ദൈവികവും സാര്‍വ്വകാലികവും അമൂല്യവുമായൊരു ഗ്രന്ഥം നമ്മുടെ കയ്യിലുള്ളടത്തോളം കാലം കൊറോണക്കാലം എങ്ങനെ പ്രോഡക്ടീവ് ആയി ചെലവഴിക്കാം എന്നതിനെക്കുറിച്ചാലോചിച്ച് വിശ്വാസി പ്രയാസപ്പെടേണ്ടതില്ല. വിശുദ്ധ ഖുര്‍ആനിനോടുള്ള വിശ്വാസിയുടെ കടപ്പാട് അത് ആഴത്തില്‍ പഠിക്കലും പാരായണം ചെയ്യലുമാണ്. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ആശയപ്രപഞ്ചങ്ങളെ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ഭവ്യതയോടെ പാരായണം ചെയ്യാനുള്ള സന്മനസ്സെങ്കിലും നമ്മള് കാണിക്കണം. സൃഷ്ടാവിനോടുള്ള മിണ്ടിപ്പറച്ചിലാണ് ഖുര്‍ആന്‍ പാരായണം. സൃഷ്ടിയും സൃഷ്ടാവും അത്രമേല്‍ അടുപ്പമുണ്ടാവാന്‍ നാവ് കൊണ്ട് ചെയ്യുന്ന ഇബാദത്തുകളില്‍ ഖുര്‍ആന്‍ പാരായണത്തോളം മഹത്തായ മറ്റൊരു കര്‍മ്മം ഇല്ലത്രെ.
അനസ്(റ) നിവേദനം ചെയ്യുന്നു: നബി(സ്വ) എന്നോട് ഇപ്രകാരം പറഞ്ഞു: എന്റെ പൊന്നുമോനേ, പ്രഭാതത്തിലും പ്രദോഷത്തിലും ഖുര്‍ആന്‍ പാരായണത്തില്‍ നീ അശ്രദ്ധ കാണിക്കരുത്. നിശ്ചയം ഖുര്‍ആന്‍ നിര്‍ജീവമായ മനസ്സിനെ സജീവമാക്കുകയും തെറ്റുകളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും തടയുകയും ചെയ്യുന്നു. തുരുമ്പു പിടിച്ച ഇരുമ്പിനെ ഉല ഉപയോഗിച്ച് ശുദ്ധിയാക്കും പ്രകാരം മനുഷ്യഹൃദയത്തിലെ കറകളെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് ശുദ്ധീകരിക്കാന്‍ കഴിയുമെന്നത് പ്രവാചകധ്യാപനമാണ്.
Also read: വേണ്ടത് ലോക പൗരത്വ പട്ടികയാണ്
ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒട്ടേറെ ഹദീഥുകള്‍ നമുക്ക് മുന്നിലുണ്ട്. നാം പാരായണം ചെയ്യുന്ന ഖുര്‍ആനിക വചനങ്ങള്‍ അന്ത്യനാളില്‍ നമുക്ക് ശുപാര്ശകരായിരിക്കും. ഒരു വ്യക്തി ഒരക്ഷരം ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്താല്‍ അവന് ഒരു ഹസനത്ത് പ്രതിഫലമര്‍ഹിക്കുന്നു. ഒരു ഹസനത്തിന് പത്ത് പ്രതിഫലം അല്ലാഹു നല്‍കും (തുര്‍മുദി). അന്ത്യദിനത്തില്‍ സുഗന്ധം വീശുന്ന കറുത്ത കസ്തൂരിക്കൂനയില്‍ കയറിനില്‍ക്കുന്ന ചിലവിഭാഗങ്ങളുണ്ട്. നാഥന്റെ വിചാരണയില്‍ നിന്നവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്തവരാണവര്‍.(തുര്‍മുദി).
ദുഷിച്ച മനസ്സുകളുടെ മോചനത്തിന് ഉത്തമ ചികിത്സയായി ഇമാം ഗസ്സാലി (റ)വിനെപ്പോലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത് ഖുര്‍ആന്‍ പാരായണമാണ്. ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പ്രവാചകഭാഷ്യം. മറ്റു ദിക്റുകള്‍ ചൊല്ലുന്നതിനേക്കാള്‍ ഏറ്റവും ഉത്തമം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനാണെന്നതാണ് പണ്ഡിതമതം. അനസ്(റ) പറയുന്നു; നബി(സ്വ) പറയുകയുണ്ടായി. ജനങ്ങളില്‍ അല്ലാഹുവിന്റെ ചിലയാളുകളുണ്ട്. സ്വഹാബികള്‍ ചോദിച്ചു. ആരാണ് അവര്‍? നബി(സ്വ) പറഞ്ഞു: ഖുര്‍ആന്റെ ആളുകള്‍, അവര്‍ അല്ലാഹുവിന്റെ വക്താക്കളും പ്രത്യേകക്കാരുമാണ്.
ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമായത് കൊണ്ട് തന്നെ മറ്റു ഗ്രന്ഥങ്ങള്‍ വായിക്കുന്നത് പോലെ ഖുര്‍ആനെ സമീപിക്കരുത്. ഖുര്‍ആന്‍ പാരായണം ഒരു ആരാധനാകര്‍മ്മം ആയ്ത്കൊണ്ട് തന്നെ അതിന്റേതായ ചില മര്യാദകളും ചട്ടങ്ങളും പ്രവാചകര്‍ പഠിപ്പിക്കുന്നുണ്ട്. ആലസ്യത്തോടെ ഖുര്‍ആനെ സമീപിക്കുന്നത് വലിയ അപരാധമാണെന്ന് അത്തരക്കാര്‍ക്ക് ഗുരുതരമായ ശിക്ഷ ലഭിക്കുമെന്നും പ്രവാചകര്‍ മുന്നറിയിപ്പ് നല്കുന്നു. അടിസ്ഥാനപരമായി, അല്ലാഹുവിന്റെ വചനങ്ങളാണ് താന്‍ പാരായണം ചെയ്യുന്നതെന്ന സാമാന്യബോധം നമുക്കുണ്ടാവണം. പൂര്‍ണ്ണ ശുദ്ധിയുള്ളവര്‍ക്ക് മാത്രമേ ഖുര്‍ആന്‍ സ്പര്‍ശിക്കാനുള്ള അനുമതി ശരീഅത് നല്‍കുന്നുള്ളൂ എന്നതില്‍ നിന്നും തന്നെ അതിന്റെ പരിശുദ്ധി നമുക്ക് ബോധ്യപ്പെടും. മിസ്വാക്ക് ചെയ്ത് വുളൂഅ് നിര്‍വ്വഹിച്ച് വൃത്തിയുള്ള സ്ഥലങ്ങളില്‍ ഇരുന്നാവണം നാം ഖുര്‍ആന്‍ ഓതേണ്ടത്. സൂക്തങ്ങളുടെ അര്ഥമാലോചിച്ചും ആശയങ്ങളെ സംബന്ധിച്ച് ചിന്തിച്ചുമുള്ള പാരായണം കൂടുതല്‍ പ്രതിഫലാര്‍ഹമാണ്. അര്ഥമാലോചിച്ചുള്ള പാരായണം ഹൃദയരോഗങ്ങള്‍ ഭേദമാക്കുമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. പലപ്പോഴും ഖുര്‍ആന്‍ പാരായണ വേളയില്‍ തജ്വീദിന്റെ നിയമങ്ങള്‍ നമ്മള് ശ്രദ്ധിക്കാറില്ല. എന്നാല്‍, സാധ്യമായ പരമാവധി ചട്ടങ്ങള്‍ അനുസരിച്ച് കൊണ്ട്തന്നെയാവണം നാം പാരായണം ചെയ്യേണ്ടത്.
Also read: ദൈവവിഭ്രാന്തി അഥവാ കൊറോണക്കാലത്തെ നാസ്തികത
ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്നാണ് പ്രവാചകധ്യാപനം. ഹസ്രത്ത് അലി (റ) പറയുന്നു: അറിവില്ലാതെ ആരാധനയര്പ്പിക്കലും ചിന്തിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യലും ഒരുപോലെ നിരര്‍ഥകമായ കാര്യങ്ങളാണ്. ഖുര്‍ആന്‍ പഠിക്കാനും അതിന്റെ ആശയങ്ങള്‍ ഗ്രഹിക്കാനും ഇന്ന് ഒട്ടേറെ വഴികളുണ്ട്. തഫ്സീറുകളും പരിഭാഷകളും വ്യാഖ്യാന ഗ്രന്ഥങ്ങളുമെല്ലാം ഒറ്റ ക്ലിക്കില്‍ കിട്ടുന്ന കാലമാണിത്. ഓണ്‍ലൈന്‍ ലൈബ്രറികളും ഓണ്‍ലൈന്‍ ക്ലാസുകളുമെല്ലാം ഉപയോഗപ്പെടുത്തി കിട്ടിയ സമയം ഖുര്‍ആന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ നാം മുന്നോ്ട്ട് വരണം. ഖുര്‍ആന്‍ പഠിക്കല്‍ സമൂഹത്തിലെ പണ്ഡിതന്മാരുടെ മാത്രം കര്‍ത്തവ്യമാണെന്ന ധാരണ നമ്മള് തിരുത്തണം. എന്നിരുന്നാലും വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് സവിശേഷമായ സജീവത കൈവന്നിരിക്കുന്ന കാലമാണിത്. ഖുര്‍ആന്‍ ക്ലാസുകളും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളുമൊക്കെ ഒട്ടുമിക്ക പ്രദേശങ്ങളിലും സജീവമാണ്. സാങ്കേതിക വിദ്യകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഖുര്‍ആന്‍ പഠനത്തിന് തുറന്നുതരുന്ന സാധ്യതകള്‍ നാം അന്വേഷിച്ച് കണ്ടേത്തണ്ടതുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അല്‍പ്പമെങ്കിലും ഖുര്‍ആന്‍ പാരായണത്തിനായി മാറ്റിവെച്ചാല്‍ നമുക്ക് അതിന്റെ ഫലം ആസ്വദിക്കാനാവും. മനസമാധാനവും മനശാന്തിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഖുര്‍ആന്‍ പാരായണത്തേക്കാള്‍ മറ്റൊരു മറുമരുന്ന് ഇല്ല തന്നെ.