Current Date

Search
Close this search box.
Search
Close this search box.

ഇത്രയധികം വിവാഹങ്ങൾ എന്തിന് ?

قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴿٥٠﴾

(… സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍നിന്ന് ഒഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ. – 33:50)

അല്ലാഹു നബി(സ)യെ പൊതുനിയമത്തിൽനിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. ‘നിനക്ക് ക്ലേശമുണ്ടാവാതിരിക്കാൻ’ എന്നതിന്റെ താൽപര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേർ മാത്രമായാൽ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല.

പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിച്ച ഒരാൾക്ക് മാത്രമേ ഈ വാക്യത്തിന് അങ്ങനെ അർഥം കൽപിക്കാനാകൂ. അതായത്, പ്രവാചകൻ തന്റെ 25-ആം വയസ്സിൽ നാൽപതുകാരിയായ ഒരു വിധവയെയാണ് വിവാഹം ചെയ്തത്. 25 വർഷക്കാലം അദ്ദേഹം അവരോടൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചു. പിന്നെ അവർ മരിച്ചശേഷം അദ്ദേഹം വിവാഹം ചെയ്തത് വൃദ്ധയായ സൗദയെയായിരുന്നു. നാലു വർഷക്കാലം അവർ മാത്രമേ അവിടത്തെ ഭാര്യാപദത്തിലുണ്ടായിരുന്നുള്ളൂ.

ഇതാണ് വസ്തുതയെങ്കിൽ 53 വയസ്സുകഴിഞ്ഞപ്പോൾ തിരുമേനിക്ക് ലൈംഗികാസക്തി ശക്തിപ്പെട്ടുവെന്നും അദ്ദേഹത്തിന് ധാരാളം ഭാര്യമാർ അനിവാര്യമായിത്തീർന്നുവെന്നും സാമാന്യബുദ്ധിയും മനസ്സാക്ഷിയുമുള്ള വല്ലവർക്കും സങ്കൽപിക്കാനാകുമോ? ‘ക്ലേശമുണ്ടാകാതിരിക്കാൻ’ എന്നതിന്റെ ആശയം മനസ്സിലാക്കാൻ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ഏതൊരു ചുറ്റുപാടിലാണോ അദ്ദേഹം ആ ഗുരുതരമായ ദൗത്യനിർവഹണത്തിന് കൽപിക്കപ്പെട്ടിട്ടുള്ളത്, ആ ചുറ്റുപാടും മനസ്സിലാക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലാതെ ഈ രണ്ടു യാഥാർഥ്യങ്ങളും മനസ്സിലാക്കുന്ന ഏതൊരാൾക്കും ഭാര്യമാരുടെ കാര്യത്തിൽ തിരുമേനിക്ക് നൽകപ്പെട്ട വിശാലമായ അനുവാദത്തിന്റെ ആവശ്യകതയും അത് നാലിൽ പരിമിതമാകുന്നത് എന്തു വിഷമമാണ് സൃഷ്ടിക്കുകയെന്നും സ്വയം ബോധ്യപ്പെടുന്നതാണ്.

തിരുമേനിയെ ചുമതലപ്പെടുത്തിയ ദൗത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തിൽ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തിൽപോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാൻ പുരുഷന്മാർക്ക് മാത്രം ശിക്ഷണം നൽകിയാൽ പോരാ, സ്ത്രീകൾക്കുകൂടി ശിക്ഷണം നൽകേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങൾ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തിൽ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരൽ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകൾക്ക് നേരിട്ട് ശിക്ഷണം നൽകാൻ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളിൽ പ്രവർത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവർക്ക് നേരിട്ട് ശിക്ഷണം നൽകി തന്റെ സഹായത്തിനൊരുക്കുകയും എന്നിട്ട് അവർ വഴി പട്ടണവാസികൾ, ഗ്രാമീണർ, യുവജനങ്ങൾ, മധ്യവയസ്‌കർ, വൃദ്ധകൾ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീൻ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുകയും മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. കൂടാതെ, പഴയ ജാഹിലീവ്യവസ്ഥ അവസാനിപ്പിച്ച് പകരം ഇസ്‌ലാമിക ജീവിതവ്യവസ്ഥ സ്ഥാപിക്കേണ്ട ചുമതലയും നബി(സ)ക്കുണ്ടായിരുന്നു. ഈ ദൗത്യനിർവഹണത്തിൽ ജാഹിലീ വ്യവസ്ഥയുടെ ധ്വജവാഹകരോട് സമരം ചെയ്യാതെ കഴിയുമായിരുന്നില്ല. തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങൾ മുറുകെപ്പിടിച്ചിരുന്ന ഗോത്രജീവിതരീതി നടമാടുന്ന ഒരു സമൂഹത്തിലായിരുന്നു ഈ സമരം നടത്തേണ്ടത്. ഈ സാഹചര്യത്തിൽ വ്യത്യസ്ത ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ച് ധാരാളം ബന്ധുക്കളെ സമ്പാദിക്കേണ്ടതും ഒരുപാട് ശത്രുക്കളെ ഇല്ലായ്മ ചെയ്യേണ്ടതും അദ്ദേഹത്തിനത്യന്താപേക്ഷിതമായിത്തീർന്നു. അതുകൊണ്ട് അദ്ദേഹം വിവാഹം ചെയ്ത സ്ത്രീകളുടെ തെരഞ്ഞെടുപ്പിൽ, അവരുടെ വൈയക്തിക ഗുണങ്ങൾക്ക് പുറമെ ഈ താൽപര്യവും ഏറിയും കുറഞ്ഞും ഉൾപ്പെട്ടിരുന്നു.

ഹഫ്‌സ്വയോടൊപ്പം ആഇശ(റ)യെയും3 വിവാഹംചെയ്തുകൊണ്ട് അബൂബക്‌റിനോടും ഉമറിനോടും (റ) ഉള്ള ബന്ധം അവിടുന്ന് കൂടുതൽ ആഴവും ഉറപ്പുമുള്ളതാക്കി. അബൂജഹ്‌ലുമായും ഖാലിദുബ്‌നുൽ വലീദുമായും ബന്ധമുള്ള കുടുംബത്തിലെ വനിതയായിരുന്നു ഉമ്മുസലമ(റ). ഉമ്മു ഹബീബ(റ)യാവട്ടെ അബൂസുഫ്‌യാന്റെ പുത്രിയായിരുന്നു. ഈ വിവാഹങ്ങൾ ആ കുടുംബങ്ങളുടെ ശത്രുതയുടെ രൂക്ഷത വലിയൊരളവോളം കുറക്കുകയുണ്ടായി. എന്നല്ല, ഉമ്മുഹബീബയെ നബി(സ) വിവാഹം ചെയ്തശേഷം അബൂസുഫ്‌യാൻ ഒരിക്കലും അദ്ദേഹത്തിനെതിരായി വന്നിട്ടില്ല. സ്വഫിയ്യയും ജുവൈരിയയും റൈഹാനയും(റ) ജൂത കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു. പ്രവാചകൻ അവരെ സ്വതന്ത്രകളാക്കി വിവാഹം ചെയ്തതോടെ അദ്ദേഹത്തിനെതിരായ ജൂതന്മാരുടെ പ്രവർത്തനങ്ങൾ തണുത്തുപോയി. കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷൻ ഒരു കുടുംബത്തിൽനിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താൽ അയാൾ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുൾക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവൻ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ, വളരെ അപമാനകരവുമായിരുന്നു.

സമൂഹത്തെ ക്രിയാത്മകമായി സംസ്‌കരിക്കുകയും ജാഹിലീ ആചാരങ്ങൾ തുടച്ചുനീക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിന്റെ നിർബന്ധ കടമകളിൽ പെട്ടതായിരുന്നു. അതുകൊണ്ട് ഈ സൂറയിൽ നേരത്തേ വിശദീകരിച്ചതുപോലെ, ഒരു വിവാഹം ആ ലക്ഷ്യത്തിനുവേണ്ടിയും തിരുമേനി ചെയ്യേണ്ടിവന്നു. ഈ നന്മകളെല്ലാം നബി(സ)ക്ക് വിവാഹകാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുക എന്നതിന്റെ താൽപര്യങ്ങളായിരുന്നു. താൻ ഏൽപിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണാർഥം അദ്ദേഹത്തിന് എത്ര വിവാഹങ്ങൾ വേണമെങ്കിലും ചെയ്യുന്നതിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല. ബഹുഭാര്യത്വം ചില പ്രത്യേക വൈയക്തികാവശ്യങ്ങളുടെ പേരിൽ മാത്രം അനുവദനീയമായതാണെന്നും ഇതനുവദനീയമാകുന്നതിന് അതിൽപരം അർഥമൊന്നുമില്ലെന്നും ഉള്ള ചിലരുടെ ധാരണ തെറ്റാണെന്നുകൂടി ഈ വിവരണത്തിൽനിന്ന് വ്യക്തമാകുന്നു. നബി(സ) ഒന്നിലധികം വിവാഹം ചെയ്തതിന്റെ കാരണം, ആദ്യ ഭാര്യ വന്ധ്യയായതോ രോഗിണിയായതോ ആൺകുട്ടികളെ പ്രസവിക്കാതിരുന്നതോ അല്ലെങ്കിൽ കുറെ അനാഥക്കുട്ടികളെ പരിപാലിക്കേണ്ട പ്രശ്‌നമുണ്ടായതോ ഒന്നുമല്ലെന്ന കാര്യത്തിൽ തർക്കമില്ലല്ലോ.

ഇത്തരം വൈയക്തികമായ ആവശ്യങ്ങളുടെ പേരിലൊന്നുമല്ലാതെ, അദ്ദേഹത്തിന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങൾക്കുവേണ്ടിയോ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങൾക്കുവേണ്ടിയോ ആയിരുന്നു. അപ്പോൾ പ്രശ്‌നമിതാണ്: ബഹുഭാര്യത്വത്തെ ഇന്ന് പറയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും ചില ആവശ്യങ്ങളിന്മേൽ അല്ലാഹു പരിമിതമാക്കിയിട്ടില്ല. അല്ലാഹുവിന്റെ റസൂലാകട്ടെ, അതൊന്നുമല്ലാത്ത മറ്റു നിരവധി താൽപര്യങ്ങൾക്കുവേണ്ടിയാണ് ബഹുഭാര്യത്വം കൈക്കൊണ്ടത്. എന്നിരിക്കെ, ഇക്കാര്യത്തിൽ സ്വന്തം വക കുറെ നിയന്ത്രണങ്ങളുന്നയിക്കാനും അതെല്ലാം ശരീഅത്തിനനുസൃതമാണെന്ന് മുകളിൽ കയറിനിന്ന് വാദിക്കാനും മറ്റു വല്ലവർക്കും എന്തവകാശമാണുള്ളത്?

വാസ്തവത്തിൽ ഈ നിയന്ത്രണങ്ങളുടെയെല്ലാം വേര്, ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യൻ സങ്കൽപമാകുന്നു. ഈ സങ്കൽപത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കിൽത്തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തിൽ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കൽപത്തെ ഇസ്‌ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കാൻ എത്രതന്നെ ശ്രമിച്ചാലും ഖുർആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല.

Related Articles