Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 26

അഹ്ഖാഫ് ,മുഹമ്മദ്, ഫത്ഹ്, ഹുജുറാത് , ഖാഫ് എന്നീ സൂറ:കൾ മുഴുവനായും ദാരിയാത് സൂറയുടെ പകുതിയും അടങ്ങിയതാണ് 27-ാം ജുസ്അ്. ഖുർആനിലെ നാല്പത്തിയാറാം അദ്ധ്യായമാണ്‌ അഹ്ഖാഫ് (നീണ്ട് വളഞ്ഞ് കിടക്കുന്ന ഹദറമൗതിലെ മണൽ കൂനകളുള്ള പ്രദേശം). ആദ് ഗോത്രം താമസിച്ചിരുന്ന പ്രദേശമായ ആ പ്രദേശത്തെ കുറിച്ച് 21ാം ആയതിൽ പരാമർശമുണ്ട്.മക്കയിലാണ് സൂറ: അവതരിച്ചത്. ആകെ സൂക്തങ്ങൾ 35. അവിശ്വാസികളുടെ നിലപാടുകളുടെ അതിസൂക്ഷ്മ തല വിവരണമാണ് ഈ സൂറ:. കേവലാക്ഷരങ്ങളെ കുറിച്ചും ഖുർആനെ കുറിച്ച ലഘു വിശേഷണത്തിനും ശേഷം ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് ശരിയായ ഉദ്ദേശത്തോടെയാണെന്നും ദൈവേതരർ സൃഷ്ടിച്ച വല്ല വസ്തുവുമുണ്ടെങ്കിൽ ബോധമില്ലാത്ത ഈ നിഷേധികൾ കാണിച്ചു തരട്ടെ എന്ന് വെല്ലുവിളിക്കുകയും സത്യസന്ദേശം പ്രഘോഷണം ചെയ്യപ്പെട്ടാൽ മായാജാലമോ കെട്ടിച്ചമച്ചതോ ആണെന്ന് വാദിച്ച് പരിധി വിടുന്ന ചില പ്രത്യേക തരം പടപ്പുകളുണ്ടെന്ന് ചുരുക്കി വിവരിക്കുകയാണ് 8 വരെ സൂക്തങ്ങൾ . വരാനിരിക്കുന്ന പ്രവാചകനെപ്പറ്റി തൗറാത് – ഇൻജീലുകളിലെ സുവിശേഷം അറിഞ്ഞ് ഇസ്്ലാം സ്വീകരിച്ച എത്രയോ വേദക്കാരുടെ അനുഭവങ്ങളും അവയിലൂടെ മുഹമ്മദീയ പ്രബോധനത്തിന്റെ ആധികാരികത സ്ഥാപിക്കുന്നവയാണ് 12 വരെ ആയതുകൾ . 41:30 ൽ നാം പഠിച്ച സ്ഥേയസ്സും(استقامة) 2:83,4:36,6:151,17:23,19:14,29:8,31:14 എന്നീ ഭാഗങ്ങളിൽ വന്ന (بر الوالدين) മാതാപിതാക്കളോടുള്ള നന്മ എന്നീ വിഷയങ്ങൾ ലഘുവായി കൈകാര്യം ചെയ്തു കൊണ്ട് ഇത്തരം കല്പനകൾ പ്രമാണിക്കുന്നവർക്കുള്ളതാണ് സ്വർഗമെന്നാണ് 16 വരെ ആയതുകൾ പഠിപ്പിക്കുന്നത്.

തുടർന്ന് നരകത്തിൽ പ്രവേശിക്കുന്നതിന്റെ പല നിമിത്തങ്ങൾ വളരെ ചുരുക്കി വിവരിച്ചു കൊണ്ടാണ് 20 വരെ സൂക്തങ്ങളുള്ളത്. ഹൂദ് നബി (അ) ന്റെ സമൂഹമായ ആദ് ജീവിച്ചിരുന്ന അഹ്ഖാഫ് പ്രദേശത്തിന്റെ വിശേഷങ്ങളും അവരുടെ നിഷേധവും മറ്റു സന്ത്രാസങ്ങളും 28 വരെ ആയതുകൾ കൃത്യമായി ചിത്രീകരിക്കുന്നു. ഒരു കൂട്ടം ജിന്നുകൾ ഖുർആൻ കേൾക്കുകയും അത് അവരിലുണ്ടാക്കിയ വ്യത്യസ്ത അനുരണനങ്ങളും 32 വരെ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.മരിച്ചവരെ ഉയിർത്തെഴുന്നേൽപിക്കാനുള്ള അല്ലാഹുവിന്റെ കഴിവിന്റെ തെളിവുകളും പറഞ്ഞ് ദൃഢമനസ്കരായ ദൂതന്മാർ ക്ഷമിച്ചതു പോലെ ഈ പ്രബോധന രംഗത്ത് ഉറച്ചു നില്ക്കാനും ധിക്കാരികളെ ഒരുകാരണവശാലും പരിഗണിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തോടെ സൂറ: സമാപിക്കുന്നു.

തുടർന്ന് വരുന്ന സൂറത് മുഹമ്മദ് [സൂറതുൽ – ‘ഖിതാൽ’ എന്നും ഇതിനു പേരുണ്ട്]മദീനായിലാണ് അവതരിച്ചത്;വചനങ്ങൾ 38. രണ്ടാമത്തെ സൂക്തത്തിലെ മുഹമ്മദ് എന്ന പ്രയോഗവും സൂറ: യുടെ മൊത്തം പ്രമേയവും നാമകരണത്തിന് നിമിത്തമായെന്നർഥം. അല്ലദീന/ الذين എന്ന് പറഞ്ഞു കൊണ്ട് വഴിതെറ്റിപ്പോയ നിഷേധികളെ എടുത്തു പറഞ്ഞ് തുടങ്ങുന്ന മറ്റൊരധ്യായമില്ല.അവിശ്വാസികളെ അപലപിക്കുകയുംഅവരുടെ അവിശ്വാസവും ദൈവിക പാതയോടുള്ള വിരോധവും ചിത്രീകരിച്ച് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വ്യത്യാസങ്ങളും അവരുടെ സ്വർഗ പ്രവേശവുമാണ് വളരെ ചുരുക്കി 6 വരെ ആയതുകളിൽ പറയുന്നത്. തുടർന്ന് രണ്ട് വിഭാഗങ്ങളുടെയും വിധിയും പരിണതിയും സ്വർഗ – നരക പ്രവേശങ്ങളുമാണ് 10 വരെ സൂക്തങ്ങളിൽ നിന്നും വായിക്കാൻ കഴിയുന്നത്. ധിക്കാരികൾ താമസിച്ചിരുന്ന ഇടങ്ങളിൽ അവരുടെ ജീവിതവും സംസ്കാരവും പരിണതിയുമുണ്ടെന്നും അവർക്ക് യാതൊരു സഹായിയുമുണ്ടായില്ല എന്നത് യാത്ര ചെയ്ത് മനസ്സിലാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് സ്വർഗവാസികളുടെ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും ചുരുക്കി വിവരിച്ച ശേഷം ജൂത-ക്രൈസ്തവരുടെ ഗൂഢാലോചനയും അവരോടുള്ള സമീപനത്തിന്റെ അടിസ്ഥാനവും അന്ത്യസമയവും ദൈവിക ഏകത്വവും ഊന്നിപ്പറഞ്ഞ് വിശ്വാസികളെ പാപമോചനം തേടുവാൻ പ്രേരിപ്പിക്കുകയാണ് 19 വരെ ആയതുകൾ .

തുടർന്ന് യുദ്ധ സംബന്ധിയായ നിർദ്ദേശങ്ങൾ വരുമ്പോഴേക്കും ബോധരഹിതനായവൻ നോക്കുന്നതു പോലെ നിങ്ങളാവരുതെന്നും അനുസരണവും ഉചിതമായ പ്രതികരണവും ഉള്ളവരാവണമെന്നും ബന്ധങ്ങൾ വെട്ടിമുറിക്കുന്ന തനി ധിക്കാരികളായ ശപിക്കപ്പെട്ടവരിൽ ഒരിക്കലും പെടരുതെന്നും ആഹ്വാനം ചെയ്തു കൊണ്ട് ഖുർആന്റെ വാക്കുകളുടെ പിന്നാലെ പോയി വിചിന്തനം നടത്താൻ കഴിയാത്ത വണ്ണം ഹൃദയങ്ങളിൽ പൂട്ടുകളുള്ള അവരുടെ ജീവിതത്തിലെ പ്രകടനാത്മകതയും പ്രവാചക സന്ദേശങ്ങളോടുള്ള മാത്സര്യ ബുദ്ധിയും ശാത്രവുമായി അവർ മരണമടയുന്ന രംഗവുമെല്ലാം 32 വരെ ആയതുകളിൽ വരുന്നുണ്ട്. വിശ്വാസികളോടവരുടെ കർമങ്ങൾ നിഷ്ഫലമാക്കരുതെന്നും നിഷേധികൾക്ക് യാതൊരുവിധ പാപമോചനവുമില്ലെന്നുമുണർത്തി വിശ്വാസികൾ ധീരരാവേണ്ട അടിയന്തിരാവസ്ഥകളിൽ ഭീരുക്കളാവരുതെന്നും ഓർമപ്പെടുത്തുകയാണ് 35 വരെ സൂക്തങ്ങൾ. മനുഷ്യ ജീവിതത്തിന്റെ നശ്വരതയും സമ്പത്തിന്റെ നിസ്സാരതയും പിശുക്കുണ്ടാക്കുന്ന ധാർമിക സദാചാര പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും സമർപ്പിച്ച് സൂറ: മുഹമ്മദ് അവസാനിക്കുന്നു.

തുടർന്ന് സൂറ: ഫത്ഹ് (വിജയം) ആരംഭിക്കുന്നു. ഈ സൂറയും മദനിയാണ്. 29 വചനങ്ങളാണുള്ളത്. CE 628 മാർച്ച്‌ മാസം AH.6 ദുൽ ഖഅ്‌ദ: മാസം നടന്ന ഹുദൈബിയ സന്ധിയെയാണ് ഇവിടെ ഫത്ഹ് / വിജയം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സന്ധി വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മുസ്‌ലിംകൾക്കു എതിരായിരുന്നുവെങ്കിലും ഫലത്തിൽ അനുകൂലമായി മാറി. തുടർന്ന് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ മൊത്തത്തിൽ ഒരു സമാധാനാവസ്ഥ സംജാതമായി. മക്കയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായിത്തന്നെ മക്കയിൽ വന്ന് ഉംറ: നിർവഹിക്കാനുള്ള അവസരമുണ്ടായി. പത്തു വർഷം യുദ്ധം നിഷിദ്ധമാക്കിയത് ഇരു വിഭാഗങ്ങൾക്കും പരസ്പരം ബന്ധപ്പെടാനും അതുവഴി എല്ലാവർക്കും ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴിയൊരുക്കി. പ്രവാചകരുമായി സഖ്യത്തിലേർപ്പെടുന്നവർക്ക് പൂർണ സ്വാതന്ത്ര്യവും അവരെപ്പോലെയുള്ള പരിഗണനയും പ്രഖ്യാപിച്ചത് മുസ്‌ലിങ്ങളുമായി ഏതു ഗോത്രങ്ങൾക്കും ബന്ധപ്പെടാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും വ്യാപകമായ അവസരമുണ്ടാക്കി. സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വർഷമായപ്പോഴേക്കും മക്കയിൽനിന്നും അനവധിയാളുകൾ ഇസ്‌ലാമിലേക്ക് കടന്നുവന്നു. പല പ്രമുഖരും അവരിലുണ്ടായിരുന്നു. ഖുറൈശികളിലെ മികച്ച സേനാധിപനായ ഖാലിദ് ബിനു വലീദ് (റ) അടക്കം ഒട്ടനവധി പേർ ഈ കാലയളവിൽ ഇസ്‌ലാം സ്വീകരിച്ചു. ഈ കാലത്താണ് അക്കാലത്തെ മഹാ സാമ്ര്യാജ്യങ്ങളായിരുന്ന റോം – പേർഷ്യ എന്നിവക്കും പ്രവാചകൻ (സ) ഇസ്‌ലാമിനെ പരിചപ്പെടുത്തി കത്തുകൾ അയച്ചത്. ഈ സന്ധിക്ക് ശേഷമുണ്ടായ സംഭവങ്ങളാണ് മക്ക മുസ്ലിങ്ങൾക്ക്‌ കീഴൊതുക്കന്നതിലേക്ക് നയിച്ചത്.

സന്ധിക്ക് ശേഷമുണ്ടായ ചില്ലറ സമീപന പിഴവുകൾ പരിഹരിക്കപ്പെടണമെന്നും ഏത് പ്രതിസന്ധിയിലും നബിയോടൊപ്പം നിലയുറപ്പിച്ച യഥാർത്ഥ വിശ്വാസികളേയും അവരോടൊപ്പം പോരാടിയ ആകാശ ഭൂമികളിലെ മറ്റു സൈന്യങ്ങൾക്കും ലഭിക്കാനിരിക്കുന്ന മഹത്തായ പ്രതിഫലവും തെറ്റായ ധാരണ വെച്ച് പുലർത്തിയിരുന്ന കപടന്മാർ, നിഷേധികൾ എന്നിവരുടെ സങ്കേതവും താരതമ്യം ചെയ്യുകയാണ് 6 വരെ സൂക്തങ്ങളിൽ. ആകാശഭൂമികളിൽ അല്ലാഹുവിന്റെ കല്പനകൾ സദാ സമയവും സന്ദർഭവും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സൈന്യങ്ങളുണ്ടെന്നും സത്യസാക്ഷ്യം , സന്തോഷവാർത്ത , താക്കീതു നല്കൽ എന്നിവ നബിയുടെ ദൗത്യമാണെങ്കിൽ വിശ്വസിക്കുകയും സഹായവും ആദരവും പ്രകീർത്തനവും നിർവ്വഹിക്കുന്ന അനുസരണ പ്രതിജ്ഞ ചെയ്തവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് 10 വരെ സൂക്തങ്ങൾ അറിയിക്കുന്നു. ആകാശ ഭൂമികളുടെ അധികാരമുള്ളവനായ അല്ലാഹുവിനെ അംഗീകരിക്കേണ്ട രീതിയിൽ അംഗീകരിക്കാത്ത പിന്നാക്കം നിൽക്കുന്ന ചിലരുണ്ടെന്നും അല്ലാഹുവിനവരെ അറിയാമെന്നും കനത്ത ആക്രമണ ശേഷിയുള്ള ഒരു വിഭാഗത്തെ പ്രതിരോധിക്കാനുള്ള ഘട്ടം വരുമ്പോൾ നിങ്ങളെ വിളിക്കുമെന്നും അത്തരം അടിയന്തിര സന്നിഗ്ദ ഘട്ടങ്ങളിൽ ഒഴികഴിവ് പറയാൻ പറ്റില്ല എന്നും ശാരീരിക പ്രശ്നങ്ങളുള്ളവർക്ക് മാത്രമാണ് അത്തരം ഘട്ടങ്ങളിൽ ഒഴിവ് കിട്ടുകയുള്ളൂവെന്നുമാണ് 17 വരെ സൂക്തങ്ങൾ ഉണർത്തുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിൽ അനുസരണ പ്രതിജ്ഞ ചെയ്തവർക്ക് കണക്കാക്കാൻ കഴിയാത്തത്ര സമരാർജിത സ്വത്തുക്കളും ശതുവിന്റെ പിന്തിരിഞ്ഞോടലും വാഗ്ദാനം ചെയ്ത് അത് മുമ്പ് മുതലേ കഴിഞ്ഞ് പോന്നിട്ടുള്ള ദൈവികനടപടി ക്രമമാണെന്നും അവർക്കെതിരിൽ സന്ധിക്ക് മുമ്പും വിജയം നല്കിയതവനാണെന്നും മസ്ജിദുൽ ഹറാമിൽ നിന്നും തടയുകയും പിന്നീട് സൂക്ഷ്മതാ പാലനത്തിന്റെ കൽപനയിലും സന്ധിയിലുമായി കൂടെ നിൽക്കുകയും കണ്ട സ്വപ്നം സാക്ഷാൽക്കരിക്കുകയും അക്ഷരാർഥത്തിലുള്ള വിജയം തന്നെ നേടാൻ ഉതവി ലഭിച്ചതിനെയുമാണ് 27 വരെ വാക്യങ്ങൾ വ്യക്തമാക്കുന്നത്. പ്രവാചകനും അനുയായികളും ഈ ഇസ്ലാമിന്റെ വിജയത്തിന്റെ ഉത്തമ സാക്ഷികളാവുന്നതും താഴെ കാണുന്ന സൂറ: ഫത്ഹിലെ അവസാന സൂക്തത്തിൽ സുന്ദരമായി വർണ്ണിക്കുന്നത് കാണുക.

മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാകുന്നു. [ദൂതനാണ്‌]. അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേൽ കഠിനന്മാരാണ്, തങ്ങൾക്കിടയിൽ ദയാലുക്കളാണ്. ‘റുകൂഉം’, ‘സുജൂദും’ ചെയ്തു [കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിർവ്വഹിച്ചു] കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവർ തേടിക്കൊണ്ടിരിക്കുന്നു. ‘സുജൂദി’ന്റെ [സാഷ്ടാംഗ നമസ്കാരത്തിന്റെ] ഫലമായി അവരുടെ അടയാളം [പ്രത്യേകത] അവരുടെ മുഖങ്ങളിലുണ്ട്. ‘തൌറാത്തി’ൽ (വർണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ ‘ഇഞ്ചീലി’ലും ഉണ്ടു; (അതായതു) ഒരു വിളപോലെ: അതു അതിന്റെ കൂമ്പ് പുറപ്പെടുവിച്ചു [വിത്തിൽനിന്നു സൂചിമുള പുറത്തുവന്നു]; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അതു (തടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്റെ തണ്ടുകളിൽ അതു (സ്വയം) ശരിപ്പെട്ടുനിന്നു. അവിശ്വാസികൾക്കു അവർമൂലം കോപം പിടിപ്പിക്കുവാൻ വേണ്ടിയാണ് (ഇങ്ങിനെ ഉപമിച്ചതു, അഥവാ ഇപ്രകാരം വളർത്തികൊണ്ടുവന്നത്). അവരിൽ വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.

ശേഷം സൂറ: ഹുജുറാത്ത് (അറകൾ) ആരംഭിക്കുന്നു.മദീനയിൽ അവതരിച്ച ഈ സൂറയിൽ കേവലം 18 വചനങ്ങളാണുള്ളത്. നേതാവായ പ്രവാചകനെ തീരുമാനങ്ങളിലും നടപടികളിലും മുൻകടക്കരുതെന്നും അദ്ദേഹത്തേക്കാൾ ശബ്ദമുയർത്തരുതെന്നും ആമുഖമായി ഉണർത്തിയതിന് ശേഷം 6-12 ആയതുകളിൽ സമൂഹത്തിൽ ജീവിക്കുമ്പോൾ ആളുകളുമായുള്ള വ്യവഹാരങ്ങളിൽ സൂക്ഷിക്കേണ്ട ഒൻപത് കൽപ്പനകൾ നമുക്കിവിടെ ചുരുക്കി പറയാം :
1- വാർത്തകളുടെ ആധികാരികത ഉറപ്പിക്കുക,
2- മനുഷ്യ ബന്ധങ്ങൾ ശരിയാക്കുക,
3- വിശ്വാസികൾ നീതിമാന്മാരായിരിക്കുക,
4- ആരേയും പരിഹസിക്കരുത് ,
5- കുത്തുവാക്ക് പറയരുത് ,
6- പരിഹാസപ്പേരുകൾ വിളിക്കരുത് ,
7- തെറ്റായ ഊഹങ്ങൾ ഒഴിവാക്കുക ,
8- ചാരവൃത്തി നടത്തരുത് ,
9- പരദൂഷണം പറയരുത് ,
തുടർന്ന് അല്ലാഹു മനുഷ്യ സൃഷ്ടികൾക്കിടയിലുണ്ടാക്കിയ വൈജാത്യം സൂക്ഷ്മത പാലിക്കാൻ വേണ്ടിയാണെന്ന് ഉണർത്തുകയാണ് അടുത്ത സൂക്തം.

ചില ഗ്രാമീണരായ അറബികളിൽ കാണുന്ന പാരുഷ്യം അവരുടെ വർത്തമാനങ്ങളിൽ പോലും പ്രകടമാവുന്നതും ചില ആചാരങ്ങളെ വിശ്വാസത്തിന്റെ സാകല്യമായി മനസ്സിലാക്കുന്ന പൊതു പ്രവണതയേയും വിശകലനം ചെയ്ത് എന്താണ് വിശ്വാസമെന്നും ആരാണ് വിശ്വാസിയെന്നും ഓർമപ്പെടുത്തി ഇക്കാര്യങ്ങളെ കുറിച്ചെല്ലാം യഥാർഥ ജ്ഞാനം അല്ലാഹുവിനുണ്ട് എന്നുണർത്തി ഹുജുറാത് അധ്യായം സമാപിക്കുന്നു.

തുടർന്ന് സൂറ: ഖ്വാഫ് ആരംഭിക്കുന്നു. മക്കയിൽ അവതരിച്ച ഈ സൂറയിൽ 45 വചനങ്ങളാണുള്ളത്. നബി (സ) പെരുനാൾ നമസ്കാരങ്ങളിലും പ്രഭാഷണങ്ങളിലുമെല്ലാം സാധാരണയായി പാരായണം ചെയ്തിരുന്നതാണ് ഈ സൂറ: കേവലാക്ഷരത്തിനും ഖുർആനിനെ കുറിച്ച ലഘുവായ വിശേഷണത്തിനും ശേഷം മരണാനന്തരജീവിതവും മണ്ണ് തിന്നു തീർക്കുന്ന മൃതദേഹങ്ങളുടെ സൂക്ഷ്മ വിവരങ്ങളും ആകാശ ഗോളങ്ങളെ കുറിച്ചും അതിന്റെ സൃഷ്ടി രഹസ്യങ്ങളെ കുറിച്ചും സൂക്ഷ്മമായി അല്ലാഹു അറിയുന്നുവെന്നും അവയിലെയും ഭൂമിയിലെയും കണിശമായ പ്രാപഞ്ചിക നിയമങ്ങളും ഈത്തപ്പനകളും മറ്റു സസ്യവർഗങ്ങളും നിർജീവമായ ഭൂമിക്ക് ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യുന്നതും അവയുടെ സന്തുലിതാവസ്ഥയെ സംരക്ഷിക്കുന്നതും അല്ലാഹുവാണെന്ന് ആമുഖമായി പറഞ്ഞ് കൊണ്ട് നൂഹ് , ഹൂദ്, സ്വാലിഹ്, മൂസാ, (അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരുടെ സമൂഹങ്ങളെ മാതൃകയായി എടുത്തു പറഞ്ഞ് പുനരുത്ഥാന വിഷയത്തിൽ സന്ദേഹമെന്തെന്ന് ഉണർത്തുകയാണ് 15 വരെ സൂക്തങ്ങൾ . മനുഷ്യസൃഷ്ടിയേയും അവന്റെ മനസ്സിന്റെ മന്ത്രണങ്ങളേയും അവന്റെ വാഗ്- വിചാര – കർമങ്ങളേയും കൃത്യമായി രേഖപ്പെടുത്തുന്നതും ന്യായവിധി നാളിൽ ഓരോ വ്യക്തിയുടേയും കൂടെ അവനെ വിചാരണ വേദിയിലേക്കാനയിക്കാൻ പ്രത്യേകം മലകും അവന്റെ കർമങ്ങളെ സംബന്ധിച്ച് സാക്ഷ്യം വഹിക്കുന്ന മറ്റൊരു മലക്കുമുണ്ടാവുമെന്നും മുമ്പ് അശ്രദ്ധയിലായിരുന്നവരുടെ പോലും കണ്ണിനും മനസ്സിനുമുണ്ടായിരുന്ന മറകൾ നീങ്ങി സകല സത്യങ്ങളും അനാവൃതമാവുമെന്നും അവരെ പിഴപ്പിച്ചിരുന്നവരേയും കഠിനമായ ശിക്ഷയിലാക്കുമെന്നുമാണ് 26 വരെ സൂക്തങ്ങൾ സൂചിപ്പിക്കുന്നത്.

ശേഷം നരകക്കാഴ്ചകളും സ്വർഗക്കാഴ്ചകളും വളരെ കൃത്യമായ അനുപാതത്തിൽ ചിത്രീകരിക്കുകയാണ് 35 വരെ ആയതുകൾ.
ഒരുപാട് സമൂഹങ്ങളിലേക്ക് സത്യസന്ദേശവുമായി പ്രവാചകന്മാരുണ്ടായിട്ടുണ്ടെന്നും അവരിൽ അവയെ കണ്ണു തുറന്നു സ്വീകരിച്ച സുകൃതവാന്മാരും കടുത്ത കയ്യൂക്കോടെ പെരുമാറിയവരുമുണ്ടായിരുന്നു എന്നും അവയിലെല്ലാം ഉത്ബോധനങ്ങളുണ്ടെന്നും ഉണർത്തുന്നു 37 വരെ വാക്യങ്ങൾ . ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലോ അതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലോ യാതൊരു ക്ഷീണവുമവനുണ്ടായിട്ടില്ല എന്ന് സൂചിപ്പിച്ചതിന് ശേഷം ഈ സത്യത്തിന്റെ പ്രബോധനമാർഗത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്ഷമയും സഹനവും നന്മകളും പ്രകീർത്തനങ്ങളും അവലംബിക്കണമെന്നും താക്കീത് ഭയപ്പെടുന്നവരെ ഖുർആൻ മുഖേന ഉൽബോധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സൂറ: ഖാഫ് സമാപിക്കുന്നു.

അവസാനമായി സൂറ: ദാരിയാത്ത് (വിതറുന്നവ) ലെ 30 സൂക്തങ്ങളാണ് ഈ ജുസ്ഇലുള്ളത്. മൊത്തം 60 സൂക്തങ്ങളാണതിലുള്ളത് .
മക്കയിൽ അവതരിച്ചതാണീ സൂറ: ശക്തിയായി വിതറുന്ന കാറ്റിന്റെ വ്യത്യസ്ഥ ഘട്ടങ്ങളും പ്രകൃതിയിലെ മേഘങ്ങൾ, കപ്പലുകൾ എന്നീ പ്രതിഭാസങ്ങളും പരിചയപ്പെടുത്തി ഊഹാപോഹക്കാർ വിഭിന്നാഭിപ്രായത്തിലെത്തിയ പരലോകക്കാഴ്ചകൾ കൃത്യമായി വരച്ച്കാണിച്ച് സ്വർഗാവകാശികളുടെ മഹത്തായ സ്വഭാവശീലങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ഭൂമിയിലേയും മനുഷ്യ സൃഷ്ടിപ്പിലേയും ആകാശത്തേയും സസൂക്ഷ്മംപരിചയപ്പെടുത്തിയതിന് ശേഷം, നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണെങ്കിൽ അപ്രകാരം തന്നെ ദൈവിക രക്ഷാശിക്ഷകളും അനിഷേധ്യമാണെന്ന് 23 വരെ വാക്യങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് ഇബ്റാഹീം നബിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ അതിഥികളായ മനുഷ്യരുടെ രൂപത്തിൽ വന്ന മാലാഖമാരുടെ കഥാകഥനം ആരംഭിച്ചുകൊണ്ട് ജുസ്അ് സമാപിക്കുന്നു. അവർക്കെന്ത് സംഭവിച്ചു എന്ന് നമുക്ക് നാളെ വായിക്കാം. ഇ .അ.

Related Articles