Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ പറഞ്ഞ വിശ്വാസികളുടെ ലക്ഷണങ്ങൾ

വിശ്വാസി ജനങ്ങൾ ജീവിതത്തിൽ കൈക്കൊള്ളേണ്ട സവിശേഷ ഗുണങ്ങളെ വിശുദ്ധ ഖുർആൻ പലയിടങ്ങളിലും ഓർമപ്പെടുത്തുന്നുണ്ട്. വിജയകരമായ ജീവിതം നയിച്ച് നാഥന്റെ പ്രീതിയും അവസാനം സുഖസ്വർഗ്ഗവും നേടാൻ അവരെ യോഗ്യമാക്കുന്നത് ഈ ഗുണങ്ങളാണ്. ഏറെ വൈവിധ്യമാർന്ന രീതിയിൽ മക്കിയ്യ, മദനിയ്യ  എന്നിങ്ങനെ തരം തിരിച്ച് വിശദമായാണ് അല്ലാഹു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഖുർആനിൽ പറഞ്ഞ വിശ്വാസികളുടെ വിശേഷണങ്ങൾ നിജപ്പെടുത്താൻ സാധ്യമല്ലെങ്കിലും മുഅ്മിനൂൻ സൂറത്തിൽ പറഞ്ഞ, വിശ്വാസികളുടെ അനിവാര്യമായ വിശേഷങ്ങളാണ് ഇവിടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്.

1- അല്ലാഹു പറയുന്നു: “നിശ്ചയം വിശ്വാസികൾ വിജയിച്ചിരിക്കുന്നു, അവർ നിസ്കാരത്തിൽ ഭയഭക്തി സൂക്ഷിക്കുന്നവരും വെറും വർത്തമാണങ്ങളോട് പുറം തിരിയുന്നവരും സകാത്ത് കൊടുത്തു വീട്ടുന്നവരും ഭാര്യമാരോ തങ്ങളുടെ ഉടമസ്ഥതയിലുള്ളവരോ അല്ലാത്തവരിൽ നിന്ന് തങ്ങളുടെ ഗുഹ്യ ഭാഗങ്ങളെ സൂക്ഷിക്കുന്നവരുമാണ്. ഇതിനു പുറമേയുള്ള ബന്ധങ്ങൾ തേടുന്നവർ നിശ്ചയം അതിരു വിട്ടവരാണ്. അവർ തങ്ങളുടെ കരാറുകളും വിശ്വസിച്ചേൽപിച്ച കാര്യങ്ങളും പരിഗണിക്കുന്നവരും നിസ്കാരം കൃത്യമായി വീട്ടുന്നവരുമാണ്. ഇവരാണ് ശാശ്വതമായ സ്വർഗം അനന്തര മെടുക്കുന്ന അനന്തരാവകാശികൾ”. ഇനി ഈ സൂക്തത്തിൽ പറഞ്ഞ വിശേഷണങ്ങൾ വിശദമായി നോക്കാം.

നിസ്കാരത്തിലെ ഭയഭക്തി
നബി(സ) പറയുന്നു: “ഒരാൾക്ക് നിർബന്ധമായ നിസ്കാരത്തിന്റെ സമയമാവുകയും നന്നായി വുദൂ ചെയ്ത് ഭയഭക്തിയോടെ നിസ്കരിക്കുകയും ചെയ്താൽ അവന്റെ വൻ ദോഷങ്ങളല്ലാത്ത എല്ലാ ദോഷങ്ങളും അതോടെ പൊറുക്കപ്പെടും”. നിസ്കാരത്തിൽ ഭയഭക്തി വേണമെന്നു പറയുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ആദ്യമായി അല്ലാഹുവിനെ ഓർക്കുകയും അവന്റെ ശിക്ഷയെ കുറിച്ചുള്ള ഭീഷണി പേടിക്കുകയും ചെയ്യുക എന്നതാണ്. “എന്നെ ഓർക്കാൻ വേണ്ടി നിങ്ങൾ നിസ്കരിക്കുക”( ത്വാഹ :14) എന്ന് അല്ലാഹു പറയുന്നു. രണ്ടാമതായി നിസ്കാരത്തിന് ഒത്തിരി വാജിബുകളും സുന്നത്തുകളും ഉണ്ടെങ്കിലും അതിന്റെ ആത്മാവ് നിയ്യത്തും ആത്മാർഥതയും ഭയഭക്തിയും ഹൃദയ സാന്നിധ്യവുമാണ്. കാരണം, നിസ്കാരം ഒരുപാട് ദിക്റുകളും അനക്കങ്ങളും അല്ലാഹുവിനോടുള്ള അഭിസംബോധനയും ഉൾകൊള്ളുന്നതാണല്ലോ. ഹൃദയ സാന്നിധ്യമില്ലാതെ ഈ കർമങ്ങളൊന്നും സാധ്യമാവില്ല തന്നെ. കാരണം ഹൃദയത്തിലു ള്ളതല്ല നാം പറയുന്നതെങ്കിൽ അത് പിച്ചും പേയും പറയുന്നതിന്റെ സ്ഥാനത്താണ്. അല്ലാഹുവിന്റെ മുന്നിൽ നിൽക്കുമ്പോൾ അവനോടുള്ള വിധേയത്വവും റുകൂഇലും സുജൂദിലും അവനോടുള്ള താഴ്മയും ആദരവും പ്രകടമാവുന്നില്ല എങ്കിൽ അവയൊക്കെ അർത്ഥ ശൂന്യമാണ്. ലക്ഷ്യം തെറ്റിയുള്ള എല്ലാ പ്രവർത്തനവും യാതൊരു പരിഗണനയും ഇല്ലാത്ത വെറുമൊരു രൂപം മാത്രമാണ്. അല്ലാഹു പറയുന്നു: “അറവു മൃഗങ്ങളുടെ മാംസമോ രക്തമോ അല്ല അല്ലാഹുവിന് വേണ്ടത്, മറിച്ച് നിങ്ങളുടെ തഖ് വ മാത്രമാണ്.(ഹജ്ജ് :37). ചുരുക്കത്തിൽ ഹൃദയത്തിനകത്തുള്ളത് മാത്രമേ അല്ലാഹുവിലേക്ക് എത്തൂ എന്നർത്ഥം.

Also read: ഇമാം മുസ്ഹഫിൽ നോക്കി ഓതൽ

വെറും വർത്തമാനങ്ങൾ ഒഴിവാക്കൽ
വിലയില്ലാത്ത വർത്തമാനങ്ങളായ കളവ്, ചീത്ത പറയൽ, തമാശ എന്നിവയൊക്കെ ഇതിൽ പെടും. അഥവാ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ സമയം കിട്ടാത്ത തരത്തിൽ വിശ്വാസികൾ ആരാധനകളിൽ വ്യാപൃതരാവണം എന്നർത്ഥം. ആദ്യം ഒരാൾ ചെയ്യേണ്ടണ്ടുന്ന കാര്യങ്ങളും തുടർന്ന് ഉപേക്ഷിക്കേണ്ടുന്ന കാര്യങ്ങളുമാണ് അല്ലാഹു ഇവിടെ പറഞ്ഞത്. അഥവാ, മനുഷ്യ ശരീരത്തിന് ഏറെ പ്രയാസകരമായ രണ്ടു വശങ്ങൾ. ചിലർ ഈ വെറും വർത്തമാനം എന്നതിന് ശിർക്ക് എന്നും മറ്റു ദോഷങ്ങൾ എന്നും അർത്ഥം പറഞ്ഞിട്ടുണ്ട്.

സകാത്ത് കൊടുത്ത് ശരീര ശുദ്ധി വരുത്തൽ
നബി (സ) പറയുന്നു: “ശുദ്ധി ഈമാനിന്റെ പകുതിയാണ്. അൽ ഹംദു ലില്ലാ എന്ന വചനം നന്മകൾ തൂക്കുന്ന തുലാസിനെ നിറക്കുന്നതാണ്. സുബ് ഹാനല്ലാ വൽ ഹംദു ലില്ല എന്നത് ആകാശ ഭൂമികൾ ക്കിടയിൽ എല്ലായിടവും നിറക്കുന്നതാണ്. നമസ്സ്കാരം പ്രകാശമാണ്. സകാത്ത് തെളിവാണ്, ക്ഷമ വെളിച്ചമാണ്, ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷി നിൽക്കുന്നതാണ്”.

‘സക്കാത്ത് തെളിവാണ്’ എന്ന നബി വചനത്തിന്റെ അർഥം സകാത്ത് കൊടുത്തു വീട്ടുന്ന വ്യക്തിയുടെ ഈമാനിന്റെ മേൽ അതു സാക്ഷി നിൽക്കും എന്നാണ്. കാരണം, കപട വിശ്വാസി ഈമാനിന്റെ അഭാവം മൂലം സകാത്ത് കൊടുക്കാൻ തയ്യാറാവില്ല. അതെ സമയം വിശ്വാസി സകാത്ത് കൊടുക്കുന്നതിലൂടേ തന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു. ഒരേ സമയം സമൂഹത്തിലെ ധൂർത്തിന് തടയിടാനും ദാരിദ്യം നിർമാർജനം ചെയ്യാനും ഒരാൾക്ക് സാകാത്തികൂടെ സാധിക്കുന്നു. സമൂഹത്തെ മുഴുവനും, വിശേഷിച്ച് അശരണർക്ക് അവകാശം പകുത്തു നൽകുന്നതിലൂടെ സന്തുലിതാവസ്ഥ നില നിർത്താൻ ഇതിലൂടെ സാധിക്കുന്നു.

Also read: ലോകം കണ്ട മറ്റെല്ലാ ദുരന്തത്തെക്കാളും കൊറോണക്കുള്ള പ്രാധാന്യം ?

ഗുഹ്യ ഭാഗങ്ങൾ സൂക്ഷിക്കുക
എപ്പോഴും പരിപൂർണാർഥത്തിൽ ശുദ്ധി കാത്തു സൂക്ഷിക്കുന്ന വരാകും വിശ്വാസികൾ. ഇതിൽ ആത്മാവിന്റെ ശുദ്ധീകരണവും അനുവദനീയമായ രീതിയിലൂടെ മാത്രം ബന്ധം പുലർത്തി സ്വശരീരത്തെയും കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കലും വിലക്കപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെടുന്നതിനെ തൊട്ട് ഹൃദയത്തെ സൂക്ഷിക്കലും ഇതിൽ പെടും. ഗുദഭോഗം നടത്തുക, ആർത്തവ കാലം, നോമ്പ് സമയം, ഹജ്ജിന് ഇഹ്റാം ചെയ്ത് സമയം എന്നീ സമയങ്ങളിൽ ഭാര്യയെ ബന്ധപ്പെടുക എന്നിവയൊക്കെ ഇക്കൂട്ടത്തിൽ പെടും. ഗുഹ്യ ഭാഗങ്ങൾ സൂക്ഷിക്കുക എന്നാൽ അത്തരം കാര്യങ്ങളിലേക്ക് നയിക്കുന്ന മാർഗങ്ങളെ, അവസരങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് പ്രധാനം. അതു കൊണ്ട് തന്നെയാണ് വിശ്വാസികളോടും വിശ്വാസിനികളോടും പരസ്പരം കാണുമ്പോൾ കണ്ണുകൾ അടക്കാനും സൗന്ദര്യം പുറത്തു കാട്ടാതിരിക്കാനും അല്ലാഹു പറഞ്ഞത്. അല്ലാഹു പറയുന്നു: “ഓ നബീ, തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവര്‍ക്കേറ്റം പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസികളോടും തങ്ങളുടെ നയനങ്ങള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കള്‍ കല്‍പിക്കുക; തങ്ങളുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്കു മീതെ അവര്‍ താഴ്ത്തിയിടുകയും വേണം. തങ്ങളുടെ ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, മുസ്‌ലിം സ്ത്രീകള്‍, സ്വന്തം അടിമകൾ, വികാരമില്ലാത്ത പുരുഷഭൃത്യര്‍, പെണ്ണുങ്ങളുടെ ലൈംഗിക രഹസ്യങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്ത കുട്ടികള്‍ എന്നിവരല്ലാത്ത വേറൊരാള്‍ക്കും തങ്ങളുടെ അലങ്കാരം അവര്‍ വെളിവാക്കരുത്; ഗുപ്തസൗന്ദര്യം അറിയപ്പെടാനായി കാലിട്ടടിക്കയുമരുത്. സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വരും-വിജയപ്രാപ്തരാകാനായി-അല്ലാഹുവിങ്കലേക്കു ഖേദിച്ചുമടങ്ങുക.(സൂറതുന്നൂർ :30,31). തങ്ങളുടെ ചാരിത്ര്യവും ഗുഹ്യഭാഗവും സൂക്ഷിക്കാൻ ഇസ്‌ലാം പല വിധത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഒന്നാമതായി, ക്രിസ്തു മതം ചെയ്യുന്നത് പോലെ ഒരിക്കലും വിവാഹ ബന്ധത്തെ ഇസ്‌ലാം ശാശ്വതമായി കാണുന്നില്ല. കാരണം, ഭാര്യ ഭർത്താക്കൾക്കിടയിൽ വെറുപ്പ് പ്രകടമാവുക, ആർക്കെങ്കിലും രോഗം, ദാരിദ്യം, കഴിവില്ലായ്മ എന്നിവ ഉണ്ടാവുക, ഒരുപാട് കാലത്തേക്ക് അപ്രത്യക്ഷമാവുക എന്നീ കാരണങ്ങൾ ഉണ്ടായാൽ ഇസ്‌ലാം മൊഴി ചൊല്ലൽ അനുവദനീയമാക്കുന്നുണ്ട്. രണ്ടാമതായി, ത്വലാഖ് ഹലാൽ ആക്കുന്നതോടൊപ്പം കഴിവുള്ളവർക്ക് ഒന്നിലധികം വിവാഹം ചെയ്യാനും ഇസ്‌ലാം അനുവാദം നൽകിയിട്ടുണ്ട്.
മൂന്നാമതായി, വിവാഹം ചെയ്യാൻ കഴിവില്ലാത്തവരോട് വികാര ശമനത്തിന് വേണ്ടി നോമ്പ് അനുഷ്ഠിക്കാനും ഇസ്‌ലാം കല്പിച്ചു. നബി (സ) പറയുന്നു: “ഓ യുവ സമൂഹമേ, നിങ്ങളിൽ കഴിവുള്ളവൻ വിവാഹം ചെയ്യുക, നിശ്ചയം വിവാഹം കണ്ണിന്റെ വഴിവിട്ട നോട്ടത്തിനും ഗുഹ്യ ഭാഗങ്ങളുടെ സംരക്ഷണത്തിനും നല്ലതാണ്. അതിനു കഴിവില്ലാത്തവർ നോമ്പ് അനുഷ്ഠിക്കുക, അത് അവന്ന് തെറ്റിനെ തടയാനുള്ള ഒരു പരിചയാണ്”.

ഉടമ്പടിയുടെകളും വിശ്വാസ്യ വസ്തുക്കളും സൂക്ഷിക്കൽ
ഇതിന്റെ ഉദ്ദേശ്യം, വല്ലവരും വല്ല കാര്യവും വിശ്വസിച്ച് ഏൽപ്പിച്ചാൽ വഞ്ചന നടത്താതെ തിരിച്ചേൽപിക്കുക, വല്ല കരാറും ചെയ്താൽ അതു പൂർത്തിയാക്കി വീട്ടുക എന്നർത്ഥം. വിശ്വസിച്ചാൽ വഞ്ചിക്കുക എന്നത് കപട വിശ്വാസിയുടെ അടയാളമായി നബി തങ്ങൾ എണ്ണിയിട്ടുമുണ്ട്‌. അല്ലാഹു പറയുന്നു: “വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെയാളുകള്‍ക്കു തിരിച്ചു കൊടുക്കാനും ജനമധ്യേ വിധികല്‍പിക്കുമ്പോള്‍ അതു നീതിപൂര്‍വകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവന്‍ നിങ്ങള്‍ക്കു തരുന്നത്! നന്നായി കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണവൻ”( അന്നിസാ :58).

Also read: പടർന്നു പിടിക്കുന്ന മുസ്ലിം വിരുദ്ധ വൈറസ്

അബൂ ദർ (റ) നിവേദനം ചെയ്യുന്നു: ഞാൻ നബിയോട് ചോദിച്ചു: നബിയേ, എന്നെ വല്ലയിടത്തും ഗവർണർ ആയി നിശ്ചയിച്ചു കൂടെ… നബി തങ്ങൾ എന്റെ ചുമലിൽ തട്ടി പറഞ്ഞു,: അല്ലെയോ അബൂ ദർ, നിങ്ങൽ ബലഹീനനാണ്, ഗവർണർ പദവി വിശ്വസ്ത സ്വത്തുമാണ്. അതിനെ പരി പൂർണാർഥത്തിൽ പൂർത്തിയാക്കി വീട്ടാത്തവർക്ക്‌ അന്ത്യ നാളിൽ അത് ദുഃഖവും പരാജയവും മാത്രമാണ്. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി തങ്ങൾ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കെ ഒരു കാട്ടറബി വന്നു എപ്പോഴാണ് അന്ത്യ നാൾ എന്നു ചോദിച്ചപ്പോൾ വിശ്വാസ്യത നഷ്ടപ്പെട്ടാൽ നീ അന്ത്യ നാൾ പ്രതീക്ഷിക്കുക എന്ന് നബി തങ്ങൾ മറുപടി പറഞ്ഞു. അതെങ്ങനെയാണ് നഷ്ടപ്പെടുക എന്ന് അയാൾ തിരിച്ചു ചോദിച്ചപ്പോൾ അധികാരം അനർഹരുടെ കൈകളിൽ എത്തിയാൽ നീ അന്ത്യ നാൾ പ്രതീക്ഷിക്കുക എന്നാണ് നബി തങ്ങൾ പ്രതിവച്ചിച്ചത്. അല്ലാഹു പറയുന്നു: “നിങ്ങള്‍ യാത്രയിലാവുകയും ഇടപാട് രേഖപ്പെടുത്താന്‍ എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താല്‍ പണയം വാങ്ങുക. ഇനി, പരസ്പരവിശ്വാസത്തിലാണ് ഇടപാട് നടത്തിയതെങ്കില്‍, വിശ്വസിക്കപ്പെട്ടയാള്‍ തന്റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷിത്വം മറച്ചു വെക്കരുത്; അതാരെങ്കിലും ഒളിച്ചുവെക്കുന്നുവെങ്കില്‍ അവന്റെ മനസ്സ് പാപഗ്രസ്തമത്രേ. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു നന്നായറിയും”. (അൽ ബഖറ :283).

നമസ്കാരത്തിലെ കൃത്യത
നമസ്കാരത്തിന്റെ വിഷയത്തിൽ സൂക്ഷ്മത പാലിക്കുക എന്നാൽ കൃത്യ സമയത്ത് തന്നെ ഒന്നും നഷ്ടപ്പെടുത്താതെ നമസ്കരിക്കുക എന്നർഥം. അബ്ദുല്ലാഹ് ഇബ്നു മസൂദ് (റ) നിവേദനം ചെയ്യുന്നു: ഞാൻ നബിയോട് ചോദിച്ചു, ഏത് ആരാധനാ കർമമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി  പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കുക”. “പിന്നെ”? “മാതാപിതാക്കൾക്ക് ഗുണം ചെയ്യുക”. “പിന്നെ”? “അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക”. സൂറ. മുഅ്മിനൂനിൽ പറഞ്ഞ വിശ്വാസികളുടെ അനിവാര്യമായ വിശേഷങ്ങളാണ് ഇവ. വിശ്വാസികൾ ഏതു കാലത്തും എവിടെയായിരുന്നാലും ഈ ഗുണഗണങ്ങൾ സൂക്ഷിക്കുന്നവരാകും.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles