Current Date

Search
Close this search box.
Search
Close this search box.

സൂറത്തു അര്‍റൂം: പ്രവചനവും ദൃഷ്ടാന്തങ്ങളും ഉള്‍ചേര്‍ന്ന അധ്യായം

ഖുര്‍ആനിലെ റോം എന്ന അധ്യായത്തെ കുറിച്ച് പരിചപ്പെടുന്നതിന് മുമ്പ് അതിന്‍റെ പ്രാധാന്യം അല്‍പം അറിയാം. പൗരാണിക ചരിത്ര പ്രകാരം ബി.സി. 753 ലാണ് റോമന്‍ നഗരം നിര്‍മ്മിക്കപ്പെട്ടത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമായിരുന്നു ലോകം ഭരിച്ചിരുന്നത് . ഇംഗ്ലണ്ട് മുതല്‍ ആഫ്രിക്ക വരേയും സിറിയ മുതല്‍ സ്പെയിന്‍ വരേയും ലോകത്തെ സ്വാധീനിച്ചിരുന്നത് റോമന്‍ നിയമമായിരുന്നു. ആറാം നൂറ്റാണ്ടാവുമ്പോഴേക്കും ആഭ്യന്തര സംഘര്‍ഷം റോമിന്‍റെ അന്ത്യത്തിന് തുടക്കം കുറിച്ചിരുന്നു. ആദ്യകാലത്ത് റോം ഭരിച്ചിരുന്നത് രാജാക്കന്മാരായിരുന്നുവെങ്കിലും റോമക്കാര്‍ തന്നെ നഗരം ഭരിക്കാന്‍ തുടങ്ങിയത് മുതലാണ് അത് റോമന്‍ റിപ്പബ്ളിക്കായി മാറിയത്. സിമന്‍റ് മുതല്‍ ന്യൂസ്പേപര്‍ വരേയുള്ള കണ്ട്പിടുത്തങ്ങളും ആധുനിക ജനാധിപത്യ സംവിധാനങ്ങളും റോമന്‍ സംസ്കാരത്തിന്‍റെ അനര്‍ഘ സംഭാവനകളാണ്.

Also read: പരസ്യമായി കടന്നു വരാന്‍ ഇസ് ലാമിന് കെല്‍പ്പില്ലന്നോ?

കൃസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു പ്രബലമായ എതിര്‍കക്ഷി. അവര്‍ റോമക്കാരുമയി കടുത്ത ശത്രുതയിലായിരുന്നു. അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ ബഹുദൈവവിശ്വാസികളും റോമക്കാര്‍ ക്രൈസ്തവ മത വിശ്വാസികളുമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇസ്ലാം മക്കയില്‍ ഉദയം കൊള്ളുന്നത്. നബി ഈസായുടെ അനുയായികളെന്ന നിലയിലും വേദത്തിന്‍റെ വാഹകരെന്ന നിലയിലും റോമക്കാരോടായിരുന്നു ഇസ്ലാമിന് ആഭിമുഖ്യമുണ്ടായിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പേര്‍ഷ്യയെ തോല്‍പിച്ച് റോം വിജയിക്കുമെന്ന ക്രൈസ്തവര്‍ക്കനുകൂലമായ ശുഭ വൃത്താന്തത്തോടെയാണ് ഖുര്‍ആനിലെ അര്‍റൂം (റോം) അധ്യായം ആരംഭിക്കുന്നത്.

ക്രൈസ്തവര്‍ക്ക് ഇത്തരമൊരു വേദ പിന്തുണ നല്‍കിയത് കൂടാതെ, വേറേയും അവരെ കുറിച്ച ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഇരു മതങ്ങള്‍ക്കും സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കാനുള്ള പരോക്ഷ പ്രേരണ ഇത്തരം സൂക്തങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ലോകത്തുടനീളം ഫാസിസത്തിന്‍റെ ഭീഭല്‍സമായ തേരോട്ടം സര്‍വ്വ മേഖലകളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കെ, ക്രൈസ്തവരും മുസ്ലിങ്ങളും സൗഹൃദത്തോടെ ഈ ക്രൂര ശക്തികളെ പ്രതിരോധിക്കേണ്ടത് ഇരുവിഭാഗങ്ങളുടെ നിലനില്‍പിന്ന് അനിവാര്യമാണ്. അതിനുള്ള പ്രചോദനമായി ഈ അധ്യായത്തെ കാണാവുന്നതില്‍ തെറ്റില്ല. ഖുര്‍ആനിലെ ക്രൈസ്തവരെ പരാമര്‍ശിക്കുന്ന ഇത്തരം സൂക്തങ്ങള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് പരസ്പരം അടുക്കാന്‍ സഹായിക്കും.

പ്രശസ്ത ഖുര്‍ആന്‍ വ്യഖ്യാതാവ് അബുല്‍ അഅ്ല മൗദൂദി ഈ അധ്യായത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ എഴുതുന്നു: ക്രിസ്ത്യാനികള്‍ എത്രതന്നെ ശിര്‍ക്കുപരമായ കാര്യങ്ങളില്‍ അകപ്പെട്ടുപോയിരുന്നുവെങ്കിലും, ഏകദൈവത്വത്തെ തങ്ങളുടെ മതത്തിന്‍റെ അസ്തിവാരമായി സമ്മതിച്ചിരുന്നു. പരലോകത്തില്‍ വിശ്വസിക്കുകയും വെളിപാടിനെയും പ്രവാചകത്വത്തെയും സന്മാര്‍ഗജ്ഞാനത്തിന്‍റെ ഉറവിടങ്ങളായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നിലക്ക് അവരുടെ മതം മുസ്ലിംകളുടെ മതവുമായി സാദൃശ്യം പുലര്‍ത്തി. അതിനാല്‍, മുസ്ലിംകള്‍ക്ക് അവരോടനുഭാവമുണ്ടാവുകയും മുശ്രിക്കുകളാല്‍ അവര്‍ (ക്രൈസ്തവര്‍) തോല്‍പിക്കപ്പെടുന്നതില്‍ അസ്വസ്ഥരാവുകയും ചെയ്യക സ്വാഭാവികമായിരുന്നു. ……… അബിസീനിയന്‍ ഹിജ്റയുടെ ഘട്ടത്തില്‍, അബിസീനിയയിലെ ക്രൈസ്തവ രാജാവ് മുസ്ലിംകള്‍ക്ക് അഭയം നല്‍കിയതും അവരെ തിരിച്ചയക്കാനുള്ള മക്കാ മുശ്രിക്കുകളുടെ അപേക്ഷ നിരസിച്ചതുമൊക്കെ താല്‍പര്യപ്പെടുന്നത് മുസ്ലിംകള്‍ മജൂസികള്‍ക്കെതിരെ ക്രിസ്ത്യാനികളോട് ഗുണകാംക്ഷയുള്ളവരായിരുന്നുവെന്നാണ്.

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ അധ്യായത്തിലെ മറ്റൊരു സുപ്രധാന പ്രമേയം. സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ലേ എന്ന ചിന്താപ്രേരകത്തോടെ ആരംഭിക്കുന്ന 20 മുതല്‍ സൂക്തം 25 വരേയുള്ള സൂക്തങ്ങള്‍ ഇത്തരത്തിലുള്ള നിരവധി ദൃഷ്ടാന്തങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിങ്ങളെ ദൈവം ഇണകളായി സൃഷ്ടിച്ചത്, ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ തുടങ്ങിയ സൂക്തങ്ങള്‍ ചിന്തയുടെ മര്‍മ്മങ്ങളിലേക്ക് നമ്മെ നയിക്കുന്നു. വീണ്ടും 46ാം സുക്തത്തില്‍ സന്തോഷ സൂചകമായി കാറ്റുകളെ അയക്കുന്നത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് എന്നും ഓര്‍മ്മപ്പെടുത്തുന്നു.

Also read: കെട്ടുകൾ മുറുകിക്കൊണ്ടേയിരിക്കട്ടെ!

സമകാലീന സാഹചര്യത്തില്‍ നാമെല്ലാം ആഴത്തില്‍ ചിന്തിക്കേണ്ട മറ്റൊരു സൂക്തവും ഈ അധ്യായത്തില്‍ കാണാം: “മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്‍റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ? ” വിനാശത്തിലെത്തി നില്‍ക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പും താക്കീതുമാണ് ഈ സുക്തം. നാം ജീവിക്കുന്ന സൗരയൂഥമുള്‍പ്പടെയുളള ഭൂമിയും പ്രപഞ്ചവും സര്‍വ്വനാശത്തെ നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ അഗ്നി വിഴുങ്ങിയ വനത്തെ രക്ഷിക്കാന്‍ കവിളില്‍ വെള്ളം നറിച്ച് തീയിലേക്ക് തുപ്പുന്ന പക്ഷിയുടെ ശ്രമമെങ്കിലും നമുക്ക് നടത്തികൂടെ എന്നാണ് ഈ സൂക്തം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

മുകളില്‍ പരാമര്‍ശിച്ച വിഷയങ്ങള്‍ കൂടാതെ, സംക്ഷിപ്ത രൂപത്തില്‍ ഇസ്ലാമിക വിശ്വാസം, പുനരുജ്ജീവനവും പ്രതിഫലവും,സ്വര്‍ഗ്ഗ നരഗ വിവരണങ്ങള്‍, ഏകദൈവത്വത്തിലേക്കുള്ള ക്ഷണം,മനുഷ്യന്‍റെ നന്ദികേട്, ഉപജീവന മാര്‍ഗ്ഗത്തിലെ കുടുസ്സും വിശാലതയും, അടുത്ത കുടുംബക്കാരെ ചേര്‍ത്ത്നിര്‍ത്തല്‍, പലിശ വിരോധം, മഴ ലഭിക്കുമ്പോഴുള്ള മനുഷ്യന്‍റെ ഹര്‍ഷാഹ്ലലാദം, മരിച്ചവരെ ജീവിപ്പിക്കല്‍,മനുഷ്യ സൃഷ്ടിപ്പിന്‍റെ സങ്കീര്‍ണ്ണതകള്‍ തുടങ്ങീ നിരവധി വിഷയങ്ങള്‍ ഈ അധ്യായത്തില്‍ പരാമര്‍ശവിധേയമാവുന്നുണ്ട്. ചുരുക്കത്തില്‍ പൗരാണിക റോമന്‍ നാഗരികതയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും ഒപ്പത്തിനൊപ്പം കോര്‍ത്തിണക്കിയതും മറ്റു നിരവധി വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതുമായ 60 സൂക്തങ്ങളുള്ള മക്കയില്‍ അവതീര്‍ണ്ണമായ അധ്യായമാണ് സൂറത്തു അര്‍റൂം.

Related Articles