Current Date

Search
Close this search box.
Search
Close this search box.

‘ ഫീ ളിലാലിൽ ഖുർആൻ ‘ ഒരു വായന അനുഭവം

2017 ഓഗസ്റ്റ്മാസം ഏകദേശം അവസാനത്തിലാണ് ഞാൻ ശഹീദ് സയ്യിദ് ഖുതുബിന്റെ ‘ഫീളിലാലിൽ ഖുർആൻ’ (ഖുർആന്റെ തണലിൽ) എന്ന വിശ്വവിഖ്യാത ഗ്രന്ഥം വായിക്കാൻ തുടങ്ങുന്നത്. 2020 ഓക്ടോബർ മാസം-3 ക്രിത്യം 12:13 pm ന് അല്ലാഹുവിന്റെ മഹത്വായ അനുഗ്രഹത്താൽ ആ ഖുർആൻ സാഗരം മുഴുവനും വായിച്ചുതീർത്തു.! ആലുവ അസ്ഹറുൽ ഉലൂം ഇസ്ലാമിക് കലാലയത്തിൽ പഠിക്കുമ്പോഴാണ് ഈ ഗ്രന്ഥം ആദ്യമായി ഞാൻ പരിചയപ്പെടുന്നത്. അന്നത്തെ കോളേജ് പ്രിൻസിപ്പലും ഫീ ളിലാലിന്റെ മലയാളത്തിലേക്കുള്ള വിവർത്തകനും ചിന്തകനും, അതിലുപരി എന്റെ അഭിവന്ദ്യ ഗുരുവുമായ ഡോ: കുഞ്ഞുമുഹമ്മദ് പുലവത്ത് സാറാണ് ആദ്യമായി എനിക്കീ ഗ്രന്ഥം പരിചയപ്പെടുത്തിത്തരുന്നത്.

ദിവ്യഗ്രന്ഥത്തിന്റെ വശ്യതയും ഹൃദ്യതയും അതിന്റെ ദാർശനിക ധന്യതയും സാഹിത്യ സൗന്ദര്യവും അനുവാചകനെ അനുഭവിപ്പിക്കുന്ന രീതിയിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളതെന്ന് നമുക്കറിയാം. നിരവധി ഖുർആൻ വ്യാഖ്യാനങ്ങൾ ലോകത്തുണ്ട്. ഇതിൽ നിന്നെല്ലാം തികച്ചും വ്യതിരിക്തത പുലർത്തുന്ന തഫ്സീറാണ് ശഹീദ് സയ്യിദ് ഖുതുബിന്റെ ഫീ ളിലാലിൽ ഖുർആൻ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിശുദ്ധ ഖുർആന്റെ ശീതളഛായയിലൂടെയുള്ള ഒരു യാത്രയാണത്. വിശുദ്ധ ഖുർആനുവേണ്ടി തന്റെ മജ്ജയും മാംസവും പണയം വെച്ച ഒരു രക്തസാക്ഷിയുടെ അനുഭവസമ്പത്താണ് ഫീളിലാൽ.! ഖുർആനെ പ്രണയിക്കേണ്ട വിധത്തിൽ, അതിനെ കാണേണ്ട വിധത്തിൽ കണ്ടപ്പോൾ വിശുദ്ധ ഖുർആൻ സയ്യിദ് ഖുതുബിന് തണൽ വിരിച്ചു കൊടുത്തു എന്നതാണ് സത്യം.

എന്റെ ചെറിയകാലത്തെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച തഫ്സീറു കൂടിയാണിത്. വിശുദ്ധ ഖുർആനിലൂടെ എങ്ങനെ ജീവിക്കാമെന്നും, അതിനെ എങ്ങനെ പ്രണയിക്കാമെന്നും ഉസ്താദ് സയ്യിദ് ഖുതുബ് പഠിപ്പിച്ചു. സയ്യിദ് ഖുതുബ് എന്ന ദാർശികനെ, ചിന്തകനെ, ആസ്വാധകനെ അതിലുപരി ഒരു സൗന്ദര്യശാസ്ത്രജ്ഞനെ ഇവിടെയാണ് തിരിച്ചറിയുന്നത്. ഒരു ഖുർആൻ ആസ്വാദകൻ നിർബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം. ഓരോ സൂറകളും സൂക്തങ്ങളും വായിക്കുമ്പോൾ തന്നെ വായനക്കാരന്റെ മനസ്സും മസ്തിഷ്കവുമായി അത് സംവദിക്കുന്നു. ഓരോ പദങ്ങളും അനുവാചകന്റെ ഭാവനാ മണ്ഡലത്തിൽ ചിത്രം വരയ്ക്കുന്നു. ഓരോ അക്ഷരങ്ങൾ പോലും വായനക്കാരന്റെ മനസ്സിനെ കീഴടക്കുന്നു. വാഗ്മയ ദൃശ്യങ്ങളും ചിത്രങ്ങളും എന്റ മസ്തിഷ്കത്തിൽ മാറി മാറി സഞ്ചരിച്ചുകൊണ്ടേയിരുന്നു. എന്റെ ആത്മാവും ശരീരവുമായി അഭിരമിച്ചുകൊണ്ടേയിരുന്നു. അനുവാചന്റെ ഹൃദയത്തെ പുണരുന്ന രീതിയിലാണ് വശ്യമനോഹരമായ സൂക്ത ശൃംഖലയെ അതിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിശേഷിച്ചും ഖിയാമത്തുനാളിനെ പരാമർശിക്കുന്ന സൂറകളുടെ വ്യാഖ്യാനങ്ങൾ നമ്മളെ അതിനു സാക്ഷിയാക്കിയതു പോലെ അനുഭവപ്പെടുത്തുന്നു. വല്ലാത്തൊരു പ്രഹരം അനുഭവപ്പെടുന്നത് പോലെയും തലച്ചോറിനെ ആരോ ആഞ്ഞടിക്കുന്നതു പോലെയും അനുവാചക മനസ്സിൽ തോന്നൽ സൃഷ്ടിക്കുന്നു. ചില വചനങ്ങുടെ വ്യാഖ്യാനമോ, നാവിൻ തുമ്പിൽ മധുരമായും ഹൃദയാന്തരാളങ്ങളിൽ ഇളം തെന്നലായും സ്പർശിച്ചു പോകുന്നു. മറ്റ് ചിലതോ, മനുഷ്യഭാവനയിൽ താണ്ഡവമാടുകയും രക്തധമനികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ചിലതോ, കാരുണ്യ പ്രവാഹമായി പരന്നൊഴുകുന്നു. ഇങ്ങനെ തുടങ്ങി ഓരോ പദങ്ങൾക്കും അതിന്റേതായ ദാർശനികത്വവും സൗന്ദര്യവും നൽകി വ്യാഖ്യാനിച്ചിരിക്കുന്നു. ഓരോ അക്ഷരങ്ങൾ വഹിക്കുന്ന ആശയങ്ങൾ പോലും കൃത്യമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെ, ഓരോ സൂക്തത്തിനൊപ്പവും അനുവാചകനെ കൂടെകൂട്ടി സഞ്ചരിപ്പിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ആഖ്യാന രീതിയാണിതിൽ ഉപയോഗിച്ചിട്ടുള്ളത്.! ഓരോ സൂറയുടെ വ്യാഖ്യാനത്തിലും കാണാം ആ പ്രസരിപ്പും തിളക്കവും.

“ഖുർആൻ പരിഭാഷകൾക്കും വ്യാഖ്യാനങ്ങൾക്കും പഞ്ഞമില്ലാത്ത മലയാളത്തിലേക്ക് ഫീളിലാലിൽ ഖുർആൻ കൂടി ഭാഷാന്തരീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് അതിന്റെയീ അന്യാദൃശ്യഭാവങ്ങളാണ്.” എന്ന് ഇതിന്റെ വിവർത്തകർ പറഞ്ഞു വെക്കുന്നുണ്ട്. ഫീളിലാൽ വിമർശകർ പോലും അതിന്റെ മികച്ച ആഖ്യാന ശൈലയും സാഹിത്യ സൗകുമാര്യവും സമ്മതിച്ചതുമാണ്.

ഈ ഗ്രന്ഥം നൂറു ശതമാനം വൈജ്ഞാനികമാണെന്ന് വാദമില്ല. എന്നാൽ, വൈജ്ഞാനികമായി ഒട്ടും മികവ് പുലർത്തിയിട്ടില്ല എന്ന് പറയുന്ന വിമർശകരോട് ഒട്ടും യോജിപ്പുമില്ല. മുമ്പുള്ള തഫ്സീറുകളെ ആഴത്തിൽ വിലയിരുത്തി 25 വർഷത്തിലേറെ വായിച്ചു പഠിച്ച് മനസ്സിലാക്കിയതിനു ശേഷമാണ് സയ്യിദ് ഖുതുബ് തന്റെ മൂർച്ചയുള്ള തൂലികയിലൂടെ ഫീളിലാലിന് ജന്മം നൽകുന്നത്. അദ്ദേഹം അതിൽ നിരവധി തഫ്സീറുകൾ പരാമർശിക്കുന്നുണ്ട്. പ്രധാനമായും ആശ്രയിക്കുന്ന തഫ്സീർ ഗ്രന്ഥം; ‘ തഫ്സീർ ഇബ്നുകഥീറാണ് ‘. എകദേശം 590 ൽ പരം ഹദീസുകളും 19 ൽ അധികം ശാസ്ത്ര ഗന്ഥങ്ങളും അവലംബിച്ചിരിക്കുന്നു. മഹാനവർകളുടെ വൈജ്ഞാനിക വ്യക്തിത്വത്തെ സംബന്ധിച്ച് സൂക്ഷമമായി പഠിച്ചാൽ ഒരു ഖുർആൻ വ്യാഖ്യാതാവിനു വേണ്ട വൈജ്ഞാനികവും ഭാഷാപരവും സാംസ്കാരികവുമായ എല്ലാ ഉപാദികളും നമുക്ക് അദ്ദേഹത്തിൽ ദർശിക്കാനാകും.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles