Current Date

Search
Close this search box.
Search
Close this search box.

ഇതാണ് അല്ലാഹുമായുള്ള വിശ്വാസിയുടെ കച്ചവടം

إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّۭا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿١١١﴾

വിലക്കു വാങ്ങിയിരിക്കുന്നു = اشْتَرَىٰ
അവർ യുദ്ധം ചെയ്യുന്നു = يُقَاتِلُونَ
അങ്ങനെ അവർ വധിക്കുന്നു = فَيَقْتُلُونَ
അവർ വധിക്കപ്പെടുകയും ചെയ്യുന്നു = وَيُقْتَلُونَۖ
അതിനാൽ നിങ്ങൾ സന്തോഷിച്ചുകൊള്ളുക = فَاسْتَبْشِرُوا
നിങ്ങളുടെ കച്ചവടത്തിൽ = بِبَيْعِكُمُ
നിങ്ങൾ നടത്തിയ = الَّذِي بَايَعْتُم بِهِۚ

***                     ***                            ***

യാഥാർഥ്യമിതാകുന്നു: അല്ലാഹു വിശ്വാസികളിൽനിന്ന് അവരുടെ ദേഹവും ധനവും സ്വർഗത്തിന് പകരമായി വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുകയും വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവരോടുള്ള സ്വർഗവാഗ്ദാനം അല്ലാഹു ഏറ്റെടുത്ത ബലിഷ്ഠമായ കരാറാകുന്നു. തൗറാത്തിലും ഇഞ്ചീലിലും ഖുർആനിലും അല്ലാഹുവിനെക്കാൾ കരാർ പാലിക്കുന്നവനായി ആരുണ്ട്? അതിനാൽ, നിങ്ങൾ അല്ലാഹുവുമായി നടത്തിക്കഴിഞ്ഞ ഈ കച്ചവടത്തിൽ ആഹ്ലാദിച്ചുകൊള്ളുവിൻ. ഇതുതന്നെയാകുന്നു സർവോപരി മഹത്തായ നേട്ടം. ( തൌബ – 111 )

***                     ***                            ***

ദൈവവും അവന്റെ ദാസനും തമ്മിലുള്ള ഈമാനാകുന്ന ഇടപാടിനെയാണ്, ഇവിടെ കച്ചവടമായി വിശദീകരിച്ചിരിക്കുന്നത്. ഈമാൻ, പ്രയോഗ ജീവിതവുമായി ബന്ധമില്ലാത്ത കേവലം അമൂർത്തമായ വിശ്വാസമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. യഥാർഥത്തിൽ പ്രസ്തുത ഇടപാടുമുഖേന അടിമ തന്റെ ദേഹവും ധനവും ദൈവത്തിനു സമർപ്പിക്കുന്നു. അതിന് പകരമായി ദൈവം മരണാനന്തര ജീവിതത്തിൽ അവന് സ്വർഗം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ സുപ്രധാന വിഷയത്തിന്റെ ഉള്ളടക്കം മനസ്സിലാകുന്നതിന് ഏറ്റവുമാദ്യമായി പ്രസ്തുത ഇടപാടിന്റെ യാഥാർഥ്യം നല്ലപോലെ ഗ്രഹിക്കേണ്ടതുണ്ട്. അടിസ്ഥാന യാഥാർഥ്യം വെച്ച് നോക്കുമ്പോൾ മനുഷ്യന്റ ജീവന്റെയും സ്വത്തിന്റെയും ഉടമസ്ഥൻ അല്ലാഹു മാത്രമാകുന്നു.

എന്തെന്നാൽ, മനുഷ്യന്റെയും അവന്റെ പക്കലുള്ള സമസ്ത വസ്തുക്കളുടെയും സൃഷ്ടികർത്താവ് ദൈവമത്രെ. മനുഷ്യൻ കൈകാര്യം ചെയ്യുന്ന സർവവും അവന് നൽകിയതും ദൈവംതന്നെ. ഇങ്ങനെ നോക്കുമ്പോൾ കച്ചവടത്തിന്റെ പ്രശ്‌നമേ ഉദ്ഭവിക്കുന്നില്ല. അതായത്, വിൽക്കാൻ മനുഷ്യന് സ്വന്തമായി ഒന്നുമില്ല. അവനോട് ദൈവം വല്ലതും വാങ്ങാൻ ദൈവത്തിന്റെ ഉടമസ്ഥതയിൽ പെടാത്തതായി ഒന്നുമില്ല. എന്നാൽ, ദൈവം മനുഷ്യന് പൂർണമായി ഏൽപിച്ചുകൊടുത്ത ഒരു കാര്യമുണ്ട് -വിവേചനാധികാരം. അതായത്, തിരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം. ഈ വിവേചനാധികാരം മൂലം യാഥാർഥ്യത്തിന്റെ സ്വഭാവം മാറുന്നില്ലെങ്കിലും, യാഥാർഥ്യം അംഗീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് ലഭിക്കുന്നു.

മറ്റു വാക്കുകളിൽ ഈ സ്വാതന്ത്ര്യത്തിന്റെ അർഥം, മനുഷ്യൻ തന്റെ ആത്മാവിന്റെയും, മാനസിക-ശാരീരിക ശക്തികളുടെയും, ലോകത്ത് തനിക്കു ലഭിച്ച അധികാരങ്ങളുടെയും ഉടമസ്ഥനായിക്കഴിഞ്ഞുവെന്നല്ല; അതെല്ലാം യഥേഷ്ടം ഉപയോഗിക്കാനുള്ള അവകാശം ലഭിച്ചുകഴിഞ്ഞുവെന്നുമല്ല; മറിച്ച്, അതിന്റെ സാരം ഇതാണ്: ദൈവത്തിൽനിന്നുള്ള ഒരു നിർബന്ധവും കൂടാതെ സ്വയമേവ തന്റെയും തന്റെ എല്ലാ വസ്തുക്കളുടെയും മേൽ ദൈവത്തിന്റെ ഉടമാവകാശങ്ങൾ അംഗീകരിച്ചുകൊടുക്കുന്നുവെങ്കിൽ അങ്ങനെ ചെയ്യാൻ അവന് സ്വാതന്ത്ര്യമുണ്ട്. ഇനി സ്വയം ഉടമസ്ഥനായി ചമഞ്ഞ് ദൈവത്തെ അവഗണിച്ച് തന്റെ അധികാരപരിധിയിൽ യഥേഷ്ടം കൈകാര്യാവകാശം ഉണ്ടെന്ന് കരുതുന്നപക്ഷം അതിനും സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു.

ഇവിടെയാണ് കച്ചവടത്തിന്റെ പ്രശ്‌നം ഉദ്ഭവിക്കുന്നത്. മനുഷ്യന്റേതായ ഒരു വസ്തു ദൈവം വിലയ്ക്കുവാങ്ങുന്നു എന്ന അർഥത്തിലല്ല ഈ കച്ചവടം. മറിച്ച്, ഈ ഇടപാടിന്റെ ശരിയായ സ്വഭാവമിതാണ്: ദൈവം അവന്റേതായ ഏതൊരു വസ്തു അമാനത്തായി മനുഷ്യനെ ഏൽപിക്കുകയും വിശ്വസ്തനായോ വഞ്ചകനായോ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നൽകുകയും ചെയ്തിരിക്കുന്നുവോ, അതേപ്പറ്റി മനുഷ്യനോട് അവൻ ആവശ്യപ്പെടുന്നു: ‘നീ തൃപ്തിപൂർവം എന്റെ വസ്തു എന്റേത് എന്നുതന്നെ സമ്മതിക്കുക. ജീവിതം മുഴുവൻ അധികാരമുള്ള ഉടമ എന്ന നിലക്കല്ലാതെ വിശ്വസ്തനായ പ്രതിനിധിയെന്ന നിലയിൽ അത് വിനിയോഗിക്കുക. വഞ്ചന ചെയ്യാൻ ഞാൻ നൽകിയ സ്വാതന്ത്ര്യം നീ സ്വമേധയാ വേണ്ടെന്നുവെക്കുക. ഇപ്രകാരം ഇഹലോകത്തിലെ ക്ഷണികജീവിതത്തിൽ നിന്റെ സ്വാധികാരം, എനിക്കു വിൽക്കുക. സ്വയം ആർജിച്ചതല്ലാത്തതും ഞാൻ നൽകിയതുമായ സ്വാതന്ത്ര്യമാണത്. എങ്കിൽ പരലോകത്തിലെ ശാശ്വത ജീവിതത്തിൽ സ്വർഗം അതിന്റെ വിലയായി നിനക്കു ലഭിക്കും.’ ഇതാണ് ആ കച്ചവടം. അല്ലാഹുവുമായി ഈ ഇടപാട് അംഗീകരിച്ച മനുഷ്യൻ വിശ്വാസിയാണ്. ഇതേ ഇടപാടിന്റെ മറ്റൊരു പേരാണ് ഈമാൻ അഥവാ വിശ്വാസം. ഇത് നിരാകരിക്കുകയോ അഥവാ അംഗീകരിച്ച ശേഷം അങ്ങനെയൊരിടപാട് നടന്നിട്ടേയില്ലെന്നു തോന്നിക്കുന്ന നയം അനുവർത്തിക്കുകയോ ചെയ്യുന്ന ഏതൊരുത്തനും അവിശ്വാസിയാണ്. ഈ ഇടപാടിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ സാങ്കേതിക നാമമത്രെ കുഫ്ർ അഥവാ നിഷേധം. ഇതത്രെ പ്രസ്തുത കച്ചവട ഇടപാടിന്റെ യാഥാർഥ്യം.

ഇനി ഇതിന്റെ ഉള്ളടക്കമെന്തെല്ലാമെന്ന് പരിശോധിക്കാം. 1) ഈ ഇടപാടു മുഖേന അല്ലാഹു മനുഷ്യനെ രണ്ടു വലിയ പരീക്ഷണങ്ങളിൽ പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച മനുഷ്യൻ, ഉടമസ്ഥനെ മാത്രം ഉടമസ്ഥനായി അംഗീകരിക്കുകയും നന്ദികേടിനും ധിക്കാരത്തിനും മുതിരാതിരിക്കുകയും ചെയ്യാനുള്ള മാന്യത കാണിക്കുന്നുണ്ടോ എന്നതാണ് പ്രഥമ പരീക്ഷണം. ഇഹലോകത്ത് റൊക്കമായി ലഭിക്കാത്തതും നാളെ മരണാനന്തര ജീവിതത്തിൽ ദൈവം നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതുമായ വിലയ്ക്ക് പകരമായി മനുഷ്യൻ ഇഹലോകത്തെ അധികാരവും അതിന്റെ രസാനന്ദവും സന്തോഷപൂർവം വിൽക്കാൻ സന്നദ്ധനാണോ? അത്രത്തോളം ദൈവത്തിൽ അവന് വിശ്വാസമുണ്ടോ? ഇതാണ് രണ്ടാമത്തെ പരീക്ഷണം.

2) ലോകത്ത് ഇസ്‌ലാമിക സമൂഹം രൂപംകൊള്ളുന്നതിനടിസ്ഥാനമായ കർമശാസ്ത്ര നിയമമനുസരിച്ച് ഈമാൻ എന്നാൽ ഏതാനും വിശ്വാസങ്ങൾ അംഗീകരിക്കുന്നതിന്റെ പേരാകുന്നു. അത് അംഗീകരിച്ചുകഴിഞ്ഞ ഒരാളെപ്പറ്റി അവിശ്വാസിയെന്നോ മതഭ്രഷ്ടനെന്നോ വിധി കൽപിക്കാൻ, അയാൾ തന്റെ വിശ്വാസ പ്രതിജ്ഞയിൽ കപടനാണെന്ന് വ്യക്തമായ തെളിവ് ലഭിക്കാത്തേടത്തോളം ഒരു ഖാദിക്കും നിർവാഹമില്ല. എന്നാൽ, അല്ലാഹുവിങ്കൽ പരിഗണനീയമായ വിശ്വാസത്തിന്റെ യാഥാർഥ്യം ഇതാണ്. ചിന്തയിലും കർമത്തിലും ഒരുപോലെ മനുഷ്യൻ തന്റെ സ്വാതന്ത്ര്യവും അധികാരവും അല്ലാഹുവിന് വിൽക്കുക. അവന് വേണ്ടി സ്വന്തം ഉടമാവകാശവാദം പൂർണമായി കൈയൊഴിക്കുകയും ചെയ്യുക. ഒരുവൻ ഇസ്‌ലാമിന്റെ പ്രതിജ്ഞാവചനം അംഗീകരിക്കുന്നു; നോമ്പ് നമസ്‌കാരാദികൾ അനുഷ്ഠിക്കുന്നു. എന്നാൽ, തന്റെ ശരീരാത്മാക്കളുടെയും, മാനസികവും ബുദ്ധിപരവും കായികവുമായ ശക്തികളുടെയും, ധനത്തിന്റെയും ധനാഗമനമാർഗങ്ങളുടെയും എന്നുവേണ്ട, തന്റെ സ്വാധീനത്തിലും അധികാരപരിധിയിലുമുള്ള സമസ്ത വസ്തുക്കളുടെയും ഉടമസ്ഥൻ താൻതന്നെയാണെന്ന് മനസ്സിലാക്കുന്നു. അവയെല്ലാം സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കൈയടക്കിവെക്കുകയും ചെയ്യുന്നു. ഇത്തരമൊരു വ്യക്തി ഇഹലോകത്ത് സത്യവിശ്വാസിയായി മനസ്സിലാക്കപ്പെട്ടേക്കാം. എങ്കിലും അല്ലാഹുവിങ്കൽ അവൻ അവിശ്വാസിയായി മാത്രമേ ഗണിക്കപ്പെടൂ. എന്തുകൊണ്ടെന്നാൽ, ഖുർആനികദൃഷ്ട്യാ സത്യവിശ്വാസത്തിന്റെ സാരാംശമായ കച്ചവട ഇടപാട് അല്ലാഹുവുമായി അവർ നടത്തിയിട്ടുതന്നെയില്ല. എവിടെ ദൈവപ്രീതിയുണ്ടോ അവിടെ ജീവനും ധനവും ത്യജിക്കാൻ വിസമ്മതിക്കുക, ദൈവഹിതം ഇല്ലാത്തേടത്ത് ജീവധനാദികൾ ത്യജിക്കുക–ഈ കർമരീതി ഖണ്ഡിതമായി തെളിയിക്കുന്നത്, ആ വിശ്വാസവാദി ജീവനും ധനവും ദൈവത്തിന് വിറ്റിട്ടില്ലെന്നാണ്. അഥവാ കച്ചവടക്കരാർ കഴിഞ്ഞ ശേഷവും വിറ്റസാധനം പഴയപോലെ തന്റേതായി കരുതുന്നുവെന്നാണ്.

3) സത്യവിശ്വാസത്തിന്റെ ഈ യാഥാർഥ്യം ഇസ്‌ലാമിക ജീവിതരീതിയേയും അനിസ്‌ലാമിക ജീവിതരീതിയേയും പൂർണമായി വേർതിരിച്ചു കാണിക്കുന്നു. ശരിയായ അർഥത്തിൽ ദൈവത്തിൽ വിശ്വസിച്ച മുസ്‌ലിം, ജീവിതത്തിന്റെ സകല മേഖലകളിലും ദൈവപ്രീതിയെ അനുധാവനം ചെയ്യും. അവന്റെ കർമരീതിയിൽ ഒരിടത്തും സ്വാധികാരത്തിന്റെ നിഴൽ പതിക്കുകയില്ല –താൽക്കാലികമായി വല്ലപ്പോഴും അശ്രദ്ധ പിടികൂടുകയും ദൈവവുമായുള്ള കച്ചവടക്കരാർ വിസ്മരിച്ച് അബദ്ധത്തിൽ വല്ലതും പ്രവർത്തിക്കുകയും ചെയ്തുപോയാൽ അത് മറ്റൊരു കാര്യം. അപ്രകാരംതന്നെ, സത്യവിശ്വാസികളുടേതായ സമൂഹം വല്ല സാമൂഹികനയമോ രാഷ്ട്രീയ -നാഗരിക-സാംസ്‌കാരിക രീതിയോ സാമ്പത്തിക സമീപനമോ രാഷ്ട്രാന്തരീയ നിലപാടോ ദൈവഹിതത്തിൽനിന്നും ദൈവികനിയമശാസനകളിൽനിന്നും സ്വതന്ത്രമായിക്കൊണ്ട് അംഗീകരിക്കുകയില്ല. താൽക്കാലികമായ അശ്രദ്ധമൂലം അങ്ങനെ വല്ലതും അംഗീകരിച്ചുപോയാൽത്തന്നെ ബോധ്യപ്പെട്ട ഉടൻ സ്വതന്ത്ര നയം കൈവെടിഞ്ഞ് കീഴ്‌വണക്കനയത്തിലേക്ക് തിരിച്ചുവരുന്നതാണ്. ദൈവത്തിൽനിന്നു സ്വതന്ത്രമായി പ്രവർത്തിക്കുക, താനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും സ്വയം തീരുമാനിക്കുക– ഇത് ഏതു നിലക്കും അവിശ്വാസപരമായ ജീവിത രീതിയാണ്; ആ രീതി അവലംബിക്കുന്നവർ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെട്ടാലും ശരി, അമുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെട്ടാലും ശരി.

4) ഈ ഇടപാടു പ്രകാരം മനുഷ്യൻ പിൻപറ്റാൻ ബാധ്യസ്ഥമായിരിക്കുന്ന ദൈവപ്രീതി, അവൻ സ്വയം കണ്ടുപിടിച്ചതല്ല. ദൈവംതന്നെ നിർദേശിച്ചുകൊടുത്തതാണ്. മനുഷ്യൻ സ്വന്തമായി വല്ലതിനെയും ദൈവപ്രീതിക്കായി അവരോധിച്ച് അനുധാവനം ചെയ്യുന്നത് ദൈവപ്രീതിയുടെ അനുധാവനമല്ല. സ്വന്തം പ്രീതിയുടെ മാത്രം അനുധാവനമാണ്. ഇതാവട്ടെ കച്ചവട ഉടമ്പടിക്ക് കടകവിരുദ്ധവുമാകുന്നു. തങ്ങളുടെ മുഴു ജീവിതനയവും ദൈവികഗ്രന്ഥത്തിൽനിന്നും ദൈവദൂതന്റെ മാർഗനിർദേശത്തിൽനിന്നും ഉൾക്കൊള്ളുന്നവർ മാത്രമേ ദൈവവുമായുള്ള കച്ചവടക്കരാർ പാലിക്കുന്നവരായി അംഗീകരിക്കപ്പെടുകയുള്ളൂ. ഇതത്രെ പ്രസ്തുത ഇടപാടിന്റെ ഉള്ളടക്കം. ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞാൽ ഈ കച്ചവട ഇടപാടിൽ, വില അഥവാ സ്വർഗം ഐഹികജീവിതത്തിന്റെ അന്ത്യത്തിലേക്ക് മാറ്റിവെച്ചതെന്തിനാണെന്ന് സ്വയം മനസ്സിലാവുന്നതാണ്. മനുഷ്യൻ ‘തന്റെ ദേഹവും ധനവും ദൈവത്തിനു വിറ്റു’ എന്ന കേവല സമ്മതത്തിന്റെ പ്രതിഫലമല്ല സ്വർഗം. ‘ഐഹികജീവിതത്തിൽ, താൻ വിറ്റ വസ്തുവിലുള്ള സ്വതന്ത്ര കൈകാര്യം ഉപേക്ഷിച്ച്, ദൈവത്തിന്റെ വിശ്വസ്ത പ്രതിനിധിയായി ദൈവത്തിന്റെ ഇഷ്ടത്തിനൊത്ത് അത് കൈകാര്യം ചെയ്യുക’ എന്ന കർമനയത്തിന്റെ പ്രതിഫലമത്രെ അത്. ആകയാൽ, വിറ്റവന്റെ ഐഹിക ജീവിതം, ഇടപാടു നടന്നതുമുതൽ ജീവിതാന്ത്യം വരെ പൂർണമായും അതിന്റെ ഉപാധികൾ പാലിച്ചിട്ടുണ്ടെന്ന് ഫലത്തിൽ തെളിയുമ്പോൾ മാത്രമേ വിൽപന പൂർണമാവുകയുള്ളൂ. അതിനുമുമ്പ് ന്യായപ്രകാരം വിലവാങ്ങാൻ അയാൾ അർഹനാവുന്നില്ല.

ഇനി, പ്രഭാഷണ പരമ്പരയിൽ ഈ വിഷയം ഉൾക്കൊള്ളിച്ചതിന്റെ ഔചിത്യവും പ്രസക്തിയും എന്തെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ദൈവമാർഗത്തിൽ ത്യാഗംചെയ്യാൻ സന്നദ്ധതയില്ലാത്ത ആളുകളെക്കുറിച്ചാണല്ലോ മുൻ ആയതുകളിൽ പ്രതിപാദിച്ചുവന്നിരുന്നത്. സത്യവിശ്വാസം കൈക്കൊണ്ടു എന്നവർ വാദിച്ചിരുന്നുവെങ്കിലും പരീക്ഷണത്തിന്റെ നിർണായക നിമിഷം വന്നപ്പോൾ അവരിൽ ചിലർ അലസത കാരണവും മറ്റു ചിലർ ആത്മാർഥതക്കുറവുകൊണ്ടും വേറെ ചിലർ ശുദ്ധ കാപട്യത്താലും ദൈവത്തിനും ദീനിനുംവേണ്ടി സമയവും ധനവും താൽപര്യവും ജീവനും ബലിയർപ്പിക്കാൻ വിമുഖത കാണിച്ചു. ആ ഭിന്നതരക്കാരായ വ്യക്തികളുടെയും വിഭാഗങ്ങളുടെയും നിലപാടിനെ നിരൂപണം ചെയ്ത ശേഷം ഇപ്പോൾ അവരെ വ്യക്തമായി അറിയിക്കുകയാണ്: നിങ്ങൾ അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്ന സത്യവിശ്വാസത്തിന്റെ അർഥം, ദൈവം ഉണ്ടെന്നും ദൈവം ഏകനാണെന്നും മാത്രം അംഗീകരിക്കലല്ല; മറിച്ച്, ദൈവം മാത്രമാണ് നിങ്ങളുടെ ദേഹത്തിന്റെയും ധനത്തിന്റെയും ഉടമസ്ഥനെന്ന് അംഗീകരിക്കലാണ്. ഇങ്ങനെ അംഗീകരിച്ചശേഷം ശരീരവും സമ്പത്തും ദൈവാജ്ഞപ്രകാരം ബലിയർപ്പിക്കാൻ വിമ്മിട്ടം കാണിക്കുകയും, മറുവശത്ത്, ശക്തിയും വിഭവങ്ങളും ദൈവേച്ഛക്കു വിപരീതമായി വിനിയോഗിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഈമാൻ വാദം വ്യാജമാണെന്നതിന്റെ തെളിവാണത്. പ്രയോഗത്തിൽതന്നെ തങ്ങളുടെ ദേഹവും ധനവും ദൈവത്തിനു വിൽക്കുകയും അവനെ മാത്രം അവയുടെ ഉടമസ്ഥനായി മനസ്സിലാക്കുകയും ചെയ്യുന്നവർ മാത്രമാണ് യഥാർഥ വിശ്വാസികൾ. അവന്റെ ആജ്ഞ ലഭിക്കുമ്പോൾ തന്നെ അവർ നിസ്സങ്കോചം സർവസ്വം ബലിയർപ്പിക്കാൻ സന്നദ്ധരാവുന്നു. അവന്റെ ആജ്ഞയില്ലാത്തേടത്ത് ശാരീരിക-മാനസികശക്തിയുടെ നിസ്സാരമായ ഒരംശമോ സാമ്പത്തിക ശേഷിയുടെ ചെറിയൊരു ഭാഗമോ പോലും ചെലവഴിക്കാൻ അവർ തയ്യാറാകുന്നതുമല്ല.

ഈ സൂക്തത്തിൽ പറയുന്ന ‘വഅ്ദ്’ അഥവാ ‘കരാർ’ തൗറാത്തിലും ഇഞ്ചീലിലും ഇല്ലെന്ന പേരിൽ ധാരാളം വിമർശനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഇഞ്ചീലിനെ അഥവാ ബൈബിൾ പുതിയനിയമത്തെ സംബന്ധിച്ചിടത്തോളം ഈ ആരോപണം അടിസ്ഥാനരഹിതമാണ്. ഇന്ന് ലോകത്ത് നിലവിലുള്ള ഇഞ്ചീലുകളിൽ ഇവിടെ ഓതിവെച്ച സൂക്തത്തിന് സദൃശമായ ഒട്ടേറെ വാക്യങ്ങൾ നമുക്ക് കാണാൻ കഴിയും. ഉദാഹരണം:”നേർവഴിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ. എന്തെന്നാൽ, സ്വർഗരാജ്യം അവർക്കുള്ളതാണ്.” (മത്തായി 5: 10 ) ”തന്റെ ജീവനെ രക്ഷിക്കുന്നവൻ അതിനെ കളയും. എന്റെനിമിത്തം തന്റെ ജീവനെ കളയുന്നവൻ അതിനെ രക്ഷിക്കും.” (മത്തായി 10: 39) ”എന്റെ നാമം നിമിത്തം വീടുകളേയോ, സഹോദരന്മാരേയോ, സഹോദരികളെയോ, അപ്പനേയോ അമ്മയേയോ, മക്കളേയോ, നിലങ്ങളേയോ വിട്ടുകളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും. അവൻ ശാശ്വത ജീവിതത്തേയും അവകാശമാക്കും.” (മത്തായി 19:29)

എന്നാൽ, നിലവിലുള്ള തൗറാത്തിൽ അഥവാ ബൈബിൾ പഴയനിയമത്തിൽ ഈ വിഷയം കാണാനില്ല എന്നത് ശരിതന്നെ. ഇതൊന്ന് മാത്രമല്ല, മരണാനന്തര ജീവിതം, വിധിദിനം, പാരത്രിക രക്ഷാശിക്ഷകൾ എന്നിവ സംബന്ധിച്ച വിഭാവനയും അതിലില്ല. ഈ കാര്യങ്ങളിലുള്ള വിശ്വാസമാവട്ടെ, എക്കാലവും സത്യമതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. നിലവിലുള്ള തൗറാത്തിൽ ഇതില്ലെന്നതുകൊണ്ട് തൗറാത്തിൽ ഇതുണ്ടായിരുന്നില്ല എന്ന് അർഥമാക്കുന്നത് ശരിയല്ല. ജൂതന്മാരുടെ അധഃപതന കാലത്ത് അതെല്ലാം മാറ്റിമറിക്കപ്പെടുകയാണുണ്ടായത്. അന്നവർ ഭൗതികന്മാരും ലൗകികസുഖാന്വേഷികളുമായി മാറുകയുണ്ടായി. ഭൗതികലോകത്ത് ലഭിക്കുന്നത് മാത്രമായിരുന്നു, അവരുടെ ദൃഷ്ടിയിൽ അനുഗ്രഹവും പാരിതോഷികവും. തദ്ഫലമായി ദൈവികഗ്രന്ഥത്തിൽ, ദൈവത്തോടുള്ള അടിമത്തത്തിനും അനുസരണത്തിനും പകരം, എന്തെല്ലാം പാരത്രിക അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നുവോ അതെല്ലാം അവർ ഭൗതികമായി വ്യാഖ്യാനിച്ചു. സ്വർഗത്തെക്കുറിച്ച ഏത് വിവരണവും വാഗ്ദത്ത ഭൂമിയായ ഫലസ്തീനുമായി ബന്ധപ്പെടുത്തുകയാണുണ്ടായത്.

ഉദാഹരണമായി പഴയ നിയമത്തിൽ പലേടത്തും ഇങ്ങനെ പ്രതിപാദിച്ചതായിക്കാണാം: ”യിസ്രയേലേ! കേൾക്ക: യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്‌നേഹിക്കേണം.” (ആവർത്തന പുസ്തകം, 6:4-5) ”അവനല്ലോ നിന്റെ പിതാവ്, നിന്നെ ഉടമപ്പെടുത്തിയവൻ, അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവർത്തന പുസ്തകം 32: 6) എന്നാൽ, ഈ ദൈവിക ബന്ധത്തിന്റെ പ്രതിഫലമായി വിവരിച്ചിട്ടുള്ളത് പാലും തേനുമൊഴുകുന്ന ഫലസ്തീൻ ഭൂമിയുടെ ഉടമസ്ഥരാകുകയെന്നതാണ്. ഇതിനൊന്നാമത്തെ കാരണമിതാണ്, തൗറാത്ത് ഇപ്പോഴുള്ള രൂപത്തിൽ പൂർണമല്ല; ദൈവിക വചനങ്ങൾ മാത്രം ഉൾക്കൊള്ളുന്നതുമല്ല. മറിച്ച്, ധാരാളം വ്യാഖ്യാന വചനങ്ങൾ ദൈവവചനങ്ങളോടൊപ്പം കലർന്നു ചേർന്നിരിക്കുന്നു. ജൂതന്മാരുടെ ദേശീയ പാരമ്പര്യങ്ങൾ, വംശപക്ഷപാതം, ഐതിഹ്യങ്ങൾ, ആശയാഭിലാഷങ്ങൾ, തെറ്റിദ്ധാരണകൾ, നിയമപരമായ ഗവേഷണങ്ങൾ തുടങ്ങിയവ നല്ലൊരളവിൽ ദൈവവചനങ്ങളുമായി വാചകശൃംഖലയിൽ കൂടിക്കലർന്നിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും മൂലവചനത്തെ ഈ അധികപ്പറ്റുകളിൽനിന്നും വേർതിരിച്ചെടുക്കുക തികച്ചും അസാധ്യമായിരിക്കുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles