Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആനും വിമർശകരും

ഇസ്ലാമിൻറെ വിമർശകന്മാർ എപ്പോഴും ഏറ്റവും കൂടുതൽ കടന്നാക്രമിക്കാറുള്ളത് പരിശുദ്ധ ഖുർആനെയാണ്. അതിലൊട്ടും അസ്വാഭാവി ഇസ്‌ലാമിനെയും ഖുർആനിനെയും വിമർശിച്ചും ആക്ഷേപിച്ചും പരിഹസിച്ചും അനേകായിരം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. വിശ്വവിഖ്യാത സാഹിത്യകാരന്മാരുടെയും ചിന്തകന്മാരുടെയും ഗവേഷകരുടെയും പണ്ഡിതന്മാരുടെയും ലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ ലോകത്തുണ്ട്. എന്നിട്ടും ഇന്നും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുർആനാണ്.

ഇരുനൂറ് കോടിയോളം വരുന്ന അതിൻറെ അനുയായികൾ ജീവിതത്തിൽ ശരാശരി അമ്പതും അറുപതും തവണ അത് പാരായണം ചെയ്യുന്നു.ദിനേന നമസ്കാരത്തിൽ അഞ്ചുതവണ ഖുർആനിൽ നിന്ന് അല്പമെങ്കിലും പാരായണം ചെയ്യാത്ത ഒരൊറ്റ വിശ്വാസിയുമില്ല. അതിലെ ചില ഭാഗമെങ്കിലും കാണാതെ പഠിക്കാത്തവരും വിശ്വാസികളിലുണ്ടാവില്ല. ലോകത്തെ ഏറ്റവും കൂടുതൽ മുതൽ മനുഷ്യർ ഹൃദിസ്ഥമാക്കുന്ന ഗ്രന്ഥവും ഖുർആൻ തന്നെ. പ്രവാചകൻറെ കാലം തൊട്ടിന്നോളം എല്ലാ ഓരോ തലമുറയിലും ആയിരക്കണക്കിനാളുകൾ അത് കാണാതെ പഠിച്ചവരായുണ്ടായിന്നു. ഇന്നും അത് ഹൃദിസ്ഥമാക്കിയ ലക്ഷങ്ങളുണ്ട്. ജനജീവിതത്തെ ഖുർആൻ പോലെ നിയന്ത്രിക്കുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തില്ലെന്നുറപ്പ്. ഇസ്ലാമിൻറെ ശത്രുക്കളെ പ്രകോപിതരാക്കാനും അസ്വസ്ഥരാക്കാനും അവരുടെ ഉറക്കം കെടുത്താനും ഇനിയെന്തു വേണം!
അതുകൊണ്ടുതന്നെയാണ് ഇസ്ലാം വിമർശകർ കഴിഞ്ഞകാലങ്ങളിൽ ഖുർആനിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ഇപ്പോഴും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നത്.

ഖുർആൻ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് വിമർശകന്മാർ ശ്രമിക്കാറുള്ളത്. അതിനായി വിമർകർ പ്രചരിപ്പിക്കാറുള്ള പ്രധാന ആരോപണങ്ങളിവയാണ്.

1. ഖുർആൻ ക്രോഡീകരിച്ചത് ഉസ്മാന്ബ്നു അഫ്ഫാൻറെ കാലത്താണ്. അബൂബക്കറും ഉമറുമായി കൂടിയാലോചിച്ചാണ് അങ്ങനെ ചെയ്തത്.
2. ഖുർആൻ ക്രോഡീകരിച്ചപ്പോൾ വലിയ കുഴപ്പം ഉണ്ടായി. പല അദ്ധ്യായങ്ങളും വാക്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
3. ആയിശാ ബീവിയുടെ തലയണയുടെ ചുവട്ടിലുണ്ടായിരുന്ന വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കൽപ്പിക്കുന്ന ഖുർആൻ വാക്യം പ്രവാചകൻറെ മരണദിവസം ആട് തിന്നു പോയി.
4. വ്യഭിചാരം വർദ്ധിച്ചതിനാൽ ധാരാളമാളുകളെ എറിഞ്ഞു കൊല്ലേണ്ടി വരുമെന്നതിനാൽ ശിക്ഷ നിർദ്ദേശിക്കുന്ന വാക്യം ബോധപൂർവ്വം ഒഴിവാക്കിയതാണ്.
5. ഉസ്മാൻ ഖുർആൻ ക്രോഡീകരിച്ചപ്പോൾ അലിയുടെ വശമുണ്ടായിരുന്ന ഒരധ്യായം ബോധപൂർവ്വം ഒഴിവാക്കി . ഇബ്നു മസ്ഊദിൻറെ വശവും ആ അധ്യായം ഉണ്ടായിരുന്നു.
6. വ്യഭിചാരിയെ എറിഞ്ഞു കൊല്ലാൻ കൽപ്പിക്കുന്നതുൾപ്പെടെ നിരവധി ഖുർആൻ വാക്യങ്ങൾ മുസ്വ് ഹഫിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഉമർ തന്നെ പറഞ്ഞിട്ടുണ്ട്. സൂറത്തുൽ അഹ്സാബിലെ നിരവധി വാക്യങ്ങളും വിട്ടു പോയതിലുൾപ്പെടുന്നു.
7.പ്രവാചകൻറെ മരണത്തോടെഋ മുസൈലിമ എന്ന പ്രവാചകൻ രംഗത്തുവന്നു. മുഹമ്മദ് നബിയുടെ അനുയായികളിൽ ഭൂരിപക്ഷവും അദ്ദേഹത്തോടൊപ്പം ചേർന്നു. അബൂബക്കർ അദ്ദേഹത്തിനെതിരെ യുദ്ധം നയിച്ചു. ഇരുപക്ഷത്തും പതിനായിരക്കണക്കിനാളുകൾ വധിക്കപ്പെട്ടു. അവരിൽ മനപ്പാഠമാക്കിയ ഹാഷിം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. അപ്പോൾ ഖുർആൻ ക്രോഡീകരിക്കാൻ ഉമർ നിർദ്ദേശിച്ചു.അങ്ങനെ
ഉമറും അലിയും ഇബ്നുമസ്ഊദും ഖുർആൻ ക്രോഡീകരിച്ചു. അദ്ധ്യായങ്ങളും വാക്യങ്ങളും വിവിധ രീതികളിലാണ് ക്രോഡീകരിച്ചിരുന്നത്. അതിനാൽ അവ വ്യത്യസ്തങ്ങളായിരുന്നു. പിന്നീട് ഉസ്മാൻ ഭരണാധികാരിയായിരിക്കെ ഖുർആൻ ക്രോഡീകരിച്ചു. അതാണ് ഔദ്യോഗികമെന്ന് പ്രഖ്യാപിച്ച് ബാക്കിയൊക്കെ കത്തിച്ചു.
8. ഇക്കാര്യങ്ങളെല്ലാം സുയൂത്വി തൻറെ അൽ ഇത്ഖാൻ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യഥാർത്ഥ ചരിത്രം
ചരിത്രത്തിൻറെ തുറവിയിലാണ് മുഹമ്മദ് നബി ജനിച്ചതും ജീവിച്ചതും. ക്രിസ്താബ്ദം 569 ജൂൺ 17 നായിരുന്നു ജനനം.
ജന്മനാട് മക്കാ താഴ് വരയാണ്. അവിടത്തെ മഹാ ഭൂരിപക്ഷത്തെപ്പോലെ അദ്ദേഹവും നിരക്ഷരനായിരുന്നു. ചെറുപ്രായത്തിൽ ഇടയ വൃത്തിയിലേർപ്പെട്ടു. യുവത്വം പ്രാപിക്കുന്നതിന് മുമ്പുതന്നെ കച്ചവടക്കാരനായി. നാട്ടിൽ നില നിന്നിരുന്ന അന്ധവിശ്വാസം,
അനാചാരം, അധർമ്മം, അശ്ലീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്,ചതി പോലുള്ള എല്ലാ ദുർവൃത്തികളിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നു.ജീവിതത്തിലൊരിക്കലും കള്ളം പറയാത്തതിനാൽ സത്യസന്ധൻ എന്നർഥം വരുന്ന ‘അൽഅമീൻ’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എന്നിട്ടും മുഹമ്മദ് പാഠ ശാലകളിൽ പോവുകയോ മത ചർച്ചകളിൽ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളിൽ സംബന്ധിക്കുകയോ ചെയ്തിരുന്നില്ല.നാൽപതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗ പാടവം പ്രകടിപ്പിച്ചിരുന്നില്ല. സർഗ്ഗ സിദ്ധിയുടെ അടയാളമൊന്നു പോലും അദ്ദേഹത്തിൽ കാണപ്പെട്ടിരുന്നില്ല.

നാൽപതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും വ്യാപൃതനായി.അവിടെ നിന്ന് മൂന്ന് കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ഹിറാഗുഹയിലാണ് തനിച്ച് കഴിഞ്ഞിരുന്നത്. അവിടെ കഴിയവേ ഒരു ലിഖിതവുമായി മലക് ജിബിരീൽ അദ്ദേഹത്തെ സമീപിച്ചു. ജിബിരീൽ കൽപ്പിച്ചു:” വായിക്കുക”
ഇതുകേട്ട മുഹമ്മദ് പ്രതിവചിച്ചു:”എനിക്ക് വായിക്കാനറിയില്ല.”ജിബ് രീൽ വീണ്ടും വായിക്കാൻ കൽപ്പിച്ചു. അപ്പോഴും പ്രവാചകൻ തൻറെ മറുപടി ആവർത്തിച്ചു.മൂന്നാം തവണ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്താണ് പാരായണം ചെയ്യേണ്ടതെന്ന് അന്വേഷിച്ചു. അപ്പോൾ മലക്ക് ജിബിരീൽ ഇങ്ങനെ പറഞ്ഞു കൊടുത്തു:”സൃഷ്ടിച്ച നിൻറെ നാഥൻറെ നാമത്തിൽ നീ വായിക്കുക. അവൻ മനുഷ്യനെ ഒട്ടിപ്പിടിച്ചതിൽ നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിൻറെ നാഥൻ അത്യുദാരൻ. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ചവൻ. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവൻ.”(ഖുർആൻ.96 :
1- 5)

അതോടെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ദൈവദൂതനായി. മനുഷ്യകുലത്തിന് ദൈവം അവരിൽ നിന്നുതന്നെയുള്ള തൻറെ അന്ത്യ ദൂതനായി അദ്ദേഹത്തെ നിയോഗിച്ചു. അങ്ങനെ വിശുദ്ധ ഖുർആൻറെ അവതരണമാരംഭിച്ചു. അതിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളാണിവ. ക്രിസ്താബ്ദം 610 ഫെബ്രുവരി 12 ന് തിങ്കളാഴ്ചയാണ് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചത്.അപ്പോൾ അദ്ദേഹത്തിൻറെ പ്രായം 40 വയസ്സും 11 ദിവസവുമായിരുന്നു.

തുടർന്ന് ഇരുപത്തിമൂന്ന് വർഷങ്ങളിലായി വ്യത്യസ്ത സന്ദർഭങ്ങളിൽ അവതീർണമായ ദിവ്യ സന്ദേശങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുർആൻ. എല്ലാ അർത്ഥത്തിലും മാനവ സമൂഹത്തിന് എക്കാലത്തേക്കും എവിടേക്കും മാതൃകയായ ഒരു സമൂഹത്തിൻറെ നിർമിതിക്കാവശ്യമായ നിയമനിർദ്ദേശങ്ങളും വിധിവിലക്കുകളും തത്വങ്ങളും അധ്യാപനങ്ങളും സന്ദർഭാനുസൃതം നൽകുകയായിരുന്നു പ്രപഞ്ച നാഥൻ. അതുകൊണ്ടുതന്നെ ഖുർആൻറെ ഉള്ളടക്കം കാലാതീതവും ദേശാതീതവുമാണ്.

ക്രോഡീകരണം
ഖുർആനിലെ ഓരോ സൂക്തവും അവതരിക്കുമ്പോൾ തന്നെ പ്രവാചകൻ ആദ്യം പുരുഷന്മാരെ വിളിച്ചുകൂട്ടി അവരെയത് കേൾപ്പിക്കും. പിന്നീട് സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവർക്കുമത് പാരായണം ചെയ്തു കൊടുക്കും. അപ്പോൾതന്നെ അവരിലെ അക്ഷരാഭ്യാസമുള്ളവരെ വിളിച്ചുവരുത്തി അതെഴുതിയെടുപ്പിക്കും.

എഴുതിയെടുത്താൽ അത് വായിക്കാൻ പറയും. തെറ്റില്ലെന്നു ഉറപ്പുവരുത്തി കൃത്യത വരുത്തും. അതോടൊപ്പം പലരുമത് പലതവണ പാരായണം ചെയ്ത് മനപ്പാഠമാക്കും. അങ്ങനെ ഹൃദിസ്ഥമാക്കിയ ഭാഗം നമസ്കാരത്തിൽ പാരായണം ചെയ്യാൻ പ്രവാചകൻ അവരോട് കൽപ്പിക്കുമായിരുന്നു. പ്രവാചകരിൽ നിന്ന് ഖുർആൻ കേട്ടെഴുതിയവർ 44 പേരുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്, സാലിം മൗലാ അബീ ഹുദൈഫ, മുആദുബ്നു ജബൽ, ഉബയ്യുബ്നു കഅബ്, സൈദ് ബ്നു സാബിത്, അബ്ദുല്ലാഹിബ്നു സുബൈർ,സഈദ്ബ്നുൽ ആസ്വ്, അബ്ദുറഹ്മാനുബ്നുൽ ഹാരിസ് തുടങ്ങിയവരെല്ലാം അവരിൽ പ്രധാനികളാണ്. പ്രവാചകൻ പ്രത്യേകം ചുമതലപ്പെടുത്തിയവർ എഴുതിയെടുത്തവ പ്രവാചകൻറെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്.

ചുരുക്കത്തിൽ ഖുർആൻറെ അവതരണ നാൾ തൊട്ടു തന്നെ അത് മനപ്പാഠമാക്കാനും എഴുതി വെക്കാനും പ്രവാചകൻ തന്നെ സംവിധാനമുണ്ടാക്കിയിരുന്നു. പ്രവാചകൻറെ ജീവിതകാലത്തുതന്നെ നൂറുകണക്കിനാളുകൾ ഖുർആൻ പൂർണ്ണമായി ഹൃദിസ്ഥമാക്കിയവരായി ഉണ്ടായിരുന്നു. അതോടൊപ്പം മനപ്പാഠമാക്കിയവർ,തന്നെ അത് ഓതിക്കേൾപ്പിക്കണമെന്നും എഴുതിവെച്ചവർ വായിച്ചു കേൾപ്പിക്കണമെന്നും നബി തിരുമേനി നിഷ്കർഷിച്ചിരുന്നു. എവിടെയെങ്കിലും വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രവാചകൻ തന്നെ തിരുത്തുമായിരുന്നു. പിന്നീട് അനുയായികളുടെ എണ്ണം വർധിച്ചപ്പോൾ അവരെ പഠിപ്പിക്കാനായി പരമ വിശ്വസ്തരും വളരെ യോഗ്യരുമയ ഒരു സംഘത്തെ തെരഞ്ഞെടുത്ത് നിയോഗിച്ചു. അങ്ങനെ പ്രവാചകനിൽ നിന്ന് ഖുർആൻ പഠിച്ച സംഘത്തിൽ നിന്നുള്ള പിന്തുടർച്ചയാണ് ഇന്ന് ലോകമെങ്ങുമുള്ള ഖുർആൻ ഹൃദിസ്ഥമാക്കിയ ലക്ഷക്കണക്കിനാളുകൾ. അപ്രകാരം തന്നെ അദ്ദേഹം സാക്ഷ്യപ്പെടുത്തിയ ഖുർആൻ ലിഖിതങ്ങളുടെ പകർപ്പുകളാണ് ലോകത്തെവിടെയുമുള്ള മുസ്വഹഫുകൾ. ഖുർആൻ രേഖപ്പെടുത്തിയ ഗ്രന്ഥത്തിനു മുസ്വഹഫ് എന്നാണ് പറയുക.ഖുർആനെപ്പോലെ അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സംരക്ഷിക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ലോകത്തില്ല.

സന്ദർഭാനുസൃതം ഘട്ടംഘട്ടമായി ഇരുപത്തി മൂന്ന് വർഷങ്ങളിലൂടെയാണല്ലോ ഖുർആൻ അവതീർണമായത്. അതുകൊണ്ടുതന്നെ ഓരോ സൂക്തവും വന്നു കിട്ടുമ്പോൾ അത് എവിടെയാണ് രേഖപ്പെടുത്തേണ്ടതെന്ന് പ്രവാചകൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
പ്രവാചക ചരിത്രത്തെക്കുറിച്ച് ഗവേഷണ പഠനം നടത്തിയ ഡോക്ടർ മുഹമ്മദ് ഹമീദുല്ല എഴുതുന്നു:”ഹദീസിൽ വന്ന ഒരു സംഭവം ഇപ്രകാരമാണ്: ഓരോ റമദാൻ മാസം ആഗതമാകുമ്പോഴും പ്രവാചകൻ തിരുമേനി അതുവരെ അവതരിച്ച ഖുർആൻ അധ്യായങ്ങളും സൂക്തങ്ങളുമെല്ലാം അവയുടെ ക്രമത്തിൽ ഉച്ചത്തിൽ പാരായണം ചെയ്യുമായിരുന്നു. അപ്പോൾ അനുയായികളും സന്നിഹിതരായിരിക്കും. എഴുത്തും വായനയുമറിയുന്നവർ തങ്ങൾ എഴുതി സൂക്ഷിച്ച ഖുർആൻ കോപ്പികളും കൂടെ കരുതിയിരിക്കും. സൂക്തങ്ങൾ എഴുതിയെടുക്കുന്നതിലോ സൂക്തങ്ങളും അധ്യായങ്ങളും ക്രമപ്പെടുത്തുന്നതിലോ തങ്ങൾക്ക് വല്ല അബദ്ധവും പിണഞ്ഞിട്ടുണ്ടെങ്കിൽ അവർ പ്രവാചകൻറെ പാരായണം ശ്രദ്ധിച്ചുകൊണ്ട് തിരുത്തലുകളും മാറ്റങ്ങളും വരുത്തും. ഈ പ്രക്രിയക്ക് അർദ:(അവലോകനം) എന്നാണ് പറഞ്ഞിരുന്നത്. (ഇസ്ലാം: ചരിത്രം സംസ്കാരം നാഗരികത.പുറം:26)

അതോടൊപ്പം ഓരോവർഷവും റമദാനിൽ അന്നേവരെ അവതീർണമായ ഭാഗങ്ങൾ ഹൃദിസ്ഥമാക്കിയരും എഴുതിവെച്ചവരും പ്രവാചകന് അങ്ങോട്ടും പാരായണം ചെയ്ത് കേൾപ്പിച്ചു കൊടുക്കുക പതിവായിരുന്നു. അവസാനവർഷം ഖുർആൻ മുഴുവനും പ്രവാചകൻ അനുയായികളിൽ നിന്ന് പാരായണം ചെയ്ത് കേൾക്കുകയുണ്ടായി. അതോടൊപ്പം അദ്ദേഹം രണ്ടു തവണ അത് ഓതിക്കേൾപ്പിക്കുകയും ചെയ്തു. അതെക്കുറിച്ച് പ്രവാചകൻ പറഞ്ഞു:”എൻറെ മരണം അടുത്തെത്തിയിരിക്കുന്നു.ഖുർആൻ രണ്ടു തവണ ഓതിക്കേൾപ്പിക്കണമെന്ന് മലക് ജിബ് രീൽ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഴുതിവെച്ചതിലോ മറ്റോ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അവ തിരുത്താൻ.”(ബുഖാരി)

ഗ്രന്ഥരൂപത്തിൽ
പ്രവാചകൻറെ വേർപാടിന് ശേഷം ഹിജ്റ പന്ത്രണ്ടാം വർഷംമുണ്ടായ യമാമ:യുദ്ധത്തിൽ 1200 മുസ്ലിംകൾ വധിക്കപ്പെട്ടു. അവരിൽ ഹൃദിസ്ഥമാക്കിയ എഴുപതോളം പേരുണ്ടായിരുന്നു. അതോടെ ഭരണാധികാരി ഒന്നാം ഖലീഫാ അബൂബക്കർ സിദ്ദീഖ്, പിൽക്കാലത്ത് രണ്ടാം ഖലീഫയായിത്തീർന്ന ഉമറുൽ ഫാറൂഖിൻറെ നിർദ്ദേശമനുസരിച്ച് പ്രവാചകൻറെ പ്രമുഖ സഹചാരികളുമായി കൂടിയാലോചിച്ച് ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കാൻ തീരുമാനിച്ചു. അതിനായി ഖുർആൻ ഹൃദിസ്ഥമാക്കിയവരും മറ്റു പ്രമുഖരും അടങ്ങുന്ന ഒരു സമിതിയെ നിശ്ചയിച്ചു. എഴുത്തു കലയിൽ വിദഗ്ധനും പ്രവാചകനിൽ നിന്ന് ഖുർആൻ നേരിൽ കേട്ട് എഴുതിയെടുത്ത അദ്ദേഹത്തിൻറെ പ്രമുഖ അനുയായിയുമായ സൈദ്ബ്നു സാബിതിനെ അതിൻറെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഖുർആൻ രേഖപ്പെടുത്തിയ തോൽ,എല്ല്, ഈന്തപ്പനയോല, മരപ്പലക, ഇലകൾ എല്ലാം പ്രസ്തുത സമിതിയുടെ മുമ്പിൽ കൊണ്ടുവരപ്പെട്ടു. ഹൃദിസ്ഥമാക്കിയവരും ഹാജരാക്കപ്പെട്ടു. അങ്ങനെ പ്രവാചകൻ ഓതിക്കേൾപ്പിച്ച അതേ ക്രമത്തിൽ വിശുദ്ധ ഖുർആൻ രണ്ട് ചട്ടകൾക്കിടയിൽ ക്രോഡീകരിക്കപ്പെട്ടു. ഖുർആൻ കാണാതെ പഠിച്ചവർ അത് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തി. അങ്ങനെ ആദ്യത്തെ മുസ്വ് ഹഫ് രൂപംകൊണ്ടു.

വിദൂര ദിക്കുകളിൽ നിന്ന് പോലും ധാരാളമാളുകൾ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരുന്നു. അവർ പലരിൽ നിന്നുമാണ് ഖുർആൻ കേട്ട് പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ പാരായണത്തിൽ ചില അബദ്ധങ്ങൾ കടന്നു വരാൻ തുടങ്ങി. ഏതാണ് ഏറ്റവും ശരിയെന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായി. ഇക്കാര്യം ഹുദൈഫതുബ്നുൽ യമാൻ മൂന്നാം ഖലീഫ ഉസ്മാന് ബ്നു അഫ്ഫാനെ അറിയിച്ചു. തുടർന്ന് മുസ്ഹഫുകളുടെ കോപ്പികളെടുത്ത് അവ വിവിധ പ്രദേശങ്ങളിലേക്ക് അയച്ചുകൊടുക്കാൻ നിർദ്ദേശിച്ചു. ഖലീഫക്ക് പ്രസ്തുത നിർദ്ദേശം ഹൃദ്യമായി. അങ്ങനെ ഖുർആൻറെ പകർപ്പുകളെടുക്കാനായി നാലു പേരെ ചുമതലപ്പെടുത്തി. സൈദ് ബ്നു സാബിത്, അബ്ദുല്ലാഹിബ്നു സുബൈർ, സഈദ് ബ്നുൽ ആസ്വ് , അബ്ദുറഹ്മാനുബ്നു ഹാരിസ് എന്നിവരായിരുന്നു അവർ. പ്രവാചക പത്നി ഹഫ്സ്വയുടെ വശമുണ്ടായിരുന്ന മുസ്വ് ഹഫ് അവരെ ഏൽപ്പിച്ചു. നാലുപേരുടെയും നേതൃത്വത്തിൽ അതിൻറെ ഏഴ് പകർപ്പുകളെടുത്തു. നാലെന്നും അഭിപ്രായമുണ്ട്. അവ ഓരോന്നും ആദ്യാവസാനം മദീനയിലെ പ്രവാചകൻറെ പള്ളിയിൽ വെച്ച് ഉച്ചത്തിൽ പാരായണം ചെയ്യാൻ ഖലീഫാ ഉസ്മാൻ കൽപ്പിച്ചു. പകർപ്പ് എടുക്കുന്ന സന്ദർഭത്തിൽ ഖുർആനിൽ ഒരു വാക്ക് പോലും കൂടുകയോ കുറയുകയോ മാറുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ഇങ്ങനെ ഖുർആൻറെ പതിപ്പുകൾ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. അവ വിവിധ നാടുകളിലേക്ക് അയച്ചുകൊടുത്തു. അതിൽനിന്നല്ലാതെ മുസ്വ് ഹഫ് കോപ്പിയെടുക്കരുതെന്ന് ഉത്തരവിറക്കുകയും ചെയ്തു.

പിൽക്കാലത്ത് അഭിപ്രായവ്യത്യാസമുണ്ടാവാതിരിക്കാൻ മറ്റ് പലരുടെയും വശമുണ്ടായിരുന്ന ഖുർആൻറെ ലിഖിതങ്ങൾ നശിപ്പിക്കാൻ ഖലീഫാ കൽപ്പന നൽകി.

ഇതൊക്കെയും ചെയ്തത് അക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്ന പ്രഗൽഭരായ പ്രവാചക ശിഷ്യന്മാരുടെയും അനുയായികളെയും സാന്നിധ്യത്തിലാണ്. എല്ലാവരുടെയും അംഗീകാരത്തോടെയും.

വിമർശനങ്ങൾ വിശകലന വിധേയമാക്കുമ്പോൾ
അല്ലാഹു ശാശ്വതമായി സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത, മലക് ജിബിരീൽ പ്രവാചകന് മരണത്തിനു മുമ്പ് രണ്ട് തവണ പാരായണം ചെയ്തു കൊടുത്ത, പ്രവാചകൻറെ കാലത്ത് തന്നെ നൂറുകണക്കിനാളുകൾ ഹൃദിസ്ഥമാക്കിയ വിശുദ്ധ ഖുർആനിലെ ഏതെങ്കിലും വാക്യമോ വാക്കോ ഗ്രന്ഥരൂപത്തിൽ മുസ്വ് ഹഫാക്കിയപ്പോൾ അതിലുൾപ്പെടുത്താതിരുന്നിട്ടുണ്ടോ എന്നതാണല്ലോ മൗലികമായ പ്രശ്നം. ഒരു വാക്ക് പോലും വിട്ടുപോയിട്ടില്ലെന്ന് സംശയരഹിതമായി ബോധ്യമാകാൻ വലിയ പഠനമോ ഗവേഷണമോ ആവശ്യമില്ല. സർവാംഗീകൃതമായ ചരിത്രം ഒരു തവണ വായിച്ചാൽ മാത്രം മതി. അതിൻറെ വെളിച്ചത്തിൽ നമുക്ക് ഖുർആനെതിരെ ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ പരിശോധന വിധേയമാക്കാം.

1. ഖുർആൻ ക്രോഡീകരിച്ചത് ഉസ്മാനുബ്നു അഫ്ഫാനാണന്ന പ്രസ്താവം പരമാബദ്ധമാണ്. കോഡീകരണം അല്ലാഹു തന്നെയാണ് നടത്തിയതെന്നതും ജിബിരീൽ ഖുർആൻ പൂർണ്ണമായും ക്രോഡീകരിച്ച രീതിയിൽ പ്രവാചകന് പാരായണം ചെയ്തു കൊടുത്തുവെന്നതും പ്രവാചകനത് അനുയായികൾക്ക് അതേപോലെ ഓതിക്കൊടുത്തുവെന്നതും ഹദീസ് ഗ്രന്ഥങ്ങളിലും ഇസ്ലാമിക ചരിത്രത്തിലുമുള്ള അനിഷേധ്യ യാഥാർത്ഥ്യമാണ്. ഇക്കാര്യത്തിൽ ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം പോലുമില്ല.

2. ഉസ്മാനു ബ്നു അഫ്ഫാൻ ഖുർആൻ ക്രോഡീകരിച്ചപ്പോൾ കുഴപ്പമുണ്ടായിയെന്നത് തീർത്തും കള്ളമാണ്. അദ്ദേഹമല്ലല്ലോ ഖുർആൻ ക്രോഡീകരിച്ചത്. ഖുർആൻ വാക്യങ്ങളും അദ്ധ്യായങ്ങളും വിട്ടുകളഞ്ഞുവെന്നത് അതിനെക്കാൾ വലിയ പെരുങ്കള്ളം. ഇസ്മാനുബ്നു അഫ്ഫാനെതിരെ കലാപത്തിനിറങ്ങിയവർ ഇത്തരമൊരാപണമുണ്ടായിരുന്നങ്കിൽ അതാകുമായിരുന്നു ആദ്യം ഉന്നയിക്കുക. എന്നാൽ കലാപകാരികൾ മറ്റു പലതും ഉന്നയിച്ചെങ്കിലും ഇങ്ങനെയൊന്ന് പറഞ്ഞിട്ട് പോലുമില്ല. ഖുർആനിലെ ഒരു വാക്യമല്ല ഒരു വാക്ക് ഒഴിവാക്കിയാൽ പോലും സമകാലികരായ പ്രവാചക ശിഷ്യന്മാർ അതംഗീകരിക്കുമായിരുന്നില്ല. ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് രണ്ടു ചട്ടകൾക്കിടയിൽ ഗ്രന്ഥരൂപത്തിലാക്കിയത് കോപ്പിയെടുപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ക്രോഡീകരണവും ഗ്രന്ഥരൂപത്തിലാക്കുലും നേരത്തെ തന്നെ നിർവഹിക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിനതിൽ ഇടപെടാനുള്ള സാധ്യത പോലുമുണ്ടായിരുന്നില്ല.

3. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാൻ കൽപ്പിക്കുന്ന ആയിശ(റ) വശമുണ്ടായിരുന്ന ഖുർആൻ സൂക്തം ആട് തിന്നു എന്നതാണല്ലോ ഒരു വിമർശനം. ഒരാളുടെ വശമുള്ളതല്ല, എല്ലാവരെയും വശമുള്ള എല്ലാ സൂക്തങ്ങളും ആടു തിന്നാലും പ്രവാചകൻ പാരായണം ചെയ്തു കൊടുത്തതും എഴുതിയെടുക്കാൻ കൽപ്പിച്ചതുമായ ഖുർആനിൽ നിന്ന് ഒരു വാക്കു പോലും നഷ്ടപ്പെടുകയില്ല. കാരണം നൂറുകണക്കിനാളുകൾ അത് പൂർണ്ണമായും ഹൃദിസ്ഥമാക്കിയ വരായുണ്ടായിരുന്നു.

ആയിശ (റ) യുടെ പിതാവ് അബൂബക്കർ സിദ്ദീഖാണല്ലോ ഖുർആൻ രണ്ടു ചട്ടകൾക്കിടയിൽ ഗ്രന്ഥരൂപത്തിലാക്കിയത്. ഖുർആനിൽ ഉൾപ്പെട്ടതും ഉൾപ്പെടേണ്ടതുമായ ഒരു വാക്യമോ വാക്കോ വിട്ടു പോയിരുന്നുവെങ്കിൽ ആയിശ (റ) അത് ഉൾപ്പെടുത്താൻ പിതാവിനോട് പറയുമായിരുന്നു. പ്രവാചക പത്നി അങ്ങനെ പറഞ്ഞാൽ അബൂബക്കർ സിദ്ദീഖ് ഖുർആൻ ഹൃദിസ്ഥമാക്കിയവരോടും എഴുതിവെച്ചവരോടും അതേക്കുറിച്ച് അന്വേഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അത്തരമൊരാവശ്യം ആയിശ(റ) ഉന്നയിച്ചില്ലെന്നുറപ്പ്. ഉണ്ടെങ്കിൽ വിമർശകന്മാർ തെളിവ് ഹാജരാക്കേണ്ടതാണ്. തൻറെ പ്രിയതമൻ കൂടിയായ പ്രവാചകൻ പാരായണം ചെയ്തു കൊടുത്തതും അല്ലാഹു സുരക്ഷിതത്വം വാഗ്ദാനം ചെയ്തതുമായ ഖുർആനിൽ അങ്ങനെ സൂക്തം ഉൾപ്പെട്ടിട്ടില്ലെന്ന് ആയിശ ബീവിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് പിതാവിനോടോ അദ്ദേഹത്തിനുശേഷം രണ്ടാം ഹലീഫാ ഉമറുൽ ഫാറൂഖിനോടോ മുസ്വ ഹഫിൻറെ കോപ്പിയെടുത്ത് വിവിധ നാടുകളിലേക്കയച്ച മൂന്നാം ഹലീഫ ഉസ്മാന് ബനു അഫ്ഫാനോടോ തൻറെ സമകാലികരിൽ മറ്റാരോടെങ്കിലുമോ
ഖുർആനിൽ ഏതെങ്കിലും ഒരു വാക്കോ വാക്യമോ വിട്ടു പോയതായി സൂചിപ്പിച്ചിട്ടുണ്ട് പോലുമില്ല. തൻറെ പിതാവ് ഗ്രന്ഥരൂപത്തിലാക്കുകയും ഉസ്മാൻ (റ) കോപ്പികളെടുക്കുകയും ചെയ്ത ഖുർആൻ സമ്പൂർണ്ണമാണെന്നും അതിൽ ഒരു വാക്കും വിട്ടു പോയിട്ടില്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നതിനാലാണിത്.

4. വ്യഭിചാരം സാർവത്രികമായിരുന്നതിനാൽ എറിഞ്ഞു കൊല്ലാൻ കൽപ്പിക്കുന്ന വാക്യം ബോധപൂർവം ഖുർആനിൽ നിന്ന് ഒഴിവാക്കിയെന്നാണ് മറ്റൊരാരോപണം. ദൈവവിശ്വാസവും പരലോക ബോധവുമില്ലാത്ത തങ്ങളെപ്പോലെത്തന്നെ അധർമ്മികരായിരുന്നു പ്രവാചക ശിഷ്യന്മാരായ വിശ്വാസികളുമെന്ന് വരുത്തിത്തീർക്കാനുള്ള അത്യന്തം ഹീനവും നികൃഷ്ടവുമായ ശ്രമത്തിൻറെ ഭാഗമാണിത്. വിവാഹിതരുടെ വ്യഭിചാരത്തിനുള്ള ശിക്ഷ പഠിപ്പിച്ചത് പ്രവാചകചര്യയാണ്. അതൊഴിവാക്കാൻ വിശുദ്ധ ഖുർആൻ വാക്യം വിട്ടുകളഞ്ഞുവെന്നതിനേക്കാൾ വിചിത്രമായ വാദമെന്തുണ്ട്!

5. ഖുർആനിൽ ഉൾപ്പെടുത്താത്ത അധ്യായങ്ങളും സൂക്തങ്ങളും അലിയുടെയും ഇബ്നു മസ്ഊദിൻറെയും വശമുണ്ടായിരുന്നുവെന്നും ഉസ്മാനുബ്നു അഫ്ഫാന് അലിയോട് വെറുപ്പുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും പ്രചരിപ്പിക്കാൻ ചരിത്രത്തിൻറെ ബാലപാഠമെങ്കിലുമറിയുന്ന ആർക്കും സാധ്യമല്ല. ഉസ്മാനുബ്നു അഫ്ഫാനു ശേഷം നാലാം ഖലീഫയായി ഭരണം നടത്തിയത് അലി( റ) ആണല്ലോ. തൻറെ വശമുള്ള ഖുർആൻ അദ്ധ്യായം മുൻഗാമി വിട്ടു കളഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക അത് ഖുർആനിൽ ഉൾപ്പെടുത്തുകയാണല്ലോ.

ഇസ്ലാമിനെയും ഖുർആനിനെയും പ്രവാചകനെയും പ്രവാചക ശിഷ്യന്മാരെയും സംബന്ധിച്ച് എന്ത് കള്ളവും പറയാമെന്ന് തീരുമാനിച്ചുറപ്പിച്ചവരാണ് ഇസ്ലാം വിമർശകരെന്നാണ് ഇതൊക്കെയും തെളിയിക്കുന്നത്.

6. ഖുർആൻറെ കുറെ ഭാഗം വിട്ടുകളഞ്ഞുവെന്ന് ഉമറുൽ ഫാറൂഖ് പറഞ്ഞുവെന്നാണ് വിചിത്രമായ മറ്റൊരു വാദം. അദ്ദേഹം ആവശ്യപ്പെട്ടാണ് ഖുർആൻ ഗ്രന്ഥരൂപത്തിലാക്കിയത്. അപ്പോൾ അതിൽ നിന്ന് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ഉൾപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെടുമെന്ന് സാമാന്യബുദ്ധിയുള്ള ഏവർക്കും അറിയാവുന്നതാണല്ലോ. അങ്ങനെ അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ആരും വാദിക്കുന്നു പോലുമില്ല. അബൂബക്കർ സിദ്ദീഖിന് ശേഷം അധികാരത്തിൽ വന്നത് ഉമറുൽ ഫാറൂഖാണല്ലോ. ഖുർആൻറെ കുറെ ഭാഗം വിട്ടു പോയിട്ടും അത് കൂട്ടിച്ചേർക്കാൻ തൻറെ സാമാന്യം ദീർഘമായ ഭരണകാലത്ത് ഉമർ( റ) ഒന്നും ചെയ്തില്ലെന്ന് അദ്ദേഹത്തെക്കുറിച്ച് കേട്ടുകേൾവിയങ്കിലുമുള്ള വിമർശകർക്ക് പോലും വിശ്വസിക്കാൻ സാധ്യമല്ല.

7. മുസൈലിമ പ്രവാചകത്വം വാദിച്ച് രംഗത്തുവരികയും രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തപ്പോൾ ഇസ്ലാമിനെ യഥാവിധി പഠിക്കാതെ മറ്റുള്ളവരെ അനുകരിച്ച് പ്രവാചക ജീവിതത്തിൻറെ അവസാനകാലത്ത് ഇസ്ലാം സ്വീകരിച്ച കുറേയേറെയാളുകൾ അദ്ദേഹത്തോടൊപ്പം ചേർന്നു. ഇസ്ലാമിക രാഷ്ട്രത്തിനെതിരെ കലാപക്കൊടി ഉയർത്തിയ അവർക്കെതിരെ നടന്ന യുദ്ധത്തിൽ 1200 മുസ്‌ലിംകളാണ് രക്തസാക്ഷികളായത്. അവരിൽ 70 പേർ ഖുർആൻ ഹൃദിസ്ഥമാക്കിയവരായിരുന്നു. അത് ഏതെങ്കിലും ഗോത്രക്കാരായിരുന്നില്ല. മക്കക്കാരും മദീനക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഖുർആൻ ഹൃദിസ്ഥമാക്കിവർ എത്രമാത്രമുണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഈ സംഭവത്തെ തുടർന്ന് ഖുർആൻ രണ്ടു ചട്ടകൾക്കിടയിൽ ഗ്രന്ഥരൂപത്തിലാക്കാൻ ആവശ്യപ്പെട്ടത് ഉമറുൽ ഫാറൂഖാണ്. അതിന് നേതൃത്വം നൽകിയത് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖും.

ഖുർആൻ മനപ്പാഠമാക്കിയവർ രക്തസാക്ഷികളായപ്പോൾ ഉമറും അലിയും ഇബ്നു മസ്ഊദും ഖുർആൻ ക്രോഡീകരിച്ചുവെന്ന വാദം തീർത്തും വ്യാജമാണ്. തുടർന്നുള്ള പ്രസ്താവം പെരുംകള്ളമാണെന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.

8.സുയൂത്വി തൻറെ ഇത്ഖാനിൽ ഇതൊക്കെ ഉദ്ധരിച്ചിട്ടുണ്ടെന്നാണ് വിമർശകർ വളരെ കാര്യമായി പറയുന്നത്. ഇമാം സുയൂത്വി പ്രഗൽഭനായ പണ്ഡിതനും ഭക്തനുമായിരുന്നു. അബ്ദുറഹ്മാൻ എന്നാണ് പേരെങ്കിലും ജലാലുദ്ദീൻ സുയൂത്വി എന്ന പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിൻറെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’എന്നത് ഖുർആൻ പഠനത്തിൻറെ നിദാനശാസ്ത്ര ഗ്രന്ഥമാണ്. അദ്ദേഹം ഉദ്ധരിച്ചവയുടെയെല്ലാം ഉദ്ദേശ്യം അവ പറഞ്ഞവർക്കെന്ന പോലെ അദ്ദേഹത്തിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പൂർവികരായ മറ്റെല്ലാ വിശ്വാസികളെയും പോലെ പ്രവാചകൻ ക്രോഡീകൃത രൂപത്തിൽ പറഞ്ഞുകൊടുത്ത പരിശുദ്ധ ഖുർആനിൽ നിന്ന് ഒരു ഒരു വാക്യമെന്നല്ല ഒരു വാക്കുപോലും വിട്ടു പോയിട്ടില്ലെന്നും അല്ലാഹു വാഗ്ദാനം ചെയ്ത പോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നന്നായറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഖുർആൻ പൂർണല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടേയില്ല. എന്നല്ല, ഖുർആൻറെ സമ്പൂർണ്ണ സുരക്ഷിതത്വം സമർത്ഥിക്കുകയാണ് അദ്ദേഹം തൻറെ ഗ്രന്ഥത്തിലൂടെ ചെയ്തത്. ഖുർആൻ വ്യാഖ്യാനത്തിന് വ്യക്തമായ നിദാന ശാസ്ത്രം സമർപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ കാലങ്ങളിൽ ഇസ്ലാമിൻറെ ശത്രുക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും ആവർത്തിക്കുന്ന പോലെ വരും കാലങ്ങളിലും സംഭവിക്കും. അപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുകയും ഹൃദിസ്ഥമാക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും പിന്തുടരപ്പെടുകയും പരിവർത്തനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അജയ്യവും അദ്വിതീയവും കാലാതീതവും ദേശാതീതവുമായ നിത്യ നൂതന ഗ്രന്ഥമായി വിശുദ്ധ ഖുർആൻ നിലനിൽക്കുക തന്നെ ചെയ്യും, തീർച്ച.

Related Articles