അൻആം അധ്യായത്തിലെ 111 മുതൽ 165 വരെ സൂക്തങ്ങളും അഅ്റാഫിലെ 87 വരെയുള്ള ശുദ്ധ മക്കീ സൂക്തങ്ങളാണ് ജുസ്ഇന്റെ ഉള്ളടക്കം . മഹാത്ഭുതങ്ങൾ കൊണ്ടേ ഞങ്ങൾക്ക് വിശ്വാസം വരൂവെന്നത് എക്കാലത്തേയും ശൈത്വാൻ പ്രകൃതിക്കാരുടേയും ആവശ്യം. അതാണവരുടെ ഭൗതിക പ്രവർത്തനങ്ങളുടെ ആകെത്തുക എന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയല്ല. ഏത് ജനതക്കുമാവശ്യമായ “അൽ കിതാബ് ” ഇറക്കിയ നാഥന്റെ വിധി മാറ്റിവെച്ച് സംശയപൂർവ്വം മറ്റുള്ള മനുഷ്യ നിർമ്മിത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചരിക്കുന്നവരുടെ മാർഗത്തിൽ നിങ്ങൾ പെട്ടുപോവരുതെന്നും ഭൂരിപക്ഷത്തെ അനുസരിക്കുന്ന ദലാലത്ത് ഊഹാധിഷ്ഠിതമാണെന്നും സന്മാർഗികളുടെ വിശദവിവരങ്ങൾ നാഥന്റെ സമക്ഷം സുരക്ഷിതമാണെന്നും 6:111 – 117 സൂക്തങ്ങൾ ഉറക്കെ സംസാരിക്കുന്നു. ബിസ്മി ചൊല്ലി അറുക്കാത്തവയും ദൈവേതരർക്ക് ബലിയർക്കപ്പെട്ടതും ഒരുകണക്കിന് ഉദര സേവയും സർവ്വോപരി പിശാച് സേവയും തദ്വാര ശിർക്കുമാണെന്ന ഓർമ്മപ്പെടുത്തലാണ് 121 വരെ സൂക്തങ്ങളിലുള്ളത്. ഇസ്ലാം / ഖുർആൻ/പ്രവാചകൻ നൂർ അഥവാ പ്രകാശമാണെന്നും ഓരോ സമൂഹത്തിലുമുള്ള ധിക്കാരികൾ ആ സത്യപ്രകാശത്തിന് എതിരായിരിക്കുമെന്നും ഏതു ദൃഷ്ടാന്തങ്ങളേയും കേൾക്കാൻ പോലും മുടന്തൻ ന്യായങ്ങളും ന്യായീകരണങ്ങളും ഉണ്ടാക്കി അതിൽ സത്യത്തെ വഴിമുട്ടിക്കാൻ ശ്രമിക്കുന്നതും നിന്ദ്യത മുഖമുദ്രയാക്കിയ അത്തരക്കാരുടെ ജീവിതശൈലിയാണെന്നുമാണ് 124 വരെ സൂക്തങ്ങളിൽ അല്ലാഹു പഠിപ്പിക്കുന്നത്.
6: 125, 20:25, 39:22, 94:1-8 ആയതുകൾ ഹൃദയ വിശാലതയുടെ (شرح الصدر) ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. ഒരു പക്ഷേ, ഈയൊരു വിഷയത്തിലുള്ള ബോധവത്കരണം മതിയാവും സമുദായത്തിന്റെ നല്ല നടപ്പിന് അത് സഹായകമായേക്കാം. സംഘടനാ / മദ്ഹബ് / അഖീദ : കുടുസ്സതകളെ അതിജയിക്കാൻ പ്രസ്തുത സൂക്തങ്ങളുടെ അധ്യാപനം ഇക്കാലത്ത് ഉപകാരപ്പെടും. ഇതാണ് ഫാതിഹ സൂറതിൽ നാം തേടിയ സ്വിറാത്വുൽ മുസ്തഖീമെന്നും സമാധാനഗേഹമെന്ന സ്വർഗപ്രവേശത്തിന്റെ മിനിമം യോഗ്യതയാണതെന്നും 127 വരെ സൂക്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യ-ജിന്ന് വർഗങ്ങളുടെ അർഹമായ സ്ഥാനവും അംഗീകാരവും നാളെ പരലോകത്താണ് ലഭ്യമാവുന്നതെന്ന ഉണർത്തലാണ് 130 വരെയുള്ള ആയതുകൾ . പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാതെ റബ്ബ് ആരേയും ശിക്ഷിക്കുകയില്ലെന്നും ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ രക്ഷയോ ശിക്ഷയോ ആണ് നാളെ കാത്തിരിക്കുന്നതെന്നും ഉണർത്തിയതിന് ശേഷം യോഗര്യല്ലെന്ന് ബോധ്യപ്പെട്ട സമൂഹങ്ങളെ ഇല്ലാതാക്കി കൂടുതൽ യോഗ്യരെ കൊണ്ടുവരിക എന്ന സുന്നതുല്ലാഹ് / ദൈവിക നടപടി എല്ലാ കാലത്തേക്കും ബാധകമാണെന്നും അതിനെ നേരിടാനുള്ള കെല്പുള്ളവർക്ക് യാതൊന്നും പേടിക്കേണ്ടതില്ലെന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തുകയാണ് 135 വരെ ആയതുകൾ . മുശ്രിക്കുകളുടെ എക്കാലത്തേയും അന്ധവിശ്വാസങ്ങളെ ബോധപൂർവ്വം കൈകാര്യം ചെയ്ത് വിവരക്കേടൊന്നു മാത്രമാണ് അവരെക്കൊണ്ടിത്തരം ദലാലതുകൾ / വഴികേടുകൾ ചെയ്യുന്നതെന്ന് പ്രസ്താവിക്കുകയാണ് 140 വരെയുള്ള സൂക്തങ്ങൾ ചെയ്യുന്നത്. തുടർന്ന് കൃഷി, കന്നുകാലികൾ (അൻആം) എന്നീ അനുഗ്രഹങ്ങളെ എണ്ണിപ്പറഞ്ഞ് അവയിൽ ചിലത് ഹലാലും ചിലത് ഹറാമുമാവുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും ഈ വിഷയത്തിൽ ജൂതർക്കും മറ്റും സംഭവിച്ച ചില വീഴ്ചകളെ എടുത്ത് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് 146 വരെ ആയതുകൾ .
സമൂഹത്തിൽ നിന്നുമുണ്ടാവുന്ന ചെറിയ പ്രകോപനങ്ങളിലും പരിഹാസത്തിന്റെ കൊടുംങ്കാറ്റിലും നിലം പൊത്തി വീഴുന്ന പാഴ്മരമല്ല, പ്രത്യുത ജനസമക്ഷമൊന്നടങ്കം സത്യത്തിന്റെ തെളിവാവേണ്ട ഹുജ്ജതുല്ലാഹ് / ദൈവികദൃഷ്ടാന്തം ആണ് ഈ പ്രബോധനമെന്നും മറിച്ചാണ് അഭിപ്രായമെങ്കിൽ അതിനുള്ള മറുപടി പറയാൻ നിങ്ങൾക്ക് ബാധ്യതയുണ്ടെന്നും മക്കാ മുശ്രിക്കുകളെ ഓർമപ്പെടുത്തുകയാണ് 150 വരെ സൂക്തങ്ങൾ .
തുടർന്നു ഏതു സമൂഹത്തിന്റേയും ധാർമികമായ നിലനില്‌പിനനിവാര്യമായ കല്പനകൾ അനുസരിച്ച് പ്രവർത്തിക്കാനും അത് മാത്രമാണ് യഥാർഥ മാർഗമെന്നും അതിനാഹ്വാനം ചെയ്യുന്നതാണ് എല്ലാ വേദങ്ങളെന്നും എല്ലാ യുഗങ്ങളിലും സമാനമായ കല്പനകൾ ഉണ്ടായിട്ടുണ്ടെന്നും മൂസാ (അ) യെ ഉദാഹരണമാക്കി അവതരിപ്പിച്ച് , എക്കാലത്തേയും നിഷേധികളുടെ വായടപ്പിക്കുന്ന ഹുജ്ജത് / തെളിവ് പൂർത്തിയാക്കുന്ന പ്രഖ്യാപനമാണ് 157 വരെ സൂക്തികളിലുള്ളത്.
തെറ്റുകളിൽ നിന്നും വിട്ടു നില്ക്കാനും നന്മകൾ ചെയ്യാനും പറ്റിയ സമയം കാത്തിരിക്കുന്ന സീസണൽ മത സങ്കല്പത്തെ ആവത് പരിഹസിച്ചു മത വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളിൽ ആയുസ് കഴിച്ചു കൂട്ടുന്നവരെ ഇബ്രാഹീമീ മില്ലതിലേക്ക് ക്ഷണിച്ച് അതിന്റെ പ്രഥമ മാതൃകകളാവാൻ വളരെ മൃദുവായി സൂചിപ്പിച്ച് ദൈവേതരരെ തേടുന്ന ജീവിതശൈലി അവസാനിപ്പിച്ച് ഖലീഫ: എന്ന വിതാനത്തിലേക്ക് ഉയരുക എന്ന ഓർമപ്പെടുത്തലോടെ അൻആം സൂറ: സമാപിക്കുന്നു.
തുടർന്ന് വരുന്ന സൂറ: അഅ്റാഫ് മുൻ സൂറ: പോലെ തന്നെ മക്കിയ്യയാണ്. പക്ഷേ ഇതിലെ 163 – 170 ആയതുകൾ മദനിയ്യാണെന്ന് മുഫസ്സിറുകൾ ചൂണ്ടിക്കാട്ടുന്നു. 206 ആയതുകളിൽ 87 വരെ ഏഴാം ജുസുഇന്റെ ഭാഗമാണ്.
സ്വർഗ്ഗത്തിനും നരകത്തിനുമിടയിൽ സ്ഥാപിക്കപ്പെട്ട വേലി / മതിലാണ് അഅ്റാഫ്. ഈ സൂറയിലെ 46ാം ആയതിലാണ് ഖുർആനിൽ ആ ഒരേയൊരു പരാമർശമുള്ളത്. സ്വർഗം പ്രാപിക്കുവാൻ പര്യാപ്തമായ നന്മകളോ നരകത്തിനർഹരാക്കുന്ന തിന്മകളോ ഇല്ലാത്ത ആളുകളുടെ സ്ഥാനമാണത്.
സൂറ: അഅ്റാഫ് ഏറ്റവും ദൈർഘ്യമേറിയ മക്കീ സൂറകളിലൊന്നാണ്. ആദ (അ)മിന്റെ സൃഷ്ടിയുടെ ആരംഭം മുതൽ സൃഷ്ടിയുടെ അവസാനം വരെയുള്ള പ്രവാചകന്മാരുടെ ചരിത്രം വിശദീകരിച്ച ആദ്യത്തെ സൂറയാണിത്. നൂഹ് , ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് അലൈഹിമിസ്സലാം എന്നിവരിലൂടെ കടന്നുപോകുന്നുണ്ട് സൂറ:. മൂസ (അ) യുടെ നേതൃത്വത്തിൽ നടന്ന സത്യവും അസത്യവും തമ്മിലുള്ള പോരാട്ടവും അസത്യം ഭൂമിയിലെ സകലരേയും അഴിമതിയിലേക്ക് നയിക്കുന്നതും സൂറ: കൃത്യമായി ചിത്രീകരിക്കുന്നു.
കേവലാക്ഷരങ്ങൾ തുടക്കത്തിൽ വരുന്ന സൂറകളെല്ലാം ആരംഭിച്ചിരിക്കുന്നത് ഖുർആനിന്റെ / പ്രവാചകത്വത്തിന്റെ ഏതെങ്കിലും അത്ഭുതമെടുത്ത് പറഞ്ഞാണ് .ഈ ഖുർആൻ എല്ലാ മനുഷ്യർക്കും നാഥനിൽ നിന്നുള്ള അനുഗ്രഹമാണ്. രണ്ട് ലോകങ്ങളുടെയും അനുഗ്രഹങ്ങൾ നേടുന്നതിനും പുനരുത്ഥാന ദിനത്തിൽ സ്വർഗത്തിലെത്തിപ്പെടാനും പ്രധാന നിമിത്തം അതാണെന്നും കർമങ്ങളുടെ തുലാസ് ഭാരവുമായി എത്തുന്ന ജനങ്ങൾ മാത്രമാണ് രക്ഷപ്പെട്ടവർ എന്നുമാണ് ആദ്യ 10 സൂക്തങ്ങളിൽ പറയുന്നതിന്റെ ചുരുക്കം.
ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ പ്രവാചകനായ ആദമിനും ഇണ ഹവ്വാക്കും പതർച്ച പറ്റിയെങ്കിൽ പിശാചിന്റെ ദുർബോധനം നാമെത്ര മാത്രം സൂക്ഷിക്കണമെന്ന പാഠമതിലടങ്ങിയിരിക്കുന്നു. സത്യത്തിന്റെയും അസത്യത്തിന്റെയും പോരാട്ടത്തിന്റെ ആദ്യ ഉദാഹരണമായി ആദാമിന്റെ ചരിത്രമാണ് പ്രഥമമായി ഈ സൂറ:യിൽ കാണിക്കുന്നത് . ‘അങ്ങനെ അവർ ഇരുവരെയും വഞ്ചനയിലൂടെ അവൻ തരംതാഴ്ത്തിക്കളഞ്ഞു’ എന്ന 22-ാം (فدلاهما بغرور) സൂക്തത്തിൽ നിന്ന് തന്നെ വ്യക്തമാണ് ഖുർആൻ ആദ്യപാപം സ്ത്രീയിൽ നിന്നുമാണ് ഉണ്ടായതെന്ന സങ്കല്പത്തിന്റെ ആദ്യ കൂമ്പിനെ ഇല്ലാതാക്കുന്നുവെന്ന് .തുടർന്നുള്ള പ്രാർഥനയിലുമത് സുതരാം വ്യക്തം.
സൂക്ഷ്മതാ വസ്ത്രം /لباس التقوى എന്ന് 7: 26 ൽ വിശേഷിപ്പിച്ചിട്ടുള്ളത് ഭൗതിക വേഷവിതാനങ്ങളല്ല , പ്രത്യുത അല്ലാഹുവിനെ കുറിച്ച സൂക്ഷ്മത പാലിക്കുകയും അതിനെ നെഞ്ചിലേറ്റലുമാണെന്നു മനസിലാവാൻ സൂറ: ബഖറയിലെ 197 ൽ വന്ന زاد التقوى എന്നതിൽ വന്ന തഖ്‌വയുടെ പാഥേയമെന്നു പറയും പോലെ ആലങ്കാരികമായി വേണം കരുതാൻ. ഈ ആയതിൽ വന്നിട്ടുള്ള രീശും 31-ാം ആയതിൽ വന്ന സീനതുമെല്ലാം ആ അർഥതലങ്ങളെയാണ് ഉൾകൊള്ളുന്നത്.
തഖ്‌വയുടെ വസ്ത്രം എന്നതുകൊണ്ടുള്ള വിവക്ഷയിൽ വ്യാഖ്യാനങ്ങൾ ധാരാളം കാണാം. വിശ്വാസം, സത്പ്രവർത്തനം, അല്ലാഹുവിലുള്ള ഭക്തി എന്നൊക്കെയാണ് അത് കൊണ്ട് ഉദ്ധേശ്യമെന്ന് പലരും വ്യാഖ്യാനിക്കുന്നു. ഇവയുള്ളവൻ മാത്രമേ തന്റെ മറക്കാനുള്ളവ വേണ്ടവിധം മറക്കുകയുള്ളുവെന്ന് മനസ്സിലാക്കാം.പാരത്രികലോകത്ത് വിശ്വാസി ധരിപ്പിക്കപ്പെടുന്ന വസ്ത്രമാണ് തഖ്‌വയുടെ വസ്ത്രം എന്നാണ് അർത്ഥമെന്നും വാദമുണ്ട്.
മനുഷ്യന്റെ നാണം മറക്കാനുള്ള വസ്ത്രം ഇറക്കിക്കൊടുത്തതോടൊപ്പം ശരീരം മൊഞ്ചാക്കി മോടിപ്പെടുത്താനുള്ള ഉടയാടകളും അല്ലാഹു ഇറക്കിയിട്ടുണ്ടെന്നാണ് ഖുർആനിന്റെ ഭാഷ്യം. അടിമക്ക് താൻ ചെയ്ത അനുഗ്രഹങ്ങളുടെ പ്രതിഫലനങ്ങൾ കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന നബിവചനം(തിർമുദി) ശരീരമോടി വർദ്ധിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ച അടിമകളെ കണ്ട് സന്തോഷിക്കുവാൻ അല്ലാഹു താത്പര്യപ്പെടുന്നുണ്ടെന്നാണ് പഠിപ്പിക്കുന്നത്. ഭംഗിയുള്ള വസ്ത്രങ്ങളും സ്വാദുള്ള ഭക്ഷണങ്ങളും അല്ലാഹു അടിമകൾക്ക് വേണ്ടി സൃഷ്ടിച്ചതാണ്. അവ നിഷിദ്ധമാക്കാൻ ഒരാൾക്കും തന്നെ അവകാശമില്ല എന്നാണ് സത്യം. അല്ലാഹു പറയുന്നു: ”ആദം സന്തതികളെ, എല്ലാ ആരാധനാ വേളയിലും നിങ്ങൾ അലങ്കാരം അണിയുക. നിങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക, അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല. അല്ലാഹു തന്റെ അടിമകൾക്കായി സൃഷ്ടിച്ചുവെച്ച അലങ്കാര വസ്തുക്കളെയും നല്ല ആഹാരങ്ങളെയും നിഷിദ്ധമാക്കുന്നവൻ ആരാണ് എന്ന് നബിയേ നിങ്ങൾ ചോദിക്കുക. അത് മുഴുവൻ ഐഹികജീവിതത്തിൽ സത്യവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. പരലോകത്താവട്ടെ അതവർക്ക് മാത്രം ലഭിക്കുന്നതുമത്രെ. അറിവുള്ള ജനങ്ങൾക്ക് അപ്രകാരം നാം ലക്ഷ്യങ്ങളെ വിവരിച്ചു കൊടുക്കുന്നതാണ്(7-31,32). നമസ്കാരസമയങ്ങളേയും സ്ഥലങ്ങളേയും ഒരു പോലെ ഉൾകൊള്ളുന്ന പ്രയോഗമാണ് മസാജിദ്. ആ വേളയിൽ സീനതിന്റെ വേഷമാവണമെന്നാണ് ഇവിടെ പ്രത്യേകം പറയുന്നത്. അഥവാ നാടൻ ലുങ്കിയും തോർത്തുമുണ്ടും പറ്റില്ല എന്നർഥം.
അബ്ദുല്ലാഹിബ്‌നുമസ്ഊദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറയുന്നു, പൊങ്ങച്ചം അൽപം മനസ്സിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. ഒരാൾ ചോദിച്ചു നബിയേ, ഒരാൾ തന്റെ വസ്ത്രവും ചെരുപ്പുമൊക്കെ നല്ല ഭംഗിയുള്ളതാവാൻ താത്പര്യപ്പെടുമല്ലോ (അത് പൊങ്ങച്ചമായി മാറുമോ?). നബി(സ) പറയുന്നു അല്ലാഹു ഭംഗിയുള്ളവനും ഭംഗി ഇഷ്ടപ്പെടുന്നവനുമാണ്. പൊങ്ങച്ചമെന്നാൽ മറ്റുള്ളവന്റെ അവകാശങ്ങൾ ധ്വംസിക്കലും ജനങ്ങളെ നിന്ദിക്കലുമാണ്(സ്വഹീഹ് മുസ്‌ലിം). ഭംഗിയായി വസ്ത്രം ധരിക്കണമെന്നും അതൊരിക്കലും പൊങ്ങച്ചമാകില്ലെന്നുമാണ് മുൻചൊന്ന ഹദീസുകളുടെ സാരം.
അഥവാ വസ്തുക്കൾ നിഷിദ്ധമാക്കാനും അനുവദനീയമാക്കുവാനുമുള്ള അല്ലാഹുവിനാണെന്നും ഗോപ്യവും പ്രകടവുമായ തെറ്റുകളിൽ നിന്നും മുക്തമായ ജീവിതവും അല്ലാഹുവിൽ ഒന്നിനേയും പങ്കുചേർക്കാതിരിക്കലുമാണ് വിശ്വാസത്തിന്റെ അടിസ്ഥാനമെന്നുമാണ് 33 വരെ സൂക്തങ്ങൾ ഉദ്ബോധിപ്പിക്കുന്നത്.
ഓരോ സമുദായത്തിനും നിർണിതമായ കാലമുണ്ടെന്നും അതെത്തിയാൽ ഒരു നിമിഷം പോലും ഇളവ് നൽകുന്ന പതിവില്ലെന്നുമാണ് (34 ൽ) ഖുർആൻ പറയുന്നത്. സ്വകർമ്മങ്ങളെ മാറ്റിത്തിരുത്തുകയും സൂക്ഷ്മതയുടെ മാർഗമവലംബിക്കുകയും ചെയ്തവർക്ക് പേടിക്കാനില്ലെന്നും സ്വയമായി ഹലാൽ – ഹറാമുകൾ നിശ്ചയിക്കുകയും സ്വയം ദീനുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന നിഷേധികൾക്ക് നരകശിക്ഷയിൽ ശാശ്വതരായി കഴിയേണ്ടി വരുമെന്നും 37 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നു. തുടർന്നു നരകക്കാർക്കും സ്വർഗക്കാർക്കുമുണ്ടാവുന്ന വ്യത്യസ്തമായ അനുഭവങ്ങളുടെ ശരീരകോശങ്ങളിൽ കമ്പനമുണ്ടാക്കുന്ന വിവരണമാണ് 46 വരെ ആയതുകളിൽ . അവിടെയാണ് അഅ്റാഫുകാരുടെ വിശേഷങ്ങൾ ( 47 ) കടന്നുവരുന്നത്. മതത്തിന്റെ അധ്യാപനങ്ങളെ കളിതമാശയായി സ്വീകരിച്ചതാണ് നരകക്കാരുടെ നെറികേടുകളുടെ പാരമ്യമായി സ്വർഗക്കാർ അവർക്കെതിരെ തെളിവു സഹിതം 53 വരെ ആയതുകൾ എടുത്തു കാട്ടുന്നത്.
ശേഷം അല്ലാഹുവിന്റെ കഴിവിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന തെളിവുകളാണ് നമ്മുടെ മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നത്. അർശും ആറുനാളുകൊണ്ടുള്ള സൃഷ്ടിപ്പുമെല്ലാം അതിന്റെ ഭാഗമായാണ് പരിചയപ്പെടുത്തുന്നത് ( 54 ). തുടർന്ന് പ്രാർഥനയിൽ പാലിക്കേണ്ട മര്യാദയാണ് പഠിപ്പിക്കുന്നത് ‘വിനയത്തോടുകൂടിയും രഹസ്യമായും രക്ഷിതാവിനോട് നിങ്ങൾ പ്രാർത്ഥിക്കുക. അതിരുകവിഞ്ഞു പോകുന്നവരെ അവൻ സ്‌നേഹിക്കുകയേയില്ല.55’
പ്രപഞ്ചമാസകലം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണെന്നും അതുകൊണ്ട് അവനെ അനുസരിക്കണമെന്നുമാണ് മുൻസൂക്തത്തിൽ ബോധ്യപ്പെടുത്തിയിരുന്നത്. അക്കാര്യത്തിൽ സഹായിക്കുവാൻ അവനോടപേക്ഷിക്കണമെന്നാണ് ഇവിടെ ഉണർത്തിയിരിക്കുന്നത്. പ്രാർത്ഥന ഹൃദയസാന്നിധ്യത്തോടും വിനയത്തോടും ശബ്‌ദം താഴ്‌ത്തിയുമായിരിക്കണം. അല്ലാഹു നമ്മുടെ ഹൃദയമിടിപ്പുവരെ അറിയുന്നവനും കേൾക്കുന്നവനുമാണ്. പിന്നെ അവൻ കേൾക്കാൻ വേണ്ടി എന്തിന് ഉറക്കെ ശബ്‌ദിക്കണം?
‘അപ്രത്യക്ഷനോടോ ബധിരനോടോ അല്ല നിങ്ങൾ ദുആ ചെയ്യുന്നത്’ എന്ന് തിരുനബി പറഞ്ഞതായി ഹദീസിൽ കാണാം. അവനോട് ചെയ്യുന്ന ദുആ ഒരു പ്രധാന ഇബാദത്താണ് എന്നുവെച്ച് പ്രാർത്ഥനയിലും മറ്റും അതിരു കവിയരുത്. ഒച്ചയിൽ ശബ്‌ദിക്കുക, കുറ്റകരമായ കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കുക, കുറ്റം ചെയ്‌തും ഗുണം ചെയ്യാതെയും നടക്കുന്നതോടൊപ്പം തൗബ ചെയ്യാൻ തയ്യാറില്ലാതെ സ്വർഗത്തിനു വേണ്ടി പ്രാർത്ഥിക്കുക തുടങ്ങി പലതും അതിരുകവിഞ്ഞ പ്രാർത്ഥനയിൽ പെടുന്നു. അബ്‌ദുല്ലാഹിബ്‌നു മുഗഫ്‌ഫൽ (റ) തന്റെ പുത്രൻ ഇങ്ങനെ പ്രാർത്ഥിക്കുന്നതായി കേട്ടു: അല്ലാഹുവേ, ഞാൻ സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ വലതു ഭാഗത്ത് ഒരു വെള്ളക്കൊട്ടാരം എനിക്ക് നൽകുവാൻ നിന്നോട് ഞാൻ ചോദിക്കുന്നു. ഇത് കേട്ടപ്പോൾ പിതാവ് അബ്ദുല്ലാഹ് പറഞ്ഞു: മകനേ, നീ അല്ലാഹുവോട് സ്വർഗം ചോദിക്കുകയും നരകത്തെത്തൊട്ട് അഭയം തേടുകയും ചെയ്യുക. നിശ്ചയമായും നബി ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ശുദ്ധീകരണത്തിലും പ്രാർത്ഥനയിലും അതിരു കവിയുന്ന ഒരു ജനതയുണ്ടാകും (അഹ്‌മദ്).
ഖുർആനിൽ ഗുലുവ് എന്നും ഹദീസിൽ തനത്വുഅ് എന്നും വിശേഷിപ്പിച്ച മതതീവ്രതയുടെ ഭാഗമാണിതെല്ലാം . തുടർന്ന് 56 – 58 സൂക്തങ്ങളിൽ ആകാശ ഭൂമികളിലെ അവന്റെ അധികാരത്തിന്റെ ചില മാതൃകകളായി മേഘം, നല്ല നാട് എന്നിവ ഉദാഹരിക്കുകയും അവകളിൽ നിന്നു മാതൃക ഉൾക്കൊള്ളാൻ ആഹ്വാനം നടത്തുകയും ചെയ്യുന്നു. ശേഷം പ്രവാചകന്മാരായ നൂഹ് , ഹൂദ്, സ്വാലിഹ്, ലൂത്വ് , ശുഐബ് തുടങ്ങിയവരുടെ ചരിത്രത്തേയും അവരുടെ ജീവിതവിശുദ്ധിയേയും അവർക്ക് സമൂഹത്തോടുണ്ടായ ഗുണകാംക്ഷയേയുമാണ് 7:87 വരെ സൂക്തങ്ങളുടെ ആകെത്തുക.