Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 9

മുൻകഴിഞ്ഞ പ്രവാചകന്മാരുടെ പ്രബോധന രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി സമൂഹത്തിന്റെ തലപ്പത്ത് സ്വയം പ്രതിഷ്ഠിച്ച മലഉകളാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏതു സമയത്തും സത്യപ്രബോധനത്തിന്റെ മുന്നിൽ വൈതരണികൾ സൃഷ്ടിക്കുന്നതിൽ ഇത്തരം മലഉകൾ തന്നെയാവും. അനുകൂല സാഹചര്യങ്ങളോടൊപ്പം അത്തരം ചില പ്രത്യേക പ്രാതികൂല്യങ്ങളും പ്രബോധനത്തോടൊപ്പമുണ്ടാവുമെന്ന സൂചന മുഹമ്മദ് നബിക്ക് നല്കുന്ന സാന്ത്വനം ചെറുതല്ല. നാട്ടുകാരൊന്നടങ്കം അല്ലാഹുവിനെ സൂക്ഷിക്കുന്ന രീതിയിലായാൽ ആ നാട്ടുകാരെ ധന്യരാക്കുമെന്നും അഥവാ ധിക്കാരം നിറഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ അവരെ ഖിന്നരാക്കുമെന്നുമുള്ള ചരിത്ര പാഠങ്ങളാണ് 103 വരെയുള്ള ആയതുകൾ പഠിപ്പിക്കുന്നത്.

തുടർന്ന് മുഹമ്മദീയ ദർശനവും മൂസവീ പ്രബോധനവും തമ്മിലുള്ള താരതമ്യമാണ് ഏതാനും ആയതുകളിൽ നമുക്ക് കാണാൻ കഴിയുന്നത്. മലഅ് കൊണ്ടുവന്ന തെളിവുകൾ മൂസ (അ) യുടെ സത്യതക്കു മുമ്പിൽ സാഷ്ടാംഗം വണങ്ങുന്നതും ഫിർഔന്റെ കിങ്കരന്മാരുടെ ഭീഷണിക്ക് മുമ്പിൽ മൂസ (അ) ഉറച്ചു നിന്നതും തുടർന്ന് ഫിർഔന്റെ സമൂഹത്തിലേക്കിറക്കിയ പരീക്ഷണങ്ങളെ കുറിച്ചും തുടർന്ന് നടന്ന പുറപ്പാട് ചരിത്രവും മൂസയുടേയും അനുയായികളുടേയും രക്ഷപ്പെടലും 141 വരെ ആയതുകളിൽ നിറഞ്ഞു നില്ക്കുന്നു. തുടർന്നുള്ള 40 ദിനരാത്രങ്ങളിലെ ആഭ്യന്തര പരീക്ഷണങ്ങളും മൂസ (അ) ത്വൂറു സീനയിലേക്കുള്ള യാത്രയും അവരുടെ അനുസരണക്കേടും രക്തത്തിലലിഞ്ഞു ചേർന്ന വിശുദ്ധഗോ വിശ്വാസവും പത്തുകല്പനകളുമായുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവും അദ്ദേഹത്തിന്റെ പ്രതികരണവുമെല്ലാം ചുരുങ്ങിയ വാചകങ്ങളിൽ 155 വരെ ആയതുകളിൽ വായിക്കാം.

തുടർന്ന് ആ പല സമാനതകളും ഒത്തുവന്ന ഒരു പ്രവാചകനെന്ന നിലക്ക് അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) യേയും എന്നാൽ അദ്ദേഹത്തിന്റെ ദൗത്യം ഏതെങ്കിലും പ്രത്യേക വിഭാഗത്തിലേക്കോ കാലത്തിലേക്കോ അല്ലെന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുകയാണ് 158 വരെ സൂക്തങ്ങൾ .
അതിനു ശേഷവും ഇസ്രായേൽ സമൂഹത്തിന്റെ വിശേഷങ്ങളും ഗോത്രങ്ങളായുള്ള വർത്തമാനങ്ങളും സാബതാചരിക്കുന്നതിൽ കാണിച്ച തരികിടകളെ കുറിച്ചും തുടർന്നവർക്കുണ്ടായ നിന്ദ്യമായ പരിണതിയുമാണ് 168 വരെ ആയതുകളിലുള്ളത്.

അവരിൽ തൽകാലം അതിജയിച്ച ആളുകൾ പോലും ഭൗതികതയുടെ മുമ്പിൽ നാവു നീട്ടുന്ന ബൽആമുകളായി ഭൗതിക പ്രമത്തതയുടെ രൂപകങ്ങളായ് ഇരുലോകവും നഷ്ടപ്പെട്ട് ജീവിക്കുന്നവരായുണ്ട് എന്ന നഗ്നസത്യമാണ് 178 വരെ ആയതുകളിലുള്ളത്. ഇങ്ങനെ നരകത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അനേകർക്കിടയിൽ സത്യത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു ഉമ്മത് എന്നുമുണ്ടാവുമെന്ന സന്തോഷ വാർത്തയാണ് 181 വരെയുള്ള ഭാഗത്തിലുള്ളത്. നിഷേധികളെ ഒറ്റയടിക്ക് പിടിക്കലല്ല എന്നും ഭൗതികതയിൽ പൂർണമായും കൊളുത്തി എന്ന് ബോധ്യപ്പെടുമ്പോൾ ഒറ്റ വലിയാണെന്നുമാണ് തുടർന്നുള്ള രണ്ട് ആയതുകൾ സൂചിപ്പിക്കുന്നത്.

ശേഷം നബി (സ) യുടെ പ്രബോധനത്തിന്റെ ദൗത്യമെന്താണെന്നും ആകാശ ഭൂമികളിലെ അല്ലാഹുവിന്റെ അധികാര പരിധിയിൽ ചിന്തിച്ചാൽ തന്നെ അല്ലാഹുവിന്റെ ദിവ്യത്യവും ഈ ലോകത്തിന്റെ നിസ്സാരതയും ബോധ്യപ്പെടാനെന്ന് ഉണർത്തി അവരുടെ നിരന്തരമായ ഒരു ചോദ്യത്തിനുള്ള ഉത്തരം നല്കുകയും ആ സന്ദേശവാഹകൻ മാത്രമായ നബി തിരുമേനിക്ക് സ്വയമായി എന്തിനെങ്കിലുമുള്ള ദിവ്യ ശക്തിയുമില്ലെന്ന് ഓർമപ്പെടുത്തുകയാണ് 188 വരെ ആയതുകൾ.

മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ചും ശിർക്ക് മനുഷ്യനെ എത്ര മാത്രം വിഡ്ഢിത്തം പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്നുവെന്നും 195 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ സംരക്ഷണവും സഹായവും വിശ്വാസികളുടെ ജീവിതത്തെ ഏത് വിധേനയെല്ലാം സ്വാധീനിക്കുന്നുവെന്നും ആ യാഥാർഥ്യം മനസ്സിലാക്കിയവരാരും അവന് വിധേയപ്പെടാതിരിക്കുന്നില്ല എന്നും ഉണർത്തി അവസാനിക്കുന്നു ഈ അധ്യായം . പാരായണത്തിന്റെ സാഷ്ടാംഗം ആദ്യമായി വരുന്ന ആയതാണ് ഈ സൂറ: യിലെ അവസാന സൂക്തം.

سجد وجهي للذي خلقه وصوره وشق سمعه وبصره بحوله وقوته فتبارك الله أحسن الخالقين
(ഏതൊരുവൻ അവന്റെ കഴിവും ശക്തിയും കൊണ്ട് സൃഷ്ടിക്കുകയും രൂപം നല്കുകയും ദൃശ്യശ്രാവ്യ ശക്തികൾ നല്കുകയും ചെയ്തവന് ഞാൻ സുജൂദ് ചെയ്യുന്നു. സൃഷ്ടികർത്താക്കളിൽ അവൻ അത്യുന്നതനല്ലോ ) എന്നോ സുജൂദിലെ പ്രാർഥനയോ ചൊല്ലി സാഷ്ടാംഗം ചെയ്യുക ഈ 15 വേളകളിൽ പ്രവാചകാധ്യാപനത്തിൽ പെട്ടതാണ്.

തുടർന്ന് മദനിയ്യായ സൂറ: അൻഫാൽ ആരംഭിക്കുന്നു. ബദ്ർ യുദ്ധ അവലോകനവും തദ്ജന്യ വിഷയങ്ങളുമാണ് സൂറ: യുടെ ഉള്ളടക്കം.

അൻഫാൽ എന്ന വാക്കു നഫൽ ന്റെ ബഹുവചനമാകുന്നു. നിർബ്ബന്ധമായതിനെക്കാൾ അധികമുള്ളതു എന്നത്രെ അതിന്റെ ധാതുപരമായ സാക്ഷാൽ അർത്ഥം. ഐച്ഛികമായ സുന്നത്ത്‌ നമസ്കാരങ്ങൾക്കു نَفَل / نَافِلَة എന്നു പറയുന്നതു അതുകൊണ്ടാകുന്നു. യുദ്ധത്തിൽ ശത്രുപക്ഷത്തു നിന്നു ലഭിക്കുന്ന ‘ഗനീമത്തു’ (غَنِيمَة) സ്വത്തുക്കൾക്കാണു സാധാരണ أَنفَال എന്നു പറയപ്പെടുന്നത്. അതാണു ഇവിടെ അതുകൊണ്ടു വിവക്ഷ. മുൻ പ്രവാചകൻമാർക്കു സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു കാര്യങ്ങൾ എനിക്കു നൽകപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് ആ അഞ്ചു കാര്യങ്ങൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ നബി (സ) പറഞ്ഞു “‘ഗനീമത്തു’ സ്വത്തുക്കൾ എനിക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. മുമ്പ് അതു ആർക്കും അനുവദിക്കപ്പെട്ടിട്ടില്ല.” (ബു. മു). പക്ഷേ, വിശദീകരണങ്ങളിൽ ഈ രണ്ടു പേരുകളും – ‘നഫലും ഗനീമത്തും’ – തമ്മിൽ അൽപ സ്വൽപ വ്യത്യാസം കാണപ്പെടുമെങ്കിലും മൊത്തത്തിൽ രണ്ടും ഒരേ അർത്ഥത്തിലാണു ഉപയോഗിക്കപ്പെട്ടുവരുന്നത്.

സൂറ: ബഖറയുടെ അവതരണത്തിന് ശേഷം ബദ്ർ യുദ്ധത്തിലെ ഗനീമത് സ്വത്തുക്കൾ ഭാഗിക്കുന്ന അവസരത്തിൽ, യുദ്ധത്തിൽ സംബന്ധിച്ചിരുന്ന യുവാക്കളും, പുറമെ നിന്നു അവർക്കു ഒത്താശകൾ ചെയ്തുകൊടുത്തിരുന്ന വയസ്സു ചെന്നവരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെത്തുടർന്നാണു ഈ സൂറതിന്റെ അവതരണമുണ്ടായത്. അബൂദാവൂദ്, നസാഈ ( റഹ്) മുതലായവർ ഇബ്നുഅബ്ബാസ് ( റ)ൽ നിന്നു നിവേദനം ചെയ്യുന്നു: “(യുദ്ധത്തിൽ) ഇന്നിന്ന പ്രവൃത്തികൾ ചെയ്തവർക്കു ഇന്നിന്നതു ലഭിക്കും” എന്നു നബി പറയുകയുണ്ടായി. പ്രായം ചെന്നവർ കൊടികളുടെ ചുവട്ടിൽ നിലയുറപ്പിച്ചു. യുവാക്കൾ ശത്രുക്കളെ വധിക്കുവാനും, ഗനീമത്തുകൾ എടുക്കുവാനും തിടുക്കംകൂട്ടി. അപ്പോൾ, വയസ്സുചെന്നവർ പറഞ്ഞു: “ഞങ്ങൾ നിങ്ങൾക്കൊരു തടവായി – രക്ഷയായി – നിലകൊള്ളുകയായിരുന്നു. നിങ്ങൾക്കു വല്ലതും സംഭവിക്കുമ്പോൾ നിങ്ങൾ ഞങ്ങളിലേക്കാണല്ലോ അഭയം തേടിവരുക.” (അതുകൊണ്ടു ആ സ്വത്തുക്കളിൽ ഞങ്ങൾക്കും പങ്കുവേണം). അങ്ങനെ, നബിയുടെ അടുക്കൽ അവർ കേസുമായി വന്നു . ഈ അവസരത്തിൽ …يَسْأَلُونَكَ عَنِ الْأَنفَالِ എന്നു തുടങ്ങിയ വചനങ്ങൾ അവതരിച്ചു.” എന്ന് തഫ്സീർ ഗ്രന്ഥങ്ങളിൽ കാണാം .

സഅ്ദുബ്നു അബീവഖാസ് ( റ ) ൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അദ്ദേഹം സഈദുബ്നുൽ ആസ്വിയെ കൊലപ്പെടുത്തുകയും അവന്റെ വാൾ എടുക്കുകയും ചെയ്തു. ആ വാൾ തനിക്കു തരുവാൻ അദ്ദേഹം നബിയോടു ആവശ്യപ്പെട്ടു. നബി അതിനു വിസമ്മതിച്ചു. അപ്പോൾ ഈ ആയത് അവതരിച്ചു. അങ്ങനെ, തിരുമേനി ( സ) വാൾ അദ്ദേഹത്തിനു കൊടുക്കുകയും ചെയ്തു. കാരണം, ഈ ആയത്തിൽ അതിന്റെ അധികാരം നബിക്കാണെന്നു നിശ്ചയിച്ചിരിക്കുന്നു. (അ; ദാ; തി; ന). “അതു എനിക്കും നിനക്കും അവകാശപ്പെട്ടതായിരുന്നില്ല. ഇപ്പോൾ അതിന്റെ നിയന്ത്രണം എനിക്കു ലഭിച്ചിരിക്കക്കൊണ്ടു ഞാൻ അതു നിനക്കു നൽകുകയാണ്, എന്നു നബി ( സ) പറഞ്ഞതായും ചില രിവായതുകളിൽ വന്നിട്ടുണ്ട്.

അവർ നിന്നോട് ‘അൻഫാലി’നെ [യുദ്ധ മുതലുകളെ] പ്പറ്റി ചോദിക്കുന്നു. പറയുക: “‘അൻഫാൽ’ [യുദ്ധമുതലുകൾ] അല്ലാഹുവിനും, റസൂലിനുമുള്ളതാണ്. അതിനാൽ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങളുടെ ഇടയിലുള്ളതു [സ്ഥിതിഗതി] നന്നാക്കുകയും ചെയ്യുവിൻ. നിങ്ങൾ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിൻ – നിങ്ങൾ സത്യവിശ്വാസികളാകുന്നുവെങ്കിൽ എന്നാണ് ആദ്യ സൂക്തം വ്യക്തമാക്കുന്നതെങ്കിൽ വിശ്വാസികൾ എങ്ങനെയുള്ളവരാവണമെന്ന നിർദ്ദേശങ്ങളാണ് തുടർന്ന് വരുന്ന 3 ആയതുകൾ . ശേഷം ബദ്റിന്റെ വളരെ ഹാർദ്ദമായ ചിത്രീകരണമാണ് തുടർന്നുള്ള 40 വരെയുള്ള സൂക്തങ്ങൾ .

സൂറ: അൻഫാലിലെ ആദ്യം മുതൽ അവസാനം വരെയുള്ള ഇസ്ലാമിക പ്രബോധനത്തിന്റെ രീതി – സമാധാനത്തിലും യുദ്ധത്തിലും – ഇപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം:

ഒന്നാമത്: മക്കയിലെ മുസ് ലിംകളും ബഹുദൈവ വിശ്വാസികളും തമ്മിൽ നടന്ന ആദ്യ പോരാട്ടമായ ബദ്റിന്റെ തുടക്കക്കാർ മുസ്‌ലിംകളല്ല . മറിച്ച്, മക്കയിലെ അവിശ്വാസികളാണത് തുടങ്ങി വെച്ചത്. വിശിഷ്യാ അബൂ സുഫ്യാന്റെ കച്ചവടസംഘം രക്ഷപ്പെട്ടതിനുശേഷം . മുസ്‌ലിംകൾക്ക് അഭിമാനവും അവിശ്വാസികളും അഹങ്കാരികളുമായ അക്രമികളെയും അപമാനിക്കുന്നതുമായിരുന്നു ബദ്ർ. പ്രസ്തുത സംഭവം താഴെപ്പറയുന്ന സംഗതികൾ തെളിയിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു:

1 – തുടക്കത്തിൽ യുദ്ധത്തിനുവേണ്ടിയല്ലായിരുന്നു പുറപ്പെടൽ, പിൻവാങ്ങൽ ഒരു തരത്തിലും പറ്റാത്ത അവസ്ഥ വന്നുചേരുകയായിരുന്നു.
2- യുദ്ധം ചെയ്യാനുള്ള ചിലരുടെ വെറുപ്പോടെയാണ് യുദ്ധത്തിനുള്ള പുറപ്പാട് സംഭവിച്ചത്.ഇത് ഒരു മനുഷ്യ സ്വഭാവമാണ്.
യുദ്ധക്കൊതി ആർക്കുമുണ്ടാവില്ലല്ലോ?!
3- വിജയത്തിന്റെയും ശാക്തീകരണത്തിന്റെയും ഗുണങ്ങളുള്ള വിശ്വാസികളുടെ പ്രതിബദ്ധതയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത സംഭവം.റബ്ബ് യഥാർത്ഥ വിശ്വാസികളെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ.
4- സാഹചര്യം പ്രതികൂലമാകുമ്പോൾ, പ്രത്യേകിച്ചും ശത്രുക്കളെ കണ്ടുമുട്ടുമ്പോഴും യുദ്ധക്കളത്തിനുമിടയിൽ, അല്ലാഹുവിനോട് സഹായം തേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാണ്. ശത്രുക്കളുടെ മുന്നിൽ സ്ഥിരോത്സാഹത്തോടും ക്ഷമയോടും കൂടിനിലനില്ക്കാനും ഫലത്തെക്കുറിച്ച് വിശ്വാസിക്ക് പൂർണമായും ഉറപ്പുനൽകുന്നു അത് ഒന്നുകിൽ വിജയം, അല്ലെങ്കിൽ ആകാശ ഭൂമിയുടെ വിശാലതയുള്ള സ്വർഗം.

രണ്ടാമത്: വിശ്വാസികൾ തമ്മിലുള്ള യോജിപ്പിന്റെ പ്രാധാന്യവും വിശ്വാസികളുടെ ശിക്ഷണ / തർബിയതിന്റെ പ്രായോഗിക വശത്തിന്റെയും യഥാർത്ഥ ആത്മീയ പരിശീലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇനിപ്പറയുന്നവ സ്ഥിരീകരിക്കാവുന്നതാണ്.

1- റസൂലിൻറെ ആഹ്വാനത്തോട് ശക്തവും ഝടുതിയിലുമുള്ള പ്രതികരണത്തിന്റെ പ്രാധാന്യം വ്യക്തമാവുന്നു. ഇസ്ലാം ജീവിതമാണ്, വിശ്വാസം ജീവിതമാണ്, ജിഹാദ് ജീവിതമാണ്, ഖുർആൻ ജീവിതമാണ്.
2 – ഫിത്നയെ അതിന്റെ കാരണങ്ങൾ ഒഴിവാക്കുന്നതിലൂടെ അതിനെ തടയുന്നതിന്റെ പ്രാധാന്യവും പ്രസക്തിയും പ്രകടമാണ്.
3- വിശ്വാസവഞ്ചനയും അതിന്റെ കാരണങ്ങളും സൂക്ഷിക്കുക, അതിൽ ഏറ്റവും പ്രശ്നം ദുൻയാവിനോടുള്ള അടുപ്പവും പണത്തോടുള്ള താൽപ്പര്യവുമാണ്.
4- സത്യവും അസത്യവും കാണുവാനും നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുമുള്ള ഏറ്റവും ശരിയായതും ഉചിതവുമായ മാർഗ്ഗനിർദ്ദേശമാണ് അവതമ്മിലുള്ള ഏറ്റ്മുട്ടൽ.
5 – സർവ്വശക്തനായ റബ്ബ് തന്റെ ദാസന്മാരെ സദ്‌ഗുണങ്ങളും സൽകർമ്മങ്ങളും പഠിപ്പിക്കുന്നതുപോലെ, പ്രതികൂലതകളിലൂടെയും പരീക്ഷണങ്ങളിലൂടെയും പിടിച്ചു നിലക്കാനുള്ള കെല്പും നല്കുന്നുണ്ട് .
6- ദൈവിക പാതയിൽ നിന്ന് തടയുന്ന ബഹുദൈവ വിശ്വാസികളെ ആ പ്രവർത്തനങ്ങളിൽ നിന്നും തടയുകയും നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുക.
7 – വിശ്വാസികളുടെ വിശ്വാസത്തെ പ്രവാചക വിധികളുമായി ബന്ധിപ്പിക്കുകയും അവ സ്വീകരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
8- സാമൂഹികമായ സുന്നതുല്ലാഹ് / ദൈവികക്രമം മാറാത്തതാണെന്ന ബോധത്തിലേക്ക് അനുയായികളെ വളർത്തുക .
9- അവിശ്വാസികളെയോ വിഗ്രഹാരാധകരെയോ യഹൂദരെയോ അനുകരിക്കരുത്.
10 – അനുഗ്രഹങ്ങളെ നിഷേധിക്കരുത് , ഓരോ നന്മക്കും നന്ദിശീലം വളർത്തിയെടുക്കുക.

മൂന്നാമത്: അധ്യായത്തിൽ, പ്രവാചകനോ (സ)ടുള്ള കൽപ്പനകളും വിധികളുമായുള്ള നേരിട്ടുള്ള അഭിസംബോധനകളുണ്ട്. അവ ഉമ്മതിന് കൂടെയുള്ള നിയമനിർമ്മാണമാണെന്നതിൽ സംശയമില്ല, അതിൽ നിരവധി വിധികൾ ഉൾപ്പെടുന്നു, എല്ലാം സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ളവയായിരുന്നു.

ആ വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു:
1- സമാധാനം നിലനിർത്താനും യുദ്ധം ഒഴിവാക്കുന്നതിനുമായി ഉടമ്പടികളും കരാറുകളും സ്ഥാപിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യുക.
2- അവ ലംഘിക്കുന്നവരോട് യുദ്ധം ചെയ്യുക, അസാധുവാക്കുമെന്ന് ഭയപ്പെടുന്നവരെ നിരസിക്കുക.
3- നിരന്തരം ജാഗ്രത പാലിക്കുക.
4- സമാധാനം കൈവരിക്കുന്നതിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട സെക്യൂരിറ്റി രൂപീകരിക്കുക.
5- ശത്രുവിന്റെ ശക്തിക്ക് ആനുപാതികമായ സുരക്ഷ ഉറപ്പു വരുത്തുക .
6- വിശ്വാസത്തിന്റെ കരുത്തും ഉമ്മതിന്റെ വിശ്വസ്തതയും ബോധപൂർവ്വം തയ്യാറാക്കുക അതിനാവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം, ശാസ്ത്രീയ ശക്തി, മികവ് എന്നിവ കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക.
7- ജാഗ്രതയോടെയും ആവശ്യമായ പ്രതിരോധശക്തി നിലനിർത്തിക്കൊണ്ടും സമാധാനത്തിനുള്ള ആഹ്വാനം ഏറ്റെടുക്കുക
8- ഇസ്‌ലാം ആത്യന്തികമായി നേടാൻ ശ്രമിക്കുന്ന അടിസ്ഥാന ലക്ഷ്യം സമാധാനമാണെന്ന ബോധ്യമുണ്ടാവുക
അത്തരമൊരു സാഹചര്യത്തിൽ പ്രബോധന പരമായ ധാരാളം നേട്ടങ്ങളുണ്ട്.
a. സമാധാനത്തിന്റെ കാലാവസ്ഥയാണ് ദഅ് വത് വ്യാപനത്തിനുള്ള ആരോഗ്യകരമായ കാലാവസ്ഥ.
b. സ്വതന്ത്രമായ തിരഞ്ഞെടുപ്പിനും
( لا إكراه في الدين)
എന്ന തത്വത്തിന്റെ സാക്ഷാത്കാരത്തിനും സമാധാനാന്തരീക്ഷം അവസരം നൽകുന്നു.
c. ഒരു വ്യക്തിയുടെ മതമോ വിശ്വാസമോ കാരണം മറ്റുള്ളവർ രാജ്യദ്രോഹത്തിനോ ഉപദ്രവത്തിനോ വിധേയമാകരുത്.
d. ഉമ്മതിലെ അംഗങ്ങളെ ശക്തിപ്പെടുത്താനും വിശ്വസ്തമായും ബോധപൂർവ്വമായും മുന്നേറാനും അവസരം നൽകുന്നു.
9- തടവുകാരോട് നന്നായി പെരുമാറുകയും അവരുടെ ജീവൻ സംരക്ഷിക്കുകയും ചെയ്യുക;
10- പരസ്പര സഹകരണം വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. വിശ്വാസികൾ പരസ്പരം സഹകാരികളാണ്, ദുർബലരെ പിന്തുണയ്ക്കുകയും പീഡിതരെ രക്ഷിക്കുകയും
ചെയ്യൽ ഇസ്ലാമിന്റെ അടിസ്ഥാനമാണ്.

നാലാമത്:
1- യുക്തിയുടെ രീതി: നിരവധി കാര്യങ്ങളിൽ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്.
a. അൻഫാലിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ കാലതാമസം പോലും ആ യുക്തിയുടെ അടിസ്ഥാനത്തിലാണ്.
b. സംഗതികളിൽ കൂടിയാലോചിക്കുക,
ശൂറയുടെ വളരെ സൂക്ഷ്മമായ ഘട്ടങ്ങളിലൂടെയെല്ലാം ബദ്റ് കടന്നുപോവുന്നുണ്ട്.
2- നന്മകൾക്ക് പ്രേരിപ്പിക്കുന്ന, തിന്മയിൽ നിരുത്സാഹപ്പെടുത്തുന്ന രീതി ( الترغيب والترهيب)
ഇത് പല കാര്യങ്ങളിലും പ്രകടമായി
a. അവിശ്വാസവും ആക്രമണവും അവസാനിപ്പിക്കാൻ പ്രേരണാ രീതിയാണ് അവലംബിച്ചത്. .
b. തടവുകാരോട് നന്നായി ഇടപെടാനും പരിഗണിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
c. ഈ ലോകത്ത് ബഹുമാനവും അന്തസ്സും ഉള്ള ജീവിതം, നിത്യതയുടെ സ്വർഗത്തിലെ അനുഗ്രഹീത ജീവിതം എന്നിവ ബോധ്യപ്പെടുത്തി വിശ്വാസികളെ ത്യാഗങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നു.
3- സംവാദശൈലി: വിശ്വാസികൾ ബദ്റിന് മുന്നോടിയായി ആഭ്യന്തരമായി യുദ്ധവിഷയ സംബന്ധിയായ ആരോഗ്യപരമായ ചർച്ച നടത്തി. കച്ചവട സംഘമോ യുദ്ധപ്പടയോ എന്ന സംവാദം ഉദാഹരണം

അഞ്ചാമത്: ഉപാധികൾ :- സൂറ: പരാമർശിക്കുന്ന മാർഗ്ഗങ്ങളും ഉപാധികളും വൈവിധ്യമാർന്നതും
വൈജാത്യപൂർണ്ണവുമാണ്. :-
ദൈവഭക്തി, അനുരഞ്ജനം , റബ്ബിൽ നിന്ന് സഹായം തേടുക, അവനിൽ പൂർണമായി ഭരമേല്പിക്കുക എന്നിവ ചില ഉപാധികളായിരുന്നു. പോരാട്ടത്തിന് അതിന്റെ ന്യായീകരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും യുദ്ധം സന്ദർഭത്തിന്റെ ആവശ്യകതയും ചരിത്രപരമായ അപവാദവുമാണെന്നും മനസ്സിലാക്കാം.

ആറാമത്: യുദ്ധത്തിന്റെ സ്വഭാവഗുണങ്ങൾ, അവയിൽ പ്രധാനപ്പെട്ടവ:
1- സഹജാവബോധം: ആളുകൾ രണ്ടു തരത്തിലുള്ളവരാണ്, അവർ സമാധാനപരമായി സത്യം തേടുന്നു, ധാർഷ്ട്യമുള്ളവനെ തള്ളിക്കളയുന്നു. മനുഷ്യർക്കിടയിൽ നീതി, കരുണ എന്നിവ നേടുന്നതിന് ഇസ്‌ലാം ചില മര്യാദകളും നിയന്ത്രണങ്ങളും വിധികളും സ്ഥാപിച്ചിട്ടുണ്ട്. അവ പ്രവാചകന്റെ സുന്നത്തിലും സീറയിലും ധാരാളം ലഭ്യമാണ്
2 -വൈവിധ്യം: പ്രബോധനത്തിന്റെ ഒന്നിലധികം ഘട്ടങ്ങളിൽ നിന്ന് ഇത് വ്യക്തമാണ് . സന്ദേശ നിർവഹണ ഘട്ടം, ഭൂമിക രൂപീകരണ ഘട്ടം, സത്യാസത്യ ഏറ്റുമുട്ടൽ ഘട്ടങ്ങൾ, …. ശാക്തീകരണത്തിലായാലും, ഓരോ ഘട്ടത്തിനും അതിന്റേതായ സ്വഭാവസവിശേഷതകളുണ്ട്, രീതികളുടെയും മാർഗങ്ങളുടെയും അടിസ്ഥാനത്തിൽ ഇതിന് യോജിക്കുന്നവയും ഉണ്ട്. ഉദാഹരണത്തിന് മക്കയിൽ, തുടർച്ചയായ ക്ഷമയും , അനുസ്യൂതമുള്ള പ്രബോധനവുമായിരുന്നു. എന്നാൽ മദീനയിൽ ഭരണകൂട രൂപീകരണം, വിശ്വാസികളുടെ ശാക്തീകരണം, ആക്രമണത്തെ പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള കഴിവ് ആർജിക്കുക എന്നിവയായിരുന്നു.

ഏഴാമത്: പ്രപഞ്ചവും മാനുഷികവുമായ ദൃഷ്ടാങ്ങൾ
യുദ്ധത്തിൽ മഴയും മയക്കവും കാറ്റുമെല്ലാം പരാമർശിക്കപ്പെടുന്നു. ബദ്റിലെ അന്തിമ വിജയം നേടുന്നതിൽ അത്തരം ദൃഷ്ടാന്തങ്ങൾക്കും അവയുടെതായ പങ്കും സ്വാധീനവും ഉണ്ടായിരുന്നു.

എട്ടാമത്: പ്രബോധകൻ വിശ്വാസികളുടെ ഉന്നത സ്വഭാവസവിശേഷതകൾ ഉള്ളവനായിരിക്കണം. റസൂലിനെ അനുസരിക്കുക, പ്രവർത്തനങ്ങൾ കൊണ്ട് -പ്രസംഗങ്ങളും ക്ലാസുകളും കൊണ്ടല്ല – മാന്യമായ പെരുമാറ്റവും സൽകർമ്മങ്ങളും സമൂഹത്തിന് മാതൃകയാവണം.
ഇവയെല്ലാം സൂറ: അൻഫാൽ നമ്മുടെ മുമ്പിൽ സമർപ്പിക്കുന്ന യുദ്ധാടിയന്തിരാവസ്ഥയിലും അല്ലാത്തപ്പോഴും ദീക്ഷിക്കേണ്ട ചില സംഗതികളാണ്.

Related Articles