Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 28

1-سورة المجادلة : (قَدْ سَمِعَ اللَّهُ قَوْل…) എന്നു തുടങ്ങുന്ന 28-ാം ജുസ്ഇൽ സൂറ: മുജാദില മുതൽ സൂറ: തഹ് രീം വരെ 9 അധ്യായങ്ങളാണുള്ളത്. അവയെല്ലാം മദനിയാണെന്ന പ്രത്യേകതയുമുണ്ട്. അഥവാ ഇസ്ലാമിക സമൂഹ നിർമ്മാണത്തിന്റെ നിയമപരമായ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കേ അവതരിക്കപ്പെട്ടവയാണ് ഈ സൂറകളെല്ലാം . മുസ്ലിം വ്യക്തി , മുസ്ലിം കുടുംബം, മുസ്ലിം സമൂഹം, മുസ്ലിം ലോകം എന്ന സർപ്പിള ഗോവണി / Spiral വളർച്ച ഈ ജുസ്ഇലെ മിക്കവാറും സൂറകളിലുമുണ്ട്.

ആദ്യത്തെ സൂറയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വാഗ്വാദത്തിന്റെ പശ്ചാത്തലത്തിലാണതിറങ്ങിയത്. 22 സൂക്തങ്ങളാണതിലുള്ളത്. തന്റെ പ്രിയതമൻ ഔസ് ഇന്നലെ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. തനിക്ക് വേണ്ടപ്പെട്ടതെല്ലാം സമർപ്പിച്ച , ഇത്രയും നാൾ തന്റെ ഓജസും തേജസുമുള്ളേടത്തോളം കൂടെ നിന്ന ഭർത്താവ് , വാർധക്യത്തിന്റെ അസ്കൃതയിലാവണം ആ കൊടും വർത്തമാനം പറഞ്ഞു കളഞ്ഞു. أنتِ علي كظهر أمي നീ എനിക്ക് എന്റെ ഉമ്മാന്റെ മുതുക് കണക്കെയാണ്. ജാഹിലിയ്യ: കാലത്തിന്റെ വിവാഹമോചന രീതികളിൽ ഏറ്റവും ക്രൂരമായ ഒന്നാണ് ഈ പറഞ്ഞ ളിഹാർ .ഇന്നലെ വരെ ഒന്നായിരുന്നവർ ഇന്ന് അന്യരാവുന്ന കൊടും ക്രൂരത . ഖൗല: ബിന്ത് സഅ്ലബ: ഇതെങ്ങനെ സഹിക്കും !? അവർ പരാതിയുമായി തന്റെ നേതാവിന്റെ സവിധത്തിലേക്കോടി, ലേശം ഗൗരവത്തിൽ തന്നെ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു. അവർക്ക് അദ്ദേഹമല്ലാതെ ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ ഒരു സൗഹൃദമില്ല , ഖൗല: കരഞ്ഞ് പറഞ്ഞു:

“പ്രവാചകരേ, എനിക്ക് അദ്ദേഹത്തിൽ നിന്ന് മക്കളുണ്ട്. ഞാൻ അവരെ അദ്ദേഹത്തോടൊപ്പം വിട്ടാൽ അവർ നഷ്ടപ്പെടും, അവരെ എന്റെ കൂടെ ചേർത്താൽ അവർ പട്ടിണിയാവും ” … സംസാരം അവസാനം തർക്കത്തിന്റെ ഘട്ടത്തിലെത്തി. എല്ലാം കേട്ട പ്രവാചകൻ കൈമലർത്തി. അങ്ങിനെയൊരു വർത്തമാനം കൊണ്ട് ഭാര്യ ഉമ്മയാവില്ലായെന്ന് അദ്ദേഹം കുറച്ചു മുന്നേ സൂറ: അഹ്സാബിൽ പഠിച്ച് കഴിഞ്ഞിരുന്നു. സ്വഹാബത്തിനെ പ്രസ്തുത വിഷയം ആ ഗൗരവം ഒട്ടും ചോരാതെ പഠിപ്പിക്കുകയും ചെയ്തു കഴിഞ്ഞതാണ്. എന്നാലിതാ സംഗതി തന്റെ തൊട്ടു മുന്നിൽ കണ്ണീരൊലിപ്പിച്ച് നില്ക്കുന്നു. ഔസും തന്റെ വേണ്ടപ്പെട്ടവൻ, അത്തുപിത്തുമാണെന്ന് എഴുതിതള്ളാൻ മാത്രം വാർധക്യം ബാധിച്ചിട്ടില്ലാത്ത ഒരു വിനീത അനുയായി !

മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ ഇണയുടെ അവസ്ഥാന്തരങ്ങൾ ആവലാതിയായിപ്പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പക്ഷേ, ഏഴാനാകാശത്ത് നിന്ന് വിധി വന്നു. സംഭവിച്ചത് സംഭവിച്ചു. ഔസിനെ വിഷയത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കിച്ച് പ്രായശ്ചിത്തത്തിന് തയ്യാറാക്കുക. 60 നോമ്പെടുക്കാനുള്ള ശാരീരിക ശേഷിയോ 60 അഗതികൾക്ക് ഭക്ഷണമൊരുക്കാനോ അടിമയെ മോചിപ്പിക്കാനോ ഉള്ള സാമ്പത്തിക ഭദ്രതയോ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ പ്രശ്നം പ്രവാചകൻ ഇഷ്ടസമ്മാനമായി നല്കിയ ദാനത്തിലൂടെയാണ് പരിഹരിച്ചതെന്ന് 4 വരെ സൂക്തങ്ങളുടെ വിശദീകരണമായി തഫ്സീർ ഗ്രന്ഥങ്ങൾ പറയുന്നു.

ഇസ്ലാമിക സമൂഹത്തിൽ ജീവിച്ചുകൊണ്ടു ആനുകൂല്യങ്ങളെല്ലാം പറ്റി അല്ലാഹുവിനെയും അവന്റെ റസൂലിനെയും എതിർക്കുന്നവർക്ക് ഇവിടെയും നാളെ പരലോകത്തും അപമാനകരമായ ശിക്ഷയുണ്ടെന്നാണ് 6 വരെ സൂക്തങ്ങൾ ഓർമപ്പെടുത്തുന്നത്. സംഘടിത ശക്തിയായി വളർന്നു വരുന്ന സമൂഹത്തിൽ ചെറിയ ചെറിയ സംഘങ്ങളായുള്ള ഗൂഡാലോചനകളോ, പൊതു സമൂഹം അംഗീകരിക്കാത്ത അഭിവാദ്യരീതികളോ ഭൂഷണമല്ലെന്നും സമൂഹത്തിലെ നേതാക്കളുമായി ഒറ്റക്കിരുന്നു രഹസ്യമായി വർത്തമാനം പറയലല്ല , ഇസ്ലാമിന്റെ വിധിവിലക്കുകൾ പൂർണ്ണമായും ജീവിതത്തിൽ പാലിക്കലിലാണ് മഹത്വമെന്നുമാണ് 13 വരെ സൂക്തങ്ങൾ അറിയിക്കുന്നത്.

സമൂഹത്തിലെ വെറുക്കപ്പെട്ട വിഭാഗവുമായി സഹകരിച്ച് നടത്തുന്ന അട്ടിമറി ശ്രമങ്ങളും ശപഥം പരിചയാക്കി മറ്റുള്ളവരേയും കൂടെ നന്മയിൽ നിന്നും തടയുകയും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്യുന്നവർക്ക് നഷ്ടകാരികളും നിന്ദ്യരുമായുള്ള ജീവിതമാണ് ഇരുലോകത്തുമെന്നും അത്തരം സൗഹാർദങ്ങളിൽ ഇടപെടാത്ത സത്യവിശ്വാസികൾ അല്ലാഹുവിന്റെ പാർട്ടിയാണെന്നും പരമ വിജയം അവർക്കാണെന്നും പറഞ്ഞ് സൂറ: സമാപിക്കുന്നു.

2ـ سورة الحشر : തുടർന്ന് വരുന്നത് സൂറ: ഹശ്റാണ്. 24 സൂക്തങ്ങളുള്ള പ്രസ്തുത അധ്യായത്തിൽ മദീനയിൽ നിന്ന് ചില ജൂത ഗോത്രങ്ങളെ തുരത്തിയോടിച്ച / ഹശ്റിന്റെ ചരിത്രം പറയുന്നു താണ് ആ പേരിന് കാരണം.

ഹിജ്റ: നാലാം വർഷം ബനുന്നദീർ എന്ന അന്നത്തെ ചട്ടമ്പിക്കൂട്ടത്തെ കൃത്യമായ ആസൂത്രണത്തിലൂടെ മുഹമ്മദ് നബി (സ)യും സ്വഹാബത്തും നാട് കടത്തിയ പഴയ കഥയാണ് പലർക്കും സൂറ: ഹശ്ർ. തങ്ങളുടെ നാട്ടിലെ പാവം കുട്ടികളേയും പതിവൃതകളായ സ്ത്രീകളേയും പരിഹസിച്ചിരുന്ന ജൂത തെമ്മാടിക്കൂട്ടങ്ങളെ പലതവണയായി നാടുകടത്തിയിരുന്ന ചരിത്രം നാമേവർക്കുമറിയുന്നതാണ്.. ഖുറൈള, ഖൈനുഖാഅ് എന്നിവരിലെ പല ഗുണ്ടകളേയും ഈ വിധം നാടുകടത്തിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ചില നാട്ടുകാരായ അറബി റാൻമൂളികളുടെ ഒത്താശയോടെ, ഒരു സമാന്തര സർക്കാര് പോലെ മദീനയിലെ ഇത്തിക്കണ്ണിയായി ഔസിലേയും ഖസ്റജിലേയും കൂലിവേലക്കാരായ ചെറുപ്പക്കാരേയും കാരണവന്മാരേയും പല ആനുകൂല്യങ്ങൾ നല്കി വരുതിയിൽ നിറുത്തിയിരുന്ന ബനുന്നദീറിന് ഗ്രൗണ്ട് സപ്പോർട്ട് കൊടുത്തിരുന്നത് ഇത്തരം നാലണക്ക് വേണ്ടി സ്വന്തം സമൂഹത്തേയും അഭിമാന സൂചകങ്ങളേയും ഒറ്റുകൊടുത്തിരുന്ന തുരപ്പന്മാരായിരുന്നു. ജനകീയ നേതാവായ പ്രവാചകനെപ്പോലും ചതിയിലൂടെ കൊലപ്പെടുത്താനുള്ള ഗൂഢതന്ത്രം ലീക്കായപ്പോൾ അവരെ അവിടെ നിന്ന് നാടുകടത്താൻ നാട്ടുകൂട്ടം തീരുമാനിക്കുകയായിരുന്നു. അറബ് ചെറുപ്പക്കാരിലുള്ള തങ്ങളുടെ പിൻബലവും ഉബയ്യുബ്നു സുലൂലുമാരുടെ രഹസ്യ ഒത്താശയും കാരണം കുറച്ചു കാലം കൂടി അവരവിടെ പിടിച്ചു നിന്നു. നിങ്ങൾ പുറത്താക്കപ്പെട്ടാൽ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടാവുമെന്ന ഈ ഇരുമുഖന്മാരുടെ വാക്ക് കേട്ടു സമ്പത്തും കെട്ടിപിടിച്ച് പരമാവധി അവിടെ തന്നെ പിടിച്ചു നില്ക്കാൻ അവർ ആവോളം ശ്രമിച്ചു. ഉള്ള പാരമ്പര്യക്കോട്ടകൾക്ക് പിന്നിലിരുന്ന് രഹസ്യമായി മദീനത്ത് പടക്കമേറ് നടത്തി പിടിച്ചു നില്ക്കാൻ ഏറെക്കാലം അവർക്കാവില്ലല്ലോ? അവസാനം നാടുവിട്ടോടിയപ്പോൾ സഹായിക്കാൻ രഹസ്യക്കാരെയൊന്നും കണ്ടില്ല. പാമ്പുകളോടൊപ്പവും മീനുകളോടൊപ്പവും ഒരുപോലെ കഴിഞ്ഞു പോവുന്ന ആരലുകളായിരുന്നു ആ രഹസ്യക്കാർ . പരസ്യമായി മുസ്ലിം പാവങ്ങൾക്ക് നക്കാപിച്ച കൊടുക്കുകയും രാത്രിയിൽ ജൂതന് വിടുവേല ചെയ്യുകയും ചെയ്യുന്ന ഒരു തരം മരത്താഴുകൾക്കവസാനം എല്ലാം കെട്ടി പൂട്ടി പുണ്യ നഗരി വിട്ടോടേണ്ടി വരുമെന്നും മുഹാജിറുകളായ സത്യവാന്മാർക്ക് അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും സൂറ: ഹശ്റിലെ 9 വരെ സൂക്തങ്ങൾ നല്കുന്ന തെളിച്ചം .

പരോപകാരകാംക്ഷ മറ്റുള്ളവർക്കു ക്ഷേമം ലഭിക്കാനായി നാം സ്വയമേ രൂപപ്പെടുത്തുന്ന മാനസികവികാസ ക്ഷമതയാണിത്.മിക്ക സമൂഹങ്ങളിലും സംസ്കാരങ്ങളിലും ഇതൊരു പരമ്പരാഗതമായ മൂല്യബോധവും പല പാരമ്പര്യ മതങ്ങളുടെയും മതേതരലോകവീക്ഷണത്തിന്റെയും ആന്തരിക കാതൽ ആയും إيثار സ്വീകരിക്കപ്പെട്ടു പോന്നിരുന്നു. ആപൽ സൂചന വന്നാൽ ജീവികൾ ഒരുമയോടെ പ്രവർത്തിക്കും. മനുഷ്യനാണതിന് അപവാദം . പരക്ഷേമതൽപരത / ആൽട്രുയിസം എന്നാണ് ആ പങ്കുവെക്കലിന്റെ പേര്. നാടും വീടും വെടിഞ്ഞെത്തിയ മുഹാജിറുകൾക്ക് മദീനത്തെ അൻസ്വാറുകൾക്ക് പകുത്തു നല്കിയ സ്നേഹത്തിന്റെ പര്യായമാണ് ഈസാർ . മദീനയിലെത്തിയ പ്രവാചകൻ അവിടെ സകല സൗകര്യവുമുള്ള AC പള്ളിയോ പാർട്ടി ഓഫിസോ പണിയുകയല്ല ആദ്യം ചെയ്തത്. നാട്ടുകാരേയും വിരുന്നുകാരേയും ഒന്നാക്കുന്ന ഇഖാഅ് (Brotherhood) എന്ന ഈസാറിന്റെ എല്ലാ കാലത്തേയും മികച്ച സ്മരണിക പണിതുയർത്തുകയായിരുന്നു നബി (സ).

അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്‍മാര്‍ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
…..59:9 എന്ന സൂക്തം അതാണ് ഇന്നും നമ്മോട് പറയുന്നത്. എല്ലാവർക്കും നന്മയാഗ്രഹിക്കുന്ന അതിന് വേണ്ടി പ്രാർഥിക്കുന്ന ഒരു തലമുറയുടെ ചിത്രമാണ് 10-ാം ആയത് വരച്ചുവെക്കുന്നത്. മുനാഫിഖുകൾ എന്ന തുരപ്പ ജന്മങ്ങളും അവരുടെ രഹസ്യ കാമുകന്മാരും പ്രയാസ സന്ദർഭങ്ങളിൽ പരസ്പരം പാരപണിയുമെന്നും അതാണ് എല്ലാ അക്രമകാരികൾക്കുമുള്ള പ്രതിഫലം എന്നുമാണ് 17 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്.
ശേഷം ഓരോ വ്യക്തിയും നാളേക്ക് വേണ്ടി ചെയ്യാനുള്ളതിനെ കുറിച്ച ബോധത്തോടെയാവണം ജീവിക്കേണ്ടതെന്നും സ്വർഗക്കാർക്കും നരകക്കാർക്കും ഒരേ ജീവിത ശൈലി പറ്റില്ലെന്നും പറഞ്ഞതിന് ശേഷം ഖുർആന്റെ മഹത്വവും അല്ലാഹുവിന്റെ ഔന്നത്യവും ചുരുങ്ങിയ രൂപത്തിൽ വ്യക്തമാക്കി സൂറ: ഹശ്ർ അവസാനിക്കുന്നു.

3ـ سورة الممتحنة: തുടർന്ന് 13 ആയതുകളുള്ള മുംതഹന സൂറ:യാണ്. 10 -ാമത്തെ ആയതിൽ മുഹാജിറുകളായി വരുന്ന സ്ത്രീകളുടെ ഈമാൻ ചില പ്രത്യേക പരീക്ഷണങ്ങൾക്ക് വിധേയനാക്കാൻ ആഹ്വാനമുള്ളതാണ് പേരിന് കാരണം.

വിശ്വാസികൾ തനി നിഷേധികളോട് പുലർത്തേണ്ട അകലവും അടുപ്പവും മക്കാ വിജയ യുദ്ധ പശ്ചാത്തലത്തിൽ വ്യക്തമാക്കുകയാണിവിടെ
നബി മക്കാവിജയ യാത്രക്കു ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഹാത്വിബ് (حاطب بن أبي بلتعة -رض) എന്നു പേരുള്ള ഒരു സ്വഹാബി മക്കയിലേക്കു പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യകത്തു ഖുറൈശികള്‍ക്കു കൊടുത്തയച്ചു. അതറിഞ്ഞ റസൂൽ അദ്ദേഹത്തോട് വിശദീകരണം തേടി . അപ്പോൾ ഹാത്വിബ് പറഞ്ഞു:
‘റസൂലേ, ഞാന്‍ ഇസ്ലാമില്‍ വന്നശേഷം അവിശ്വാസിയായിട്ടില്ല; അവിടുത്തെ ഗുണകാംക്ഷിയായതിനുശേഷം അവിടുത്തെ വഞ്ചിച്ചിട്ടുമില്ല; ഖുറൈശികളെ വിട്ടുപോന്നശേഷം അവരെ സ്നേഹിച്ചിട്ടുമില്ല. പക്ഷേ, ഞാന്‍ ഖുറൈശികളില്‍പെട്ടവനല്ലെങ്കിലും അവരുമായി കെട്ടുപാടുള്ളവനാണ്. തിരുമേനിയുടെ കൂടെയുള്ള എല്ലാ മുഹാജിറുകള്‍ക്കും തന്നെ (നാം അവിടെച്ചെന്നു ഖുറൈശികളുമായി ഏറ്റുമുട്ടുന്ന പക്ഷം) അവരുടെ വകയായി അവിടെയുള്ള കുടുംബങ്ങളെയും സ്വത്തുക്കളെയും കാത്തു രക്ഷിക്കുവാനുള്ള ബന്ധുക്കള്‍ അവര്‍ക്കു അവിടെയുണ്ട്. എനിക്കു അവരുമായി കുടുംബ ബന്ധമില്ലാത്ത സ്ഥിതിക്ക് അവര്‍ എന്റെ കുടുംബത്തെ കാക്കുമാറ് ഒരു സഹായ ഹസ്തം അവര്‍ക്കു നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. അഥവാ തനിക്കുവേണ്ടിയല്ലാതെ വിറകുവെട്ടേണ്ടി വന്ന ഹാത്വിബിനെ ഖുർആൻ ശക്തമായി തിരുത്തി. (ഹാത്വിബ് = വിറകുവെട്ടി)

പക്കാ നിഷേധികളുമായി സ്നേഹ ബന്ധം പുലർത്തുന്നതിൽ കാര്യമില്ലെന്നും ഈ ലോകത്തോ പരലോകത്തോ അത്തരം ബന്ധങ്ങൾ ഉപകാരപ്പെടില്ല എന്നാണ് ആദ്യ 3 സൂക്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ നിങ്ങൾക്ക് തിന്മയാഗ്രഹിക്കാത്ത, നന്മമാത്രമാഗ്രഹിക്കുന്നവരോട് നല്ല രീതിയിൽ തന്നെ സഹവർത്തിക്കണമെന്ന് ഇവിടെ 8, 9 ആയതുകളിലേത് പോലെ 8:60 – 61 പോലെയുള്ള സൂക്തങ്ങളിലും വ്യക്തമാക്കുന്നുണ്ട്.

ഇബ്രാഹീം നബി (അ) പിതാവിനോട് ചെയ്ത ഒരു വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് പിതാവിന് വേണ്ടി പാപമോചനത്തിന് പ്രാർഥിച്ചതെന്നും അത്തരം ജീവിതങ്ങളിൽ ഉത്തമ മാതൃകകളുണ്ടെന്നും ഉണർത്തുന്നു 6 വരെ ആയതുകൾ. എന്നാൽ ചില ബന്ധങ്ങൾ നിലനിർത്തേണ്ടതുണ്ട് എന്ന സൂചനയാണ് തുടർന്നു വരുന്ന 3 ആയതുകൾ സൂചിപ്പിക്കുന്നത്. അസ്മാ ബിന്ത് അബീബക്ർ (റ)അതി ബുദ്ധിമതിയായിരുന്നു. പ്രത്യുൽപന്നമതിത്വത്തിന് പേര് കേട്ടവർ. ഹിജ്റ: യിൽ കൂടെയുണ്ടായിരുന്ന സ്വന്തം ഉപ്പാക്കും കൂട്ടുകാരനും വേണ്ട ഭക്ഷണം അവരുടെ അരപ്പട്ട രണ്ടായി പകുത്ത് ഒരു ഭാഗം കൊണ്ട് ഭക്ഷണസാധനങ്ങളടങ്ങുന്ന സഞ്ചി കെട്ടാനുപയോഗിച്ചത് നാം ചരിത്രത്തിൽ പഠിച്ചതാണ്. അസ്മ (റ)യുടെ ഈ ബുദ്ധിയാണ് പ്രവാചകൻ (സ)അവർക്ക് ദാതു ന്നിതാഖൈൻ എന്ന് വിശേഷിപ്പിക്കാൻ നിമിത്തമായത്. അബൂ ബക്ർ (റ) നേരത്തെ ഒരു കല്യാണം കഴിച്ചിരുന്നു ,ഖതീല എന്നായിരുന്നു അവരുടെ പേര്. പ്രവാചക പത്നി ആഇശ (റ) യുടെ മാതാവ് ഉമ്മു റൂമാനിന് മുമ്പ് അബൂബക്ർ (റ) വിവാഹം കഴിച്ച നാടൻ സ്ത്രീയായിരുന്നു ഖതീല . ആദർശപ്പൊരുത്തം വിവാഹ ബന്ധം തുടർന്ന് പോകാൻ വേണ്ട സംഗതിയാണല്ലോ ?! കുറച്ചു കാലത്തെ ബന്ധത്തിന് ശേഷം അദ്ദേഹം അവരെ ത്വലാഖ് ചെയ്തു. ഉമ്മു റൂമാനാണ് തുടർന്ന് അസ്മയേയും വളർത്തിയത്. അസ്മയുടെ വിവാഹം സുബൈറുബ്നു അവ്വാമുമായി നടന്നതും പിന്നീടവർ ഗർഭിണിയായതുമെല്ലാം മക്കയുടെ ഏതോ പ്രാന്തപ്രദേശത്ത് നിന്ന് ഖതീല: അറിയുന്നുണ്ടായിരുന്നു. മോളെ എങ്ങിനെയെങ്കിലും കാണണമെന്ന ആ അമ്മ മനസ്സ് അതോടെ അസ്വസ്ഥമായി. രണ്ടുമൂന്നു ദിവസത്തെ തയ്യാറെടുപ്പിൽ ചില പലഹാരങ്ങളും മോൾക്കും പേരകുട്ടിക്കുമുള്ള ഉടുപ്പുകളടക്കം തയ്യാറാക്കി സഹോദരന്റെ കൂടെ മദീനത്തേക്ക് പുറപ്പെട്ടു. ഏറെ പ്രയാസപ്പെട്ടാണ് മദീനത്തേക്കെത്തുന്നത്. വീടന്വേഷിച്ചു കണ്ടുപിടിക്കാനും പണിപ്പെട്ടു. അവസാനം വീടിന്റെ വാതുക്കൽ നില്ക്കുന്ന അമ്മയെ കണ്ടപ്പോൾ അസ്മക്കു എന്തു ചെയ്യണമെന്നറിയാതെയായി. വീട്ടിലെ ഭൃത്യനെ രഹസ്യമായി അനുജത്തി ആഇശയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട് അളിയനോട് ഇതു സംബന്ധമായ മതവിധി എന്താണെന്ന് പെട്ടെന്നറിഞ്ഞ് വരാനായാണ് അങ്ങനെ ചെയ്തത്. ഈ സന്ദർഭത്തിലാണ് സൂറ: മുംതഹിനയിലെ എട്ടാമത്തെ സൂക്തമവതരിച്ചതെന്ന് ഹദീസ് / തഫ്സീർ ഗ്രന്ഥങ്ങൾ പറയുന്നു. നബി പറഞ്ഞതു ( “അതെ, നിങ്ങളുടെ അമ്മയോട് കുടുംബ ബന്ധം ചേർക്കുക.” )എന്നത് അക്ഷരാർഥത്തിൽ പാലിച്ച് വയറു നിറച്ചും ഭക്ഷണവും ഖൽബ് നിറച്ച് സ്നേഹവും വിളമ്പിയാണ് അമ്മയേയും അമ്മാവനേയും അസ്മാ ( റ ) അന്ന് യാത്രയാക്കിയത്.

ഇത് സ്വന്തം ആദർശത്തിലല്ല എന്നതിന്റെ പേരിൽ ബന്ധുക്കളോടും അയൽവാസികളോടും തനി സാധാരണക്കാരായ നാട്ടുകാരോടും അകലം പാലിക്കുന്നവരോടുള്ള ഓർമ്മപ്പെടുത്തലാണ്. മാതാപിതാക്കളോടും രാജ്യനിവാസികളോടും നാം പുലർത്തേണ്ട മുസ്വാഹബതും ഹുസ്നുൽ ഖുലുഖും മകാരിമുൽ അഖ്ലാഖും പ്രമാണങ്ങൾ പഠിപ്പിക്കുന്നത് നന്മയുടെ പല വ്യത്യസ്ത പേരുകളിലാണ്. (2:224,31:15, 60:8)

മദീനയിലേക്ക് പലായനം ചെയ്തു വരുന്ന സ്ത്രീകളെ അവരുടെ വിശ്വാസം വ്യക്തമാവാൻ പരീക്ഷിച്ചു നോക്കാമെന്നും വിശ്വാസം അവലംബിച്ചു വന്ന സ്ത്രീകളെ അവിശ്വാസികൾക്ക് വിട്ടുകൊടുക്കരുതെന്നും അല്ലാഹു കോപിച്ചിട്ടുള്ള ശത്രു ജനതയോട് മൈത്രി പുലർത്തരുതെന്ന് രണ്ടാമതും ആവശ്യപ്പെട്ടുകൊണ്ട് സൂറ: സമാപിക്കുന്നു.

4ـ سورة الصف: 14 സൂക്തങ്ങളാണ് ഈ സൂറ:യിലുള്ളത് അദ്ധ്യായത്തിന്റെ പേര് അതിലെ നാലാമത്തെ സൂക്തത്തിലെ സ്വഫ്ഫാ എന്ന വാക്യത്തിൽ നിന്നു സ്വീകരിക്കപ്പെട്ടതാണ് എന്നാണ് പണ്ഡിത മതം. പേരും പൊരുളും ഒന്നായ ചില സൂറത്തുകളിലൊന്നാണത്. അണി ചേരുക , ചിട്ടപ്പെടുത്തുക എന്നെല്ലാമാണ് ആ പദത്തിന്റെ ഭാഷാർത്ഥം. അണിയാവലും ചിട്ടയായ ജീവിതശൈലിയും സമാധാന ഘട്ടത്തിലും യുദ്ധ ഘട്ടത്തിലും ഒരുപോലെ ശീലിക്കേണ്ട ഉത്തമഗുണമാണത്. ഏത് സമാധാന കാലത്തിനിടയിലും അസ്വസ്ഥ ദിനങ്ങൾ പ്രതീക്ഷിക്കാവുന്നതാണെന്നും അത്തരം അടിയന്തിരാവസ്ഥകളിൽ പാദം പതറാതെ, ചിത്തം ചിതറാതെ വ്യവസ്ഥാപിത ജീവിതം മുറുകെപ്പിടിക്കണമെന്ന ഉച്ചത്തിലുള്ള ആഹ്വാനമായി ആ വാചകത്തെ ഉൾകൊള്ളുക എന്നതാണ് പ്രസ്തുത വാചകത്തിന്റെ ആനുകാലിക പ്രസക്തി. വ്യവസ്ഥാപിതത്വം ഒരു സാഹചര്യത്തിലും കൈമോശം വരാവതല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഹിജ്റ രണ്ടാം വർഷം റമദാനിൽ നടന്ന ഇസ്ലാമിലെ ആദ്യ അടിയന്തിരാവസ്ഥയായ ബദർ യുദ്ധം. യുദ്ധ തയ്യാറെടുപ്പ് മുതൽ ക്യാമ്പിന് അനുയോജ്യമായ സ്ഥലം തെരെഞ്ഞെടുക്കുന്നതടക്കമുള്ള സംഗതികൾ വ്യവസ്ഥാപിതമായ കൂടിയാലോചനയിലൂടെ, വിജയമുറപ്പിച്ച പാരമ്പര്യമാണ് സ്വഫ്ഫ് എന്ന ഖുർആനിക സംജ്ഞ വായിക്കുമ്പോൾ നാമോർക്കേണ്ടത്. വ്യവസ്ഥാപിതത്വത്തിന്റെ വിപരീത ശബ്ദമാണ് അരാജകത്വം. എപ്പോൾ അരാജകത്വത്തിന്റെ കാറ്റ് വീശിയോ അവിടെ പരാജയ ഭീതിയുണ്ടാവുമെന്നാണ് തുടർന്ന് നടന്ന രണ്ടാം അടിയന്തിരാവസ്ഥ ഉഹ്ദ് നല്കുന്ന പാഠം. ഖുർആനിൽ സ്വഫ്ഫ് എന്ന പദം വന്നിട്ടുള്ള സൂക്തങ്ങൾ ( 18:48, 20 : 64,61: 4,78:38, 89: 22,37:1-165,24:41, 67: 19, 22:36,52:20, 88 : 15) ഒന്ന് എടുത്ത് പഠിക്കാൻ ശ്രമിച്ചു നോക്കൂ. ജീവിതത്തിൽ ഇഹലോകത്തും പരലോകത്തും വിശ്വാസി ശീലിക്കേണ്ട , പ്രകൃതിയിൽ നിന്നും മാലാഖമാരിൽ നിന്നുമവൻ ബോധപൂർവ്വം പഠിക്കേണ്ട വ്യവസ്ഥാപിതത്വത്തിന്റെ വലിയ രൂപകമാണ് സ്വഫ്ഫെന്ന് അപ്പോൾ ബോധ്യപ്പെടും. വിശ്വാസി സ്വഫ്ഫ് പള്ളിയിൽ മാത്രം ദീക്ഷിക്കേണ്ടതല്ല , പ്രത്യുത പള്ളിക്കൂടത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം അവന്റെ ജീവിതത്തിൽ പുലർത്തേണ്ട സ്വഭാവമര്യാദയാണതെന്ന് നാമോരോരുത്തരും തിരിച്ചറിയണം.

ഈ സൂറ: ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിനെ സ്തുതിക്കുന്നു എന്ന പ്രഖ്യാപനത്തിന് ശേഷം ചെയ്യാത്ത കാര്യങ്ങൾ പറയുന്ന ചില മനുഷ്യന്മാരെ ശക്തമായി അപലപിക്കുന്നു. സത്യത്തിന് വേണ്ടി പോരാടുന്നതിൽ സത്യസന്ധതയ്ക്കും ഐക്യദാർഡ്യത്തിനും വേണ്ടിയുള്ള ആഹ്വാനം നടത്തുന്നു. അങ്ങനെ ചെയ്യുന്നവർ ദൈവസ്നേഹത്താൽ പ്രചോദിതരാണ് എന്നും പ്രഖ്യാപിക്കുന്നു. മൂസാ, ഈസാ (അലൈഹിമാ സ്സലാം) പ്രവാചകന്മാരോട് ഇസ്രായേൽ മക്കൾ പുലർത്തിയ അകൽച്ച യഥാർഥ വിശ്വാസികൾക്ക് മുഹമ്മദ് നബിയോട് ഉണ്ടാവരുതെന്ന് പ്രത്യേകം അവശ്യപ്പെടുന്നു. എല്ലാ മതങ്ങൾക്കും ദർശനങ്ങളുടേയും ഇടയിൽ വ്യക്തമായ സമ്പൂർണ്ണ ജീവിത വ്യവസ്ഥയായിരിക്കാനാണ് നാഥൻ തന്റെ റസൂലിനെ സന്മാർഗത്തോടും സത്യമതത്തോടും കൂടി അയച്ചതെന്നും പ്രസ്താവിക്കുന്നു. അല്ലാഹു അവന്റെ വെളിച്ചം പൂർത്തീകരിക്കുകയും അത് കെടുത്തിക്കളയാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുകയും ചെയ്യുമെന്നും അല്ലാഹുവിനുവേണ്ടി സഹകാരികളാവാൻ നിങ്ങൾ ഹവാരിയ്യീങ്ങളെ പോലെ അഹമഹമികയാ മുന്നോട്ട് വരണമെന്നും ഈ സൂക്തങ്ങൾ ചുരുക്കി ഉത്ബോധിപ്പിക്കുന്നു.

5 ـ سورة الجمعة: ഈ സൂറ:യിൽ രണ്ട് ഊന്നലുകളാണുള്ളത് 1-മറ്റുള്ളവരേക്കാൾ ദൈവത്തോടുള്ള അടുപ്പം ഞങ്ങൾക്കാണെന്ന് മിഥ്യാഭിമാനത്തിൽ കഴിയുന്ന യഹൂദന്മാരെ തെളിവുകൾ നിരത്തി ശക്തമായി അപലപിക്കുന്നു. 2- സന്മാർഗ വിശദീകരണവും ജ്ഞാനവുമായി ഒരു പ്രവാചകനെ അയയ്ക്കുകയാണെന്നും സകല വ്യവസ്ഥകളുടേയും മേൽ അത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമെന്നുള്ള സന്തോഷ വാർത്ത. തുടർന്ന് വെള്ളിയാഴ്ച പ്രവാചകൻ (സ) മിമ്പറിൽ പ്രസംഗിക്കുമ്പോൾ പ്രവാചകനെ വിട്ടുപോകുന്ന കച്ചവടം മാത്രം മനസ്സിൽ താലോലിക്കുന്നവരോടുള്ള വിമർശനം. ( ഇവിടെ ജുമുഅ പരാമർശിക്കുന്നതാണ് സൂറ:യുടെ നാമകരണത്തിന് നിമിത്തം) വിനോദം , വ്യാപാരം തുടങ്ങിയവക്ക്വെ ള്ളിയാഴ്ച നമസ്കാര സമയത്ത് വിലക്കും അതിനുശേഷം വ്യാപാരം നടത്താനും അവന്റെ കൃപ തേടാനുമുള്ള ആഹ്വാനവും (അഥവാ ആത്മീയ ഔത്സുക്യം ഉറപ്പു വരുത്തിയതിന് ശേഷം ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ പോകുന്നത് തെറ്റല്ല എന്ന സന്ദേശം ) ഈ 11 സൂക്തങ്ങൾ ഉൾകൊള്ളുന്നു. ഈ സൂറ:യും തൊട്ടടുത്ത മുനാഫിഖൂൻ സൂറ:യും നബി (സ) വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് സാധാരണയായി ഓതിയിരുന്നു.

6ـ سورة المنافقون: സൂറ: മുനാഫിഖൂനിൽ പേര് സൂചിപ്പിക്കും പോലെ തന്നെ കപടവിശ്വാസികൾക്കെതിരെ ശക്തമായ കാമ്പയിനിങ്ങുണ്ട്. അവർ പറയാറുള്ള അപകടകരമായ വാക്കുകളുടെയും നിലപാടുകളുടെയും അവലോകനം , അവരുടെ ഗൂഢാലോചന, അവർക്ക് ഇസ്ലാമിക പ്രബോധനത്തിനോടുള്ള ശത്രുത, അവർ പ്രവാചകനും മുഹാജിറുകൾക്കും എതിരെ നടത്തുന്ന പ്രകോപനം എന്നിവ ഇല്ലാതാക്കി പ്രവാചകനും വിശ്വാസികൾക്കും ധൈര്യം പകരുക എന്നതാണ് സൂറ: യുടെ പ്രധാന ഊന്നൽ.സമ്പത്തും സന്താനങ്ങളും ്് ദൈവസ്മരണയിൽ നിന്ന് തെറ്റിക്കുന്നതിനെതിരെയും ഉള്ള സമ്പത്ത് ദൈവികമാർഗത്തിൽ ചെലവഴിക്കാനുള്ള ശക്തമായ പ്രേരണയുമാണ് ഈ 11 സൂക്തങ്ങൾ ആലേഖനം ചെയ്തിട്ടുള്ളത്

7ـ سورة التغابن:
നഷ്ടം വെളിപ്പെടുന്ന അന്തിമ ദിനത്തെ കുറിച്ച് ഒമ്പതാം സൂക്തത്തിൽ വ്യക്തമാക്കിയിട്ടുള്ളത് കൊണ്ടാണ് സൂറ:ക്ക് ഈ പേര് വരാൻ കാരണം. പരലോകത്തെ സംബന്ധിച്ച ഊന്നലാണെങ്കിലും ഈ അധ്യായം ഭൂരിപക്ഷത്തിന്റെ വീക്ഷണത്തിൽ മദനിയ്യാണ്. അവസാന 2 വാക്യങ്ങൾ ഒഴികെയുള്ളതെല്ലാം മദീനയിൽ അവതരിച്ചതാണെന്ന് ഔഫ് ബിൻ മാലിക് അശ്ജഈ വെളിപ്പെടുത്തിയതായി കാണാം. ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാം അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു എന്നും എല്ലാം അവന് സമർപ്പിച്ചതിന്റെ സൂചന പ്രപഞ്ചമുടനീളം കുടികൊള്ളുന്നുണ്ടെന്നും പുനരുത്ഥാനത്തെ നിഷേധിച്ചവർക്ക് അനിവാര്യമായ ഓർമ്മപ്പെടുത്തലുകളും സൂറ:യിലുണ്ട്.
ഇണകളിലും മക്കളിലും സമ്പത്തിലുമെല്ലാം പരീക്ഷണവും ശത്രുക്കളുമുണ്ടെന്ന് ഓർമപ്പെടുത്തുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ഉള്ളതിൽ ഏറ്റവും നല്ലത് സമൂഹത്തിന് വേണ്ടി ചെലവഴിക്കാൻ ആവശ്യപ്പെട്ടു കൊണ്ടും അല്ലാഹുവിന്റെ മഹത്വം വീണ്ടും ഓർമിപ്പിച്ചു കൊണ്ടും 18 സൂക്തങ്ങളുള്ള സൂറ: തഗാബുൻ സമാപിക്കുന്നു.

8ـ سورة الطلاق: നേരത്തെ കഴിഞ്ഞ ബഖറ, നിസാഅ് സൂറകളിൽ വിശദമാക്കിയിട്ടില്ലാത്ത ചില സ്ത്രീജന്യ വിഷയങ്ങളാണ് ത്വലാഖ് എന്ന അധ്യായത്തിലുള്ളത്.വിവാഹമോചനത്തിന്റെ വിധികളോടൊപ്പം ആർത്തവം നിലച്ചവരോ തുടങ്ങാത്തവരോ ആയ സ്ത്രീകളുടെ ദീക്ഷാകാലത്തെ കുറിച്ച ചില വിധികളും ഉൾപ്പെടുന്നു. തീർത്തും കർമശാസ്ത്രപരമായ വിഷയങ്ങൾക്കിടയിൽ തീർത്തും മാനവികമായ ചില പ്രത്യേക നിർദ്ദേശങ്ങളും (ഉദാ: മുലകുടിപ്പിക്കുന്നതിന് കൂലി, ദീക്ഷാ കാലത്തെ ചെലവ് ) മറ്റു ചില ചരിത്ര വിശകലനവും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ അവതരണവുമെല്ലാം കടന്നുവരുന്നുണ്ട് ഈ 12 ആയതുകളിൽ .

9ـ سورة التحريم: അവസാനമായി സൂറ: തഹ് രീമാണ്. ഈ സൂറ: റസൂലിന്റെ പച്ചയായ കുടുംബജീവിതത്തിൽ നിന്നുള്ള ഒരേടാണ് . നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കി തന്നിട്ടുള്ളതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു?! നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. (66:1) ഒരു സഹ കളത്രത്തിന്റെ വീട്ടിൽ നിന്ന് തേൻ കുടിക്കില്ലെന്ന് / അനുവദനീയമായ ബന്ധം മുറിച്ചു കളയുമെന്ന് സ്വയം തീരുമാനിക്കുന്ന ഭർത്താവ് പ്രവാചകനായിട്ട് പോലും ഹലാൽ – ഹറാം തീരുമാനിക്കാനുള്ള അധികാരമില്ലെന്നാണ് തഹ്‌രീം അധ്യായത്തിന്റെ ആദ്യഭാഗം പ്രഖ്യാപിക്കുന്നതെങ്കിൽ , അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലെ ഈ കാഴ്ചകളോടൊപ്പം ഭൂമിയിലെ വിശ്വാസത്തിന്റേയും നിഷേധത്തിന്റേയും മാതൃകകളായ ചില ചരിത്ര കഥാ പാത്രങ്ങളെ പരിചയപ്പെടുത്തി സ്ത്രീ നന്നായാൽ ലോക വിശ്വാസികൾക്ക് മാതൃകയാണെന്നും (ഉദാ: ആസിയാ , മർയം) ചീത്തായാലോ നിഷേധികളുടെ മാതൃക (ഉദാ: നൂഹ് , ലൂത്വ് (അലൈഹിമാ സ്സലാം ) പ്രവാചകന്മാരുടെ ഭാര്യമാർ ) യാവുമെന്നും ഉണർത്തി നിഷ്കളങ്ക പാശ്ചാതാപത്തിന്റേയും ദൈവിക മാർഗത്തിലെ സമരത്തിന്റേയും പ്രാധാന്യം എടുത്തു പറയുന്ന 12 സൂക്തങ്ങളാണ് സൂറ: തഹ്‌രീമിലുള്ളത്

Related Articles