Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 4

ആദ്യ മൂന്നു ജുസുഉകളിലും വന്ന അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക ( ഇൻഫാഖ് ) എന്ന പാഠത്തിന്റെ recorrence / തനിയാവർത്തനമാണ് 3: 92ാം സൂക്തം. ഈ ആയതാണ് നാലാം ജുസുഇന്റെ തുടക്കമെന്നാണ് ചില ഖാരിഉകളുടെ അഭിപ്രായം. എന്നാൽ “എല്ലാ ഭക്ഷണവും ഇസ്രായേൽ മക്കൾക്ക് ഹലാലായിരുന്നു …. “(കുല്ലുത്ത്വആമി ) എന്ന തൊട്ടടുത്ത (3:93) ആയത്തിലാണ് ഈ ജുസ്ഇന്റെ ആരംഭമെന്ന പക്ഷവുമുണ്ട്. ജുസ്അ്, ഹിസ്ബ്, റുബ്അ് എന്നിവ ഇജ്തിഹാദിയായത് കൊണ്ട് തന്നെ രണ്ടു വാദങ്ങൾക്കും വകുപ്പുണ്ട് താനും.

ഹസ്രത് അബൂത്വൽഹ (റ) ധനികനായ ഒരു സ്വഹാബിയായിരുന്നു. തന്റെ ഈടുവെപ്പുകളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറുഹാ’ എന്ന തോട്ടമായിരുന്നു. മസ്ജിദുന്നബവിയുടെ മുൻവശത്തായിരുന്നു അത്. നബി (സ) ഇടയ്‌ക്കൊക്കെ ആ തോട്ടത്തിലേക്ക് കടക്കും. അതിലെ അരുവിയിൽനിന്ന് കുടിക്കും, ഈത്തപ്പഴം ആസ്വദിക്കും. ഒരിക്കൽ തോട്ടത്തിൽ വെച്ച് അബൂത്വൽഹക്ക് നമസ്കാരത്തിനിടയിൽ ചിന്തമാറിപ്പോയി , ഭൗതികാനുഗ്രഹങ്ങൾ നമസ്കാരത്തിൽ മനസ്സ് നിറഞ്ഞു . ആരാധനയുടെ ചൈതന്യത്തിൽ നിന്നും ഭൗതികതയുടെ മഞ്ഞളിപ്പിലേക്ക് മനസ്സ് പാഞ്ഞു.

താമസിയാതെ അദ്ദേഹം നബിക്കരികിലെത്തി. ”അല്ലാഹുവിന്റെ റസൂലേ, ‘നിങ്ങൾ ഇഷ്ടപ്പെടുന്നവയിൽനിന്ന് ചെലവഴിക്കാതെ നിങ്ങൾക്ക് പുണ്യം ലഭിക്കുകയില്ല’ എന്ന് അല്ലാഹു പറയുന്നു. എന്റെ സ്വത്തിൽ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടതാണ് ‘ബൈറുഹാ’. അത് ഞാൻ അല്ലാഹുവിന് നൽകുന്നു. അല്ലാഹുവിൽനിന്ന് അതിന്റെ പുണ്യവും നിക്ഷേപവും മാത്രം പ്രതീക്ഷിച്ചുകൊണ്ട്. അല്ലാഹു തോന്നിച്ച പ്രകാരം അങ്ങ് തീരുമാനിക്കുക.”

നബി (സ) പറഞ്ഞു: ”അതത്രെ ലാഭകരമായ ധനം ! ലാഭകരമായ ധനം. താങ്കളുടെ ആഗ്രഹം ഞാൻ കേട്ടു. പക്ഷേ, അത് താങ്കളുടെ കുടുംബക്കാർക്ക് വീതം വെക്കണമെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്.” അബൂത്വൽഹ (റ) പറഞ്ഞു: ‘ഞാൻ അങ്ങനെ ചെയ്തുകൊള്ളാം.’ അങ്ങനെ, അദ്ദേഹം തന്റെ എല്ലാമെല്ലാമായ ബൈറുഹാ തോട്ടം അടുത്ത കുടുംബങ്ങൾക്ക് ഭാഗിച്ചുകൊടുത്തു എന്ന സംഭവം 92)o ആയത്തിന്റെ വിശദീകരണത്തിൽ തഫ്സീറുകളിൽ കാണുന്നു.

ഈ ജുസ്ഇൽ രണ്ട് ഭാഗങ്ങളാണുള്ളത്: ആദ്യത്തേത് സൂറ: ആലു ഇമ്രാന്റെ ബാക്കി ഭാഗം, രണ്ടാമത്തേത് സൂറ: നിസാഇന്റെ ആരംഭത്തിലെ 23 വരെ സൂക്തങ്ങൾ .

സൂറ: ആലു ഇമ്രാനിലെ അവശേഷിക്കുന്ന ഭാഗത്ത് മദീനയിലെ മുസ്ലീം സമൂഹവും നിഷേധികളും തമ്മിലുള്ള വിവാദങ്ങളെക്കുറിച്ചും സായുധ യുദ്ധങ്ങളെക്കുറിച്ചും തുടർന്നുള്ള സംഭവങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്.

എന്നാൽ രണ്ടാം ഭാഗം കുടുംബ ജീവിതവുമായി ബന്ധപ്പെട്ടത് എന്ന് നമുക്ക് വിശേഷിപ്പിക്കാവുന്ന സൂറ: നിസാഇന്റെ ഭാഗമാണ്. മുസ്ലിം വ്യക്തി , മുസ്‌ലിം കുടുംബം, മുസ്‌ലിം സമൂഹം, മുസ്ലിം ലോകം എന്നിവയിലേക്കുള്ള സർപ്പിള ഗോവണി (Helix ) തലത്തിലുള്ള വളർച്ചയാണു നിസാഇലുള്ളത്. ദിവ്യത്വത്തിന്റെ ഏകതയും മാനവികതയുടെ ഐക്യവുമാണ് ഈ ജുസ്ഇന്റെ അടിസ്ഥാനം എന്ന് ചുരുക്കി പറയാൻ കഴിയും.

സംവാദമായാലും സായുധ യുദ്ധമായാലും മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ശരിയായ കാഴ്ചപ്പാട് കെട്ടിപ്പടുക്കുക, ഇസ്ലാമിക സാമൂഹിക സങ്കൽപ്പത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ മുസ്‌ലിം ഉമ്മത്തിനെ കെട്ടിപ്പടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയാണ് ആദ്യ ഭാഗത്തുള്ളത്. അതിനുപോൽബലകമായ ചരിത്ര സംഭവങ്ങളുടെയും (ഉദാ: ഉഹുദ് , ബദർ യുദ്ധങ്ങൾ) വസ്തുതകളുടെയും അവലോകനത്തിന് പുറമേ, മൗലികമായ ചില ചിന്തകളും ഈ ഭാഗം അനാവരണം ചെയ്യുന്നുണ്ട്.

സൂറ: ആലു ഇമ്രാന്റെ ഈ ഭാഗത്ത് ഇസ്രായേൽ മക്കൾക്ക് നിയമാനുസൃതവും വിലക്കപ്പെട്ടതുമായ ഭക്ഷണമേതെല്ലാമായിരുന്നു ? , പ്രവാചക കുലപതി ഇബ്രാഹീമിന്റെ ദർശനമെന്തായിരുന്നു ?, അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരുന്നു എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യേക വർത്തമാനങ്ങളാണു നല്കുന്നത് . കഅ്ബയുടെ ചരിത്രപരത , ഇബ്രാഹീമീ മാർഗത്തിന്റെ വ്യതിരിക്തതകൾ, ഐക്യത്തിന്റെ പ്രാധാന്യം, നന്മ സ്ഥാപിക്കുന്നതിന്റേയും തിന്മ വിപാടനം ചെയ്യുന്നതിന്റെയും ഗൗരവത്തെ കുറിച്ചും ഉണർത്തുന്നുണ്ട് ഈ ജുസ്അ്. ആ ധർമം നെഞ്ചിലേറ്റുന്ന സമൂഹമായി മാറേണ്ടതിന്റെ പ്രാധാന്യമാണ് 104 – 110 സൂക്തങ്ങൾ പ്രത്യക്ഷീകരിക്കുന്നത് എന്ന് ചുരുക്കിപ്പറയാം. ഉപരിസൂചിത ഇബ്രാഹീമീ / ഹനീഫിയതു സ്സംഹ / ഋജു മാർഗത്തിൽ നിന്ന് തെറ്റിയതാണ് മുൻ സമൂഹങ്ങളിലെ പണ്ഡിതരേയും പാമരേയും ഒരു പോലെ പിടികൂടിയ അപചയമെന്നാണ് തുടർന്നുള്ള ആയതുകൾ ഉണർത്തുന്നത്.

വേദഗ്രന്ഥത്തിന്റെ ആളുകൾ തുല്യരല്ല (3:113) എന്ന പ്രഖ്യാപനം നന്മയെ – അതെവിടെയായാലും -എടുത്തു പറയേണ്ടതുണ്ട് എന്ന നിലക്കാണ്. ബാക്കിയുള്ള വിഭാഗങ്ങൾ പിന്തുടർന്ന ധാർഷ്ട്യവും നന്ദികേടും ഒന്നൊന്നായി വിവരിക്കാതെ നന്മേച്ഛുക്കൾ ചെയ്യുന്നവയെ പുകഴ്ത്തിപ്പറയുന്നവയിൽ റബ്ബ് തീരെ ലുബ്ധ് കാണിക്കുന്നില്ല എന്ന് പ്രസ്തുത പരാമർശത്തിൽ നിന്നും മനസ്സിലാക്കാം.എന്നാൽ ഇസ്ലാമിനോടുള്ള വിദ്വേഷം ഉപേക്ഷിക്കാൻ തയ്യാറില്ലാത്ത പക്കാ നിഷേധികളുമായി ബിത്വാനത് അഥവാ അടുത്ത ചങ്ങാത്തം കാത്തു സൂക്ഷിക്കരുതെന്ന നയതന്ത്രപരമായ ചില സംഗതികൾ 117 – 121 സൂക്തങ്ങൾ പഠിപ്പിക്കുന്നുണ്ട്. തതുല്യമായ ചില . നിർദ്ദേശങ്ങൾ സൂറ: മുംതഹിനയിലും വരാനിരിക്കുന്നു.

122 മുതലുള്ള വാക്യങ്ങൾ വിശ്വാസികൾ വിജയം വരിക്കാനുള്ള മുന്നുപാധികളെ കുറിച്ചാണ് പറയുന്നത്. ബദറിലെ ജേതാക്കൾ എണ്ണക്കമ്മിയായിട്ടും എണ്ണപ്പെരുപ്പത്തെ അതിജീവിച്ച ചരിത്രം ദൈവിക സഹായത്തിന്റെ മാതൃകയായാണ് ഖുർആൻ സമർഥിക്കുന്നത്. തുടർന്ന് 133 മുതലുള്ള സൂക്തങ്ങൾ വിശ്വാസികൾ പരസ്പരം വെച്ചുപുലർത്തുന്ന നന്മകളിലുള്ള മാത്സര്യ ബുദ്ധിയെ പ്രചോദിപ്പിക്കുന്നതാണ്.തെറ്റായ ചിന്തകളുടെ അഗാധത്തിൽ വീഴാതിരിക്കാനും ദുഷിച്ച മോഹങ്ങളുടെ കെണിയിൽ പെടാതിരിക്കാനും അവ മുന്നറിയിപ്പ് നൽകുന്നു. വിശ്വാസത്തിന്റെ യാഥാർഥ്യത്തിലേക്ക് മടങ്ങിയാൽ മാപ്പുസാക്ഷിത്ത ബോധത്തോടെയല്ലാതെ തലയുയർത്തി ജീവിക്കാൻ കഴിയുമെന്ന് ഗതകാല സ്മരണകൾ അയവിറക്കി ബോധ്യപ്പെടുത്തുന്നു 145 വരെയുള്ള സൂക്തങ്ങൾ . വിശ്വാസം കൈമുതലായുള്ളവർ വിവിധ തലമുറകളിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ ജീവിതം അതിന്റെ തത്വങ്ങൾക്കനുസൃതമായി മുന്നോട്ട് കൊണ്ട്പോകുന്നു. ജീവിതം വിജയങ്ങളുടെയും പരാജയങ്ങളുടെയും പരമ്പരയാണ്. അതിന്റെ അനന്തരഫലവും അന്തിമവിജയവും ,പക്ഷേ വിശ്വാസികൾക്കുള്ളതാണ് എന്നും ഈ വാക്യങ്ങൾ ചുരുക്കി വ്യക്തമാക്കുന്നു.

തുടർന്ന് വർത്തമാനം ഉഹ്ദിനെക്കുറിച്ച് തുടരുന്നു. അതിൽ നിർഭാഗ്യവശാൽ ഉയർന്നുവന്ന വ്യത്യസ്തമായ, പരസ്പരവിരുദ്ധമായ നിലപാടുകൾ, യോദ്ധാക്കളുടെ ഉദ്ദേശ്യങ്ങൾ മുൻകൂട്ടി പറയുന്നുണ്ട്. ദുർബലമായ വിശ്വാസത്തിൽ നിന്ന് ഉത്ഭൂതമായ ഉഹുദിലെ ആദ്യ പരാജയത്തിന്റെ കാരണത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട് 151-157 ആയതുകളിൽ. സൂറ: ആലി ഇമ്രാന്റെ അവസാനത്തിൽ, യഥാർത്ഥ വിശ്വാസികൾ വിധേയമാകുന്ന ദൈവിക പരീക്ഷണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. സ്ഥാനത്തും അസ്ഥാനത്തും പുകഴ്ത്തപ്പെടുന്നത് ഇഷ്ടപ്പെടുന്ന പുതിയൊരു ജനുസ് (3: 188) ഇസ്ലാമിക സമൂഹത്തിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന വിധിവൈപരീത്യത്തെ കുറിച്ച് പടച്ചവൻ അവിടെ മുന്നറിയിപ്പ് നൽകുന്നുണ്ട് സൂറ: . ശേഷമാണ് പ്രപഞ്ചത്തെ മുഴുവൻ ഒരു സാകല്യമായി ഉപമിച്ച് അതിലുള്ള എല്ലാ കാര്യങ്ങളും ദൈവിക ദൃഷ്ടാന്തങ്ങൾ ആണെന്ന പ്രാർഥനാ ഭാവത്തോടെ സർവസ്വം സമർപ്പിക്കാനും തുടർന്ന് ആ സമർപ്പണ ബോധത്തിന് ഉൾക്കരുത്തേകുന്ന ഘടകങ്ങളേതെന്നും ഉണർത്തി ആലു ഇംറാൻ അധ്യായം കൃത്യം 200 സൂക്തങ്ങളിൽ സമാഹരിക്കുന്നു.

തുടർന്ന് മദനീ സൂറ: തന്നെയായ നിസാഇലെ 23 ആയതുകളിലായി ഇസ്‌ലാമിന്റെ ആത്യന്തിക ഭാവം പഠിപ്പിക്കുകയും അത് മാനവികതയുടെയും ജീവകാരുണ്യത്തിന്റെയും ദർശനമാണെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു .മനുഷ്യർക്കിടയിലെ ദുർബലരുടെയും ആലംബഹീനരുടെയും അവകാശങ്ങൾ, അവഗണനയ്ക്കും ആക്രമണത്തിനും ഇരയാകുന്നവർ, പിതാക്കന്മാർ നഷ്ടപ്പെട്ട അനാഥർ, തുടങ്ങി നമ്മുടെ സംരക്ഷണം, സഹതാപം, അനുകമ്പ എന്നീ ചിന്തകൾ സജീവമാക്കുന്ന അധ്യാപനങ്ങളാണ് ആദ്യ ആറു സൂക്തങ്ങളിൽ നല്കുന്നത്. മഹ്റിനെ കുറിച്ചുള്ള വളരെ സംക്ഷിപ്തമായ അധ്യാപനങ്ങളും വളരെ ചുരുങ്ങിയ പദങ്ങളിൽ നല്കുവാൻ സൂറ: നിസാഇനാവുന്നു. ആണിനും പെണ്ണിനും സമൂഹത്തിൽ ഒരുപോലെ കാണുന്ന ധന സമ്പാദനാവകാശങ്ങൾ വ്യക്തമാക്കി അവനും അവളും ആരാവട്ടെ അവരവർക്കവകാശപ്പെട്ട അനന്തരാവകാശ ഓഹരികൾ സംശയാതീതമായി പഠിപ്പിക്കുന്നുണ്ട് 10-14 ആയതുകളിൽ .

തുടർന്ന് 22 വരെയുള്ള സൂക്തങ്ങളിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വം, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഉടമ്പടികൾ, സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവരെ ഉപദ്രവിക്കുന്നതിൽ നിന്നും പുരുഷന്മാരെ ബോധവത്കരിച്ച് പിന്തിരിപ്പിക്കുന്നതും ഇവിടെ നമുക്ക് കാണാം. കുടുംബത്തിനകത്തുണ്ടാവുന്ന സൗന്ദര്യപ്പിണക്കങ്ങൾക്ക് ഖുർആൻ പറയുന്ന പരിഹാരങ്ങളോടൊപ്പം വിവാഹബന്ധം പുലർത്താൻ കഴിയുന്നതും നിഷിദ്ധമായതുമായ സ്ത്രീകളെ കുറിച്ച അതിസൂക്ഷ്മതലത്തിലുള്ള നിർദ്ദേശങ്ങളും നല്കുന്നുണ്ട് സ്ത്രീകൾ എന്ന് പേരും പ്രമേയവും ഒരുമിച്ച് വന്നിട്ടുള്ള ഈ അധ്യായം .

Related Articles