Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 27

ദാരിയാത് പകുതി, ത്വൂർ, നജ്മ് , ഖമർ , റഹ്മാൻ , വാഖിഅ, ഹദീദ് എന്നീ പ്രധാനപ്പെട്ട ചില സൂറ:കളാണ് ഈ ജുസ്ഇലുള്ളത് (قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُون…) നല്ല ഭക്ഷണമൊരുക്കി തീറ്റിച്ചതിന് ശേഷമാണ് ആഗതരുടെ വരവിന്റെ ഉദ്ദേശ്യം എന്താണ് എന്ന് മാന്യരായ ആതിഥേയർ ചോദിക്കുന്നത് പോലും. വാതിൽക്കൽ തന്നെ എന്തിനാ വന്നേ എന്ന് വിളിച്ച് ചോദിക്കുന്ന ഇക്കാലത്ത് ആതിഥേയത്വവുമായി ബന്ധപ്പെട്ട ഇസ്‌ലാം, ക്രൈസ്തവ, ജൂത മതങ്ങളിലെ ദൈവശാസ്ത്രപരമായ ആലോചനകളിൽ ഇബ്‌റാഹീം നബി (അ) തന്റെ അപരിചിതരായ അതിഥികൾക്ക് നൽകിയ സ്വീകരണം പ്രധാനമായത് കൊണ്ട് അപരിചിതൻ അല്ലെങ്കിൽ വഴിയാത്രക്കാരൻ / യാത്രക്കാരൻ തുടങ്ങിയവരെ സ്വീകരിക്കുകയും, അവർക്ക് ഇടം നൽകുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണം നന്നാവും. ഇസ്ലാമിലെ ആതിഥേയത്വം മൂന്ന് ദിവസമാണെന്നും അതിനു ശേഷമേ അതിഥിയോട് ആഗമനോദ്ദേശ്യം ആരായാവൂ എന്നുമാണ് പണ്ഡിത മതം. ഖത്വ്ബ് എന്ന വാക്കിനും കനമുണ്ട്. സാധാരണ ഗതിയിൽ കാര്യമെന്നയർഥത്തിൽ ഉപയോഗിക്കുന്ന പദമല്ല അത്. അഥവാ അവർ ദൈവനിയോഗതരാണെന്ന് ആതിഥേയർക്ക് തിരിഞ്ഞിരിക്കുന്നു. നിയോഗലക്ഷ്യം എന്ത് എന്ന ചോദ്യം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്ന് സാരം.

ലൂത്വി (അ)ന്റെ ജനതയെ മുഴുവൻ നശിപ്പിക്കാൻ പോവുന്നതിനിടയിൽ വന്നതാണെന്ന് അവർ സൂചന നല്കി, ശേഷം മൂസാ, ഹൂദ്, സ്വാലിഹ്, നൂഹ് (അലൈഹി മുസ്സലാം) എന്നിവരുടെ ജനതകളുടെ നിലപാടുകളും അവർക്ക് ശിക്ഷയുണ്ടാവാനുള്ള കാരണങ്ങളുമാണ് 46 വരെ ആയതുകളിലുള്ളത്. തുടർന്ന് ആകാശം, ഭൂമി, ഇണകൾ എന്നിങ്ങനെയുള്ള നിരവധി സന്തുലിതത്തിനനിവാര്യമായ വസ്തുക്കളെയും സൃഷ്ടിച്ചത് എടുത്തു പറഞ്ഞതിന് ശേഷം അല്ലാഹുവിലേക്ക് ഓടിയടുക്കുവാനും അവനിൽ മറ്റൊരു ആരാധ്യനെയും സ്ഥാപിക്കരുതെന്നും ഉണർത്തുകയാണ് 51 വരെ സൂക്തങ്ങൾ . ഏത് പ്രവാചകൻ വന്നാലും ഭ്രാന്തൻ , മാരണക്കാരൻ എന്നെല്ലാം നിഷ്കരുണം വിളിക്കുന്ന അതിക്രമകാരികളായ ജനതകളായിരുന്നു അവരെല്ലാമെന്നും ഉത്ബോധനം വിശ്വാസികൾക്കേ ഉപകാരപ്പെടൂവെന്നും അല്ലാത്തവരിൽ നിന്ന് തിരിഞ്ഞു കളയാവുന്നതാണെന്നും നബിയെ ഓർമപ്പെടുത്തുകയാണ് 55 വരെ വാക്യങ്ങൾ . മനുഷ്യ-ജിന്ന് സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിന് വഴിപ്പെടലാണെന്നും അവന്റെ അടിമകളിൽ നിന്നും ഉപജീവനം ആവശ്യപ്പെടുന്നില്ലെന്നും അവനാണ് സർവ്വത്തിനും ഭക്ഷണം എത്തിച്ചു കൊടുക്കുന്നവനാണെന്നും താക്കീത് ദിവസത്തെ മറന്നു കളഞ്ഞ ആ അക്രമികൾക്ക് തങ്ങളുടെ കൂട്ടാളികൾക്ക് ലഭിച്ചത് പോലെയുള്ള ശിക്ഷയുണ്ടെന്നുമുണർത്തി സൂറ: സമാപിക്കുന്നു.

അടുത്ത അധ്യായം മക്കയില്‍ അവതരിച്ച സൂറ: ത്വൂർ ആണ് ; അതിലെ വചനങ്ങള്‍ 49 . നിങ്ങളുടെ മീതെ ത്വൂര്‍ [പര്‍വ്വതം] നാം ഉയര്‍ത്തുകയും എന്ന് 2:63 ൽ ബനൂ ഇസ്റാഈലിന്റെ ശിക്ഷയുടെ അടയാളമായിപ്പറഞ്ഞ ത്വൂറും തുകലിൽ എഴുതപ്പെട്ട ഗ്രന്ഥവും ആകാശ ലോകത്തെ ആരാധനാ കേന്ദ്രമായ ബൈതുൽ മഅ്മൂറും ആകാശമാവുന്ന മേലാപ്പും നിറഞ്ഞ സമുദ്രവും വെച്ച് കൊണ്ട് വരാനിരിക്കുന്ന അതി ഭീകരമായ ശിക്ഷയുടെ കാഠിന്യം വ്യക്തമാക്കാനായി സത്യം ചെയ്തതാണ് 11 വരെയുള്ള ആമുഖ പ്രഭാഷണം . തുടർന്ന് നരകാവകാശികളുടേയും സ്വർഗാവകാശികളുടേയും നരക – സ്വർഗ പ്രവേശം വളരെ കൃത്യമായി മനസ്സിലാക്കിത്തരികയാണ് 20 വരെ സൂക്തങ്ങൾ. വിശ്വാസികളുടെ കൂടെ അവരുടെ സന്താനങ്ങളുമുണ്ടാവുമെന്നും സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ച് എല്ലാ ശിക്ഷകളിൽ നിന്നും രക്ഷപ്പെടാനുള്ള പ്രത്യേക പരിഗണന അർഹിക്കുന്നവരായിരിക്കുമെന്നാണ് 27 വരെ സൂക്തികൾ വിളിച്ചോതുന്നത്. അവർ അനുഭവിക്കുന്ന സൗഭാഗ്യത്തിന്റേയും നിഷേധികൾ അനുഭവിക്കാനിരിക്കുന്നു ദൗർഭാഗ്യത്തിന്റെയും നിമിത്തം ഒരു പ്രവാചകനോടുള്ള രണ്ടു കൂട്ടരുടേയും നിലപാടുകളാണെന്നാണ് 33 വരെ വചനങ്ങൾ വ്യക്തമാക്കുന്നത്. നിഷേധികൾക്ക് ഇങ്ങിനെയൊരു വാചകം പോലും കൊണ്ടുവരിക സാധ്യമല്ലെന്നും അക്രമം നടത്തിയവർക്ക് ഈ പറഞ്ഞതിനേക്കാൾ ഉപരിയാവും ലഭിക്കാൻ പോവുന്ന ശിക്ഷയെന്നും നിന്റെ രക്ഷിതാവിന്റെ തീരുമാനം ക്ഷമാപൂർവം സ്വീകരിക്കുകയും സദാസമയവും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയാണ് വേണ്ടതെന്നും നബിയെ ഉണർത്തി സൂറ: സമാപിക്കുന്നു.

തുടർന്ന് സൂറ: നജ്മ് (നക്ഷത്രം) ആണ് . മക്കയില്‍ അവതരിച്ച 62 വചനങ്ങളാണിതിലുള്ളത്. [32-ാം വചനം മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്] ഈ സൂറയുടെ അവസാനത്തിലാണ് തിലാവതിന്റെ സുജൂദ് ആദ്യമായി അവതരിച്ചത് . അസ്തമിക്കുന്ന നക്ഷത്രത്തെ കൊണ്ട് സത്യം ചെയ്ത് പറയുന്നത് പ്രവാചകൻ (സ) ന്റെ സത്യതയാണ്. നാല് പതിറ്റാണ്ടോളം അവരിലെ അമീനും സ്വാദിഖു / വിശ്വസ്തൻ, സത്യസന്ധനുമായിരുന്ന അവരുടെ കൂട്ടുകാരൻ പെട്ടെന്ന് ഒരു ദിവസം വഴിതെറ്റി തന്നിഷ്ടപ്രകാരം ഒന്നും പുലമ്പുകയല്ലെന്നും അത്യുന്നത മണ്ഡലത്തിലുള്ള ശക്തനും ആകാം സൗഷ്ഠവുമുള്ള ജിബ് രീൽ അടുത്തു വന്നു നല്കിയ ദിവ്യസന്ദേശമാണിതെന്നാണ് 8 വരെയുള്ള വചനങ്ങൾ ആമുഖമായി പറഞ്ഞത്.
രണ്ടു വില്ലുകളേക്കാൾ വളരെ അടുത്തുവന്നു ഉപരിലോകത്തുള്ള സിദ്റതുൽ മുൻതഹാ എന്ന സ്വർഗത്തിന്റെ ചാരെ നിന്ന് മിഅ്റാജിൽ ഇമവെട്ടാതെ നബി (സ) ആവർത്തമാനം മാത്രം ശ്രദ്ധിച്ചപ്പോൾ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത ആ ആകാശ യാത്രയാണ് 18 വരെ സൂക്തങ്ങൾ വളരെ ആലങ്കാരികമായി ചിത്രീകരിക്കുന്നത്.

ലാത, ഉസ്സ, മനാത എന്നിങ്ങനെയുള്ള ദേവസങ്കല്പങ്ങളെയും മാലാഖമാരെ കുറിച്ച ദൈവപുത്രീ സങ്കല്പ മടങ്ങുന്ന നീതിപൂർവമല്ലാത്ത ഓഹരിവെക്കലും തോന്നിയപോലെയുള്ള ക്രയവിക്രയങ്ങളും ഊഹാധിഷ്ഠിതമായ നാമകരണങ്ങളും പറഞ്ഞു കൊണ്ട് ഇഹപര സൗഭാഗ്യങ്ങൾ നല്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്ന് സ്ഥാപിക്കുകയാണ് 25 വരെ ആയതുകൾ. ഇവർ ദൈവപുത്രിമാരായി സങ്കല്പിച്ച് സ്ത്രൈണ ഭാവം നല്കിയാലും ഈ മനുഷ്യർക്ക് ശുപാർശ നല്കാൻ കഴിയാത്തവരാണെന്നും വിവരമില്ലാതെ വെറും ഊഹാധിഷ്ഠിതവ്യവഹാരങ്ങളാലാണവർ തങ്ങളുടെ ഐഹിക ജീവിതം കെട്ടിപടുക്കുന്നതെന്നും അവരിൽ നിന്ന് പിന്തിരിഞ്ഞു കളയലാണ് ഭൂഷണമെന്നും ഉണർത്തുകയാണ് 30 വരെ വാക്യങ്ങൾ .

അല്ലാഹുവിന്റെ അവകാശങ്ങളെന്തെന്നും അവനെ അംഗീകരിക്കുന്നവരുടെ യോഗ്യതകളും ധിക്കരിക്കുന്നവരുടെ കുറവുകളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന വർണ്ണനകളാണ് 35 വരെ വചനങ്ങൾ. സ്വന്തം മന:സാക്ഷിക്കനുസരിച്ച് ദീൻ സ്വീകരിച്ച് പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും പെട്ട് ദേഹേഛക്ക് അടിപെട്ട ഒരു മനുഷ്യനെ സങ്കല്പിച്ചു നോക്കൂ അവനാണീ ധിക്കാരി . അവൻ അവന്റെ മാത്രം പാപഭാരങ്ങൾ വഹിച്ച് കൊണ്ട് അവനർഹിക്കുന്ന പരിണതിയിലേക്ക് പ്രവേശിക്കുകയാണെന്നും സ്വന്തം അധ്വാനിച്ചതേ മനുഷ്യനുള്ളൂവെന്നും ആരുടേയും പാപഭാരം മറ്റൊരാൾ വഹിക്കേണ്ടി വരില്ലെന്നുമുള്ളത് ദിവ്യപ്രോക്തഗ്രന്ഥങ്ങളിലെല്ലാം ഒരുപോലെ വന്നതാണെന്നും ഉണർത്തുകയാണ് 40 വരെ സൂക്തങ്ങൾ.

സർവ്വകഴിവുകളുടെയും നാഥനായ രക്ഷിതാവിലേക്ക് ചെന്നവസാനിക്കുന്നതെന്നും അവനാണ് എല്ലാവരുടേയും പൂർണ പ്രതിഫലം നല്കുന്നതെന്നും ശൂന്യതയിൽ നിന്നും സൃഷ്ടിച്ച് പുനരുജ്ജീവിപ്പിച്ച് അർഹമായ പരിഗണനയും രക്ഷയും ശിക്ഷയും വിധിച്ചതും അവനാണെന്ന് ആദ്, സമൂദ്, സദോം, ഗൊമോറോ പ്രദേശങ്ങളിലിറങ്ങിയ ശിക്ഷയുടെ ആവരണത്തെ ഓർമിപ്പിക്കുകയാണ് 54 വരെ സൂക്തങ്ങൾ .

നബി (സ) യും മുൻ താക്കീതുകാരെപോലെ ഒരു താക്കീത് കാരനാണെന്നും അന്തിമമായ ന്യായവിധി വന്നാൽ അതിനെ തട്ടിമാറ്റാൻ ഒരു പടപ്പുമുണ്ടാവില്ലെന്നും അവന്റെ കഴിവുകൾ അംഗീകരിച്ച് അല്ലാഹുവിന് പ്രണാമം അർപ്പിച്ചു കൊണ്ട് ജീവിക്കലാണ് എല്ലാവർക്കും കരണീയമെന്നുണർത്തി സൂറ: സമാപിക്കുന്നു. (നേരത്തെ സൂചിപ്പിച്ചത് പോലെ ഇവിടെ തിലാവതിന്റെ സുജൂദുണ്ട് ) തുടർന്ന് സൂറ: ഖമർ (ചന്ദ്രൻ) ആരംഭിക്കുന്നു. മക്കയില്‍ അവതരിച്ച ഈ സൂറയിലെ വചനങ്ങള്‍ 55 ആണ് [45ഉം 46ഉം വചനങ്ങള്‍ മദനീ വിഭാഗത്തില്‍ പെട്ടതാണെന്നും അഭിപ്രായമുണ്ട്] ഇഖ്തറബ / اقترب എന്ന പദം ഖുർആനിൽ പരലോകസമയത്തിന്റെ സമയമടുത്തു എന്നതിനാണുപയോഗിക്കുന്നത്.
അല്ലാഹുവിനോടടുക്കുക എന്ന നിലയിൽ اقترِب എന്ന് സൂറ: അലഖിൽ വന്നത് ഓർമയിലുണ്ടായിരിക്കണം. അന്ത്യസമയം അടുക്കുന്നതിന്റെ ഭാഗമായാണോ പ്രവാചകത്വത്തിന്റെ അമാനുഷികതയുടെ ഭാഗമായാണോ ഈ ചന്ദ്രൻ പിളരൽ / അകലൽ എന്ന അഭിപ്രായ വ്യത്യാസം നിലവിലുണ്ട്. എന്തു കണ്ടാലും മാരണമാണെന്ന് പുലമ്പുന്ന നിഷേധത്തിന് മുമ്പിൽ പരിപൂർണ്ണ ജ്ഞാനത്തിനോ താക്കീതുകൾക്കോ സ്ഥാനമില്ലെന്നും അവരെ വിട്ടു പിന്തിരിയലാണ് പരിഹാരം എന്നാണ് 6 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത് تول عنهم അവരിൽ നിന്നും പിന്തിരിയാൻ അതേ ശൈലിയിൽ ഖുർആനിൽ അഞ്ചാമതാണീ പറയുന്നത്.

ഇവിടെ വിളിക്കുന്നവൻ (ദാഈ ) ജനങ്ങളെ ഉയർത്താൻ കാഹളം മുഴക്കുന്ന ഇസ്റാഫീൽ മാലാഖയാണ് ഉദ്ദേശിക്കപ്പെടുന്നത് എന്നാണ് പണ്ഡിത മതം. ഈ വിളിക്കുന്നവനിലേക്ക് ദൃഷ്ടികൾ താഴ്ന്നവരായി ആ ദിവസത്തെ പഴിച്ച് ഖബറുകളിൽ നിന്നും പുറപ്പെട്ടു വരുന്ന പരിഭ്രാന്തമായ അവസ്ഥയാണ് 8 വരെ ആയതുകൾ വരക്കുന്നത്. നൂഹ് , ഹൂദ്, സ്വാലിഹ്, ലൂത്വ് , മൂസാ, (അലൈഹി മുസ്സലാം) എന്നിവരുടെ ജനതകളെയെല്ലാം അവരുടെ നിഷേധം നിമിത്തം ഒറ്റയടിക്ക് ശിക്ഷിച്ചത് എടുത്തു പറയുകയും ഖുർആൻ ആലോചിച്ചു മനസിലാക്കാൻ ലളിതമാക്കി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നും ഇതിൽ നിന്നും ആലോചിച്ച് മനസ്സിലാക്കുക എന്നതാണ് 50 വരെ ആയതുകളുടെ സാരാംശം .
ഇപ്രകാരം ഒരുപാട് കക്ഷികളെ അവർ പ്രവർത്തിച്ച ചെറുതും വലുതും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് 53 വരെ സൂക്തങ്ങൾ സംസാരിക്കുന്നത്. തുടർന്ന് ധർമ്മനിഷ്ഠർക്കുള്ള ഇരിപ്പിടത്തിന്റെ സ്ഥാനവും മഹത്വവും പ്രാധാന്യവും പ്രതിപാദിച്ചു കൊണ്ട് സൂറ: സമാപിക്കുന്നു.

തുടർന്ന് സൂറ:റഹ്‌മാൻ (പരമകാരുണികന്‍) ആണ്.മക്കയില്‍ അവതരിച്ച ഈ സൂറയിൽ വചനങ്ങള്‍ 78 ഉണ്ടെങ്കിലും فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും (ജിന്ന്- മനുഷ്യൻ) റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! എന്ന പരാമർശം മാത്രം 31 തവണ ആവർത്തിച്ചിരിക്കുന്നു എന്ന് കാണാം. عروس القرآن (ഖുര്‍ആനിലെ നവവധു) എന്നൊരു ബഹുമതിപ്പേര്‍ ഹദീസുകളിൽ ഈ അധ്യായത്തിന് കാണാം. പരമകാരുണികൻ / റഹ്മാൻന്റെ വിശേഷണങ്ങളാണ് ആദ്യ 4 സൂക്തങ്ങൾ . അതവസാനിക്കുന്നത് ബയാൻ പഠിപ്പിച്ചു എന്ന പരാമർശത്തോടെയാണ് . മനസിലുള്ളത് മറ്റുള്ളവർക്ക് മനസിലാവുന്ന വിധം ആവിഷ്കരിക്കലാണ് ബയാൻ.
തുടർന്ന് പറയുന്നത് സൂര്യനും ചന്ദ്രനും കൃത്യമായ കണക്കനുസരിച്ചാവുന്നു എന്ന പ്രസ്താവന പക്ഷേ ഒരു ദിനം മൂന്നു ദിവസങ്ങളിലായി കൊണ്ടാടുന്ന സമുദായത്തിന് തിരിയില്ല. തുടർന്ന് പ്രാപഞ്ചിക വ്യവസ്ഥയിലാകെ മനുഷ്യർക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ള എല്ലാവർക്കും ദൃശ്യമാകുന്ന സന്തുലിതത്വമാണ് തുലാസ് . അതിൽ മനുഷ്യൻ സൃഷ്ടിക്കുന്ന താളപ്പിഴകളാണ് ആകാശ ഭൂമികളുടെ ഫസാദ് / നാശമായി നാം കാണുന്നത്.

(നോക്കുക സൂറ: റൂം 41 ) തുടർന്ന് ഭൂമിയിലുള്ള സസ്യജാലങ്ങൾ, മനുഷ്യ-ജിന്ന് സൃഷ്ടിപ്പ്, ദിഗന്തങ്ങളുടെ സംവിധാനം, സമുദ്രത്തിന്റെ പ്രത്യേക ഘടന, അതിലെ മുത്തും പവിഴവും, കപ്പലുകൾ എന്നിവയെല്ലാം പറഞ്ഞതിന് ശേഷം മനുഷ്യ ജന്മത്തേയും അല്ലാഹുവിന്റെ കാര്യനിർവ്വഹണത്തേയും മറ്റും സൂചിപ്പിച്ച് കൊണ്ട് ആകാശ – ഭൂമികളുടെ മേഖലകളിൽ നിന്നും പുറത്തുകടക്കുവാൻ പറ്റുമെങ്കിൽ ശ്രമിച്ചു നോക്കൂ എന്ന് രണ്ടു ഭാര സമൂഹങ്ങളോട് / ഥഖലൈനോട് (ജിന്ന്- മനുഷ്യ സൃഷ്ടികൾ ) അല്ലാഹു പറയുന്നതാണ് 34 വരെ സൂക്തങ്ങൾ .

അവിടെ സംവിധാനിച്ചിട്ടുള്ള തീജ്വാല , പുക സംവിധാനം, ആകാശത്തിന്റെ നിറം, കുറ്റവാളികളുടെ തിരിച്ചറിയൽ രേഖകൾ, നരകം, സ്വർഗങ്ങൾ, അവയിലെ അരുവികൾ, പഴവർഗങ്ങൾ, സോഫകൾ, സ്വർഗ സ്ത്രീകൾ എന്നിവ എടുത്തു പറഞ്ഞു മഹത്വവും ഔദാര്യവുമുള്ള റബ്ബിന്റെ നാമം ഉത്കൃഷ്ടമായിരിക്കുന്നു എന്ന പ്രസ്താവനയിൽ സൂറ: തീരുന്നു.

പരലോകക്കാഴ്ചകളുടെ വളരെ സുന്ദരമായ വിവരണമാണ് സൂറ: വാഖിഅഃ (സംഭവം). മക്കയില്‍ അവതരിച്ച ഈ സൂറയിൽ 96 ആയതുകളാണുള്ളത് . പരലോകത്തിന്റെ സാധ്യതയെ ഹൃദയത്തിൽ തറക്കുന്ന ശൈലിയിൽ പറഞ്ഞു കൊണ്ട്
خافضة رافعة എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഇഹലോകത്ത് ഉന്നതസ്ഥാനീയരായിരുന്നവരെ താഴ്ത്തുകയും പാർശ്വവത്കരിക്കപ്പെട്ടിരുന്നവരെ ഉയർത്തുകയും ചെയ്യുമെന്നും ഭൂമി, മലകളെല്ലാം പാറിപ്പറക്കുന്ന ധൂളികളാവുമെന്നും ചിത്രീകരിച്ചതിന് ശേഷം ജനങ്ങളെ മൊത്തത്തിൽ
1- വലതുപക്ഷം
2- ഇടതുപക്ഷം
3 – മുന്നേറിയവർ
എന്നിങ്ങനെ മൂന്നായി വേർതിരിക്കുന്നു. ഖുർആനിൽ 17:71,69 : 19,84 : 7 , 69:25 പറയുന്ന സുഭഗർ, ദുർഭഗർ എന്നിവരോടൊപ്പം സാമീപ്യം നല്കപ്പെട്ട മറ്റൊരു പ്രധാന വിഭാഗത്തെ മറ്റു അധ്യായങ്ങളിലൊന്നും പറയാത്ത സാബിഖൂൻ എന്ന പദവിയും സ്വർഗത്തിലുണ്ടെന്നാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്.9:100 ൽ പറഞ്ഞ സാബിഖൂനും ഈ സാബിഖൂനും ഒന്നാം തലമുറയിലെ ത്യാഗിവര്യന്മാരാണെ അഭിപ്രായവും നിലവിലുണ്ട്. സ്വർഗീയാനുഗ്രഹങ്ങളുടെ വർണ്ണനയാണ് 40 വരെ സൂക്തങ്ങളിലുള്ളതെങ്കിൽ ദുർഭഗരായ ഇടതു പക്ഷക്കാരുടെ ശിക്ഷകളാണ് 56ാം സൂക്തം വരെ വ്യക്തമാക്കുന്നത്.

തുടർന്ന് മനുഷ്യ സൃഷ്ടിപ്പിലെ മഹാത്ഭുതങ്ങളെ ഓരോന്നോരോന്നായി എണ്ണി മരണം, ജനനം, ആദ്യ സൃഷ്ടി , കൃഷി , കുടിവെള്ളം, തീ എന്നീ പ്രകൃതി പ്രതിഭാസങ്ങൾ എടുത്ത് പറഞ്ഞ് മഹാനായ നാഥന് പ്രകീർത്തനം ചെയ്യാൻ ആവശ്യപ്പെടുകയാണ് 74 വരെ സൂക്തങ്ങൾ . തുടർന്ന് നക്ഷത്രസ്ഥാനങ്ങൾ, ഖുർആൻ, ലൗഹുൽ മഹ്ഫൂള്, മാലാഖമാർ എന്നിവയെടുത്ത് പറഞ്ഞ് ഇതിനെയെല്ലാം കളവാക്കുന്നത് തന്നെ നിങ്ങളുടെ ഉപജീവനമാർഗമാക്കുകയോ എന്ന നിഷേധികളോടുള്ള ചോദ്യം വരെയാണ് 82 വരെ സൂക്തങ്ങൾ. ശേഷം മരണ വിഹ്വലതകളും പരലോകക്കാഴ്ചകളും സ്വർഗക്കാരുടേയും നരകക്കാരുടേയും കൃത്യമായ വിഭജനവും വരെ ചിത്രീകരിക്കുന്നു 94 വരെ ആയതുകൾ. ഇപ്പറഞ്ഞവയാണ് ഉറപ്പുള്ള യാഥാർഥ്യമെന്നും അവയുടെ നാഥനെ പ്രകീർത്തിക്കുകയാണ് നബി (സ) ക്ക് അഭികാമ്യം എന്ന ഉണർത്തലോടെ സൂറ: സമാപിക്കുന്നു.

അവസാനമായി സൂറ: ഹദീദ് (ഇരുമ്പ്) ആണ് ഈ ജുസ്ഇലുള്ളത് .മദീനായില്‍ അവതരിച്ച ഈ സൂറ:യിൽ 29 വചനങ്ങളാണുള്ളത്. നബി (സ) രാത്രികളിൽ ഓതാറുണ്ടായിരുന്ന മുസബ്ബിഹാതുകളിൽ ഒന്നാണ് ഹദീദ് സൂറ:

ഇരുമ്പിന്റെ മാംസപേശിയും ഉരുക്കിന്റെ ഞരമ്പുകളും എന്നാണ് പൗരുഷ ശക്തിയെ വിശേഷിപ്പിക്കാൻ ക്ലാസിക്കൽ സാഹിത്യങ്ങളിൽ കാണാൻ കഴിയുന്നത്. 25ാം ആയതിൽ ഇരുമ്പ് ഇറക്കിയതിനെ കുറിച്ച് പരാമർശം നടത്തിയതാവാം സൂറ: യുടെ ഈ നാമകരണത്തിന് നിമിത്തമായത്.

സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകീർത്തനങ്ങൾ പറഞ്ഞ് അവന്റെ ശക്തികൾ വിവരിച്ച് ചില സവിശേഷ നാമങ്ങൾ പ്രത്യേകമെടുത്ത് പറഞ്ഞ് ആകാശം – ഭൂമി, രാവ് – പകൽ എന്നീ പ്രതിഭാസങ്ങൾ എടുത്തു കാട്ടി അവനിൽ വിശ്വസിക്കാനും അവന്റെ മാർഗത്തിൽ ചെലവഴിക്കാനും ഓർമപ്പെടുത്തി പ്രവാചക നിയോഗത്തിന്റെ ലക്ഷ്യവും ആവശ്യകതയും ബോധ്യപ്പെടുത്തി അവന്റെ മാർഗത്തിൽ നമ്മുടെ കയ്യിലുള്ള ധനവും മറ്റു വിഭവങ്ങളും പകുത്തു നല്കാൻ (ഖർദുൻ ഹസൻ ) ആവശ്യപ്പെടുകയാണ് 11 വരെ സൂക്തങ്ങൾ. 2:245 ലും മറ്റും നാം മനസ്സിലാക്കിയ നമ്മുടെ കയ്യിലുള്ളതിൽ ഏറ്റവും നല്ല ഭാഗം മുറിച്ച് നമ്മുടെ സമൂഹത്തിൽ പകുത്ത് നൽകുന്ന രീതിയാണിത്.

തുടർന്ന് സ്വർഗത്തിന്റേയും നരകത്തിന്റേയും പ്രത്യേകം പ്രത്യേകം വർണനയാണ് 15 വരെ സൂക്തങ്ങൾ. ഒരു പ്രവാചകന്റെ വിയോഗത്തിന് ശേഷം വർഷങ്ങൾ കഴിയുമ്പോഴേക്ക് ആ സന്ദേശങ്ങളെല്ലാം മറന്ന് കഠിന ഹൃദയരായി മാറിയ ചില ജനസമൂഹങ്ങളെ മുന്നിൽ കാണിച്ച് വിശ്വാസികൾ അങ്ങിനെയാവരുതെന്നുണർത്തുന്നു 16-ാം സൂക്തം. ശേഷം ഭൂമിയെ അതിന്റെ മൃത്യവിന് ശേഷം സജീവമാക്കിയവന് കടുത്ത ഹൃദയങ്ങളെ നിർമലമാക്കാൻ കഴിയുമെന്നും അവർ ഏത് സമയത്തും സാമ്പത്തിക നന്മകളിലൂടെയും സത്കർമങ്ങളിലൂടേയും അല്ലാഹുവിലേക്ക് മുൻ കടക്കുന്നവരായിരിക്കുമെന്നും ഇഹലോകജീവിത ത്തിന് വലിയ പ്രാധാന്യം നൽകാത്തവരായിരിക്കുമെന്നും സ്വർഗത്തിന് വേണ്ടി എന്തു ത്യാഗത്തിനും സന്നദ്ധരായ അക്കൂട്ടർക്ക് ഐഹിക ജീവിതം വെറും വഞ്ചനയുടെ വിഭവം മാത്രമായിരിക്കുമെന്നും 21 വരെ ആയതുകൾ പ്രസ്താവിക്കുന്നു. ഭൂമിയിൽ സംഭവിക്കുന്നതെല്ലാം നേരത്തെ വിധിക്കപ്പെട്ടതായിരിക്കുമെന്നും നഷ്ടങ്ങളോ കെടുതികളോ സംഭവിക്കുന്നത് അവന്റെ ഖദാ – ഖദ്ർ (വിധിന്യായം) അനുസരിച്ചാണെന്നും അറിഞ്ഞംഗീകരിച്ച ഒരാൾക്ക് വിധിയെ പഴിക്കേണ്ടി വരില്ലെന്നും അല്ലാഹു തന്റെ അത്യുന്നതമായ കഴിവു കൊണ്ട് മനുഷ്യർക്ക് സജ്ജമാക്കി കൊടുത്ത സംഗതികളെല്ലാം നല്കിയതിനെ ‘ഇറക്കി കൊടുത്തു ‘ എന്ന പ്രയോഗമാണ് ഉപയോഗിച്ചിട്ടുള്ളത്.

വ്യാവസായിക, ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ ഉപയോഗവും പ്രാധാന്യവും പരാമർശിക്കുന്ന ഭാഗമാണ് 25ാം സൂക്തം. ( ആധുനിക ശാസ്ത്രം മാത്രം വായിക്കുന്നവർ) ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. അക്കാലത്ത് വ്യവസായത്തിൽ നിന്ന് സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തിയ വിദഗ്ധരെക്കുറിച്ച് ഖുർആനിക പരാമർശമുണ്ട് എന്നതാണ് സത്യം.അവർ ടെക്നോളജിയിലൂടെ ജനങ്ങളെയും മാനവികതയെയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നു. ഇരുമ്പ്‌ ഇറക്കിയിട്ടുണ്ടെന്ന്‌ സർവ്വശക്തനായ അല്ലാഹു വളരെ പ്രാധാന്യത്തോടെ പരാമർശിക്കുന്നു. (അൽ ഹദീദ് 25 )

സാങ്കേതികവിദ്യ മാത്രമല്ല വാസ്തുശില്പവിദ്യയും മറ്റ് കാര്യങ്ങളും ജീവിതായോധനകലയാണെന്ന് നമുക്കറിയാം.യുദ്ധ കലയിൽ യുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.അവ സൃഷ്ടിപരവും പ്രതിരോധപരവും സംരക്ഷണാത്മകവുമായ പ്രവർത്തനങ്ങളാണ്. ഇതിലെല്ലാം ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വ്യവസായ, കരകൗശല സമ്പ്രദായങ്ങളൊന്നും അതിൽ നിന്ന് ഒഴിവാക്കാനാവില്ല. (ഖുർആനീ ഇഫാദാത് P271 – 272 : അലി മിയാൻ ) നൂഹ് , ഇബ്റാഹീം, ഈസാ (അലൈഹിമുസ്സലാം) എന്നീ പ്രവാചകന്മാരെയും അവരുടെ ദൗത്യങ്ങളെയും ചുരുക്കി വിവരിച്ച ശേഷം അവരുടെ ദുർമാർഗികളായ സമൂഹങ്ങൾ പിൽക്കാലത്ത് ആവിഷ്കരിച്ച സന്യാസജീവിതത്തെയും പൗരോഹിത്യത്തെയും നഖശിഖാന്തം എതിർത്ത് പൂർവ വേദങ്ങളുടെ അനുയായികളായ ചില നല്ല മനുഷ്യർ ഇസ്ലാമിന്റെ ശാദ്വല തീരത്തെത്തിയപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ രണ്ടോഹരിക്ക് അർഹരായതും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വെറുതെ അധീനപ്പെടുത്താനാവില്ലെന്നും അവന്റെ ഔദാര്യം കൊണ്ട് അതർഹതപ്പെട്ടവർക്ക് വീതിച്ചു കൊടുക്കലാണ് രീതിയെന്നും പ്രസ്താവിച്ച് സൂറ : സമാപിക്കുന്നു.

Related Articles