Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ -24

സൂറ: സുമറിലെ 32-75 ആയതുകളും സൂറ: ഗാഫിർ ( 85 ആയതുകൾ മുഴുവൻ) സൂറ: ഫുസ്സ്വിലത് 46 ആയതുകളുമാണ് ഈ ജുസ്ഇലുള്ളത് فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى اللَّهِ 39:32  എന്ന ആയത് കൊണ്ടാണ് ഈ ഭാഗം തുടങ്ങുന്നത്. فَمَنْ أَظْلَمُ مِمَّن  എന്നു തുടങ്ങുന്ന 15 ആയതുകളുണ്ട്. അതെല്ലാമെടുത്ത് നോക്കിയാൽ അതിന്റെയെല്ലാം ഉദ്ദേശം പക്കാ നിഷധികളാണെന്ന് മനസിലാക്കാം. കളവ്, കള്ളം, തള്ളിപ്പറയൽ എന്നത് നിഷേധത്തിന്റെ പ്രാഥമിക ഘട്ടമാണ്. തൊട്ടടുത്ത് തന്നെ പറയുന്ന സത്യവും, സത്യപ്പെടുത്തലും അംഗീകാരവും വിശ്വാസത്തിന്റെ അടയാളങ്ങളും .തനിക്ക് അല്ലാഹു മാത്രം മതി എന്ന അടിസ്ഥാനത്തിലെത്തിയ വിശ്വാസി പിന്നെ യാതൊരു പടപ്പിന്റേയും അഭൗതികമായ സഹായം പ്രതീക്ഷിക്കില്ല എന്നും അവനെ പിഴപ്പിക്കാൻ ആർക്കുമാവില്ല എന്ന ശുദ്ധ ഏക ദൈവവിശ്വാസ പ്രഖ്യാപനമാണ് 37 വരെ സൂക്തികൾ .

ലോകത്തുള്ള മിക്കവാറും മനുഷ്യർ അടിസ്ഥാനപരമായി പ്രപഞ്ച നാഥന്റെ ഏകത്വം അംഗീകരിക്കുന്നുണ്ടെന്ന് നാം നേരെത്തെ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ ദിവ്യത്വം, അനുഗ്രഹ വർഷം, വിധി നിർണയിക്കാനുള്ള അർഹത എന്നിവ മറ്റുള്ളവർക്കും വകവെച്ച് നല്കുന്നതിനാലാണ് അവരുടെ ജീവിതത്തിൽ ശിർക് സംഭവിക്കുന്നതും ശാശ്വതമായ ശിക്ഷക്ക് അവരർഹരാവുന്നതും എന്നാണ് 40 വരെ ആയതുകൾ സംസാരിക്കുന്നത്. സന്മാർഗ ദർശനമായ ഖുർആനിറക്കിയതും ആയുസ് തീർന്നവരുടെ ആത്മാവെടുക്കുന്നതുമെല്ലാം അവന്റെ മാത്രം വരുതിയിലുള്ളതാണെന്നും സൃഷ്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കോ ശുപാർശക്കോ അവിടെ സ്ഥാനമില്ലെന്നുമാണ് 44 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്.

മനുഷ്യന് ഏക ദൈവം പോരേയെന്നോ മറ്റു ശക്തികളോട് പ്രാർഥന പാടില്ല എന്നോ പറയുമ്പോഴേക്ക് അസഹ്യത പ്രകടമാവുന്നത് മുശ്രികുകളിലുള്ള ബഹുദൈവ വിശ്വാസത്തിന്റെ ലാഞ്ചനയായി വേണം കരുതാനെന്നാണ് 45-ാം വാക്യം നമ്മെ പഠിപ്പിക്കുന്നത്.
ആകാശഭൂമികൾ, ദൃശ്യാദൃശ്യങ്ങൾ എന്നിവയുടെ സ്രഷ്ടാവല്ലാതെ മനുഷ്യന് ദോഷവും പരിഹാരവും നല്കാനും അനുഗ്രഹിക്കാനും അവർ സമ്പാദിച്ചു വെച്ചതൊന്നും ഒരുപകാരവും ചെയ്യില്ല എന്ന ശുദ്ധ ഏകദൈവത്വ പ്രഖ്യാപനമാണ് 50 വരെ വാചകങ്ങൾ.
അല്ലാഹു താനുദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുമെന്നും അക്രമികളെ അവരുടെ കൈയ്യിലിരുപ്പ് എല്ലാകാലത്തും പിന്തുടരുമെന്നുമാണ് 52 വരെ ആയതുകൾ പഠിപ്പിക്കുന്നത്.വിശ്വാസി തന്റെ ധനത്തിലെന്ന പോലെ ആത്മാക്കളിലും ധൂർത്ത് / ഇസ്റാഫ് പ്രവർത്തിക്കാത്തവനാണെന്നും എപ്പോഴും രക്ഷിതാവിലേക്ക് താഴ്മയോടെ മടങ്ങാനും ഏറ്റവും ഉത്തമമായത് പിൻപറ്റാനും തയ്യാറുള്ളവനായിരിക്കണം അവൻ എന്ന ഉണർത്തലാണ് 55 വരെ ഭാഗം.

അഹങ്കാരികളും നിഷേധികളുമായിരുന്നവർ മുഖങ്ങൾ കറുത്തിരുണ്ട് , പറ്റിപ്പോയതിൽ അന്ന് ദുഃഖിച്ചിട്ടോ പരിഭവിച്ചിട്ടോ മറ്റൊരവസരം കൊതിച്ചിട്ടോ ഫലമില്ലെന്നും ഖേദപ്രകടനത്തിനുള്ള സമയമതല്ലെന്നും പറഞ്ഞതിനു ശേഷം സൂക്ഷ്മത പാലിക്കുകയും പരിധികൾ ശ്രദ്ധിക്കുകയും ചെയ്തവർക്ക് ഒരു ശിക്ഷയും പേടിക്കേണ്ടി വരില്ലെന്നും ആകാശ ഭൂമികളുടെ താക്കോലുകൾ അധീനത്തിലുള്ള നാഥൻ അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന സന്തോഷവാർത്തയാണ് 63 വരെ വാക്യങ്ങൾ .
വിവരം കെട്ടവരാണ് അവനല്ലാത്തവരെ പൂജിക്കുകയെന്നും അതു മാത്രം മതി അവർ ചെയ്ത കർമങ്ങളെല്ലാം ഹുബൂത്വ് / നിഷ്ഫലം ആവാനെന്നും വ്യക്തമാക്കുന്നു. ഇമാം ഗസ്സാലി പറഞ്ഞത് പോലെ നാം ചെയ്യുന്ന കർമങ്ങൾ പാഴാവാതിരിക്കാൻ
ലോകമാന്യത , അനുസരണക്കേട്, വാഗ്ദാന ലംഘനം , അഹങ്കാരം എന്നിങ്ങനെയുള്ള കിലാബുൽ ഖുലൂബിനെ (ഹൃദയത്തിലെ വന്യമൃഗങ്ങൾ) ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിൽ വയറിന് പിടിക്കാത്ത വല്ലതുമുണ്ടായി വയറ് പൊട്ടി അതെല്ലാം പുറത്ത് പോവലാണ് حبوط ഹുബൂത്വ് . ഖുർആനിൽ ഇവിടെയടക്കം 15 ഇടങ്ങളിൽ വന്ന പ്രയോഗമാണത്.

നന്ദിയുള്ളവരായി അവന് കീഴ്പ്പെട്ട് ജീവിക്കുക എന്നതാണ് നാഥനെ കണക്കാക്കേണ്ട നിലയിൽ കണക്കാക്കുന്ന ശരിയായ വിശ്വാസികളുടെ രീതിയെന്നാണ് 67 വരെ സൂക്തികൾ ഓർമപ്പെടുത്തുന്നത്. ശേഷം കാഹളത്തിലുള്ള ഒന്നാമത്തേയും രണ്ടാമത്തേയും ഊത്തും സുകൃതവന്മാരുടെ രക്ഷയും അല്ലാത്തവരുടെ ശിക്ഷയും നല്കപ്പെടുന്ന പരലോകക്കാഴ്ചയാണ് വർണിക്കുന്നത് . പാപികളും സുകൃതവാന്മാരും സംഘം സംഘങ്ങളായി അവരുടെ കർമഫലങ്ങളിലേക്ക് നീങ്ങുന്നതും അവിടത്തെ ഹൃദയാവർജമായ രംഗ വിന്യാസവും സിംഹാസനവും പ്രാർഥനാ നിർഭരമായ അന്തരീക്ഷവുമെല്ലാം ചിത്രീകരിച്ച് 75ാം ആയതിൽ സൂറ: സുമർ സമാപിക്കുന്നു.

സൂറ: ‘ ഗാഫിര്‍’ / മുഅ്മിൻ എന്നീ നാമങ്ങളുള്ള അടുത്ത സൂറയിൽ 85 ആയതുകളാണുള്ളത്. എല്ലാം മക്കയില്‍ അവതരിച്ചവയാണ്.
സൂറ:യുടെ 3-ാം സൂക്തത്തിലെ ഗാഫിർ അഥവാ പൊറുക്കന്നവൻ എന്ന പദത്തിൽ നിന്നാണ് ആദ്യ നാമമെങ്കിൽ അതിന്റെ പ്രമേയം പരിഗണിച്ചാണ് രണ്ടാം നാമം . കേവലാക്ഷരങ്ങൾ രണ്ടെണ്ണം വന്ന സൂറ:ക്കുദാഹരണമാണീ സൂറ: . ഖുർആനെയും അല്ലാഹുവിനെയും കുറിച്ച പ്രാഥമിക വിവരണത്തിന് ശേഷം നരകാവാശികളായ നൂഹി (അ)ന്റെ ജനതയടക്കമുള്ള നിഷേധികളുടെ അസത്യ വാദവും നാടുകളിലുള്ള സ്വൈരവിഹാരവും വിശ്വാസികള വഞ്ചിതരാക്കാതിരിക്കട്ടെ (6 വരെ സൂക്തങ്ങൾ) എന്ന ആമുഖത്തോടെ സൂറ: ആരംഭിക്കുന്നു.

തുടർന്ന് അർശ് / സിംഹാസനം, മലാഇക എന്നിവയുടെ വശ്യമായ ശൈലിയിലുള്ള ചിത്രീകരണവും വിശ്വാസികൾക്ക് വേണ്ടിയുള്ള ആ മലക്കുകളുടെ നിഷ്ക്കളങ്കമായ പ്രാർഥനയാണ് 9 വരെ ആയതുകൾ. തുടർന്ന് നിർജീവ വസ്തുവിൽ നിന്ന് സജീവ വസ്തുവാകുകയും തുടർന്ന് മരണത്തോടെ രണ്ടാമതും മൃത്യു ആവുകയും തുടർന്ന് ഉയിർത്തെഴുന്നേല്പോടെ രണ്ടാമതും വിചാരണക്ക് വന്നത് മരണശേഷം ബോധ്യപ്പെട്ട് കൊണ്ട് വ്യസനസമേതം പ്രാർഥിക്കുന്ന ഭൗതിക ജീവിതത്തിലെ ധിക്കാരികളുടെ വെപ്രാളമാണ് 13 വരെ സൂക്തങ്ങൾ ചിത്രീകരിക്കുന്നത്. തുടർന്ന് പദവികൾ ഉയർത്താനും താഴ്ത്താനും കഴിയുന്ന , ഉദ്ദേശിക്കുന്നവർക്ക് മാത്രം സന്മാർഗത്തിന്റെ ജീവൻ നല്കാൻ കഴിയുന്ന നാഥനെയാണ് പ്രാർഥിക്കേണ്ടതെന്നും അന്നേ ദിവസം ആരോടും അനീതി ചെയ്യപ്പെടുന്നതല്ലെന്നും പരസ്പരം കണ്ടുമുട്ടുന്ന ദിവസമായ ആസന്ന സംഭവത്തിന്റെ നാളിൽ യാതൊരു കുടുംബ ബന്ധങ്ങളോ ശുപാർശയോ ഉപകാരപ്പെടില്ലെന്നും സത്യപ്രകാരമുള്ള തീർപ്പ് കൽപ്പിക്കപ്പെടുമെന്നുമാണ് 20 വരെ സൂക്തങ്ങളിലുള്ളത്.

തുടർന്ന് മുൻകഴിഞ്ഞ ജനതതികളുടെ പരിണതികൾ നേരിട്ടു കാണാൻ ഭൂമിയിൽ പുറപ്പെട്ടാൽ പഠിക്കാൻ കഴിയുമെന്നും അവർ അതി ശക്തരായിരുന്നിട്ടും റബ്ബ് അവരെ കൈകാര്യം ചെയ്തുവെന്നും ചില നബിമാരുടെയും അവരുടെ സമൂഹങ്ങളുടെയും ഉദാഹരണങ്ങൾ എടുത്തു പറയുന്നു ഈ ഭാഗം. മൂസാ, നൂഹ് , ഹൂദ്, സ്വാലിഹ്, യൂസുഫ് (അലൈഹി മുസ്സലാം ) എന്നീ പ്രവാചകന്മാരുടേയും അവരുടെ സമൂഹങ്ങളുടെയും അവരുടെ ശിക്ഷയുടെയും ചരിത്ര രംഗാവിഷ്കാരമാണ് 46 വരെ വാചകങ്ങൾ . നരകത്തിൽ അവർ അന്യോന്യം ന്യായവാദം നടത്തുന്നതും അവരിലെ അഹങ്കാരികളുടെ മാപ്പപേക്ഷയും നരകത്തിലെ കാവൽക്കാരായ മലക്കുകളുടെ മറുപടിയുമൊക്കെയാണ് 50 വരെ ആയതുകളിലുള്ളത്.

ദൂതന്മാരെയും അവരുടെ അനുയായികളെയും സഹായിക്കുകയും ധിക്കാരികളെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതിന് മൂസാ (അ) യുടെ ഉദാഹരണം മാത്രമെടുത്താൽ ബോധ്യപ്പെടുമെന്നും പറ്റിപ്പോയ വീഴ്ചയോർത്ത് നാഥനോട് മാപ്പിനപേക്ഷിക്കാൻ സഹനത്തോടെ നിലയുറപ്പിച്ചാൽ പ്രതീക്ഷയുണ്ടെന്നും അന്ധനും കാഴ്ചയുള്ളവനും സമമാവാത്തത് പോലെ വിശ്വാസിയും ദുഷ്കൃത്യം ചെയ്യുന്നവരും ഒരുകാലത്തും തുല്യമാവില്ലെന്നും അന്ത്യ സമയം – അവരറിഞ്ഞാലുമില്ലെങ്കിലും – വരാനുള്ളതാണെന്നും അല്ലാഹുവിനെ വഴിപ്പെടുന്നതിൽ അഹങ്കരിക്കുന്നവന്റെ പരിണതി നിന്ദ്യരായ് നരകപ്രവേശമാണെന്നും 60 വരെ ആയതുകൾ ഉണർത്തുന്നു.

രാത്രി, പകൽ , ഭൂമി, ആകാശം, തുടങ്ങിയ നിരവധി ദൃഷ്ടാന്തങ്ങളിലുള്ള ചിന്ത പോലും ലോക രക്ഷിതാവായ അല്ലാഹുവിന്റെ സ്തുതിയിലേക്കും കീഴ്വണക്കത്തിലേക്കും നയിക്കുമെന്നാണ് 65 വരെ സൂക്തങ്ങൾ വിളിച്ചോതുന്നത്.
നിങ്ങൾ ആരാധിക്കുന്നവരെല്ലാം നാഥനാകാൻ വകുപ്പില്ലെന്നും ശൂന്യതയിൽ നിന്നും വിവിധഘട്ടങ്ങളിലൂടെ ഉണ്മയേകിയ നാഥന് മാത്രമേ മരണശേഷവും ജീവൻ നല്കാനാവുകയുള്ളൂവെന്നും വീണ്ടും ഉണ്ടാകൂ എന്ന് പറഞ്ഞാൽ ഉണ്ടാക്കാനും (കുൻ ഫയകൂന് ) കെല്പുള്ളൂവെന്നും നിഷേധികൾക്ക് വൃതിചലനം സംഭവിക്കുന്നുണ്ടെന്നും അതിന്റെ ഫലം അവർ വഴിയെ മനസിലാക്കുമെന്നാണ് 70 വരെ സൂക്തങ്ങൾ വിളിച്ചോതുന്നത്.

കഴുത്തുകളിലുള്ള ബന്ധനങ്ങളിലും നരകത്തിലുള്ള പരീക്ഷണങ്ങൾക്കും ശേഷം അവരോട് ചോദിക്കപ്പെടുക അവരുടെ പങ്കാളികളെ സംബന്ധിച്ചും അവർക്ക് സംഭവിച്ച പിഴവുകളെ കുറിച്ചും ഭൂമിയിലവർ അഹങ്കാരത്തോടെ വിഹരിച്ചതിന് ഫലമായി തയ്യാറാക്കപ്പെട്ട നരകത്തെയും പറ്റിയായിരിക്കുമെന്നാണ് 76 വരെ സൂക്തങ്ങളിൽ പറയുന്നതിന്റെ രത്നച്ചുരുക്കം.
പ്രബോധന രംഗത്ത് പതറാതെ നില്ക്കണമെന്നും മുൻ പ്രവാചകന്മാർ പുലർത്തിയ ക്ഷമയും സഹനവും അവധാനതയും നിലനിർത്തണമെന്നും അസത്യവാദികൾ നഷ്ടത്തിലാവുന്നത് ന്യായപ്രകാരം വിധിക്കപ്പെട്ടതാണെന്നും പ്രവാചക (അ)നെ ഓർമിപ്പിച്ചതിന് ശേഷം കന്നുകാലികൾ, അവയുടെ നേട്ടങ്ങൾ എന്നിവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും അവയിൽ ഏതൊന്നിനെ നിഷേധിക്കാനാണ് നിങ്ങൾ ഉദ്യുക്തരാവുന്നതെന്നും ഭൂമിയിലെ പരീക്ഷണങ്ങളുണ്ടായ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ നടത്തി ആ നാട്ടുകാരുടെ ധിക്കാരവും പരിഹാസവും അവയുടെ പരിണതിയും ബോധ്യപ്പെടാനും ശിക്ഷ കൺമുമ്പിൽ കണ്ട സന്ദർഭത്തിൽ അവർ വിശ്വാസം പ്രഖ്യാപിക്കാൻ സന്നദ്ധത കാണിച്ചതും അല്ലാഹു ആ ഒഴികഴിവ് സ്വീകരിക്കുകയോ അവരുടെ ശിക്ഷ ലഘൂകരിക്കുകയോ ചെയ്തില്ലെന്നും എല്ലാ നിഷേധികളും നഷ്ടത്തിലായെന്നും അപ്പോൾ ബോധ്യപ്പെടുമെന്നുമുണർത്തി സൂറ: സമാപിക്കുന്നു.

തുടർന്നുള്ള ഹാ-മീം സജദഃ സൂറ: മക്കയില്‍ അവതരിച്ചതാണ്. 54 ആയതുകളാണിതിലള്ളത്. ഹാ-മീം കൊണ്ട് തുടങ്ങി സജദഃ വരുന്ന അധ്യായം എന്നേ അർഥമുള്ളൂ. മൂന്നാമത്തെ സൂക്തത്തിൽ വന്നിട്ടുള്ള വിശദീകരിക്കപ്പെട്ട എന്ന അർഥത്തിലുള്ള ഫുസ്സ്വിലത് എന്ന പേരും ഈ സൂറ:ക്കുണ്ട്. കേവലാക്ഷരങ്ങൾക്കും ഖുർആനിക പരാമർശങ്ങൾക്കും പ്രവാചക ദൗത്യത്തിന്റെ അനുസ്മരണത്തിനും ശേഷം അവിശ്വാസികൾ ഈ സന്ദേശത്തോട് പുലർത്തുന്ന ബോധപൂർവമായ അകൽച്ചയെ കുറിച്ച് അനുസ്മരിച്ചതിന് ശേഷം നിഷേധികളോടു ബഹുദൈവാരാധകരോടും നബി (സ) യുടെ നിലപാട് വ്യക്തമാക്കണമെന്നും കല്പനകൾ അനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് മുറിഞ്ഞ് പോവാത്ത പ്രതിഫലമുണ്ടെന്നും ഉണർത്തുകയാണ് 8 വരെയുള്ള ആമുഖ സൂക്തങ്ങൾ.
നിഷേധികളുടെ നിഷേധത്തിന്റെ താത്വിക അവലോകനം നിർവ്വഹിച്ചിട്ട് ഭൂമിയുടെ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളെ ക്രമാനുഗതിത്വവും വിവരിച്ച് ആകാശം ,പുക, ഭൂമി തുടങ്ങിയ വ്യവസ്ഥകളിലൂടെ കടന്ന് ഇത്തരം ഉണർത്തലുകളിൽ അവഗണന വെച്ചുപുലർത്തുന്നവരെ ആദ്, സമൂദ്, സമൂഹങ്ങളുടെ ശിക്ഷകളിലേക്കും അവരിൽ രക്ഷപ്പെട്ട ചില സുകൃതവന്മാരുടേയും ചരിത്രങ്ങൾ അനുസ്മരിച്ച് സ്വർഗ്ഗം, നരകം എന്നീ പരലോകക്കാഴ്ചകളിലേക്കും രണ്ടു കൂട്ടരുടേയും സങ്കേതങ്ങളിലേക്കുമെല്ലാം ചിത്രം കടന്നു ചെല്ലുന്നത് 24 വരെ സൂക്തങ്ങളിൽ നമുക്ക് കാണാം.

ഈ ലോകത്ത് അവരെ വഴിതെറ്റിച്ച കൂട്ടുകാരെ കുറിച്ചും അവരുടെ വഴിപിഴപ്പിക്കലിനേയും അല്ലാഹുവുമായി അവർക്കുണ്ടായിരുന്ന അകൽചയേയും ശാത്രവത്തേയും അനുസ്മരിച്ച് അവർ തങ്ങളുടെ അനുയായികളെ തള്ളിപ്പറയുന്ന ദാരുണമായ കാഴ്ചയാണ് 29 വരെ ആയതുകളിലുള്ളത്. തുടർന്ന് ദൈവികമാർഗത്തിൽ സ്ഥേയസ്സോടെ / ഇസ്തിഖാമതോടെ നിലകൊള്ളുന്ന വിശ്വാസികൾക്ക് ഇരുലോകത്തുമുണ്ടാവുന്ന സൗഭാഗ്യങ്ങളും മരണ വേളയിലുള്ള സന്തോഷവാർത്തകളുമെല്ലാം വളരെ ഹൃദ്യമായി ചിത്രീകരിച്ച് ക്ഷമ കൈ കൊണ്ടവർക്ക് വമ്പിച്ച ഭാഗ്യവും അനുഗ്രഹം ലഭ്യമാവുമെന്നും അറിയിക്കുകയാണ് 35 വരെ സൂക്തങ്ങൾ .

ഖുർആൻ പാരായണത്തിനു മുമ്പെന്ന പോലെ പൈശാചിക ദുഷ്പ്രേരണയുള്ളപ്പോഴും വിശ്വാസിയുടെ പോംവഴിയാണ് തഅവ്വുദ്/ഇസ്തിആദ: എന്ന ശരണാർഥന എന്നുണർത്തിയതിന് ശേഷം രാപകലുകൾ , സൂര്യ ചന്ദ്രാദികൾ എന്നിവ റബ്ബിന്റെ ദൃഷ്ടാന്തങ്ങളാണെങ്കിലും സാഷ്ടാംഗം അവയെ പടച്ചവന്ന് മാത്രമാക്കണമെന്നും ഇപ്പറഞ്ഞത് അഹങ്കാരികൾക്ക് സങ്കല്പിക്കുന്നതിനതീതമാണെന്നും മാലാഖമാരതിന് സദാ സന്നദ്ധരുമാണെന്ന് ഉണർത്തുകയാണ് 38 വരെ സൂക്തങ്ങൾ .
(ഇവിടെ തിലാവതിന്റെ സുജൂദുണ്ട് ) നിർജീവ ഭൂമി പുതുമഴയോടെ സജീവമാവുന്നതും അടിഞ്ഞു കിടന്ന മണ്ണ് കിനിഞ്ഞിറങ്ങുന്ന ഈർപ്പം കൊണ്ട് ചലനാത്മകവും ഫലഭൂയിഷ്ഠമാവുന്നതും ജീവിതവും മരണവുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായി എണ്ണിയതിന് ശേഷം ഇത്തരം അടയാളങ്ങളിൽ നിന്ന് തെറ്റിപ്പോവുന്നവരും അല്ലാഹുവിന്റെ നിരീക്ഷണത്തിലുണ്ടെന്നും പശ്ചാത്തപിച്ചു മടങ്ങുന്നവർക്കു പാപമോചനം നല്കുന്നത് പോലെ തന്നെ അധർമത്തിൽ ഉറച്ചുനിന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്നും ഓർമപ്പെടുത്തുകയാണ് 43 വരെ ആയതുകൾ .

ഖുർആന്റെ അവതരണലക്ഷ്യം മാർഗദർശനവും ശമനൗഷധവുമാണെന്നും മൂസാ പ്രവാചകന് നൽകപ്പെട്ട തൗറാതിന്റെ കാലത്തും ഈ വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അവിശ്വാസജനകമായ സംശയങ്ങളും ഉയർത്തിവിട്ട അഭിശപ്തരുണ്ടായിട്ടുണ്ടെന്നും ഏതു സമയത്തും നല്ലതു പ്രവർത്തിച്ചാൽ അതിന്റെ ഗുണം ചെയ്യുമെന്നും ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ദോഷമായി ഭവിക്കുമെന്നുമല്ലാതെ അവ നാഥൻ മനുഷ്യനോട് കാണിക്കുന്ന അനീതിയല്ലെന്നും ഓർമിപ്പിച്ച് ഈ ജുസ്അ് 46ാം ആയതിൽ സമാപിക്കുന്നു.

Related Articles