Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 7

(لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً …) സൂറ: മാഇദയിലെ 82-ാമത്തെ ഈ ആയത് മുതൽ അൻആമിലെ 110ാം സൂക്തം വരെ നീണ്ടു നിലക്കുന്ന 148 ആയതുകളാണ് ഏഴാം ജുസ്ഇലുള്ളത്. ഇതുവരെ പരിചയപ്പെട്ട മദനീ സൂറത്തുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അൻആം ,അഅറാഫ് തുടങ്ങിയ സുദീർഘമായ മക്കീ സൂറകളെ നാം തുടർന്ന് പരിചയപ്പെടുന്നത്. ഇ അ. അഥവാ മക്കീ സൂറകൾ വിശ്വാസ കാര്യങ്ങളിലാണ് ഊന്നുന്നതെങ്കിൽ ശരീഅ / നിയമ സംബന്ധിയായ ഊന്നലുകളാവും മദനീ സൂറകളിലെന്നർഥം.

ഹലാൽ / ഹലാൽ , നിയമനിർമ്മാണത്തിനുള്ള അവകാശത്തെക്കുറിച്ചുമുള്ള ഉമ്മത്തിന്റെ വിദ്യാഭ്യാസമാണ് മാഇദ സൂറ കൈകാര്യം ചെയ്യുന്നത്. മാതൃകാ പെരുമാറ്റച്ചട്ടങ്ങളും മൂല്യങ്ങളും ലളിതമായി നിർണ്ണയിച്ച് ചർച്ച മുന്നോട്ട് കൊണ്ട് പോകുന്നത് സൂറ: ഒന്നടങ്കം നമുക്കു കാണാം. കഴിഞ്ഞ ഭാഗത്ത് നാം വായിച്ചത് പോലെ അഹ്‌ലു കിതാബിലെ ശാത്രവത്തിന്റെ ഏറ്റക്കുറച്ചിലിലേക്കും അവരിലെ ദൈവ ഭക്തരായ പണ്ഡിതന്മാരിലെ ഭക്തിയേയും വിരക്ത ജീവിതത്തേയും പ്രത്യേകം ശ്ലാഘിക്കുവാൻ നാഥൻ തീരെ ലുബ്ധ് കാണിക്കുന്നില്ല (ഇതേ വിഷയം 3: 113 ൽ വന്നിട്ടുണ്ട് ) എന്നത് മാഇദയിലെ ഈ സൂക്തങ്ങൾ ( 71 – 85) വ്യക്തമാക്കുന്നു . എന്നാൽ ഏത് ആൾക്കൂട്ടമാണെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മന:പ്പൂർവം നിഷേധിക്കുന്നവർക്ക് കുഫ്റിൽ കുറഞ്ഞ വിശേഷണം റബ്ബ് നല്കാറില്ല എന്ന് 86-ാം സൂക്തം വ്യക്തമാക്കുന്നു.

താന്താങ്ങൾ ഇഷ്ടപ്പെടുന്നത് അനുവദനീയമാക്കുന്ന വൈദിക മതത്തേയും ജൂത – ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളേയും തിരുത്തുന്നതിൽ മാഇദ സൂറ മുന്നോട്ട് പോകുന്നത് 89 വരെയുള്ള ആയതുകളിൽ നമുക്ക് കാണാം. അനുവദനീയമായ ഒരു വസ്തു അനുഭവിക്കില്ല എന്ന ശപഥം വാസ്തവത്തിൽ അല്ലാഹുവിന്റെ നിയമനിർമ്മാണാവകാശത്തിൽ കൈവെക്കലാണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് കഫ്ഫാറത്തിനെ കുറിച്ച് പറയുമ്പോൾ അല്ലാഹു ഉണർത്തുന്നത്.

ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോൾ അതിൻറെ ( അത്‌ ലംഘിക്കുന്നതിൻറെ ) പ്രായശ്ചിത്തം നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക്‌ നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തിൽ നിന്ന്‌ പത്തു സാധുക്കൾക്ക്‌ ഭക്ഷിക്കാൻ കൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക്‌ വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കിൽ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങൾ സത്യം ചെയ്തു പറഞ്ഞാൽ, നിങ്ങളുടെ ശപഥങ്ങൾ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവൻറെ വചനങ്ങൾ നിങ്ങൾക്ക്‌ വിവരിച്ചുതരുന്നു; നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി. (5:89)

റബ്ബ് അനുവദിച്ച എല്ലാ നല്ല കാര്യങ്ങളും ഏറ്റെടുക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നതോടൊപ്പം പരിധി കവിയാതെ, അതിരുകടക്കലില്ലാതെ ഹലാലുകളനുഭവിക്കാൻ അനുമതി മുൻതലമുറകൾക്കും നൽകിയിരുന്നു എന്ന സൂചനയാണ് ഈ സൂക്തങ്ങൾ നൽകുന്നത്.

തുടർന്നു മദ്യവും ചൂതാട്ടവും സമൂഹത്തിലുണ്ടാക്കുന്ന ദൂഷ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് അവയുടെ നിരോധം പൂർണമായി നടപ്പിലാക്കുന്ന കാഴ്ചയാണ് 5:90ാം സൂക്തത്തിൽ വ്യക്തമാക്കിയത് ശരിക്കും മനസ്സിലാവണമെങ്കിൽ താഴെ പറയുന്ന സംഗതികൾ എന്തൊക്കെയാണെന്ന് നോക്കൂ:

ഖുർആൻ ഖണ്ഡിതമായി നിരോധിച്ച രണ്ട് തിന്മകളാണ് ഖംറും മൈസിറും . ഖംറിന്റെ ഭാഷാർഥമായ ബുദ്ധിയെ മറക്കുന്നത് എന്ന് വ്യാഖ്യാനിച്ച് ബുദ്ധിയെ മറക്കുന്ന കഞ്ചാവും ബ്രൗൺ ഷുഗറും ചരസ്സും ഹാൻസും ബീഡിയും സിഗരറ്റും വരെ അതിനോട് ഖിയാസ് ( സമീകരണം) ചെയ്യുന്ന പണ്ഡിതർ പക്ഷേ മൈസിർ എന്നതിന് അതി പുരാതനമായ ചൂത് എന്ന സമുദായത്തിലെ പ്രത്യേകിച്ച് ആരേയും വേദനിപ്പിക്കാത്ത വിശദീകരണമാണ് പറഞ്ഞ് കേൾക്കാറ്. 2:219, 5:90-91 രണ്ടും ചേർത്തും 47:15, 12:36 / 41 സൂക്തങ്ങളിൽ ഖംറു മാത്രമായും പറയുന്നുണ്ട്.യുസ്ർ എന്ന പദത്തിന് ഈസി അഥവാ എളുപ്പമെന്നാണർഥമെങ്കിൽ സൗഗമ്യത്തിൽ ലഭ്യമാവുന്ന ഏതു ഈസി മണിയും മൈസിറാവണം.ജാഹിലിയ്യാകാലത്ത് നിലനിന്നിരുന്ന മൈസിറി(ചൂതാട്ടം)നെ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് കാണുക:”ഒരു ഒട്ടകത്തെ അറുത്ത് ഇരുപത്തിയെട്ട് ഓഹരിയാക്കി വീതിക്കുന്നു. ശേഷം ശകുനം നോക്കുന്ന പത്ത് അമ്പുകളെടുത്ത് അതിലെ മൂന്നെണ്ണത്തിന് പൂജ്യം എന്നിടുന്നു. ബാക്കി എണ്ണത്തിന് ഏഴ് വരെ നമ്പറിടുന്നു. ഈ അമ്പുകള്‍ ഏജന്റിനെ ഏല്‍പ്പിക്കുന്നു. അയാൾ ഓരോരുത്തരുടെ പേര് പറഞ്ഞ് ഓരോ അമ്പും എടുക്കുന്നു. ആ അമ്പിലുള്ള നമ്പറനുസരിച്ച് അവന് മാംസം ലഭിക്കുന്നു. പൂജ്യം ലഭിക്കുന്നവര്‍ക്ക് ഒന്നും ലഭിക്കില്ല. അവര്‍ ആ ഒട്ടകത്തിന്റെ മുഴുവന്‍ പണവും എടുക്കണം.”

അന്നത്തെ മൈസിറിനെ ഖുര്‍ആന്‍ ശക്തമായ രീതിയില്‍ നിഷേധിച്ചുവെങ്കിൽ സർക്കാറുകളും വ്യക്തികളും പലപേരിൽ നടത്തുന്ന ലോട്ടറികളും ഇതുപോലെയുള്ള ഒരു ചൂതാട്ടമാണെന്ന് നാമറിയാതെ പോവുന്നു. ചൂതാട്ടത്തിന്(ഖിമാര്‍)മഹാന്മാര്‍ നല്‍കുന്ന വിശദീകരണം കാണുക: “ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളിയും ചൂതാട്ടമാണ്”. ഇവിടെ ലോട്ടറിയില്‍ എല്ലാവരും ലാഭത്തെയും നഷ്ടത്തെയും പ്രതീക്ഷിക്കുന്നു. മാത്രമല്ല, സമ്മാനം ലഭിക്കാത്തവന് അവന്റെ ടിക്കറ്റിന്റെ പണം നഷ്ടമാവുകയും ചെയ്യുന്നു.

“ജയിച്ചവന് എടുക്കാമെന്ന വ്യവസ്ഥയില്‍ രണ്ടുപേരും പണം ചെലവാക്കുന്നതും ചൂതാട്ടം തന്നെയാണ്”.
ഇങ്ങനെ ലഭിക്കുന്ന എല്ലാ ഈസി മണിയും മൈസിറാണെങ്കിൽ സ്ത്രീധനത്തിന്റേയും MLM ന്റേയും പിരമിഡ് മാർക്കറ്റിങിന്റേയും വിധികൾക്ക് പ്രത്യേകം പ്രത്യേകം ഫത് വയും ഫത്‌വാ ബോർഡും വേണ്ടി വരില്ല. പെട്ടെന്ന് സമ്പന്നനാവുന്ന ഏതൊരുത്തന്റേയും പിന്നാമ്പുറം ചികഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ള മൈസിറിന്റെ ലാഞ്ചന കാണാൻ കഴിയും. ഇക്കാലത്ത് ആട്, തേക്ക് , മാഞ്ചിയം,ആര്‍.എം.പി, ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ , ബിറ്റ്കോയിൻ , വിവിധ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു എം.എല്‍. എം ചതിക്കുഴികളെല്ലാം മൈസർ തന്നെ
(കടപ്പാട് : കുറിപ്പുകാരന്റെ ഇസ്ലാം ഓൺലൈവിലെ കുറിപ്പ് )

തുടർന്ന് നബി (സ)യുടെ ദൗത്യം എന്താണെന്നും അതിനോടുള്ള നമ്മുടെ നയമെന്താവണമെന്നും നമ്മുടെ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ ദൈവഭയം / തഖ് വ ക്ക് എത്ര സ്ഥാനമുണ്ടെന്നും തുടർന്നുള്ള മൂന്നു ആയതുകൾ സ്പഷ്ടമാക്കുന്നു.

ശേഷം കഅ്ബയുടെ സവിശേഷതകളും, ഹറമിന്റെ പൊതുസുരക്ഷാ /യുദ്ധനിരോധിത മേഖലയും മനുഷ്യർക്കും മൃഗങ്ങൾക്കും ശാന്തതയാക്കുന്നതിന്റെയും മാനദണ്ഡമെന്നാണെന്ന് വ്യക്തമാക്കുന്നു 97 വരെയുള്ള സൂക്തങ്ങൾ . അല്ലാഹുവിന്റെ ശിക്ഷയുടെ ആഴവും വ്യാപ്തിയും ചുരുങ്ങിയ പദങ്ങളിൽ വ്യക്തമാക്കുന്നതോടൊപ്പം പ്രവാചകന്റെ ദൗത്യമെന്താണെന്നും നന്മ-തിന്മകളുടെ വ്യവഛേദത്തിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാവണമെന്നുമുള്ള തുറന്നുപറച്ചിലുകളാണ് 100 വരെയുള്ള ആയതുകളിൽ ചെയ്യുന്നത്. അമിതമായ സംശയങ്ങളും ഒടുങ്ങാത്ത ചോദ്യങ്ങളും സ്വയമായി മതചിഹ്നങ്ങളുടെ ആവിഷ്കാരങ്ങളുമെല്ലാം മുൻതലമുറകളുടെ അപചയത്തിന്റെ അടയാളങ്ങളാണെന്നുണർത്തി അത്തരം പ്രവണതകളിൽ നിന്നും വിട്ടു നിലക്കാൻ ആഹ്വാനം ചെയ്യുന്നു തുടർന്നുള്ള 3 ആയതുകൾ .

അവർക്ക് സംഭവിച്ച അപചയം അവർ മതം പഠിച്ചത് അവരുടെ കാക്കകാരണവന്മാരിൽ നിന്നായത് കൊണ്ടാണെന്നും സ്വതേ തെറ്റിപ്പോയ / വഴിതെറ്റാൻ ബോധപൂർവ്വം തീരുമാനിച്ച ആൾക്കൂട്ടത്തെ വഴിനടത്താൻ നിങ്ങളെ കൊണ്ടാവില്ലെന്നും സത്യ പ്രബോധകന്മാരെ ഉണർത്തുകയാണ് 105 വരെയുള്ള സൂക്തങ്ങൾ . ആരോപണങ്ങളുണ്ടാവുമ്പോൾ എന്ത് നടപടിയെടുക്കണമെന്ന ശുദ്ധ കർമശാസ്ത്ര വിധി തുടർന്നുള്ള ആയതുകളിൽ (106 – 108) നമുക്ക് വായിക്കാം.

തുടർന്ന് (109 – 120 ) ദൃശ്യം നേരെ പരലോകത്തേക്കും പ്രവാചകന്മാരുടെ പ്രബോധന കാലത്തേക്കും നീങ്ങുന്നു. അതിൽ ഈസാ ഇബ്നു മറിയമു (അ)മായി ബന്ധപ്പെട്ട കാര്യങ്ങൾ സവിസ്തരം പരാമർശിക്കപ്പെടുന്നു. അദ്ദേഹത്തിൽ വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്ത ഹവാരിയ്യുകളെന്ന ശിഷ്യന്മാരേയും അനുസ്മരിക്കുന്നുണ്ട്.അവർ ചോദിച്ച മാഇദ /തീൻമേശയുടെ വിശേഷവും അവരും ഈസാ (അ) തമ്മിൽ നടന്ന സംഭാഷണവും തുടർന്ന് പരലോകത്തെ വിചാരണയിലേക്ക് തന്നെ ഫ്ലാഷ് ബാക്കിന് ശേഷമുള്ള തിരിച്ചുപോക്കും ത്രിത്വവും കുരിശുപൂജയും മാതൃപൂജയുമൊന്നും ഈസ (അ) യുടെ പ്രഘോഷണങ്ങളല്ലെന്നും ആത്യന്തിക രക്ഷയും സമാധാനവും അല്ലാഹുവിങ്കൽ നിന്ന് മാത്രമാണെന്നുമുള്ള പ്രഖ്യാപനത്തോടെ മാഇദ സൂറക്ക് തിരശ്ശീല വീഴുന്നു.

അൽഹംദു കൊണ്ട് ആരംഭിച്ച ഖുർആനിലെ രണ്ടാമത്തെ അധ്യായമാണ് അൻആം. ഫാതിഹ , കഹ്ഫ് , സബഅ്, ഫാത്വിർ എന്നിവയാണ് മറ്റ് നാല് സൂറകൾ. അവയെല്ലാം മക്കിയ്യാണ് എന്നതാണ് ആകസ്മികം.

ഭൌതികമായ എല്ലാ താങ്ങുകളും ആശ്രയങ്ങളും നഷ്ടപ്പെട്ടു പോയ കാലമായിരുന്നു മക്കാ കാല ഘട്ടത്തിന്റെ അവസാനം. വമ്പിച്ച എതിർപ്പുകളേയും പ്രതിബന്ധങ്ങളേയും മല്ലിട്ടുകൊണ്ടാണ് തിരുനബി ( സ ) തന്റെ പ്രബോധന കർത്തവ്യം നിർവ്വഹിച്ചിരുന്നത്. ആ പ്രചാരണം വഴി മക്കയിലെയും പരിസരങ്ങളിലെയും മദീനയിലെ ചിലരും ഇസ്ലാമിലേക്കു ആകർഷിക്കപ്പെട്ടു കൊണ്ടിരുന്നെങ്കിലും മക്കക്കാർ പൊതുവിൽ നിഷേധത്തിന്റെയും വിരോധത്തിന്റേയും മാർഗ്ഗത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. എവിടെയെങ്കിലും വല്ലവർക്കും ഇസ്ലാമിലേക്കൊരു ചായ്‌വ് കാണുന്നതോടെ അയാളെ ശകാരം കൊണ്ടും ശാരീരിക പീഡനം കൊണ്ടും, സാമ്പത്തികവും സാമൂഹ്യവുമായ ഉപരോധം കൊണ്ടും വീർപ്പുമുട്ടിക്കുകയായിരുന്നു ഖുറൈശി ഗോത്രത്തിലെ നേതാക്കൾ . ആ പരിസരത്തിൽ വേണം ഈ സൂറ: യെ വായിക്കാൻ .

അൻആം അധ്യായത്തിന്റെ ഉള്ളടക്കങ്ങളെ നമുക്ക് താഴെ പറയുന്ന വിധം ചുരുക്കാം.
1. ശിർക്കിന്റെ ഖണ്ഡനവും തൌഹീദിന്റെ പ്രബോധനവും;
2. പരലോകവിശ്വാസത്തിന്റെ പ്രചാരണം, ഐഹികജീവിതം മാത്രമാണ് മനുഷ്യജീവിതമെന്ന അബദ്ധധാരണയുടെ ഖണ്ഡനം;
3. ജാഹിലിയ്യ കാലത്ത് ജനങ്ങൾ അകപ്പെട്ടിരുന്ന അന്ധവിശ്വാസങ്ങളുടെ ഖണ്ഡനം;
4. ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുവാനുള്ള പ്രധാന സദാചാര തത്ത്വങ്ങളെക്കുറിച്ച് ഉദ്ബോധനം;
5. നബി(സ) യേയും തന്റെ പ്രബോധനത്തേയും പറ്റി ജനങ്ങളുടെ ആക്ഷേപങ്ങൾക്കു മറുപടി;
6. സുദീർഘമായ അധ്വാനശ്രമങ്ങൾ നടന്നിട്ടും പ്രബോധനം വേണ്ടത്ര ഫലവത്തായി കാണാതിരുന്നപ്പോൾ സ്വാഭാവികമായുണ്ടായ അസ്വസ്ഥതയേയും വേവലാതിയേയും കുറിച്ച് തിരുമേനിയേയും മുസ്ലിംകളേയും സാന്ത്വനപ്പെടുത്തൽ;
7. നിഷേധികളുടേയും എതിരാളികളുടേയും അശ്രദ്ധയേയും സ്വയം വിനാശത്തിലേക്കുള്ള ബോധശൂന്യമായ പോക്കിനേയും കുറിച്ചുള്ള ഉപദേശവും താക്കീതും ഭീഷണിയും (സൂറയുടെ അവസാന ഭാഗത്ത് വരുന്നുണ്ട് )

മർഹും അമാനി മൗലവി പറയുന്നതു പോലെ ഈ സൂറത് മുഴുവനും ഒരേ പ്രാവശ്യം തന്നെ അവതരിച്ചതാണെന്നും, അവതരണ വേളയിൽ ബഹുമാനാര്‍ത്ഥം മലക്കുകളും അതോടൊപ്പം ഇറങ്ങുകയുണ്ടായെന്നും കാണിക്കുന്ന പല രിവായതുകളുമുണ്ട്. മക്കീ സൂറതുകളിലെ പതിവു പ്രകാരം ഇതിലെ പ്രധാന പരാമര്‍ശങ്ങള്‍ മുശ്‌രിക്കുകളുടെ വിശ്വാസാചാരങ്ങളെയും തൗഹീദിനെയും സംബന്ധിച്ചാകുന്നു. അക്കൂട്ടത്തില്‍, ആടുമാടൊട്ടകങ്ങളാകുന്ന കാലികളെ അല്ലാഹു അല്ലാത്തവര്‍ക്കു നേര്‍ച്ചവഴിപാടാക്കിക്കൊണ്ടുള്ള മുശ്‌രിക്കുകളുടെ ദുരാചാരങ്ങളെ സംബന്ധിച്ച്‌ ഈ സൂറത്തില്‍ കൂടുതല്‍ പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്‌ ഇതിനു سورة الأنعام ( ആടുമാടൊട്ടകങ്ങളുടെ – അദ്ധ്യായം) എന്നു പറയപ്പെടുന്നു. ഇതിലെ ഭാഷണങ്ങള്‍ പലതും മക്കാ മുശ്‌രിക്കുകളെ പരാമര്‍ശിക്കുന്നവയായതുകൊണ്ടു അവരുടെ പല വാദങ്ങളും തര്‍ക്കങ്ങളും قَالُوا (അവര്‍ പറയുന്നു) എന്നും, അവര്‍ക്കുള്ള മറുപടികള്‍ قُلْ (നീ പറയുക) എന്നും പറഞ്ഞു കൊണ്ട്‌ (എട്ടാം ആയത് മുതൽ ) ആരംഭിക്കുന്നതായി കാണാം.

സത്യപ്രകാശം ഏകമായതും അന്ധകാരങ്ങൾ വിവിധങ്ങളായതും എല്ലാ സൃഷ്ടികളുടെയും ഏകനാഥനോടുള്ള വിധേയത്വവും മനുഷ്യ സൃഷ്ടിപ്പും അവരുടെ രഹസ്യ – പരസ്യ ജീവിതങ്ങളുടെ നേർക്കാഴ്ചകളുമെല്ലാം പറഞ്ഞാണ് അൻആം സൂറ: ആരംഭിക്കുന്നത്. പ്രവാചകൻ (സ) പ്രബോധനത്തെ സംബന്ധിച്ച് മക്കാ മുശ് രിക്കുകൾ ഉയർത്തിയ ആക്ഷേപങ്ങളും ആവശ്യപ്പെടലുകളും അടിസ്ഥാനരഹിതമാണെന്നും നബി (സ)യെ നിയോഗിച്ചത് മനുഷ്യനായിട്ടാണെന്നും അദ്ദേഹത്തിനു മുമ്പ് നിയോഗിക്കപ്പെട്ട പ്രവാചകന്മാരും മനുഷ്യർ തന്നെയായിരുന്നുവെന്ന യാഥാർഥ്യമാണ് ആദ്യ 12 സൂക്തങ്ങളിൽ പരാമർശിച്ചിട്ടുള്ളത്.

രാവും പകലും അതിലടങ്ങിയതുമെല്ലാം അവന്റെതു മാത്രമാണെന്നും ലോകത്തിനെ മുഴുവൻ ഒരേ സമയം ഊട്ടുന്നതുമെല്ലാം അവൻതന്നെയാണെന്നും അവനാർക്കെങ്കിലും നന്മയോ തിന്മയോ ഉദ്ദേശിച്ചാൽ അതിനെ തടയുവാൻ ആർക്കും സാധിക്കുകയില്ല എന്ന ലളിത സത്യങ്ങൾ അനാവരണം ചെയ്യുകയാണ് തുടർന്ന് 18 വരെയുള്ള ആയതുകൾ .
അവനാണ് ഏറ്റവും വലിയ സാക്ഷ്യമെന്നും അവന്റെ പ്രവാചകന്മാരേയും ഗ്രന്ഥങ്ങളേയും ലോകത്തെ സകലരും അംഗീകരിക്കാൻ കൂട്ടാക്കാത്തത് അവരുടെ മാത്രം പരിണതിയായി വേണം കരുതാൻ എന്നും അത്തരക്കാർക്ക് യാതൊരു വിജയ സാധ്യതയുമില്ലെന്ന പ്രഖ്യാപനമാണ് തുടർന്നുള്ള 21 വരെ സൂക്തങ്ങൾ .

പരലോകത്തിന്റെ സത്യതയിലേക്കുള്ള അടയാളങ്ങളും സ്വർഗ – നരകങ്ങളുടെ ഉണർത്തലുമെല്ലാം അവരിലെ നിർമലഹൃദയരുടെ മനസ്സിളക്കാൻ പര്യാപ്തമാണ്. എന്നാൽ ഉള്ള ജീവിതം അടിച്ചു പൊളിക്കാനുള്ളത് എന്ന് കരുതിയിരുന്നവർ പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ട് അവന്റെ മുമ്പിൽ ഹാജരാക്കപ്പെടുന്ന രംഗചിത്രീകരണമാണ് തുടർന്നുള്ള 11 സൂക്തങ്ങളിൽ . ഈ ജീവിതത്തിന്റെ നിരർഥകതയും പരലോക ജീവിതത്തിന്റെ അനിവാര്യതയും അവരുടെ മനസ്സിൽ വരച്ചു വെക്കാൻ പോന്നതാണ് ആ വരികൾ. തുടർന്ന് സമൂഹത്തിൽ തുടരുന്ന നിഷേധഭാവത്തിൽ നിരാശപ്പെടരുതെന്നും താങ്കളുടെ ദൗത്യവുമായി മുന്നോട്ട് പോവാനുള്ള ആഹ്വാനവുമാണ് 35 വരെ ആയതുകൾ . താങ്കളുടെ പ്രബോധനം ഉപകാരം ചെയ്യുക സത്യം കാണാനും കേൾക്കാനും ഉതവി ലഭിച്ച ‘حياة’ /ജീവനുള്ളവർക്ക് മാത്രമാണെന്ന പരിഹാസോക്തിയോടെ അവരിലെ നിഷേധികളുടെ ചില സംശയങ്ങൾക്കുള്ള (وقالوا) ഉത്തരം നല്കുന്ന ശൃംഖലയുടെ തുടർച്ച ഏതാനും ഉണർത്തുന്നുണ്ട്.

ഉദാ: ദൃഷ്ടാന്തമില്ലേ ?/ ഏത് ദൃഷ്ടാന്തത്തിനും കഴിവുള്ളവനാല്ലാഹു (38 ). പക്ഷേ അവ കണ്ടെത്താനുള്ള കണ്ണും കാതും നിങ്ങൾക്കില്ലെങ്കിൽ എനിക്കെന്ത് ചെയ്യാനാവുമെന്ന സർക്കാസ്റ്റിക് മറുപടിയാണ് തുടർന്നുള്ള സൂക്തങ്ങളിലുള്ളത്. പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ എന്ന നിലയിലാണ് ഇതുവരെ വന്ന നിഷേധികളുടെ ജീവിത ശൈലിയെന്നാണ് 45 വരെയുള്ള ആയതുകൾ ചിത്രീകരിക്കുന്നത്.
തുടർന്ന് പ്രവാചകന്മാരുടെ നിരോഗലക്ഷ്യമെന്തെന്നും നിഷേധികളുടെ ഇരുലോകത്തേയും പരിണതി എന്തെന്നും ഉണർത്തുന്നതോടൊപ്പം മുഹമ്മദ് നബി (സ) അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യത്തെ ജനങ്ങളുടെ മേലുള്ള മേന്മയായി കണ്ടിട്ടില്ലെന്നും ദിവ്യബോധനമായി ലഭ്യമാവുന്നത് അപ്പടി തന്റെ നിയോഗിത ജനങ്ങൾക്കെത്തിക്കുകയാണ് തന്റെ ദൗത്യമെന്നുമുള്ള വിളംബരമാണ് അദ്ദേഹം നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്നും ഉണർത്തുന്നു.കാഴ്ചയുള്ളവർക്കെല്ലാം ആ നഗ്ന സത്യം കാണാമെന്ന പച്ച പരമാർഥമാണ് 50 വരെയുള്ള സൂക്തങ്ങൾ അനാവരണം ചെയ്യുന്നത്. ഈ പ്രബോധനം ഉപകാരപ്പെടുന്നതാരാണെന്ന സൂചനയാണ് തുടർന്നുള്ള ആയതുകൾ ഉൾകൊള്ളുന്നത് . പച്ചപ്പാവങ്ങളായ അത്തരക്കാരെ ചേർത്തു നിർത്തേണ്ടത് നബിയുടെ ബാധ്യതയാണെന്ന ഓർമപ്പെടുത്തലാണ് 52-ാം സൂക്തം നല്കുന്നത്. ( വിശദവിവരങ്ങൾ സൂറ: കഹ്ഫ് 28 ൽ വരും .ഇ. അ )

പ്രബോധിത സമൂഹങ്ങളിലെ ചില വരേണ്യരുടെ നീണ്ട ചരിത്രമുദ്ധരിച്ച് പ്രവാചകന് സാന്ത്വനമേകുകയാണ് തുടർന്നുള്ള സൂക്തങ്ങളിൽ റബ്ബ് ചെയ്യുന്നത്. നീതിയും സമത്വവും കാരുണ്യവുമാണ് ഇസ്ലാമിന്റെ അടിസ്ഥാനമെന്നും ഈ മാർഗമവലംബിക്കുന്നവന് ഈ ശാന്തിയും ആനന്ദവും ലഭ്യമാവുമെന്നും അഥവാ ധിക്കരിക്കാനാണ് ഭാവമെങ്കിൽ അനന്തരഫലം ദൈവത്തിങ്കൽ മാത്രം നിക്ഷിപ്തമാണെന്നുമുള്ള സൂചനയാണ് 58 വരെയുള്ള ആയതുകൾ .

സർവശക്തന്റെ സൃഷ്ടികൾക്കാർക്കുമറിയാത്ത അദൃശ്യമായ താക്കോലുകളെക്കുറിച്ച് (مفاتح الغيب) ഈ സൂറ: പരാമർശിക്കുന്നുണ്ട്. തതുല്യമായ പ്രയോഗം സൂറ: ലുഖ്മാന്റെ അവസാനത്തിലുമുണ്ട്.

ആ താക്കോലുകൾ ഇവിടെ ഇപ്രകാരം വായിക്കാം : കരയിലും കടലിലുമുള്ളതു ഒക്കെയും അവന്‍ അറിയുന്നു. ഒരു ഇലയുംതന്നെ, അതവന്‍ അറിയാതെ വീഴുന്നതല്ല;ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, പച്ച വസ്തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെയില്ല.

മരണം പൊടുന്നനെയുണ്ടാവുന്ന പ്രപഞ്ച സത്യമാണെന്നും ഏത് തമോഗർത്തത്തിലായാലും റബ്ബിന്റെ കാവലില്ലെങ്കിൽ സകലം നഷ്ടപ്പെടുമെന്നും കേവല ഭൗതിക വർത്തമാനങ്ങളിൽ വ്യാപൃതരായിക്കുന്നവരോട് വിശ്വാസികൾക്ക് കൂറുണ്ടാവേണ്ടതില്ലെന്നും സൂറ: നബി( സ ) യെ ശക്തമായി ഉണർത്തുന്നു. മതത്തെ കളിയും വിനോദവും വരുമാനവും മാത്രമാക്കിയ പിശാച് ജന്മങ്ങളിൽ പ്രതീക്ഷകൾ വേണ്ടെന്നും നിങ്ങൾക്ക് നാഥൻ അരുളിയ ആരാധനകളുമായി റബ്ബിനെ ആരാധിച്ചും കീഴ്വഴങ്ങിയും അന്ത്യദിനത്തെ സൂക്ഷിച്ച് ജീവിക്കലാണ് വിശ്വാസികൾക്ക് കരണീയമെന്ന ഉണർത്തലാണ് തുടർന്നു 73 വരെയുള്ള സൂക്തങ്ങളുടെ ആകെത്തുക.ശേഷം ഇബ്രാഹീ (അ) യുടെയും മറ്റു 16 പ്രവാചകന്മാരുടേയും ജനതയോടൊപ്പമുള്ള ചരിത്രത്തെ വളരെ ചുരുക്കി ഏതാനും ചില ഫ്ലാഷ് ബാക്കുകളിലൂടെ അനാവരണം ചെയ്യുന്നത് കാണാം ( 74-90) .

‘വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍’ 6:82 എന്ന സൂക്തമാണ് ആ ചരിത്രങ്ങളുടെ രത്നച്ചുരുക്കമായും വർത്തമാനകാലത്തേക്കുള്ള അടയാളപ്പെടുത്തലായുമുള്ളത്. വിശ്വാസത്തിന്റെ സുഭദ്രമായ കോട്ടയിലാണവർക്ക്, അവരുടെ ജീവിതത്തെ കലർപ്പിൽ നിന്നും രക്ഷിക്കാനുള്ള ഇടം ലഭിച്ചതെന്നാണ് ഈ സൂക്തങ്ങളുടെ കാലിക പ്രസക്തി .

ജുസ്ഇലെ അവസാന 11 സൂക്തങ്ങൾ ഏകനായ റബ്ബിന്റെ ശക്തിയുടെ നിരവധി മാതൃകകൾ അവതരിപ്പിക്കുന്നു.സൃഷ്ടിയിലും വിതരണത്തിലും ആസൂത്രണത്തിലുമെല്ലാം അത് പ്രകടമാണ് ഉദാ: (വിത്ത്, ഉഷസ്സ്) .വിവിധ നിറങ്ങളിലും രൂപങ്ങളിലും രസങ്ങളിലും കാണുന്ന സൃഷ്ടിവൈവിധ്യങ്ങളിൽ വിശ്വാസികൾക്ക് ദൃശ്യമാവുന്നത് റബ്ബിന്റെ ഏകത്വമാണെന്ന ശുദ്ധ തൗഹീദിൽ തന്നെ ജുസ്അ് സമാപിക്കുന്നു.

Related Articles