Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്തവര്‍ക്കും മുസ്‌ലിംങ്ങള്‍ക്കുമിടയില്‍ പാലം പണിയുന്ന അധ്യായം

എല്ലാ മതങ്ങളേയും ആദരിക്കുകയും അംഗീകരിക്കുകയും ബഹുസ്വരത നിലനില്‍ക്കണമെന്ന് അതിയായി ഉദ്ഘോഷിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം. ഇത് അതിശയോക്തിയോട് കൂടിയ ഇസ്ലാമിന്‍റെ വാദമല്ല. മറിച്ച് തെളിവുകള്‍ നിരത്തിയുള്ള സത്യസന്ധമായ പ്രഖ്യാപനമാണ്. അതിനുള്ള ശക്തമായ ഉദാഹരണമാണ് കൃസ്തുമത വിശ്വാസികള്‍ ഏറെ ബഹുമാനിക്കുന്ന ഉണ്ണിയേശുവിന്‍റെ മാതാവ് മേരിയെ പരാമര്‍ശിക്കുന്ന ഖുര്‍ആനിലെ സൂറത്ത് മറിയം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞ് പോയ മേരിയുടെ (മറിയം) വേരുകള്‍ പരാമര്‍ശിച്ചും സെമിറ്റിക് മതങ്ങള്‍ ആദരിക്കുന്ന ഈസാ നബി ഉള്‍പ്പടെ 12 പ്രവാചകന്മാരുടെ ഹൃസ്വ ചരിത്രം ഈ അധ്യായത്തില്‍ വസ്തുനിഷ്ടമായി വിവരിച്ചരിക്കുന്നു എന്നത് ബഹുസ്വരതയോടുള്ള ഇസ്ലാമിക സമീപനത്തിന്‍റെ ആർദ്രത വ്യക്തമാക്കുന്നു.

മറിയം എന്ന ഈ അധ്യായത്തിന്‍റെ ഇംഗ്ളീഷ് പരിഭാഷ ഒരു ക്രൈസ്തവ സഹോദരിക്ക് കൊടുക്കുകയും അവര്‍ അത് വായിച്ച് അല്‍ഭുതം കൂറുകയും ചെയ്ത കാര്യം ഒരിക്കല്‍ പ്രശസ്ത അറബി മാധ്യമ കുലപതി ഖാലിദ് അല്‍മഈന്‍ പറയുകയുണ്ടായി. ഇസ്ലാമിനെ ക്രൈസ്തവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍  ഈ ഒരൊറ്റ അധ്യായം തന്നെ മതിയാവുമെന്നതിന് ചരിത്രം സാക്ഷിയാണ്. മക്കയില്‍ നിന്ന് ഏതാനും നവാഗതരായ മുസ്ലിംങ്ങള്‍ ശത്രുക്കളുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ ഇന്നത്തെ എത്യോപ്യയിലേക്ക് പാലയനം ചെയ്തതും അന്നത്തെ ഭരണാധികാരി നജ്ജാശി (നേഗസ്) രാജാവ് അവര്‍ക്ക് അഭയം നല്‍കിയതും വിശ്രുതമാണ്. പാലായനം ചെയ്യുമ്പോള്‍ അവരുടെ കൈവശം ഈ സൂറത്ത് ഉണ്ടായിരുന്നു.

Also read: ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിനെ അവഗണിക്കുന്നതിന് പിന്നില്‍ ?

നജ്ജാശി രാജാവ് മുസ്ലിംങ്ങള്‍ക്കെതിരായ ശത്രുക്കള്‍ ഉന്നയിച്ച ആരോപണത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കാന്‍ മുസ്ലിംങ്ങളുടെ നേതാവായിരുന്ന ജഅ്ഫര്‍ ഇബ്ന് അബൂതാലിബിനെ ദര്‍ബാറിലേക്ക് വിളിച്ച്വരുത്തി. ദര്‍ബാറില്‍ അദ്ദേഹം നിര്‍വ്വഹിച്ച ചരിത്ര പ്രസിദ്ധമായ ആ പ്രസംഗത്തിന് ശേഷം രാജാവിന് സൂറത്ത് മറിയം പരായണം ചെയ്ത് കേള്‍പ്പിക്കുകയും രാജാവിന്‍റെ കണ്ണുകള്‍ ഈറനണിയുകയും ചെയ്തതായി ചരിത്രം. വര്‍ത്തമാന കാലത്ത് തീവ്ര വലത് പക്ഷവും അക്രമസക്ത മുതലാളിത്തവും കൈകോര്‍ത്ത് ഇസ്ലാമിനെ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, നിഷ്പക്ഷമതികള്‍ക്ക് ഖുര്‍ആനിലെ ഈ അധ്യായം പരിചയപ്പെടുത്തുന്നത് അവര്‍ക്കിടയില്‍ സൗഹൃദത്തിന്‍റെ പാലം പണിയാന്‍ സഹായകമാവും.

നമ്മെ അലട്ടുന്ന ചില കാര്യങ്ങള്‍ക്ക് അല്ലാഹുവിങ്കലാണ് പരിഹാരം. അതേ കുറിച്ച് ചിന്തിച്ച് ക്ഷീണിക്കേണ്ടതില്ല. മറിയമിന്‍റെ ചരിത്ര സംഭവം നല്‍കുന്ന ഒരു പാഠം അതാണ്. ഏറ്റവും തീഷ്ണമായ വേദനയിലൂടെയും സമൂഹത്തില്‍ നിന്നുള്ള കുറ്റാരോപണങ്ങളിലൂടെയും മര്‍യം കടന്ന്പോവുന്ന രംഗം അവരുടെ വാക്കുകളില്‍ തന്നെ ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: “പിന്നെ പേറ്റുനോവ് അവളെ ഒരീന്തപ്പനയുടെ അടുത്തത്തെിച്ചു. അവര്‍ പറഞ്ഞു: ”അയ്യാ കഷ്ടം! ഇതിനു മുമ്പെ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്‍്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!”19:23

അല്ലാഹു വാക്കുകളിലൂടെയും അരുവി ഒഴുക്കിയും മറിയമിനെ സമാശ്വസിപ്പിച്ചു. സര്‍വ്വോപരി മറിയമിനോട് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിച്ചു: ”നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും 19:25 സത്യത്തിന്‍റെ പാതയിലാണ് ഉള്ളതെങ്കില്‍ ഭയപ്പെടേണ്ടതില്ല എന്ന ആശ്വാസ വചനം എക്കാലത്തേയും വിശ്വാസികള്‍ക്ക് ബാധകമാണ്. കൂടാതെ ഉപദ്രവത്തെ ഉപവാസത്തിലൂടെ നേരിടാനും നിര്‍ദ്ദേശിച്ചു. പരദൂഷണം പറയുന്നവര്‍ക്കിടയില്‍ മൗനം പാലിക്കുക. അത് ചികില്‍സയാണ്. മരുന്നാണ്.

Also read: പൂര്‍ണമുസ്‌ലിമിന്റെ രൂപീകരണം

ഈ അധ്യായത്തില്‍ ‘യഹ് യാ ‘(അ)യെക്കുറിച്ചു പറഞ്ഞത്, ഈസാ(അ)യുടെ ജനനം അസാധാരണ മാര്‍ഗത്തിലൂടെ സംഭവിച്ചതുപോലത്തെന്നെ ആറു മാസം മുമ്പ് അതേ കുടുംബത്തില്‍ യഹ് യാ (അ)യുടെ ജനനവും മറ്റൊരു അസാധാരണ സംഭവമായിരുന്നുവെന്നതുകൊണ്ടാണ്. യഹ് യാ (അ)യെ അദ്ദഹത്തേിന്‍റെ അസാധാരണമായ ജനനം ദൈവമാക്കുന്നില്ലങ്കെില്‍ യേശു അദ്ദഹത്തേിന്‍റെ അസാധാരണ ജനനത്തിന്‍റെ പേരില്‍ ഒരിക്കലും ദൈവമാകില്ലന്നെു ക്രിസ്ത്യാനികളെ ധരിപ്പിക്കാനാണ് അല്ലാഹു ഉദ്ദശേിക്കുന്നത്. തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം–സൂറ ആലുഇംറാന്‍:ആയത്ത് 37-41

മറിയമിനെ കൂടാതെ എല്ലാ സെമിറ്റിക്ക് മതങ്ങളും ആദരിക്കുന്ന സകരിയ്യ, യഹ് യ, ഈസ, ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്,മൂസ, ഹാറൂന്‍,ഇസ്മായീല്‍, ഇദ് രീസ് ,ആദം ,നൂഹ് എന്നീ പ്രവാചകന്മാരെ കുറിച്ചും ഈ സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവരുടെ പാരമ്പര്യം തന്നെയാണ് മുഹമ്മദ് നബിയും ഉയര്‍ത്തിപിടിക്കുന്നതെന്ന് ഭംഗ്യന്തരേണാ വ്യക്തമാക്കുകയാണ് ഇവിടെ. എത്ര വഴിപിഴച്ച രക്ഷിതാക്കള്‍ ഉണ്ടായാലും അവരെ ബഹുമാനിക്കണമെന്ന് ഇതിലെ ഇബ്റാഹീം നബിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മക്കയില്‍ നിന്ന് ദേശത്യാഗം ചെയ്യുന്ന മുസ്ലിംങ്ങള്‍ ഇബ്റാഹീം നബിയുടെ പാരമ്പര്യമാണ് മുറുകെ പിടിക്കുന്നതെന്നും മക്കാ മുശ്രിക്കുകളെ ഓര്‍മ്മപ്പെടുത്തുന്നു.

ഈ പ്രവാചകന്മാരുടെ ആഗമനത്തിന് ശേഷം അവരുടെ സമൂഹത്തില്‍ സംഭവിക്കുന്ന മൂല്യച്യുതിയിലേക്ക് കാരണമായി ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത് ഇങ്ങനെ: പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കോത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും. 19:59

അല്ലാഹുവിന്‍റെ ഏകദൈവത്വം, പരലോക ജീവിതം എന്നിവയെ കുറിച്ചും ഈ അധ്യായം ശക്തമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ ചോദിക്കുന്നു: ”ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!” 19:66 സമ്പത്ത് കുമിഞ്ഞ് കൂട്ടുന്ന മുതലാളിത്ത ലോഭിക്ക് ശക്തമായ താക്കീതും ഈ അധ്യായത്തില്‍ കാണാം. “നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യന്നവനെ നീ കണ്ടിട്ടുണ്ടോ?” 19:77

Also read: സഹജീവികളോടുള്ള സമീപനം

യേശുവിനെ ദൈവപുത്രനായി സ്വീകരിക്കുന്നതിനെ ഗുരുതരമായ പാപകൃത്യമായി കാണുകയും അവരെ മറ്റു പല അധ്യായങ്ങളിലുമെന്ന പോലെ ഇവിടെയും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്: “പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു. ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്. ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്ന കാര്യം. 19:88,89,90

അവസാനം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പരമകാരുണികന്‍ സ്നേഹവിരുന്നൊരുക്കും എന്ന സുവിശേഷ സന്ദേശം നല്‍കികൊണ്ടാണ് ഈ സൂറത്ത് സമാപിക്കുന്നത്. സര്‍വ്വ തന്ത്രവുമുപയോഗിച്ച് ഇസ്ലാമിനെതിരെ യുദ്ധം നയിക്കുന്ന പാശ്ചാത്യരും കൃസ്തു മതവിശ്വാസികളും, പൂര്‍വ്വ പ്രവാചകന്മാരോടുള്ള ഇസ്ലാമിന്‍റെ ഇത്തരം ഉദാത്ത സമീപനത്തെ ക്രയാത്മകമായി കാണാനും ഇരു വിഭാഗങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുവാനും ഖുര്‍ആനിലെ ഈ അധ്യായം സഹായിക്കുന്നതാണ്.

Related Articles