Current Date

Search
Close this search box.
Search
Close this search box.

നുരയും പതയും കെട്ടടങ്ങും; ജനോപകാര പ്രദമായത് നിലനിൽക്കും

أَنزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَاحْتَمَلَ السَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْحَقَّ وَالْبَاطِلَ ۚ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً ۖ وَأَمَّا مَا يَنفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْأَمْثَالَ (17) الرعد
(അവന്‍ ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്‌. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്‌. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു. 13:17)

പരീക്ഷണങ്ങളുടെ പേമാരികളും മഹാമാരികളും സത്യത്തെയും ധർമ്മത്തെയും ജനമനസ്സുകളിലേക്ക് കൂടുതൽ സ്വാധീനമുള്ളതാക്കി തീർക്കുമെന്നും അല്ലാത്തവ വെറും ഒച്ചപ്പാടും ജഗപൊഗയുമായി പെട്ടെന്ന് , പെയ്തതിനേക്കാൾ വേഗത്തിൽ മലയിറങ്ങുമെന്നാണ് ഉപരിസൂചിത സൂക്തം വിശ്വാസികളോട് പറയുന്നത്. നാമത്തിലുള്ള മതത്തേക്കാൾ മർമ്മത്തിലുള്ള ധർമ്മം ജനമനസ്സുകളിലേക്ക് ഉയർന്നു പറക്കുകയും നനവുള്ള ഹൃദയങ്ങളിലേക്ക് ഊർന്നിറങ്ങുകയും ചെയ്യുമെന്നതിന് ചരിത്രം സാക്ഷി .

ഇസ്ലാമിനെ മുളയിലേ നുള്ളിക്കളയാൻ മുന്നോട്ട് വന്ന സുമാമ ബിൻ ഉസാൽ (ثمامة بن أثال) (റ) ഇസ്ലാമിന്റെ ആതിഥ്യ മര്യാദയിലും വിശ്വാസികളുടെ പരസ്പരം ഉൾകൊള്ളൽ മനസ്സിലാക്കിയും മനംമാറിയതും പ്രവാചകന്റെ സന്തത സഹചാരിയായി കൂടിയതും മക്കയിലെ ഖുറൈശികളിൽ നിന്ന് കേട്ടറിഞ്ഞ മുഹമ്മദിന്റെ ” ഭ്രാന്ത് “ചികിത്സിക്കാൻ കച്ചകെട്ടിയിറങ്ങിയ മന്ത്രവൈദ്യൻ ദമാദ് (ضِماد الأزدي ) (റ)ഭ്രാന്താരോപകർക്കാണ് ചികിത്സ വേണ്ടതെന്ന് തിരിച്ചറിഞ്ഞ് ഇസ്ലാമാശ്ലേഷിച്ചതുമെല്ലാം ആരോപണങ്ങളുടെ വൻമതിലുകൾക്കപ്പുറം ഇസ്ലാം അജയ്യമാണെന്ന തിരിച്ചറിവാണുണ്ടാക്കേണ്ടത്. പേമാരിയുടെ കുത്തൊഴുക്കിലെ നുരയും പതയും കണ്ട് നിരാശപ്പെടേണ്ടതില്ല എന്നാണ് ഉപരിസൂചിത സൂക്തം മൊത്തത്തിൽ പഠിപ്പിക്കുന്നത്.

Also read: സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

സയ്യിദ് ഖുതുബ് പറഞ്ഞതുപോലെ ജീവിതത്തിൽ ശരിയും തെറ്റും സത്യവും അസത്യവുമെല്ലാം എന്നും വിപരീതങ്ങളാണ്. മായജലം ധൃതിയിൽ ഒഴുകുകയും ഉയരുകയും നുരയും പതയും പൊങ്ങിക്കിടക്കുന്നതായി കാണപ്പെടുകയും ചെയ്യും; ആ പ്രതിഭാസം താൽക്കാലികം മാത്രമായിരിക്കും . നുരയടങ്ങി , പ്രളയവെള്ളമിറങ്ങുമ്പോൾ , അത് ഉടൻ വരണ്ടതായിത്തീരുന്നു. സത്യജലം നിശ്ചലമായി, ഒച്ചപ്പാടില്ലാതെ ഭൂമിയിലേക്കാണ്ടിറങ്ങി നിർജീവ ഭൂമിക്ക് പുതുജീവനേകും , ഭൂമിയിലേക്കിറങ്ങുമ്പോഴേക്കും ആ വെള്ളം പിന്മാറിയെന്നും വറ്റിയെന്നും കണ്ടു നിൽക്കുന്നവർ ഒരുവേള ചിന്തിച്ചേക്കാം. എന്നാൽ സത്യ ജീവൻ പുനരുജ്ജീവിപ്പിച്ച് ആ നനവും പശിമയും ഭൂമിയിൽ അവശേഷിക്കുന്നത് ജീവനുള്ള ഏതു വസ്തുവിനും ഏതർഥത്തിലും പ്രയോജനകരമാണ് എന്ന് അധികം കഴിയും മുമ്പ് ബോധ്യപ്പെടുകയും ചെയ്യും. ഏത് പ്രളയം കഴിഞ്ഞാലും ദുരന്തം തീർന്നാലും അവരുണ്ടാക്കിയ നന്മ ഒലിച്ചു പോവില്ല ; പെട്ടെന്ന് മലയിറങ്ങുകയുമില്ല. വിശ്വാസികളുടെ നിസ്വാർഥസേവനം കൊണ്ട് അവരത് സ്ഥായിയായി അടയാളപ്പെടുത്തപ്പെടുമെന്നാണ് ഈയിടെ നടന്ന ദുരിതാശ്വാസങ്ങൾ നമുക്കു നല്കുന്ന പാഠം. ഖുർആന്റെ ഉപമകൾ നിത്യസത്യമാണെന്ന് ഓരോ ദിവസവും കൂടുതൽ കൂടുതലായി വ്യക്തമായി കൊണ്ടിരിക്കുന്നു.

Related Articles