Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ കൂടെയുള്ളവർ ഇങ്ങനെയാണ്

مُّحَمَّدٌۭ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًۭا سُجَّدًۭا يَبْتَغُونَ فَضْلًۭا مِّنَ ٱللَّهِ وَرِضْوَٰنًۭا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةًۭ وَأَجْرًا عَظِيمًۢا﴿٢٩﴾

കാർക്കശ്യം കാണിക്കുന്നവരാണ് = أَشِدَّاءُ
അവരുടെ അടയാളം = سِيمَاهُمْ
അതിന്റെ കൂമ്പ് = شَطْأَهُ
പിന്നെ അതിനെ ശക്തിപ്പെടുത്തി = فَآزَرَهُ
അങ്ങനെ അത് കരുത്ത് നേടി = فَاسْتَغْلَظَ
അതിന്റെ കാണ്ഡത്തിൽ = عَلَىٰ سُوقِهِ

***                     ***                            ***

മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവർ സത്യനിഷേധികളോട് കർക്കശരും തങ്ങൾക്കിടയിൽ ദയാലുക്കളുമായി വർത്തിക്കുന്നു. അല്ലാഹുവിന്റെ മുമ്പിൽ കുനിയുന്നവരായും സദാ സാഷ്ടാംഗം പ്രണമിക്കുന്നവരായും അനുഗ്രഹവും പ്രീതിയും തേടുന്നവരായും നിനക്കവരെ കാണാം. അവരുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളമുണ്ട്. അതുവഴി അവരെ തിരിച്ചറിയാം. തൗറാത്തിൽ ഇതാകുന്നു അവരുടെ ലക്ഷണം. ഇഞ്ചീലിലാവട്ടെ, അവരെ ഉദാഹരിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു: ഒരു വിള. ആദ്യം അതിന്റെ കൂമ്പ് വെളിപ്പെടുത്തി. എന്നിട്ടതിനെ ബലപ്പെടുത്തി. പിന്നെ തടിച്ചുകൊഴുത്തു. അങ്ങനെ കർഷകർക്ക് കൗതുകം പകർന്നുകൊണ്ട് അതിന്റെ തണ്ടിൽ നിലകൊണ്ടു; അവരുടെ സമൃദ്ധിയിൽ നിഷേധികൾ രോഷംകൊള്ളുന്നതിന്. സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമം ആചരിക്കുകയും ചെയ്ത ഈ ജനവിഭാഗത്തിന്, അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. ( അൽ ഫത് ഹ് 29 )

***                     ***                            ***

‘അഷിദ്ദാഉൻ അലൽ കുഫ്ഫാർ’ എന്നതിന്റെ വാക്കർത്ഥം അവൻ മറ്റവന് കടുപ്പമേറിയവനാണ് എന്നാണ്. അവനെ മെരുക്കാനും താനുദ്ദേശിച്ച ലക്ഷ്യത്തിലേക്ക് തിരിക്കാനും വളരെ പ്രയാസമാണ് എന്നാണിതിന്റെ ആശയം. പ്രവാചകശിഷ്യന്മാർ സത്യനിഷേധികൾക്ക് കടുപ്പമേറിയവരാണ് എന്നതിനർഥം, അവർ നിഷേധികളോട് ക്രൂരമായി വർത്തിക്കുന്നവരാണ് എന്നല്ല. അവർ തങ്ങളുടെ ഈമാനിക ചൈതന്യവും ആദർശഭദ്രതയും ധാർമികധൈര്യവും മൂലം സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം പാറക്കെട്ടുകൾപോലെ ശക്തരാകുന്നു എന്നാകുന്നു അതിന്റെ താൽപര്യം. ഒരു ഭയത്തിനും അവരെ കീഴടക്കാനാവില്ല. പ്രലോഭനങ്ങൾകൊണ്ട് അവരെ വിലയ്‌ക്കെടുക്കുക അസാധ്യമാകുന്നു. അവർ ജീവൻ പണയപ്പെടുത്തിക്കൊണ്ട് പ്രവാചകനെ പിന്തുണച്ചിട്ടുള്ളത് ഏതൊരു മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണോ ആ ലക്ഷ്യത്തിൽനിന്ന് അവരെ തെറ്റിക്കാൻ സത്യനിഷേധികൾ തികച്ചും അശക്തരാണ്. അവരുടെ കർക്കശനയം ദീനിന്റെ ശത്രുക്കളോടാകുന്നു; വിശ്വാസികളോടല്ല. വിശ്വാസികളോടാവട്ടെ, അവർ കനിവുറ്റവരും അലിവും സഹാനുഭൂതിയുമുള്ളവരുമാകുന്നു. ആദർശലക്ഷ്യങ്ങളുടെ ഐക്യം അവർക്കിടയിൽ സവിശേഷമായ ഒരു സ്‌നേഹബന്ധവും താൽപരൈ്യക്യവും വിചാരപ്പൊരുത്തവും സൃഷ്ടിച്ചിരിക്കുന്നു.

അവരുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളമുണ്ട് എന്നതുകൊണ്ട് ഉദ്ദേശ്യം, സുജൂദ്മൂലം ചിലരുടെ നെറ്റികളിലുണ്ടാകുന്ന നമസ്‌കാരത്തഴമ്പല്ല. ദൈവത്തിന്റെ മുന്നിൽ കുമ്പിടുന്നവരുടെ മുഖങ്ങളിൽ സ്വാഭാവികമായി പ്രകടമാകുന്ന ഭക്തിയുടെയും മനഃശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും ലക്ഷണങ്ങളെയാണിവിടെ സൂചിപ്പിക്കുന്നത്. മനുഷ്യമുഖം ഒരു തുറന്ന പുസ്തകമാണ്. അതിന്റെ ഏടുകളിൽ വ്യക്തിയുടെ മാനസികാവസ്ഥ എളുപ്പം കാണാവുന്നതാണ്. ഒരഹങ്കാരിയുടെ മുഖഭാവം ഒരു വിനീതന്റേതിൽനിന്ന് വ്യത്യസ്തമായിരിക്കും. ഒരു തെമ്മാടിയുടെ മുഖഭാവത്തിൽനിന്ന് വ്യതിരിക്തമാണ് സ്വഭാവശുദ്ധിയുള്ള ഒരു മാന്യന്റെ മുഖഭാവം. ദുർവൃത്തന്റെയും സച്ചരിതന്റെയും വേഷങ്ങൾ തമ്മിൽ പ്രകടമായ അന്തരമുണ്ടായിരിക്കും.

അല്ലാഹു ഇവിടെ വ്യക്തമാക്കുന്നതിതാണ്: കാണുമ്പോൾ തന്നെ ശ്രേഷ്ഠരെന്ന് മനസ്സിലാകുന്ന തരത്തിലുള്ള ആളുകളാണ് പ്രവാചക ശിഷ്യന്മാർ. എന്തുകൊണ്ടെന്നാൽ, ദൈവഭക്തിയുടെ തിളക്കം അവരുടെ മുഖങ്ങളിൽ പ്രകടമാകുന്നു. അതിനെക്കുറിച്ചാണ് ഇമാം മാലിക് ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത്: സ്വഹാബത്തിന്റെ സൈന്യം ശാമിന്റെ അതിർത്തിയിൽ കടന്ന കാലത്ത് അവിടത്തെ ക്രിസ്ത്യാനികൾ പറയാറുണ്ടായിരുന്നു: ‘മിശിഹ വിവരിച്ച ഹവാരികളുടെ സ്വഭാവമുണ്ടല്ലോ; അതേ സ്വഭാവമുള്ളവരായിട്ടാണ് ഇക്കൂട്ടർ കാണപ്പെടുന്നത്.’ തൗറാത്തിൽ ഇതാകുന്നു അവരുടെ ലക്ഷണം എന്ന് പറഞ്ഞത് കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത് മിക്കവാറും ബൈബിൾ ആവർത്തന പുസ്തകം 33-ആം അധ്യായം: 2,3 വാക്യങ്ങളായിരിക്കണം. അതിൽ മുഹമ്മദീയ നിയോഗത്തെ പരാമർശിച്ചുകൊണ്ട് അവിടത്തെ ശിഷ്യന്മാരെ ‘വിശുദ്ധന്മാർ’ എന്ന് വിളിച്ചതായി കാണാം. ഇതുകൂടാതെ, സ്വഹാബത്തിനെക്കുറിച്ച് ബൈബിളിൽ വല്ല വിശേഷണവും ഉണ്ടായിരുന്നുവെങ്കിൽ അത് ഇന്നത്തെ ഭേദഗതിക്ക് വിധേയമായ ബൈബിളിൽ കാണുന്നില്ല.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles