Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 6

ആറാം ജുസുഅ് രണ്ട് അധ്യായങ്ങളിലായി പരന്നു കിടക്കുന്നു. ആദ്യ ഭാഗം സൂറ: നിസാഇലെ അവസാന 29 സൂക്തങ്ങൾ . തുടർന്നു രണ്ടാം ഭാഗം ; ഈ ഭാഗത്തിന്റെ ഭൂരിഭാഗവും സൂറ: മാഇദയുടെ 83 വരെയുള്ള ആയതുകളാണ്.
ഈ ജുസുഅ് ആരംഭിക്കുന്നത് എന്നത്തേയും / എവിടെത്തേയും പീഡിത സമൂഹങ്ങൾക്ക് ആത്മധൈര്യം പകരാൻ വേണ്ടിയാണ്.
സൂറ:നിസാഅ്‌ :148 ഇങ്ങിനെ വായിക്കാം : ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

എന്നും എവിടെയും അടിച്ചമർത്തപ്പെട്ട ജനതതികൾക്ക് ധൈര്യവും ശക്തിയും പകരുന്ന പരാമർശമാണത്. ഒപ്പം വിട്ടുവീഴ്ചയുടേയും ക്ഷമയുടെയും പ്രേരണയും തൊട്ടുടനെ ആ സൂക്തം വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാമിക വിശ്വാസ സങ്കൽപ്പത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിശദീകരണമാണ് തുടർന്ന് വരുന്നത്. അനാദി കാലം മുതൽ ദൈവിക സന്ദേശം ഒന്നാണെന്നും അതുകൊണ്ട് തന്നെ ദൈവ ദൂതന്മാർ വഹിക്കുന്ന ദൗത്യവും ആപാദചൂഡം ഒന്നാണെന്നും ഉണർത്തുകയാണ് തുടർന്നുള്ള ആയതുകളിൽ . പ്രവാചകന്മാർ തമ്മിലുള്ള വേർതിരിവ് ബോധപൂർവ്വം ഉണ്ടാക്കുകയും അവർ മുന്നോട്ട് കൊണ്ടുവന്ന കാര്യങ്ങളിൽ ചിലത് മാത്രം അംഗീകരിക്കുകയും ചെയ്യുന്ന സമീപനം ശിക്ഷ ഉറച്ച പക്കാ കുഫ്റിന്റെ വർത്തമാനമാണെന്നാണ് 150-151 സൂക്തികൾ വ്യക്തമാക്കുന്നത്.

അഹ്‌ലുൽ കിതാബ് കാലാന്തരങ്ങൾ മാറിയിട്ടും അടിസ്ഥാനപരമായി ഒന്നു തന്നെയാണെന്ന് മൂസാ, ഈസാ നബിമാരുടെ സമൂഹങ്ങളുടെ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ വ്യക്തമാവുമെന്ന സുദീർഘ ചരിത്രത്തിലേക്ക് ബോധമുള്ളവർക്ക് വെളിച്ചം വീശുന്ന രീതിയിൽ ചില അഗ്നി സ്ഫുലിംഗങ്ങളാണ് തുടർന്നുള്ള 162 വരെയുള്ള സൂക്തങ്ങൾ .

വേദക്കാരുടെ ധാർഷ്ട്യത്തെയും സ്വമതത്തിൽ അവർ കൂട്ടിച്ചേർത്ത തെറ്റായ വിശ്വാസങ്ങളെയും അപലപിക്കുന്നതോടൊപ്പം അവരുണ്ടാക്കിയ വൈദിക മതം നടപ്പിലാക്കുന്നതിൽ അവർ പുലർത്തിയ തീവ്രതയെ നഖശിഖാന്തം എതിർക്കുന്നുണ്ട് റബ്ബ്.
لا تغلوا في دينكم 4:171
(ഇതേ ജുസ്ഇൽ 5:77 ലും ഈ പ്രയോഗം വരുന്നുണ്ട് )

(നിങ്ങളുടെ മതത്തിൽ അതിരുകടക്കരുത്)
പടച്ചവനെ കുറിച്ച് സത്യമല്ലാതെ പറയരുതെന്നും ദൈവപുത്രൻ എന്നതിനേക്കാൾ ഈസാ (അ) ക്ക് ചേരുക അല്ലാഹുവിന്റെ അടിമ എന്ന പ്രയോഗമാണെന്നും ആ വിശേഷണം ഒരിക്കലും ദൈവദാസർക്ക് ഒരിക്കലും നാണക്കേടല്ലെന്നും ഉണർത്തുകയാണ് തുടർന്നുള്ള സൂക്തങ്ങളിൽ ഖുർആൻ ചെയ്യുന്നത്. തുടർന്ന് എല്ലാ ദിവ്യപ്രോക്ത ഗ്രന്ഥങ്ങളിലും വിശ്വസിക്കാനും അവന്റെ പാശത്തോട് ചേർന്നു നിൽക്കാനും അതിനെ മുറുകെ പിടിക്കാനും ലോകത്തുള്ള എല്ലാവരേയും ക്ഷണിക്കുന്നു. (175)

ശേഷം ഖുർആനിക പ്രഭാഷണം സൂറ: യുടെ തുടക്കത്തിലെ തനത് ശൈലിയിലേക്ക് തിരിയുന്നു. ‘ദായക്രമത്തിലെ പ്രശ്‌നമായ ‘കലാല’യുടെ വിഷയത്തില്‍ നിന്നോടവര്‍ മതവിധി തേടുന്നു. നീ പറഞ്ഞേക്കുക. അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി ‘… (176)എന്ന അനന്തരാവകാശികളായി സഹോദരി / സഹോദരിമാർ മാത്രമുള്ള വിരളം കേസുകളെ എങ്ങിനെ ആണു സമീപിക്കേണ്ടതെന്ന , തുടക്കവുമായി ബന്ധിപ്പിക്കുന്ന കർമശാസ്ത്ര പരാമർശത്തോടെ ഈ അധ്യായം സമാപിക്കുന്നു.

തുടർന്ന് സൂറ: മാഇദ ആരംഭിക്കുന്നു. വാക്ക് സൂചിപ്പിക്കുന്നതു പോലെ സുപ്ര സംബന്ധിയാണ് അധ്യായം . ഖുർആൻ ദീനിനെ നിർവചിച്ചത് ഇവിടെ ചുരുക്കിപ്പറയാം: ഉറപ്പായും അല്ലാഹുവിങ്കല്‍ ദീൻ എന്നാല്‍ ഇസ്ലാംതന്നെ ….. (3 : 19) ഇവിടെ റബ്ബ് പറഞ്ഞ ദീൻ എന്നാൽ സമ്പൂർണ ജീവിത വ്യവസ്ഥയാണ്. അല്ലാഹുവിങ്കൽ സ്വീകാര്യമായ ജീവിത വ്യവസ്ഥ ഇസ് ലാം ആണെന്നർത്ഥം. ഇനി ഏതെങ്കിലുമൊരു വ്യവസ്ഥ പൂർണ്ണമായും അംഗീകരിച്ച് ആരെങ്കിലും അതനുസരിച്ച് ജീവിക്കുന്നതിനെയും നമുക്ക് ഭാഷാർഥത്തിൽ ദീൻ എന്നു പറയാം. അതു കൊണ്ടാണ് അല്ലാഹു 3 : 83 ൽ ആ പദം ഉപയോഗിച്ചത്.

നിയമവ്യവസ്ഥ അഥവാ ശരീഅത് എന്ന നിലയിലും സൂറ: മാഇദയിൽ ദീൻ വന്നിട്ടുണ്ട്. ആ ശരീഅത് നിയമങ്ങളെ വിട്ട് തന്നിഷ്ടങ്ങളെ പിൻപറ്റരുത് എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത് : പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. ( 5: 48)

ആഹാര പാനീയങ്ങളിലെ അനുവാദത്തെയും നിഷിദ്ധതയെയും പരാമർശിക്കുന്നിടത്ത് ഖുർആൻ ദീൻ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അഥവാ പള്ളിയുമായി ബന്ധപ്പെട്ടവ മാത്രമല്ല പള്ളയുമായി ബന്ധപ്പെട്ട സംഗതികളും ദീനിന്റെ അകൗണ്ടിലാണ് ഖുർആൻ എണ്ണുന്നത് എന്നർഥം.

‘ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ളേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന്‍ തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.’ ( 5 : 3)

അല്ലാഹുവിൻ്റെ ദീനിൻ്റെ ഭാഗമായ മാനുഷിക ഗുണങ്ങളെ പരാമർശിക്കുന്ന അവസരങ്ങളിലും അല്ലാഹു ദീൻ എന്ന പദം ഉപയോഗിച്ചിട്ടുള്ളതായി കാണാം. ‘ദീനിനെ’ നിഷേധിക്കുന്നവനെ നീ കണ്ടോ? അത് അനാഥരെ ആട്ടിയകറ്റുന്നവനാണ്. അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. (107 : 1, 2,3)

ഇവിടെ അനാഥസംരക്ഷണത്തിൽ നിന്ന് മാറിനിൽക്കുന്നതും അവരെ പരിഗണിക്കാത്തതും ദീൻ നിഷേധമായി ഖുർആൻ പറയുന്നു.

രാഷ്ട്രീയാധിപത്യത്തെയും ഒന്നിലധികം സ്ഥലങ്ങളിൽ ഖുർആൻ ദീൻ എന്ന് പറഞ്ഞിരിക്കുന്നു : മര്‍ദ്ദനം ഇല്ലാതാവുകയും “ദീന്‍” അല്ലാഹുവിന്റേതായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. ( 2 : 193).ഇതേ ആശയം തന്നെ ഖുർആൻ സൂറ: അൻഫാൽ: 39 ലും കാണാം

ഇസ്‌ലാമിൽ രാഷ്ട്രം കുറ്റവാളികൾക്ക് നൽകേണ്ട ശിക്ഷയെ വിശദമാക്കുന്നിടത്തും അതേ പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത് :
വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ ‘ദീൻ’ നടപ്പാക്കുന്നകാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ… (24 :2)

ഇനി ഇസ് ലാമിലെ വിശ്വാസ കാര്യങ്ങളും ആരാധനാകാര്യങ്ങളായ നമസ്കാരം, സക്കാത്ത് …. തുടങ്ങിയ കേവല ആരാധനാ കാര്യങ്ങളെയും ഖുർആനും നബി(സ) യും ദീൻ എന്ന് പറഞ്ഞിട്ടുണ്ട്. ( നോക്കുക ഖുർആൻ 98:5)

സൂറ : മാഇദ നിഷിദ്ധ ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുന്നതു പോലെ അഹ്‌ലുകിതാബുമായുള്ള വിവാഹ / ഭക്ഷണ പ്രശ്നങ്ങളേയും പരാമർശിക്കുന്നു. വുദു, തയമ്മും , കുളി എന്നിങ്ങനെ തീർത്തും കർമശാസ്ത്ര സംബന്ധിയായ വിഷയങ്ങളേയും ഖുർആൻ തുല്യ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നത് (5:5-7)

ഇതെല്ലാമുൾചേർന്നിരിക്കുന്ന ദീനിനെ പ്രവാചകൻ മുഹമ്മദിന്റെ (സ) മിഷനോടെ ഹജ്ജതുൽ വിദാഇൽ വെച്ച് പൂർത്തീകരിക്കുന്നുവെന്നും അവ മുഴുവൻ അനുഗ്രഹങ്ങളാണെന്നും റബ്ബിന്റെ സംതൃപ്തി നൽകുന്നസംഗതികളാണിവയെല്ലാമെന്നുമാണ് മാഇദ സൂറ: തുടക്കത്തിലേ പറഞ്ഞു വെക്കുന്നത്.

തുടർന്ന് 6ആം സൂക്തത്തിൽ ഇസ്രായേൽ മക്കൾ മുമ്പ് ഏറ്റെടുത്ത ഉടമ്പടിയും, അത് ലംഘിക്കാൻ അവർ ധൈര്യപ്പെട്ടതും, അതിനെ ഒറ്റിക്കൊടുക്കുന്നതിന്റെ ഫലമായി അവർ അനുഭവിച്ച തിക്തകാര്യങ്ങളും സൂചിപ്പിക്കുന്നു.

നന്മകളിലുള്ള സഹകരണവും പ്രോത്സാഹനവും നീതി നിർവ്വഹണത്തിലുള്ള ധീരതയും പ്രതിബദ്ധതയും ഇച്ഛാശക്തിയും വിശ്വാസികളുടെ സാമൂഹികപരതയുടെ ഭാഗമായി ആദ്യ സൂക്തം മുതൽ ഒമ്പതാമത് സൂക്തം വരെ നിറഞ്ഞു നിൽക്കുന്ന അധ്യാപനങ്ങൾ മാഇദ സൂറ:യുടെ അന്തർധാരയാണ്. തആവുൻ / സഹകരണം, ശഹാദ : ബിൽ ഖിസ്ത്വ് / നീതിക്കുവേണ്ടിയുള്ള സാക്ഷ്യം എന്നിവ മറന്നു കൊണ്ടുള്ള ഒരു ദീനും ദീനല്ല എന്ന പാഠം ഈ സൂക്തങ്ങൾ വിശ്വാസികളെ ഉണർത്തുന്നുണ്ട് . അതിനാവശ്യമായ സുരക്ഷിതവും സംരക്ഷിതവുമായ സമൂഹം നിലനിൽക്കാൻ മൂന്ന് അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട് സൂറ:
1- ജീവിത സുരക്ഷ, 2- ധനത്തിന്റെ സുരക്ഷ,
3 – മാർഗങ്ങളുടെ സുരക്ഷ .
ഇസ്റാഈൽ സന്തതികൾ ജീവിച്ച നാൾവഴികൾ ചുരുക്കിപ്പറഞ്ഞുകൊണ്ട് പ്രസ്തുത അടിസ്ഥാനങ്ങൾ ആദ്യ മൂന്നു പേജുകളിലായി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ആദമിന്റെ രണ്ട് പുത്രന്മാരുടെ (ഹാബീൽ, ഖാബീൽ ) ചരിത്രം വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ചത് കേവലം ഭക്തിമാർഗങ്ങൾ പഠിപ്പിക്കാനല്ല. പ്രത്യുത, പ്രതിസന്ധികളെ എങ്ങിനെ നേരിടാമെന്ന ജീവസ്സുറ്റ പാഠങ്ങളാണ് 27 – 32 സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്.

സമൂഹത്തെ ഛിദ്രമാക്കുന്ന കുലംകുത്തികളെ ഏതു കാലത്തും കാത്തിരിക്കുന്നത് നാശമാണെന്നും മോഷണം പോലെയുള്ള ക്രൈമുകളെ മുളയിലേ നുള്ളിക്കളയൽ സുഭദ്ര സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നും കട്ടുകേൾക്കലും ഗോസിപ്പുകൾ പരത്തലും സംഭവങ്ങളെ പൊടിപ്പും തൊങ്ങലും ചേർത്ത് സമൂഹ സമക്ഷം അവതരിപ്പിക്കലുമെല്ലാം ആരോഗ്യപൂർണമായ സമൂഹത്തിന്റെ ലക്ഷണമല്ലായെന്നും 41 വരെയുള്ള ആയതുകൾ നമ്മെ പഠിപ്പിക്കുന്നു. ഇത്തരം സ്വഭാവദൂഷ്യങ്ങളാണ് മുൻ കഴിഞ്ഞ ജനതതികളെ നാമാവശേഷമാക്കിയതെന്ന് മദീനയുള്ള ജൂതർക്ക് പരിചയമുള്ള ചരിത്രമനുസ്മരിച്ച് അവരെയും മറ്റുള്ളവരേയും ഉണർത്തുക കൂടി ചെയ്യുന്നു. (42-43)

അല്ലാഹുവിന്റെ പരമാധികാരം (ഹാകിമിയ്യത് ) അംഗീകരിക്കാതെ , അവൻ അവതരിപ്പിച്ചതല്ലാത്ത വ്യവസ്ഥകൾ/ഗ്രന്ഥങ്ങൾ കൊണ്ടുള്ള വിധി കുഫ്റും ളുൽമും ഫിസ്ഖും (നിഷേധം,അക്രമം, തെമ്മാടിത്തം) എന്ന മഹാവ്യാധികളും ആണെന്ന പ്രഖ്യാപനമാണ് 44 -47 സൂക്തങ്ങളിലുള്ളത്. ഈ രോഗങ്ങളായിരുന്നു മിക്കവാറും വേദക്കാരെ ബാധിച്ചതെന്ന് 66 വരെയുള്ള സൂക്തങ്ങളിലൂടെ റബ്ബ് പറയാതെ പറയുന്നുണ്ട്. ശേഷം ഉള്ളത് ഉള്ളത് പോലെ എത്തിച്ചു കൊടുക്കുക (ബലാഗ് , ദഅ് വത്)എന്ന ഉത്തരവാദിത്വമാണ് താങ്കളിൽ അർപ്പിതമായിരിക്കുന്നതെന്ന് ശക്തമായ ഭാഷയിൽ തന്നെ ഉണർത്തുകയാണ് 67-ാം ആയത്.

ജൂതനായാലും കൃസ്ത്യാനിയായാലും മറ്റേതു മതസ്ഥനായാലും നന്മയുടെ വിധിയല്ല ഭൂമിയിൽ ആഗ്രഹിക്കുന്നതെങ്കിൽ അവരുടെ അഭിപ്രായങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവന്റെ ഹാകിമിയ്യത്ത് / Supreme sovereignty അംഗീകരിച്ചാൽ പിന്നീട് പേടിക്കേണ്ടിവരുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ലെന്നും ചരിത്രത്തിൽ അവരോട് ചെയ്ത ഉടമ്പടിയെടുത്ത് ഓർമപ്പെടുത്തുകയാണ് റബ്ബ് തുടർന്നുള്ള മൂന്നു സൂക്തങ്ങളിൽ ചെയ്യുന്നത്. ഈസയെ ദൈവപുത്രനായി കാണലിന്റേയും മർയമിന്റെ ദൈവമാതാവായി വാഴിക്കലിന്റെയും ത്രിയേകത്വത്തിന്റെയും കുരിശുപൂജയുടേയും പരിണതി കുഫ്ർ / ശിർക് (നിഷേധം / ബഹുദൈവത്വം )എന്ന് ശക്തമായി പ്രഖ്യാപിക്കുന്നതോടൊപ്പം തിന്മകൾ കണ്ടിട്ടും കാണാതെ പോയ ധിക്കാരത്തെ എടുത്ത് കൈകാര്യം ചെയ്യുന്നതോടൊപ്പം അവരിലെ ശാത്രവത്തിന്റെ ഏറ്റക്കുറച്ചിലിലേക്കും അവരിലെ ദൈവ ഭക്തരായ പണ്ഡിതന്മാരിലെ ഭക്തിയേയും വിരക്ത ജീവിതത്തേയും പ്രത്യേകം ശ്ലാഘിക്കുവാൻ നാഥൻ തീരെ ലുബ്ധ് കാണിക്കുന്നില്ല (ഇതേ വിഷയം 3: 113 ൽ വന്നിട്ടുണ്ട് ) എന്നത് ജുസ്ഇലെ അവസാന സൂക്തങ്ങൾ ( 71 – 83) വ്യക്തമാക്കുന്നു.

സൂറ: മാഇദയിൽ ശരീഅത്തിന്റെ അഞ്ച് ലക്ഷ്യങ്ങൾ (مقاصد الشريعة) ദീക്ഷിക്കപ്പെട്ടിരിക്കുന്നു. ദീൻ , ആത്മാവ്, അഭിമാനം, ധനം, ബുദ്ധി (حفظ الدين والنفس والعرض والمال والعقل) എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചില ആയതുകൾ നമുക്കതിൽ കാണാം : ഉദാ: മത പരിത്യാഗത്തിന്റെ ശിക്ഷ ദീനിന്റെ സംരക്ഷണവും (5:54) ഖിസ്വാസ്, ആഭ്യന്തര കലഹം / ചാരപ്പണി എന്നിവയുടെ ശിക്ഷ ആത്മാവിന്റെ സംരക്ഷണവും (5:31, 33 , 45)
മോഷണത്തിന്റെ ശിക്ഷ ധനത്തിന്റെ സംരക്ഷണവും (5:38) അടുത്ത ജുസ്ഇൽ വരുന്ന മദ്യനിരോധം ബുദ്ധിയുടെ സംരക്ഷണത്തിന്റെ (5:90) പരിധിയിലുമാണ് വരുന്നത്.

Related Articles