‍ മുസ്ലിം സമൂഹത്തിലെ അംഗം എന്ന പരിഗണനയാല്‍ മാത്രം അയാള്‍ക്ക് പരലോകത്ത് യാതൊരു നേട്ടവുമുണ്ടാവില്ല.
ജൂതന്മാരുടെയും ക്രൈസ്തവരുടെയും സാമുദായികവാദങ്ങള്
ജൂതന്മാരും ക്രൈസ്തവരും തികഞ്ഞ സാമുദായികതാവാദം ഉന്നയിച്ചിരുന്നതായി ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണമായി, ‘അവര്‍ പറയുന്നു. ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. (ക്രിസ്ത്യാനികളുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും. ഇതവരുടെ വ്യാമോ
ഹങ്ങളാകുന്നു. അവരോട് പറയുക: ഈ വാദത്തില്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക. സത്യം ഇതാകുന്നു: ഏതൊരുവന് അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും പ്രയോഗത്തില്‍ സല്‍വഴിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുവോ, അവന് അവന്റെ റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല.’ (അല്‍ബഖറ: 111-112).
മേല്‍സൂക്തങ്ങള്‍ ഇരു വിഭാഗങ്ങളുടെയും സാമുദായികതാ വിശുദ്ധിവാദത്തെ ഭര്ത്സിക്കുന്നവയാണ്. അല്ലാഹുവിന് ഏതെങ്കിലും സമുദായപക്ഷത്തോട് സവിശേഷമായ താല്പര്യമില്ല. ഏതെങ്കിലും ഒരു പക്ഷത്തിന് മാത്രമായി മോചനം തീറെഴുതി നല്‍കിയിട്ടുമില്ല. പ്രത്യേക സമുദായത്തിലെ അംഗം എന്ന നിലയില്‍, ഒരു സംഘത്തിന്റെ ഭാഗം എന്ന പരിഗണനയില്‍ അല്ലാഹു ആരോടും പ്രത്യേക അനുഭാവം പുലര്‍ത്തില്ല. മാനവസമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ അവര്‍ക്കിടയില്‍ ഒട്ടും വിവേചനമുണ്ടാവില്ല. അല്ലാഹുവിങ്കല്‍ സാമുദായികതകള്ക്കോ പക്ഷങ്ങള്‍ക്കോ അല്ല പരിഗണന, മൂല്യങ്ങള്‍ക്കും യാഥാര്‍ഥ്യനിഷ്ഠമായ നിലപാടുകള്‍ക്കുമാണ്. ഹൃദയ വിശുദ്ധിയോടെ സത്യവിശ്വാസം സ്വീകരിക്കുകയും തദടിസ്ഥാനത്തില്‍ സുകൃതങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നല്ല പ്രതിഫലം ലഭിക്കുന്നതായിരിക്കും. ഇതില്ലെങ്കില്‍ വേദനാജനകമായ ശിക്ഷയില്‍നിന്ന് മോചനമേകുന്ന മറ്റുപാധികളൊന്നുമേ ഇല്ല.
ഇക്കാര്യം സംശയത്തിന് പഴുതില്ലാത്തവിധം വളരെ വ്യക്തമായി അല്ലാഹു പറയുന്നത് കാണുക: ‘കാര്യം നിങ്ങളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചല്ല, വേദവിശ്വാസികളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുമല്ല. തിന്മ ചെയ്യുന്നവനാരോ, അവന് അതിന്റെ പ്രതിഫലം ലഭിക്കും. അവന് അല്ലാഹുവിനെതിരില്‍ ഒരു രക്ഷകനെയോ തുണയെയോ കണ്ടെത്താനാവുന്നതല്ല. സല്കര്മമനുഷ്ഠിക്കുന്നതാരോ, പുരുഷനാവട്ടെ, സ്ത്രീയാവട്ടെ, അവന് സത്യവിശ്വാസിയാണെങ്കില്‍, അങ്ങനെയുള്ളവരാകുന്നു സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍. അവര്‍ അണുഅളവ് പോലും അനീതി ചെയ്യപ്പെടുകയുമില്ല.’ (അന്നിസാഅ്: 123-124).
ഒരാളെ സത്യവിശ്വാസിയായും സല്കര്മിയായും പരിഗണിക്കാന്‍ എന്തെല്ലാം മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാവണം എന്നതല്ല മേല്‍സൂക്തത്തിലെ കേന്ദ്രാശയം. അക്കാര്യം മറ്റു ധാരാളം സൂക്തങ്ങളില്‍ വിസ്തരിച്ച് ഖുര്‍ആന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഇവിടെ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് ദുന്‍യാവിലെ ബാഹ്യമായ പരിഗണനകളോ പ്രകടനങ്ങളോ അല്ല, ഓരോ വ്യക്തിയും സ്വന്തം നിലയില്‍ തന്റെ ആദര്ശവിഷയകമായി സ്വീകരിക്കുന്ന നിലപാടുകളും തദടിസ്ഥാനത്തില്‍ കാഴ്ചവെക്കുന്ന
പ്രവര്‍ത്തനങ്ങളുമാണ് അല്ലാഹുവിങ്കല്‍ പരിഗണനീയം എന്ന അടിസ്ഥാന തത്ത്വമാണ്. ഈ സൂക്തവും വേണമെങ്കില്‍ ദുഷ്ടബുദ്ധികള്‍ക്ക് തെറ്റായി വ്യാഖ്യാനിക്കാം.
അതായത്, മേല്‍സൂക്തത്തില്‍ അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തെക്കുറിച്ചേ പറഞ്ഞിട്ടുള്ളൂ, രക്ഷപ്പെടാന്‍ അത് മതി, ദൂതന്മാരിലോ വേദഗ്രന്ഥങ്ങളിലോ, ശരീഅത്ത് പിന്പറ്റേണ്ടതിലോ വിശ്വസിക്കേണ്ടതില്ല എന്ന് വാദിക്കാം. അതുപോലെ,
ക്രിസ്ത്യാനി ക്രിസ്ത്യാനിസത്തിലും ജൂതന് ജൂതായിസത്തിലും ഹൈന്ദവന് ഹിന്ദുയിസത്തിലും മറ്റു മതക്കാര്‍ അതത് മതങ്ങളിലും ദൃഢമായി നിലകൊള്ളാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതെന്നും ഒരാള്‍ക്ക് വാദിക്കാം. ഖുര്‍ആനിലോ മുഹമ്മദീയ
പ്രവാചകത്വത്തിലോ ഉള്ള വിശ്വാസം മോക്ഷോപാധിയല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാം. പക്ഷേ, യഥാര്‍ഥത്തില്‍ അത് ഖുര്‍ആനിനെ വ്യാഖ്യാനിക്കുകയല്ല, പരിഹസിക്കുകയാണ്. ഖുര്‍ആന്‍ മൊത്തം നിഷേധിക്കുന്നവര്ക്കേ അതംഗീകരിക്കാന്‍ കഴിയൂ.
(സര്‍വമത സത്യവാദത്തെ അധികരിച്ച് സയ്യിദ് അബുല്‍ അഅലാ മൗദൂദി എഴുതിയ ലേഖനങ്ങളുടെ സംഗ്രഹം. ലേഖനങ്ങളുടെ പൂര്‍ണരൂപം – ബോധനം ത്രൈമാസിക 2019 ഏപ്രില്‍-ജൂണ്‍, ഒക്ടോബര്‍ -ഡിസംബര്‍ ലക്കങ്ങളില്‍ വായിക്കാം)
📱വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0