Current Date

Search
Close this search box.
Search
Close this search box.

വിജയ പരാജയങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന അധ്യായം

ജീവിതത്തിൽ വിജയം വരിക്കുക എന്നത് എല്ലാവരുടേയും അഭിലാഷമാണ്. പരാജയപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുമൊ? അത്കൊണ്ടാണ് വിജയത്തെ കുറിച്ചുള്ള പ്രചോദന ക്ലാസുകളിൽ ധാരാളം പേർ പങ്കെടുക്കുന്നത്. എന്നാൽ ഖുർആൻ വിവരിക്കുന്ന വിജയത്തിൻറെ തത്വം തീർത്തും വ്യതിരിക്തവും വിത്യസ്തവുമാണ്. അത് ഈ ലോകത്തും പരലോകത്തും വിജയിക്കാനുള്ള തത്വമാണ്. തത്വം ശരിയായാൽ അതിനനുസരിച്ച് നടപ്പാക്കുന്ന കാര്യങ്ങളും ശരിയാവും. കെട്ടിടത്തിൻറെ പ്ലാൻ പിഴച്ചാൽ നിർമ്മാണവും പിഴക്കുമല്ലോ? അത്പോലെയാണ് തത്വവും പ്രയോഗവും. ജീവിത വിജയത്തിലേക്ക് വഴികാണിക്കുന്ന ഭൗതിക പ്രത്യയ ശാസ്ത്രങ്ങൾ, അവ ഇഹലോക ജീവിതത്തെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നതിനാൽ തത്വത്തിൽ തന്നെ പിഴച്ചിട്ടുണ്ട്.

ഇസ്ലാമിക കാഴ്ചപ്പാടിൽ, മനുഷ്യൻ ഭൗതികാർത്ഥത്തിൽ വിജയിച്ചില്ലെങ്കിലും, പരലോകത്ത് വിജയിക്കലാണ് പ്രധാനം. വിജയിക്കുന്നവരുടെ വിശേഷണങ്ങളും പരാജിതരുടെ സ്വഭാവങ്ങളും കൃത്യമായി വെളിപ്പെടുത്തുന്ന ഖുർആനിലെ ഒരു അധ്യായമാണ് സൂറത്ത് അൽമുഅ്മിനൂൻ. വിജയികളുടെ വിശേഷണങ്ങൾ 1 മുതൽ 11 വരെയുളള സൂക്തങ്ങളിൽ പരാമർശിച്ച്കൊണ്ടാണ് വിജയത്തിൻറെ തത്വം വെളിപ്പെടുത്തുന്ന ഈ അധ്യായം ആരംഭിക്കുന്നത്. ഇവിടെ പറയുന്ന കാര്യങ്ങൾ ചിന്തിക്കുകയും അത് തൻറെ ജീവിതത്തിൽ നടപ്പിലാക്കുന്നുണ്ടൊ എന്ന് പരിശോധിക്കുകയും അതിനനുസരിച്ച് ജീവിതം ക്രമീകരിക്കലുമാണ് വിജയത്തിൻറെ രഹസ്യം. പരാജയപ്പെടാനുള്ള കാരണങ്ങൾ ഈ സൂറത്തിഴൻറെ അവസാനത്തിൽ വിവരിച്ചിരിക്കുന്നു. അത് ദൈവാസ്തിക്യത്തെ നിഷേധിക്കലല്ലാതെ മറ്റൊന്നുമല്ല.

അല്ലാഹുവിൻറെ സന്ദശേം സ്വീകരിക്കാനും അത് അനുധാവനം ചെയ്യനും ആളുകളെ ക്ഷണിക്കുക എന്നതാണ് സൂറത്ത് അൽമുഅ്മിനൂൻറെ കേന്ദ്രവിഷയം. ആ ക്ഷണം സ്വീകരിച്ച് വജയികളുടെ സവിശേഷ ഗുണങ്ങൾ സ്വാംശീകരിക്കുകയും അങ്ങനെ സ്വർഗ്ഗം അനന്തരമെടുക്കുന്ന ഭാഗ്യശാലികളുടെ കൂട്ടത്തിൽ ഉൾപ്പെടണമെന്നും നിഷേധികളുടെ വഴി സ്വീകരിച്ച് കൊണ്ട് പരാജയപ്പെടരുതെന്ന മുന്നറിയിപ്പാണ് ഈ സൂറത്തിലെ മിക്ക സൂക്തങ്ങളും നമ്മെ ഉണർത്തുന്നത്. അപ്പോലെ തൗഹീദിൻറെ യാഥാർത്ഥ്യവും ശിർക്കിൻറെ നിർത്ഥകതയും വിവിധ രൂപേണ സ്ഥാപിക്കുകയും ചെയ്യന്നു 118 സൂക്തങ്ങളുള്ള ഇരുപത്തിമൂന്നാമത്തെ ഈ അധ്യായം.

ദൈവാസ്തിക്യത്തിൻറെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് 12 മുതൽ 16 വരെയുള്ള സൂക്തങ്ങൾ. ഇതിൽ നിന്ന് പഠിക്കേണ്ട ഏറ്റവും സുപ്രധാനപ്പെട്ട പാഠം നിങ്ങൾ ജനനത്തിന് ശേഷം മരിക്കുമെന്നും പിന്നീട് പുനർ ജനിക്കുമെന്നുമാണ്. മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ച് ആധുനിക ശാസ്ത്രം ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും, പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഖുർആനിൻറെ ഈ വിവരണം വിസ്മയാവാഹവും പല പ്രഗൽഭ ശാസ്ത്രജ്ഞരൂം ഇസ്ലാം സ്വീകരിക്കാൻ നിമിത്തമാവുകയുണ്ടായിട്ടുണ്ട്.

ദൈവാസ്തിക്യത്തിൻറെ ദ്വിതീയ തെളിവായി 17 ാം സൂക്തം മുതൽ 22 ാം സൂക്തം വരെ പ്രകൃതിയേയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളേയും നിരീക്ഷിക്കാനും പാഠം പഠിക്കാനും അതിശക്തമായി നമ്മെ ഉണർത്തുന്നു. ശാസ്ത്രം പിൽക്കാലത്ത് കണ്ടത്തെിയ പല കാര്യങ്ങളാണ് പതിനാല് നൂറ്റാണ്ട് മുമ്പ് ഖുർആൻ പറഞ്ഞുവെക്കുന്നത് എന്നത് അതിൻറെ അമാനുഷികതയെ വെളിപ്പെടുത്തുന്നു. ഇതൊക്കെ സൃഷ്ടിക്കാൻ കഴിവുള്ള ശക്തിക്ക് നമ്മെ വീണ്ടും ഇത്പോലെ പുന:സൃഷ്ടിക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നത് എത്ര മൗഡ്യമാണെന്നാണ് ഇതിലൂടെ ഖുർആൻ ചോദിക്കുന്നത്.

ദൈവാസ്തിക്യത്തിൻറെ തൃതീയ തെളിവായി 23 ാം സൂക്തം 50 ാം സൂക്തം വരെ ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. സന്മാർഗ്ഗ ദർശനത്തിനായി നിയോഗിക്കപ്പെട്ട നൂഹ് നബിയുടെ ചരിത്രം പരാമർശിച്ചതിന് ശേഷം ഫിർഔനിൻറെ സമൂഹത്തിലേക്ക് നിയോഗിച്ച മൂസ, ഹാറൂൻ എന്നവരേയും അതിന് ശേഷം മർയമിൻറെ പുത്രനെയും അദ്ദഹത്തേിൻറെ മാതാവിനെയും ഹൃസ്വമായി പ്രതിപാദിക്കുന്നു. അതിന് ശേഷമുള്ള സൂക്തം മാനവ സമുദായത്തിൻറെ ഐക്യത്തിൻറെ പ്രഖ്യാപനമാണ്. “നിശ്ചയമായും ഇതാണ് നിങ്ങളുടെ സമുദായം; ഏകസമുദായം. ഞാനാണ് നിങ്ങളുടെ നാഥൻ. അതിനാൽ എന്നോട് ഭക്തിയുള്ളവരാവുക.” 52

മതം പീഡനമല്ലന്നും ആരെയും അവരുടെ കഴിവിനധീതമായതിന് നാം നിർബന്ധിക്കുന്നില്ലന്നു സൂക്തം (62) വ്യക്തമാക്കുന്നു. തുടർന്ന് സൂക്തം (78) ൽ “അവനാണ് നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.” എന്ന് ഒർമ്മപ്പെടുത്തികൊണ്ട് ചിന്തയുടെ പ്രാധാന്യത്തിലേക്ക് ഈ അധ്യായം നമ്മൂടെ ശ്രദ്ധ തിരിക്കുന്നു. മനുഷ്യൻ ഏറെ ചിന്തിക്കേണ്ട ഒരു ചോദ്യം ഖുർആൻ ഉയർത്തുന്നത് ഇങ്ങനെ: ”നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങൾ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലന്നെുമാണോ നിങ്ങൾ കരുതിയിരുന്നത്?” 115 വിജയത്തിൻറെ അധ്യായം എന്ന അർത്ഥത്തിൽ സൂറത്ത് അൽഫലാഹ് എന്നും ഖദ് അഫ് ലഹ (വിജയിച്ചിരിക്കുന്നു) എന്നും ഈ സൂറത്തിന് നാമകരണം ചെയ്യപ്പട്ടിട്ടുണ്ട്.

ഇസ്ലാമിക സന്ദേശത്തേിനുള്ള തെളിവുകൾ, അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ, അല്ലാഹുവിൻറെ ദൂതന്മാരേയും അവരുടെ സന്ദശേത്തേയും കുറിച്ചുള്ള പരാമർശം, സന്ദേശം നിരാകരിച്ചാലുള്ള കഠിന ശിക്ഷ, നിരവധി പ്രാർത്ഥനകൾ, ജിന്നിലും മനുഷ്യരിലുംപെട്ട ശൈതാനെ പ്രതിരോധിക്കാനുള്ള വഴി, ബഹുദൈവവിശ്വാസത്തിൻറെ അടിവേരറുക്കുന്ന സൂക്തങ്ങൾ, നല്ലതുകൊണ്ട് നീ തിന്മയെ തടയുക തുടങ്ങിയ വൈവിധ്യമാർന്ന അനേകം വിഷയങ്ങൾ സമ്മിശ്രമായി പരാമർശിക്കുന്നുണ്ട് ഈ അധ്യായം. ഇസ്ലാമിൻറെ അടിസ്ഥാന തത്വങ്ങളായ തൗഹീദ്, രിസാലത്, ആഖിറത്ത് എന്നിവയും ഈ അധ്യായത്തിൽ കേന്ദ്ര വിഷയമായി വരുന്നുണ്ട്. ആരുടെ തുലാസിൻതട്ട് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവർ എന്നും ആരുടെ തുലാസിൻതട്ട് ഭാരം കുറഞ്ഞുവൊ അവരാണ് പരാജിതരെന്നും വ്യക്തമാക്കികൊണ്ടാണ് ഈ അധ്യായം അവസാനിക്കുന്നത്.

Related Articles