Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 3

രണ്ടു മഹാ ഭൂഖണ്ഡങ്ങൾ സന്ധിക്കുന്ന ഒരു മഹാ സാഗരമാണ് ഖുർആനിലെ മൂന്നാം ജുസുഅ്. സൂറതുൽ ബഖറയുടെ അവസാന ഭാഗത്തിന്റെ ഊന്നൽ പ്രവാചകന്മാകരെയും അവരോടുള്ള വിശ്വാസത്തെയും കുറിച്ച് സംസാരിക്കുന്നതാണ്. അതിനോടൊപ്പം സാമൂഹികവും ധാർമികവും സാമ്പത്തികവുമായ വശങ്ങളിൽ ബഖറ അധ്യായത്തിന്റെ പ്രധാന പ്രമേയത്തിന്റെ ( ഖിലാഫത് / അമാനത് / ഇമാമത്) ന്റെ തുടർച്ചയാണ് 253-286 സൂക്തങ്ങളും .

രണ്ടാം ഭാഗം സൂറത് ആൽ ഇമ്രാനിലെ ആദ്യ 91 ആയത്തുകളും ഉപരിസൂചിത നബിമാരെക്കുറിച്ചുള്ള അതേ വിഷയത്തിൽ തന്നെയാണ് ഊന്നുന്നത്.ഇബ്രഹാമി(അ)ന്റെ കുടുംബത്തിനോടൊപ്പം ഇമ്രാന്റെ കുടുംബത്തിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഈ അധ്യായത്തിലുണ്ട്. സൂറത്തിന്റെ പേര് പ്രസ്തുത കുടുംബത്തിന്റെ പരാമർശമുള്ളതിനാലാണ് എന്നാണ് പണ്ഡിത മതം.

എല്ലാ റസൂലുകളിലെയും വിശ്വാസത്തിന്റെ ആവശ്യകത ഉണർത്തുകയും നിർണ്ണയിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ മതവും ദൗത്യവും ഒന്നാണ് എന്നും നാഥൻ തന്റെ ദാസന്മാരിൽ നിന്ന് സ്വീകരിക്കുന്ന യഥാർത്ഥ ജീവിത വ്യവസ്ഥ “ഇസ്ലാം” മാത്രമാണെന്നും അവർ പ്രബോധനം നിർവ്വഹിച്ച സന്ദേശവും ഒന്നാണെന്നും ഖുർആനിൽ 3 ഡസനിലധികം സ്ഥലങ്ങളിൽ വ്യക്തമായി വിവരിക്കുന്നുണ്ട്.

സൂറ ബഖറയുടെ ഈ 255ാം സൂക്തം അഥവാ ആയതുൽ കുർസി അല്ലാഹുവിന്റെ പരമോന്നത ഗുണങ്ങളെയും അവന്റെ മനോഹരമായ പേരുകളെയും ചുരുങ്ങിയ പദങ്ങളിൽ വിശദീകരിക്കുന്നു. ദൈവികതയുടെ സവിശേഷതകളും മഹത്വവും ഉള്ളതു കൊണ്ടാണ്ട് സൂറതുൽ ഫാതിഹയെപ്പോലെ തന്നെ ഈ സൂക്തവും മനപ്പാഠമാക്കുന്നതിൽ മുസ്ലിം ഉമ്മത്ത് എക്കാലത്തും ശ്രദ്ധിക്കുന്നത്. സിഹ്ർ, കണ്ണേർ, പൈശാചികസ്പർശം, അസൂയ, മന്ത്രവാദം, മന്ത്രവാദികൾ എന്നിവയിൽ നിന്ന് ഈ ആയത് രക്ഷിക്കുന്നു എന്നും പാരായണം പതിവാക്കിയവനെ സ്വർഗത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒന്നും തടയില്ല എന്നും ഹദീസുകളിൽ കാണാം.

{لَا إِكْرَاهَ فِي الدِّينِ}
എന്ന പ്രഖ്യാപനം ഖുർആന്റെ നിലപാട് വ്യക്തമാക്കലാണ്. മത വിഷയങ്ങളിൽ കാർകശ്യം പ്രയോഗിക്കരുതെന്നാൽ നിർബന്ധപൂർവ്വം മതത്തിൽ പിടിച്ചു നിൽക്കാൻ പ്രേരിപ്പിക്കരുത് എന്ന് കൂടിയാണ് അർഥം. അഥവാ മത സ്വാതന്ത്ര്യത്തിന്റെ തുറന്ന പ്രഖ്യാപനമാണാസൂക്തം.

ചരിത്രത്തിൽ ദൈവികത അവകാശപ്പെട്ട നംറൂദിനോട് ഇബ്രാഹീം നബി (അ) യുടെ സംവാദവും അതിൽ അയാൾക്ക് പറ്റിയ തോൽവിയുമെല്ലാം ആവർത്തന വിരസമല്ലാത്ത വിധത്തിൽ തുടർന്നുള്ള സൂക്തങ്ങളിൽ (257-260)പരാമർശിച്ചിട്ടുണ്ട്. മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനും ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യം എങ്ങനെ തിരിച്ചറിയാമെന്നും കാണിക്കാൻ സർവ്വസമ്മതമായ ഇബ്രാഹീമീ സംഭവത്തോടൊപ്പം ഉസൈർ / അർമിയാഅ്/ ഖിദ്ർ എന്ന മഹാ ഗുരുവിനെ പറ്റി പേരടക്കം കൂടുതൽ പറയാതെ പറയുന്നു ഈ ജുസ്അ്.

യോഗ്യതയിലും പദവികളിലും അവർ പരസ്പരം ഉയർന്നവരാണെന്നും അവർ തമ്മിലുള്ള ഈ അന്തരം അവരുടെ സന്ദേശത്തിന്റെ സ്വഭാവത്തിലോ വിശ്വാസങ്ങളുടെ ഉള്ളടക്കത്തിലോ ഉള്ള അസമത്വമല്ല, പ്രത്യുത സർവശക്തനായ നാഥൻ അവർക്ക് നൽകുന്ന കഴിവുകളിലും ഗുണങ്ങളിലും ഉള്ള അന്തരം കൂടിയാണിത്.

അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നത് (ഇൻഫാഖ് ) ഈ അധ്യായത്തിന്റെ ആദ്യാവസാനം നിറഞ്ഞു നില്ക്കുന്ന സുപ്രധാന വിഷയമാണെന്ന് പറയാം. നിർബന്ധ സകാതിന്റെ ഓഹരി മിനിമമാണ്. സകാതിനു പുറമെ ഫൈഅ്, ഗനീമ, സ്വദഖ, ഹദ്‌യ, കഫ്ഫാറ, ഫിദ്‌യ തുടങ്ങിയ നിരവധി ഓഹരികൾ ഖുർആൻ നിശ്ചയിച്ചത് വേറെയുമുണ്ട്. ഫിത്വ്ർ സകാത്ത്, ഉദ്ഹിയ്യത്ത് തുടങ്ങിയവയും പൊതു സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഓഹരികൾ തന്നെയാണ്. വളരെ വിപുലമായ ഓഹരിയാണ് ഇൻഫാഖ്.

ഈ മാന്യമായ സാമൂഹിക കടമ നിറവേറ്റുന്നതിലൂടെ യാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നേർത്തു നേർത്തു ഇല്ലാതാവുന്നത്. വിശ്വാസികളെ ദാനധർമ്മത്തിന്റെയും ഇൻഫാഖിന്റെയും മര്യാദകൾ പഠിപ്പിക്കുന്നു, കഴിവുള്ളവരിൽ നിന്ന് നിസ്സഹായരിലേക്കും, ധനികരിൽ നിന്നും ദരിദ്രരിലേക്കും ഒഴുകുന്ന ഏതെങ്കിലും സീസണിൽ മാത്രമല്ലാത്ത പ്രതിഭാസമാണത്. അഥവാ ഒരുകാലത്തും കെട്ടിക്കിടക്കാത്ത ഒരു നദിയാവണം വിശ്വാസി എന്ന പാഠമാണ് ബഖറയിലും മറ്റു അധ്യായങ്ങളിലുമുള്ള ഇൻഫാഖ് നമ്മെ പഠിപ്പിക്കുന്നത്.

നീതി, ജീവനാംശം എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളും ജുസ്ഇന്റെ നാലാം പാദത്തിൽ കടന്നുവരുന്നു. വിശുദ്ധ ഖുർആൻ പലിശക്കെതിരെ ഏറ്റവും ശക്തമായ ബോധവത്കരണമാണ് നടത്തുന്നത്. ചൂഷണം ചെയ്യുന്ന ഷൈലോക്കുമാരെ ഏറ്റവും കഠിനമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. വിശ്വാസികളെ അവരുടെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ബന്ധങ്ങളും എന്തായിരിക്കണമെന്നും വ്യക്തമായ നിർദ്ദേശങ്ങൾ നല്കുന്നുണ്ട് 275 – 281 സൂക്തങ്ങൾ .

കടത്തിന്റെ വിഷയത്തെക്കുറിച്ചും അതിന്റെ രീതിയെക്കുറിച്ചും ഏറ്റവും വലിയ സൂക്തത്തിലൂടെ അതിന്റെ അതി സൂക്ഷ്മ (micro level) ഘട്ടങ്ങൾ വരെ അനാവരണം ചെയ്യുന്നത് 282ാം സൂക്തം ആയതുദ്‌ദൈനിൽ നമുക്ക് കാണാം.

മോഹങ്ങളോടുള്ള സ്നേഹവും അവയിലേക്കുള്ള ചായ്‌വും മനുഷ്യന്റെ സഹജാവബോധമാണ്, അവ ഒരുവശത്ത് അവനെ പ്രലോഭിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത്, അവയെ നിയന്ത്രിക്കുന്ന പാഠങ്ങളാണ് തുടർന്നുള്ള സൂക്തങ്ങൾ നല്കുന്നത്. വിശ്വാസത്തിന്റെ പൂർണത നൽകുന്നത് മുൻ പ്രവാചകന്മാരുടെ ജീവിതം ഉൾകൊള്ളുമ്പോഴാണെന്നും മനസ്സിന്റെ സംയമനം പാലിക്കുന്നത് ബോധപൂർവ്വം നാഥനോട് ചോദിച്ചു തന്നെ വാങ്ങേണ്ടതാണെന്നുമാണ് ബഖറയിലെ അവസാന സൂക്തങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

തുടർന്നു ആലു ഇംറാൻ സൂറ:യിലൂടെ വിശുദ്ധ ഖുർആൻ മറിയമിന്റെ ഗർഭധാരണത്തെക്കുറിച്ചും അവരുടെ പുത്രൻ (ദൈവപുത്രനല്ല )ഈസ (അ)ന്റെ ജനനത്തിന്റെ വിശേഷങ്ങളും സംക്ഷിപ്തമായി അനാവരണം ചെയ്യുന്നു. അവരെ ചുറ്റിപ്പറ്റിയുള്ള വഴിപിഴച്ച(ദാല്ലീൻ)വരുടെ എല്ലാ കെട്ടുകഥകളെയും സംശയങ്ങളെയും ഇല്ലാതാക്കുന്നു.

ദൈവഹിതം പൂർണമായും നിറവേറ്റുകയും പൂർണമായും റബ്ബിന്റെ അടുത്ത് സമർപ്പിതരായ ഒരു കുടുംബത്തെയാണ് (ആലു ഇംറാൻ)ഈ അധ്യായം അനാവരണം ചെയ്യുന്നത്. ആദം നബി മുതലുള്ള എല്ലാ പ്രവാചകരേയും ഈ കുടുംബവുമായി ബന്ധിപ്പിക്കുന്ന ذُرِّيَّةً بَعْضُهَا مِنْ بَعْض 3:34 എന്ന പ്രയോഗമാണ് ഖുർആൻ നടത്തുന്നത്. പരസ്പര ബന്ധിതങ്ങളായ കുടുംബ ശൃംഖലയാണതെന്നർഥം.

അല്ലാഹുവിന്റെ അടുക്കൽ മുൻഗണന ആത്മീയവും ധാർമ്മികവുമായ പരിഗണനയാണ്. അതിന് ലിംഗഭേദമോ വർണ്ണവുമാമോ യാതൊരു ബന്ധവുമില്ല എന്ന പ്രഖ്യാപനമാണ് ഖുർആൻ നടത്തുന്നത്.
: {إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ} 49:13
ഒരു അറബിക്ക് അനറബിയെക്കാൾ മുൻഗണന ഇല്ല എന്നും ചീപ്പിന്റെ പല്ലുകൾ പോലെ ജനങ്ങൾ തുല്യരാണ് എന്നും നിങ്ങൾ എല്ലാവരും ആദമിൽ നിന്നും ആദമാവട്ടെ മണ്ണിൽ നിന്നുമാണ് എന്നും പ്രവാചകൻ (സ) പഠിപ്പിച്ചത് അതേ ആശയമാണ്.

സൂറ: ആലു ഇമ്രാന്റെ ഈ ഭാഗം ഈസാ നബിയുടെ (അ) യുടെ പ്രബോധനത്തെ വികൃതമാക്കിയ മത വിഭാഗത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹ ത്തിന് വേദഗ്രന്ഥവും, വിധികർത്തൃ ത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നൽകുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: ‘നിങ്ങൾ അല്ലാഹുവിനല്ലാതെ -എനിക്ക്- അടിയാൻമാരായിരിക്കുവിൻ’ എന്ന് പറയുകയും ചെയ്യുക. ഇത് രണ്ടും കൂടി ഒരിക്കലും സംഭവിക്കുകയില്ല.] എങ്കിലും ‘നിങ്ങൾ വേദഗ്രന്ഥം പഠിപ്പിച്ച് വരുന്നതു കൊണ്ടും, നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടും നിങ്ങൾ ‘റബ്ബാനികൾ’ [മതോപദേഷ്ടാക്കൾ] ആയിത്തീരുവീൻ’ എന്നായിരിക്കും (അദ്ദേഹം പറയുക). 3:79 എന്ന സൂക്തത്തിലൂടെ ത്രിയേകത്വമോ കുരിശു പൂജയോ ഈസാ നബിയുടെ അധ്യാപനമല്ല എന്ന് സ്ഥാപിക്കുന്നതോടൊപ്പം സൂറ ഫാതിഹയിലെ ദാല്ലീൻ (വഴി പിഴച്ച ) എന്ന പ്രയോഗത്തിന് അവരെങ്ങിനെയാണ് അർഹതപ്പെട്ടത് എന്ന സർക്കാസമാണ് ഖുർആൻ പറയുന്നത്. എന്നാൽ അതിന് മുമ്പായി സത്യത്തെ അസത്യവുമായി കൂട്ടി കലർത്തുകയോ മറച്ചുവെക്കുകയോ ചെയ്യുന്ന ആർക്കും വരാവുന്ന പരിണതിയാണതെന്നും അല്ലാഹു സത്യത്തിൽ വഴി നടത്തുന്നത് അവന്റെ കാരുണ്യത്താൽ മാത്രമാണെന്നും ഉണർത്തുന്നത്തുകയും അവരിലെ നല്ല മനുഷ്യരുടെ നന്മകളെ പ്രത്യേകമെടുത്തു ശ്ലാഘിക്കുന്നുമുണ്ട് 75-ാം സൂക്തത്തിൽ .തുടർന്ന് 91 വരെയുള്ള സൂക്തങ്ങൾ അവരുടെ ജീവിതം ലഘുവായി വിവരിക്കുകയും അവരുടെ വിശ്വാസ വൈകല്യങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നു. അക്കൂട്ടത്തിലെ പശ്ചാത്താപ വിവശരായവർക്ക് തൗബയുടെ വാതായനങ്ങൾ മലർക്കെ തുറന്നു കിടക്കുന്നുവെന്ന സന്തോഷ വാർത്തയോടെയാണ് ഈ ജുസ്അ് പരിസമാപ്തി കുറിക്കുന്നത്.

Related Articles