Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 5

അഞ്ചാം ജുസുഇൽ സൂറത്തുന്നിസാഇലെ 24 മുതൽ 147 വരെയുള്ളവയിൽ “അഞ്ചു ആയതുകൾ ഇഹലോകം മുഴുവനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണ് ” എന്ന ആശയത്തിൽ അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് (റ) താഴെ കാണുന്ന വചനങ്ങളെ എണ്ണിയതായി ഇബ്‌നുജരീർ (റ) ഉദ്ധരിക്കുന്നു :

(1) മഹാപാപങ്ങളെ ഉപേക്ഷിക്കുന്ന പക്ഷം മറ്റു തിന്മകൾക്ക് അല്ലാഹു മാപ്പു നൽകുമെന്നു കാണിക്കുന്ന 31-ാം വചനവും,
(2) അല്ലാഹു അണുവോളം അനീതി ചെയ്കയില്ലെന്നും, ഓരോ നന്മയെയും അവൻ ഇരട്ടിപ്പിച്ചു വലുതാക്കുമെന്നും കാണിക്കുന്ന 40-ാം വചനവും.
(3, 4) ശിർക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുമെന്നു പ്രസ്താവിക്കുന്ന 48 ഉം 116 ഉം വചനങ്ങളും,
(5) വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവർ പാപമോചനം തേടിയാൽ അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുമെന്നു കാണിക്കുന്ന 110-ാം വചനവും, ഹാകിം(റ) ഉദ്ധരിച്ച രിവായതിൽ ഈ അവസാനത്തെ വചനത്തിൻറെ സ്ഥാനത്ത് 64-ാം വചനമാണുള്ളത്. കൂടാതെ, “സൂറത്തുന്നിസാഇലെ എട്ട് ആയതുകൾ ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെക്കാൾ ഉത്തമമാണ് ” എന്ന അർത്ഥത്തിൽ അബ്ദുല്ലാഹ് ഇബ്‌നു അബ്ബാസ് (റ)ൽ നിന്നു മറ്റൊരു രിവായതും ഇബ്‌നുജരീർ (റ) ഉദ്ധരിച്ചിരിക്കുന്നു. ഉപരിസൂചിത അഞ്ചു വചനങ്ങൾക്ക് പുറമെ, 26, 27, 28 എന്നീ വചനങ്ങളും കൂടിയാണ് അതിൽ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ആ വചനങ്ങളെല്ലാം തന്നെ അല്ലാഹുവിൻറെ അതിമഹത്തായ അനുഗ്രഹത്തെയും അളവറ്റ കാരുണ്യത്തെയും കുറിക്കുന്നവയാകുന്നു. അവ മനുഷ്യർക്ക് വമ്പിച്ച പ്രതീക്ഷയും ആവേശവും ജനിപ്പിക്കുന്ന സന്തോഷവാർത്തകളാണ്

സൂറ: നിസാഇന്റെ ലക്ഷ്യങ്ങൾ‌ മറ്റു സൂറകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം ഇത്‌ മറ്റു സൂറകളേക്കാൾ കൂടുതൽ ശരീഅത്ത് വിധികൾ‌ ഉൾകൊള്ളുന്നതാണ്. വിശിഷ്യാ സ്ത്രീജന്യ വിഷയങ്ങളിൽ ..സൂറ: നൂർ, സൂറ: ത്വലാഖ് എന്നീ അധ്യായങ്ങളേക്കാൾ പ്രസ്തുത വിഷയത്തിന്റെ ഊന്നൽ ഈ ഭാഗത്ത് നമുക്ക് കാണാം.

ഒരു വ്യക്തിയുടെ ലൈംഗിക ചാരിത്ര്യഭദ്രതയെ ഇഹ്സ്വാൻ എന്ന പദം ഉപയോഗിച്ചാണ് ഖുർആനിൽ മുഴുവൻ പരാമർശിക്കുന്നത്. സദാചാര ധാർമ്മിക മൂല്യങ്ങളുടെ കൂട്ടത്തിൽ വളരെ വിലമതിക്കപ്പെടുന്നതാണ് ലൈംഗിക/ചാരിത്ര്യ വിശുദ്ധി. ഓരോ വ്യക്തിയുടെയും സാമൂഹിക ചുറ്റുപാട് അയാളുടെ ലൈംഗിക വിശുദ്ധിയെ സംരക്ഷിക്കുന്നു. ‘ഗുഹ്യാവയവം വിഹിതമോ അവിഹിതമോ ആയ വേഴ്ചയ്ക്ക് ഉപയോഗിക്കാത്ത സ്ത്രീ’ (അല്ലതീ അഹ്സ്വനത് ഫർജഹാ) യാണ് മർയം(21 /91 , 66 /12 ). ഇതിന്റെ കർമ്മനാമം മുഹ്സ്വനത്. മർയം ബീവി മുഹ്സ്വനത് ആണെന്ന് പറഞ്ഞാൽ, ആരുടെയും കടന്നുകയറ്റത്തിന് അനുവദിക്കാതെ ചാരിത്രം ഭദ്രമായി കാത്തു സൂക്ഷിച്ചവൾ എന്ന അർത്ഥമാണ് ലഭ്യമാവുന്നത്.
പാതിവ്രത്യ / പതിവ്രതാധർമജ്ഞാന കോട്ടക്കുള്ളിൽ സുരക്ഷിതയായ സ്ത്രീയാണ് വിശ്വാസിനി എന്ന മഹത്തായ സങ്കല്പമാണ് ഈ പദ പ്രയോഗത്തിന് കാരണം.

നിസാഅ് 24 ലെ ‘വൽ മുഹ്സ്വനാത്ത്’ ഭർതൃമതിയായ സ്വതന്ത്രസ്ത്രീകളാണ്. അവരെ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൂടാ. നിസാഅ് 25 ലെ ആദ്യ മുഹ്സ്വനാത്ത് സ്വതന്ത്രരായ ഭർതൃ രഹിതർ ആണ്. സ്വതന്ത്ര കന്യകമാർ എന്ന അർഥമാണ് അവിടെ കൂടുതൽ ഉചിതം.

ഈ സൂറ: മുസ്ലിം കുടുംബ നിയമത്തിലെ (Personal law ) ത്വലാഖിനുള്ള പ്രോട്ടോക്കോളുകൾ ഏറെക്കുറെ വിശദീകരിക്കുന്നുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിരവധി നടപടികൾ അവയിൽ ഉൾചേർന്നിരിക്കുന്നുവെന്നും നമ്മെ ഉണർത്തുന്നു. കുടുംബ വിഷയങ്ങളല്ലാത്ത മറ്റു ചില സുപ്രധാന വിഷയങ്ങളും ഈ ജുസുഅ് നമ്മെ പഠിപ്പിക്കുന്നു :

“പരസ്പര തൃപ്തിയിലൂടെ” വാണിജ്യത്തിൽ ഏർപ്പെടാൻ അല്ലാഹു വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു (4:29)
മറ്റൊരു വ്യക്തിയുടെ വസ്തുക്കൾ മോഹിക്കരുതെന്ന് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു (4:32).

ആ വിധികളെക്കുറിച്ച് അറിവില്ലാത്തവർക്ക് ആ മേഖലയിൽ വിദ്യാഭ്യാസം നല്കുന്നതോടൊപ്പം ജാഹിലിയ്യാ കാലത്ത് ചില തെറ്റുകൾ വരുത്തിയവരായ വിശ്വാസികളുടെ മാനസാന്തരത്തിന്റെ വാതിൽ തുറന്ന് അവരെ തൗബയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട് സൂറ:.
കപടന്മാരെ അവരുടെ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാമെന്നുണർത്തുകയും ചെയ്യുന്നുണ്ടത്. പിശുക്കിന്റെ മൂർത്തീമദ്ഭാവങ്ങൾ (4:37) അല്ലാഹുവിനെ വഞ്ചിക്കുന്നവർ (4: 142 ) എന്നീ പ്രയോഗങ്ങളിലൂടെ ഈ സൂറ: അവർക്ക് പ്രത്യേക മുദ്ര നല്കുന്നുണ്ട് .കപടവിശ്വാസികൾക്കെതിരെ യഥാർഥ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് ഈ ജുസുഅ് ഒന്നാകെ. അവർ വിശ്വാസമുള്ളവരാണെന്ന് നടിക്കുകയും ഇസ്ലാമിനെതിരെ രഹസ്യമായി ഗൂഡാലോചന നടത്തുകയും ചെയ്യുന്നു. ഈ വെളിപ്പെടുത്തലിന്റെ സമയത്ത് ഇന്നത്തെ പോലെ മുസ്ലീം സമുദായത്തെ ഉള്ളിൽ നിന്ന് നശിപ്പിക്കാൻ ഗൂഡാലോചന നടത്തിയ ഒരു കൂട്ടം തുരപ്പജന്മങ്ങളുണ്ടായിരുന്നു മദീനത്ത്. അവരുമായി പറ്റുമെങ്കിൽ അനുരഞ്ജനം നടത്താനും അവരുമായി ഉണ്ടാക്കിയ ഉടമ്പടികളെ പരിഗണിക്കാനും ഖുർആൻ പൂർണ്ണ വിശ്വാസികളോട് നിർദ്ദേശിക്കുന്നു. എന്നാൽ അവർ നമ്മെ ഒറ്റിക്കൊടുക്കുകയും നമ്മോട് പോരാടുകയും ചെയ്താൽ ശക്തമായി പ്രതിരോധിക്കാനുള്ള അനുമതിയും (4: 89-90) അന്നേ ലഭിച്ചിട്ടുണ്ട്.

നിസാഅ് 58-ാം സൂക്തത്തിൽ ഉത്തരവാദിത്തങ്ങൾ/അമാനതുകൾ നിർവഹിക്കാനുള്ള കൽപ്പനയുടെ ഊന്നലുകൾ കാണാം. തുടർന്ന് 76-ാം സൂക്തത്തിൽ നമ്മുടെ സമരങ്ങളും ത്യാഗങ്ങളുമെല്ലാം തീർത്തും ദൈവമാർഗത്തിലാവണമെന്നും അല്ലാത്തവ നിഷേധികളുടെ സമരമാർഗമാണെന്നും ഉണർത്തുന്നുണ്ട്.

എല്ലാറ്റിനുമുപരിയായി, വിശ്വാസികൾ സദാ നീതി പുലർത്താനും നീതിക്കായി നിലകൊള്ളാനും വിവിധ സൂറകളിൽ ഖുർആൻ ആഹ്വാനം ചെയ്തതിനേക്കാൾ ശക്തിയിൽ ഈ സൂറ: ആഹ്വാനം ചെയ്യുന്നു:

വിശ്വസിച്ചവരേ , നിങ്ങൾ അല്ലാഹുവിനു വേണ്ടി സാക്ഷികളായ നിലയിൽ, നീതിമുറയെ നിലനിർത്തിപ്പോരുന്നവരായിരിക്കുവിൻ. നിങ്ങളുടെ (സ്വന്തം) ദേഹങ്ങൾക്കോ, അല്ലെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത കുടുംബങ്ങൾക്കുമോ എതിരായാലും ശരി. അയാൾ ധനികനോ, ദരിദ്രനോ ആയിരുന്നാൽ [രണ്ടായാലും] അല്ലാഹു ആ രണ്ടാളുമായും അധികം ബന്ധപ്പെട്ടവനാകുന്നു. അതിനാൽ, നീതിപാലിക്കുന്നതിനു (വിഘാതമായി) നിങ്ങൾ ഇച്ഛയെ പിൻപറ്റരുത്. നിങ്ങൾ വളച്ചു തിരിക്കുകയോ, തിരിഞ്ഞുകളയുകയോ ചെയ്യുന്നപക്ഷം, അപ്പോൾ (നിങ്ങൾ ഓർക്കണം) നിശ്ചയമായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (4: 135)

ശേഷം കപടരോടും അവിശ്വാസികളോടും പുലർത്തേണ്ട സാമൂഹ്യ അകലത്തെ കുറിച്ച് സൂറ: മുന്നറിയിപ്പ് നൽകുന്നു.തുടർന്ന് ഈ നിർദ്ദേശങ്ങൾ പാലിക്കുന്ന നന്ദിയുള്ള സുഭഗരായ വിശ്വാസികൾക്ക് നാളെ ലഭ്യമാവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള സന്തോഷവാർത്തയോടെ ജുസുഅ് സമാപിക്കുന്നു.

Related Articles