Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 29

(تَبَارَكَ الَّذِي بِيَدِهِ الْمُلْك…) ഈ ജുസ്ഇലെ മുഴുവൻ സൂറ:കളും മക്കിയ്യാണ് എന്നത് ഒരു ആകസ്മികതയാവാം. കഴിഞ്ഞ ഭാഗം മുഴുവൻ മദനിയ്യാണെന്ന് നാം മനസ്സിലാക്കിയിരുന്നല്ലോ ?! എന്നാൽ സൂറ: ഇൻസാൻ മദനിയ്യാണെന്ന അഭിപ്രായവുമുണ്ട്. ഏക ദൈവ ബോധം,അല്ലാഹുവിലുള്ള വിശ്വാസം, പ്രവാചകന്മാർ,വഹ്‌യ് , പരലോകം, മനുഷ്യന്റെ സ്രഷ്ടാവുമായുള്ള ബന്ധം …. ഈ വിഷയങ്ങളെല്ലാം തന്നെ വിശ്വാസിയുടെ ഹൃദയത്തെ സജീവമായി നിലനിർത്തുകയും മറ്റു നിർമല ഹൃദയങ്ങളെ സ്പർശിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നതാണ്. ഈ ജുസ്ഇൽ സൂറ: മുൽക് മുതൽ മുർസലാത് വരെ 11 സൂറകളാണുള്ളത്.

1 ـ سورة الملك: സൂറ: മുൽക് അതിന്റെ ഉടമയ്ക്ക് ( പാരായണം ചെയ്യുന്നവർക്ക്) ഉയിർത്തെഴുന്നേൽപുനാളിൽ ശുപാർശ ചെയ്യുന്നുവെന്ന് പ്രബലമായ ഹദീഥുകളിൽ കാണാം. 30 ആയതുകളാണിതിലുള്ളത്.

പ്രപഞ്ചത്തിലെ സർവ്വ രംഗങ്ങളിലും അല്ലാഹുവിന്റെ അധികാരവും മഹത്വവും ശക്തിയും ദൃശ്യമാണ്.റബ്ബ് മനുഷ്യരെ പരീക്ഷിക്കുന്നതിനായി സൃഷ്ടിച്ചുവെന്നും മരണശേഷം വീണ്ടും ഉയിർത്തെഴുന്നേൽപിക്കുമെന്നും സൂറ:യിൽ ഉദ്ബോധിപ്പിക്കുന്നു. പ്രഞ്ചത്തിലെ അനുഗ്രഹങ്ങ
ളെ ചിത്രീകരിച്ച് കൊണ്ട് ഓർമ്മപ്പെടുത്തുന്നു ഓരോ വാചകവും.അവിശ്വാസികളുടെയും വിശ്വാസികളുടെയും പാരത്രിക ഗതിയെക്കുറിച്ചുള്ള വിവരണം വളരെ ഹൃദയ സ്പർശിയാണ്. പ്രവാചകനുമായുള്ള സംവാദവും
വിവാദ നിലപാടുകളിൽ അവർ പറഞ്ഞതിനോടുള്ള പ്രവാചകന്റെ പ്രതികരണങ്ങളും നമുക്ക് കാണാം. പ്രകൃതി പ്രതിഭാസങ്ങളുടെ വിസ്മയക്കാഴ്ചകൾ എല്ലാം ചേർന്ന് ഒരു രാജകീയ വിരുന്നാണ് അക്ഷരാർത്ഥത്തിൽ മുൽക് അധ്യായം.

2 ـ سورة القلم: വളരെ ചെറിയ വാക്യങ്ങളിലായി 52 സൂക്തങ്ങളാണ് ഖലം അധ്യായം.
بأيدي سفرة كرام بررة 80:15 മാന്യന്മാരായ ആ എഴുത്തുകാർ മാലാഖമാരാണെന്നു പ്രപഞ്ചത്തിലെ ചലന നിശ്ചലനങ്ങൾ രേഖപ്പെടുത്തുന്നതാണെന്നും بالقلم ( പേന കൊണ്ട് ) എന്ന് സൂറ: അലഖിൽ പറഞ്ഞ കേവലമായ അക്ഷരാർഥത്തിലാണെന്നും അഭിപ്രായങ്ങളുണ്ട്. സൂറതിൽ പ്രവാചകന്റെ ഹൃദയത്തിന് സാന്ത്വന മേവുന്ന ചില വിവരണങ്ങളാണ് സൂറ: യുടെ ആദ്യ ഭാഗം. നിഷേധികൾക്കെതിരായ ശക്തമായ മുന്നറിയിപ്പും, അവരെ കുറിച്ച് വിശ്വാസികൾക്ക് നല്കുന്ന ഓർമപ്പെടുത്തലും ആദ്യ 20 സൂക്തങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ നിലപാടുകളുടെ കൃത്യമായ ചിത്രങ്ങളും സ്വർഗക്കാരുടെ വിശേഷങ്ങളും പറയുന്നതിനിടയിൽ യൂനുസിന്റെ കഥയെ റഫർ ചെയ്ത് പെട്ടെന്ന് തന്നെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടരുതെന്ന് ഉണർത്തി ക്ഷമാ പൂർവ്വം സത്യമാർഗത്തിൽ ഈ ദൗത്യവുമായി എഴുന്നേറ്റു നിലക്കാൻ ധൈര്യം പകരുന്നു ഈ അധ്യായം.

3 ـ سورة الحاقة: അൽ ഹാഖ്ഖ അഥവാ ആ യഥാര്‍ത്ഥ സംഭവം എന്ന പേര് തന്നെ ശ്രോതാവിനെ പിടിച്ചിരുത്തുന്ന തലവാചകമാണ്.
52 സൂക്തം തന്നെയാണ് അൽ ഹാഖ്ഖ സൂറയിലുമുള്ളത്. പരലോകത്തെ സംബന്ധിച്ച വിശേഷണങ്ങളിലൊന്നാണ് ഹാഖ്ഖ .
അൽ ഹാഖ്ഖ (ആ യഥാര്‍ത്ഥ സംഭവം )എന്നു പറയുന്നതിൽ പരലോകമല്ലാത്ത ഏതു ലോകവും മായാലോകമാണെന്നുള്ള ധ്വനിയുണ്ട്. ബുദ്ധിയുള്ളവർ ആ യഥാര്‍ത്ഥ ലോകത്തിന് വേണ്ടിയാണ് പണിയെടുക്കേണ്ടതെന്ന് പറയാതെ പറയുകയാണ്.സൂറ:യിൽ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പാഠങ്ങളുമാണുള്ളത്. ആദ്,ഥമൂദ്, ഫിർഔൻ ജനത എന്നിവർക്ക്സം ഭവിച്ചതിന്റെ ഓർമ്മപ്പെടുത്തലും,
ഉയിർത്തെഴുന്നേൽപുനാളിലെ ഭീകരാവസ്ഥയുടെ ചിത്രീകരണവും വിശ്വാസികളുടെയും അവിശ്വാസികളുടെയും പരിണതികളും
പ്രവാചകൻ (സ) സാധുതയെക്കുറിച്ച് ശക്തമായ സ്ഥിരീകരണവുമെല്ലാം ഹാഖ്ഖയിലുണ്ട്. കവി, ജോത്സ്യൻ എന്നിത്യാദി അപവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അതവർക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉണർത്തി സൂറ: സമാപിക്കുന്നു.

4 ـ سورة المعارج: മആരിജ് എന്നാൽ കയറിപ്പോകുന്ന വഴികൾ എന്നാണർഥം . അല്ലാഹുവിനെ വിശേഷിപ്പിച്ച് കൊണ്ട് കയറിപ്പോകുന്ന വഴികളുടെ നാഥൻ എന്ന പ്രയോഗത്തിൽ നിന്നാണ് സൂറ:ക്ക് ആ പേര് വന്നത്. 44 ചെറിയ സൂക്തങ്ങളുള്ള സൂറ:

വാഗ്‌ദാനം ചെയ്യപ്പെട്ട ശിക്ഷയുടെ സ്ഥിരീകരണമാണ് സൂറ: യുടെ ഊന്നൽ. തുടർന്ന് സ്വർഗ്ഗീയ രംഗങ്ങളുടെ മഹത്വത്തിന്റെ ഓർമ്മപ്പെടുത്തലുംഉയിർത്തെഴുന്നേൽപുനാളിന്റെ വിഹ്വലതയും ചുരുങ്ങിയ വാചകങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.അന്നേദിവസം അവിശ്വാസികളുടെ അവസ്ഥയെയും കുറിച്ചുള്ള വിവരണവും ലളിതം. മനുഷ്യരാശിയുടെ വളരെ മോശം സ്വഭാവങ്ങളും പരലോകത്തെ ഭയപ്പെടുന്ന വിശ്വാസികളുടെ നന്മ, നീതി, സത്യം, എന്നീ മൂല്യങ്ങളെയും വിശദമായി പരാമർശിക്കുന്നുണ്ട് സൂറ: .ശ്രോതാക്കളെ ഉത്തേജിപ്പിക്കുന്ന ശൈലിയും ഭാഷയും ശൈലിയും വളരെ വശ്യമാണ്. സൂറ: മുഅമിനൂനിന്റെ ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ വിശ്വാസത്തെ വളരെ ലളിത ജീവിത ശൈലിയിൽ പരിചയപ്പെടുത്തുന്നു 22 മുതൽ 35 വരെ സൂക്തങ്ങൾ . അവിശ്വാസികളെ അപലപിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന ചമൽകാര ശൈലിയും ഹൃദയസ്പർശിയാണ്. അവയിൽ നിന്ന് അഭയം തേടാതെ ഒരു പാഠകന് അത് വായിച്ചു തീർക്കാൻ കഴിയില്ല.

5 ـ سورة نوح
28 ആയതുകളുള്ള ഈ സൂറ: നൂഹ് നബിയുടെ ജീവിത സന്ദേശത്തിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന നിലയിൽ ശ്രദ്ധേയമായ സൂറ:യാണ്. പാപമോചനത്തിന്റെ ഭൗതിക നേട്ടങ്ങളാണ് 10 – 12 സൂക്തങ്ങൾ . പൊതുവെ തഖ് വ , ഇസ്തിഗ്ഫാർ , സ്വാലിഹാത് എന്നിവക്ക് സ്വർഗലോകത്തെ അനുഗ്രഹങ്ങളാണ് പരാമർശിക്കുന്നതെങ്കിൽ ഈ ലോകത്ത് തന്നെയുള്ള സൗഭാഗ്യപ്പെരുമഴ കൃത്യമായി ആവിഷ്കരിച്ചിരിക്കുന്നു പ്രസ്തുത വാക്യങ്ങൾ . തന്നെ നൂറ്റാണ്ടുകൾ തള്ളിക്കളഞ്ഞ സ്വന്തം ജനതയോട് അദ്ദേഹം പുലർത്തിയ സ്നേഹവും
പ്രബോധനത്തിന്റെ അവസാന ഘട്ടത്തിൽ മാത്രം നടത്തിയ ശാപപ്രാർഥനയും പ്രബോധകന്മാർക്ക് അവരുടെ ദൗത്യത്തിൽ പുലർത്തേണ്ട ചില ഗുണങ്ങൾ വിളിച്ചോതുന്നുണ്ട്.

6 ـ سورة الجن:
28 വാക്യങ്ങളാണ് സൂറ: ജിന്നിലുള്ളത്. 46:29 അഹ്ഖാഫ് സൂറ:യിൽ പരാമർശിച്ചതു പോലെ ഒരു കൂട്ടം ജിന്നുകൾ ഖുർആൻ ശ്രവിക്കുന്നതും ആ വാചകങ്ങൾ അവരിൽ ചെലുത്തിയ സ്വാധീനവുമാണ് സൂറയുടെ ഇതിവൃത്തം.ജിന്നുകളെ കുറിച്ച് ഖുർ‌ആനിൽ പലയിടങ്ങളിലും പരാമർശങ്ങൾ ഉണ്ട്. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ അഗ്നിയിൽനിന്നാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് മുസ്ലിംകളുടെ വിശ്വാസം. മനുഷ്യനെപ്പോലെ തന്നെ ചിന്തിക്കാനും അതനുസരിച്ച് ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടവരാണ് അവർ. മുഹമ്മദ് നബി ജിന്നുകൾക്ക് കൂടിയുള്ള പ്രവാചകനും, ഖുർആൻ അവരുടെ കൂടി മാർഗനിർദ്ദേശത്തിനുള്ള ഗ്രന്ഥവുമാണ്. ധിക്കാരികളായ ജിന്നുകളെ ശൈത്വാൻ (പിശാച്) എന്ന് വിളിക്കപ്പെടുന്നു. മനുഷ്യനു ബാധകമായ രക്ഷാ-ശിക്ഷകളെല്ലാം അവർക്കും ബാധകമാണ്. ഖുർആനിലെ സൂറ: റഹ്‍മാൻ പ്രത്യക്ഷത്തിൽതന്നെ മനുഷ്യരെയും ജിന്നുകളെയും ഒരുപോലെ സംബോധന ചെയ്യുന്നതാണ്. പ്രവാചക സന്ദേശത്തിന്റെഅടിസ്ഥാനത്തിലുള്ള സമൂഹത്തിന്റെ നിർമാണവും സംവിധാനവും അതിൽ ജിന്ന്- ഇൻസ് വർഗങ്ങൾക്കുള്ള സ്ഥാനവും അടയാളപ്പെടുത്തുന്ന ഒരു അധ്യായമാണിത്.

7 ـ سورة المزمل:
20 സൂക്തങ്ങളുള്ള ഈ സൂറ: പ്രബോധനത്തിന്റെ ആദ്യ ഘട്ടത്തിലവതരിച്ചതാണ്. പുതച്ചുമൂടിയവൻ എന്നാണ് മുസ്സമ്മിൽ എന്ന വാക്കിന്റെയർഥം.
ആദ്യ വഹ്യിന്റെ വിഹ്വലതയിൽ സ്വന്തം ഇണ ഖദീജ : തന്റെ സാമിപ്യവും വിറയൽ മാറാൻ ഒരു പുതപ്പും നല്കിയ ചരിത്രം സുവിദിതമാണല്ലോ ?
ഉറക്കിന്റെ കാലം കഴിഞ്ഞു ഖദീജാ എന്ന പ്രഖ്യാപനവുമായി രാത്രിയിൽ
ആത്മീയമായ ഔന്നത്യത്തിന് പടച്ചവനിലേക്കുള്ള മിഅ്റാജ് ആയ നിശാ നമസ്കാരവും പകലിൽ പടപ്പുകളിലേക്ക് ഭൂമിയിലേക്കിറങ്ങി വരാനും ഹൃദയങ്ങളോട് സംവദിക്കാനുള്ള ശേഷിയും കരസ്ഥമാക്കാൻ കൂടുതൽ പ്രാപ്തിയുണ്ടാക്കാനുമത് അനിവാര്യമാണെന്ന പ്രവാചകനോടുള്ള ആഹ്വാനമാണീ സൂറ: .
ഇബാദതിന്റെ ഗുണം വ്യക്തിയില്‍ മാത്രം പരിമിതമാകുന്ന( القاصرة ) ആരാധനകളിലും ഗുണം മറ്റുള്ളവരിലേക്കു കൂടി എത്തുന്ന( المتعدية ) ആരാധനകളിലും ഉത്സാഹിക്കാന്‍ അല്ലാഹു തന്റെ ദൂതനോട് കല്‍പിക്കുന്നു. തുടർന്ന്
പരലോക വിജയത്തിന് വേണ്ട ഘടകങ്ങൾ ശീലിക്കാനും മുൻകഴിഞ്ഞ ജനതതികൾ പിഴച്ചു പോവാൻ നിമിത്തമായ
വിഷയങ്ങളിൽ നിന്നും വിട്ടു നില്ക്കാനുമുള്ള കെല്പുണ്ടാക്കാൻ ബോധപൂർവ്വം ശീലിക്കേണ്ടതാണ് ഖിയാമുല്ലൈൽ എന്ന് സൂറ:യുടെ അവസാനത്തിലും ഊന്നുന്നു.

8 ـ سورة المدثر:

സൂറ: അലഖ് അവതരിച്ച് ചെറിയ കാലതാമസത്തിന് ശേഷം അവതരിച്ചതാണ് സൂറ: മുദ്ദഥിർ എന്നാണ് തഫ്സീറുകൾ വ്യക്തമാക്കുന്നത്. വളരെ ചെറിയ 56 സൂക്തങ്ങളാണീ സൂറയിലുള്ളത്.മുസ്സമ്മിലും മുദ്ദഥ്ഥിറും ഏകദേശം ഒരേ കാലത്താണവതരിച്ചത്. അർഥവും ആശയവും ഒന്നുതന്നെ. മുസ്സമ്മിൽ സൂറ: ഖിയാമുല്ലൈലിൽ ഊന്നുന്നു, രണ്ടാമത്തേത് ദൗത്യ നിർവഹണത്തിലും . പ്രബോധനത്തിനും മുന്നറിയിപ്പ് നൽകാനുമുള്ള ചുമതല ഏറ്റെടുക്കാനും അതിൽ പാലിക്കേണ്ട മുൻഗണനാ ക്രമങ്ങളും വ്യക്തമാക്കുന്നുണ്ട് സൂറ: മുദ്ദഥ്ഥിർ .ഉയിർത്തെഴുന്നേൽപുനാളിൽ അവിശ്വാസികളുടെ അവസ്ഥയും ഇവിടെവെച്ചവർ പ്രവാചകനോടും സ്വഹാബതിനോടും പുലർത്തിയ പരിഹാസം, നിഷേധം, ധിക്കാരം എന്നീ നിഷേധാത്മക നിലപാടുകളും കണിശമായി ചോദ്യം ചെയ്യപ്പെടുമെന്നുണർത്തുന്നു. ചില പ്രത്യേക പരലോകക്കാഴ്ചകളോടെയാണ് സൂറ: സമാപിക്കുന്നത്. സ്വർഗത്തേയും നരകത്തേയും വർണിക്കുന്ന വാചകങ്ങളും അക്ഷര – പദവിന്യാസങ്ങളും വളരെ ഹൃദൃമാണ്. സൗഭാഗ്യവാന്മാരുടെയും ഭാഗ്യം കെട്ടവരുടേയും പരിണതികളിലുള്ള വ്യത്യാസവും അതിന്റെ കാരണങ്ങളും വളരെ ലഘുവായ രീതിയിൽ അവസാന ഭാഗത്ത് വ്യക്തമാക്കുന്നു സൂറ: മുദ്ദഥ്ഥിർ .

9 ـ سورة القيامة:

പേരും പൊരുളും ഒത്ത മറ്റൊരു സൂറ:യാണ് ഖിയാമ: . 40 വാക്യങ്ങളിലായി 40 ഇടങ്ങളിലൂടെയാണ് സൂറ: നമ്മെ കൊണ്ടുപോവുന്നത്. പുനരുത്ഥാന ദിനത്തിന്റെ സത്യതയുടെ സ്ഥിരീകരണവും മനുഷ്യരുടെ പ്രവൃത്തികൾ കൃത്യമായി കണക്കാക്കപ്പെടുന്നുവെന്ന മുന്നറിയിപ്പും ഉൾകൊള്ളുന്നതോടൊപ്പം പ്രവർത്തനങ്ങളുടെ ഭാഗമായി
അവരുടെ വിധികളുടെ പ്രസ്താവനകൾ വ്യത്യസ്തമായിരിക്കുമെന്ന സൂചന സൂറ:യിലുണ്ട്. ഭൗതിക ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നവരെയും അവ സൂക്ഷ്മമായി നിർവഹിക്കുന്നവരേയും അവഗണിക്കുന്നവരെയും ഖുർആൻ ദൈവികമായ മാനദണ്ഡങ്ങൾ അനുസരിച്ച് സുന്ദരമായി വേർതിരിക്കുന്നു. തുടർന്ന് മനുഷ്യസൃഷ്ടിപ്പിന്റെ ഉത്ഭവവും വളർച്ചയും വികാസവും പരിണതിയും ഉണർത്തി വേറിട്ടൊരു ശൈലിയിൽ അല്ലാഹുവിന്റെ ഉണ്മയെയും ചിത്രീകരിക്കുന്നു അവസാന വാക്യങ്ങൾ. ഈ പരലോകക്കാഴ്ചകളെ ചിത്രീകരിക്കുന്ന സയ്യിദ് ഖുത്വുബിന്റെ ഒരു ലേഖനമുണ്ട് مشاهد القيامة ഖുർആന്റെ വാങ്മയ ചിത്രങ്ങൾ വായിക്കാൻ ഉപകാരപ്പെടുന്ന രീതിയിൽ ആയതുകളുടെ കോർവയാണാ പഠനം.

10 ـ سورة الإنسان:

ഇമാം ശഅ്റാവി (റഹ്) പറയാറുള്ളത് പോലെ ഖുർആന്റെ മുഖ്യ പ്രമേയം തന്നെ ഇൻസാൻ/ മനുഷ്യനാണ്. ഈ സൂറ:യുടെ പേരും പ്രമേയവും ഒന്നായത് ആകസ്മികമല്ല. സൂറ: ദഹ്ർ എന്നും ഇതിന് പേരുണ്ട്. വെള്ളിയാഴ്ചകളിൽ ഫജ്ർ നമസ്കാരത്തിൽ സജദയും ദഹ്റുമായിരുന്നു നബി (സ) ഓതിയിരുന്നതെന്ന് നാം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. 31 വാക്യങ്ങളുള്ള സൂറ: യുടെ ഓരോ സൂക്തവും വളരെ ചെറുതും ലളിതവുമാണ്.

ശൂന്യതയിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സൂറ:യിൽ ഉണ്ട് . മനുഷ്യോൽപത്തിയുടെ വിവിധ ഘട്ടങ്ങൾ വർണ്ണിച്ച് റബ്ബ് മനുഷ്യനെ പരീക്ഷിക്കുന്നത് എന്തിനാണെന്നും അവിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ലക്ഷ്യമെന്തെന്നും സൂറ: സവിസ്തരം അനാവരണം ചെയ്യുന്നുണ്ട്. പരലോകത്ത് ഓരോരുത്തരുടെയും വിധി പ്രത്യേകം പ്രത്യേകം വിശദീകരിക്കുന്നു. ഇഹലോകത്തെ തങ്ങളുടെ സർവസ്വവുമായി കാണുന്ന കേവല പദാർഥ ജീവികളെയും ഖുർആന്റെ സന്ദേശം നെഞ്ചിലേറ്റിയ യഥാർഥ മനുഷ്യജന്മങ്ങളെയും ചിത്രീകരിച്ച് രണ്ടു കൂട്ടരുടേയും അന്ത്യം എന്തായിരിക്കുമെന്ന് വളരെ ചുരുങ്ങിയ ഭാഷയിൽ ഏതു കാലത്തേയും / ദഹ്റിലേയും ഇൻസാന്റെ /മനുഷ്യന്റെ ആഖ്യാതം എന്താണെന്നു വ്യക്തമാക്കുന്നു ഈ സൂറ: .

11 ـ سورة المرسلات:

സൂറ:മുർസലാത്ത് (അയക്കപ്പെടുന്നവർ) എന്ന് തുടങ്ങുന്ന 5 ആയതുകൾക്ക്
(1) മലക്കുകളാണ് ഉദ്ദേശ്യമെന്നും (2) കാറ്റിനെ ഉദ്ദേശിച്ചാണെന്നും (3) നബിമാരെ ഉദ്ദേശിച്ചാണെന്നും (4) ഖുര്‍ആന്‍ വചനങ്ങളെ ഉദ്ദേശിച്ചാണെന്നും (5) മലകുകള്‍, പ്രവാചകന്‍മാര്‍‍, സദ്‌വൃത്തരായ പണ്ഡിതന്‍‍മാര്‍ മുതലായവരെ ഉദ്ദേശിച്ചാണെന്നും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ മർഹൂം അമാനി മൗലവി എടുത്തു പറയുന്നുണ്ട്. ഏതെങ്കിലുമൊന്ന് ക്ലിപ്തപ്പെടുത്തി പറയുക അസാധ്യമെന്നർഥം.

ഈ സൂറ:യിലെ മൊത്തം വചനങ്ങള്‍ 50 ആണെങ്കിലും
وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ എന്ന ആയത് തന്നെ 10 തവണ വരുന്നുണ്ട്. ഓരോ പരലോകക്കാഴ്ചക്ക് ശേഷവും വളരെ കൃത്യമായ പരിമാണത്തിൽ ഈ വാക്യം കാണുന്നു. ‘അന്ന് നിഷേധികൾക്ക് നാശം ‘ എന്നാണാസൂക്തത്തിന്റെയർഥം. അഥവാ
നിഷേധികളുടെ ശിക്ഷയുടെ കാഠിന്യം ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിക്കൊണ്ട് സുഭഗരായ വിശ്വാസികളുടെ അനുഗ്രഹക്കാഴ്ചകൾ സരളമായി അവസാന സൂക്തങ്ങളിൽ പരാമർശിച്ച്
രണ്ടു കൂട്ടരുടേയും പരിണതിയെ ചിത്രീകരിക്കുന്നു . ” ഇതിനു [ഖുര്‍ആന്നു] ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിച്ചേക്കുന്നത്?! ” എന്ന സൂക്തത്തോടെ ആ വർഗ്ഗീകരണം സമാപിക്കുന്നു. ഈ സൂക്തം കേട്ടാൽ
آمَنْتُ بِاللّٰهِ وَبِمَا أَنْزَلَ (അല്ലാഹുവിലും അവനിറക്കിയതിലും ഞാൻ വിശ്വസിച്ചു )എന്നു പൂർവ്വസൂരികൾ പ്രതികരിക്കാറുണ്ടായിരുന്നു എന്ന് തഫ്സീറുകളിൽ കാണുന്നു.

Related Articles