Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 25

സൂറ: ഫുസ്സ്വിലതിലെ ശേഷിക്കുന്ന 8 ആയതുകൾ, സൂറ: ശൂറാ (53 ആയത്) ,സൂറ: സുഖ്റുഫ് (89 ആയത്), സൂറ: ദുഖാൻ (59 ആയത്), സൂറ: ജാഥിയ ( 37 ആയത്) എന്നിവയാണ് ഈ ഭാഗത്തുള്ളത്. (إِلَيْهِ يُرَدُّ عِلْمُ السَّاعَة…) അന്ത്യ സമയം എപ്പോഴാണെന്ന് അല്ലാഹുവല്ലാതെ ആർക്കും അറിഞ്ഞുകൂടാത്ത സംഗതിയാണ്. ഒരുപാട് ആയതുകളിലും (അൻആം 59 ,ലുഖ്മാൻ :34, 7)ഹദീഥുകളിലും ഇതു സംബന്ധിയായ വിവരങ്ങൾ ഉണ്ട് .(ഉദാ: ജിബ്രീൽ (അ ) യാത്രക്കാരന്റെ രൂപത്തിൽ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ, അന്ത്യനാൾ എന്നിവയെ കുറിച്ച് കൂടുതൽ അന്വേഷിച്ച ദീർഘമായ ഹദീഥ് ) അന്നേ ദിവസം നിരാശനായി മനം മടുത്ത നിഷേധിക്ക് യാതൊരു സങ്കേതവുമില്ല എന്ന് പറഞ്ഞ് കൊണ്ട് അനുഗ്രഹവും ഐശ്വര്യവും സമൃദ്ധിയും കൈവരുമ്പോഴേക്കും അല്ലാഹുവേയും പരലോകത്തെയും മറക്കുന്നവന് കഠിനമായ ശിക്ഷയുണ്ടെന്നും അവനെക്കാൾ കൂടുതൽ പിഴച്ചവനാരുണ്ട് എന്ന ചോദ്യത്തോടൊപ്പം വിവിധ ദിക്കുകളിലും അവരിൽ തന്നെയും അല്ലാഹുവിന്റെ സത്യത ബോധ്യപ്പെടുത്തുന്ന ഘടകങ്ങളുണ്ടായിട്ടും നാഥനെ കണ്ടുമുട്ടുന്ന കാര്യത്തിൽ സംശയാലുവായ നിഷേധി ഓർക്കട്ടെ, റബ്ബ് ഏതൊരു വസ്തുവിനേയും വലയം ചെയ്തിട്ടുള്ളവനാകുന്നു എന്ന പ്രഖ്യാപനത്തോടെ സൂറ: സമാപിക്കുന്നു.

തുടർന്ന് സൂറ: ശൂറാ (കൂടിയാലോചന) ആരംഭിക്കുന്നു.53 വചനങ്ങളുള്ള ഈ മക്കീ സൂറ:യിലെ 23 മുതൽ 27 വരെ ആയതുകൾ മദനീയാണെന്നും അഭിപ്രായമുണ്ട്‌. 38 ാം ആയതിൽ വന്ന അംറുഹും ശൂറാ … എന്ന ഭാഗത്ത് നിന്നാണ് ഈ പേര് വന്നത്. ശൂറയാണ് ഇസ്ലാമിക സാമൂഹിക ജീവിതത്തിന് വിവിധവർണ്ണങ്ങളും മാധുര്യവും നല്കുന്നത്. തേനീച്ച പൂവുകളിൽ നിന്ന് തേൻ ശേഖരിക്കുന്നതിനാണ് അറബിയിൽ ശാറ, ശവറ എന്ന് വിളിക്കുന്നത് തന്നെ. വ്യത്യസ്ഥമായ അനുഭവങ്ങളുള്ള പലരും ചേരുമ്പോൾ അവരിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനങ്ങളിൽ കൃത്യത എക്കാലത്തും നമുക്ക് ദർശിക്കാനാവും.

കുട്ടിയുടെ മുലകുടി നിർത്തുന്നതിൽ പോലും (2:233) കൂടിയാലോചിക്കണം എന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള വേറെ വല്ല ജന സമൂഹവുമുണ്ടോ എന്ന കാര്യം സംശയമാണ്. നബി(സ)യുടെ വിശേഷണമായി ഖുർആനും (3:159) ഹദീഥിലും (أكثرهم مشورة ) പഠിപ്പിക്കുന്ന സ്വഭാവ ഗുണമാണത്. ശൂറാ എന്നത് മഹാസംഭവങ്ങൾക്ക് മാത്രമല്ല. ഏത് ചെറിയ സംഗതിക്കുമത് വേണമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം.ശൂറാ ഇല്ലാത്തിടത്ത് ഫൗദാ ( അരാജകത്വം )യാണുണ്ടാവുക എന്നാണ് പണ്ഡിതാഭിപ്രായം. സകലവും അരാജകത്വം നിറഞ്ഞതാവും അത്തരം കുടുംബങ്ങളും ആൾക്കൂട്ടങ്ങളും സമൂഹങ്ങളുമെല്ലാമെന്ന് നാം ഇന്ന് ലോകത്ത് കണ്ട് കൊണ്ടിരിക്കുന്നു.

യുദ്ധാവസ്ഥയിൽ പോലും വിശ്വാസികൾ പുലർത്തേണ്ട ജനായത്ത മൂല്യമാണ് ശൂറാ എന്ന് പഠിപ്പിക്കുന്ന ആദ്യ അടിയന്തിരാവസ്ഥയാണ് ബദ്ർ.തീരുമാനമെടുക്കുന്നതു മുതൽ ക്യാമ്പ് ചെയ്യേണ്ട സ്ഥലം മുതൽ എല്ലാ വിഷയത്തിലും കൂടിയാലോചന ആയിരുന്നു ബദ്ർ ഒന്നടങ്കം . أشيروا علي يا ناس = അഭിപ്രായം പറയൂ എന്ന നിലപാട് യുദ്ധത്തിൽ പോലും നബി (സ) കാത്ത് സൂക്ഷിച്ചിരുന്നുവെന്നർഥം. അത് കൊണ്ട് അക്കാലത്ത് യാതൊരുവിധ ഫൗദായുമുണ്ടായില്ല. ശൂറാ എന്ന നന്മ എന്ന് നഷ്ടമായോ അന്ന് തുടങ്ങി ഖൈറു ഉമ്മതിൽ തമ്മിലടി .

കേവലാക്ഷരങ്ങൾക്കും പ്രവാചകൻ (സ) ക്കിറങ്ങിയ ബോധനത്തെ കുറിച്ച ലഘുവായ ആമുഖത്തിനും ശേഷം അല്ലാഹുവിന്റെ കഴിവിനെ കുറിച്ചും ബഹുദൈവവാദികൾ സങ്കല്പിക്കുന്ന പങ്കുകാരെ കുറിച്ചും പറഞ്ഞതിന് തൊട്ടു പിന്നാലെ താങ്കൾ അവരുടെ കാര്യത്തിൽ ചുമതല ഏല്പിക്കപ്പെട്ടവനല്ലാത്തത് കൊണ്ട് മാനസികമായി പ്രയാസപ്പെടേണ്ടതില്ല എന്നും നബിയെ ഉണർത്തുകയാണ് ആദ്യ 6 വചനങ്ങളിൽ. ലോകത്തിന്റെ മുഴുവൻ സാംസ്കാരിക കേന്ദ്രമായ മക്കയിൽ വെച്ച് ഏറ്റവും പുരാതനമായ ക്ലാസിക്കൽ സെമിറ്റിക് ഭാഷയായ അറബിയിൽ ഈ ഗ്രന്ഥമിറക്കിയത് ലോകർക്കുടനീളമുള്ളതാണെന്നതിന്റെ തെളിവാണ്. എല്ലാവരേയും ഒറ്റ സമൂഹമാക്കാൻ അല്ലാഹുവിന് എളുപ്പമാണെങ്കിലും അത് ചെയ്തില്ലെന്നുംദിവ്യകാരുണ്യത്തിനർഹരായവരേയും അക്രമികളേയും വേർതിരിക്കുകയും ബഹുദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചരിക്കുന്നവരാണെന്ന് മനസിലാക്കാനും നിങ്ങൾ അഭിപ്രായ വ്യത്യാസത്തിലായത് ഏത് സംഗതിയിലാണെന്നും ബോധ്യപ്പെടുത്തി അല്ലാഹുവിന്റെ കഴിവും യോഗ്യതകളും അധീനതയും 12 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നു.

ആചാരമതത്തിൽ വ്യതിയാനങ്ങൾ വന്നാൽ തിരുത്താനും ആ ദീനിനെ നേരാം വണ്ണം നിലനിർത്താനുമാണ് എല്ലാ പ്രവാചകന്മാരും നിയുക്തരായതെന്നും “ഇഖാമതുദ്ദീൻ ” ആയിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യമെന്നുമാണ് 13-ാം സൂക്തം വ്യക്തമാക്കുന്നത്. പുരോഹിതരും മതവേഷധാരികളും മതങ്ങൾക്കിടയിലെ ചേരിപ്പോരുകളും മതാധ്യാപനങ്ങളിൽ നിന്നും അകലാൻ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിമിത്തമായതെന്നും അത്തരം ഛിദ്രതയോ ഭിന്നതയോ ഇല്ലാത്ത വിശ്വാസദർശനത്തിലേക്ക് പ്രബോധനം നടത്താനും അതനുസരിച്ച് നില കൊള്ളാനുമാണ് നബി (സ) യെ റബ്ബ് 15 വരെ സൂക്തങ്ങളിൽ ഓർമപ്പെടുത്തുന്നത്.

എല്ലാവരേയും വിശ്വസിപ്പിക്കുക സാധ്യമല്ലെന്നും നിക്ഷ്പക്ഷമതികൾക്ക് സത്യം സ്വീകരിക്കുന്നതിനും ഏതൊരു ജീവിത പ്രശ്നത്തിലും സത്യാസത്യ താരതമ്യത്തിനും സഹായിക്കുന്നതാണ് ഈ സന്ദേശവും ഗ്രന്ഥവുമെന്നും ഉണർത്തിയതിന് ശേഷം പരലോക നിഷേധികൾ ആ വിഷയത്തിൽ പരിഹാസ്യാത്മകമായി പ്രസ്തുത വിഷയത്തിൽ ധൃതികൂട്ടുന്നുണ്ടെങ്കിലും അതവരുടെ വിദൂരമായ പിഴവിന്റെ ഭാഗമായി മനസ്സിലാക്കുകയും ഒരേ സമയം ശക്തനും പ്രതാപശാലിയുമാണവൻ എന്നും ഓർമിപ്പിക്കുന്നു 19 വരെ ആയതുകൾ.

ലോകത്ത് ഭൗതിക കൃഷിയും പാരത്രിക കൃഷിയുമുണ്ടെന്നും ഐഹിക കൃഷി മാത്രമാഗ്രഹിക്കുന്നവൻ പരലോക സൗഭാഗ്യം തട്ടിതെറിപ്പിക്കുകയാണെന്നും അവർക്ക് മതമെന്നാൽ അവരുടെ ദൈവിക പങ്കാളികൾ അവർക്ക് പകർന്നു കൊടുത്തതാണെന്നും അതിനെ കുറിച്ച് അവർക്ക് തന്നെ ആശങ്ക നിലവിലുണ്ടെന്നും വിശ്വാസികളായ സൽകർമികൾക്ക് ഈ ലോകത്ത് ബന്ധുക്കളുടെ അവഗണന ഏൽക്കേണ്ടി വന്നാലും വരാനിരിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ലഭ്യമാണെന്നുമാണ് 23 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്.

മുഹമ്മദി(സ)ന്റെ ഉദ്ബോധനങ്ങൾ കെട്ടിച്ചമച്ചവയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവരുടെ ഹൃദയത്തിനകത്തുള്ള സംഗതികൾ അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ടെന്നും ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കാനും പ്രാർഥനക്ക് ഉത്തരം നല്കാനും അവൻ സദാ സന്നദ്ധനാണെന്നുമാണ് 26 വരെ ആയതുകൾ പഠിപ്പിക്കുന്നത്.

സൃഷ്ടികൾക്കെല്ലാവർക്കും ഉപജീവനം വളരെ വിശാലമാക്കിയിരുന്നെങ്കിൽ അത് അരാജത്വത്തിലേക്ക് നയിച്ചേനേ എന്നും
മഴ , കാറ്റ്, ഭൗതിക സൗകര്യങ്ങൾ എന്നിവ ഓരോ അനുപാതമനുസരിച്ചാണ് നല്കുന്നതെന്നും അവരിൽ അല്ലാഹുവിന്റെ ആഹ്വാനം സ്വീകരിച്ചവർ എല്ലാ അർഥത്തിലും ജേതാക്കളാവുമെന്നും തിന്മക്കുള്ള പ്രതിഫലം തിന്മയാവുന്നത് അക്രമം പ്രവർത്തിക്കുന്നവർക്കെതിരെയുള്ള ദൈവഹിതമാണെന്നും ഓർമപ്പെടുത്തുന്നു 40 വരെ സൂക്തങ്ങൾ.

പീഡിതരുടെ പ്രതിരോധം തെറ്റല്ലെന്നും ന്യായമില്ലാതെ അതിക്രമം ചെയ്യുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ടെന്നും ഭീഷണി സ്വരത്തിൽ പ്രഖ്യാപിക്കുന്നതോടൊപ്പം നിശ്ചയദാർഢ്യമുള്ള, എന്നാൽ സുചിന്തിതമായ തീരുമാനമെടുക്കാൻ കഴിവുള്ള വ്യക്തികൾക്ക് വിട്ടുവീഴ്ചയുടെ മാർഗമാണ് നല്ലതെന്നുമാണ് 43 വരെ ആയതുകൾ ഊന്നിപ്പറയുന്നത്.

വഴിപിഴവിലായവന് തിരിച്ചു പോക്കിന് കഴിയാത്തവിധം നിന്ദ്യതയാൽ കീഴൊതുങ്ങി , സകലം നഷ്ടപ്പെട്ട് , ഒരു സഹായിയോ രക്ഷപ്പെടാൻ വല്ല മാർഗ്ഗവുമില്ലാതെയാവും അവർ വിചാരണക്ക് കൊണ്ടുവരപ്പെടുന്നത് എന്നാണ് 46 വരെ വാക്യങ്ങൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കാനും തിരിഞ്ഞു കളയുന്നവർക്കുള്ള പ്രതിഫലം അവർക്കുള്ളതാണെന്നും പ്രബോധനം നിർവഹിക്കൽ മാത്രമാണ് പ്രവാചകന്റെ ബാധ്യതയെന്നുമാണ് 48 വരെ സൂക്തങ്ങൾ ഉണർത്തുന്നത്. ആകാശ ഭൂമികളുടെ ആധിപത്യവും സന്താന സൗഭാഗ്യം നല്കുന്നതുമെല്ലാം അവൻ തന്നെയാണെന്നാണ് 49, 50 ആയതുകൾ തുടർന്ന് പഠിപ്പിക്കുന്നത്.

ആണ്, പെണ്ണ് എന്നതല്ലാതെ മൂന്നാമത് ഒരു വർഗമുണ്ടെന്ന സൂചന സൂറ: ശൂറയിൽ 49,50 സൂക്തങ്ങളിൽ ഉൾചേർന്നിരിക്കുന്നുവെന്നാണ് എന്റെ വ്യക്തിപരമായ നിരീക്ഷണം. അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് ആണും മറ്റു ചിലർക്ക് പെണ്ണും വേറെയും ചിലർക്ക് ഇടകലർത്തിയും നൽകുന്നുവെന്നാണല്ലോ സൂക്തത്തിന്റെ സാരം. അത് മൂന്നാംലിംഗത്തിന്റെ സാധ്യതയും സാധുതയും അറിയിക്കുന്നു. ‘മുഖന്നസ് ‘ എന്ന പ്രയോഗം ഹദീസിൽ വന്നിട്ടുണ്ട്. ചിരപരിചിതമായ ചാന്ത് പൊട്ട്, ചക്ക, ശീമേൽ എന്നീ അർഥങ്ങളിലാണ് അതെന്നാണ് കരുതുന്നത് .അത്തരക്കാരെ വീട്ടിൽ കയറ്റരുതെന്നാണ് ഹദീസ്. എന്നാൽ അനന്തരാവകാശവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഖുൻസകളെ കുറിച്ച് അധ്യാപനമുണ്ട്. യുൻളറു ഹൈസു യബൂലുവെന്ന (മൂത്ര വിസർജനo ശ്രദ്ധിക്കുക ) എന്ന ക്ഷിപ്രസാധ്യമായ കാര്യം നബി പഠിപ്പിച്ചതാവാൻ ഇടയില്ല.ഫിഖ്ഹിൽ ഖുൻസക്ക് മയ്യിത്ത് കുളിപ്പിക്കാനോ ഇമാമത് നിൽക്കാനോ അനന്തരാവകാശത്തിന് പോലുമോ അവകാശമില്ല. ഉണ്ടെങ്കിൽ തന്നെ പെണ്ണിന്റെ പകുതിയെന്ന ഒഴുക്കൻ മട്ടിലുള്ള പ്രയോഗമാണുള്ളത് താനും.എന്നാൽ ശിആ ഫിഖ്ഹ് ഈ വിഷയത്തിൽ advanced ആണെന്നാണ് മനസിലാവുന്നത്. ഭൗതിക പ്രകടന രൂപത്തിൽ ആൺകോലമാണെങ്കിൽ ആണായും അല്ലെങ്കിൽ പെണ്ണായും പരിഗണിക്കുക എന്ന പ്രായോഗിക നിർദേശവും അവർക്കുണ്ട്.

നേരിട്ടുള്ളതോ മറയുടെ പിന്നിൽ നിന്നോ ഉള്ള ബോധനം, ജിബ്രീലിലൂടെയുള്ള ഉണർത്തൽ എന്നിങ്ങനെ വഹ്യിന്റെ വ്യത്യസ്ത രീതികൾ പരിചയപ്പെടുത്തി അല്ലാഹുവിന്റെ പാതയിയിലേക്ക് മാത്രമാവണം ജനങ്ങളെ നയിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച് സൂറ: ശൂറാ പരിസമാപ്തി കുറിക്കുന്നു. തുടർന്ന് സൂറ: സുഖ്റുഫ് (സുവർണ്ണാലങ്കാരം) ആരംഭിക്കുന്നു.മക്കയിൽ അവതരിച്ച ഈ സൂറയിൽ 89 വചനങ്ങളാണുള്ളത്. 35ാം ആയതിൽ ചില വീടുകളിലെ സുവർണ്ണാലങ്കാരത്തെ കുറിച്ച പരാമർശം നടത്തിയതാണ് ഈ പേരിന് കാരണം.

കേവലാക്ഷരങ്ങൾക്കും ഖുർആനെ കുറിച്ച ആമുഖ ഭാഷണത്തിന്റെയും ശേഷം ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിലേക്കും പ്രവാചക നിയോഗത്തിലേക്കും അക്കാലത്തെ സമൂഹങ്ങളിലുണ്ടായ ശിക്ഷകളിലേക്കും കടന്നുചെല്ലുന്നു 8 വരെ സൂക്തങ്ങൾ . 29:61-63,31:25,39:38 തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വന്നതുപോലെ അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെയല്ല ദിവ്യത്വത്തെയാണ് നിഷേധിച്ചിരുന്നതെന്ന ഓർമ്മപ്പെടുത്തലിന് ശേഷം ഭൂമി, ആകാശം, ഇണകളായ സൃഷ്ടിപ്പ്, കപ്പൽ , കന്നുകാലികൾ എന്നിങ്ങനെയുള്ള അനുഗ്രഹങ്ങൾ ലഭ്യമായതിന് ശേഷവും അവർ അല്ലാഹുവിന് പെൺമക്കളുണ്ടെന്ന് സങ്കല്പിക്കുകയും സ്വന്തത്തിന് പെൺമക്കളുണ്ടാവുന്നത് മുഖം മ്ലാനമാവാനുള്ള നിമിത്തമായി കാണുകയും ചെയ്യുന്ന വൈരുധ്യാത്മകതയെ ചോദ്യം ചെയ്യപ്പെടുകയാണ് 19 വരെ സൂക്തികളിൽ .

തങ്ങൾ ചെയ്തുപോയ തെറ്റുകളെ ന്യായീകരിക്കാൻ നിഷേധികൾ യുഗങ്ങളായി പയറ്റുന്ന ഒഴികഴിവുകളാണ് 23 വരെ ആയതുകളിലുള്ളത്. അവരിലുള്ള താക്കീതുകാരൻ എന്തുകൊണ്ടുവന്നാലും നിഷേധിച്ചു തള്ളുന്നവരുടെ പര്യവസാനം അനുസ്മരിച്ചുകൊണ്ട് ഉദാഹരണമായി ഇബ്രാഹീം നബി (അ) യുടെ ജീവിതം അവതരിപ്പിക്കുകയും സത്യസന്ദേശം മായാജാലമാണെന്ന് പിന്തിരിഞ്ഞു കളഞ്ഞ ഒരു സമൂഹത്തെ പരിചയപ്പെടുത്തി പ്രവാചകൻ (സ) യുടെ ദാരിദ്രത്തെ മുൻനിർത്തി മക്ക: – ത്വാഇഫ് പട്ടണങ്ങൾക്കിടയിൽ പൗരപ്രമുഖരെയൊന്നും കിട്ടിയില്ലേ എന്നു പരിഹസിക്കുന്നവരോട് ഭൗതിക സൗകര്യങ്ങളുടെ മഞ്ഞളിപ്പ് (സുവർണ്ണാലങ്കാരം) ഐഹികമാണെന്നും ഉത്ബോധനത്തിൽ നിന്നും കുതറിമാറുന്നവരുടെ കൂട്ടാളി അവരെ തടയുന്ന പിശാചായിരിക്കുമെന്നും അവന്റെ ചങ്ങാത്തം യാതൊരു ഉപകാരവും ചെയ്യില്ല എന്ന് മാത്രമല്ല ശിക്ഷയിൽ പങ്കാളികളായിരിക്കും എന്നും ഉണർത്തുകയാണ് 39 വരെ ആയതുകൾ.

സത്യം കേൾക്കാനോ കാണാനോ തയ്യാറില്ലാത്തവർക്ക് വഴി കാണിച്ചു കൊടുക്കാൻ പ്രവാചകനാവില്ലെന്നും താങ്കളുടെ ബോധനം മുറുകെ പിടിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നലക്ഷ്യത്തിലേക്ക് മുന്നേറുവാനും ആഹ്വാനം ചെയ്യുകയാണ് 44 വരെ വാക്യങ്ങൾ.
ഇക്കഥകളെല്ലാം പൂർവ്വ പ്രവാചകരിൽ വിശ്വസിക്കുന്നസമൂഹങ്ങൾക്കറിവുള്ളതാണെന്നും വഴികേട് ഏതെങ്കിലും പ്രവാചനോ ദിവ്യപ്രോക്ത ഗ്രന്ഥമോ പഠിപ്പിച്ചതല്ലെന്നും പറഞ്ഞ് കൊണ്ട് മാതൃകയായി മൂസാ, ഈസാ (അലൈഹിമാസ്സലാം) എന്നീ പ്രവാചകന്മാരെയും അവരുടെ സമൂഹങ്ങളുടെ നിഷേധവും ചിത്രീകരിച്ച് കൊണ്ട് ശേഷമവർക്കിടയിലുണ്ടായ ഭിന്നതയും അതുമൂലമുള്ള ശിക്ഷയും വളരെ ലളിതമായി 65 വരെ ആയതകളിൽ പറഞ്ഞു പോവുന്നു.

അന്ത്യസമയം പെട്ടെന്നാണുണ്ടാവുകയെന്നും സ്നേഹത്തിലും ആദർശത്തിലും വളരാത്ത ബന്ധങ്ങൾ ശാത്രവത്തിലായിരിക്കുമെന്നും അന്ന് സൗഭാഗ്യം സിദ്ധിക്കുന്നവർ മഹാ സുഭഗരായിരിക്കുമെന്നും അല്ലാത്തവർ സ്വയം നാശം തേടുന്ന കുറ്റവാളികളായിരിക്കുമെന്നും അവരെത്ര വെറുത്താലും സംഭവിക്കാനുള്ളത് ഖണ്ഡിതമായി സംഭവിക്കുമെന്നും അതെല്ലാം മലക്കുകൾ കൃത്യമായി രേഖപ്പെടുതുന്നുണ്ടെന്നും അല്ലാഹുവിനെ കുറിച്ച് അവരുടെ തോന്നിവാസം പറച്ചിലുകളും അസംബന്ധങ്ങളും അന്ത്യനാൾ വരെ തുടരട്ടെ എന്നും അവരെ അവരുടെ പാട്ടിനു വിടുക എന്നും ഉണർത്തുന്നതാണ് 83 വരെ സൂക്തങ്ങൾ .

ആകാശത്തും ഭൂമിയിലും ആരാധനക്കർഹനും ആധിപത്യമുടയവനും അല്ലാഹു മാത്രമാണെന്നും അവനോട് ശുപാർശ നടത്താൻ ആ പങ്കാളികൾക്കാവില്ലെന്നും സ്വയം അറിയാനവർക്ക് ജന്മം ബാക്കി എന്നും അവരെ വിട്ട് സലാം പറഞ്ഞു പിരിയലാണ് താങ്കൾക്ക് നല്ലതെന്നും നബിയെ ഓർമപ്പെടുത്തി സുഖ്റുഫ് സൂറ: അവസാനിക്കുന്നു.

ശേഷം സൂറ: ദുഖാൻ (പുക) ആരംഭിക്കുന്നു. മക്കയിൽ അവതരിച്ച 59 ആയതുകളാണ് ഈ സൂറ:യിലുള്ളത്. അന്ത്യദിനത്തിന്റെ ലക്ഷണമായ പുക / ദുഖാനെകുറിച്ചോ വേറെയേതെങ്കിലും പുകയോ അർഥമാവാം. ഖിയാമതിന്റെ വലിയ അടയാളങ്ങളിൽ ദുഖാൻ എന്ന പേരിൽ അറിയപ്പെടുന്ന പുകയെക്കുറിച്ച് അഖീദ : ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.

കേവലാക്ഷരങ്ങൾക്കും ഖുർആനെ കുറിച്ചുമുള്ള പരാമർശത്തിനും ശേഷം ഇറങ്ങിയ ഓരോ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്ന വിശുദ്ധ ഖുർആൻ ഇറങ്ങിയ അനുഗ്രഹീത രാത്രിയെ (ലൈല: മുബാറക:) കുറിച്ചാണ് പറയുന്നത്. ഇത് ലൈലതുൽ ഖദ്റാണെന്നും ആദ്യമായി ഒറ്റയടിക്ക് ലൗഹുൽ മഹ്ഫൂളിലേക്കിറങ്ങിയ ശഅ്ബാൻ 15 ആണെന്നുമുള്ള വൈജാത്യങ്ങളും അൻസലയും നസ്സലയും /أنزل ونزَّل = ഇറക്കി തമ്മിൽ ആശയപരമായി വ്യത്യസ്തമായ അർഥങ്ങളാണെന്നും പരമ്പരാഗത തഫ്സീറുകളിൽ ചർച്ച കാണുന്നുണ്ട്. അതെന്തോ ആവട്ടെ, അല്ലാഹുവിന്റെ കല്പനയും കാരുണ്യവുമാണത് , എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്ന സകലരുടെയും നാഥനായ അല്ലാഹുവിന്റെ കലാമായ ഗ്രന്ഥത്തിൽ സംശയത്തിൽ ആർമാദിക്കുന്നവർ ആ പുകയാവുന്ന പരീക്ഷണം വരുമ്പോൾ പരിതപിച്ച് കരഞ്ഞ് പ്രാർഥിക്കുകയും അതല്പം അടങ്ങുമ്പോഴേക്കും വേണ്ടാത്ത ആരോപണങ്ങൾ നടത്തുന്നവരെ വലിയ ശിക്ഷയുടെ പിടുത്തം പിടികൂടുമെന്ന ഭീഷണിയാണ് 16 വരെ സൂക്തങ്ങളിലുള്ളത്.
തുടർന്ന് ചരിത്രത്തിൽ മുമ്പ് നടന്ന ഫിർഔൻ സമൂഹം, യമനിലെ തുബ്ബഇന്റെ ജനതകളടക്കമുള്ള നശിപ്പിക്കപ്പെട്ട ചില സമൂഹങ്ങളുടെ മാതൃകകൾ പറഞ്ഞു കൊണ്ട് ഈ സമൂഹങ്ങളും അവർക്ക് മുമ്പും ശേഷവുമുള്ള തലമുറകളിൽ ദൃഷ്ടാന്തങ്ങൾ നൽകുകയും പരീക്ഷിക്കുകയും ചെയ്തത് അനുസ്മരിച്ച് കൊണ്ട് ചില നരകക്കാഴ്ചകളും ദുരന്തങ്ങളും സ്വർഗീയാനുഗ്രഹങ്ങളും വളരെ ആനുപാതികമായി വിശേഷിപ്പിക്കുകയാണ് 57 വരെ സൂക്തങ്ങൾ . ഖുർആൻ അവർക്ക് ആലോചിച്ചു മനസ്സിലാക്കാൻ ലളിതമാക്കിയെന്നും ഇനി കാത്തിരിപ്പേ ബാക്കിയുള്ളൂവെന്നുമുണർത്തി സൂറ: ദുഖാൻ സമാപിക്കുന്നു.

അടുത്ത അധ്യായമായ സൂറതുൽ ജാഥിയ മക്കയിലാണ് അവതരിച്ചത്. അതിൽ 37 വാക്യങ്ങളാണുള്ളത്.ഈ സൂറ:യിൽ 28-ാം ആയതിൽ സമുദായങ്ങൾ മുട്ടുകുത്തി (ജാഥിയ ) നീങ്ങുന്ന പരാമർശമാണ് ഈ നാമകരണത്തിന് നിദാനം. കേവലാക്ഷരങ്ങൾക്കും ഖുർആന്റെ സന്ദേശത്തെയും കുറിച്ച ലഘു ആമുഖത്തിന് ശേഷം ആകാശം, ഭൂമി, ജന്തുജാലങ്ങൾ, രാവ്, പകൽ, കാറ്റ് എന്നീ ദൃഷ്ടാന്തങ്ങളെയും വൃത്താന്തങ്ങളായി പരിചയപ്പെടുത്തിക്കൊണ്ട് ഇവയ്ക്കുമുപരിയായി ഏത് വൃത്താന്തമാണ് അവർ വിശ്വസിക്കുന്നത് എന്ന ചോദ്യത്തോടെയാണ് സൂറ: യുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നത്. കേട്ടിട്ടും കേൾക്കാതെ അഹങ്കാരത്തോടും പരിഹാസപൂർവ്വവും ഖുർആനെ സമീപിക്കുന്ന വ്യാജവാദിക്ക് കനത്തതും അപമാനകരവുമായ ശിക്ഷയുണ്ട് എന്നാണ് ആദ്യ 10 സൂക്തങ്ങളിലുള്ളത്. ഇത് വിശ്വാസികൾക്ക് സന്മാർഗദർശനമാണെന്നും അല്ലാത്തവർക്ക് വേദനയേറിയ ശിക്ഷയുടെ വിളംബരമാണെന്നും ഉണർത്തുന്നു 11-ാം സൂക്തം.

തുടർന്ന് കടൽ, ആകാശം എന്നീ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ച് സത്യനിഷേധത്തിന്റെയും അധർമത്തിന്റെയും വക്താക്കളോട് വൈരാഗ്യത്തിൽ വർത്തിക്കുന്നതിനു പകരം അവർക്ക് മാപ്പ് നല്കുകയും ഭാവിയിലെ ശിക്ഷ അല്ലാഹു തീരുമാനിക്കുമെന്നും കരുതി ആശ്വസിക്കുകയാണ് വിശ്വാസികൾ ചെയ്യുക എന്നും നന്മചെയ്തവർക്ക് നന്മയും തിന്മ ചെയ്യുന്നവർക്ക് ശിക്ഷയും ലഭിക്കുമെന്നത് പൊതു തത്വമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് അതിന് മാതൃകയായി ബനൂ ഇസ്റാഈലിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തെ രണ്ട് വാക്യങ്ങളിലൊതുക്കി പ്രവാചകൻ (സ) ക്ക് നല്കിയ നിയമത്തി /ശരീഅതിന്റെ തെളിമയും വ്യക്തതയും പിൻപറ്റാനും വിവരം കെട്ടവരുടെ തന്നിഷ്ടങ്ങൾ അവലംബിക്കരുതെന്നും അത്തരക്കാർ യാതൊരു ഉപകാരത്തിനും കിട്ടാത്തവരാണെന്നും ഈ സന്ദേശം ഏതെരുവന്റെയും കണ്ണുതുറപ്പിക്കുന്ന തെളിവും സന്മാർഗവും കാരണവുമാണെന്നും ഓർമപ്പെടുത്തുകയാണ് 20 വരെ സൂക്തികൾ.

സമൂഹത്തിലെ ധിക്കാരികൾ ഞങ്ങൾ നാടിന്റെ കാമ്പാണെന്നും ഞങ്ങളുടെ ജീവിതം ഒരിക്കലും ദുസ്സഹമാവുകയില്ലെന്നുമുള്ള മുൻധാരണകളിലാണ് ജീവിക്കുന്നതെന്നും തോന്നിയതിനെയെല്ലാം ദിവ്യത്വം കല്പിച്ച് ദേഹേഛയെ അനുസരിച്ച് ജീവിക്കുന്ന ഹാരിസുബ്നു ഖൈസുമാർ എല്ലാ കാലത്തുമുണ്ടെന്നും ഞൊണ്ടിവാദങ്ങൾ കൊണ്ട് തങ്ങളുടെ തോന്ന്യവാസത്തെ ന്യായീകരിക്കുന്നവർ സത്യമറിയുന്നില്ലെന്നുമാണ് 26 വരെ സൂക്തങ്ങളിലുള്ളത്.

ആകാശ ഭൂമികളിലുള്ളതെല്ലാം റബ്ബിന്റെ ആധിപത്യത്തിലാണെന്നും അന്ത്യസമയം ആസന്നമാവുമ്പോൾ അസത്യവാദികളുടെ നഷ്ടം പ്രകടമാവുമെന്നും ഏത് വിശ്വാസാചരങ്ങൾ അവലംബിച്ചിരുന്നവർക്കും അവരുടെ പ്രവർത്തന റിക്കോർഡ് കിട്ടുമെന്നും ഓരോ സമൂഹവും അവർക്ക് നല്കപ്പെട്ട നിയമവും ഗ്രന്ഥവുമനുസരിച്ച് വിചാരണ ചെയ്യപ്പെടുമെന്നും ഓരോരുത്തരുടേയും കർമങ്ങൾ സൂക്ഷമമായി രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അതനുസരിച്ചാണ് സ്വർഗ-നരക പ്രവേശനങ്ങൾ വിധിക്കുന്നതെന്നും തെറ്റുകാരുടെ ദൂഷ്യങ്ങൾ അവർക്ക് തന്നെ വെളിപ്പെടുന്നതാണെന്നും അല്ലാഹുവിനെ മറന്നവർ ജീവിച്ചതു പോലെ അവനും അവരെ മറക്കുമെന്നും ദൈവിക ദൃഷ്ടാന്തങ്ങളെ പരിഹസിച്ചതിന്റെ ഫലം അവരനുഭവിക്കുക തന്നെ ചെയ്യുമെന്നും മഹത്വവും പ്രതാപവും സകല സ്തുതികളും ആ നാഥനുമാത്രമായിരിക്കും എന്ന ഉപസംഹാരത്തോടെ സൂറ: സമാപിക്കുന്നു.

Related Articles